*Spoiler Alert - എന്ന് രേഖപ്പെടുത്തിയ ഖണ്ഡിക നിങ്ങളുടെ ചലച്ചിത്ര ആസ്വാദനത്തെ ബാധിച്ചേക്കാം. ചിത്രം കാണാത്തവര്‍ ആ ഖണ്ഡിക വിട്ടു കളയുവാന്‍ അപേക്ഷ.
കഴിവും സ്വാധീനവും ഏറെയുള്ള മലയാള ചലച്ചിത്രത്തിലെ മുഖ്യധാര, 'ഓ..! എന്നാത്തിനാ' എന്ന ഭാവത്തില്‍ , പട്ടിയുടെ വാലുപോലെ നേരെയാവാന്‍ കൂട്ടാക്കാത്ത കഴിഞ്ഞ കുറെ കാലങ്ങളില്‍തന്നെ, മാറ്റത്തിന്റെ ചില ചെറിയ ചലനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അത്തരം ചലനങ്ങളിലെ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ രാജേഷ് പിള്ളയുടെ 'ട്രാഫിക്'. ട്രെന്‍ഡ്, ഫോര്‍മുല, താരം, ഭാഗ്യനക്ഷത്രം എന്നൊക്കെ വാശി പിടിക്കാന്‍ ഇഷ്ടപ്പെടുന്നവരെ ഒരു പടികൂടി പുറകിലേക്ക് തള്ളി താരങ്ങളുള്ള, എന്നാല്‍ മുകളില്‍ പറഞ്ഞ മറ്റൊന്നുമില്ലാത്ത ഒരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'സിറ്റി ഓഫ് ഗോഡ്'.
രാം ഗോപാല്‍ വര്‍മ്മയും, വര്‍മ്മയുടെ 'സത്യ'യുമാവണം നഗരത്തിന്റെ മറുപുറങ്ങളിലേക്ക് ഇന്ത്യയിലെ സംവിധായകര്‍ ക്യാമറ തുറന്നുവെയ്ക്കുന്നതിന്റെ തുടക്കം. അതിന്റെ ഓളങ്ങള്‍ നമ്മുടെ നാട്ടിലും ധാരാളം വന്നടിഞ്ഞു. എ.കെ സാജന്‍ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലന്‍സ്' ആയിരുന്നു മലയാളത്തില്‍ ആ ശ്രേണിയുടെ തുടക്കമായത്. കൊച്ചിയങ്ങനെ ചലച്ചിത്രങ്ങളില്‍ 'ഛോട്ടാ മുബൈ'യായി. ' ഇവര്‍ ', 'ബ്ലാക്ക്', 'ബിഗ് ബി' എന്നിങ്ങനെ അസംഖ്യം ചിത്രങ്ങളില്‍ ചോരയുടെ നീര്‍ച്ചാലുകളൊഴുകി. ക്രമേണ മലയാള ചലച്ചിത്രങ്ങളിലെ ക്വൊട്ടേഷന്‍ പരിപാടികള്‍ , ക്വൊട്ടേഷന്‍ സംഘങ്ങളുടെ പത്തിലൊന്ന് ഗൃഹപാഠം പോലും ചെയ്യാതെ 'ജാക്കി'കളായി കോമരം കെട്ടി മടുപ്പിക്കുമ്പോഴാണ് മലയാളിക്ക് അത്ര പരിചിതമല്ലാത്ത ദൃശൃപരിചരണ രീതികളുമായി കഴിഞ്ഞ വര്‍ഷം 'നായകനെ'ത്തുന്നത്. ദൃശ്യങ്ങളില്‍ വ്യത്യസ്തതയും പരീക്ഷണം നടത്തുവാനുള്ള വെമ്പലും വിദേശ ഭാഷാ ചിത്രങ്ങളുടെ സ്വാധീനവും അതില്‍ ഏറെ പ്രകടമായിരുന്നു. ചലച്ചിത്രത്തെ സാകൂതം വീക്ഷിക്കുന്നവര്‍ക്കിടയില്‍ ആ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും പ്രമേയത്തിന്റെ ബലഹീനതകള്‍ ആ ചിത്രത്തെ സാമാന്യ ജനത്തില്‍ നിന്നും അകറ്റി. എങ്കിലും, ഏറെക്കാലമായി വരള്‍ച്ച നേരിടുന്ന സംവിധാന മേഖലയില്‍ ഒരു സംവിധായകന്റെ വരവ് തന്നെയായിരുന്നു ആ ചിത്രം. രണ്ടാം ചിത്രത്തില്‍ തന്നെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ബഹുദൂരം മുന്‍പോട്ട് പോയിരിക്കുന്നു. തഴമ്പുള്ളൊരു എഴുത്തുകാരനുമായുള്ള കൂട്ടുകെട്ടിന്റെ സഹായം കുറച്ചൊന്നുമല്ല ഇക്കുറി സഹായിച്ചിരിക്കുന്നതും.
ഏറെ കാലങ്ങളായി നാട്ടിലെ സിനിമാക്കാര്‍ വരയ്ക്കുന്ന 'കൊച്ചി' തന്നെയാണ് ചിത്രത്തിലെ ദൈവത്തിന്റെ നഗരം. സോണിയെന്ന നഗരത്തിലെ യുവ വ്യവസായി. വിദ്യാസമ്പന്നനും സോണിയുടെ സുഹൃത്തും ഇപ്പോള്‍ സോണിയുടെ സഹായി അഥവാ ഗുണ്ടയുമായ ജ്യോതിലാല്‍ , നഗരത്തിലേക്ക് കൂലി തൊഴിലാളിയായി വന്ന തമിഴ് നാട്ടുകാരന്‍ സ്വര്‍ണ്ണവേല്‍ , ഭര്‍ത്താവില്‍ നിന്നും ഒളിച്ചോടി നഗരത്തിലെത്തിയ തമിഴ്‌നാട്ടുകാരി മരതകം, വിജി പുന്നൂസ് എന്ന പണക്കാരിയായ വിധവ (ഇവരുടെ ഭര്‍ത്താവ് നഗരത്തില്‍വെച്ച് സമീപകാലത്ത് ദാരുണമായി കൊല്ലപ്പെട്ടിരുന്നു), ചില ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വിജിയെ സമീപിക്കുന്ന ഷമീനെന്ന ഭൂമാഫിയ പ്രതിനിധി, കലുഷമായ വ്യക്തിജീവിതം നയിക്കുന്ന ചലച്ചിത്ര നടി സൂര്യപ്രഭ എന്നിങ്ങനെ നഗരത്തിലെ പല തട്ടുകളില്‍ ചിതറി കിടക്കുന്ന ജീവിതങ്ങള്‍ . ഈ ജീവിതങ്ങളെ ആകസ്മികമായി ബന്ധപ്പെടുത്തുന്നതാണ് 'സിറ്റി ഓഫ് ഗോഡ്'. ഒന്നില്‍ നിന്നും മറ്റൊരു കഥാ പശ്ചാത്തലത്തിലേക്ക് ആഖ്യാനം മാറുന്നുവെങ്കിലും ഈ കഥകള്‍ കൂടികലരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യത്യസ്ത കഥകളില്‍ സ്വര്‍ണ്ണവേലിന്റെയും മരതകത്തിന്റെയും കഥ പൂര്‍ണ്ണമായും സംസാരിക്കുന്നത് തമിഴിലാണ്.
'നായകന്‍' എന്ന ചിത്രം തുടങ്ങുന്നത് 'അമോരെസ് പെരോസി'ലെ വിഖ്യാതമായ അപകടരംഗത്തെ ഓര്‍മ്മപ്പെടുത്തികൊണ്ടാണ്. 'സിറ്റി ഓഫ് ഗോഡി'ന്റെ തുടക്കവും വിവിധങ്ങളായ അപകടങ്ങള്‍ തന്നെ. വിവിധ അധ്യായങ്ങളായി അവതരിപ്പിക്കുകയായിരുന്നു 'നായകനെ'ങ്കില്‍ പല കഥകള്‍ കൂടികലര്‍ന്നും മുന്‍പോട്ടും പുറകോട്ടും സഞ്ചരിച്ചുമാണ് 'സിറ്റി ഓഫ് ഗോഡി'ന്റെ ആഖ്യാന രീതി. ' ബാബേല്‍ ', 'മാഗ്നോളിയ', 'ക്രാഷ്', 'സ്നാച്ച്' മുതലായ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ ആഖ്യാന രീതി. രാജേഷ് പിള്ളയുടെ 'ട്രാഫിക്കി'ലേത് പോലെ 'സിറ്റി ഓഫ് ഗോഡും' മള്‍ട്ടി നരേഷന്‍ എന്ന ആഖ്യാന രീതിയെ മാത്രമേ കടം കൊള്ളുന്നുള്ളൂ.
[Spoiler Alert]
നഗരത്തിലുണ്ടായ ഒരു ചെറിയ റോഡ് അപകടത്തെ തുടര്‍ന്നുള്ള ചില സംഭവങ്ങള്‍ ഒരു യുവ വ്യവസായിയുടെ കൊലപാതകത്തിന് ഹേതുവാകുന്നു. മരണസമയത്ത് ഒരു ചലച്ചിത്ര നടിയും ആ യാത്രയില്‍ വ്യവസായിക്ക് ഒപ്പമുണ്ടായിരുന്നു. പത്രങ്ങളില്‍ നിറഞ്ഞു നിന്ന ഈ വാര്‍ത്താശകലങ്ങള്‍ ഒരുപക്ഷേ വരും നാളുകളില്‍ ഈ ചിത്രത്തെ അതില്‍ മാത്രമായി കുരുക്കിയേക്കാം. അതുപക്ഷേ, 'പിറവി'യെ രാജന്‍ കേസ്സുമായി ബന്ധപ്പെടുത്തി ഒതുക്കുന്നത് പോലയെ വരൂ.
'തലപ്പാവ്', 'വാസ്തവം' മുതലായ ചിത്രങ്ങളുണ്ടെങ്കിലും വലിയ വിജയ ചിത്രങ്ങള്‍ ഇപ്പോഴും അകന്നു നില്‍ക്കുന്ന തിരക്കഥാകൃത്താണ്, ബാബു ജനാര്‍ദ്ദനന്‍. സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം ഇദ്ദേഹത്തിന്റെ രചനയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച സൃഷ്ടിയാണ്. പല കഥാ പശ്ചാത്തലങ്ങളെ പല നിറഭേദങ്ങളിലാണ് സുജിത് വാസുദേവിന്റെ ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ക്യാമറ സ്വാഭാവികമായി ചലിക്കുകയും ചെയ്യുന്നു.
വിവിധ ജീവിത നിലവാരങ്ങള്‍ ചിത്രത്തില്‍ പറയുമ്പോള്‍ സ്വാഭാവികമായും ചിത്രത്തിന് വിവിധ സംഗീത സമ്പ്രദായങ്ങളെ ഉപയോഗപ്പെടുത്തേണ്ടി വരും. ചിത്രത്തില്‍ സംഗീത സംവിധായകനായ പ്രശാന്ത് പിള്ള ഇക്കാര്യം ശ്രദ്ധിച്ചിട്ടുമുണ്ട്. എങ്കിലും ചിത്രത്തിന്റെ ശബ്ദപഥത്തില്‍ റീ-റെക്കോര്‍ഡിംഗില്‍ സംഭവിച്ച പാളിച്ചകളായിരിക്കണം, ചില സന്ദര്‍ഭങ്ങളിലെ സംഭാഷണങ്ങളുടെ അവ്യക്തതക്ക് കാരണമായതും കാഴ്ചക്ക് ഒരുവേള അലോസരമായതും.
താരങ്ങളെ മറന്നുള്ള കഥാപാത്ര സൃഷ്ടിയായതുകൊണ്ട് തന്നെ തെമ്മാടികൂട്ടം പ്രതീക്ഷിക്കുന്ന പലതും ചിത്രത്തിലില്ല. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സ്റ്റെപ്പ്സ് തെറ്റാതെ നൃത്തനൃത്യങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. കൊട്ടാന്‍ മുട്ടി നില്‍ക്കുന്ന കൈകള്‍ക്കായി ഉദ്ദേശം രണ്ടര പേജു വരുന്ന നെടുങ്കന്‍ ഡയലോഗ്സ് വണ്‍ മിസ്റ്റര്‍ ബാബു ജനാര്‍ദ്ദനന്‍ എഴുതി വെച്ചിട്ടില്ല. സംഭാഷണം പൂര്‍ത്തിയാക്കി സ്റ്റൈലായി സ്ലോ മോഷനില്‍ തിരിഞ്ഞു നടക്കാന്‍ മേല്‍പറഞ്ഞ രണ്ടു പേര്‍ക്കും ഒരവസരം പോലുമില്ല. ചിത്രത്തിലെ അടി-ഇടി ഐറ്റംസ് പലപ്പോഴും സ്വാഭാവികമാകുന്നു. കയറില്‍ തൂങ്ങുന്ന ഇപ്പോഴത്തെ ട്രെന്‍ഡില്ല. ഒരു മൈല്‍ ദൂരത്തേക്ക് ഒരുത്തനും തെറിച്ച് വീഴുന്നില്ല.
അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജിനേക്കാള്‍ പ്രതിഭയുണ്ട് ഇന്ദ്രജിത്തിന്, ഈ ചിത്രവും അക്കാര്യം ശരി വെക്കുന്നു. ചലച്ചിത്ര നടി സൂര്യപ്രഭയെ റീമ കല്ലിങ്കല്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ ഏറ്റവും ശക്തമായ ചില സന്ദര്‍ഭങ്ങള്‍ ഈ നടിയുടെതാണ്. 'പൂ' എന്ന തമിഴ് ചിത്രത്തിലൂടെ അംഗീകാരവും പ്രശംസയും ലഭിച്ച പാര്‍വതിയാണ് മരതകമാകുന്നത്. പക്ഷേ മലയാളികള്‍ പാര്‍വതിയെ ഓര്‍ക്കുക റോഷന്‍ ആന്‍ഡ്രൂസിന്റെ 'നോട്ട്ബുക്കി'ന്റെ പേരിലാകും. സോണിയെ അവതരിപ്പിച്ച രാജീവ് പിള്ള മാത്രമാണ് അഭിനേതാക്കളില്‍ ഒരു മത്സരത്തിന് മുതിരുവാതിരുന്നത്. ചിത്രത്തിലെ മരതകത്തിനെ വേള്‍ക്കുവാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമനയാണ്.
ഇത് കേവലം ഒരു ശ്രമമല്ല, ഒരു 'സിനിമ'യാണ്. താരവും ഫോര്‍മുലയുമല്ല മറിച്ച് നമ്മുടെ നാട്ടിലും പുതിയ വഴികളില്‍ വെട്ടുവാന്‍ കഴിയുമെന്ന് കാണിക്കുന്ന 'സിനിമ'. എങ്കിലും, 'ഞാന്‍ ഇങ്ങനെ ഇരുന്നോളാം, എല്ലാം എന്റെ വായില്‍ കുത്തിതിരുകി തന്നോളൂ' എന്ന നടപ്പുരീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകന് ഒരരുചി അനുഭവപ്പെട്ടേക്കാം. മൊബൈലില്‍ സംസാരിച്ച്, അതിന്റെ ഇടവേളകളില്‍ തുടര്‍ച്ച നഷ്ടപ്പെടാതെ കാണുവാന്‍ ശ്രമിക്കുന്നവനും ഈ ചിത്രം ബുദ്ധിമുട്ടായേക്കും. വര്‍ഷങ്ങളായി ശീലിച്ചുവെച്ചതു പലതും മാറ്റുവാന്‍ സമയമായീ എന്റെ പ്രെക്ഷകാ...
'ഹാംലെറ്റി'നെ അവലംബിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'കര്‍മ്മയോഗി', ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഇലക്ട്ര', ആര്‍ ഉണ്ണിയുടെ ചെറുകഥയെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലീല', ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന 'ചാപ്പാ കുരിശ്', ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന '1993 ബോംബെ മാര്‍ച്ച് 12', പുതുമുഖ സംവിധായകന്‍ സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു' എന്നിങ്ങനെ വ്യത്യസ്തങ്ങളായ, പ്രതീക്ഷ നല്‍കുന്ന പല ചിത്രങ്ങളുടെയും പ്രവര്‍ത്തങ്ങള്‍ തുടരുകയോ പൂര്‍ത്തിയാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പക്ഷേ, ഇവിടെ നല്ല ചിത്രങ്ങളെ കുറിച്ച് മൂളയുള്ള ചിലര്‍ സ്വപ്നമെങ്കിലും കാണണമെങ്കില്‍ പ്രേക്ഷകര്‍ക്കായി ഒന്നും കരുതിവെക്കാത്ത, പക്ഷേ വിജയങ്ങളാകുന്ന സാദാ ചിത്രങ്ങള്‍പോലെ ചിലതെങ്കിലും കരുതിവെക്കുന്ന ഈ ആത്മാര്‍ഥ ശ്രമങ്ങള്‍ വിജയിച്ചേ പറ്റൂ... ലിജോ, ഞങ്ങള്‍ നിന്നോട് കൂടെയുണ്ട്.
വാല്‍ക്കഷണം:
എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഫെര്‍നാന്റോ മെറിലസ്സ് സംവിധാനം ചെയ്ത 'സിറ്റി ഓഫ് ഗോഡ്'. മാസങ്ങള്‍ക്ക് മുന്‍പ് നല്ല പല വിദേശ ചിത്രങ്ങളുടേയും മലയാള പ്രേതങ്ങളെ കണ്ട് പേടിച്ചിരിക്കുമ്പോഴാണ് ഈ ചിത്രത്തെ കുറിച്ചറിയുന്നത് അന്ന്, 'ടാ, വൃത്തികെട്ടവനെ... ലിജോ' എന്ന് മനസ്സില്‍ പറയുകയും ചെയ്തു. പക്ഷേ, ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ അതേ പേരില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം ഇവിടെയുമുണ്ടായി. ചൂണ്ടിയത് പേര് മാത്രവും, ആരേയും നാണം കെടുത്തിയതുമില്ല... മ്മ്ടെ ' ഗോഡ്‌ഫാദര്‍ ' പോലെ :)
ആകെത്തുക:
താങ്കള്‍ 'ക്രിസ്റ്റി' മോഡല്‍ ചിത്രങ്ങളുടെ ആരാധകനാണോ എങ്കില്‍ ആ പരിസരത്തേക്ക് പോകണമെന്നില്ല. സാമാന്യ ബുദ്ധിയുള്ള ഒരു പ്രേക്ഷകനാണോ ധൈര്യമായി കാണാം. ഇനി, 'മലയാള സിനിമയെ കാത്ത് കൊള്ളണേ കര്‍ത്താവേ... നല്ല ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുന്നില്ല' എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നവനാണോ എങ്കില്‍ നിങ്ങള്‍ ഇത് രണ്ട് വട്ടം കാണണം :)
ഞാന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന റിവ്യൂവില്‍ പ്രദമസ്ഥാനം ഷാജിയ്ക്കാണ്.
ReplyDeleteസിനിമയെ സ്നേഹിക്കുന്ന ഒരുവന്റെ വായില്‍ നിന്നുള്ള ആത്മാര്‍ത്ഥമായ വാക്കുകള്‍.
അതാണീ റിവ്യൂ.
നായകന്‍ കണ്ടപ്പോള്‍ തന്നെ ഒരു സംവിധായക പ്രതിഭയുടെ ഉദയം മനസ്സിലായിരുന്നു. പുതിയ ചിത്രത്തെ പറ്റി കേട്ടപ്പോള്‍ ഒരു പ്രതീക്ഷ വളര്‍ന്നിട്ടുണ്ട്.കാണണം എന്ന് കരുതുന്നു. മലയാളി പ്രേക്ഷകന്റെ ഉയര്‍ന്ന ആസ്വാദന നിലവാരം മൂലം തിയറ്ററില്‍ എത്ര കാലം തിയറ്ററില്‍ നില്‍ക്കും എന്ന് ഉറപ്പില്ലെങ്കിലും.
ReplyDeleteThanks for the review
ReplyDeleteനല്ല നിരൂപാണമായിട്ടുണ്ടിത് കേട്ടൊ ഭായ്
ReplyDeleteറിവ്യൂ വായിച്ചിട്ട് അക്ഷരാര്‍ത്ഥത്തില്‍ കോരി തരിച്ചു പൊയ്. അസ്സലായിരിക്കുന്നു. സിനിമ ഇവിടെ വന്നാല്‍ എന്തായാലും കാണണം. വായിക്കരുത് എന്ന് പറഞ്ഞത് കൊണ്ട് മറ്റേ.. അലേര്‍ട്ട് ആണ് മുന്നേ വായിച്ചത്. ആദ്യായിട്ടാ അങ്ങനെ ഒരു സംഭവം റിവ്യൂവില്‍ കാണുന്നത്. ഇഷ്ടായി. ടെ പിന്നെ..ഒരു പെഗ് ന്റെ കാശ് ഇങ്ങു തന്നേക്കണം.. കഴിച്ചതൊക്കെ വെള്ളത്തിലായി. ബാബുജി ടെ സ്ക്രിപ്റ്റ് എന്ന് വെച്ചാല്‍ visuals തന്നെയാണെന്ന് കേട്ടിട്ടുണ്ട്. ലിജോ യുടെ പരീക്ഷണങ്ങള്‍ ജനം അംഗീകരിക്കട്ടെ. എല്ലാ ഭാവുകങ്ങളും.
ReplyDeleteഷാജിയുടെ റിവ്യൂ നന്നായി. നായകന്‍ എന്ന ചിത്രം ആളൊഴിഞ്ഞ തിയേറ്ററില്‍ ഇരുന്നു കണ്ടു കയ്യടിച്ച ("ന്യൂ ജെനെരെഷന്‍ ഫിലിം മേകിംഗ് മലയാളത്തില്‍ എത്തിയെ" എന്ന് ഓടി നടന്നു ബ്ലോഗ് ചെയ്ത) ഞാനും കാത്തിരുന്ന ചിത്രമാണിത്. ജയറാം ഏതോ ഇന്റര്‍വ്യൂവില്‍ പറഞ്ഞു കേട്ടിടുണ്ട്, മലയാളത്തിലെ പോലെ അല്ല തമിഴില്‍, അല്പം ഓവര്‍ ആയി അഭിനയിക്കണം എന്ന്. അമ്മ എന്ന് വിളിച്ചാല്‍ പോര, അമ്മാ... എന്ന് അലറി വിളിക്കണം എന്ന്. അത് അക്ഷരം പ്രതി ലിജോ തന്റെ സിനിമയിലെ (എഡിറ്റ് ചെയ്തു കളഞ്ഞാല്‍ പോലും ആരും ശ്രദ്ധിക്കില്ലാത്ത) തമിള്‍ ട്രാക്കില്‍ ഉപയോഗിച്ചിട്ടുണ്ട്, അറുബോറായി. സുബ്രഹ്മണ്യാപുരത്തിലും നടോടികളിലും പരുത്തിവീരനിലും നാം കണ്ടു ചിരിച്ചു മറിഞ്ഞ accent-ഉം തമാശകളും വളരെ ഫെയ്ക് ആയി ഇന്ദ്രജിത്ത് കഷ്ടപ്പെട്ട് അവതരിപിക്കുനത് കണ്ടു വിഷമം തോന്നി. റിയാലിസ്ടിക് ആകാന്‍ വല്ലാതെ ശ്രെമിച്ചിട്ടും പത്തു പേരെ വളറെ കൂള്‍ ആയി തല്ലുന്ന നല്ലവനായ, സുമുഖനായ (കേളു നായനാര്‍ എന്ന) ഗുണ്ടയെ എങ്ങനെ ജോഷി-ഷാജി കൈലാസ് സിനിമകളിലെ നായകന്മാരോട് താരതമ്യം ചെയ്യാതിരിക്കാന്‍ കഴിയും. ഒരു കാരണവും ഇല്ലാതെ അനങ്ങികൊണ്ടിരികുന്ന steady-cam ഷോട്സ് തലവേദന മാത്രം ഉണ്ടാക്കി. അമല്‍ നീരദിന്റെ സ്ലോ മോഷന്‍ കണ്ടിട്ട് ഹൃദയാഘാതം വരാത്ത എനിക്ക് അടി നടക്കുമ്പോ സ്ക്രീനിലേക്ക് നോക്കാന്‍ പോലും സാധിച്ചില്ല എന്നോര്‍ക്കുമ്പോള്‍ നാണം തോനുന്നു. മലയാളത്തില്‍ വളരെ നല്ല ഒരു attempt ആണ് സിറ്റി ഓഫ് ഗോഡ്, വളരെ വ്യതസ്തം. നല്ല ചിത്രം, അതല്ല. പോസ്റ്റര്‍ മേകിങ്ങില്‍ കാണിച്ച ഇന്നൊവേഷന്‍ ഫിലിം മേകിങ്ങില്‍ കൂടി ഉപയോഗിക്കാമായിരുന്നു ലിജോയ്ക്ക്.
ReplyDelete:)maathram
ReplyDeletekaaranam, malayalam ithil pattanilya :((((.. )
സിനിമകളുടെ റിവ്യൂകള്‍ വായിച്ചു പണ്ടാരമടങ്ങിയിട്ട് അതും മനസ്സില്‍ വച്ചുകൊണ്ട് പിന്നീട് സിനിമ കാണുമ്പോള്‍ അതിന്റെ ന്യൂനതകള്‍ മാത്രമേ കാണാനാവൂ.നല്ല ശ്രമങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക തന്നെ വേണം.
ReplyDeleteനന്നായി ഡാ..നല്ല നിരീക്ഷണം.
ReplyDeleteWell said shaji chetta... I saw this film from SARITHA (cochin) the film was not housefull. At the same time the CHRISTY BRO was housefulll :( I felt very sad that why malyaalees not supporting experiments in malayalam. the same people open their mouth when it comes in other languages. KUDOS to LIJO JOSE PELLISSERY and crew. we can see their homework in this project in detail.
ReplyDeleteഷാജിയണ്ണാ...കൊടുകൈ...ഒരു റിവ്യൂ എഴുതി സമയം കളയേണ്ടല്ലോ..ഇത് ഞാൻ അങ്ങ് ദത്തെടുത്തു...എനിക്കു പറയാനുണ്ടായിരുന്നതും അതിൽ കൂടുതലും ഇതിലുള്ളപ്പോ ഇനി ഞാൻ കുത്തിയിരുന്ന് ഒരെണ്ണം എന്തിനാ എഴുതുന്നെ...
ReplyDeleteപിന്നെ ആകെ തുക അങ്ങ് ബോധിച്ചു :-)
തീയറ്ററിൽ പോയി ചിലവന്മാരുടെ കൃമികടി കാണാതെ പടം കാണാൻ കഴിയില്ല എന്ന ഒരു ശോചനീയമായ അവസ്ഥ അടുത്തെങ്ങും മാറില്ല.
Should that style, showing the same scene from the angles of various characters, were done only for a couple of major incidents, the movie would have been 10 times better than it is now. Still I think, Lijo Jose Pellisserri is the most promising young director Malayalam have seen.
ReplyDeleteAlso using real Tamil actors for Swarnavel and Marathakam, would have given a more authentic feeling. Indrajith was still good.
ReplyDeleteപടം കണ്ടു, വളരെയിഷ്ടമായി.
ReplyDeleteപത്തുമുപ്പതു വര്‍ഷമായിട്ടും ജോഷിയും പിന്നെ ഷാജി കൈലാസും, സത്യനന്തിക്കാടുമൊക്കെ ഇപ്പോഴും തുടങ്ങിയിടത്തുതന്നെ നിന്ന് പെരുവിരല്‍ കൊണ്ട് ‘ചേന വരക്കുമ്പോള്‍‘ രണ്ടേ രണ്ടു ചിത്രങ്ങളേ ആയിട്ടുള്ളുവെങ്കിലും ലിജോ ജോസ് പല്ലിശ്ശേരിയൊക്കെ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി മുഖ്യധാരാസിനിമയുടെ വടക്കേപ്പുറത്ത് പാത്രം മോറാന്‍ നില്‍ക്കുന്നില്ലല്ലോ എന്നതു തന്നെ വലിയ കാര്യം. ഏതിന്റെ ഇന്‍സ്പിരേഷനോ (ഇനി കുറച്ചൊക്കെ കോപ്പി തന്നെ എന്നു വെക്കുക) മറ്റോ ആവട്ടെ, രണ്ടേ രണ്ടു ചിത്രങ്ങളില്‍ തന്നെ മുഖ്യധാരയുടെ തനത് ഫോളോവര്‍ അല്ല താനെന്ന് ലിജോ ജോസ് കാണിച്ചല്ലോ. അതൊരു ധൈര്യം തന്നെയാണ്. അത്തരം ശ്രമങ്ങള്‍ക്ക് നേരെ വിദേശ സിനിമയുടെ ഡിവിഡി കോപ്പിയും ടോറന്റ് ഫയലും ചേര്‍ത്ത് വെച്ച് സാമ്യം നോക്കാതെ ആ ധൈര്യത്തിനും ശ്രമത്തിനും കയ്യടി കൊടുക്കാം എന്നാണ് എനിക്ക് തോന്നുന്നത്.
(നിരൂപണം നന്നായി എന്ന് എന്നത്തേയും പോലെ ആവര്‍ത്തിക്കുന്നില്ല) ;)
"ഞാന്‍ ഇങ്ങനെ ഇരുന്നോളാം, എല്ലാം എന്റെ വായില്‍ കുത്തിതിരുകി തന്നോളൂ' എന്ന നടപ്പുരീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകന് ഒരരുചി അനുഭവപ്പെട്ടേക്കാം. മൊബൈലില്‍ സംസാരിച്ച്, അതിന്റെ ഇടവേളകളില്‍ തുടര്‍ച്ച നഷ്ടപ്പെടാതെ കാണുവാന്‍ ശ്രമിക്കുന്നവനും ഈ ചിത്രം ബുദ്ധിമുട്ടായേക്കും. വര്‍ഷങ്ങളായി ശീലിച്ചുവെച്ചതു പലതും മാറ്റുവാന്‍ സമയമായീ എന്റെ പ്രെക്ഷകാ.."
ReplyDeleteട്രാഫിക് റിലീസ് ആയപ്പോള്‍ ആദ്യ ദിവസം തന്നെ 'സിനിമാക്കാരുടെ' 'റിപ്പോര്‍ട്ട് ' വന്നു "കുഴപ്പമില്ല, പക്ഷെ ക്ലാസ്സ് ആയിപ്പോയി " ഷാജി പറഞ്ഞ തെമ്മടിക്കൂട്ടതെക്കള്‍ അരോചകമാണ് ഇവന്മാരുടെ പ്രതികരണങ്ങള്‍ സ്വയം കാണിക്കാന്‍ കഴിയാത്ത ചങ്കൂറ്റം പുതുതായി എന്തങ്കിലും ചെയ്യാന്‍ ആരെങ്കിലും കാണിച്ചാല്‍ ഇവര്‍ അതിനെ കൊല്ലുനത് ഇങ്ങനെ ആണ് :"ക്ലാസ്സ് ആയി പോയി". അതും ഒരു കുറ്റം! . ഇവന്മാരുടെ ആദര്‍ശ സിനിമകള്‍ കുഞ്ഞാടും ബ്രെയിന്‍ ലെസ്സ് ബ്രതെര്‍സ് ഉം ആണ്... 'ജോഷി സര്‍' ആദര്‍ശ പുരുഷനും!
സിറ്റി ഓഫ് ഗോഡ് നെ കുറിച്ചും ഇത് തന്നെ ആയിരുന്നു പ്രതികരണം. ട്രാഫിക് നെ പൊക്കി എടുക്കാന്‍ ആദ്യം ചിത്രത്തില്‍ അഭിനയിക്കാന്‍ പോലും വിസമ്മതിച്ച ശ്രീനിവാസന്‍ പിന്നീട് നന്നായി പരിശ്രമിച്ചു. അത് വിജയിക്കുകയും ചെയ്തു . . ത്രില്ലെര്‍ ഉം താന്തോന്നി യും ഒക്കെ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും പെര്‍ഫെക്റ്റ് സ്ക്രിപ്റ്റ് ആണെന്നും അതെല്ലാം അതി ഗംഭീര സിനെമാകളനെന്നും ഒരു ഉളുപ്പുമില്ലാതെ തട്ടിമൂളിച്ചിട്ടും ഈ സ്ക്രിപ്റ്റ് താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു- എന്ന് പറഞ്ഞ പ്രിഥ്വിരാജ് നെ പോലും സിറ്റി ഓഫ് ഗോഡ് പ്രൊമോട്ട് ചെയ്യാന്‍ കണ്ടില്ല.
ഭരണ കൂടങ്ങളെ കുറിച്ച് പറയപ്പെട്ടിട്ടുള്ള പോലെ ഓരോ പ്രേക്ഷക കൂട്ടത്തിനും അവര്‍ അര്‍ഹിക്കുന്ന സിനിമകള്‍ ലഭിക്കുന്നു! നല്ല സിനിമയെ സ്നേഹിച്ചു തുടങ്ങുന്ന ചെറിയ പ്രേക്ഷക കൂട്ടത്തിനു ലഭിച്ച ആശ്വാസമാണ് ട്രാഫിക് ഉം സിറ്റി ഓഫ് ഗോഡ് ഉം . ആരെങ്കിലും ഒക്കെ മുന്‍പേ നടന്നു തുടങ്ങണ്ടേ ... അതിനു ധൈര്യം കാണിച്ച രാജേഷിനും, ബോബി സഞ്ജയ് ക്കും ലിജോക്കും ബാബു ചേട്ടനും നന്ദി.
liked lijin's comment.
ReplyDeleteനട്ട്സ്, പേടിപ്പിക്കല്ലേ മനുഷ്യനെ വെറുതെ.. :)
ReplyDeleteഡോക്ടര്‍ , ധൈര്യമായി കണ്ടുകൊള്ളൂ. മലയാളിയുടെ ഉയര്‍ന്ന ആസ്വാദന നിലവാരത്തിന്റെ ചില പ്രകടമായ ഫലങ്ങള്‍ തീയ്യേറ്ററില്‍ കണ്ടു തുടങ്ങിയെന്നാണ് അറിയുന്നത് :( കഷ്ടം തന്നെ..!
A.M, :)
മുരളി മുകുന്ദന്‍ മാഷേ, നന്ദി.
dreamyDoodle, :) പുതിയ പുതിയ കാര്യങ്ങള്‍ നമ്മള്‍ കൊണ്ടുവരണ്ടേ പ്രത്യേകിച്ചും സന്ദര്‍ഭം ആവശ്യപ്പെടുമ്പോള്‍ ... '1993 ബോംബെ മാര്‍ച്ച് 12' മികച്ച തിരക്കഥയാണെന്ന് കേള്‍ക്കുന്നു. ലിജോ നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടിരുന്നുവല്ലോ. ആ ചിത്രങ്ങള്‍ കൂടി അങ്ങിനെയാവണം. പ്രത്യേകിച്ചും പുതിയത്.
ബിനു, ചിത്രത്തിലെ സംഘട്ടനങ്ങളില്‍ ഒരുപാട് പേര്‍ നിന്ന് തല്ലു വേടിക്കുന്നുവെങ്കിലും കല്ലുകടി എന്തോ അങ്ങനെ തോന്നിയിരുന്നില്ല. വലിയ സ്ക്രീനിലേക്ക് വരുമ്പോഴുള്ള മാറ്റം മുന്‍കൂട്ടി നിര്‍ണ്ണയിക്കുവാന്‍ ഛായാഗ്രഹകന് കഴിയാതെ പോയതു കൊണ്ടാകണം ചിലര്‍ക്കെങ്കിലും steady-cam ദൃശ്യങ്ങള്‍ കാഴ്ചയില്‍ പ്രശ്നമായത്.
സജീവ് ജി, ഇക്കുറി ക്ഷമിച്ചിരിക്കുന്നു :)
ശ്രീക്കുട്ടാ, നല്ല ചലച്ചിത്ര നിരൂപണങ്ങള്‍ കാഴ്ചക്ക് സഹായകവും ആകാറുണ്ട് ചിലപ്പോള്‍ , അല്ലേ?
യൂസഫ് പാ, നന്ദി :)
സിജീഷ്, ഇവിടെ ചിത്രം കണ്ടുവന്ന എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറയുന്നു. പുറത്ത് വളരെ മോശം അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. തീയറ്ററുകളില്‍ നിന്നും ഞൊടിയിടയില്‍ ചിത്രത്തെ ആട്ടിയോടിക്കുവാന്‍ പൊതുജനം കച്ചകെട്ടി ഇറങ്ങിയ പോലെ... so sad... :(
രാകേഷ്, :)
രാജേഷ്, ലിജോയെ കുറിച്ച് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. സമീപകാലത്ത് കണ്ട ഏറ്റവും മികച്ച casting ആയിരുന്നു ചിത്രത്തിലേത്, മുകളില്‍ എഴുതുവാന്‍ വിട്ടുപോയതാണ്. ഒരു പക്ഷേ, രാജീവ് പിള്ളയൊഴികെ ഒന്നോ രണ്ടോ വട്ടം മാത്രം ചിത്രത്തില്‍ മുഖം കാട്ടുന്നവര്‍ പോലും വളരെ നന്നായി ചെയ്തിരിക്കുന്നു. പൊതുവില്‍ ഈ നല്ല അഭിപ്രായം ഉള്ളതുകൊണ്ട് തന്നെ ഇന്ദ്രജിത്തിനേയും പാര്‍വതിയേയും മാറ്റാമായിരുന്നില്ലേ എന്നതിനോട് യോജിക്കുവാന്‍ കഴിയുന്നില്ല.
നന്ദന്‍, ഇഷ്ടായി...
ലിജിന്‍ , ഭരണ കൂടങ്ങളെ കുറിച്ച് പറയപ്പെട്ടിട്ടുള്ള പോലെ ഓരോ പ്രേക്ഷക കൂട്ടത്തിനും അവര്‍ അര്‍ഹിക്കുന്ന സിനിമകള്‍ ലഭിക്കുന്നു. സത്യം!
Awesome review mashe!
ReplyDeleteEe paranja oro vaakukalodum njan poornamayi yojikkunnu! Pokkirirajayum, thrillerum okke panam vaarunna ee samsthanathu engane ulla cinemakal angeekarikkapedaan budhimuttanu! Paranjittu adhikam kaaryamundenn enikku tonnunilla!
Casting inte kaaryam parayuvanenkil Indrajith tante kazhivu veendum teliyichirikkunnu. Also each and every other characters in the film.
Pazhayakaala nadi Rohini ude abineyam gambheeramayittu enikku tonni. Enikku ee cinemayil etavvum estapetta charactersil onnu athayirunnu. Athum koodi ee review il mention cheyyamayirunnu ennanu ente abhipraayam.
Lijo ku ella bhavukangalum nerunnu.. Njangal koode undu.
soory vaikiyanee padam kandathu
ReplyDeleteanna script enikku dahichilla
karanam veruthey kure sambhavangal
entho enikku ellam koodi
oru totality feel cehythilla
pinne separate ayi chinthichappozhum nothing new
athondayirikkum
pinne camerayum enikku.....
but lijo okay anu ennu sammathikkunnu
അവലോകനം നന്നായിട്ടുണ്ട്, ആശംസകള്‍ !!
ReplyDeleteചിത്രം കണ്ടിറങ്ങിയ ഒരു പ്രതീതി.....