Oct 18, 2007

ആരവം

നിറഞ്ഞ തിയ്യേറ്ററിലെ പ്രേക്ഷകരുടേയും, സ്ക്രീനിലെ ഗാലറിയില്‍ നിറഞ്ഞ കാണികളുടേയും ആരവങ്ങള്‍ക്കിടയിലാണ്‌ 'ചക്‌ ദെ ഇന്ത്യ' അവസാനിക്കുന്നത്‌, ഒരു പക്ഷേ ഇന്ത്യന്‍ സ്ക്രീനിലെ ആദ്യത്തെ ലക്ഷണമൊത്ത sports movie.



കായിക മത്സരങ്ങളും വിനോദങ്ങളും ഇതിനു മുന്‍പും ഇന്ത്യയില്‍ ചലച്ചിത്രങ്ങള്‍ക്ക്‌ വിഷയമായിട്ടുണ്ട്‌. കായിക വിനോദത്തിനെ മാത്രമല്ല, അവയെല്ലാം പ്രമേയമാക്കിയത്‌ പ്രണയത്തേയും വില്ലനിസത്തേയും കൂടിയായിരുന്നു. അവക്ക്‌ നൃത്തങ്ങളുടെ അകമ്പടിയും വീരനായൊരു നായകനും ഉണ്ടായിരുന്നു (ജൊ ജീത്താ വൊഹി സിക്കന്ദര്‍-1992, ലഗാന്‍-2001). 'ചക്‌ ദെ ഇന്ത്യ'യിലെ കേന്ദ്ര കഥാപാത്രമായ കബീര്‍ ഖാന്‌ പാട്ട്‌ പാടാനേ അറിയില്ല, നൃത്തം ചെയ്യാന്‍ ഒരു നായികയും ഇല്ല.

മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇന്റര്‍നെറ്റിലെവിടെയോ വായിച്ചാണ്‌ ഈ ചിത്രത്തെ കുറിച്ച്‌ ആദ്യം അറിയുന്നത്‌. യാഷ്‌ രാജ്‌ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ ഷാരൂഖാനൊപ്പം പതിനാറ്‌ പെണ്‍കുട്ടികള്‍ എന്നതായിരുന്നു വാര്‍ത്ത. വിദേശ ലൊക്കേഷനുകള്‍, എണ്ണിയാല്‍ തീരാത്തത്ര പാട്ടും 'നൃത്തനൃത്യങ്ങളും', ലോകത്തൊരിടത്തും ഒരു കാലത്തും ജീവിച്ചിരിക്കാന്‍ സാദ്ധ്യതയിലാത്ത കഥാപാത്രങ്ങളും സാഹചര്യങ്ങളും, മറ്റൊരു തട്ടു പൊളിപ്പന്‍ ചിത്രം. പതിനാറ്‌ പെണ്‍കുട്ടികള്‍ ഉള്ളതുകൊണ്ട്‌ നൃത്തം ചെയ്യാന്‍ സംവിധായകന്‌ വേറെ ആരെയും അന്വെഷിക്കേണ്ടതില്ലല്ലോ എന്നും ഉറപ്പിച്ചു. പക്ഷെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സംവിധായകന്‍ കണ്ടെടുത്ത ആ പെണ്‍കുട്ടികള്‍ ഹോക്കി താരങ്ങളായി അക്ഷരാര്‍ത്‌ഥത്തില്‍ വിസ്മയിപ്പിച്ചു.

വേള്‍ഡ്‌ കപ്പ്‌ ഹോക്കിയുടെ ഫൈനലിലെ തോല്‍വിയോടെ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ക്യാപ്റ്റന്‍ കബീര്‍ ഖാന്‍ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്നതും ടീമിനെ എക്കാലത്തേയും മികച്ച വിജയത്തിലേക്കു നയിക്കുന്നതുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ടിക്കറ്റെടുത്ത്‌ തിയ്യേറ്ററിലേയ്ക്ക്‌ കയറും മുന്‍പുതന്നെ ഉറപ്പിക്കാവുന്ന പര്യവസാനം. എന്നിട്ടും പ്രേക്ഷകരെ അക്ഷമരാക്കി കസേരയില്‍ പിടിച്ചിരുത്താന്‍ കഴിയുന്നു എന്നുള്ളതാണ്‌ സംവിധായകന്റെ വിജയം.

സംവിധായകന്‍ ഷിമിത്‌ അമീനെ നമ്മളറിയും, രാം ഗോപാല്‍ വര്‍മ്മയുടെ 'ഭൂത്‌'-ന്റെ ചിത്രസംയോജകനായും 2003-ല്‍ പുറത്തു വന്ന realistic 'അബ്‌ തക്‌ ചപ്പന്‍'-ന്റെ സംവിധായകനായും.

ചിത്രത്തിലെ ഹോക്കി മത്സരങ്ങള്‍ പ്രശംസനീയമാം വണ്ണം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റിന്റെ പ്രൗഢിയും ഒരു സ്പോര്‍ട്‌സ്‌ ചാനല്‍ ദര്‍ശനസുഖവും അവക്കുണ്ട്‌. എങ്കിലും അവസാന ഭാഗങ്ങളിലെ അതിഭാവുകത്വം തീര്‍ത്തും വിരസമായി, CGI സ്കോര്‍ ബോര്‍ഡും. എന്തുകൊണ്ടാണ്‌ നമ്മുടെ ചിത്രങ്ങളിലെ ഗ്രാഫിക്സ്‌ ദൃശ്യങ്ങള്‍ അപൂര്‍ണ്ണവും അരോചകവുമാവുന്നത്‌? പരിപൂര്‍ണ്ണതയുടെ പുത്തന്‍ ലാന്‍ഡ്‌സ്കേപ്പുകള്‍ ഒരുക്കാന്‍ വിദേശ ചിത്രങ്ങള്‍ ഗ്രാഫിക്സ്‌ പ്രയോജനപ്പെടുത്തുമ്പോള്‍ നമ്മുടെ ചിത്രങ്ങളില്‍ വെട്ടിത്തിളങ്ങുന്ന ടൈറ്റില്‍ ആയും കഥയ്ക്കോ കഥാപാത്രത്തിനോ ആവശ്യമില്ലാത്ത ഗിമ്മിക്കുകളായും 'അതിശയ' കോമാളിത്തരങ്ങളായും ഗ്രാഫിക്സ്‌ പെയ്തിറങ്ങുന്നു.

ഇന്ത്യന്‍ വനിതാ ഹോക്കിടീമിന്‌ 2000-ത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഒരു പിടി മികച്ച വിജയങ്ങള്‍ നേടാന്‍ പരിശീലിപ്പിച്ച കോച്ച്‌ മിര്‍ രഞ്ജന്‍ നേഗിയുടെ ജീവിതമാണ്‌ ചിത്രത്തിനാധാരം. എങ്കിലും മറ്റ്‌ പല ചിത്രങ്ങളിലേയും പോലെ ചിത്രാരംഭത്തിലേ ടൈറ്റില്‍ കാര്‍ഡുകളിലൊന്ന് നമ്മളോട്‌ പറയുന്നു, 'എന്നെങ്കിലും, എവിടെയെങ്കിലും എപ്പോഴെങ്കിലും ജീവിച്ചിരുന്ന ഒരുത്തനുമായും ഈ ചിത്രത്തിന്‌ യാതൊരുവിധ ബന്ധവും ഇല്ലെന്ന്..!'.

നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമല്ല 'ചക്‌ ദെ ഇന്ത്യ' പക്ഷെ നിങ്ങള്‍ക്ക്‌ കാണാന്‍ കൊള്ളാവുന്ന ഒരു ചിത്രമാണ്‌. കാണാന്‍ കൊള്ളാവുന്ന കാഴ്ച്‌കള്‍ വിരളമാണല്ലോ നമുക്കിപ്പോള്‍...

ഈ ചിത്രം എനിക്ക്‌ രണ്ട്‌ ഓര്‍മ്മകള്‍ കൂടി ബാക്കിവെക്കുന്നു. സ്ക്രീനില്‍ ഇന്ത്യന്‍ ടീം ഓരോ ഗോള്‍ അടിച്ചപ്പോഴും മുന്‍ സീറ്റിലൊന്നില്‍ ഇരുന്ന് നിര്‍ത്താതെ കയ്യടിച്ച ഒരമ്മയും, പിന്നെ end credits തീരും വരേയും അനുബന്ധ കഥകള്‍ മുഴുവന്‍ കണ്ണിമ വെട്ടാതേയും, എഴുന്നേറ്റ്‌ പുറത്തുപോകാതേയും കണ്ടിരുന്ന തിയ്യേറ്ററിലെ മുഴുവന്‍ പ്രേക്ഷകരെയും...

(2007 ഒക്ടോബര്‍ ലക്കം മയൂരി മാസികയില്‍ പ്രസിദ്ധീകരിച്ചത്‌)