Oct 27, 2010

വഴിയറിയാത്ത പരസ്യക്കാര്‍


'ആസ്ട്രേലിയന്‍ കളിക്കാര്‍ തികഞ്ഞ പ്രൊഫഷണലുകളാണ്' എന്നത് ഒരു കാലത്തെ സ്ഥിരം പല്ലവിയായിരുന്നു. ഇക്കാലയളവില്‍ വേണ്ടത്ര 'പ്രൊഫഷണലിസ'മില്ലെന്നത് നമുക്കിടയില്‍ പലര്‍ക്കും ഒരു അലങ്കാരമായി തുടര്‍ന്നു കൊണ്ടേയിരുന്നു. പറഞ്ഞുവന്നത് ക്രിക്കറ്റിന്റെ കാര്യമല്ല 'പ്രാഞ്ചിയേട്ടന്‍', 'എല്‍സമ്മ' തുടങ്ങി ബോക്സ് ഓഫീസില്‍ സെഞ്ച്വറിയോ അര്‍ദ്ധസെഞ്ച്വറിയോ അടിക്കാന്‍ ഇറങ്ങി പുറപ്പെട്ട ചില പുത്തന്‍ കളിക്കാരെ കുറിച്ചായിരുന്നു.

ഭൂമുഖത്തെ ഏറ്റവും ചിലവേറിയതും ഏറ്റവും ജനപ്രിയവുമായ കലാരൂപമാണ്, വിവിധ കലകളുടെ മേളനമായ ചലച്ചിത്രം. ചെറുതും വലുതുമായ, വളരെ മികച്ചതും-ഗുണനിലവാരം തീരെ കുറഞ്ഞതുമായ ചിത്രങ്ങള്‍ ഏതാണ്ട് എല്ലാ രാജ്യത്തേയും ചലച്ചിത്ര വിപണിയില്‍ പ്രദര്‍ശനത്തിന്/വില്‍പ്പനക്ക് എത്തുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളും അതിന്റെ ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ നൂതനവും വ്യത്യസ്തവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്തവും വിപണനത്തിന് ഏതാണ്ട് ഒരേ രീതികളും കാലാകാലങ്ങളായി പിന്തുടരുന്ന ഒരിടമാണ് നമ്മുടെ ചലച്ചിത്ര മേഖല.

പുതിയ കാലത്തില്‍ , തീര്‍ത്തും വിശാലമായ ഒരു മേഖലയാണ് ചലച്ചിത്ര വിപണിയും വിപണിയിലെ തന്ത്രങ്ങളും. അന്നുംമിന്നും ചലച്ചിത്ര വിപണനത്തിലെ മുഖ്യ ഉപാധികളില്‍ ഒന്നായ 'പോസ്റ്റര്‍ ഡിസൈനിംഗ്' അഥവാ 'പരസ്യകല'യെ കുറിച്ചാണ് പ്രധാനമായും ഈ കുറിപ്പ്‌.

ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെയും, ആ അനുഭവത്തിനേയും, ചിത്രത്തിന്റെ ഉള്ളടക്കത്തിനേയും കുറിച്ച് ആദ്യമായി പ്രേക്ഷകനുമായി‌ സംവദിക്കുന്നത് ചിത്രത്തിന്റെ പോസ്റ്ററുകളാണ്.‌ ചിത്രത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനു മാത്രമേ അത് സാധ്യമാകൂ‌. പോസ്റ്റര്‍ ഡിസൈനിംഗിലെ അതുല്യ പ്രതിഭകളില്‍ ഒരാളാണ് ബില്‍ ഗോള്‍ഡ്‌. ഹിച്ച്കോക്കിനും, ഈസ്റ്റ്‌വുഡിനും, ക്രുബിക്കിനും അവരുടെ എക്കാലത്തേയും മികച്ച ചില ചിത്രങ്ങള്‍ക്ക് പരസ്യങ്ങള്‍ ഒരുക്കിയ ബില്‍ ഗോള്‍ഡ്‌, തന്റെ ഡിസൈനിംഗ് ജോലികള്‍ക്ക് മുന്‍പ്‌ ചിത്രം കാണുകയോ, അത് സാധ്യമല്ലെങ്കില്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ച് മനസ്സിലാക്കുകയോ ചെയ്യുമായിരുന്നു. കേവലം കുറേ തലകളും ഗീര്‍വാണങ്ങളും അല്ലാതെ (അതാണ്‌ നിരത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നത്) അതിനപ്പുറം ചിത്രങ്ങളോട് അടുത്ത്‌ നില്‍ക്കാന്‍ പൊതുവില്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ പരസ്യങ്ങള്‍ക്ക്‌ കഴിയുന്നത്, മുകളില്‍ സൂചിപ്പിച്ചതുപോലെ, ബില്‍ ഗോള്‍ഡിനെ പോലെയുള്ളവരുടെ ഹോം വര്‍ക്കുകളാണ്‌.



വിദേശ ഭാഷാചിത്രങ്ങളോട് 'മുട്ടാ'നാവില്ല എങ്കിലും നമുക്കും ഉണ്ടായിരുന്നു പണിയറിയാവുന്ന ചിലര്‍ പട നയിച്ച തെളിമയുള്ള ഭൂതകാലം. അടിസ്ഥാനപരമായി ഒരു കലാസംവിധായകനായ ഭരതനും ഗായത്രിയും (ഗായത്രി അശോകന്‍) കൊളോണിയയും (സാബു കൊളോണിയ) ബ്രഷും വിരലുകളും ആയുധമാക്കിയ കമ്പ്യൂട്ടറില്ലാക്കാലം. ചിത്രത്തിന്റെ ആത്മാവിനെ പത്രപരസ്യങ്ങളിലും പോസ്റ്ററുകളിലും കുടിയിരുത്തിയ ഒരു നല്ല കാലം. വര്‍ഷമേറെ കഴിഞ്ഞിട്ടും എത്ര ചിത്രങ്ങളുടെ എഴുത്തുകളാണ് നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വൈശാലി, ചിത്രം, അമരം, മണിച്ചിത്രത്താഴ് എത്രയെത്ര...


ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനിംഗില്‍ വല്ലാത്ത ഒരു ശ്രദ്ധയും പുതുമയും എന്നും കാത്തുസൂക്ഷിച്ചിരുന്നു, ഭരതന്‍. അവസാന കാല ഭരതന്‍ ചിത്രങ്ങള്‍ പലതും പേരുദോഷം കേള്‍പ്പിച്ചപ്പോഴും അവസാന ചിത്രമായ 'ചുര'ത്തിലെ പരസ്യങ്ങള്‍ പോലും ഭരതനിലെ കലാകാരന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ചൂരല്‍ വളച്ചുവെച്ച 'ചുര'ത്തിന്റെ ടൈറ്റില്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തെളിയുന്ന പ്രഭാതത്തില്‍ കടലിലേക്ക് വഞ്ചി തള്ളുന്ന അരയന്റെ അതിമനോഹരമായ പോസ്റ്റര്‍ 'അമര'ത്തിന് വേണ്ടി ഒരുക്കിയതും ഭരതന്‍ തന്നെയാണ്.

താരങ്ങള്‍ അന്നും നമുക്കുണ്ടായിരുന്നു, താരാരാധനയും. പക്ഷേ, താരസംഘടനകള്‍ ഇല്ലായിരുന്നു. ഒരു ചിത്രത്തിനു മുകളിലും, ചിത്രത്തിന്റെ പരസ്യങ്ങള്‍ക്ക്‌ മുകളിലും അന്ന് ഏതെങ്കിലും താരമോ സംവിധായകനോ ധാര്‍ഷ്ട്യത്തോടെ തൊപ്പിവെച്ചും കുളിഗ് ഗ്ലാസ്സുവെച്ചും തൂറി വൃത്തികേടാക്കിയില്ല. ചലച്ചിത്രത്തിനിണങ്ങിയ ടൈറ്റിലിനും അവശ്യം ചിത്രങ്ങള്‍ക്കുമൊപ്പം മികച്ച ചില തലവാചകങ്ങള്‍ ആ പരസ്യങ്ങള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ മാല ചാര്‍ത്തി. 'താഴ്‌വാര'ത്തിലെ 'അവനെന്നെ കൊല്ലാന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും', 'നവംബറിന്റെ നഷ്‌ട'ത്തിലെ 'നവംബറിന്‌ നഷ്‌ടപ്പെടാന്‍ എന്തുണ്ട്‌? ഡിസംബര്‍ ഒരേയൊരു ഡിസംബര്‍ ‍' എന്നീ വാചകങ്ങള്‍ 'ഹൊറര്‍ ഹിറ്റ്', 'സൂപ്പര്‍ രാജ', 'മാങ്ങാതൊലി' എന്നിങ്ങനെ വെണ്ടയ്ക്ക നിരത്തുന്ന ഈ കാലത്ത്‌ ഓര്‍ക്കുന്നത് തന്നെ പാപമായിരിക്കും.


പൊതുവില്‍ ഫോട്ടോഷോപ്പ് മുതലായ സൊഫ്റ്റ്‌വെയറുകളുടെ കടന്നുവരവ് ആഗോളതലത്തില്‍ , മാധ്യമരംഗത്ത്‌ രൂപ-ഭാവങ്ങളില്‍ വന്‍വിപ്ലവമാണ് നടത്തിയത്/നടത്തികൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ നീങ്ങിയത് ഏറെ പിറകിലേക്ക്‌ ആയിരുന്നു. നാലു പടം വെട്ടി, നിരത്തി വെയ്ക്കുവാന്‍ കഴിയുന്നവനും ഡിസൈനറായി. നട്ടെല്ലില്ലാത്ത നിര്‍മ്മാതാവും താരത്തിനും താരസംഘടനകള്‍ക്കും ഓശാന പാടേണ്ടി വരുന്ന സംവിധായകനും പണ്ടത്തെ ശര്‍ദ്ദിലുകള്‍ തന്നെ നക്കി തിന്നുവാന്‍ ഉളുപ്പില്ലാത്ത വിതരണക്കാരും പല നല്ല കലാകാരന്മാരേയും അതി ദയനീയ രീതിയില്‍ നിശ്ശബ്ദരാക്കി. കലികാലം എന്നല്ലാതെ എന്ത് പറയാന്‍...

മലയാള ചിത്രങ്ങളുടെ കാലാഹരണപ്പെട്ട പരസ്യചിത്ര രീതികള്‍ക്കിടയില്‍ , അതിന്റെ പ്രാധാന്യം ഒട്ടും തന്നെ തിരിച്ചറിയപ്പെടാതെ പോകുന്ന കലികാലത്തില്‍ കേവലം മുറിച്ചുവെച്ച കുറച്ച് ചിത്രങ്ങളല്ല പോസ്റ്റര്‍ ഡിസൈന്‍ എന്ന ഓര്‍മ്മപ്പെടുത്തുന്ന വേറിട്ട ചില പോസ്റ്ററുകള്‍ ഈയിടെ ശ്രദ്ധയില്‍പ്പെട്ടു‍. അമല്‍ നീരദിന്റെ 'അന്‍വര്‍ '. ചലച്ചിത്ര പരസ്യകലാരംഗത്ത്‌ ഒരു പുതിയ പേരാണ് 'ഓള്‍ഡ്‌ മൊന്‍ക്സ്'.

'അന്‍വറി'ലെ ചില പോസ്റ്ററുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഫ്രീസ് ചെയ്ത കൃത്യവും ശ്രമകരവുമായ 'ഡിജിറ്റല്‍ മാനിപുലേഷന്‍' നമ്മുടെ പരസ്യചിത്രങ്ങള്‍ക്ക് പരിചിതമായതേ അല്ല. അമല്‍ നീരദിന്റെ ചിത്രങ്ങളുടെ പൊതു സ്വഭാവം ആ പോസ്റ്ററുകളില്‍ തെളിയുന്നുണ്ട്. എങ്കിലും 'അന്‍വര്‍‍ ' എന്ന എഴുത്തോ, തലകള്‍ നിരത്തിയ ചില പോസ്റ്ററുകളോ കോംപ്രമൈസുകള്‍ ആയിരിക്കാം എങ്കിലും പൊതുവില്‍ പറയുന്ന നല്ല അഭിപ്രായത്തിനെ കാര്യമായി തന്നെ ഫില്‍ട്ടര്‍ ചെയ്യുന്നുണ്ട്.


ഇതിന് മുന്‍പും അമല്‍ നീരദിന്റെ ചിത്രങ്ങളുടെയെല്ലാം പരസ്യചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടി'ന്റെ തിരക്കൊപ്പം, ആ ചിത്രത്തിന്റെ പരസ്യചിത്രങ്ങളും 'സാഗര്‍ ഏലിയാസ്‌ ജാക്കി'യുടെ അതിഭീമമായ ഇനീഷ്യലിന് കാരണമായിരുന്നു. വ്യത്യസ്തവും കൃത്യവുമായ തന്ത്രങ്ങള്‍ക്ക് ശേഷവും ചിത്രം വിപണിയില്‍ പരാജയപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അത് ആ ചിത്രത്തിന്റെ നിലാവാരക്കുറവ് തന്നെയാണ്. അത് തന്നെയാണ് അന്ന് സംഭവിച്ചതും.


'പ്രാഞ്ചിയേട്ട‍'നിലേക്കും, 'എല്‍സമ്മ'യിലേക്കും തിരിച്ച് വരാം. ബസ്സിലും ബ്ലോഗിലും നിറഞ്ഞ ചര്‍ച്ചയായിരുന്നു പ്രാഞ്ചി. തിയറ്ററില്‍ സാമാന്യം നല്ല ചിരിയും. എന്നിട്ടും ചിത്രം വലിയ വിജയമായില്ല. ആ ചിത്രത്തെ തുണക്കാന്‍ ചുണ്ടില്‍ നിന്നും ചുണ്ടിലേക്ക് പകര്‍ന്ന നല്ല വര്‍ത്തമാനമല്ലാതെ 'പരസ്യ' സഹായങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചലച്ചിത്രമെന്നത് ഒരു കലാരൂപമാണെങ്കിലും, വിപണിയില്‍ അത് ഉല്‍പ്പന്നം തന്നെയാണ്. അതുകൊണ്ട് തന്നെ ചലച്ചിത്ര പരസ്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യമുണ്ട്. പണി അറിയുന്നവരും കലാഹൃദയമുള്ളവരും വരുന്ന പുലരികള്‍ ഉണ്ടാകട്ടെ! പരസ്യകലയില്‍ മാത്രമല്ല ചലച്ചിത്രത്തിന്റെ ബഹുമുഖങ്ങളിലും. വരട്ടെ, നല്ല ചിത്രങ്ങളും നിറയുന്ന പുതിയ കാലം!

Oct 17, 2010

അമലിന്റെ അന്‍വര്‍

സൂപ്പര്‍ ഹിറ്റ്‌ തമിഴ്‌ ചിത്രത്തിന്റെ ഫോര്‍മുലയെന്നത് കടംകൊണ്ട ഹോളിവുഡ്‌ ചിത്രത്തിന്റെ ശരീരത്തിലേക്ക്‌ തമിഴ്‌ സംസ്കാരവും പ്രേമവും പാട്ടും ഇടകലര്‍ത്തുന്നതാണെന്ന് ഉദാഹരണങ്ങള്‍ നിരത്തിയൊരു മെയില്‍ സമീപകാലത്ത്‌ സുഹൃത്തുക്കള്‍ പലരും ഫോര്‍വേര്‍ഡി ഫോര്‍വേര്‍ഡി ഹിറ്റാക്കിയതാണ്. കഥയോ, കഥാപാത്രങ്ങളെയോ, കഥാകഥന രീതികളെയോ മറ്റു ചിത്രങ്ങളില്‍ നിന്നും കടം കൊള്ളുന്നവരെല്ലാം എന്നും ചലച്ചിത്രത്തിലേക്കുള്ള‌ തങ്ങളുടെ വഴി എളുപ്പത്തില്‍ വെട്ടുകയാണ് ചെയ്യുന്നത്. കടം കൊണ്ട ആശയത്തെ വള്ളി, പുള്ളി, വിസ്സര്‍ഗ്ഗ വ്യത്യാസമില്ലാതെ പകര്‍ത്തുന്നവരും, സ്വന്തം ചേരുവകള്‍ മേമ്പൊടിയായി ചേര്‍ത്ത്‌ കയ്യടി നേടുന്നവരും, 'ഒറിജിനലിനെ' നോക്കി കൊഞ്ഞനംകുത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. വ്യക്തിപരമായി ഈ കോപ്പിക്യാറ്റ് രീതികളോട് കടുത്ത എതിര്‍പ്പാണെങ്കിലും വ്യാകരണമില്ലാത്ത, അക്ഷരത്തെറ്റും കോമാളിക്കളിയുമായി അധപതിക്കുന്ന മൂന്നാംകിട ശ്രമങ്ങളെക്കാള്‍ എന്തുകൊണ്ടും ഭേദം തന്നെയിതെന്ന് സമ്മതിക്കാതെ വയ്യ!


മലയാളത്തിലെ പുതുതലമുറയില്‍ സാമാന്യം തന്റേടമുള്ള, സര്‍വ്വോപരി വിവരമുള്ള സംവിധായകനാണ് അമല്‍ നീരദ്‌. മികച്ചൊരു പ്രൊഫൈലും സ്വന്തമായുണ്ട്. കൊല്‍ക്കത്തയിലെ സത്യജിത് റായി ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലും ബെര്‍ലിനിലുമായി ഛായാഗ്രഹണത്തില്‍ ഔപചാരിക വിദ്യാഭ്യാസം, തുടര്‍ന്ന് ഛായാഗ്രാഹകനായി വര്‍ഷങ്ങളോളം ചലച്ചിത്ര തലസ്ഥാനമായ ബോളിവുഡില്‍ രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളോടൊപ്പം. മലയാളിക്ക്‌ അന്നുവരെ പരിചിതമല്ലാത്ത സാങ്കേതിക നിലവാരത്തില്‍ 'ബിഗ്‌ ബി'യിലൂടെ സംവിധായകനായി തുടക്കം. പക്ഷേ, സാങ്കേതികമായി ബഹുദൂരം മുന്‍പിലോടിയ 'സാഗര്‍ ഏലിയാസ്‌ ജാക്കി', എന്ന രണ്ടാമത്തെ ചിത്രം ചോക്ലേറ്റ് പേപ്പറില്‍ പൊതിഞ്ഞ നനഞ്ഞ പടക്കമായിരുന്നു. അമല്‍ നീരദിന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് പുതിയ ചിത്രം 'അന്‍വറും‍'.

'ഫോര്‍ ബ്രതേഴ്സി'ന്റെ ജാരസന്തതിയാണ് 'ബിഗ്‌ ബി' എന്ന കടുത്ത ആരോപണങ്ങളോട് സംവിധായകന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചിത്രഭൂമിയിലുമായി ഭംഗിയായി പ്രതികരിക്കുകയും തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു‌‌. കഥയില്ലാ കാവ്യമായിരുന്ന 'സാഗര്‍ ഏലിയാസ്‌ ജാക്കി'യില്‍ വിദേശഭാഷാ ചിത്രങ്ങളുടെ സ്വാധീനം ഏറെ പ്രകടവുമായിരുന്നു. പുതിയ ചിത്രം 'അന്‍വറിന്റെ' തന്തയും വിദേശിയാണ്, തറവാട്ടില്‍ പിറന്ന ഒരു അമേരിക്കക്കാരന്‍, ' ട്രൈട്ടര്‍ ' (Traitor).


"മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ, വല്ലവരും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യകുലത്തെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകും. ഒരാളുടെ ജീവന്‍ വല്ലവരും രക്ഷിച്ചാല്‍ അത് മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിന് തുല്യമാകും" എന്ന ഖുറാന്‍ വചനം ചിത്രത്തിന്റെ ആരംഭത്തില്‍ തെളിയുന്നുണ്ട്. കഥാപരിസരത്തെ പരിചയപ്പെടുത്തുന്നത് മമ്മുട്ടിയുടെ ശബ്ദമാണ്.

Synopsis:

കോയമ്പത്തൂരിലെ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ചുമതല സ്റ്റാലിന്‍ മണിമാരനാണ്. അന്വേഷണങ്ങളെ തുടര്‍ന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട നിരവധിപ്പേര്‍ ജയിലിലാവുന്നു. കൂട്ടത്തില്‍ സമുന്നതനായ നേതാവ് ബാബു സേട്ടുമുണ്ട്. ഗുരുവായൂരില്‍വെച്ച് കുഴല്‍പ്പണവുമായി അറസ്റ്റിലാവുന്ന അന്‍വര്‍ എത്തുന്നതും അതേ ജയിലിലാണ്.

കടുത്ത ഇസ്ലാം മത വിശ്വാസിയായ അന്‍വര്‍ , ബാബുസേട്ടിനേയും അനുയായികളെയും പരിചയപ്പെടുന്നു. അവരുമായുള്ള അടുപ്പം ജയിലില്‍ നിന്നിറങ്ങിയ അന്‍വറിനെ ബാബു സേട്ടിന്റെ നാടായ മട്ടാഞ്ചേരിയില്‍ എത്തിക്കുന്നു‍. തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണില്‍ അന്‍വര്‍ , ബാബു സേട്ടിന്റെ വിശ്വസ്തനായ സൂത്രധാരനാകുന്നു

തന്ത, ' ട്രൈട്ടര്‍ ‍' ആണെന്ന് പറഞ്ഞുവല്ലോ. കൈകാര്യം ചെയ്ത വിഷയത്തിലെ രാഷ്ട്രീയം കൊണ്ടും ഡോണ്‍ ഷീഡിലിന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്, ' ട്രൈട്ടര്‍ ‍'. ഭംഗിയായി അടുക്കി വച്ച ഒരു തിരക്കഥയുടെ പിന്‍ബലം ആ ത്രില്ലറിനുണ്ടായിരുന്നു. 'ട്രൈട്ടറി‍'ലെ ചില മുഖ്യ കഥാപാത്രങ്ങളും ചില കഥാസന്ദര്‍ഭങ്ങളും കേരളീയ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയാണ് 'അന്‍വറി‍'ല്‍ ‍. മെയില്‍ ഫോര്‍വേര്‍ഡില്‍ തമിഴ്‌ ചിത്രങ്ങളുടെ ഫോര്‍മുല ഉണ്ടാക്കിയതുപോലെ അവശ്യം കഥാസന്ദര്‍ഭങ്ങളും‍, കഥാപാത്രങ്ങളും, ഗാനങ്ങളുമായി കൂട്ടിച്ചേര്‍ക്കലുകള്‍ . ആ കൂട്ടിച്ചേര്‍ക്കലില്‍ പ്രമുഖം, മുഖ്യകഥാപാത്രത്തിന്റെ കഴിഞ്ഞ കാല ജീവിതം, കഥാപാത്രങ്ങളില്‍ ഒന്നിന് കേരളത്തിലെ അറിയപ്പെടുന്ന ഒരു നേതാവുമായി വേണമെങ്കില്‍ ആരോപിക്കാവുന്ന സാമ്യം, കഥാസന്ദര്‍ഭങ്ങള്‍ക്ക് കഴിഞ്ഞ ദശകത്തിലെ ഇരുള്‍ വീണ ചില ഏടുകളുമായുള്ള ബന്ധം എന്നിവയാണ്.

'ട്രൈട്ടറാ‍'യി ഈ ചിത്രത്തെ താരതമ്യം ചെയ്യുകയല്ല. ഭീമമായ മുതല്‍മുടക്കില്‍ ‍, ലോകവിപണിതന്നെ ലക്ഷ്യമാക്കി, വിട്ടുവീഴ്ചകളില്ലാതെ ചെയ്ത ചിത്രത്തേയും, ചെറിയ മുതല്‍ മുടക്കില്‍ ‍, കേരളമെന്ന 'ഠ' വട്ടത്തിലെ വിപണിയെ ലക്ഷ്യമാക്കി പുറത്ത്‌ വന്ന ചിത്രത്തേയും താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. അമല്‍ നീരദ്‌ തന്നെ പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ ഒരു സൃഷ്ടിക്ക് വിവിധ ‌ഭാഷകളില്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, കഴിവും വിവരവും വിദ്യാഭ്യാസവും പരിചയവും കൈമുതലായ ഒരാള്‍ ഇത്തരം എളുപ്പവഴികള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.

പണ്ടൊരിക്കല്‍ ത്രൂഫോയുമായുള്ള അതിദീര്‍ഘവും അതിപ്രശസ്തവുമായ അഭിമുഖത്തില്‍ സസ്പെന്‍സ് ചിത്രങ്ങളുടെ ആചാര്യന്‍ ഹിച്ച്കോക്ക്, എന്താണ് സസ്പെന്‍സെന്നും എന്താണ് സര്‍പ്രൈസെന്നും വിശദീകരിക്കുകയുണ്ടായി. അവര്‍ സംസാരിച്ചിരിക്കുന്ന മേശക്ക് താഴെ ഒരു ബോംബ്‌ ഉണ്ടെന്ന് കരുതുക. പ്രത്യേകിച്ച് മുന്‍ സൂചനകളൊന്നും ഇല്ലാതെ ബോംബ്‌ പൊട്ടിത്തെറിക്കുന്നു. കാണുന്ന ജനം സ്വാഭാവികമായും അത്ഭുതപ്പെടുന്നു. ഇതാണ് സര്‍പ്രൈസ്‌. ഇനി സസ്പെന്‍സെന്നാല്‍ മേശക്ക് താഴെയുള്ള ബോംബിനെ കുറിച്ച്‌ ജനത്തിന് അറിയാം. ചുവരിലെ ക്ലോക്കില്‍ മണി ഒന്നാകുമ്പോഴാണ് ബോംബ്‌ പൊട്ടിത്തെറിക്കുക. പതിനഞ്ച് മിനുറ്റ് കൂടിയുണ്ട് ഒരു മണിക്ക്. ഇത്തരം ഒരു സാഹചര്യത്തില്‍ അതേ മേശക്ക് ചുറ്റുമുള്ള സംഭാഷണത്തില്‍ ജനം അഥവാ പ്രേക്ഷകന്‍ കൂടി പങ്കാളിയാവുന്നു. പ്രേക്ഷകന്‍ ആ കഥാപാത്രങ്ങളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. മേല്‍ സൂചിപ്പിച്ച ആദ്യ സംഭവത്തില്‍ സ്ഫോടന സമയത്ത്‌ ഒരു പതിനഞ്ച് നിമിഷത്തെ അത്ഭുതം പ്രേക്ഷകന്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ രണ്ടാമത്‌ പതിനഞ്ച് മിനുട്ടിന്റെ സസ്പെന്‍സാണ് അതേ പ്രേക്ഷകന്‍ അനുഭവിക്കുന്നത്. ചുരുക്കത്തില്‍ , അവിചാരിതമായ ട്വിസ്റ്റ്‌ അല്ലെങ്കില്‍ ‍, ചിത്രത്തിലെ സസ്പെന്‍സിന്, കാണുന്ന പ്രേക്ഷകന് ആവശ്യമായ വിവരങ്ങള്‍ കൃത്യമായി തന്നെ കിട്ടിയിരിക്കണം.

ഹിച്ച്കോക്കിന്റെ വിശദീകരണം ഒന്ന് ഉറപ്പിക്കുന്നുണ്ട്. സസ്പെന്‍സ് എന്ന പേരില്‍ നമ്മള്‍ പലപ്പോഴും കണ്ടതെല്ലാം ഞൊടിയിട നേരത്തെ സര്‍പ്രൈസ് ആയിരുന്നു. 'ട്രൈട്ടറും‍', 'അന്‍വറും‍' തമ്മില്‍ ആഖ്യാനത്തിലെ വ്യത്യാസവും അതിലുപരി പോരായ്മയും അത് തന്നെയാണ്.

മണിരത്നം കണ്ടുപിടിക്കുകയും മലയാളി സംവിധായകര്‍ ഹിറ്റാക്കുകയും ചെയ്ത, ചോന്ന വരയുടെ നേതൃത്വത്തില്‍ നടക്കുന്ന, ചലച്ചിത്ര പരിപാടിക്ക് മുന്‍പുള്ള പ്രാര്‍ത്ഥനാ ചടങ്ങ് മാത്രമാണ് നമുക്ക്‌ ടൈറ്റിലിംഗ്. അതിനെ കുറിച്ചും വിവരമുള്ളവര്‍ പണ്ട് ചിലതൊക്കെ പറഞ്ഞു വെച്ചിട്ടുണ്ട്. 'ഗുഡ്‌ ഫെല്ലാസ്‌', 'സൈക്കോ' മുതലായ ചിത്രങ്ങളുടെ ടൈറ്റില്‍സ് വിഭാവനം ചെയ്ത സോള്‍ ബാസ് പറയുന്നത്, ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിനും അതിന്റെ സ്വഭാവത്തിനും ഇണങ്ങുന്ന മാനസികാവസ്ഥയിലേക്ക്‌ ടൈറ്റില്‍ സീക്വന്‍സിലൂടെ പ്രേക്ഷകനെ ഉയര്‍ത്തുവാന്‍ കഴിയുമെന്നാണ്. ടൈറ്റിലിന് ശേഷം ചിത്രം തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകന്‍ ചിത്രവുമായി ഇഴുകി ചേര്‍ന്നിരിക്കും. ചുവന്ന വരയില്ലാത്ത ഭേദപ്പെട്ട ഒരു തുടക്കം 'അന്‍വറി‍'നുണ്ട്.

ഇതിന് മുന്‍പും അമല്‍ നീരദിന്റെ ചിത്രങ്ങളുടെയെല്ലാം പരസ്യചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടി'ന്റെ തിരക്കൊപ്പം, 'സാഗര്‍ ഏലിയാസ്‌ ജാക്കി'യുടെ പരസ്യചിത്രങ്ങളും ആ ചിത്രത്തിന്റെ അതിഭീമമായ ഇനീഷ്യലിന് കാരണമായിരുന്നു. ചലച്ചിത്ര പരസ്യകലാരംഗത്ത്‌ ഒരു പുതിയ പേരായ 'ഓള്‍ഡ്‌ മൊന്‍ക്സ്', കേവലം മുറിച്ചുവെച്ച കുറച്ച് ചിത്രങ്ങളല്ല പോസ്റ്റര്‍ ഡിസൈനെന്ന് 'അന്‍വറി'ലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചില പോസ്റ്ററുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഫ്രീസ് ചെയ്ത കൃത്യവും ശ്രമകരവുമായ 'ഡിജിറ്റല്‍ മാനിപുലേഷന്‍' നമ്മുടെ ചലച്ചിത്ര പരസ്യങ്ങള്‍ക്ക് പരിചിതമായതേ അല്ല. അമല്‍ നീരദ്‌ ചിത്രങ്ങളുടെ പൊതു സ്വഭാവം ആ പോസ്റ്ററുകളില്‍ തെളിയുന്നുണ്ട്. എങ്കിലും 'അന്‍വര്‍‍ ' എന്ന എഴുത്ത്‌, പരസ്യങ്ങളെ കുറിച്ച് പൊതുവില്‍ പറയുന്ന നല്ല അഭിപ്രായത്തില്‍ കാര്യമായ കുറവ്‌ വരുത്തുന്നുണ്ട്. 'Anwar'-ലെ 'N‍', മറ്റ് അക്ഷരങ്ങളെ വേര്‍തിരിക്കുമ്പോള്‍ 'A War' എന്നും വായിക്കാം എന്നതാവാം പരസ്യ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണക്കാക്കിയിട്ടുണ്ടാവുക.

സാങ്കേതിക വിഭാഗത്തിന്റെ വിയര്‍പ്പാണ് 'അന്‍വറി‍'ന്റെ Aപ്ലസ്‌. സതീഷ്‌ കുറുപ്പിനേയും വിവേക്‌ ഹര്‍ഷനേയും കൂടാതെ വല്ലപ്പോഴും അഭിനന്ദിക്കുവാന്‍ മാത്രം നമുക്ക്‌ അവസരം തരുന്ന 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആക്ഷന്‍ & മാര്‍ഷ്യല്‍ ആര്‍ട്സും' അക്കൂട്ടത്തിലുണ്ട്.

ആക്ഷന്‍ ചിത്രത്തിന്റെ താളം കാത്തുസൂക്ഷിക്കുന്ന ' അന്‍വറില്‍ ', മുഖ്യ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക്‌, ചിത്രത്തിന്റെ താളം മന്ദഗതിയിലാക്കുന്നുണ്ട്. കൂനിന്മേല്‍ കുരു പോലെ പാട്ടും, ഒന്നല്ല, രണ്ടെണ്ണം. എന്തായാലും ആ പാട്ടുകള്‍ ബിരിയാണി സദ്യക്കിടക്ക് നല്ല പ്രഥമന്‍ വിളമ്പിയത് പോലെയായി! നായികയും രണ്ട് പാട്ടുമില്ലാതെ എന്ത് ചിത്രം അല്ലേ? ദോഷം പറയരുതല്ലോ, കുറേനാള്‍ കൂടി മലയാളി മൂളിയ ഗാനങ്ങള്‍ 'അന്‍വറി'ല്‍ ഒരുക്കിയത്‌ ഗോപി സുന്ദറാണ്. പാട്ട് മൂളിയെങ്കിലും, 'കിഴക്ക്‌ പൂക്കും' എന്ന ഗാനം ചിത്രീകരണത്തില്‍ 'ബോംബെ'യും ഈണത്തില്‍‌ 'ഫിസ'യിലെ 'പിയ ഹജി അലി'യേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്‍ ആണെങ്കിലും ഇങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്‍ ആണെങ്കിലും (കട: വിശാല്‍ജി‍) അവരവരുടേതായ ശൈലിയുണ്ടാകും. പൊതുവില്‍ പതിഞ്ഞ് സംസാരിക്കുന്ന കഥാപാത്രങ്ങളാണ് അമലിന്റെ ചിത്രങ്ങളിലെല്ലാം തന്നെ. സ്ലോമോഷന്‍, ആക്ഷന്‍, മഴ, കുട എന്നിവയേയും നീരദശൈലിയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ചെറിയ വേഷങ്ങളില്‍ എത്തുന്ന കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വമുണ്ടെന്നത് സംവിധായകന്റെ പ്രതിഭയെ വ്യക്തമാക്കുന്നുണ്ട്. കുറേനാളുകള്‍ക്ക് ശേഷമാണ് ഗീത, കുക്കു പരമേശ്വരന്‍ മുതലായ ചില മുഖങ്ങള്‍ വലിയ സ്ക്രീനില്‍ കാണുന്നത്. പൃഥ്വിരാജ്, ലാല്‍ , പ്രകാശ് രാജ് എന്നിവരില്‍ തുടങ്ങുന്ന അഭിനേതാക്കളുടെ നിര ഭേദപ്പെട്ട രീതിയില്‍ ചിത്രത്തെ സഹായിക്കുന്നുണ്ട്.

മുകളിലേക്ക് ഓടി പോകുന്ന എന്‍ഡ് ക്രെഡിറ്റ്‌സാണ് നമുക്ക്‌ ചിര പരിചിതമായത്. കഴിഞ്ഞ കുറെ നാളുകളായി ടെലിവിഷന്‍ സ്ക്രീനില്‍ കണ്ടു പരിചയിച്ച വലത്ത് നിന്നും ഇടത്തോട്ടുള്ള ക്രെഡിറ്റ്‌സിന്റെ ഒഴുക്ക് ഇതാദ്യമായി ഒരു ചിത്രത്തിലും കണ്ടു. ചിത്രം കഴിഞ്ഞും വല്ല ആട്ടമോ പാട്ടോ അല്ലെങ്കില്‍ പറഞ്ഞുതീരാന്‍ ബാക്കിയുള്ള വല്ലതുതോ ഉണ്ടെങ്കില്‍ ക്രെഡിറ്റ്‌സ് ഈവിധമാകാം. വിഷ്വലിനെ ബാധിക്കുന്നില്ല. ക്രെഡിറ്റ്‌സ് വായിച്ചിരിക്കേണ്ടവര്‍ക്ക് അതാവുകയും ചെയ്യാം.

രാഷ്ട്രീയക്കാര്‍ ജാഥക്ക് ആളെ കൂട്ടാന്‍ കൂലിക്ക് എടുക്കുമെന്ന് കേട്ടിട്ടുണ്ട്. കൂലിക്കാരായ കൂവല്‍ തൊഴിലാളികളെ കുറിച്ചും പലരും പലയിടത്തും പറഞ്ഞിട്ടുണ്ട്. ആദ്യമായാണ്, ഒന്ന് നേരില്‍ കാണുന്നത്. ഞാന്‍ ' അന്‍വര്‍ ' കാണുന്നത് വെള്ളിയാഴ്ച രാത്രി ചാലക്കുടിയിലാണ്. ഫസ്റ്റ്‌ ഷോ നടക്കുന്ന സമയത്തുതന്നെ ഞാന്‍ തീയറ്റര്‍ പരിസരത്തുണ്ട്. തീയറ്ററിനകത്ത്, എന്ത് നടക്കുന്നു എന്ന് നിശ്ചയമില്ലെങ്കിലും ചിത്രം തീര്‍ന്നപ്പോള്‍ തീയറ്റര്‍ പരിസരത്ത്‌ എവിടെ നിന്നോ കുറെ കുറുക്കന്മാര്‍ ഓലിയിടാന്‍ തുടങ്ങി. സെക്കന്റ് ഷോ സമയത്ത്‌ പ്രേക്ഷകര്‍ക്ക് കാര്യമായി ചൊറിച്ചില്‍ ഉണ്ടായതായി തോന്നിയില്ല. 'ക്ലാസ്സ്‌മേറ്റ്സ്'ലെ ലാബ് മുറിയിലെ കഥ പറച്ചില്‍ പ്രേക്ഷകര്‍ കൂവി തള്ളിയപോലെ, ചിത്രത്തിലൊരിടത്ത്‌ 'അന്‍വറി'ന്റെ കരച്ചിലിനിടക്ക് പ്രേക്ഷകര്‍ തൊണ്ടകടി മാറ്റുന്നുണ്ട്. ചിത്രം തീരുമ്പോള്‍ ഒറ്റയും തെറ്റയുമായ കൂക്ക് വിളികളുണ്ട്. എന്നാല്‍ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാണുന്നത്, ബാല്‍ക്കണിക്ക് താഴെ പത്ത്‌-പതിനഞ്ച് ചെറുപ്പക്കാര്‍ കൂടിനിന്ന് ഇറങ്ങി വരുന്ന കാണികള്‍ക്ക്‌ നേരെ കൂക്കി വിളിക്കുന്നതാണ്. ഒരു ചിത്രത്തിലെ അഭിനയത്തേയോ അതിലെ സന്ദര്‍ഭങ്ങളെയോ അല്ലെങ്കില്‍ ചിത്രത്തെ തന്നെയോ ആണ് കൂക്കി വിളിക്കുന്നതെങ്കില്‍ അത് തീയറ്ററിലാണ് കേള്‍ക്കേണ്ടത്. ഇറങ്ങി വരുന്ന പ്രേക്ഷകര്‍ക്ക്‌ നേരെ കൂക്കുന്നവര്‍ ചെയ്യുന്നത് പ്രേക്ഷകരുടെ അഭിപ്രായങ്ങളെ വെല്ലുവിളിക്കുകയോ അപായപ്പെടുത്തുകയോ ആണ്. അവരുടെ ലക്ഷ്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അവരുടെ ലാഭം എന്തുതന്നെ ആയിരുന്നാലും ആത്യന്തികമായി അവര്‍ അപായപ്പെടുത്തുന്നത് ചലച്ചിത്രത്തെ തന്നെയാണ്.

അപ്പോള്‍ ചിത്രത്തിനകത്ത് മാത്രമല്ല, തീയറ്ററിന് പുറത്തുപോലും 'അന്‍വറി‍'നെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്‍. പക്ഷേ, സാങ്കേതിക തികവിന്റെ കരുത്തില്‍ ശത്രുവിനെ തോല്‍പ്പിക്കുവാന്‍ പോന്നവന്‍ തന്നെ ' അന്‍വര്‍‍ '.

ആകെത്തുക: സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ . സ്ലോ മോഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ നെഞ്ചെരിച്ചില്‍ , വയറുവേദന, ഹൃദയാഘാതം എന്നിവയുള്ളവര്‍ ഈ ചിത്രവും കാണാതിരിക്കുക തന്നെയാണ് നല്ലത്.

Oct 2, 2010

യന്തിനും, യന്തിരന്‍!

'യന്തിരനെ' കുറിച്ച് ഗള്‍ഫ് മലയാളി.com-ല്‍ എഴുതിയ കുറിപ്പ്. മാന്യ വായനക്കാര്‍ക്ക്‌ ഈ കുറിപ്പ്‌ ഇവിടെയും വായിക്കാവുന്നതാണ്.


ചലച്ചിത്രങ്ങളെ തരംതിരിക്കുന്നതിന് നാട്ടില്‍ നടപ്പുള്ള പല സമ്പ്രദായങ്ങളുമുണ്ട്. കൂട്ടത്തില്‍ വെറും മൂന്നുതരം ചലച്ചിത്രങ്ങളെയുള്ളൂ എന്ന് വാദിക്കുന്നവരുമുണ്ട്! നാട്ടുനടപ്പ്‌ എന്തുമാകട്ടെ, കാലത്തിനനുസരിച്ച് മാറാവുന്ന അന്നനടയേ ഏതു നാടും എന്നും നടക്കാറുള്ളൂ. അങ്ങനെയെങ്കില്‍ ചിത്രങ്ങളെ മറ്റൊരു രീതിയിലും നമുക്ക് ഇനിമുതല്‍ തരം തിരിക്കാം. ചിത്രത്തിന്റെ പണിപ്പുര കാലഘട്ടത്തില്‍ എപ്പോഴെങ്കിലും സാമ്പത്തിക ചുഴലിയോ തര്‍ക്കങ്ങളോ ആഞ്ഞടിക്കുകയും പാതിവഴിയിലോ പലപ്പോഴും പെട്ടിയില്‍ തന്നെയോ ഒടുങ്ങുകയും ചെയ്യുന്ന ചാവുപിള്ളമാര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചില വീടുകളില്‍ നിന്നും പുറത്തിറങ്ങുന്ന, നോക്കിലും നടപ്പിലും ദാരിദ്രത്തിന്റെ കരിനിഴലുകളുള്ള ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത പഞ്ചപാവങ്ങള്‍. ഇടത്തരം കുടുംബത്തില്‍ നിന്നും വരുന്ന സാമ്പത്തികമായും ശാരീരകമായും സാമാന്യം തെറ്റില്ലാത്ത, ചിലപ്പോള്‍ ലക്ഷണമൊത്തതും, ശാലീന സുന്ദരികളുമായ ഇടത്തരക്കാര്‍. പിന്നെ നോക്കിലും നടപ്പിലും സര്‍വ്വോപരി കയ്യിലിരിപ്പിലും പളപളപ്പുള്ള, സാമ്പത്തികമായി ബഹുദൂരം മുന്നോക്കംനില്‍ക്കുന്ന, തെറിച്ച ന്യൂനപക്ഷത്തിന്റെ സന്തതികള്‍.

സമൂഹത്തിന്റെ പ്രതിഫലനം പോലെ നമ്മള്‍ കാണുന്ന ബഹുഭൂരിപക്ഷവും ഇടത്തരക്കാരാണ്. തെറിച്ച ന്യൂനപക്ഷത്തിന് എന്ത് തോന്നാസ്യവും കാണിക്കാം. പച്ച ലിപ്സ്റ്റിക്കിടാം, ചോന്ന മുടിയാക്കാം, മഞ്ഞ പൌഡറിടാം. ഇവര്‍ ചെയ്യുന്നതെല്ലാം മാധ്യമങ്ങളില്‍ വെണ്ടയ്ക്കയായിരിക്കും. അങ്ങനെ മാധ്യമങ്ങളില്‍ വെണ്ടയ്ക്ക നിരത്തി നിരത്തി ക്ഷീണിച്ച, ശങ്കര്‍ പറഞ്ഞയച്ച ഒരു ന്യൂനപക്ഷ പ്രതിനിധിയെ ഇന്നലെ കണ്ടു, 'യന്തിരന്‍'

കേള്‍വികേട്ട 'ഭരതന്‍ ടച്ച് ' പോലെ, ചെറുതും വലുതുമായ 'ടച്ച് ' ഏതു സംവിധായകര്‍ക്കും അവരുടെ ചിത്രങ്ങള്‍ക്കുമുണ്ട്. ആ ടച്ച് അഥവാ മുഖമുദ്ര സാമാന്യം വിലകൂടിയ ഒന്നാണ് ശങ്കര്‍ ചിത്രങ്ങള്‍ക്ക്. 1993-ല്‍ പുറത്തിറങ്ങിയ 'ജന്റില്‍മാന്‍' മുതലിങ്ങോട്ട് ആ ചരിത്രം ഒരിക്കല്‍ പോലും മാറ്റി പണിയുവാന്‍ ശങ്കര്‍ ശ്രമിച്ചിട്ടില്ല. ഇന്നുവരെ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് 'യന്തിരന്‍'. മാധ്യമങ്ങളില്‍ വെണ്ടയ്ക്കയും പടവലങ്ങയും നിരത്തിയത്‌ 'യന്തിരനി'ലെ കണക്കിന്റെ കളിതന്നെയായിരുന്നു. ചിത്രത്തിന്റെ 'ഫൈനല്‍ ബില്‍ ' 150 കോടി എന്നാണ് കേട്ടത്‌! പക്ഷേ, പത്രപരസ്യത്തില്‍ വിതരണക്കാര്‍ വെറും 50 കോടിയുടെ 'ഹൈക്ക്' കൊടുത്തിട്ടുണ്ട്, അപ്പോള്‍ 200 കോടി! ചിലവായ കോടികളില്‍ 40 ശതമാനവും ഗ്രാഫിക്സിനും അനുബന്ധ (അസംബന്ധ) ജോലികള്‍മാണ്. എ.ആര്‍ റഹ്മാന് 10 കോടി! ആ 10 കോടിയുടെ സംഗീതത്തിന്റെ തമിഴ് വിതരണാവകാശം മാത്രം വിറ്റുപോയത്‌ 7 കോടി രൂപക്ക്‌! ചമയ-കലാ വിഭാഗങ്ങള്‍ക്കുമുണ്ട് കണക്കിന്റെ അതിശയിപ്പിക്കുന്ന കളി!

ചലച്ചിത്രം ഒരു വ്യവസായമാണ് എങ്കില്‍, അവിടെ വില്‍പ്പനക്ക്‌ എത്തുന്ന ചരക്ക്‌ തന്നെയാണ് ഏതു ഗോപാലകൃഷ്ണന്‍ എടുക്കുന്ന ചിത്രവും. ശങ്കറിന്റെയാണോ, ചിത്രം നിര്‍മ്മിച്ച കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സിനാണോ, ചിത്രം വില്‍ക്കുന്നതിന്റെ സിദ്ധി എന്നറിയില്ല. ചിത്രം റിലീസ്‌ ചെയ്യപ്പെട്ടത്‌ ലോകമാകമാനം 2000-ത്തോളം കേന്ദ്രങ്ങളിലാണ്. കേരളത്തില്‍ മാത്രം 14 ജില്ലകളിലായി 128 കേന്ദ്രങ്ങളില്‍! തിരുവനന്തപുരത്ത്‌ 5, ഏറണാകുളത്ത്‌ 4, തൃശ്ശൂരില്‍ 4, മറ്റ് 'പലതിനും' കാതങ്ങള്‍ മുന്‍പിലായ ചാലക്കുടിയില്‍ പോലും 3 കേന്ദ്രങ്ങള്‍! എന്ത് കൂടോത്രമായാലും ഈ 3 കേന്ദ്രങ്ങളും നിറഞ്ഞു തന്നെയിരിക്കുന്നു! നുമ്മടെ തൃശ്ശൂര്‍ക്കാരന്‍ പ്രാഞ്ചിയേയും പാവം പുണ്യാളനേയും ഒരു ദയാദാക്ഷിണ്യവുമില്ലാതെ വശത്തൊതുക്കിയാണ് ഈ പ്രകടനം എന്നോര്‍ക്കണം. അല്ല, പ്രാഞ്ചിയും എല്‍സമ്മകുട്ടിയും വിരുന്നു വന്നപ്പോള്‍ ഈ പരശ്ശതം എവിടെയായിരുന്നു? സ്റ്റൈല്‍ മന്നരില്‍ മന്നന്‍ രജനികാന്തും, എ.ആര്‍ റഹ്മാനും, ശങ്കറും, പിന്നെ സണ്‍ പിക്ചേഴ്സിലെ 'ബിസിനസ്സ് മാനേജ്മെന്റ്' വിഭാഗവും എന്നാണ് എളുപ്പത്തില്‍ പറയാവുന്ന ഉത്തരം.

സൈ-ഫൈ (Sci-Fi) വിഭാഗത്തില്‍ നമുക്ക്‌ കാര്യമായ നിരയൊന്നും എതായാലും ഇതുവരെയില്ല. 'യന്തിരനെ' അതില്‍ ഉള്‍പ്പെടത്തുന്നതില്‍ തെറ്റുമില്ല. പക്ഷേ, ചിത്രത്തിന്റെ കഥാപരിസരം പണ്ട് വായിച്ച് തള്ളിയ കോമിക് പുസ്തകങ്ങളിലും കുട്ടി പുസ്തകങ്ങളിലും (ഏയ്‌, അതല്ല ഉദ്ദേശിച്ചത്) കണ്ടതിനപ്പുറമൊന്നും വരില്ല. ശാസ്ത്രഞ്ജനായ വശിഗരന്‍ എന്തും ചെയ്യാന്‍ പോന്ന ഒരു യന്തിരനെ (Robot) വര്‍ഷങ്ങളുടെ പ്രയത്നത്തെ തുടര്‍ന്ന് ഉണ്ടാക്കിയെടുക്കുന്നു. ചിട്ടി എന്ന ഈ യന്തിരന്റെ ബാഹ്യരൂപവും വശിയുടെത്‌ പോലെ തന്നെ. ഡോക്ടറാകാന്‍ പഠിക്കുന്ന സന, വശിയുടെ സുഹൃത്തും കാമുകിയുമാണ്. യന്തിരന് എന്തും ചെയ്യുവാന്‍ കഴിയുമെങ്കില്‍, വശിയുടെ കഴിവില്‍, വളര്‍ച്ചയില്‍, അസൂയാലുക്കളായ ശത്രുക്കള്‍ ഉണ്ടെങ്കില്‍ കഥക്ക്, കഥാസന്ദര്‍ഭങ്ങള്‍ക്ക് 'യന്തും' സംഭവിക്കാം...

യുക്തിഭംഗമില്ലാത്ത ഒരു ചിത്രം പോലും ശങ്കര്‍ ഇന്നുവരെ ചെയ്തിട്ടില്ല, ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകന് കല്ലുകടിയാവാതെ അത്തരം പൊരുത്തക്കേടുകള്‍ പറഞ്ഞുപോയാല്‍ അത് തിരക്കഥാകൃത്തിന്റെയോ മുഖ്യമായും സംവിധായകന്റെയോ കഴിവ് തന്നെ എന്ന് സമ്മതിക്കേണ്ടി വരും. ('തേന്മാവിന്‍ കൊമ്പത്തി'ന്റെ ശരീരം ഒരു നാടോടിക്കഥപോലെയായതും, 'കിലുക്ക'ത്തിന് ഊട്ടിയുടെ സൌന്ദര്യം വന്നതും, 'ചിത്ര'ത്തില്‍ എവിടെയോ ഉള്ള തമ്പ്രാനും തമ്പ്രാന്റെ അടിയാക്കളും അവരുടെ ആചാരങ്ങളും കോര്‍ത്തിണക്കിയതും ഇത്തരത്തില്‍ ഓര്‍ക്കാവുന്നതാണ്. കടപ്പാട്: നന്ദപര്‍വ്വം നന്ദന്‍).

യുക്തിബോധത്തെ പൂട്ടി സീല്‍ ചെയ്താണ് ഓരോ രജനി ചിത്രവും നമ്മള്‍ കാണേണ്ടത്. 'യന്തിരന്‍' എന്ന ചിത്രത്തിലും അത്തരം ഒരു നീക്കം നടത്തിയതിന് ശേഷമേ നമ്മള്‍ പ്രേക്ഷകര്‍, തീയറ്ററില്‍ പ്രവേശിക്കാവൂ. രജനി എന്ന താരത്തിന്റെ, ഒട്ടുമിക്ക ചിത്രങ്ങളിലെയും കഥാപാത്രത്തെ കുറിച്ചും കഥാപാത്രത്തിന്റെ ചെയ്തികളെ കുറിച്ചും വിശകലനം ചെയ്തു സമയം മിനക്കെടുത്താന്‍ ഏതായാലും ഞാനില്ല. ഇനി സമയം മിനക്കെടുത്തിയാല്‍ തന്നെ അതൊരു നെടുങ്കന്‍ എഴുത്തും ആയേക്കും. എന്തും ചെയ്യുന്നവനാണ് 'യന്തിരന്‍' എന്നത് ഓര്‍ത്തുകൊണ്ട് തന്നെ ഒരു സാമ്പിള്‍ കുറിക്കട്ടെ. കൊതുകിനോട് സംസാരിക്കുന്ന (അതെ തെറ്റിയിട്ടില്ല, കൊതുകുതന്നെ, കൊ-തു-ക്‌), കൊതുകിനെകൊണ്ട് പ്രേയസിയുടെ മുന്‍പില്‍ മാപ്പ് പറയിക്കുന്ന ആ ഒരു രംഗമുണ്ടല്ലോ അത് കണ്ടിട്ട് കൂവാന്‍ നിന്ന ബഹുജനത്തിന്റെ തൊണ്ട പോലും നാണിച്ചുപോയി.

മുകളില്‍ സൂചിപ്പിച്ച ശങ്കര്‍ ടച്ചിന്റെ ഭാഗമാണ് വിദേശ രാജ്യങ്ങളിലോ, കൂറ്റന്‍ സെറ്റുകളിലോ ഒരുക്കുന്ന ഗാനചിത്രീകരണ രംഗങ്ങള്‍. 'യന്തിരനും' വ്യത്യസ്തമല്ല. 'ഇന്ത്യനി'ലും 'അന്യനി'ലും കണ്ണ് തള്ളി തെറിച്ച പോലെയൊന്നുമില്ല എങ്കിലും, ഇക്കുറി വിയന്നയും, പെറുവിലെ മച്ചുപിച്ചുവും, റിയോ ഡി ജനീറോയുമൊക്കെ വശിക്കും സനക്കും നൃത്തം ചെയ്യാന്‍ വേദിയൊരുക്കുന്നു. ജൂലൈയില്‍ കൊലാലംപൂരില്‍ അത്യന്തം ആര്‍ഭാടമായി നടന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ പ്രകാശനം നടന്നിരുന്നു. ഗാനങ്ങള്‍ പുറത്തിറങ്ങിയ അതേ ആഴ്ചയില്‍ iTunes-ലെ വേള്‍ഡ്‌ ആല്‍ബംസ് എന്ന വിഭാഗത്തില്‍ ഒന്നാമത് എത്തിയിരുന്നു.‌ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സംഗീത ആല്‍ബം ഇവിടെ ടോപ്പ്‌ സീഡ്‌ ചെയ്യപ്പെടുന്നത്.

വിദേശ ഇടപെടലുകള്‍ ധാരാളം ഉണ്ടായിട്ടുണ്ട് ചിത്രത്തിന്റെ ആക്ഷന്‍-അനിമേഷന്‍ രംഗങ്ങളില്‍. സൂപ്പര്‍ ഹീറോ സെറ്റപ്പ് ആയതുകൊണ്ട് അതിന്റെ വലിയ ഗുണം കാണാനുമുണ്ട്. പൊതുവില്‍ നമ്മുടെ ചിത്രങ്ങളിലെ ഗ്രാഫിക്സ്‌ ദൃശ്യങ്ങള്‍ അപൂര്‍ണ്ണവും അരോചകവുമാണ്. പരിപൂര്‍ണ്ണതയുടെ പുത്തന്‍ ഭിത്തികള്‍ വരയ്ക്കുവാന്‍, ഭാവനയില്‍ കണ്ട ഏതു കഥാപാത്ര രൂപവും ഒരുക്കുവാന്‍ വിദേശ ചിത്രങ്ങള്‍ ഗ്രാഫിക്സ്‌ പ്രയോജനപ്പെടുത്തുമ്പോള്‍ നമ്മുടെ ചിത്രങ്ങളില്‍ വെട്ടിത്തിളങ്ങുന്ന ടൈറ്റില്‍ ആയും കഥയ്ക്കോ കഥാപാത്രത്തിനോ ആവശ്യമില്ലാത്ത കോമാളിത്തരങ്ങളായും ഗ്രാഫിക്സ്‌ പ്രേക്ഷകന് നേരെ മുണ്ട് പൊക്കി കാണിക്കുകയാണ് പതിവ്‌. ശങ്കര്‍ തന്നെ 'മുതല്‍വനി'ല്‍ സങ്കരയിനം പാമ്പിനേയും 'ബോയ്സി'ല്‍ കൊക്കകോള മനുഷ്യരേയും, കാട്ടിവെറുപ്പിച്ചിട്ടുണ്ട്. അത്യാവശ്യം ചൊള വാരിയെറിഞ്ഞ ഇക്കുറി പ്രേക്ഷകന്‍ കയ്യടിക്കുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിക്കുവാന്‍ ശങ്കറിന് സാധിച്ചിട്ടുണ്ട്. പ്രതിഫല കാര്യത്തിലേത് പോലെ ചിത്രത്തിലെ നായകനും ടി കക്ഷി തന്നെ.

പ്രമുഖ കലാസംവിധായകനായ സാബു സിറില്‍ ക്യാമറക്ക്‌ മുന്നില്‍ തലയിടുന്നുണ്ട്, റോബോട്ടുകളെ വാങ്ങിക്കുവാന്‍ വന്ന വിദേശിയുടെ ഭാഷാസഹായിയായി. തമിഴ്‌നാട്ടിലെ പ്രമുഖ സാഹിത്യകാരനും, മണിരത്നം, ശങ്കര്‍ മുതലായവരുടെ ചിത്രങ്ങളിലെ എഴുത്തുജോലികളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന എസ്. രംഗരാജന്‍ എന്ന സുജാതയുടെ അവസാന ചിത്രമാണ്, 'യന്തിരന്‍'. ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത ഭൂരിപക്ഷവും അതാത് മേഖലകളിലെ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ സാമാന്യ പ്രേക്ഷകന് 'യന്തിരന്‍' നല്‍കിയിരുന്ന പ്രതീക്ഷകള്‍ ചെറുതായിരുന്നില്ല. വിദേശ ഭാഷചിത്രങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ആ ബഹുജനത്തിന് 'യന്തിരനെ' ഇഷ്ടമായി എന്ന് തന്നെയാണ് തീയറ്ററിലെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

ഒരു വേള പീഡനമായിരുന്നെങ്കിലും യുക്തിയെ പൂട്ടിയിട്ട, ഈയുള്ളവനേയും ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലെ കെട്ടുകാഴ്ചകള്‍ ശ്ശി രസിപ്പിച്ചു. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ആകെത്തുക, വലിയ കണക്കുകളല്ല, മറിച്ച് പ്രേക്ഷകന്റെ രുചികളെ, കൊടുത്ത പ്രതീക്ഷകളെ ചിത്രം ഏതളവില്‍ തൃപ്തിപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കും ചിത്രത്തിന്റെ ബോക്സ് ഓഫീസ്‌ പരീക്ഷയിലെ ജയം. 160 കോടിയുടെ മൂല്യമുണ്ടെന്നു അവകാശപ്പെടുന്ന ഈ കൊടും സ്പൈസി ഡിഷ്‌ നിങ്ങള്‍ക്ക്‌ ഒരുപക്ഷേ രുചിച്ചുവെന്ന് വരാം, ഞാന്‍ ഒട്ടും നിര്‍ബന്ധം പിടിക്കില്ലെങ്കിലും. കേരളത്തില്‍ മാവേലി വരുന്നത് പോലെയാണല്ലോ, എന്നും, ഏറെ വിലയേറിയ ചരക്കുകള്‍ നാട്ടിലെ ചലച്ചിത്ര വിപണിയില്‍ എത്തുന്നത്!