Oct 31, 2009

കേരള കഫേ: ഒന്നെടുത്താല്‍ പത്ത്‌!!

മലയാള ചലച്ചിത്ര മേഖലയുടെ കണ്ടകശ്ശനി മാറിതുടങ്ങിയോ എന്ന് ഞാനിപ്പോള്‍ ന്യായമായും സംശയിക്കുന്നു. ഇടക്കെങ്കിലും നമുക്കിപ്പോള്‍ നല്ലത്‌ പറയുവാന്‍ ആകുന്നുണ്ട്‌. ഇക്കുറി നല്ലത്‌ പറയിപ്പിക്കുന്നത്‌ മലയാളിക്ക്‌ അത്ര പരിചിതമല്ലാത്ത ഒരു ചിത്രക്കൂട്ടിലൂടെ രഞ്ജിത്തും കൂട്ടുകാരുമാണ്‌, ചിത്രം ഇന്നലെ തീയ്യേറ്ററുകളില്‍ എത്തിയ 'കേരള കഫേ'.


'കേരള കഫേ' ഒരു ചിത്ര സമാഹാരമാണ്‌ (Anthology). കഴിഞ്ഞ ഒരു ചെറിയ കാലയളവില്‍ തന്നെ ഇത്തരം ചെറുചിത്രങ്ങളുടെ സമാഹാരങ്ങള്‍ ഒരുപാട്‌ പുറത്തിറങ്ങിയിരുന്നു. 2007-ലെ തിരുവനന്തപുരത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവത്തില്‍ ഇത്തരം ചിത്രങ്ങള്‍ക്ക്‌ മാത്രമായി ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നു. "Anthology ചിത്രങ്ങളുടെ ഘടന ലളിതമാണ്‌. ഒരു ചിത്രത്തില്‍ തന്നെ വിവിധ ഭാഗങ്ങള്‍ ഉണ്ടാകും. വ്യത്യസ്‌ത ഭാഗങ്ങള്‍ സംവിധാനം ചെയ്തത്‌ വ്യത്യസ്‌ത സംവിധായകരാവും. ശൈലിയും വ്യത്യസ്‌തമായിരിക്കും. എന്നാല്‍ ഇവയെ ചേര്‍ത്ത്‌ നിര്‍ത്തുവാന്‍ പാകത്തില്‍ സമാനമായ ഒരു വിഷയമായിരിക്കും ഓരോ ഭാഗവും കൈകാര്യം ചെയ്യുക." (2007-ലെ ഫെസ്‌റ്റിവല്‍ ബുക്കില്‍ ഈ വിഭാഗത്തിന്‌ ഒയിന്‍ട്രില ഹസ്ര പ്രതാപനും ബീനാ പോള്‍ വേണുഗോപാലും എഴുതിയ അവതാരികയില്‍ നിന്നും പകര്‍ത്തി എഴുതിയത്‌.) വ്യത്യസ്‌തമായ ശൈലികളുടെ, ആശയങ്ങളുടെ വലിയ ഒരു സംഗമമാണ്‌ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എന്നുള്ളത്‌ കൊണ്ടുതന്നെ വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ ഇവക്ക്‌ കഴിയുന്നുണ്ട്‌.

ചെറുചിത്രങ്ങളുടെ ദൈര്‍ഘ്യമനുസരിച്ച്‌ ചിത്രങ്ങളുടെ എണ്ണത്തിലും കാര്യമായ വ്യതിയാനം ഉണ്ടാകാറുണ്ട്‌. 3 മിനുട്ട്‌ ദൈര്‍ഘ്യമുള്ള 33 ചിത്രങ്ങളാണ്‌ 2007-ല്‍ പുറത്തിറങ്ങിയ 'To Each His Own Cinema'-യില്‍ അടങ്ങിയിരിക്കുന്നത്‌. വിദേശ ചിത്രങ്ങളായ 'Paris, I Love You' (2006), 'Tickets' (2005), 11'09''01 - September 11 (2002), ഇന്ത്യന്‍ ചിത്രമായ AIDS Jaago (2007) എന്നിവ സമീപ കാലയളവില്‍ പുറത്തുവന്ന ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന ശ്രദ്‌ധേയമായ ചിത്രങ്ങളാണ്‌.

സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്‌ 'കേരള കഫേ' അവതരിപ്പിക്കുന്നത്‌. പതിവായി, നിങ്ങള്‍ പ്രേക്ഷകര്‍ കാണുന്ന ഒരു രീതിയല്ല ഈ ചിത്രത്തിന്റേത്‌ എന്നാണ്‌ പ്രധാനമായും ഇവിടെ പറഞ്ഞുവെക്കുന്നത്‌. രഞ്ജിത്തും കൂട്ടുകാരും ഒരുക്കിയ 'കേരള കഫേ' എന്നത്‌ 10 ചെറുചിത്രങ്ങളുടെ സമാഹാരമാണ്‌. ഈ ചെറുചിത്രങ്ങളെയെല്ലാം കൂട്ടിയിണക്കുന്ന കണ്ണിയാണ്‌ 'കേരള കഫേ' എന്ന ഭോജനശാല. 'ഭോജനശാല' എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലായി കാണുമല്ലോ, അത്‌ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ ആണെന്ന്... :) വ്യത്യസ്‌തമായ കഥകളിലൂടെ കടന്നുവന്ന കഥാപാത്രങ്ങള്‍ ഈ 'കേരള കഫേ'-യുമായോ അതിന്റെ ചുറ്റുപാടുകളുമായോ ബന്‌ധപ്പെട്ടിരിക്കുന്നു. ഏത്‌ റെയില്‍വേ സ്‌റ്റേഷന്‍ എന്ന വ്യക്‍തമായ സൂചന ഇല്ല എങ്കിലും ചിത്രത്തിന്റെ പശ്‌ചാത്തല ശബ്ദം പറയുന്നത്‌ ഇത്‌ എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍ എന്നാണ്‌. കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറിവന്ന ജഗതിയും അതിരപ്പിള്ളി-വാഴച്ചാല്‍ ചുറ്റിവന്ന ശ്രീനിവാസനും കോവളത്ത്‌ പട്ടിണി കിടന്ന മാന്ദ്യകാലത്തെ സായിപ്പും എങ്ങനെയൊക്കേയോ ഇവിടെ എത്തിപ്പെടുന്നുണ്ട്‌!!

വിപണിയുടെ നിര്‍ബന്‌ധത്തില്‍ നിന്നും, ശീലങ്ങളില്‍ നിന്നും, സ്വന്തം പ്രതിഛായയില്‍ നിന്നും കുതറിമാറി വ്യത്യസ്‌തമായ ചലച്ചിത്രങ്ങള്‍ ഒരുക്കുവാന്‍ വലിയ അവസരം ഇത്തരം ചിത്രങ്ങള്‍ സംവിധായകര്‍ക്ക്‌ ഒരുക്കുന്നുണ്ട്‌. ചിലര്‍ വളരെ വലിയ ജയങ്ങള്‍ നേടുന്നു. ചിലര്‍ അമ്പേ പരാജയപ്പെടുന്നു. ഒരു പക്ഷേ 'കേരള കഫേ'യുടെ കണ്ടെത്തല്‍ അന്‍വര്‍ റഷീദ്‌ എന്ന സംവിധായകനെയാണ്‌. 'രാജമാണിക്യം', 'ഛോട്ടാമുബൈ' മുതലായ ചിത്രമൊരുക്കിയ ഒരു സംവിധായകനില്‍ നിന്നും നമുക്ക്‌ പ്രതീക്ഷിക്കുവാന്‍ കഴിയാത്ത ഒന്നാണ്‌ 'ബ്രിഡ്‌ജ്‌'. കൈ തഴക്കം വന്ന ഒരു സംവിധായകന്റെ, സുന്ദരമായ, സാങ്കേതിക തികവൊത്ത ഒരു ചിത്രം. സുരേഷ്‌ രാജന്റെ ഛായാഗ്രഹണവും ദില്‍ജിത്തിന്റെ കലാസംവിധാനവും വിവേക്‌ ഹര്‍ഷന്റെ എഡിറ്റിംഗും തികവുറ്റതാക്കിയ ഉണ്ണിയുടെ തിരക്കഥ. നിശ്ശബ്‌ദമായി (മൊബൈല്‍ യുഗത്തില്‍ അത്‌ വലിയ സംഭവം തന്നെ അല്ലേ എന്റിഷ്‌ടാ...) ആസ്വദിക്കുകയും ചിത്രാന്ത്യത്തില്‍ ഹര്‍ഷാരവങ്ങളോടെ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്‌ത ചിത്രം.

ലാല്‍ ജോസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'പുറംകാഴ്‌ചകളാ'-ണ്‌ മറ്റൊരു മികച്ച ചിത്രം. സി.വി ശ്രീരാമന്റെ ഇതേ പേരിലുള്ള കഥയാണ്‌ ചിത്രത്തിന്‌ ആധാരം. ലളിതവും രസകരവുമായ ഒരു ദൃശ്യഭാഷ്യമാണ്‌ അഞ്ജലി മേനോന്റെ 'ഹാപ്പി ജേര്‍ണി'. ക്ലീഷേ ആവുന്ന ദൃശ്യ ഖണ്‌ഡങ്ങള്‍, സാങ്കേതികമായി പരിമിതം എന്നെല്ലാം ആരോപിക്കാം എങ്കിലും (ഛായാഗ്രഹണം മധു അമ്പാട്ട്‌ ആയിരുന്നു എന്നത്‌ മറന്നിട്ടല്ല പറയുന്നത്‌) ശക്‍തമായ ഒരു പ്രമേയമായിരുന്നു രേവതി, 'മകള്‍' എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്‌. ബി ഉണ്ണികൃഷ്‌ണന്റെ 'അവിരാമവും', ശങ്കര്‍ രാമകൃഷ്‌ണന്റെ 'ഐലന്റ്‌ എക്സ്പ്രസ്സും' നിരാശ്ശപ്പെടുത്തില്ല. ഉദയ്‌ അനന്തന്‍ സംവിധാനം ചെയ്ത 'മൃത്യഞ്ജയവും' പത്‌മകുമാറിന്റെ 'നൊസ്‌റ്റാള്‍ജിയയും' 'കേരള കഫേ'യുടെ ദൈര്‍ഘ്യം വര്‍ദ്‌ധിപ്പിക്കുകയും ചെറുചിത്രങ്ങളുടെ എണ്ണം കൂട്ടുകയും മാത്രമേ ചെയ്യുന്നുള്ളൂ.

അമ്പേ പരാജയപ്പെടുന്നവരുടെ കൂട്ടത്തിലാണ്‌ മലയാള ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന രണ്ടുപേര്‍, ഷാജി കൈലാസും ശ്യാമപ്രസാദും. പണ്ട്‌ 'ഡോക്‍ടര്‍ പശുപതി'പോലുള്ള കോമഡി ജനുസ്സില്‍പ്പെട്ട ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌ എങ്കിലും 'ലളിതം ഹിരണ്‍മയം' എന്ന 'ഫാമിലി ഡ്രാമ' വല്ലാത്ത ഒരു 'ഡ്രാമ' തന്നെയായി. കണ്‌ഠശുദ്‌ധി വരുത്താന്‍ കിട്ടിയ അവസരം പ്രേക്ഷകര്‍ പാഴാക്കിയതുമില്ല. വെഞ്ഞാറമൂട്ടുകാരന്‍ സുരാജാണ്‌ ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ കേന്ദ്രന്‍ എന്നറിഞ്ഞപ്പോഴേ, ബാബു നമ്പൂതിരിയുടേത്‌ പോലെ നെഞ്ചൊന്ന് 'കാളി'യിരുന്നു. ശര്‍ക്കരയിട്ട്‌ വറ്റിച്ച 'കോഴിക്കറി' പോലെയുണ്ട്‌ ശ്യാമപ്രസാദ്‌-ജോഷ്വാ കൂട്ടുകെട്ടിന്റെ 'ഓഫ്‌ സീസണ്‍'.

ചിത്രത്തിന്റെ പരസ്യചിത്രങ്ങളില്‍ കാണുന്നതുപോലെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്‌. അവയില്‍ ചിലര്‍ (ശാന്താദേവി, സലിം കുമാര്‍ (ബ്രിഡ്‌ജ്‌), മമ്മുട്ടി (പുറംകാഴ്‌ചകള്‍), നിത്യ മേനോന്‍, ജഗതി ശ്രീകുമാര്‍ (ഹാപ്പി ജേര്‍ണി)) മികച്ച അനുഭവമായി മാറുന്നുണ്ട്‌. അഭിനയിക്കുവാന്‍ പെടാപ്പാടുപെടുന്ന ദിലീപും മിമിക്രിയായാലും ചലച്ചിത്രമായാലും പരസ്യചിത്രമായാലും 'തെരോന്തരം' ഭാഷ മാത്രം പറയുന്ന സുരാജും ഭര്‍ത്താവും കാമുകനുമായി വലയുന്ന സുരേഷ്‌ ഗോപിയും കിട്ടിയ ചെറുസമയത്തില്‍ ബോറടിപ്പിച്ച്‌ പ്രേക്ഷകരെ ഒരു വഴിക്ക്‌ ആക്കാന്‍ ശ്രമിക്കുന്നുണ്ട്‌. സ്‌ഥിരം അഭിനേതാക്കള്‍ അല്ലാതെ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബി (ഐലന്റ്‌ എക്സ്പ്രസ്സ്‌), നിര്‍മാതാവായ വിന്‌ധ്യന്‍ (ഓഫ്‌ സീസണ്‍) എന്നിവരും ചിത്രത്തില്‍ നടിച്ചവരില്‍ ഉള്‍പ്പെടുന്നു.

പത്ത്‌ ചിത്രങ്ങള്‍, പത്ത്‌ സംവിധായകര്‍. ചിത്രസമാഹാരങ്ങള്‍ നമുക്ക്‌ പരിചിതമല്ല. അതുകൊണ്ട്‌ തന്നെ ഇത്‌ മലയാളിക്ക്‌ പുതിയതാണ്‌. രഞ്ജിത്തിന്റേയും കൂട്ടുകാരുടേയും ശ്രമം തീര്‍ത്തും അഭിനന്ദനീയവുമാണ്‌. ചിത്രാന്ത്യത്തില്‍ നിറയുന്ന കയ്യടികള്‍ക്ക്‌ ചിത്രത്തെ വിജയിപ്പിക്കുവാന്‍ കഴിയും എന്ന് പ്രത്യാശിക്കാം.

എന്റെ ഇഷ്‌ടങ്ങളില്‍ ഈ പത്ത്‌ ചിത്രങ്ങളെ ഞാന്‍ ഒന്ന് അടുക്കിവെക്കുന്നു...

ബ്രിഡ്‌ജ്‌ - അന്‍വര്‍ റഷീദ്‌
പുറം കാഴ്‌ചകള്‍ - ലാല്‍ ജോസ്‌
ഹാപ്പി ജേണി - അഞ്ജലി മേനോന്‍
മകള്‍ - രേവതി
അവിരാമം - ബി ഉണ്ണികൃഷ്‌ണന്‍
ഐലന്റ്‌ എക്സ്പ്രസ്സ്‌ - ശങ്കര്‍ രാമകൃഷ്‌ണന്‍
മൃത്യുഞ്ജയം - ഉദയ്‌ അനന്തന്‍
നൊസ്‌റ്റാള്‍ജിയ - എം പത്‌മകുമാര്‍
ലളിതം ഹിരണ്‍മയം - ഷാജി കൈലാസ്‌
ഓഫ്‌ സീസണ്‍ - ശ്യാമപ്രസാദ്‌

ആകെത്തുക: ഒന്നെടുത്താല്‍ പത്ത്‌. മടിച്ച്‌ നില്‍ക്കേണ്ട, ഒന്നെടുത്തോളൂ..

17 comments:

  1. :-) ‘ഐലന്റ് എക്സ്‌പ്രസ്സ്’ ഇഷ്ടമായ മറ്റൊരാളു കൂടി, പല ലിസ്റ്റുകളിലും അവസാന മൂന്നിലൊന്നായാണ് ഇതു കണ്ടത്.

    നല്ല നിരീക്ഷണങ്ങള്‍. നന്ദി.
    --

    ReplyDelete
  2. ഷുബര്‍!
    ടിക്കറ്റ് ഒന്ന് ഇന്നൊന്നെടുക്കാന്‍ പോകുന്നു .
    കാണാലൊ കളി.

    ReplyDelete
  3. ശര്‍ക്കരയിട്ട്‌ വറ്റിച്ച 'കോഴിക്കറി' ....എന്റിഷ്‌ടാ

    Shaji,nireekshanam nammavunnu,ini njan "onne eduthunokatte"

    ReplyDelete
  4. ഷാജി
    താങ്കളുടെ നിരീക്ഷണം കാര്യമാത്രപ്രസക്തമാണ്.

    ReplyDelete
  5. കേരള കഫെ ഇന്ന് കാണും.എന്നിട്ട് റിവ്യു വായിക്കാം.

    ReplyDelete
  6. നിരൂപിക്കേണ്ടത് ഇങ്ങിനെയാണ്. അല്ലാതെ “ക്യാമര നിലവാരത്തിനൊത്ത് ഉയർന്നില്ല, 10 ൽ 3 മാർക്ക്” എന്നു പറയുന്ന നിലവാരമില്ലാത്ത ചൈൽഡിഷ് രീതി മടുത്തവരാണ് ഞങ്ങൾ ബ്ലോഗുവായനക്കാർ.

    ബ്ലാക്കിൽ ടിക്കറ്റ് എടുത്ത് ആദ്യമേ കണ്ടുവന്നിട്ട് ലതുകൊള്ളം ഇത് ശെരിയല്ല എന്നു പറഞ്ഞ് നടത്തുന്ന മാർക്കിടൽ വിശേഷത്തിൽ നിന്നും തികഞ്ഞ വ്യത്യസ്ഥതയായിരിക്കട്ടെ തുടർന്നും ഈ ബ്ലോഗ്.

    ശരിക്കും ആധികാരികമായ ഒരു സിനിമാ നിരൂപകന്റെ കുറവു ബ്ലൊഗിൽ ഉണ്ടായിരുന്നു.

    ഇനി എങ്കിലും ആസ്ഥാന നിരൂപകർ
    ഒന്നു ശ്രദ്ധിച്ചാൽ കൊള്ളാം.
    പടം കണ്ടില്ല. കണ്ടിട്ട് വന്നു പറയാം.

    ReplyDelete
  7. ഇന്നലെ ‘കേരള കഫെ’ കണ്ടു.
    മലയാള സിനിമയ്ക്കൊരാശ്വാസമാണ് ഈ സിനിമ.
    എനിക്കും ഇഷ്ടമായ രണ്ട് സിനിമകള്‍ തന്നെയാണ് ‘ബ്രിഡ്ജും’‘പുറം കാഴ്ച്ചകളും’.

    ReplyDelete
  8. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

    ഹരീ, 'ഐലന്റ്‌ എക്സ്‌പ്രസ്സ്‌' ഏറെ മികച്ചതൊന്നും അല്ല. പക്ഷേ, അടുക്കിവെക്കുമ്പോള്‍ വരുന്നത്‌ അവിടെയാണ്‌ എന്ന് മാത്രം.

    Cartoonist, Ranjith... :) എടുക്കുന്നു അല്ലേ... ഒന്നിന്‌ പത്ത്‌ :)

    Ziya, MadOnMovies :) നന്ദി...

    മനോജേ, മാര്‍ക്കിടുന്നതില്‍ തൊറ്റൊന്നും ഞാന്‍ കാണുന്നില്ല. പലരും തുടര്‍ന്ന് പോകുന്ന സമ്പ്രദായം തന്നെയാണിത്‌. മാര്‍ക്കിടുന്നതില്‍ അവലംബിക്കുന്ന രീതികള്‍ ആയിരിക്കാം ഒരു പക്ഷേ മെച്ചപ്പെടുത്തി എടുക്കേണ്ടത്‌.

    ReplyDelete
  9. @ Shaji T.U
    'ഐലന്‍ഡ് എക്സ്‌പ്രസ്സ്' ഏറെ മികച്ചത് എന്നു ഞാന്‍ ഉദ്ദേശിച്ചില്ല, അപാകതകള്‍ ഉണ്ടുതാനും. അടുക്കുമ്പോള്‍ എനിക്ക് ‘അവിരാമ’ത്തിലും മുകളില്‍ വെയ്ക്കുവാനാണ് താത്പര്യം. മോശം ചിത്രങ്ങളുടെ കൂട്ടത്തിലാണ് പലരും അതിനെ പെടുത്തിയത്, അങ്ങിനെയല്ലാതെ ഒരാള്‍ എഴുതിക്കണ്ടത് പറഞ്ഞുവെന്നുമാത്രം. :-)
    --

    ReplyDelete
  10. ശര്‍ക്കരയിട്ട്‌ വറ്റിച്ച 'കോഴിക്കറി' പോലെയുണ്ട്‌ ശ്യാമപ്രസാദ്‌-ജോഷ്വാ കൂട്ടുകെട്ടിന്റെ 'ഓഫ്‌ സീസണ്‍'. :) ആ പ്രയോഗം കലക്കി...

    അപാകതകളില്ലാതെ ഏതെങ്കിലും ചിത്രം ഇറങ്ങിയിട്ടുണ്ടോ....

    ആരെങ്കിലും എന്തെങ്കിലും കണ്ട് പിടിക്കില്ലേ....

    ReplyDelete
  11. കേരളാ കഫേ എന്ന സംരംഭത്തിനു ആ ശ്രമത്തിനു അര്‍ഹമായ അംഗീകാരം നിരൂപണത്തിലുണ്ടോ എന്നൊരു ചിന്ന സംശയം. ഞാന്‍ ഹരിയോട്‌ യോജിക്കുന്നു. ഐലണ്റ്റ്‌ എക്സ്പ്രസ്‌ മികച്ചൊരു ദൃശ്യാനുഭവമായാണെനിക്കു തോന്നിയത്‌. എനിക്കേറെ ഇഷ്ടപ്പെട്ട മൂന്നെണ്ണത്തില്‍ മറ്റു രണ്ടും വ്യത്യാസമില്ല തന്നെ...ബ്രിഡ്ജും, പുറംകാഴ്ചകള്‍.

    ബ്രിഡ്ജിനെ അതിണ്റ്റെ മൊത്തത്തിലുള്ള നിര്‍മ്മാണവും, പുറംകാഴ്ചകളെ അതിണ്റ്റെ സത്യസന്ധമായ അവതരണവും വ്യത്യസ്തമാക്കുന്നു എന്നാണെണ്റ്റെ അഭിപ്രായം. മേല്‍പ്പറഞ്ഞ വിവരണത്തിനും, കമണ്റ്റുകള്‍ക്കും ഒക്കെ അപ്പുറം വല്ലാത്തൊരു അനുഭവമായാണു സിനിമ എനിക്കനുഭവപ്പെട്ടത്‌. സ്ഥിരം ഉടായിപ്പുകളുണ്ടെങ്കിലും, ചില കഥകള്‍ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്‌. ശാന്താദേവി ബ്രിഡ്ജിലെ അമ്മയായി ജീവിക്കുന്ന പോലെ ഫീല്‍ ചെയ്തു...

    കേരളാ കഫേയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഗുണം അതിണ്റ്റെ ലാളിത്യവും, മിതത്വവും ആകുന്നു. അവിശ്വസനീയമാം വണ്ണം ലളിതമാണീ സിനിമ. അധികം കെട്ടു കാഴ്ചകളില്ലാതെ, കാതടപ്പിക്കുന്ന ബി ജി എം ഇല്ലാതെ, ക്യാമറകളുടെ കറക്കങ്ങളില്ലാതെ ലളിതസുന്ദരമായ ഒരു സിനിമ. അതു വല്ലാത്തൊരനുഭവമായി മറുന്നുണ്ട്‌.

    രഞ്ജിത്തിനെ അഭിനന്ദിക്കാതെ വയ്യ. തീര്‍ച്ചയായും ഇതൊരു ചാലഞ്ചാണ്‌ ഒരു ചിത്രം പത്തു മിനിട്ടിനുള്ളില്‍ ഒതുക്കുക എന്നത്‌..അതിനപ്പുറം അദ്ദേഹവും കൂട്ടുകാരും വിജയിച്ചിട്ടുണ്ട്‌.

    ReplyDelete
  12. ഷാജി,
    റിവ്യൂകളിൽ ഐലന്റ് എക്സ്പ്രസ്സ് മോശം എന്നു വായിച്ചിട്ടാണ്.പക്ഷെ ആ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു.പറഞ്ഞു വന്ന വഴി ഒരല്പം പാളം തെറ്റി പോയി.പിന്നെ ജയസൂര്യയുടെ സംഭാഷണവും കല്ലുകടിയായി.ഐലന്റ് എക്സ്പ്രസ്സിനെ ഞാൻ അവിരാമത്തിന് മുകളിൽ വക്കും.

    ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടുപോയത് ‘ബ്രിഡ്ജ്’ തന്നെയാണ്.അന്‌വർ റഷീദിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്.10ൽ പൂർണ്ണമെന്ന് തോന്നി.ശാന്താദേവി എന്ന പ്രതിഭക്കുമുന്നിൽ തലകുനിക്കുന്നു.ഒപ്പം സലിംകുമാറും കല്പനയും മത്സരിച്ച് അഭിനയിക്കുന്നുണ്ട്.

    ‘പുറംകാഴ്ചകൾ‘ അതിന്റെ ലാളിത്യത്താലും ക്ലൈമാക്സിനാലും രസിപ്പിച്ചു.ഒരൊറ്റ ഡയലോഗിലൂടെ മമ്മൂട്ടിയും ഒരൊറ്റ സീനിലൂടെ ഈ സിനിമയും എനെ അമ്പരപ്പിച്ചു.

    ‘ഹാപ്പി ജേർണി’ ഒരു വ്യത്യസ്തത ആയിരുന്നു.ഈ ചിത്രത്തിലൂടെ ജഗതി എന്ന നടൻ എന്നെ ഒന്നു കൂടി അമ്പരപ്പിച്ചു.നിത്യ അത്ര നന്നായതായി തോന്നിയില്ല.

    ഒരുപക്ഷെ ഈ 10 ചിത്രങ്ങളിൽ സാമൂഹ്യപ്രതിബദ്ധത ഏറ്റവും കാണിക്കുന്ന ചിത്രം ‘മകൾ’ ആയിരിക്കും.ഒരു ശക്തമായ പ്രമേയത്തെ ഇത്ര ചുരുക്കി,എന്നാൽ ഭം‌ഗിയായി അവതരിപ്പിച്ച രേവതിക്ക് അഭിനന്ദനങ്ങൾ.

    തരക്കേടില്ല എനു തോന്നിപ്പിച്ച ചിത്രമാണ് ‘അവിരാമം’.ഒരു നല്ല പ്രമേയം.പക്ഷെ അപ്രതീക്ഷിതമായ ക്ലൈമാക്സ് എനൂ പറയാമെങ്കിലും ചിത്രം കാണുമ്പോൾ അതു ഒട്ടും ഫീൽ ചെയ്തില്ല.

    എന്തോ പറയാനുണ്ടായിരുന്നു.പക്ഷെ പറഞ്ഞു വന്നപ്പോൾ മറ്റെന്തോ ആയി.’നൊസ്റ്റാൾജിയയുടെ’ പ്രശ്നം അതാണ്.

    ഇത് എന്നെക്കൊണ്ടൊക്കുന്ന പണിയല്ല്ല എന്ന ഓർമ്മിപ്പിക്കുന്ന ഷാജി കൈലാസിനെയാണ് ലളിതം ഹിരണ്മയ’ത്തിൽ കണ്ടത്.സുരേഷ് ഗോപിയും ഹിറണ്മയിയും(പേരറിയില്ല) അൺസഹിക്കബിൾ.

    എന്താണ് ഉദയ് ആനന്ദൻ ‘മൃത്യുഞ്ജയത്തിലൂടെ’
    പറയാൻ ശ്രമിച്ചത് എന്നു മനസ്സിലായില്ല.

    10ൽ ഏറ്റവും മോശം ശ്യാമപ്രസാദിന്റെ ‘ഓഫ് സീസൺ’.ഋതു കണ്ട് വളരെ പ്രതീകഷയോടെയാണ് ശ്യാമപ്രസാദ്-ജോഷ്വാ ന്യൂട്ടൺ ജോഡിയുടെ മറ്റൊരു ചിത്രം കണ്ടത്.പക്ഷെ നിരാശയാണ് ഫലം.

    തീർച്ചയായും മലയാളസിനിമയെ പഴിപറയുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണ് ‘കേരളാ കഫേ’.
    എന്റെ ഇഷ്ടം ഇങ്ങനെ:

    ബ്രിഡ്‌ജ്‌ - അന്‍വര്‍ റഷീദ്‌
    പുറം കാഴ്‌ചകള്‍ - ലാല്‍ ജോസ്‌
    ഹാപ്പി ജേണി - അഞ്ജലി മേനോന്‍
    മകള്‍ - രേവതി
    ഐലന്റ്‌ എക്സ്പ്രസ്സ്‌ - ശങ്കര്‍ രാമകൃഷ്‌ണന്‍
    അവിരാമം - ബി ഉണ്ണികൃഷ്‌ണന്‍
    നൊസ്‌റ്റാള്‍ജിയ - എം പത്‌മകുമാര്‍
    മൃത്യുഞ്ജയം - ഉദയ്‌ അനന്തന്‍
    ലളിതം ഹിരണ്‍മയം - ഷാജി കൈലാസ്‌
    ഓഫ്‌ സീസണ്‍ - ശ്യാമപ്രസാദ്‌

    ReplyDelete
  13. Good reviw man..You did a good job. expecting more.

    ReplyDelete
  14. കേരളാ കഫെ കണ്ടു...
    ബ്രിഡ്ജും പുറംകാഴ്ച്ചകളും മകളും നൊമ്പരമായി...
    ഹാപ്പി ജേണി ശരിക്കും രസിപ്പിച്ചു...

    അവിരാമവും തരക്കേടില്ല, ഐലന്റ് എക്സപ്രസ്സ് ആദ്യം മനസ്സിലായില്ലെങ്കിലും അവസാനം എല്ലാവരെയും ലിങ്ക് ചെയ്യിച്ചത് വളരെ ഇഷ്ടമായി....

    ഓഫ് സീസണ്‍ , നൊസ്റ്റാള്‍ജിയ, ലളിതം ഹിരണമയം അത്ര സുഖിപ്പിച്ചില്ല...

    ഒട്ടും പിടികിട്ടാതെ കിടക്കുന്ന ഒന്നുണ്ട് മൃത്യുജ്ഞയം....

    ReplyDelete
  15. ഷാജി , തീര്‍ച്ചയായും താങ്കളുടെ നിരീക്ഷണതോട്‌ യോജിക്കുന്നു....bridge മലയാളത്തിലെ മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നാണ്....
    ഓഫ് സീസന്‍ നിരാശപെടുത്തി...അകലെ യുടെ ചിത്രകാരനില്‍ നിന്നും ഇങ്ങനെ ഒരു ചതി പ്രതീ ക്ഷിച്ചില്ല .........
    എനിക്കിഷ്ട പെട്ട അഞ്ചെണ്ണം താഴെ ചേര്‍ക്കുന്നു....
    ബ്രിഡ്‌ജ്‌ - അന്‍വര്‍ റഷീദ്‌
    പുറം കാഴ്‌ചകള്‍ - ലാല്‍ ജോസ്‌
    ഹാപ്പി ജേണി - അഞ്ജലി മേനോന്‍
    മകള്‍ - രേവതി
    ഐലന്റ്‌ എക്സ്പ്രസ്സ്‌ - ശങ്കര്‍ രാമകൃഷ്‌ണന്‍

    ReplyDelete
  16. അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

    ഹരീ, 'അവിരാമ'ത്തിന്‌ ഒരു സീരിയല്‍ മണമുണ്ട്‌ എങ്കിലും കഥാകഥനം ഭംഗിയായി തോന്നി. 'ഐലണ്റ്റ്‌ എക്സ്പ്രസ്സ്‌' ചെറുതായെങ്കിലും പാളിയോ എന്ന് സംശയിച്ചതും അവിടെ തന്നെയാണ്‌.

    ചെ.പോ., പരമാര്‍ത്ഥന്‍, shine... :)

    യാഥാസ്ഥിതികന്‍, താങ്കളോട്‌ ഇക്കാര്യത്തില്‍ ഞാനും യോജിക്കുന്നു... "ലളിതമാണീ സിനിമ. അധികം കെട്ടു കാഴ്ചകളില്ലാതെ, കാതടപ്പിക്കുന്ന ബി ജി എം ഇല്ലാതെ, ക്യാമറകളുടെ കറക്കങ്ങളില്ലാതെ ലളിതസുന്ദരമായ ഒരു സിനിമ."

    ഗന്‌ധര്‍വാ, എല്ലാറ്റിനേയും കുറിച്ച്‌ വിശദമായി എഴുതിയതിന്‌ ഒരു പ്രത്യേക നന്ദി...

    ReplyDelete
  17. island express
    എനിക്ക് വല്ലാതെ ഇഷ്ടായ സിനിമ....

    ReplyDelete