ശബ്ദപഥവും ദൃശ്യവും പൊരുത്തക്കേടുകളില്ലാതെ പ്രദര്‍ശനങ്ങള്‍ക്ക് സജ്ജമായ 1920-കളുടെ അന്ത്യത്തിലാണ് ശബ്ദചിത്രങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. 1930-കള്‍ വരെയുള്ള നിശ്ശബ്ദ സിനിമയുടെ പ്രമുഖമായ കാലഘട്ടം ലോകത്തിന് സമ്മാനിച്ചത് അതിവിശാലമായ ചിരിയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അവതരണത്തിലെ നൂതനമായ രീതികളും തുടര്‍കാലങ്ങളില്‍ സിനിമയെ പ്രകാശവര്‍ഷങ്ങള്‍ മുന്‍പിലേക്ക് നടത്തിയെങ്കിലും സിനിമയിലെ ചിരിയുടെ സുവര്‍ണ്ണകാലം ചാര്‍ളി ചാപ്ലിനും ബസ്റ്റര്‍ കീറ്റണും സ്റ്റാന്‍ ലോറലും ഒലിവര്‍ ഹാര്‍ഡിയും ചാര്‍ളി ചെയ്സും അമരക്കാരായിരുന്ന ആ പഴയ കാലം തന്നെയാണ്.
ചില പട്ടികകളില്‍നിന്നും ഏറ്റവും മികച്ച 'ഒന്നിനെ'മാത്രം തെരെഞ്ഞെടുക്കുക പലപ്പോഴും ദുഷ്കരമാണ്. പ്രശസ്ത ചലച്ചിത്ര നിരൂപകനായ റോജര്‍ എബെര്‍ട്ട് നിശ്ശബ്ദ സിനിമയിലെ ഏറ്റവും മികച്ച ജോക്കര്‍ ബസ്റ്റര്‍ കീറ്റനാണെന്ന് പറയുന്നു. അതിസാഹസികമായി അഭിനയിച്ച, ചിത്രീകരിച്ച രംഗങ്ങളാണ് പലപ്പോഴും ബസ്റ്റര്‍ കീറ്റണ്‍ ചിത്രങ്ങളില്‍ ചിരിയുണര്‍ത്തുന്നത്. ചിത്രത്തില്‍ എന്ത് പറഞ്ഞു എന്നതിനേക്കാള്‍ എങ്ങിനെ പറഞ്ഞുവെന്നത് കണക്കിലെടുത്താണ് റോജര്‍ എബെര്‍ട്ട് ചാപ്ലിനേക്കാള്‍ മികച്ച ജോക്കര്‍ ബസ്റ്റര്‍ കീറ്റനാണെന്ന്‍ പറയുന്നത്‍.
1899-ല്‍ കേവലം നാലാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം സ്റ്റേജില്‍ അഭിനയിച്ച് കൊണ്ടാണ് ബസ്റ്റര്‍ കീറ്റണിന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത്. ചലച്ചിത്രങ്ങളിലേക്ക് തിരിയുന്നത് 1920-കളുടെ തുടക്കത്തിലും. അക്കാലയളവില്‍ പുറത്തുവന്ന രണ്ടു റീല്‍ ചിത്രങ്ങള്‍ ശ്രദ്ധേയമായതിനെ തുടര്‍ന്നാണ് താരതമ്യേന വലിയ ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് ബസ്റ്റര്‍ കീറ്റണ്‍ തിരിയുന്നത്. 1921-ല്‍ 'ബസ്റ്റര്‍ കീറ്റണ്‍ പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി ബസ്റ്റര്‍ കീറ്റണ്‍ ആരംഭിച്ചു. സിനിമയുടെ ആദ്യകാലങ്ങളിലെ പല പ്രമുഖരേയുംപോലെ അഭിനയം, സംവിധാനം, എഴുത്ത്, നിര്‍മ്മാണം എന്നീ വിവിധ മേഖലകളില്‍ അദ്ദേഹം കര്‍മ്മനിരതനായി. തന്‍റെ ചെറിയ സംഘത്തെ ഉപയോഗിച്ചാണ് നിശ്ശബ്ദ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിഖ്യാതവും മനോഹരവുമായ പല ചിത്രങ്ങളും ബസ്റ്റര്‍ കീറ്റണ്‍ ഒരുക്കിയത്.
സാഹചര്യങ്ങള്‍ക്കനുസരിച്ച്, അസാധാരണമായി അല്ലെങ്കില്‍ അപകടകരമായി പ്രവര്‍ത്തിക്കുന്ന (അഭിനയിക്കുന്ന) ശരീരമാണ് ബസ്റ്റര്‍ കീറ്റണെ നിശ്ശബ്ദ കോമഡി ചിത്രങ്ങള്‍ക്കിടയില്‍ താരതമ്യങ്ങള്‍ക്കുപ്പോലും ഇടയില്ലാതെ വ്യത്യസ്തനാക്കുന്നത്. സ്റ്റണ്ട് ഡബിള്‍സിനെ ഉപയോഗിക്കാതെ, ബസ്റ്റര്‍ കീറ്റണ്‍ തന്നെയാണ് അത്യന്തം അപകടകരമായ പല ഭാഗങ്ങളും അഭിനയിച്ചത്. പലപ്പോഴും തന്‍റെ സഹപ്രവര്‍ത്തകരായ അഭിനേതാക്കള്‍ക്കുവേണ്ടി അപകടകരമായ സാഹചര്യങ്ങളില്‍ ഡബിള്‍ ആകുവാനും ബസ്റ്റര്‍ കീറ്റണ്‍ തയ്യാറായി. ശരീരത്തെ അപകടകരമായി ഉപയോഗിക്കുന്ന ബസ്റ്റര്‍ കീറ്റന്‍റെ 'ഫിസിക്കല്‍ കോമഡി' പിന്നീട് മുഖ്യധാര ചലച്ചിത്രങ്ങളില്‍ പലര്‍ക്കും ഏറെ പ്രചോദനമായിട്ടുണ്ട്. അതികായനെന്നും അതുല്യനെന്നും വിളിക്കുമ്പോഴും മാധ്യമങ്ങള്‍ കീറ്റണെ 'ദി ഗ്രേറ്റ് സ്റ്റോണ്‍ ഫെയ്സെന്നു' പരിഹാസ്യരൂപേണ വിളിച്ചു.
'സ്റ്റീം ബോട്ട് ബില്‍ ജൂനിയര്‍' എന്ന ചിത്രത്തിലെ ഒരു രംഗം സാഹസികമായ 'ഫിസിക്കല്‍ കോമഡി'യുടെ മകുടോദാഹരണമായി പരാമര്‍ശിക്കപ്പെടുന്ന ഒന്നാണ്. ഒരു സ്ഥലത്ത് നില്‍ക്കുന്ന കീറ്റന്റെ ശരീരത്തിലേക്ക് ഉദ്ദേശം രണ്ടു ടണ്‍ ഭാരം വരുന്ന ഇരുനില കേട്ടിടം തകര്‍ന്നു വീഴുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനിടയില്‍ നിന്നും പരിക്കുകളൊന്നും ഏല്‍ക്കാതെ കീറ്റണ്‍ എണീറ്റു പോകുന്നു. തുറന്നുവെച്ച ജനാലയുടെ ഭാഗമാണ് കീറ്റന്റെ ശരീര ഭാഗത്തേക്ക് വീഴുന്നതും കീറ്റണെ രക്ഷിക്കുന്നതും. കീറ്റണിന്റെ ശരീരവും ജനാലയും തമ്മിലുള്ള അകലം കേവലം ഇഞ്ചുകള്‍ മാത്രമാണെന്നിരിക്കെ അതിസൂക്ഷ്മമായ ഏകോപനം ഈ രംഗത്തിന്റെ ചിത്രീകരണം ആവശ്യപ്പെടുന്നുണ്ട്. സമാനമായ അവിശ്വസനീയമായ കാഴ്ചകള്‍ പൊതുവില്‍ എല്ലാ കീറ്റണ്‍ ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി കരുതിവെക്കുന്നുണ്ടെങ്കിലും ഏറെ പരാമര്‍ശിക്കപ്പെടുന്ന രംഗം മുകളില്‍ സൂചിപ്പിച്ച 'സ്റ്റീം ബോട്ട് ബില്‍ ജൂനിയര്‍' തന്നെ
അമേരിക്കന്‍ സിവില്‍ വാര്‍ പശ്ചാത്തലമാവുന്ന 'ദി ജനറലാ'ണ് ബസ്റ്റര്‍ കീറ്റന്‍റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നത്. 'സെവന്‍ ചാന്‍സസ്', 'ഷെര്‍ലക്ക് ജൂനിയര്‍', 'ഔര്‍ ഹോസ്പിറ്റാലിറ്റി', ' ദ നാവിഗേറ്റര്‍ ', 'ദ ക്യാമറാമാന്‍', ' സ്റ്റീം ബോട്ട് ബില്‍ ജൂനിയര്‍ ' എന്നിവയാണ് ബസ്റ്റര്‍ കീറ്റന്‍റെ പ്രമുഖ ചിത്രങ്ങള്‍. 1920-29 കാലയളവിലാണ് ഈ ചിത്രങ്ങളെല്ലാം പുറത്തുവന്നത്.
1952-ല്‍ ചാര്‍ളി ചാപ്ലിനും ബസ്റ്റര്‍ കീറ്റണും 'ലൈം ലൈറ്റ്' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ വെള്ളിത്തിരയില്‍ അതൊരു അപൂര്‍വ്വതയായി. 1960-ല്‍ 'അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ്' കോമഡി ചിത്രങ്ങളുടെ വിഭാഗത്തിന് ബസ്റ്റര്‍ കീറ്റണ്‍ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് ഓസ്ക്കാര്‍ പുരസ്കാരം നല്‍കി ആദരിച്ചു, സമാന പുരസ്കാരം ചാര്‍ളി ചാപ്ലിന് ലഭിക്കുന്നതിനും ഒരു വ്യാഴവട്ടം മുന്‍പ്!
നന്ദി ഷാജി ബസ്റ്റര്‍ കീറ്റനെ പരിചയപ്പെടുത്തിയതില്‍ ..
ReplyDeleteചാര്‍ളി ചാപ്ലിനെ എല്ലാവരും അറിയുമെങ്കിലും ഇദ്ദേഹത്തെ കുറിച്ച് ആദ്യമാണ് ഞാന്‍ കേള്‍ക്കുന്നതും,കാണുന്നതും..നന്ദി.
വളരെ നല്ല ലേഖനം. പുതിയ അറിവുകള്‍ ലഭിച്ചതില്‍ നന്ദി.
ReplyDeletechaplinilum ente kazhchappadil keaton thanneyanu munnil. nirbhagyamanu adhekathinte prashasthi kuranjupoyathu.
ReplyDeleteബസ്റ്റര്‍ കീറ്റണെ പരിചയപ്പെടുത്തിയതിനു നന്ദി...
ReplyDeleteഈ പരിചപ്പെടുത്തലും ,അറിവുകൾ പങ്കുവെച്ചതും നന്നായി കേട്ടൊ ഭായ്
ReplyDeleteവളരെ നന്നായിട്ടുണ്ട്. ഇതുപോലെ അറിവ് പങ്കുവയ്ക്കുന്ന പംക്തികള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteരാജ്
ജനറല്‍ എന്നാ സിനിമയില്‍ ഒരു തരാം ഉണ്ടല്ലോ... പേര് ഓര്‍ക്കുന്നില്ല അതും നല്ല ഒരു നടന്‍ ആയിരുന്നു..
ReplyDelete