Dec 9, 2009

പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ

'യൌവനതീക്ഷ്ണവും പ്രേമസുരഭിലവുമായ' ഒരു കാലമുണ്ടായിരുന്നു മലയാളത്തിലെ സാഹിത്യത്തിനും ചലച്ചിത്രത്തിനും. ഇക്കാലയളവിലാണ്‌ പ്രഖ്യാതരായ എഴുത്തുകാര്‍ തിരക്കഥാകൃത്തുക്കള്‍ ആയതും സവിശേഷമായ പല സാഹിത്യസൃഷ്ടികളും ചലച്ചിത്രങ്ങളായി വേഷം മാറിയതും. കാലക്രമത്തില്‍ സാഹിത്യവുമായുള്ള വേഴ്ചയില്‍ ചലച്ചിത്രമോ, അല്ലെങ്കില്‍ നേരെ മറിച്ചോ തൃപ്‌തിവരാതെ വിഷമിക്കുകയും വേര്‍പിരിയുകയും സ്വതന്ത്രരായി തുടരുകയും ചെയ്തു. നാളേറെ കഴിഞ്ഞ്‌ തല്‍പ്പരകക്ഷികളില്‍ ആരോ 'ഒരു ചെയ്ഞ്ച്‌ ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌' എന്ന്‌ പറയുകയും, പുതിയ ഉടമ്പടി ഒരുക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു നോവലിനെ ആധാരമാക്കി മലയാളത്തില്‍ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിരിക്കുന്നു, രഞ്ജിത്തിന്റെ 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ'


മാതൃഭൂമി വാരികയില്‍ തുടരനാവുകയും പിന്നീട്‌ കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിക്കുകയും ചെയ്ത ടി.പി രാജീവന്റെ ഇതേ പേരിലുള്ള നോവലാണ്‌ രഞ്ജിത്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിനാധാരം. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളുടെ അവസാനത്തില്‍ പാലേരി എന്ന ദേശത്ത്‌ മാണിക്യം എന്ന യുവതിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദേശത്തിലേക്കുള്ള സാമൂഹികവും രാഷ്ട്രീയവുമായ നോട്ടമായിരുന്നു ഈ നോവൽ‍. ആദ്യം ഇംഗ്ളീഷില്‍ എഴുതിയ നോവല്‍ പിന്നീടാണ്‌ മലയാളത്തിലേക്ക്‌ രൂപം മാറിയത്‌.

ഹേതുവാകുന്ന ഒരു കൊലപാതകം, ഇഴ പിരിയുന്ന ഒട്ടനവധി കഥാപാത്രങ്ങളും സംഭവങ്ങളും തുടര്‍ച്ചകളും. നോവലും ചലച്ചിത്രവും വ്യത്യസ്‌തമായ രണ്ട്‌ മാധ്യമങ്ങള്‍ ആയിരിക്കെ ഒരു പ്രമേയത്തിന്‌ രണ്ട്‌ ഭാഷ്യങ്ങൾ സംഭവിക്കുക സ്വാഭാവികമാണ്‌. നോവലിസ്റ്റും, നോവലിസ്റ്റ്‌ സ്വാതന്ത്ര്യം നല്‍കിയ ഒരു തിരക്കഥാകൃത്തും ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ സാഹിത്യ കൃതികളില്‍ നിന്നുമുള്ള വ്യതിചലനങ്ങള്‍ മുന്‍പ്‌ പലപ്പോഴും വേണ്ടാവിവാദങ്ങളായിട്ടുണ്ട്‌. സരളവും (പെരുവണ്ണാപുരത്തെ വിശേഷങ്ങൾ) ലളിതവും (കയ്യൊപ്പ്‌) കഠിനവും (മായാമയൂരം) കിടിലവും (ദേവാസുരം) അസഹനീയവും (റോക്ക്‌ ആന്റ്‌ റോൾ) തുടങ്ങി ഒരു മാതിരിപ്പെട്ട 'ഇന'ങ്ങളെല്ലാം എഴുതിയിട്ടുണ്ട്‌ തിരക്കഥാകൃത്തായ രഞ്ജിത്‌. ചലച്ചിത്രം എന്നത്‌ പ്രാഥമികമായി ഒരു ദൃശ്യമാധ്യമം ആയിരിക്കുമ്പോഴും മറ്റ്‌ പലരേയും പോലെ രഞ്ജിത്‌ കഥ പൊതുവില്‍ 'പറയുക'യാണ്‌, അല്ലെങ്കില്‍ 'പറയിപ്പിക്കുക'യാണ്‌. മാണിക്യത്തിന്റെ ദൃശ്യരൂപവും ഒരു 'പറച്ചിലാ'ണ്‌. അന്വേഷകനായ ഹരിദാസിന്റെ സരയുവിനോടുള്ള പറച്ചിൽ‍...

പാലേരിയിലെ ആണുങ്ങള്‍ മോഹിക്കുകയും കാമിക്കുകയും ചെയ്ത ഒരു സുന്ദരിയായിരുന്നു ചീരു. ചീരുവിന്‌ ഭര്‍ത്താവ്‌ ഒതേനനില്‍ പിറന്ന മകനാണ്‌ പൊക്കന്‍, ഒരു പൊങ്ങനായ പൊക്കന്‍. പൊക്കന്‌ മംഗല്യം ഒരു സുന്ദരിയായിട്ടായിരുന്നു, മാണിക്യം. മംഗല്യം കഴിഞ്ഞ്‌ പതിനൊന്നാം നാള്‍ മാണിക്യത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. അന്‍പതോളം വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഹരിദാസ്‌ എന്ന അന്വേഷകന്‍ ആ പഴയ മരണത്തിന്റെ രഹസ്യം സ്വതന്ത്രമായി തിരയുന്നതാണീ പാതിരാ കൊലപാതക കഥ.

നോവലിന്റെ പേരില്‍ 'പാലേരി മാണിക്യ'ത്തിനാണ്‌ പ്രാധാന്യം എങ്കിലും ചിത്രത്തിന്റെ പരസ്യചിത്രങ്ങളില്‍ അവസാനഭാഗമായ 'ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'ക്കാണ്‌ പ്രാമുഖ്യം. പഴയ കേരളശബ്ദം വാരികയിലെ കവര്‍ സ്റ്റോറിയിലേതുപോലുള്ള എഴുത്തും 'കൊലപാതകത്തിന്റെ കഥ'ക്ക്‌ കൊടുത്ത പ്രാമുഖ്യവും, ചില കഥാപാത്രങ്ങളുടെ കയ്യിലിരിപ്പും കുടുംബ പ്രേക്ഷകരെ ഒരു വേളയെങ്കിലും ചിത്രത്തില്‍ നിന്നും ഒരു കൈ അകലം പാലിക്കുവാന്‍ ഇട വരുത്തിയേക്കും.

നമ്മുടെ നാടന്‍ ചിത്രങ്ങളായാലും വിദേശഭാഷാ ചിത്രങ്ങളായാലും ചിത്രത്തില്‍ അണിയറപ്രവര്‍ത്തകരുടെ പേര്‌ തെളിയുന്നതിന്‌ തുടര്‍ന്ന്‌ പോകുന്ന ഒരു ക്രമമുണ്ട്‌. നിര്‍മ്മാതാവിന്‌ ശേഷം സംവിധായകന്‍. നിര്‍മ്മാതാവിനേക്കാള്‍ പ്രമുഖനായി എഴുത്തുകാരന്‍ എം.ടി തെളിയുന്നത്‌ ശ്രദ്‌ധയില്‍പ്പെട്ടിട്ടുണ്ട്‌, പലപ്പോഴും. 'മാണിക്യ'ത്തില്‍ കഥാകൃത്തായ ടി.പി രാജീവന്‍ തെളിയുന്നതും നിര്‍മ്മാതാക്കളുടെ പേരിന്‌ ശേഷം.

രഞ്ജിത്തിന്റെ ആദ്യ തിരക്കഥയിലും (ഒരു മെയ്മാസ പുലരിയിൽ) കേന്ദ്രബിന്ദു ഒരു മരണമാണ്‌. നേരത്തെ സൂചിപ്പിച്ചതുപോലെ രഞ്ജിത്തിലെ തിരക്കഥാകൃത്ത്‌ നോവലില്‍നിന്നും വ്യതിചലിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ എളുപ്പം എന്ന്‌ പറയേണ്ടിവരുന്ന കൂട്ടി യോജിപ്പിക്കല്‍ ആണ്‌ അതില്‍ അധികവും. രണ്ട്‌ കാലങ്ങളെ ക്യാന്‍വാസിലെ രണ്ട്‌ അറ്റത്ത്‌ പ്രതിഷ്ഠിക്കുകയും അന്വേഷകന്‍ (അഥവാ കഥാപ്രാസംഗികന്‍) മദ്ധ്യത്തിലൂടെ നടന്ന്‌ കഥ പറയുകയും ചെയ്യുന്ന ഒരിടത്ത്‌ മാത്രം രഞ്ജിത്തിന്‌ ഒരു നല്ല കയ്യടി...

ചുവപ്പും മഞ്ഞയും കലര്‍ന്ന നിറങ്ങളില്‍ പഴയ കാലത്തെ വേര്‍ത്തിരിക്കാന്‍ വ്യക്‌തമായി ശ്രമിച്ചിട്ടുണ്ട്‌, ഛായഗ്രാഹകനായ മനോജ്‌ പിള്ള ചിത്രത്തിന്റെ ആദ്യ രംഗങ്ങളി‍ൽ. പക്ഷേ, ആ സൂക്ഷ്മതയും വ്യക്തതയും ഏറെയൊന്നും തുടര്‍ന്ന്‌ പോകുന്നില്ല. നിറഭേദങ്ങളിലൂടെ പുതിയ-പഴയ കാലഘട്ടങ്ങളെ ചിത്രത്തിലുടനീളം നിലനിര്‍ത്തിയിരുന്നെങ്കില്‍ മനോഹരമാകുമായിരുന്നു. അന്‍പതുകളിലെ പാലേരിയും മാണിക്യത്തിന്റെ വീടും മണ്ണിടവഴികളും എല്ലാം മുരുകന്‍ കാട്ടാക്കടയുടെ കലാസംവിധാനമാണ്‌ (നമ്മുടെ കവി തന്നെയാണോ ഈ കലാസംവിധായകന്‍?).

ഒരു പക്ഷേ ഈ ചിത്രത്തിലെ ഏറ്റവും സവിശേഷമായ വിഭാഗം അഭിനയമാണ്‌. മമ്മുട്ടി വിവിധ വേഷങ്ങളില്‍ പ്രത്യക്ഷമാവുന്നുണ്ട്‌ ചിത്രത്തിൽ. വിവിധ വേഷങ്ങളിൽ ഒന്നായ, ജന്‍മിയും സ്ത്രീലമ്പടനുമായ അഹമ്മദ്‌ ഹാജിയും ശ്രീനിവാസന്റെ വൃദ്ധനായ ബാര്‍ബര്‍ കേശവനും ശ്വേത മേനോന്റെ ചീരുവും വളരെ നന്നായിരിക്കുന്നു. മൈഥിലി, ഗൌരി എന്നിവരും മറ്റ്‌ പ്രധാന കഥാപാത്രങ്ങളാവുന്നു. ഒട്ടനവധി നാടക കലാകാരന്‍മാരുടേയും റിയാലിറ്റി ഷോ കണ്ടെത്തലുകളുടേയും ചലച്ചിത്രാഭിനയ രംഗത്തെ തുടക്കമാണ്‌ ഈ മാണിക്യം. മുരളി മേനോന്റെ നേതൃത്വത്തില്‍ പത്ത്‌ ദിവസത്തെ അഭിനയ കളരിയിലൂടെ, ചലച്ചിത്രത്തിന്‌ പാകപ്പെടുത്തി എടുക്കുകയായിരുന്നു ഈ നടന്‍മാരെയെല്ലാം. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും പ്രസിദ്ധനായ നാടക പ്രവര്‍ത്തകനുമായ ജയപ്രകാശ്‌ കുളൂർ‍, ചലച്ചിത്ര-നാടക നടന്‍ നെല്ലിക്കോട്‌ ഭാസ്കരന്റെ മകന്‍ ചിത്രഭാനു, മാണിക്യത്തിന്റെ യഥാര്‍ഥ ജീവിതത്തിലെ ഭർത്താവ്‌ പൊക്കന്റെ സുഹൃത്ത്‌ ബെന്‍പാല്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പൊക്കനായ ശ്രീജിത്ത്‌ കൈവേലി, കണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട്‌ മണാലത്തായ ശശി കലിംഗ തുടങ്ങിയവരെ നമുക്കിനിയും കാണേണ്ടിവരും.

തീര്‍ന്നില്ല, അറിയപ്പെടുന്ന രണ്ട്‌ തിരക്കഥാകൃത്തുക്കളും അഭിനേതാക്കളാവുന്നുണ്ട്‌ ഈ ചിത്രത്തില്‍ പഴയകാല കമ്മ്യൂണിസ്റ്റ്‌ നേതാവാകുന്ന ടി ദാമോധരനും ഗസല്‍ ഗായകനാകുന്ന ടി.എ റസാഖും.

ആകെത്തുക: ചില സമീപകാല ചലച്ചിത്രാനുഭവങ്ങള്‍പോലെ നിങ്ങള്‍ക്ക്‌ സ്വയം ശപിച്ച്‌ തീയ്യേറ്റര്‍ വിട്ടിറങ്ങേണ്ടി വരില്ല.

39 comments:

  1. അഭിനേതാക്കളെ എല്ലാവരേയും പരിചയപ്പെടുത്തിയതിനു പ്രത്യേകം നന്ദി. :-) ഇതൊക്കെ എവിടെനിന്നു ലഭിച്ചു? രഞ്ജിത്ത് എഴുതിയ ‘ഇന’ങ്ങള്‍ രസിച്ചു.
    “മാണിക്യത്തിന്റെ യഥാര്‍ഥ ജീവിതത്തിലെ ഭര്‍ത്താവ്‌ പൊക്കന്റെ സുഹൃത്ത്‌ ബെന്‍പാല്‍ തുടങ്ങിയവര്‍... ” - ഇതെന്താണ് ഉദ്ദേശിച്ചത്?

    കുറച്ചു വിവരങ്ങള്‍ പങ്കുവെച്ചതല്ലാതെ ചിത്രത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളൊക്കെ കുറവാണല്ലോ! അതെന്തുപറ്റി?
    --

    ReplyDelete
  2. ചിത്രത്തെകുറിച്ച് വളരെ നല്ല അഭിപ്രായമാണ് കേൾക്കുന്നത്

    ReplyDelete
  3. Father and Elder Brother Mammooty are good ....but origenal Mammootyy who taking the investigation is not comming good,due to his old face...........not a hot hero with that Heroin ..looks like an old man who taking Documentary

    ReplyDelete
  4. നിരീക്ഷണം ഇഷ്ട്ടപ്പെട്ടു.

    മനസിലാകാത്തത് ബ്ലോഗിന്റെ ടൈറ്റിലാണ്.
    സിനിമകള്‍ പലതരം - കണ്ടിരിക്കേണ്ടത്, കാണാന്‍ കൊള്ളാവുന്നത്, കാണരുതാത്തത്.

    സിനിമകളില്‍ ഇങനെ പലതരമുണ്ട് എന്ന് കരുതാന്‍ വയ്യ. എല്ലാ സിനിമകളും കാണാന്‍ വേണ്ടിയുണ്ടാക്കുന്നതാണ് എന്നു കരുതുന്നു,

    മോശം എന്ന് പറയപ്പെടുന്ന സിനിമകളീല്‍ പോലും ഒരു നല്ല ഫ്രൈമോ അല്ലെങ്കില്‍ ഒരു നല്ല ഡയലോഗ്, ഒരു നല്ല കഥാപാത്രമോ ഉണ്ടാകും എന്നതാണ് എന്റെ വിശ്വാസം.

    സിനിമകള്‍ സംവിധായകന്റെ ശ്ര്ഷ്ട്ടിയാണ് അയ്യാളുടെ വേവ് ലെങ്ത്ത് പ്രേഷകന്റെതുമായ് ഒരേ രേഖയില്‍ വരുമ്പോ രസിക്കപ്പെടുന്നു, അല്ലാതെ വരുന്ന സമയങളില്‍ അരസികത്ത്വം എന്നും നാം പറയുന്നു.അത് പ്രേഷകന്റെ കഴിവുകേടാണോ.
    അത് സംവിധായകന്റെയല്ല എന്ന പക്ഷക്കാരനാണ് ഞാന്‍. സിനിമ സംവിധായകന്റെ ശ്ര്ഷ്ട്ടിയാണ് എന്ന് കരുതുന്ന വരെയെങ്കിലും. ഒരു സിനിമയും എല്ലാവരേയും ത്ര്പ്തിപ്പെടുത്താന്‍ കഴിയുന്നവയല്ല.


    അല്ലെങ്കിലും നല്ല സിനിമകള്‍ കാണേണ്ടത്
    “അയ്യാള്‍ക്ക് എന്താണ് ജനത്തിനോട് പറയാനുള്ളത്” എന്ന് കാണാം എന്ന മനോഭാവത്തിലായിരിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍.
    പ്രേഷകര്‍ അങനെ ചിന്തിച്ചു തുടങുന്ന സമയത്ത് കാറ്റഗറി സംവിധായകര്‍ ഉണ്ടാകും, അവരുടെ ചിന്തകളുമായ് ഇണങുന്ന ഒരു കൂട്ടം പ്രേഷകരും.


    സിനിമയെ ശ്വാസത്തില്‍ കൊണ്ട്നടക്കുന്ന ഒരാളാണ് ഞാന്‍, മനസുകൊണ്ട് നിങളോട് അടുപ്പം തോനുന്നത് സിനിമയോടുള്ള സ്നേഹം കൊണ്ട് കൂടിയാവണം. ഈഗോയില്ലാത്ത ഒരു നല്ല ചങാത്തം പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. ഹരീ, ചിത്രങ്ങളെക്കുറിച്ച്‌ വായിക്കുമ്പോള്‍ ചില്ലറ കുറിപ്പുകള്‍ എഴുതാറുണ്ട്‌. ചിലപ്പോള്‍ അവയൊക്കെ സഹായിക്കാറുമുണ്ട്‌. ടി.പി രാജീവന്റെ നാടാണ്‌ പാലേരി. പണ്ട്‌ പാലേരിയില്‍ മാണിക്യം എന്ന് പേരായ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിരുന്നു. റിട്ട. അധ്യാപകനായ ബെന്‍പാല്‍ ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്‌ കൂടിയായിരുന്നു. ബെന്‍പാല്‍ ചിത്രത്തില്‍ കുഞ്ഞിക്കണ്ണന്‍ എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌.

    അനൂപ്‌, ശരിയാണ്‌ പൊതുവില്‍ ഒരു അഭിപ്രായം ഉണ്ട്‌...

    പ്രസാദ്‌, അഛ്ചനോളം വരുമോ മക്കള്‍? ഇല്ല എന്ന്‌ തന്നെയാണ്‌ വിശ്വാസം.

    പാണ്ഡവാ, :) ചലച്ചിത്രങ്ങള്‍ പലതരം എന്നല്ല, മൂന്നുതരം എന്നാണ്‌ എഴുതിയത്‌... ചലച്ചിത്രം എന്ന ജനുസ്സില്‍പ്പെടുന്ന എന്തും കാണുവാന്‍ ശ്രമിക്കാത്ത ഒരാള്‍ തന്നെയാണ്‌ ഞാന്‍. കാണുവാന്‍, കണ്ടുതീര്‍ക്കുവാന്‍ ഒരുപാട്‌ നല്ല ചിത്രങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ എന്തിനാണ്‌ സമയം മിനക്കെടുത്തുന്നത്‌. പത്തില്‍ ഒന്‍പത്‌ തെറ്റ്‌ ഉണ്ടാകുമ്പോഴും ഒരു ശരി ഉണ്ടായേക്കാം എന്ന്‌ മാത്രം... തന്റെ മറുപടിയും പ്രൊഫൈലിലെ എഴുത്തും ഇഷ്‌ടായി. ഇനിയും കാണണം...

    ReplyDelete
  6. ഷാജീ..താങ്കളുടെ “ആകെത്തുക“ ഗംഭീരം എന്ന് പറയാതിരിക്കാൻ വയ്യ.റിവ്യൂ വായിച്ച് ഡിലമൈലാവുന്ന എന്നേപ്പോലുള്ള സാധാ സിനിമാപ്രേമികൾക്ക് വളരെ സഹായകരം :)

    ചിത്രനിരീക്ഷണമെന്ന ബ്ലോഗ് ഹെഡ്ഡിംഗിനു താഴെയുള്ള അടിക്കുറിപ്പും കലക്കൻ..!

    ReplyDelete
  7. ഛായ്..“താഴെയുള്ള അടിക്കുറിപ്പ്”ന് മ്യാപ്പ് തരൂ..:)

    ReplyDelete
  8. പതിവുപോലെ നിരൂപണം നിക്ഷ്പക്ഷം. അഭിനേതാവിനെ പരിചയപ്പെടുത്തലുകളും നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍....

    രാജ്

    ReplyDelete
  9. നോവല്‍ വായിച്ചിരുന്നു.ഇനി സിനിമ കാണുക തന്നെ.നിരീക്ഷണത്തിലെ അവസാന വാചകം ഗ്യാരന്റിയായി എടുക്കുന്നു!

    ReplyDelete
  10. നോവൽ വായിച്ചിട്ടുണ്ട്. ഇനി സിനിമ കണ്ടുനോക്കണം...
    നോവലും സിനിമയും തമ്മിൽ ഒരു താരതമ്യത്തിന് മുതിരാതെ ‘ബ്ലാങ്ക്’ ആയി സിനിമ കാണുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു അല്ലേ..?

    ReplyDelete
  11. ആകെത്തുക: ചില സമീപകാല ചലച്ചിത്രാനുഭവങ്ങള്‍പോലെ നിങ്ങള്‍ക്ക്‌ സ്വയം ശപിച്ച്‌ തീയ്യേറ്റര്‍ വിട്ടിറങ്ങേണ്ടി വരില്ല.


    ആകെത്തുകയ്ക്കൊരു സലാം......

    ReplyDelete
  12. ചിത്രവിശേഷ്ത്തിലെ കമന്റ് കോപ്പിപേസ്റ്റുന്നു:

    രഞ്ജിത്തിന്റെ പുതിയ പരീക്ഷണം ഒരു പരാജയമല്ല.ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചിത്രത്തിൽ നിന്ന് കണ്ടെടുക്കാനാകും.ചിത്രീകരണത്തിലെ പുതുമ,ഹാജി,ചീരു,പൊക്കൻ,കേശവൻ തുടങ്ങിയ കഥാപാത്രങ്ങൾ,സംഗീതം,ഛായാഗ്രഹണം,എഡിറ്റിംഗ് തുടങ്ങിയവ.

    നോവൽ മുഴുവനായിട്ടല്ലെങ്കിലും കുറേയൊക്കെ ഞാൻ വായിച്ചിരുന്നു.അതുകൊണ്ട് തന്നെ ഇതെങ്ങനെ സിനിമയാകുമെന്ന് ഞാൻ സംശയിച്ചിരുന്നു.അവിടെ രഞ്ജിത്ത് എന തിരക്കഥാകൃത്ത് എന്നെ അത്ഭുതപ്പെടുത്തി.പോരായ്മകളിൽ നിന്ന് മുക്തമല്ലെങ്കിലും തരക്കേടില്ലാത്ത ഒരു തിരക്കഥയാണ് രഞ്ജിത്ത് ഒരുക്കിയത്.ഇതൊരു കുറ്റാന്വേഷണചിത്രമായിപ്പോകാതെ സം‌യമനം പാലിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.വിശദീകരിക്കേണ്ടുന്ന,എന്നാൽ ശ്രദ്ധിക്കുകപോലും ചെയ്യാതെ വിട്ട ചില ഭാഗങ്ങളും ഉണ്ട്.

    ഒരു സംവിധായകൻ എന്ന നിലയിൽ രഞ്ജിത്തിന് ഞാൻ മുഴുവൻ മാർക്കും നൽകും.ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം എടുത്ത ബുദ്ധിമുട്ട് സിനിമ കാണുന്നവർക്ക് മനസ്സിലാകും. ഈ ചിത്രത്തിനു വേണ്ടി അവലം‌ബിച്ചിരിക്കുന്ന ചിത്രീകരണരീതി എടുത്തുപറയേണ്ടതാണ്. ഹരിദാസിന്റെ നറേഷൻ ഉപയോഗിച്ചിരിക്കുന്ന ചില രം‌ഗങ്ങൾ പ്രത്യേകപരാമർശം അർഹിക്കുന്നു.സ്ത്രീസൌന്ദര്യത്തിലേക്കുള്ള ക്യാമറാകാഴ്ചകൾ ഭരതൻ-പദ്മരാജൻ സിനിമകളെ ഓർമ്മിപ്പിച്ചു.

    അഭിനേതാകളിൽ ഏതാണ്ടെല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തി.അതിൽ എടുത്തുപറയേണ്ടത് മമ്മൂട്ടിയുടെ അഹമ്മദ് ഹാജി തന്നെ.’വിധേയനിലെ’ ഭാസ്കരപട്ടേലർക്ക് ശേഷം മമ്മൂട്ടി ചെയ്ത ഏറ്റവും നല്ല നെഗറ്റീവ് കഥാപാത്രം.ഹരിദാസ് എന്ന കഥാപാത്രം അതർഹിക്കുന്ന പരിഗണന ലഭിച്ചിട്ടുണ്ട് എന്നുതന്നെയാണ് ഞാൻ കരുതുന്നത്.മമ്മൂട്ടിയുടെ മൂന്നാമത്തെ കഥാപാത്രമായ ഖാലിദ് മുഹമ്മദ് ഈ സിനിമയുടെ ഏറ്റവും വലിയ കുറവായി പറയാം.തികച്ചും അനാവശ്യമായിരുന്നു ആ കഥാപാത്രം മമ്മൂട്ടിയിലൂടെ അവതരിപ്പിക്കപ്പെട്ടത്.എടുത്ത് പറയേണ്ട മറ്റൊരു അഭിനയം പൊക്കന്റേതാണ്.തികച്ചും അന്നുയോജ്യമായ തെരഞ്ഞടുപ്പ്.ശ്വേതാമേനോനും നന്നായിരുന്നു.ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ആരും മോശമായില്ല.

    ടൈറ്റിലുകൾ മനോഹരമായിരുന്നു.സം‌ഗീതവും പശ്ചാത്തലസം‌ഗീതവും മികവ് പുലർത്തി.ഛായാഗ്രഹണവും എഡിറ്റിം‌ഗും മേയ്ക്കപ്പും വസ്ത്രാലങ്കാരവും ശരാശരിക്കും വളരെമുകളിലായിരുന്നു.

    നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകൻ കണ്ടിരിക്കേണ്ട ചിത്രം.ഒന്നല്ല രണ്ടുവട്ടം............:0)

    ReplyDelete
  13. നന്നായിട്ടുണ്ട്. ‘ഇനങ്ങൾ’ രസിച്ചു.

    ReplyDelete
  14. ഞാന്‍ നിങളൂടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് തന്നെ പറയട്ടെ. ഒരു സദ്ദ്യയില്‍ നമുക്ക് ഇഷ്ട്ടപ്പെടാത്ത കറികളും ഇഷ്ട്ടപ്പെട്ടവയുമുണ്ടാകാം.മൊത്തത്തില്‍ നമുക്കത് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും ചില കറികളുടെ ടേസ്റ്റ് നാവിലുണ്ടാവും.
    അതു പോലെയാണ് സിനിമയും,
    നിങളൂടെ ചിന്തകളുമായ് യോജിച്ചു പോകുന്ന ചില നല്ല നിമിഷങളെങ്കിലും ആ ‘മോശം’ എന്ന് പറഞ് കാണാതിരുന്ന സിനിമയില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് കാണാതെ പോയത് ഒരു നഷ്ട്ടമാകില്ലേ..?

    നാളെ ഒരു സംവിധായകനാകേണ്ട നിങള്‍ എല്ലാ തരം സിനിമകളും കാണുക, എന്താണ് ആ സിനിമയിലെ പരാജയം എന്ന് മനസിലാക്കിയാല്‍ നാളെ നിങള്‍ക്കൊരിക്കലും ആ അബദ്ദം പറ്റില്ലാല്ലൊ.

    താങളുടെ അനിമേഷന്‍ ഫിലിമിന് എല്ലാവിധ ഭാവുകങളും നേരുന്നു.NID യുടെ ഓഡിറ്റോറിയം താങളിലെ പ്രതിഭയെ തിരിച്ചറിയും.

    ReplyDelete
  15. Am I late in coming this way? :)
    I am adding your blog link in my blog...
    വല്ലപ്പോഴും ആ വഴിയും വന്നു പോകൂ...

    ReplyDelete
  16. പാലേരി മാണിക്യത്തെ തീയേറ്ററിൽ നിന്ന് കെട്ടു കെട്ടിക്കുന്നതിനുമുമ്പ് വേഗം ചെന്നു കണ്ടു.

    (നോവലും സിനിമയും തമ്മിലൊരു താരതമ്യം നടത്താതിരിക്കുകയാണെങ്കിൽ) സിനിമ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല എന്നു പറയാം. ഓരോ സീനും ആസ്വദിച്ചു കണ്ടു. മമ്മൂട്ടിയുടെ ഹാജിവേഷത്തെക്കുറിച്ചുണ്ടായിരുന്ന എന്റെ ആശങ്കകളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് അദ്ദേഹം തകർത്തഭിനയിച്ചു. വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടി മമ്മൂട്ടിയല്ല്ലാതായിമാറിയ ഒരു വേഷപ്പകർച്ച കാണുന്നത്. അത്രയും സന്തോഷം. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മമ്മൂട്ടി ഫാൻസ് പോലും ഈ സിനിമയെ കൈവിട്ട ലക്ഷണമായിരുന്നു തിയേറ്ററിൽ. (അതുകൊണ്ട് യാതൊരു ശല്യവുമില്ലാതെ സ്വസ്ഥമായിരുന്ന് സിനിമ കാണാൻ പറ്റിയെന്നത് വേറെ കാര്യം)

    മറ്റുനടീനടന്മാരും താന്താങ്ങളുടെ വേഷം മികച്ചതാക്കി. പ്രത്യേകിച്ചും ശ്വേതാ മേനോൻ.
    സരയൂ എന്ന കഥാപാത്രത്തിന് നോവലിൽ കുറച്ചെങ്കിലും വ്യക്തിത്വം ഉണ്ടായിരുന്നു. സിനിമയിൽ സരയൂ വെറുമൊരു നിഴൽ മാത്രം. സരയൂ ആയി അഭിനയിച്ചിരിക്കുന്ന നടിയും തഥൈവ.
    സിദ്ധിഖിന് തന്റെ വേഷം കുറച്ചുകൂടി നന്നാക്കാമായിരുന്നു. ശ്രീനിവാസന്റെ മേക്കപ്പ് ഒരു നാടകത്തിലേതുപോലെ തോന്നി.

    ReplyDelete
  17. This is purely a "Jada" cinema from Ranjith- filled with a verbose hero drinking all the time tagged with a smoking nubile girl on hand. Does Mammooty look 52 years old ( according to the story) in the film? Also the role of a writer-cum investigator added by Ranjith had failed miserably. Sreenivasan's make up looks awful. The background score is jarring with some sort of jingling sounds to create horror mood.The sex scenes will definitely keep away the family audiences. Over all only pass Marks and nothing more!

    ReplyDelete
  18. സിനിമയുടെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ കവി മുരുകന്‍ കാട്ടാക്കടയല്ല. നാടകസംവിധായകനും നടനുമായ മറ്റൊരു കാട്ടാക്കട മുരുകന്‍ ഉണ്ട്‌. അദ്ദേഹമാണോ എന്ന്‌ എനിക്കു സംശയമുണ്ട്‌. അല്ലെങ്കില്‍ ഇപ്പോള്‍ മൂന്നാമതൊരു മുരുകന്‍ കാട്ടാക്കട കൂടി രംഗപ്രവേശം ചെയ്‌തുവെന്നു വേണം കരുതാന്‍.
    ്‌അഭിനേതാക്കളില്‍ കുറച്ചുപേരെക്കൂടി പരിചയപ്പെടുത്തിയതു നന്നായി. ശശിച്ചേട്ടന്റെ മണാലത്ത്‌ വളരെ ഗംഭീരമായി. നന്നായി ഹാസ്യം ചെയ്യുന്ന അദ്ദേഹം എത്ര ഗാംഭീര്യത്തോടെയാണ്‌ മണാലത്തിനെ അവതരിപ്പിച്ചിരിക്കുന്നത്‌. വായില്‍ ആവശ്യത്തിനു പല്ലില്ലാത്തതിനാല്‍ അദ്ദേഹം തന്നെയാണോ ഡബ്ബ്‌ ചെയ്‌തതെന്നു സംശയം. കുളൂര്‍ മാഷും കലക്കി. പിന്നെ, നടന്മാരെല്ലാം നന്നായതിനാല്‍ ഓരോരുത്തരുടെയും പേരെടുത്തു പറയുന്നതില്‍ അര്‍ഥവുമില്ല. മിമിക്രിക്കാരെയല്ല നാടകക്കാരെയാണ്‌ സിനിമയ്‌ക്കാവശ്യമെന്നുകൂടി രഞ്‌ജിത്ത്‌ തെളിയിച്ചിരിക്കുകയാണ്‌. മറ്റൊന്ന്‌ പറയാനുള്ളത്‌ മമ്മൂട്ടിയുടെ ഈ സിനിമയിലെ രൂപം രൂപകല്‍പനചെയ്‌ത വ്യക്തിയെപ്പറ്റിയാണ്‌. മൂന്നു പ്രായത്തിലെ കഥാപാത്രങ്ങളെ മമ്മൂട്ടിയുടെ രൂപത്തില്‍ വരയ്‌ക്കാനാണ്‌ രഞ്‌ജിത്ത്‌ ആവശ്യപ്പെട്ടത്‌. അങ്ങിനെ വരച്ചുകൊടുത്തതില്‍ അവര്‍ സ്വീകരിച്ച രൂപമാണ്‌ കുഞ്ഞഹമ്മദു ഹാജിയായി വന്നത്‌. മണല്‍ശില്‍പങ്ങളും മറ്റും ചെയ്യുന്ന ദീപക്‌ മൗത്താട്ടിലിന്റേതാണ്‌ ആ രൂപകല്‍പന. പക്ഷെ, സിനിമയുടെ ക്രെഡിറ്റിലൊരിടത്തും ദീപക്കിന്റെ പേരു കണ്ടില്ല. (സിനിമ ചിത്രീകരണം തുടങ്ങും മുമ്പേ ആ രേഖാചിത്രങ്ങള്‍ ദീപക്‌ എന്നെ കാണിച്ചതിനാലാണ്‌ ഞാനിത്ര കൃത്യമായി പറയുന്നത്‌.) കേരള കഫേയില്‍ ഐലന്‍ഡ്‌ എക്‌സ്‌പ്രസ്‌ എന്ന ഭാഗത്തിന്റെ തുടക്കത്തിലെ മണല്‍ശില്‍പങ്ങളും ദീപക്കാണ്‌ നിര്‍മിച്ചത്‌.

    ReplyDelete
  19. Kiranz, അഭിപ്രായത്തിന്‌ നന്ദി... താങ്കൾ ഉദ്ദേശിച്ചതുതന്നെയാണ്‌ അത്‌ എഴുതുമ്പോൾ ഞാനും ഉദ്ദേശിച്ചത്‌. താഴെയുള്ള കുറിപ്പ്‌ ഇത്ര പ്രശ്‌നമാണോ, ന്റെ മാഷേ...

    Raj ഭായ്‌, :) :)

    ജ്വാല, :) കണ്ടിട്ട്‌ അഭിപ്രായം എഴുതുമല്ലോ..

    ബിന്ദു കെ.പി, വ്യത്യസ്‌തമായ രണ്ട്‌ മാധ്യമങ്ങളാൺ ചലച്ചിത്രവും നോവലും എന്നുള്ളതുകൊണ്ട്‌ തന്നെ താരതമ്യം ചെയ്യാതിരിക്കുന്നതല്ലേ നല്ലത്‌.

    ചെ.പോ, :) നന്ദി...

    ഗന്ധർവ്വാ, ചിത്രീകരണവും ചിത്രസംയോജനവും മികച്ചതാണ്‌ എന്നൊരു അഭിപ്രായം എനിക്കില്ല. അഭിനേതാക്കളെ കുറിച്ച്‌ പറഞ്ഞതിനോട്‌ പൂർണ്ണമായും യോജിക്കുകയും ചെയ്യുന്നു.

    ഏറനാടൻ, :) നന്ദി...

    പാണ്‌ഡവാ, എന്തും വാരിവലിച്ച്‌ തിന്നിരുന്നു കുറച്ച്‌ നാൾ മുൻപ്‌ വരെ. അന്ന് കയ്യിൽ ചിത്രങ്ങളും കുറവായിരുന്നു. പക്ഷേ, ഇന്ന്, വിസ്മയിപ്പിക്കുന്ന സംവിധായകരും അവരുടെ ചിത്രങ്ങളും അലമാരയിൽ നിറഞ്ഞിരുന്ന് എന്നെ നോക്കി എന്നും ചിരിക്കുന്നു. അപ്പോൾ പിന്നെ, നേരത്തെ പറഞ്ഞപോലെ സമയം നമ്മൾ മിനക്കെടുത്തണോ...

    ശരിയാണ്‌ ഞാൻ ആഗ്രഹിക്കുന്നു, ഒരിക്കൽ, അബദ്‌ധങ്ങൾ ഇല്ലാത്ത ഒരു ചലച്ചിത്രകാരനാകാൻ...

    അനിമേഷൻ ചിത്രം പൂർണ്ണമായും ധനീഷിന്റെ-എന്റെ സുഹൃത്തിന്റെ- ചിത്രമാണ്‌. മൂലകഥ മുതൽ അത്‌ തുടങ്ങുന്നു. ചിത്രം സംസാരിക്കുന്നത്‌ ഞാൻ എഴുതിയ വാക്കുകളും. എന്തായാലും ഒരു തുടക്കം തന്നെയാണ്‌ അത്‌, എന്നതിൽ തർക്കമില്ല.

    നതാഷ, ലിങ്കിന്‌ നന്ദി. ഒട്ടും വൈകിയില്ലന്നേ... സ്ഥിരമായി എഴുതി തുടങ്ങിയിട്ട്‌ ഏറെയായില്ല. മുൻപ്‌ പലവട്ടം ഞാൻ നതാഷയുടെ ബ്ലോഗ്‌ വായിച്ചിരുന്നു. അഭിപ്രായം കോറിയില്ലന്നേയുള്ളൂ...

    ReplyDelete
  20. ബിന്ദു കെ.പി, ഇന്ന് യാദൃശ്ചികമായി ഒരു സുഹൃത്തിനൊപ്പം 'മാണിക്യം' പ്രദർശിപ്പിക്കുന്ന തീയ്യേറ്ററിൽ പോകുവാനിടയായി. ഒരു ടിക്കറ്റിന്‌ മൂന്ന് മമ്മുട്ടിയെ കിട്ടിയിട്ടും ഫാൻസിന്റെ ബഹളമില്ല.

    ശരിയാണ്‌, മമ്മുട്ടിയുടേതല്ലാത്ത ഒരു ശരീരഭാഷയുണ്ട്‌ തെമ്മാടി ഹാജിക്ക്‌... :) മുകളിൽ സൂചിപ്പിച്ച ആ മോശമായ പകർന്നാട്ടങ്ങളോട്‌ യോജിക്കുന്നു.

    അനോണി, ജാരസന്തതിയും ഒറിജിനലും ഒരൽപ്പം നിരാശ ബാക്കി വെക്കുന്നുണ്ടല്ലേ..?

    ടി.സി രാജേഷ്‌, കലാസംവിധായകനല്ല നമ്മുടെ കവി എന്നൊരു തോന്നൽ ഉണ്ടായത്‌ കൊണ്ടാണ്‌ ഞാൻ അക്കാര്യം സൂചിപ്പിച്ചത്‌. എന്തായാലും പേരിലെ ഈ യാദൃശ്ചികത ഭയങ്കരം.

    ശശി കലിംഗയുടേതല്ല ആ ശബ്‌ദം. നാടകക്കാർക്ക്‌ ചലച്ചിത്രത്തിൽ അൽഭുതങ്ങൾ കാണിക്കുവാൻ കഴിഞ്ഞേക്കുമെന്ന് 'കമീനെ' കണ്ടപ്പോഴും തോന്നിയിരുന്നു. സംവിധായകൻ മറന്ന (?) ദീപകിനെ പരാമർശിച്ചതിന്‌, പരിചയപ്പെടുത്തിയതിന്‌ ഇമ്മിണി ബല്യ ഒരു നന്ദി...

    ചലച്ചിത്രോത്സവം നാളെ തുടങ്ങുകയായി... ഉത്സവ പറമ്പിൽ ആയതുകൊണ്ട്‌ മറുപടികൾ വൈകിയേക്കും... എങ്കിലും അഭിപ്രായങ്ങൾ എഴുതുമല്ലോ... ഒപ്പം ഞാൻ ഉത്സവത്തെക്കുറിച്ച്‌ എഴുതുവാൻ ശ്രമിക്കാം...

    ReplyDelete
  21. സിനിമ യുടെ മുഴുവന്‍ കഥകൂടി പറഞ്ഞു തരൂ...കൂട്ടുകാര്‍ക്കിടയില്‍ ഷൈന്‍ ചെയ്യാനാ...നമ്മള് പിന്നെ തെയേട്ടരിലോന്നും പോയി സിനിമ കാണാറില്ല...

    തസ്ലീം.പി

    ReplyDelete
  22. എനിക്കെന്ത് പറ്റീന്നറിയില്ല,മാതൃഭൂമിയില്‍“പാലേരി
    മാണിക്യം”ഖണ്ഠശ: വായിച്ചതിന്‍റെ ‘ത്രില്ല്’അഭ്രപാളി
    നല്‍കീല്ല!ഒന്നുകൂടി ഹാജിക്കാന്‍റെ പോക്കിരിത്തരങ്ങള്‍
    കാണട്ടെ...

    ReplyDelete
  23. കണ്ടു ഇന്നലെ . ശപിക്കാതെ തീയറ്റര്‍ വിട്ടിറങ്ങുകയും ചെയ്തു. എല്ലാ സംവിധായകരും ഇതുപോലെയൊക്കെ അല്‍പ്പമെങ്കിലും നിലവാരമുള്ളതും ഫാന്‍സ് അസോസിയേഷന്‍ കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതുമായ സിനിമകള്‍ എടുത്താല്‍ കൊള്ളാം. പഴശ്ശിരാജയ്ക്ക് പോയിട്ട് അവറ്റകളുടെ ശല്യം കാരണം ഒന്നും കണ്ടുമില്ല കേട്ടുമില്ല.

    ReplyDelete
  24. ചിത്രത്തെ ആകെ മൊത്തം ഒന്ന് പരിചയപ്പെടുത്തിയതേയുള്ളൂവല്ലോ...

    ReplyDelete
  25. രഞിത്തിന്റെ രചനാവൈവിധ്യം ക്ഷ പിടിച്ചു :)
    ചില കറികൾക്ക് അല്പം ഉപ്പു കൂറവും ചിലതിന് അല്പം എരിവു കൂടുതലുമാണെങ്കിലും സദ്യ മുഷിയില്ല്യ :)

    ReplyDelete
  26. Is the person who played from mammootty best actor award reality show?

    ReplyDelete
  27. Is the person who played pokkan from the mammooty best actor award show

    ReplyDelete
  28. Is the person who played pokkan from the mammooty best actor award show

    ReplyDelete
  29. ninteyokke karyam

    "we value your time and money"
    chk in GOOGLE as 'movie-review-s.blog,digg'

    ReplyDelete
  30. രഞ്ജിത്തിന്റെ ‘ഇന’ങ്ങളെ വേരിതിരിച്ചതും ഇഷ്ടപ്പെട്ടു.
    ടോക്കി മൂവികളുടെ ഹിറ്റ് മേക്കര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന രഞ്ജിത്ത് ഇപ്പോള്‍ മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ പാതയിലാണ്. ആദ്യസംരംഭമായ കേരള കഫേ എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. പാലേരിയും അതിന്റെ നിലവാരത്തോളമില്ലെങ്കിലും പരീക്ഷണങ്ങളുടെ പാതയില്‍ തന്നെയാണ്. ഭാവിയിലുള്ള തന്റെ പ്രൊജക്റ്റുകളെല്ലാം അത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് ഉതകുന്നവയാണെങ്കില്‍ അതോടൊപ്പം മുഖ്യധാരയിലെ മറ്റു സംവിധായകര്‍ കൂടി ഈ പാത പിന്തുടര്‍ന്നാല്‍ മലയാളത്തില്‍ മാറ്റത്തിന്റെ കാഹളം വന്നുവെന്നു നിരീക്ഷിക്കാം

    ReplyDelete
  31. വായിച്ചു തുടങ്ങിയപ്പോള്‍ വിചാരിച്ചു, അങ്ങിനെ ഒരു നല്ല ചലച്ചിത്ര നിരൂപണം ആണെന്ന് തോന്നുന്നു - എന്ന്. പക്ഷെ അല്ല എന്ന് പറയണം, ക്ഷമിക്കൂ. ഇപ്പോഴത്തെ ചലച്ചിത്ര നിരൂഒപകര്‍ ചെയ്യുന്നത് വെറും കഥ എഴുതി വെക്കുകയാനല്ലോ. അങ്ങിനെയല്ല എന്ന് മാത്രം. പക്ഷെ ആ യഥാര്‍ത്ഥ നിരൂപണം എവിടെയോ നഷ്ടപെട്ടത് പോലെ. താങ്കളുടെ ഈ സിനിമയെ കുരിച്ച്ഹുള്ള യഥാര്‍ഥ അഭിപ്രായം ഇതില്‍ വായിക്കാന്‍ പറ്റുന്നില്ല.

    മലയാളത്തിനു പുതുമ ഉള്ള ഒരു ശൈലി ഈ ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ലോക സിനിമ കാണുന്ന അല്ലെങ്ങില്‍ കഴിയുന്നത്ര കാണാന്‍ shramikkunna ഒരു പ്രേക്ഷകന്‍ എന്നാ നിലക്ക് എനിക്കത് പുതുമ ആയി തോന്നീല്ല. എന്നാലും മലയാള സിനിമയ്ക്കു ഇത് ഒരു പുതുമ തന്നെ. രണ്ജിതിനു പാളിച്ച പറ്റിയ കുറച്ചു രംഗങ്ങള്‍ അങ്ങിനെ പറയാവുന്ന കുരച്ചതികം കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്നും കണ്ടില്ല. എന്ടായാലും, ഭാവിയില്‍ താങ്ങള്‍ ഇതിലും നാനായി നിരൂപണം ചെയ്യും എന്ന് കരുതുന്നു.

    പിന്നെ സിനിമയില്‍ കാനരുതാത്തത് എന്നാ ഒരു കാറ്റെഗോരി ഉണ്ടോ? എല്ലാം കണ്ടാലല്ലേ ഇതു നല്ലത്, ഇതു ചീത്ത എന്ന് പറയാനാവൂ?

    ReplyDelete
  32. പുസ്തകം വായിച്ചപ്പോള്‍ ഇതെങ്ങിനെ സിനിമയാക്കാന്‍ പറ്റുമെന്ന് അല്ലെങ്കില്‍ സിനിമക്ക് എത്രകണ്ട് നോവലിനോട് നീതിപുലര്‍ത്താന്‍ പറ്റുമെന്ന് ശരിക്കും തോന്നി.... ഇവിടെ പലര്‍ക്കും അതെ അഭിപ്രായമാണെന്നുതന്നെയാണ് തോന്നിയത്. എന്തായാലും പറ്റിയാല്‍ തിയെറ്ററില്‍നിന്നു തന്നെ കാണണമെന്നുണ്ട്.ഈ ഏകദേശ രൂപത്തിനു നന്ദി.

    ReplyDelete
  33. no no nonnoNO,

    Its not the story about a PATHIRA KOLAPATHAKAM;

    its a "PAKAL KOLAPATHAKAM" by RANJITH da 'CROORAN'

    ReplyDelete
  34. Hi Mr.Shaji,Nice post but if you can post in English too it will be more helpful.ME like nri's having problem to read Malayalam these days.

    ReplyDelete
  35. തസ്ലീം, തീയ്യേറ്ററിൽ ഒക്കെ പോയി സിനിമ കാണില്ലാന്നു തീരുമാനിച്ച്‌ ഒറപ്പിച്ച്‌ ഇറങ്ങിയിരിക്കുവാണല്ലേ... ആദ്യാവസാനം കഥ എഴുതിയാൽ ശരിയാവില്ല എന്നൊരു തോന്നലുള്ളതുകൊണ്ടാണ്‌ അത്‌ ഒഴിവാക്കുന്നത്‌. ചില ചിത്രങ്ങൾക്ക്‌ അത്‌ യോജിക്കുകയും ചെയ്തേക്കാം അപ്പോൾ എഴുതുകയും ചെയ്യാം...

    നുറുങ്ങേ, പറഞ്ഞ്‌ കേട്ടിരുന്നു ഇതേ അഭിപ്രായം മുൻപും...

    നിരക്ഷരൻ, കുറച്ച്‌ ദിവസങ്ങൾക്ക്‌ മുൻപ്‌ ഈരാറ്റുപേട്ടയിൽ പോകുവാൻ ഇട വന്നപ്പോൾ ഒരു പോസ്‌റ്റർ ശ്രദ്‌ധയിൽപ്പെട്ടിരുന്നു, ഭീമൻ രഘു ഫാൻസ്‌ അസോസിയേഷൻ..! കൂടുതൽ ഒന്നും പറയുന്നില്ല...

    ശ്രീ, ചിത്രത്തെ കുറിച്ചുള്ള പറച്ചിലിൽ ഞാൻ മോശമല്ലാത്ത പിശുക്ക്‌ കാട്ടി എന്നതു തന്നെയാണ്‌ പൊതു അഭിപ്രായം. പൊതുവിൽ ആ അഭിപ്രായങ്ങളോട്‌ യോജിക്കുകയും ചെയ്യുന്നു. തുടർന്നുള്ള പോസ്‌റ്റുകൾ അങ്ങനെ ആകുവാൻ ഇട വരില്ല എന്ന് ആഗ്രഹിക്കുന്നു.

    'ദൈവ'ത്തോട്‌ അഭിപ്രായത്തിന്‌ നന്ദി...

    പൊക്കനെ കുറിച്ച്‌ മൂന്ന് വട്ടം തറപ്പിച്ച്‌ ചോദിച്ച അനോണിയോട്‌, മമ്മുട്ടി റിയാലിറ്റി ഷോയിൽ നിന്നല്ല മറിച്ച്‌ ഏഷ്യാനെറ്റിന്റെ 'ലോഫ്‌റ്റർ കേരള'യിൽ നിന്നാണ്‌ പൊക്കന്റെ വരവ്‌... ഈ ലിങ്ക്‌ ഒന്ന് സന്ദർശിക്കൂ, ശ്രീജിത്ത്‌ കൈവേലിയെ അവിടെ കാണാം... http://www.youtube.com/watch?v=m2X06jFYJu8

    രാജ്‌ മാഷേ, പറയാൻ ഉദ്ദേശിച്ച കാര്യം ഒന്നുകൂടി വ്യക്‌തമാക്കിയാൽ നന്നായിരുന്നു.

    നാൻസ്‌, കഫേയോളം വരില്ല പാലേരി. മാറ്റങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടത്‌ തന്നെയാണ്‌. കാത്തിരുന്നാലും കാര്യമുണ്ടോ എന്നറിയില്ലെങ്കിലും...

    രാജേഷ്‌, അഭിപ്രായത്തിനോട്‌ യോജിക്കുന്നു. നിരൂപണം എന്നതിനേക്കാൾ ഒരു ചിത്രത്തിനെ കുറിച്ചുള്ള എന്റെ അനുഭവങ്ങളാണ്‌ ഞാൻ ഇവിടെ പങ്കുവെയ്‌ക്കുന്നത്‌ എന്ന് തോന്നുന്നു. കണ്ട ഒരാൾക്ക്‌, ചിത്രം കണ്ടിരിക്കേണ്ടത്‌ ആണോ കാണരുതാത്തത്‌ ആണോ എന്ന് മറ്റുള്ളവരോട്‌ പറയാമല്ലോ...

    പ്രയാൺ, അഭിപ്രായത്തിന്‌ നന്ദി.

    666vdo, :)

    ജിസ്‌ തോമസ്‌, :) അഭിപ്രായത്തിന്‌ നന്ദി...

    നൂർ, ഇംഗ്ലീഷിലും എഴുതി തുടങ്ങണമെന്നുണ്ട്‌, തീർച്ചയായും സമീപ ഭാവിയിൽ പ്രതീക്ഷിക്കാം...

    ReplyDelete
  36. പാലേരി അഭിനന്ദിക്കേണ്ട ഒരു വര്‍ക്ക് ആയാണ് തോന്നിയത് ,പ്രത്യേകിച്ചും ഇത്രയും ബൃഹത്തായ ഒരു നോവലിലെ ഉള്ളടക്കം അല്പം പോലും ചോര്‍ന്നുപോവാതെ തയ്യാറാക്കിയ തിരകഥ .ഏച്ചു കെട്ടെന്ന് തോന്നിയത് മമ്മൂട്ടി യുടെ മുന്ന് കഥാപാത്രങ്ങള്‍ മാത്രം .ചിലപ്പോള്‍ ഒരു കഥാപാത്രം മമ്മൂട്ടി അവതരിപിച്ചിരുന്നെങ്കില്‍ വെറും ഒരു ഗസ്റ്റ് റോള്‍ ആയി പോവുമേന്ന്‍ കരുതി സൂപ്പര്‍ താരത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എന്ന് മാത്രം കരുതാം .രണ്ജിത്തിനു പോലും ഇത്രയും താര സമ്മര്‍ധ മുണ്ടെങ്കില്‍ പുതിയവരുടെ കാര്യം പറയാനുണ്ടോ.

    ReplyDelete
  37. പാലേരി അഭിനന്ദിക്കേണ്ട ഒരു വര്‍ക്ക് ആയാണ് തോന്നിയത് ,പ്രത്യേകിച്ചും ഇത്രയും ബൃഹത്തായ ഒരു നോവലിലെ ഉള്ളടക്കം അല്പം പോലും ചോര്‍ന്നുപോവാതെ തയ്യാറാക്കിയ തിരകഥ .ഏച്ചു കെട്ടെന്ന് തോന്നിയത് മമ്മൂട്ടി യുടെ മുന്ന് കഥാപാത്രങ്ങള്‍ മാത്രം .ചിലപ്പോള്‍ ഒരു കഥാപാത്രം മമ്മൂട്ടി അവതരിപിച്ചിരുന്നെങ്കില്‍ വെറും ഒരു ഗസ്റ്റ് റോള്‍ ആയി പോവുമേന്ന്‍ കരുതി സൂപ്പര്‍ താരത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എന്ന് മാത്രം കരുതാം .രണ്ജിത്തിനു പോലും ഇത്രയും താര സമ്മര്‍ധ മുണ്ടെങ്കില്‍ പുതിയവരുടെ കാര്യം പറയാനുണ്ടോ.

    ReplyDelete
  38. One of the Great film ever made in Malayalam, Mammootty and Renjith simply rocks.

    ReplyDelete