
ചലച്ചിത്രങ്ങളെ തരംതിരിക്കുന്നതിന് നാട്ടില്‍ നടപ്പുള്ള പല സമ്പ്രദായങ്ങളുമുണ്ട്. കൂട്ടത്തില്‍ വെറും മൂന്നുതരം ചലച്ചിത്രങ്ങളെയുള്ളൂ എന്ന് വാദിക്കുന്നവരുമുണ്ട്! നാട്ടുനടപ്പ് എന്തുമാകട്ടെ, കാലത്തിനനുസരിച്ച് മാറാവുന്ന അന്നനടയേ ഏതു നാടും എന്നും നടക്കാറുള്ളൂ. അങ്ങനെയെങ്കില്‍ ചിത്രങ്ങളെ മറ്റൊരു രീതിയിലും നമുക്ക് ഇനിമുതല്‍ തരം തിരിക്കാം. ചിത്രത്തിന്റെ പണിപ്പുര കാലഘട്ടത്തില്‍ എപ്പോഴെങ്കിലും സാമ്പത്തിക ചുഴലിയോ തര്‍ക്കങ്ങളോ ആഞ്ഞടിക്കുകയും പാതിവഴിയിലോ പലപ്പോഴും പെട്ടിയില്‍ തന്നെയോ ഒടുങ്ങുകയും ചെയ്യുന്ന ചാവുപിള്ളമാര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചില വീടുകളില്‍ നിന്നും പുറത്തിറങ്ങുന്ന, നോക്കിലും നടപ്പിലും ദാരിദ്രത്തിന്റെ കരിനിഴലുകളുള്ള ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത പഞ്ചപാവങ്ങള്‍. ഇടത്തരം കുടുംബത്തില്‍ നിന്നും വരുന്ന സാമ്പത്തികമായും ശാരീരകമായും സാമാന്യം തെറ്റില്ലാത്ത, ചിലപ്പോള്‍ ലക്ഷണമൊത്തതും, ശാലീന സുന്ദരികളുമായ ഇടത്തരക്കാര്‍. പിന്നെ നോക്കിലും നടപ്പിലും സര്‍വ്വോപരി കയ്യിലിരിപ്പിലും പളപളപ്പുള്ള, സാമ്പത്തികമായി ബഹുദൂരം മുന്നോക്കംനില്‍ക്കുന്ന, തെറിച്ച ന്യൂനപക്ഷത്തിന്റെ സന്തതികള്‍.
സമൂഹത്തിന്റെ പ്രതിഫലനം പോലെ നമ്മള്‍ കാണുന്ന ബഹുഭൂരിപക്ഷവും ഇടത്തരക്കാരാണ്. തെറിച്ച ന്യൂനപക്ഷത്തിന് എന്ത് തോന്നാസ്യവും കാണിക്കാം. പച്ച ലിപ്സ്റ്റിക്കിടാം, ചോന്ന മുടിയാക്കാം, മഞ്ഞ പൌഡറിടാം. ഇവര്‍ ചെയ്യുന്നതെല്ലാം മാധ്യമങ്ങളില്‍ വെണ്ടയ്ക്കയായിരിക്കും. അങ്ങനെ മാധ്യമങ്ങളില്‍ വെണ്ടയ്ക്ക നിരത്തി നിരത്തി ക്ഷീണിച്ച, ശങ്കര്‍ പറഞ്ഞയച്ച ഒരു ന്യൂനപക്ഷ പ്രതിനിധിയെ ഇന്നലെ കണ്ടു, 'യന്തിരന്‍'
കേള്‍വികേട്ട 'ഭരതന്‍ ടച്ച് ' പോലെ, ചെറുതും വലുതുമായ 'ടച്ച് ' ഏതു സംവിധായകര്‍ക്കും അവരുടെ ചിത്രങ്ങള്‍ക്കുമുണ്ട്. ആ ടച്ച് അഥവാ മുഖമുദ്ര സാമാന്യം വിലകൂടിയ ഒന്നാണ് ശങ്കര്‍ ചിത്രങ്ങള്‍ക്ക്. 1993-ല്‍ പുറത്തിറങ്ങിയ 'ജന്റില്‍മാന്‍' മുതലിങ്ങോട്ട് ആ ചരിത്രം ഒരിക്കല്‍ പോലും മാറ്റി പണിയുവാന്‍ ശങ്കര്‍ ശ്രമിച്ചിട്ടില്ല. ഇന്നുവരെ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് 'യന്തിരന്‍'. മാധ്യമങ്ങളില്‍ വെണ്ടയ്ക്കയും പടവലങ്ങയും നിരത്തിയത് 'യന്തിരനി'ലെ കണക്കിന്റെ കളിതന്നെയായിരുന്നു. ചിത്രത്തിന്റെ 'ഫൈനല്‍ ബില്‍ ' 150 കോടി എന്നാണ് കേട്ടത്! പക്ഷേ, പത്രപരസ്യത്തില്‍ വിതരണക്കാര്‍ വെറും 50 കോടിയുടെ 'ഹൈക്ക്' കൊടുത്തിട്ടുണ്ട്, അപ്പോള്‍ 200 കോടി! ചിലവായ കോടികളില്‍ 40 ശതമാനവും ഗ്രാഫിക്സിനും അനുബന്ധ (അസംബന്ധ) ജോലികള്‍മാണ്. എ.ആര്‍ റഹ്മാന് 10 കോടി! ആ 10 കോടിയുടെ സംഗീതത്തിന്റെ തമിഴ് വിതരണാവകാശം മാത്രം വിറ്റുപോയത് 7 കോടി രൂപക്ക്! ചമയ-കലാ വിഭാഗങ്ങള്‍ക്കുമുണ്ട് കണക്കിന്റെ അതിശയിപ്പിക്കുന്ന കളി!
ചലച്ചിത്രം ഒരു വ്യവസായമാണ് എങ്കില്‍, അവിടെ വില്‍പ്പനക്ക് എത്തുന്ന ചരക്ക് തന്നെയാണ് ഏതു ഗോപാലകൃഷ്ണന്‍ എടുക്കുന്ന ചിത്രവും. ശങ്കറിന്റെയാണോ, ചിത്രം നിര്‍മ്മിച്ച കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സിനാണോ, ചിത്രം വില്‍ക്കുന്നതിന്റെ സിദ്ധി എന്നറിയില്ല. ചിത്രം റിലീസ് ചെയ്യപ്പെട്ടത് ലോകമാകമാനം 2000-ത്തോളം കേന്ദ്രങ്ങളിലാണ്. കേരളത്തില്‍ മാത്രം 14 ജില്ലകളിലായി 128 കേന്ദ്രങ്ങളില്‍! തിരുവനന്തപുരത്ത് 5, ഏറണാകുളത്ത് 4, തൃശ്ശൂരില്‍ 4, മറ്റ് 'പലതിനും' കാതങ്ങള്‍ മുന്‍പിലായ ചാലക്കുടിയില്‍ പോലും 3 കേന്ദ്രങ്ങള്‍! എന്ത് കൂടോത്രമായാലും ഈ 3 കേന്ദ്രങ്ങളും നിറഞ്ഞു തന്നെയിരിക്കുന്നു! നുമ്മടെ തൃശ്ശൂര്‍ക്കാരന്‍ പ്രാഞ്ചിയേയും പാവം പുണ്യാളനേയും ഒരു ദയാദാക്ഷിണ്യവുമില്ലാതെ വശത്തൊതുക്കിയാണ് ഈ പ്രകടനം എന്നോര്‍ക്കണം. അല്ല, പ്രാഞ്ചിയും എല്‍സമ്മകുട്ടിയും വിരുന്നു വന്നപ്പോള്‍ ഈ പരശ്ശതം എവിടെയായിരുന്നു? സ്റ്റൈല്‍ മന്നരില്‍ മന്നന്‍ രജനികാന്തും, എ.ആര്‍ റഹ്മാനും, ശങ്കറും, പിന്നെ സണ്‍ പിക്ചേഴ്സിലെ 'ബിസിനസ്സ് മാനേജ്മെന്റ്' വിഭാഗവും എന്നാണ് എളുപ്പത്തില്‍ പറയാവുന്ന ഉത്തരം.
സൈ-ഫൈ (Sci-Fi) വിഭാഗത്തില്‍ നമുക്ക് കാര്യമായ നിരയൊന്നും എതായാലും ഇതുവരെയില്ല. 'യന്തിരനെ' അതില്‍ ഉള്‍പ്പെടത്തുന്നതില്‍ തെറ്റുമില്ല. പക്ഷേ, ചിത്രത്തിന്റെ കഥാപരിസരം പണ്ട് വായിച്ച് തള്ളിയ കോമിക് പുസ്തകങ്ങളിലും കുട്ടി പുസ്തകങ്ങളിലും (ഏയ്, അതല്ല ഉദ്ദേശിച്ചത്) കണ്ടതിനപ്പുറമൊന്നും വരില്ല. ശാസ്ത്രഞ്ജനായ വശിഗരന്‍ എന്തും ചെയ്യാന്‍ പോന്ന ഒരു യന്തിരനെ (Robot) വര്‍ഷങ്ങളുടെ പ്രയത്നത്തെ തുടര്‍ന്ന് ഉണ്ടാക്കിയെടുക്കുന്നു. ചിട്ടി എന്ന ഈ യന്തിരന്റെ ബാഹ്യരൂപവും വശിയുടെത് പോലെ തന്നെ. ഡോക്ടറാകാന്‍ പഠിക്കുന്ന സന, വശിയുടെ സുഹൃത്തും കാമുകിയുമാണ്. യന്തിരന് എന്തും ചെയ്യുവാന്‍ കഴിയുമെങ്കില്‍, വശിയുടെ കഴിവില്‍, വളര്‍ച്ചയില്‍, അസൂയാലുക്കളായ ശത്രുക്കള്‍ ഉണ്ടെങ്കില്‍ കഥക്ക്, കഥാസന്ദര്‍ഭങ്ങള്‍ക്ക് 'യന്തും' സംഭവിക്കാം...
യുക്തിഭംഗമില്ലാത്ത ഒരു ചിത്രം പോലും ശങ്കര്‍ ഇന്നുവരെ ചെയ്തിട്ടില്ല, ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകന് കല്ലുകടിയാവാതെ അത്തരം പൊരുത്തക്കേടുകള്‍ പറഞ്ഞുപോയാല്‍ അത് തിരക്കഥാകൃത്തിന്റെയോ മുഖ്യമായും സംവിധായകന്റെയോ കഴിവ് തന്നെ എന്ന് സമ്മതിക്കേണ്ടി വരും. ('തേന്മാവിന്‍ കൊമ്പത്തി'ന്റെ ശരീരം ഒരു നാടോടിക്കഥപോലെയായതും, 'കിലുക്ക'ത്തിന് ഊട്ടിയുടെ സൌന്ദര്യം വന്നതും, 'ചിത്ര'ത്തില്‍ എവിടെയോ ഉള്ള തമ്പ്രാനും തമ്പ്രാന്റെ അടിയാക്കളും അവരുടെ ആചാരങ്ങളും കോര്‍ത്തിണക്കിയതും ഇത്തരത്തില്‍ ഓര്‍ക്കാവുന്നതാണ്. കടപ്പാട്: നന്ദപര്‍വ്വം നന്ദന്‍).
യുക്തിബോധത്തെ പൂട്ടി സീല്‍ ചെയ്താണ് ഓരോ രജനി ചിത്രവും നമ്മള്‍ കാണേണ്ടത്. 'യന്തിരന്‍' എന്ന ചിത്രത്തിലും അത്തരം ഒരു നീക്കം നടത്തിയതിന് ശേഷമേ നമ്മള്‍ പ്രേക്ഷകര്‍, തീയറ്ററില്‍ പ്രവേശിക്കാവൂ. രജനി എന്ന താരത്തിന്റെ, ഒട്ടുമിക്ക ചിത്രങ്ങളിലെയും കഥാപാത്രത്തെ കുറിച്ചും കഥാപാത്രത്തിന്റെ ചെയ്തികളെ കുറിച്ചും വിശകലനം ചെയ്തു സമയം മിനക്കെടുത്താന്‍ ഏതായാലും ഞാനില്ല. ഇനി സമയം മിനക്കെടുത്തിയാല്‍ തന്നെ അതൊരു നെടുങ്കന്‍ എഴുത്തും ആയേക്കും. എന്തും ചെയ്യുന്നവനാണ് 'യന്തിരന്‍' എന്നത് ഓര്‍ത്തുകൊണ്ട് തന്നെ ഒരു സാമ്പിള്‍ കുറിക്കട്ടെ. കൊതുകിനോട് സംസാരിക്കുന്ന (അതെ തെറ്റിയിട്ടില്ല, കൊതുകുതന്നെ, കൊ-തു-ക്), കൊതുകിനെകൊണ്ട് പ്രേയസിയുടെ മുന്‍പില്‍ മാപ്പ് പറയിക്കുന്ന ആ ഒരു രംഗമുണ്ടല്ലോ അത് കണ്ടിട്ട് കൂവാന്‍ നിന്ന ബഹുജനത്തിന്റെ തൊണ്ട പോലും നാണിച്ചുപോയി.
മുകളില്‍ സൂചിപ്പിച്ച ശങ്കര്‍ ടച്ചിന്റെ ഭാഗമാണ് വിദേശ രാജ്യങ്ങളിലോ, കൂറ്റന്‍ സെറ്റുകളിലോ ഒരുക്കുന്ന ഗാനചിത്രീകരണ രംഗങ്ങള്‍. 'യന്തിരനും' വ്യത്യസ്തമല്ല. 'ഇന്ത്യനി'ലും 'അന്യനി'ലും കണ്ണ് തള്ളി തെറിച്ച പോലെയൊന്നുമില്ല എങ്കിലും, ഇക്കുറി വിയന്നയും, പെറുവിലെ മച്ചുപിച്ചുവും, റിയോ ഡി ജനീറോയുമൊക്കെ വശിക്കും സനക്കും നൃത്തം ചെയ്യാന്‍ വേദിയൊരുക്കുന്നു. ജൂലൈയില്‍ കൊലാലംപൂരില്‍ അത്യന്തം ആര്‍ഭാടമായി നടന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ പ്രകാശനം നടന്നിരുന്നു. ഗാനങ്ങള്‍ പുറത്തിറങ്ങിയ അതേ ആഴ്ചയില്‍ iTunes-ലെ വേള്‍ഡ് ആല്‍ബംസ് എന്ന വിഭാഗത്തില്‍ ഒന്നാമത് എത്തിയിരുന്നു. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സംഗീത ആല്‍ബം ഇവിടെ ടോപ്പ് സീഡ് ചെയ്യപ്പെടുന്നത്.
വിദേശ ഇടപെടലുകള്‍ ധാരാളം ഉണ്ടായിട്ടുണ്ട് ചിത്രത്തിന്റെ ആക്ഷന്‍-അനിമേഷന്‍ രംഗങ്ങളില്‍. സൂപ്പര്‍ ഹീറോ സെറ്റപ്പ് ആയതുകൊണ്ട് അതിന്റെ വലിയ ഗുണം കാണാനുമുണ്ട്. പൊതുവില്‍ നമ്മുടെ ചിത്രങ്ങളിലെ ഗ്രാഫിക്സ് ദൃശ്യങ്ങള്‍ അപൂര്‍ണ്ണവും അരോചകവുമാണ്. പരിപൂര്‍ണ്ണതയുടെ പുത്തന്‍ ഭിത്തികള്‍ വരയ്ക്കുവാന്‍, ഭാവനയില്‍ കണ്ട ഏതു കഥാപാത്ര രൂപവും ഒരുക്കുവാന്‍ വിദേശ ചിത്രങ്ങള്‍ ഗ്രാഫിക്സ് പ്രയോജനപ്പെടുത്തുമ്പോള്‍ നമ്മുടെ ചിത്രങ്ങളില്‍ വെട്ടിത്തിളങ്ങുന്ന ടൈറ്റില്‍ ആയും കഥയ്ക്കോ കഥാപാത്രത്തിനോ ആവശ്യമില്ലാത്ത കോമാളിത്തരങ്ങളായും ഗ്രാഫിക്സ് പ്രേക്ഷകന് നേരെ മുണ്ട് പൊക്കി കാണിക്കുകയാണ് പതിവ്. ശങ്കര്‍ തന്നെ 'മുതല്‍വനി'ല്‍ സങ്കരയിനം പാമ്പിനേയും 'ബോയ്സി'ല്‍ കൊക്കകോള മനുഷ്യരേയും, കാട്ടിവെറുപ്പിച്ചിട്ടുണ്ട്. അത്യാവശ്യം ചൊള വാരിയെറിഞ്ഞ ഇക്കുറി പ്രേക്ഷകന്‍ കയ്യടിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുവാന്‍ ശങ്കറിന് സാധിച്ചിട്ടുണ്ട്. പ്രതിഫല കാര്യത്തിലേത് പോലെ ചിത്രത്തിലെ നായകനും ടി കക്ഷി തന്നെ.
പ്രമുഖ കലാസംവിധായകനായ സാബു സിറില്‍ ക്യാമറക്ക് മുന്നില്‍ തലയിടുന്നുണ്ട്, റോബോട്ടുകളെ വാങ്ങിക്കുവാന്‍ വന്ന വിദേശിയുടെ ഭാഷാസഹായിയായി. തമിഴ്‌നാട്ടിലെ പ്രമുഖ സാഹിത്യകാരനും, മണിരത്നം, ശങ്കര്‍ മുതലായവരുടെ ചിത്രങ്ങളിലെ എഴുത്തുജോലികളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന എസ്. രംഗരാജന്‍ എന്ന സുജാതയുടെ അവസാന ചിത്രമാണ്, 'യന്തിരന്‍'. ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത ഭൂരിപക്ഷവും അതാത് മേഖലകളിലെ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ സാമാന്യ പ്രേക്ഷകന് 'യന്തിരന്‍' നല്‍കിയിരുന്ന പ്രതീക്ഷകള്‍ ചെറുതായിരുന്നില്ല. വിദേശ ഭാഷചിത്രങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ആ ബഹുജനത്തിന് 'യന്തിരനെ' ഇഷ്ടമായി എന്ന് തന്നെയാണ് തീയറ്ററിലെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.
ഒരു വേള പീഡനമായിരുന്നെങ്കിലും യുക്തിയെ പൂട്ടിയിട്ട, ഈയുള്ളവനേയും ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലെ കെട്ടുകാഴ്ചകള്‍ ശ്ശി രസിപ്പിച്ചു. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ആകെത്തുക, വലിയ കണക്കുകളല്ല, മറിച്ച് പ്രേക്ഷകന്റെ രുചികളെ, കൊടുത്ത പ്രതീക്ഷകളെ ചിത്രം ഏതളവില്‍ തൃപ്തിപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കും ചിത്രത്തിന്റെ ബോക്സ് ഓഫീസ് പരീക്ഷയിലെ ജയം. 160 കോടിയുടെ മൂല്യമുണ്ടെന്നു അവകാശപ്പെടുന്ന ഈ കൊടും സ്പൈസി ഡിഷ് നിങ്ങള്‍ക്ക് ഒരുപക്ഷേ രുചിച്ചുവെന്ന് വരാം, ഞാന്‍ ഒട്ടും നിര്‍ബന്ധം പിടിക്കില്ലെങ്കിലും. കേരളത്തില്‍ മാവേലി വരുന്നത് പോലെയാണല്ലോ, എന്നും, ഏറെ വിലയേറിയ ചരക്കുകള്‍ നാട്ടിലെ ചലച്ചിത്ര വിപണിയില്‍ എത്തുന്നത്!