Jan 15, 2011

ട്രാഫിക്ക്: രേഖീയമല്ലാത്ത ജീവിത രേഖകള്‍

പണ്ടേ വേവിച്ചുവെച്ച കറി പുതിയ പാത്രത്തിലിട്ട് ചൂടാക്കി എടുക്കുക എന്നതാണ് കഴിഞ്ഞ കുറേ കാലമായി മലയാള ചലച്ചിത്ര മേഖലയിലെ നടപ്പ്‌ രീതി. 'നടപ്പ്‌ രീതി'ക്ക് പിഴച്ച് പോകാനുള്ള 'എളുപ്പ രീതി'യെന്നോ പണിയെടുക്കുവാന്‍ ബുദ്ധിമുട്ടാണെന്ന 'അലസ രീതി'യെന്നോ വിവക്ഷയാകാം. എന്തായാലും സംവിധായക സമ്രാട്ടുകളുടേയും, എഴുതി തഴമ്പിച്ച തമ്പുരാക്കന്മാരുടേയും, താരരാജാക്കന്മാരുടേയും ഇപ്പോഴത്തെ 'രീതി', ഇടക്ക്‌ വഴിതെറ്റി വന്ന ഒരു 'പ്രാഞ്ചിയെയോ' മറ്റോ മാറ്റി നിര്‍ത്തിയാല്‍ , മുകളില്‍ സൂചിപ്പിച്ചത്‌ തന്നെയാണ്. പ്രേക്ഷകന് വേണ്ടി പേരിനുപോലും ഒന്നും കരുതിവെക്കാത്ത വെറും കെട്ടുകാഴ്ചകള്‍ ‍! പ്രതിഭയുള്ള എഴുത്തുകാരും തലയില്‍ വാസമുള്ള സംവിധായകരുമില്ലാത്തതല്ല മലയാള നാട്ടിലെ കെടുതിക്ക് കാരണം. സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും നെഞ്ചത്ത് താരവും അവരുടെ സില്‍ബന്ധികളും നടത്തുന്ന ഓട്ടന്‍തുള്ളലും വീര്‍ത്ത മടിശ്ശീലയല്ലാതെ മറ്റൊന്നുമില്ലാത്ത, ഒന്നും അറിയാതെ, ഇവിടെയെത്തുന്ന ഈയാംപാറ്റകളായ നിര്‍മ്മാതാക്കളുമാണ്. ചലച്ചിത്രമെന്നാല്‍ ഒരു പണ്ടാര 'ഫോര്‍മുല'യാണെന്നും ആ ഫോര്‍മുലയില്ലാതെ ഒരു ചുക്കും ഈ നാട്ടില്‍ നടക്കില്ലെന്ന് കരുതുന്ന മലയാള ചലച്ചിത്ര മേഖലയിലെ പൊതുസമൂഹത്തിന് കിട്ടിയ കനത്ത ആഘാതമാണ് ഇക്കഴിഞ്ഞ ദിവസം തീയ്യറ്ററിലെത്തിയ, രാജേഷ്‌ പിള്ളയുടെ 'ട്രാഫിക്ക്'.


കഥയുടെ/ആശയത്തിന്‍റെ തെരഞ്ഞെടുപ്പ് മുതല്‍ കഥാകഥനത്തിലും അവതരണത്തിലും തലമുറകള്‍ക്ക് പുറകിലാണ് നമ്മുടെ മുഖ്യധാരാ ചലച്ചിത്ര മേഖല. കഥാകഥനത്തില്‍ കാലാകാലങ്ങളായി ഇവിടെ പിന്തുടര്‍ന്നു പോരുന്ന രീതികളെ പാടെ നിരാകരിക്കുകയാണ് 'ട്രാഫിക്ക്'. അല്ലെങ്കില്‍ ചലച്ചിത്രലോകത്ത്‌ പല ചിത്രങ്ങളിലായി പലരും പരിചയപ്പെടുത്തിയ multi-narrative സങ്കേതത്തെ വിദഗ്ധമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു, തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും‍.

Synopsis:

തീര്‍ത്തും ചെറിയ സമയപരിധിയിലെ സംഭവങ്ങളും, അതിന്‍റെ പരിണാമങ്ങളുമാണ് 'ട്രാഫിക്ക്‌'. ഒഴുകി നീങ്ങുന്ന ഫുട്പാത്തിലോ, തിരക്കുപിടിച്ച ആശുപത്രിയിലെ ഒരിടനാഴിയിലോ, തെളിയുന്ന പച്ചവെളിച്ചത്തിനായി കാത്തുകെട്ടി നില്‍ക്കുന്ന സിഗ്നല്‍ വഴിയിലോ നമ്മള്‍ എത്രപേരെയാണ് കണ്ടുമുട്ടുന്നത്. അത്തരത്തില്‍ യാദൃശ്ചികമായി കണ്ടുമുട്ടുന്നവരാണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെല്ലാം.

സെപ്തംബറിലെ 16. പ്രമുഖ ചാനലില്‍ ജോലി ചെയ്തു തുടങ്ങുന്നതേയുള്ളൂ റെയ്ഹാന്‍ ‍. അന്നേ ദിവസം രാവിലെ താരമായ സിദ്ധാര്‍ഥ് ശങ്കറിനെ റെയ്ഹാന്‍ അഭിമുഖം ചെയ്യുന്നുണ്ട്. സിദ്ധാര്‍ഥ് ശങ്കറിന്‍റെ പുതിയ ചിത്രം പുറത്തിറങ്ങുന്നതും ഇതേ ദിവസം തന്നെ. സിദ്ധാര്‍ഥ് ശങ്കറിന്‍റെ മകള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. വിവാഹവാര്‍ഷികത്തിന് തന്‍റെ സഹയാത്രികക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റ്‌ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. ഏബല്‍ ‍. സസ്പെന്‍ഷന്‍ കഴിഞ്ഞു ജോലിയില്‍ തിരിച്ചെത്തിയ കോണ്‍സ്റ്റബിള്‍ സുദേവന്‍റെ ആദ്യ ദിവസവുമാണിത്. എല്ലാവര്‍ക്കും ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസം. ട്രാഫിക്‌ സിഗ്നലിലെ ഒരു അപകടത്തെ തുടര്‍ന്നു അവിചാരിതമായി, ഈ അപരിചിതരുടെ ജീവിതങ്ങള്‍ പ്രാകൃതമായി ഇണ ചേരുവാന്‍ തുടങ്ങുന്നു.

അവിചാരിതമായ ഒരാളുടെ അനുഭവമോ ഒരു സംഭവമോ, അപരിചിതരായ മനുഷ്യരേയും ഭൂപ്രദേശങ്ങളെയും കൂട്ടിയിണക്കുന്ന multi-narration വിദേശ ഭാഷാചിത്രങ്ങളുമായി പരിചയമുള്ള പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും പുതിയതായിരിക്കില്ല. ഏതെങ്കിലും അപകടത്തെ തുടര്‍ന്നാണ് ഭൂരിഭാഗം multi-narrative ചിത്രങ്ങളിലേയും കഥാപാത്ര ബന്ധങ്ങള്‍ കൂടി കലരുവാന്‍ തുടങ്ങുന്നത്. അമൊരെസ് പെരോസ്‌, 21 ഗ്രാംസ്, ബാബേല്‍ , ക്രാഷ് തുടങ്ങി ഈ ശ്രേണിയിലെ പ്രഖ്യാതങ്ങളായ ചിത്രങ്ങളെയെല്ലാം ഓര്‍ക്കാവുന്നതാണ്. 'ട്രാഫിക്കി‌'ന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. സമൂഹത്തിന്റെ പല തട്ടുകളിലുള്ളവരെ എളുപ്പത്തില്‍ ഒരു മാലയില്‍ കോര്‍ത്തെടുക്കുവാന്‍ കഴിയും എന്നതിനേക്കാള്‍ ദുരന്തഭൂമി നല്‍കുന്ന നാടകീയതയുടെ അനന്ത സാധ്യതകളായിരിക്കണം ഭൂരിപക്ഷം വരുന്ന തിരക്കഥാകൃത്തുക്കളെയും ഇത്തരം കഥാകഥനത്തില്‍ കഥാപാത്രങ്ങളെ കരുണയില്ലാതെ അപായപ്പെടുത്തുവാന്‍ പ്രേരിപ്പിക്കുന്നത്.

അടിതൊട്ട് മുടിയോളം പകര്‍ത്തിവെച്ച് 'എന്റെ പുള്ള തന്നെ'യെന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ച് പറയുന്ന നാട്ടില്‍ ബോബി-സഞ്ജയിന്‍റെ തിരക്കഥ multi-narrative എന്ന സങ്കേതത്തെ മാത്രമേ കടം കൊള്ളുന്നുള്ളൂ. കണ്ടുപരിചിതമായ ഏതെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ ഇതില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല. ചിത്രത്തിന്റെ മുഖ്യ കഥാതന്തു ഒരു യഥാര്‍ത്ഥ സംഭവത്തെ അവലംബിച്ച് രൂപപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു.

സമീപകാല മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും മികച്ച തിരക്കഥയാണ് 'ട്രാഫിക്ക്', ചെത്തി മിനുക്കി 'വൃത്തിയാക്കി', അടുക്കും ചിട്ടയുമില്ലാതെ നന്നായി നിരത്തിവെച്ചിരിക്കുന്നു. മെലോഡ്രാമയുടെ കുത്തിപൊങ്ങിയ ഗ്രാഫുകളും (എന്റെ വീട് അപ്പൂന്റേം) ഡോക്യുമെന്‍റെഷന്‍ സ്വഭാവവും (നോട്ട്ബുക്ക്‌) ഉണ്ടായിരുന്നുവെങ്കിലും വേറിട്ട പ്രെമേയങ്ങള്‍ അവതരിപ്പിക്കുവാനുള്ള വ്യഗ്രത ബോബി-സഞ്ജയ്‌ ദ്വന്ദത്തിന്റെ മുന്‍ ചിത്രങ്ങളില്‍ തന്നെ പ്രകടമാണ്. ഒട്ടുംതന്നെ ശ്രദ്ധിക്കപ്പെടാതെപ്പോയ ആദ്യ ചിത്രത്തില്‍നിന്നും തിരക്കഥയുടെ മികവില്‍ വര്‍ഷങ്ങളുടെ‌ ശേഷം രാജേഷ്‌ പിള്ളയിലെ സംവിധായകന്‍ എത്തിനില്‍ക്കുന്ന ഉയരം, വര്‍ഷത്തിലൊന്ന് എന്ന കണക്കില്‍ തലയില്‍ തൊപ്പിവെക്കുന്ന നാട്ടിലെ വെറ്ററന്മാര്‍ കണ്ടുപഠിക്കേണ്ടതാണ്.

ചിത്രത്തിനകത്തും പുറത്തും വൃത്തിയായി ജോലി ചെയ്തിട്ടുണ്ട് ഭൂരിഭാഗം അണിയറ പ്രവര്‍ത്തകരും. സമീപകാല സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് ചിത്രത്തിന്റെ പ്രചാരണ വിഭാഗങ്ങളുടെ രീതികളില്‍ . ഡും.. ഡും.. പീ.. പീ.. അല്ലാതെ ചിത്രത്തിന്‍റെ സ്വഭാവത്തിനെ, ഒഴുക്കിനെ സാമാന്യം നല്ല രീതിയില്‍ സഹായിക്കുന്ന പശ്ചാത്തല ശബ്ദ-സംഗീത സംവിധാനം, വെട്ടൊന്ന്-മുറി പത്ത് സ്കീമില്‍ മുറിക്കുന്ന ഡോണ്‍ മാക്സിനെ പോലുള്ളവര്‍ കണ്ട് പഠിക്കേണ്ട ചിത്രസംയോജനം (മഹേഷ് നാരായണൻ),‌ അഭിനേതാക്കളെ താരങ്ങളല്ലാതെ, കഥാപാത്രങ്ങളാക്കുന്ന ചമയ-വേഷവിധാനങ്ങള്‍ മുതലായവ എടുത്ത് പറയാതെ വയ്യ. മികച്ച സന്ദര്‍ഭങ്ങള്‍ ഒരുക്കിയാല്‍ അഭിനയിക്കാമെന്ന് ചിത്രത്തിലെ എല്ലാവരും ഏറെക്കുറെ ശരി വെക്കുന്നുണ്ട്.

നാട്ടിലെ വയസ്സന്‍ പടയുടെ ഊര്‍ജ്ജമില്ലാത്ത രക്തപ്രവാഹം തട്ടിയും മുട്ടിയും ഒഴുകുകയോ ഒഴുകാതിരിക്കുകയോ ചെയ്യട്ടെ. ചലച്ചിത്ര മേഖലയുടെ പ്രത്യക്ഷ ലാഭങ്ങളല്ലാതെ ചലച്ചിത്രത്തോടുള്ള അഭിനിവേശം കൈമുതലായ ഒരു പുതിയ തലമുറ നാട്ടില്‍ നല്ല തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് 'ട്രാഫിക്ക്‌'. ചിത്രത്തിലെ ചെറിയ കുറവുകളും അതിന്‍റെ രാഷ്ട്രീയവും ചരിത്രവും ഭൂമിശാസ്ത്രവും തിരഞ്ഞു ഇകഴ്ത്തുവാന്‍ ശ്രമിക്കുന്ന നിരൂപക സിംഹങ്ങളുടെ ശര്‍ദ്ദില്‍ നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാം. പ്രിയ സുഹൃത്തേ, ഈ ചിത്രം നിങ്ങള്‍ തീയറ്ററില്‍ തന്നെ കാണണം. വിജയിപ്പിക്കുകയും ചെയ്യണം. ഇത് പോലുള്ള വേറിട്ട ശ്രമങ്ങളെ മാനിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടിലെ ചലച്ചിത്രാപചയത്തെ കുറിച്ച് മുതല കണ്ണീരൊഴുക്കുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല എന്നറിയുക.

വാല്‍ക്കഷണം: ചിത്രത്തില്‍ റെയ്ഹാന്‍ ജോലിക്കുള്ള അഭിമുഖത്തിനിടയില്‍ തന്‍റെ പ്രിയ ചിത്രമായി പറയുന്നത്, 'ക്ലാസ്സ്മേറ്റ്സ്'. ചലച്ചിത്രങ്ങള്‍ക്ക് മുന്നില്‍ അടയിരിക്കാത്ത, ഉള്‍പുടങ്ങളില്‍ നിന്നും അന്തര്‍ഭവിക്കുന്ന ചലച്ചിത്രഭാഷകള്‍ മനസ്സിലാകാത്ത, ചലച്ചിത്രങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമോ, ദളിത്‌ പീഡനമോ അതല്ല, വര്‍ഗ്ഗീയമോയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാദാ മലയാളിക്ക് 'ക്ലാസ്സ്മേറ്റ്സ്' ഒരു സംഭവം തന്നെയായിരുന്നു. മലയാള ചലച്ചിത്രത്തിന്റെ അപചയ സമകാലികത്തില്‍ 'ട്രാഫിക്കും' സംഭവം തന്നെ. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ആത്മാര്‍ഥമായി നിങ്ങള്‍ക്ക്‌ തീയ്യറ്ററില്‍ കയ്യടിക്കാവുന്ന അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്ന് !!

20 comments:

  1. പ്രിയപ്പെട്ട ഷാജി.......

    മലയാളത്തിലെ അബുബക്കറിന്റെ നിരൂപണംകൂടി ഒന്നു വായിക്കണം കേട്ടോ.

    ആകെപ്പാടെ ഒരു ആശ്വാസം തോന്നിയത്, ആ നിരൂപണത്തില്‍ “റഹ്മാന്‍” എന്ന നടനെ “സിദ്ധാര്‍ഥ്” എന്ന പേര് കൊടുത്തു അപമാനിച്ചു എന്നു പറഞ്ഞില്ല എന്നുള്ളതാണ്.

    കാണണം ഷാജി ഈ സിനിമ..... നന്ദി ഈ റിവ്യൂവിന്.

    ReplyDelete
  2. റിവ്യൂ നന്നായിരിക്കുന്നു , അഭിനന്ദനങ്ങള്‍...

    ReplyDelete
  3. മാഷേ ഉഗ്രന്‍ റിവ്യൂ... ഒപ്പം ആ വാല്‍ക്കഷണത്തിനു എന്റെ വക കയ്യടികള്‍ ... അബൂബക്കറിന്റെ റിവ്യൂ വായിച്ചു ഇപ്പോള്‍ തല പെരുത്തതെ ഉണ്ടായിരുന്നുള്ളൂ ...ഇത് വായിച്ചപ്പോഴാണ് അല്‍പ്പം ആശ്വാസമായത് :))

    ReplyDelete
  4. Super.. I saw a similar kind of film which have multi narration,(May be after reading your review feeling like) thats PASSANGER I love that film, thought that we need such kind of films. Now I feels this will be also such one. Yes I'm going to see this,Thanks for review

    ReplyDelete
  5. ഷാജീ, നന്നായിരിക്കുന്നു. മലയാളി എഴുന്നേറ്റ് നിന്ന് കയ്യടിക്കണമെങ്കിൽ ചില്ലറ മിടുക്കൊന്നും പോര. അബൂബക്കറിന്റെ റിവ്യൂവിൽ ആകെ വാലിഡ് ആയ രണ്ട് പോയന്റ് ന്യൂനപക്ഷ കോളനി എന്ന് പറയുന്നതും പിന്നെ കോടീശ്വരന്റെ മകളുടെ ജീവൻ രക്ഷിക്കുക എന്നത് മറ്റുള്ളവരുടെ ബാദ്ധ്യതയാകുന്നതുമാണ്. ഇതിൽ ആദ്യത്തേത് ഒഴിവാക്കാമായിരുന്നുവെന്ന് അഭിപ്രായമുണ്ടെങ്കിലും അത്ര ആന്റി-മുസ്ലിം ആണെന്ന് തോന്നിയില്ല. രണ്ടാമത്തേത് പൊതുബോധത്തിന് ചേർന്നു പോകുന്നതിനാൽ ക്ലൈമാക്സിൽ കൂടുതൽ ഡ്രാമ ജെനറേറ്റ് ചെയ്യാം എന്ന ഉദ്ദേശ്ശം തന്നെയാണ്. Blame it on the pothubodham. സിനിമ കണ്ടിട്ടില്ലാത്തതിനാൽ ഫോകസ് ചെയ്യപ്പെടുന്നത് പെൺകുട്ടിയുടെ ജീവനാണോ റേഹാന്റേയും കുടുംബത്തിന്റേയും ത്യാഗമാണോ എന്നറിയില്ല. രണ്ടാമത്തേതാണെങ്കിൽ അബൂബക്കറിന്റേത് വളരെ തെറ്റായ വായനയാണെന്ന് പറയേണ്ടി വരും.

    ReplyDelete
  6. പാസ്സഞ്ചർ ഒരു ഊത്ത പടമാണ്. ലിക്കർ കയറ്റിയ വിമാനം ഇടിച്ചിറക്കി ഒരു ഗ്രാമത്തെ നശിപ്പിക്കാൻ പ്ലാനിടുന്നതും അത് മൾട്ടിമീഡിയ പ്രെസന്റേഷൻ ഉണ്ടാക്കി ഷോ നടത്തുന്നതും അത് ലീക്കൌട്ട് ആയിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നതും ഒക്കെ തമാശ തന്നെ. അതിൽ ക്രിസ്ത്യൻ വിരുദ്ധതയും ഇസ്ലാം വിരുദ്ധതയും സവർണ്ണതയും ഒക്കെ വേണ്ടുവോളമുണ്ട് താനും.

    ReplyDelete
  7. നന്നായി... അല്ല വളരെ നന്നായി ഈ നിരീക്ഷണങ്ങ്ള്‍....

    "ചിത്രത്തിലെ ചെറിയ കുറവുകളും അതിന്‍റെ രാഷ്ട്രീയവും ചരിത്രവും ഭൂമിശാസ്ത്രവും തിരഞ്ഞു ഇകഴ്ത്തുവാന്‍ ശ്രമിക്കുന്ന നിരൂപക സിംഹങ്ങളുടെ ശര്‍ദ്ദില്‍ നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാം" +1

    ReplyDelete
  8. i am extremely pissed with the fact that certain so called" reviews" out here (in the blogosphere/internet) are more into picking up the "anti minority" thing in the movies rather than actually reviewing them.i had read one review of "anwar' (i guess it was in the online edition of madhyamam'),after reading the whole thing,i had serious doubts about the nationality of the reviewer.it mentioned abt everything else in the world rather than actually reviewing the film.

    ReplyDelete
  9. വളരെ നല്ല നിരീക്ഷണം ..... ചിത്രം കണ്ടിരുന്നു , മലയാളത്തില്‍ ഇങ്ങനെയൊരു ചിത്രം ആദ്യം ആണെന്ന് തോന്നുന്നു, ഇഷ്ടപ്പെട്ടു..

    ReplyDelete
  10. നട്ട്സ്‌, എല്ലാവര്‍ക്കും പറയാനുള്ളത്‌ 'ട്രാഫിക്കി'ന്റെ അബൂബ്ബക്കര്‍ ഭാഷ്യം തന്നെ. ഒന്ന് ഓടിച്ച് നോക്കിയപ്പോള്‍ തന്നെ ഇരിപ്പ് വശം മനസ്സിലായിരുന്നു. ശര്‍ദ്ദിലും മണപ്പിച്ചിരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല മാഷേ...

    രഞ്ജിത്, നന്ദി.

    വിനയാ, :)

    മഹീ, ചിത്രം കണ്ടുകൊണ്ടിരിക്കെ എപ്പഴോ ' പാസ്സഞ്ചര്‍ ' ഞാന്‍ ഓര്‍ത്തിരുന്നു, 'ട്രാഫിക്കി'ന് അങ്ങനെ ബന്ധമൊന്നും ആരോപിക്കാനാവില്ല എങ്കിലും. യാത്രയും, ശ്രീനിവാസനും ആവണ്ണം കാരണങ്ങള്‍ ...

    ജിജോ, 'പാസ്സഞ്ചറി'നെ കുറിച്ച് എനിക്കും നല്ലത് പറയാനില്ല.

    വിനേഷ്‌, :)

    നിഖി മേനോന്‍, അത്തരം രീതികളോട് കൂറ് പ്രഖ്യാപിക്കാത്തവരില്‍ ഞാനും ഉള്‍പ്പെടും. പ്രത്യേകിച്ചും അത് മാത്രം തിരയുവാന്‍ ഇരിക്കുന്ന ചിലരുണ്ടല്ലോ ഇവിടെ.

    m4, ഇത്രയും ഭംഗിയായി multi-narration ഇതാദ്യമായാണ് എന്ന് തിരുത്തേണ്ടി വരും. :)

    ReplyDelete
  11. കൊള്ളാം..വാല്ക്കഷ്ണം എഴുതിയ്യത് വളരെ നന്നായി...

    ReplyDelete
  12. ശ്രീനിയോഴികെ എല്ലാം നന്നായി എന്ന് പറയണം എന്ന് പറയാന്‍ തോന്നുന്നു
    എന്തായാലും ഈ പദമാണ്‌ വിജയിക്കേണ്ടത്
    നൂറു ശതമാനം വിജയിക്കേണ്ട പടം
    പക്ഷെ എനിക്കെന്തോ മലയാളി എന്ന കപടനില്‍ വിശ്വാസമില്ല
    ഒരേ സമയം നല്ല പടമില്ല ഈനു പറയുകയും മോശം
    പദത്തെ വിജയിപ്പിക്കുകയും
    മോശം പദം മാത്രമേ ഉള്ളൂ എന്ന് പറയുകയും നല്ല പടം കാണാതിരിക്കുകയും
    ചെയ്യുന്ന കപടന്‍
    ഇവന്‍ ഈ പദത്തിന്റെ കോമ്പ്ലെക്സ് ഘടനയെ കുറിച്ച്
    പരാതിപ്പെടും തീര്‍ച്ച
    പാസ്സെന്ചെര്‍ ന്റെ ലാളിത്യം അതിന്റെ പോള്ളതരങ്ങളെ
    മറച്ചിരുന്നു
    പക്ഷെ ഈ പദത്തിന്റെ കോമ്പ്ലെക്സിടി ആളുകളെ സംശയാലുക്കള്‍ ആക്കും

    eda ee thendikalu kayyadikkoollaa

    ReplyDelete
  13. നിരീക്ഷണം വായിച്ചു, അസ്സലായി. തുടക്കം വായിച്ചപ്പോ ഒന്ന് ഞെട്ടി - ട്രാഫിക്‌ നെ കുറിച്ച് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു - അതിന്റെ വണ്‍-ലൈന്‍ എവിടെയോ വായിച്ചു മുന്‍പ്. VG യും നല്ല അഭിപ്രായം പറഞ്ഞിരുന്നു, കാണും മുന്‍പും കണ്ടതിനു ശേഷവും.

    നല്ല മലയാള സിനിമ ഉണ്ടാവുന്നതും, അതിനെ വേണ്ട വിധം പ്രോത്സാഹിപ്പിക്ക്യുന്നതും കാണുമ്പോ വളരെ സന്തോഷം. ഇവിടെ കാണാന്‍ നിവൃത്തി ഇല്ലല്ലോ, കുറെ കാലം കൂടി വന്നത് ഒരു കാണ്ഡഹാര്‍ ആണ് - അതിന്റെ റിവ്യൂ ഇവിടെ ഇട്ടിട്ടു ട്രാഫിക്‌ ബ്ലോക്ക്‌ ആക്കേണ്ടല്ലോ :-)

    ReplyDelete
  14. മലയാളത്തില്‍ നല്ല സിനിമകളും നല്ല റിവ്യൂകളും ഉണ്ടാകുന്നതില്‍ ഒരു പാട് സന്തോഷം .

    ReplyDelete
  15. ഈ ചിത്രത്തെക്കുറിച്ച് എല്ലായിടത്തും വായിച്ച് വായിച്ച് അസൂയപ്പെട്ടിട്ടു വയ്യ.കാണാൻ നിവർത്തിയില്ല.
    ഫാൻസ് കോമാളികളൊക്കെ എവിടെപ്പോയോ ആവോ :)

    ReplyDelete
  16. മൊത്തത്തില്‍ ഒരു നല്ല അഭിപ്രായം തോന്നി... കൊള്ളാം കുഞ്ഞേ നിരൂപണം.

    ReplyDelete
  17. Good job done shaji... appreciate this :)

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. Shaji, wud feel good if you cud review the latest flick "Salt n Pepper"

    ReplyDelete