
'കേരള കഫേ' ഒരു ചിത്ര സമാഹാരമാണ് (Anthology). കഴിഞ്ഞ ഒരു ചെറിയ കാലയളവില്‍ തന്നെ ഇത്തരം ചെറുചിത്രങ്ങളുടെ സമാഹാരങ്ങള്‍ ഒരുപാട് പുറത്തിറങ്ങിയിരുന്നു. 2007-ലെ തിരുവനന്തപുരത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവത്തില്‍ ഇത്തരം ചിത്രങ്ങള്‍ക്ക് മാത്രമായി ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നു. "Anthology ചിത്രങ്ങളുടെ ഘടന ലളിതമാണ്. ഒരു ചിത്രത്തില്‍ തന്നെ വിവിധ ഭാഗങ്ങള്‍ ഉണ്ടാകും. വ്യത്യസ്‌ത ഭാഗങ്ങള്‍ സംവിധാനം ചെയ്തത് വ്യത്യസ്‌ത സംവിധായകരാവും. ശൈലിയും വ്യത്യസ്‌തമായിരിക്കും. എന്നാല്‍ ഇവയെ ചേര്‍ത്ത് നിര്‍ത്തുവാന്‍ പാകത്തില്‍ സമാനമായ ഒരു വിഷയമായിരിക്കും ഓരോ ഭാഗവും കൈകാര്യം ചെയ്യുക." (2007-ലെ ഫെസ്‌റ്റിവല്‍ ബുക്കില്‍ ഈ വിഭാഗത്തിന് ഒയിന്‍ട്രില ഹസ്ര പ്രതാപനും ബീനാ പോള്‍ വേണുഗോപാലും എഴുതിയ അവതാരികയില്‍ നിന്നും പകര്‍ത്തി എഴുതിയത്.) വ്യത്യസ്‌തമായ ശൈലികളുടെ, ആശയങ്ങളുടെ വലിയ ഒരു സംഗമമാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എന്നുള്ളത് കൊണ്ടുതന്നെ വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ ഇവക്ക് കഴിയുന്നുണ്ട്.
ചെറുചിത്രങ്ങളുടെ ദൈര്‍ഘ്യമനുസരിച്ച് ചിത്രങ്ങളുടെ എണ്ണത്തിലും കാര്യമായ വ്യതിയാനം ഉണ്ടാകാറുണ്ട്. 3 മിനുട്ട് ദൈര്‍ഘ്യമുള്ള 33 ചിത്രങ്ങളാണ് 2007-ല്‍ പുറത്തിറങ്ങിയ 'To Each His Own Cinema'-യില്‍ അടങ്ങിയിരിക്കുന്നത്. വിദേശ ചിത്രങ്ങളായ 'Paris, I Love You' (2006), 'Tickets' (2005), 11'09''01 - September 11 (2002), ഇന്ത്യന്‍ ചിത്രമായ AIDS Jaago (2007) എന്നിവ സമീപ കാലയളവില്‍ പുറത്തുവന്ന ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന ശ്രദ്‌ധേയമായ ചിത്രങ്ങളാണ്.
സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് 'കേരള കഫേ' അവതരിപ്പിക്കുന്നത്. പതിവായി, നിങ്ങള്‍ പ്രേക്ഷകര്‍ കാണുന്ന ഒരു രീതിയല്ല ഈ ചിത്രത്തിന്റേത് എന്നാണ് പ്രധാനമായും ഇവിടെ പറഞ്ഞുവെക്കുന്നത്. രഞ്ജിത്തും കൂട്ടുകാരും ഒരുക്കിയ 'കേരള കഫേ' എന്നത് 10 ചെറുചിത്രങ്ങളുടെ സമാഹാരമാണ്. ഈ ചെറുചിത്രങ്ങളെയെല്ലാം കൂട്ടിയിണക്കുന്ന കണ്ണിയാണ് 'കേരള കഫേ' എന്ന ഭോജനശാല. 'ഭോജനശാല' എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലായി കാണുമല്ലോ, അത് ഒരു റെയില്‍വേ സ്‌റ്റേഷനില്‍ ആണെന്ന്... :) വ്യത്യസ്‌തമായ കഥകളിലൂടെ കടന്നുവന്ന കഥാപാത്രങ്ങള്‍ ഈ 'കേരള കഫേ'-യുമായോ അതിന്റെ ചുറ്റുപാടുകളുമായോ ബന്‌ധപ്പെട്ടിരിക്കുന്നു. ഏത് റെയില്‍വേ സ്‌റ്റേഷന്‍ എന്ന വ്യക്‍തമായ സൂചന ഇല്ല എങ്കിലും ചിത്രത്തിന്റെ പശ്‌ചാത്തല ശബ്ദം പറയുന്നത് ഇത് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്നാണ്. കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറിവന്ന ജഗതിയും അതിരപ്പിള്ളി-വാഴച്ചാല്‍ ചുറ്റിവന്ന ശ്രീനിവാസനും കോവളത്ത് പട്ടിണി കിടന്ന മാന്ദ്യകാലത്തെ സായിപ്പും എങ്ങനെയൊക്കേയോ ഇവിടെ എത്തിപ്പെടുന്നുണ്ട്!!
വിപണിയുടെ നിര്‍ബന്‌ധത്തില്‍ നിന്നും, ശീലങ്ങളില്‍ നിന്നും, സ്വന്തം പ്രതിഛായയില്‍ നിന്നും കുതറിമാറി വ്യത്യസ്‌തമായ ചലച്ചിത്രങ്ങള്‍ ഒരുക്കുവാന്‍ വലിയ അവസരം ഇത്തരം ചിത്രങ്ങള്‍ സംവിധായകര്‍ക്ക് ഒരുക്കുന്നുണ്ട്. ചിലര്‍ വളരെ വലിയ ജയങ്ങള്‍ നേടുന്നു. ചിലര്‍ അമ്പേ പരാജയപ്പെടുന്നു. ഒരു പക്ഷേ 'കേരള കഫേ'യുടെ കണ്ടെത്തല്‍ അന്‍വര്‍ റഷീദ് എന്ന സംവിധായകനെയാണ്. 'രാജമാണിക്യം', 'ഛോട്ടാമുബൈ' മുതലായ ചിത്രമൊരുക്കിയ ഒരു സംവിധായകനില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കുവാന്‍ കഴിയാത്ത ഒന്നാണ് 'ബ്രിഡ്‌ജ്'. കൈ തഴക്കം വന്ന ഒരു സംവിധായകന്റെ, സുന്ദരമായ, സാങ്കേതിക തികവൊത്ത ഒരു ചിത്രം. സുരേഷ് രാജന്റെ ഛായാഗ്രഹണവും ദില്‍ജിത്തിന്റെ കലാസംവിധാനവും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും തികവുറ്റതാക്കിയ ഉണ്ണിയുടെ തിരക്കഥ. നിശ്ശബ്‌ദമായി (മൊബൈല്‍ യുഗത്തില്‍ അത് വലിയ സംഭവം തന്നെ അല്ലേ എന്റിഷ്‌ടാ...) ആസ്വദിക്കുകയും ചിത്രാന്ത്യത്തില്‍ ഹര്‍ഷാരവങ്ങളോടെ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്‌ത ചിത്രം.
ലാല്‍ ജോസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'പുറംകാഴ്‌ചകളാ'-ണ് മറ്റൊരു മികച്ച ചിത്രം. സി.വി ശ്രീരാമന്റെ ഇതേ പേരിലുള്ള കഥയാണ് ചിത്രത്തിന് ആധാരം. ലളിതവും രസകരവുമായ ഒരു ദൃശ്യഭാഷ്യമാണ് അഞ്ജലി മേനോന്റെ 'ഹാപ്പി ജേര്‍ണി'. ക്ലീഷേ ആവുന്ന ദൃശ്യ ഖണ്‌ഡങ്ങള്‍, സാങ്കേതികമായി പരിമിതം എന്നെല്ലാം ആരോപിക്കാം എങ്കിലും (ഛായാഗ്രഹണം മധു അമ്പാട്ട് ആയിരുന്നു എന്നത് മറന്നിട്ടല്ല പറയുന്നത്) ശക്‍തമായ ഒരു പ്രമേയമായിരുന്നു രേവതി, 'മകള്‍' എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ബി ഉണ്ണികൃഷ്‌ണന്റെ 'അവിരാമവും', ശങ്കര്‍ രാമകൃഷ്‌ണന്റെ 'ഐലന്റ് എക്സ്പ്രസ്സും' നിരാശ്ശപ്പെടുത്തില്ല. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത 'മൃത്യഞ്ജയവും' പത്‌മകുമാറിന്റെ 'നൊസ്‌റ്റാള്‍ജിയയും' 'കേരള കഫേ'യുടെ ദൈര്‍ഘ്യം വര്‍ദ്‌ധിപ്പിക്കുകയും ചെറുചിത്രങ്ങളുടെ എണ്ണം കൂട്ടുകയും മാത്രമേ ചെയ്യുന്നുള്ളൂ.
അമ്പേ പരാജയപ്പെടുന്നവരുടെ കൂട്ടത്തിലാണ് മലയാള ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന രണ്ടുപേര്‍, ഷാജി കൈലാസും ശ്യാമപ്രസാദും. പണ്ട് 'ഡോക്‍ടര്‍ പശുപതി'പോലുള്ള കോമഡി ജനുസ്സില്‍പ്പെട്ട ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട് എങ്കിലും 'ലളിതം ഹിരണ്‍മയം' എന്ന 'ഫാമിലി ഡ്രാമ' വല്ലാത്ത ഒരു 'ഡ്രാമ' തന്നെയായി. കണ്‌ഠശുദ്‌ധി വരുത്താന്‍ കിട്ടിയ അവസരം പ്രേക്ഷകര്‍ പാഴാക്കിയതുമില്ല. വെഞ്ഞാറമൂട്ടുകാരന്‍ സുരാജാണ് ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ കേന്ദ്രന്‍ എന്നറിഞ്ഞപ്പോഴേ, ബാബു നമ്പൂതിരിയുടേത് പോലെ നെഞ്ചൊന്ന് 'കാളി'യിരുന്നു. ശര്‍ക്കരയിട്ട് വറ്റിച്ച 'കോഴിക്കറി' പോലെയുണ്ട് ശ്യാമപ്രസാദ്-ജോഷ്വാ കൂട്ടുകെട്ടിന്റെ 'ഓഫ് സീസണ്‍'.
ചിത്രത്തിന്റെ പരസ്യചിത്രങ്ങളില്‍ കാണുന്നതുപോലെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്. അവയില്‍ ചിലര്‍ (ശാന്താദേവി, സലിം കുമാര്‍ (ബ്രിഡ്‌ജ്), മമ്മുട്ടി (പുറംകാഴ്‌ചകള്‍), നിത്യ മേനോന്‍, ജഗതി ശ്രീകുമാര്‍ (ഹാപ്പി ജേര്‍ണി)) മികച്ച അനുഭവമായി മാറുന്നുണ്ട്. അഭിനയിക്കുവാന്‍ പെടാപ്പാടുപെടുന്ന ദിലീപും മിമിക്രിയായാലും ചലച്ചിത്രമായാലും പരസ്യചിത്രമായാലും 'തെരോന്തരം' ഭാഷ മാത്രം പറയുന്ന സുരാജും ഭര്‍ത്താവും കാമുകനുമായി വലയുന്ന സുരേഷ് ഗോപിയും കിട്ടിയ ചെറുസമയത്തില്‍ ബോറടിപ്പിച്ച് പ്രേക്ഷകരെ ഒരു വഴിക്ക് ആക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്‌ഥിരം അഭിനേതാക്കള്‍ അല്ലാതെ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി (ഐലന്റ് എക്സ്പ്രസ്സ്), നിര്‍മാതാവായ വിന്‌ധ്യന്‍ (ഓഫ് സീസണ്‍) എന്നിവരും ചിത്രത്തില്‍ നടിച്ചവരില്‍ ഉള്‍പ്പെടുന്നു.
പത്ത് ചിത്രങ്ങള്‍, പത്ത് സംവിധായകര്‍. ചിത്രസമാഹാരങ്ങള്‍ നമുക്ക് പരിചിതമല്ല. അതുകൊണ്ട് തന്നെ ഇത് മലയാളിക്ക് പുതിയതാണ്. രഞ്ജിത്തിന്റേയും കൂട്ടുകാരുടേയും ശ്രമം തീര്‍ത്തും അഭിനന്ദനീയവുമാണ്. ചിത്രാന്ത്യത്തില്‍ നിറയുന്ന കയ്യടികള്‍ക്ക് ചിത്രത്തെ വിജയിപ്പിക്കുവാന്‍ കഴിയും എന്ന് പ്രത്യാശിക്കാം.
എന്റെ ഇഷ്‌ടങ്ങളില്‍ ഈ പത്ത് ചിത്രങ്ങളെ ഞാന്‍ ഒന്ന് അടുക്കിവെക്കുന്നു...
ബ്രിഡ്‌ജ് - അന്‍വര്‍ റഷീദ്
പുറം കാഴ്‌ചകള്‍ - ലാല്‍ ജോസ്
ഹാപ്പി ജേണി - അഞ്ജലി മേനോന്‍
മകള്‍ - രേവതി
അവിരാമം - ബി ഉണ്ണികൃഷ്‌ണന്‍
ഐലന്റ് എക്സ്പ്രസ്സ് - ശങ്കര്‍ രാമകൃഷ്‌ണന്‍
മൃത്യുഞ്ജയം - ഉദയ് അനന്തന്‍
നൊസ്‌റ്റാള്‍ജിയ - എം പത്‌മകുമാര്‍
ലളിതം ഹിരണ്‍മയം - ഷാജി കൈലാസ്
ഓഫ് സീസണ്‍ - ശ്യാമപ്രസാദ്
ആകെത്തുക: ഒന്നെടുത്താല്‍ പത്ത്. മടിച്ച് നില്‍ക്കേണ്ട, ഒന്നെടുത്തോളൂ..