Dec 13, 2008

കാഞ്ചീവരം: ശരിക്കും 'ഒറിജിനൽ'

തുണ്ട്‌ തുണികഷണങ്ങൾക്കുള്ളിൽ ഒളിക്കുന്ന പുതുതലമുറപോലും കേട്ടിരിക്കും കാഞ്ചീപുരം പട്ടിന്റെ മഹിമ. ആ മഹിമ ഈ കഴിഞ്ഞ സപ്‌തംബറിൽ ടൊറൊന്റോയിലെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദിയിലെ നിലയ്‌ക്കാത്ത കരഘോഷങ്ങൾക്കിടയിലും നിറഞ്ഞു. 'കാഞ്ചീവരം' എന്ന പ്രിയദർശൻ ചിത്രത്തിലൂടെ... എപ്പോഴും കുറ്റം മാത്രം വിളിച്ച്‌ പറയുന്ന പ്രിയ പ്രേക്ഷകാ, ഇത്‌ ശരിക്കും 'ഒറിജിനൽ' ആണ്‌, 'ഒറിജിനൽ story - പ്രിയദർശൻ' എന്ന് ടൈറ്റിൽ കാർഡിൽ പറയുന്ന പോലെ...


ബോളിവുഡിൽ പ്രിയദർശൻ കേമനായെങ്കിലും നഷ്‌ടം നമുക്കായിരുന്നു. 'തേൻമാവിൻ കൊമ്പത്തും', 'ചിത്ര'വും, 'കിലുക്ക'വും ഇഷ്‌ടപ്പെടുന്ന മലയാളിക്ക്‌. ഒരു ദശാബ്‌ദത്തിലേറെ നീണ്ട ആ ബോളിവുഡ്‌ വാസത്തിന്റെ ബാക്കിപത്രം ഏറെക്കുറെ പഴയ ഹിറ്റ്‌ മലയാളം ചിത്രങ്ങളുടെ Hi-Fi Remix-കൾ മാത്രമായിരുന്നു. Hi-Fi എന്നതിനപ്പുറം ഒന്നുമല്ലാത്ത Remix-കൾ. പക്ഷെ പ്രിയൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ 'Four Frames' സംഭവിക്കില്ലായിരുന്നു, 'കാഞ്ചീവര'വും.

ഹിന്ദു സംസ്‌കൃതിയിൽ പട്ടിന്‌ ഒരു പ്രാമുഖ്യം കൽപ്പ്പ്പിക്കുന്നുണ്ട്‌. ചുരുങ്ങിയപക്ഷം ജീവിതത്തിലെ മംഗല്യകാര്യത്തിലും മരണകാര്യത്തിലും. എന്നും പട്ടിന്റെ പെരുമയായിരുന്നു കാഞ്ചീപുരത്തിന്‌. 1940-കളിൽ കാഞ്ചീപുരത്ത്‌ വിദേശീയർക്കും സ്വദേശീയരായ പ്രമാണിമാർക്കും പട്ടിൽ വിസ്‌മയവേലയൊരുക്കുന്ന ഒരു കൂട്ടം പണിക്കാർ. കമ്യൂണിസ്റ്റുകാരനായ വെങ്കടവും അക്കൂട്ടത്തിൽ ഒരാളാണ്‌. പട്ടിൽ പണിയെടുത്തിട്ടും പട്ടിനെ പ്രാപിക്കുവാൻ പ്രാപ്‌തിയില്ലാത്തവനാണ്‌, വെങ്കടം. മൂത്താശ്‌ശാരിയുടെ വീടിന്‌ കൊത്തുപണിയുള്ള വാതിലും ജനാലയുമൊന്നും ഇല്ലാത്തതുപോലെ തന്നെ. സ്വന്തം മകൾക്കായ്‌ ഒരു പട്ട്‌ സ്വന്തമാക്കുവാൻ വെങ്കടം ആഗ്രഹിക്കുന്നതും അതിനായി ശ്രമിക്കുന്നതും ആണ്‌ ചിത്രത്തിന്റെ കഥാപരിസരം. മഞ്ചാടിക്കുരുവിനോളം ഭംഗിയുള്ള, വലിപ്പമുള്ള ഒരു കഥ അതേ ഭംഗിയിൽ ഛായാഗ്രാഹകൻ തിരുവിന്റേയും സാബു സിറിളിന്റെ കരവിരുതിന്റേയും സഹായത്തോടെ പ്രിയൻ വെള്ളിത്തിരയിൽ വരച്ചിടുന്നു. 'വിരാസത്തി'ന്‌ ശേഷം പ്രിയനെ ശരിക്കും ഇഷ്‌ടപ്പെട്ടത്‌ ദാ, ഇപ്പോഴായിരുന്നു. ചിത്രം സുന്ദരമാണെങ്കിലും കൊട്ടികലാശങ്ങളോടെ മറ്റൊരു പ്രിയൻ ചിത്രം പോലെ 'കാഞ്ചീവരം' തീയ്യേറ്ററുകളിലേയ്ക്ക്‌ എഴുന്നള്ളത്ത്‌ നടത്തുവാൻ സാദ്‌ധ്യതയും, മഞ്ചാടിക്കുരുവിനോളം.

പ്രകാശ്‌ രാജും ശ്രേയ റെഡ്ഡിയും ഒഴികെ പരിചിതമുഖങ്ങളും ചിത്രത്തിൽ തീരെയില്ല എന്നുതന്നെ പറയാം. അല്ലെങ്കിലും നമ്മുടെ താരവർഗ്ഗത്തിന്‌ വേണ്ട ഗോഷ്‌ഠി നൃത്തങ്ങൾക്കും ബഹളങ്ങൾക്കും ഉള്ള സാദ്‌ധ്യത വിശ്വസനീയമായ ഈ കഥാപരിസരത്തിനും ഇല്ലല്ലോ... കൂട്ടത്തിൽ പറയാതെ പോകരുതല്ലോ പ്രകാശ്‌ രാജ്‌ ഭംഗിയായി നടിച്ചിട്ടുണ്ട്‌.

മലയാളി എവിടെ ഉണ്ടോ അവിടെ മംഗളമോ മനോരമയോ അങ്ങനെ എന്തോ ഉണ്ട്‌ എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ്‌ പ്രിയൻ ചിത്രമാണോ അതിൽ കോമഡി ഉണ്ട്‌ എന്നതും. കഥാഗതിയെ തീർത്തും തടസ്സപ്പെടുത്താതെയുള്ള ചില നിർദ്ദോഷ ഫലിതങ്ങൾ ചിത്രത്തിലുണ്ട്‌.

പതിമൂന്നാം അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവത്തിലെ ആകർഷണങ്ങളിൽ ഒന്നായ 'കാഞ്ചീവരം' പ്രദർശിപ്പിക്കുന്നത്‌ നാളെയാണ്‌.

മൾട്ടിപ്ലക്‌സുകളിൽ വർണ്ണമസാലക്കൂട്ട്‌ ഒരുക്കുന്ന ഒരു സംവിധായകൻ ലളിതമായ ഒരു ചിത്രം ഒരുക്കുന്നതും ഇത്‌ എന്റെ ചലച്ചിത്രം, ഞാനാഗ്രഹിക്കുന്ന ചലച്ചിത്രം എന്ന് പറയുന്നതും തീർത്തും ആഹ്ലാദകരമായ കാര്യമാണ്‌. നാട്ടിൽ മൊത്തമായും ചില്ലറയായും ലഭ്യമായ 'ഉരിയാടാ' ജാടകൾ കഥാപാത്രങ്ങൾക്ക്‌ ഇല്ല എന്നതും പ്രിയൻ ഇതുവരേയും പ്രസ്സ്‌ ക്ലബ്ബ്‌ വരാന്തകളിൽ ചിത്രത്തെ കുറിച്ച്‌ പ്രസംഗിച്ച്‌ നടക്കുന്നില്ല എന്നതും ശ്രദ്‌ധേയമാണ്‌. നല്ല ഇഴയടുപ്പമുള്ള ഇതുപോലെ ഒരു ചിത്രം ഇല്ലായിരുന്നുവെങ്കിൽ ചരിത്രം പ്രിയദർശനെ വെറും ഒരു കോപ്പിയടിക്കാരൻ മാത്രമായി വിലയിരുത്തിപ്പോകുമായിരുന്നു.

off side:

ജീവിതത്തിന്റെ സന്തോഷങ്ങളേയും കുടുംബത്തേയും ഉപേക്ഷിക്കുകയും നിദ്രയും ആഹാരവും മറന്ന് ജീവിക്കുന്നവനെ അന്ത കാലത്ത്‌ സാധു എന്നും our own കാലത്ത്‌ സോ.പ്രൊ അഥവാ സോഫ്റ്റ്‌വെയർ പ്രൊഫഷണൽ എന്നും വിളിക്കുമത്രേ. സംഗതി ഏതായാലും സത്യമാണ്‌. ഞാനും അടങ്ങുന്ന ഒരു തലമുറ ശീതികരിച്ച പളപളപ്പുള്ള മുറികളിൽ മുതുക്‌ വളച്ച്‌, വലത്‌ കൈയ്യിൽ ഒരു കുഞ്ഞി കുന്തി ചാണകത്തോളം വരുന്ന 'മൗസും' പൊത്തിപിടിച്ച്‌ 'client', 'PL', 'PM' ഇത്യാദി ക്ഷുദ്രജീവികളെ നിലയ്‌ക്ക്‌ നിർത്തുവാനായി പടപൊരുതി ഇരുപതുകളുടെ ഒടുക്കത്തിലും അകാലനരയിലേയ്‌ക്ക്‌ ഇടിച്ച്‌ കയറുന്നു.

എന്തും കൂടുതലാണ്‌ എന്റെയീ തലമുറയ്ക്ക്‌, 'സ്വസ്‌ഥ'മെന്ന ഒരവസ്‌ഥയൊഴിച്ച്‌... 'ചിത്രനിരീക്ഷണം' നീണ്ട ഒരു നിശ്‌ശബ്ദതയിലേയ്ക്‌ ഊളിയിട്ടിട്ട്‌ മാസം ആറ്‌ ആകുന്നു. സിരകളിൽ ലഹരി പിടിപ്പിച്ച ചിത്രങ്ങൾ ഏറെ ഉണ്ടായിരുന്നു. എന്നിട്ടും ദത്‌ കൊള്ളാം ട്ടാ, അയ്യോ മാഷേ ദിത്‌ കാണല്ലേ ട്ടാ, എന്ന് പറയുവാൻ കൂടി സാവകാശം കിട്ടിയില്ല. ഇനിയെങ്കിലും അതിന്‌ കഴിയുമെന്ന് കരുതുന്നു. ആ ക്ഷുദ്രജീവികൾ ചുറ്റിലും നിന്ന് പല്ലിളിക്കുന്നുണ്ടെങ്കിലും...