Showing posts with label ലേഖനങ്ങള്‍. Show all posts
Showing posts with label ലേഖനങ്ങള്‍. Show all posts

Nov 22, 2011

വില്ലന്മാര്‍ സംസാരിക്കുമ്പോള്‍

മുഖ്യധാരാ സിനിമയുടെ പ്രാഥമിക ലക്‌ഷ്യം ആദിമധ്യാന്തമുള്ള ഒരു കഥയെ പ്രേക്ഷകന് രസിക്കുന്ന വിധത്തില്‍ പറയുകയെന്നതാണ്‌. ചിത്രത്തിന്‍റെ ആഖ്യാന രീതികളില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്കോ, വ്യതിചലനങ്ങള്‍ക്കോ പോലും പൊതുവേ ആരും ശ്രമിക്കുവാന്‍ തന്നെ മിനക്കെടാറില്ല. ഒറ്റയും തെറ്റയുമായെത്തുന്ന ചില വേറിട്ട കാഴ്ചകള്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ പാടി പുകഴ്ത്തിയെന്നോ (ക്ലാസ്സ്‌മേറ്റ്സ്) അല്ലെങ്കില്‍ നിഷ്കരുണം തട്ടികളഞ്ഞുവെന്നോ വരാം (സിറ്റി ഓഫ് ഗോഡ്‌). നമ്മുടെ സിനിമകളില്‍ ഭൂരിപക്ഷവും നായകന്‍റെ വീരഗാഥയോ, വിജയമോ, പ്രേമ സാഫല്യമോ, ദുരന്തമോ ആണ്. മേല്‍പ്പറഞ്ഞ അതേ രീതിയില്‍ നായികയുടെ കഥകളും ദുര്‍ലഭമായി കാണാറുണ്ട്. കഥ നായകന്‍റെയോ നായികയുടെയോ അവര്‍ രണ്ടു പേരുടെയോ ആകട്ടെ പ്രതിബന്ധമായി മിക്കവാറും വില്ലനോ, വില്ലന്മാരോ, അവരുടെ സംഘപരിവാരങ്ങളോ കാണും. ഈയൊരു ഘടന തീര്‍ത്തും ഒരു സാമാന്യവല്‍ക്കരണമാണെന്ന് കരുതുക വയ്യ. കഥയിലെ നായകന് അല്ലെങ്കില്‍ നായികക്ക് ജയിക്കുവാനോ‍, പോരാടുവാനോ‍, വീരനാകുവാനോ വേണ്ട സംഘര്‍ഷാവസ്ഥയും മത്സരവും ഒരുക്കുന്നത് വില്ലന്‍റെ മേല്‍നോട്ടത്തിലാണ്. ഇത്തരം കഥകളുടെ അടിസ്ഥാന ശിലാരൂപങ്ങളെന്നത് ഇനി പറയുന്നവയാണ്. മുഖ്യകഥാപാത്രത്തിനെയോ, കഥാപാത്രത്തിന്‍റെ കുടുംബത്തിനെയോ, അല്ലെങ്കില്‍ അടുത്ത സുഹൃത്തിനെയോ വില്ലന്‍ ഉപദ്രവിക്കുകയോ, അപായപ്പെടുത്തുകയോ ചെയ്യുന്നു. മുഖ്യകഥാപാത്രത്തിനും വില്ലനും പരസ്പരം മത്സരിക്കേണ്ടി വരുന്നു. മുഖ്യകഥാപാത്രം വില്ലനേയോ, വില്ലന്‍ മുഖ്യ കഥാപാത്രത്തെയോ പിന്തുടരുന്നു. സ്വാഭാവികമായും കഥകളുടെ പശ്ചാത്തലമനുസരിച്ച് കഥാപാത്രങ്ങളുടെ രൂപങ്ങളില്‍ , സ്വഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു.


കഥാപരിസരങ്ങളിലെ മാറ്റം കഥാപാത്രങ്ങളുടെ രൂപ-ഭാവങ്ങളില്‍ വ്യതിയാനം വരുത്തുമെങ്കിലും ഓരോ കഥാപാത്രവും ഏത് ഗണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ആ കഥാപാത്രത്തിന്‍റെ ആമുഖാവതരണത്തിലൂടെയും, ചേഷ്ടകളിലൂടെയും, പ്രവൃത്തികളിലൂടെയും, മറ്റ് കഥാപാത്രങ്ങളോടുള്ള സമീപനത്തിലൂടെയും രൂപം പ്രാപിക്കുന്നുണ്ട്. നമ്മുടെ പ്രേക്ഷകര്‍ എന്നും അഭിനേതാക്കളെ സ്വീകരിച്ചിരുന്നത്, അവര്‍ നായകരോ, വില്ലന്മാരോ, ഹാസ്യ താരങ്ങളോ, അച്ഛന്‍-അമ്മ വേഷക്കാരോ, മറ്റേതെങ്കിലും വേഷക്കാരോ മാത്രമായിട്ടായിരുന്നു. അല്ലെങ്കില്‍ ചലച്ചിത്ര മേഖല പ്രേക്ഷകനെ പരുവപ്പെടുത്തിയെടുത്തത് അത്തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഒരു മുഖ്യധാരാ ചിത്രത്തില്‍ കഥാപാത്രത്തിന് കൃത്യവും വിശദവുമായ ആമുഖങ്ങള്‍ ഇല്ലെങ്കിലും പരിചയമുള്ള അഭിനേതാവ്‌ ദൃശ്യത്തിലേക്ക്‌ കടന്നുവരുമ്പോള്‍ ഇനം നോക്കി വേര്‍ത്തിരിക്കുവാന്‍ പ്രേക്ഷകന് സാധിക്കുന്നു, അത് ചലച്ചിത്രമെന്ന മാധ്യമത്തിന്‍റെ സൌന്ദര്യത്തോട് ചേരുന്നില്ലെങ്കിലും.

ഒറ്റക്കണ്ണ്‍, മുഖത്തെ അരിമ്പാറ, കപ്പടാ മീശ, ഐറ്റം ഡാന്‍സ്, ലഹളയോ, കലാപമോ അല്ലെങ്കില്‍ മറ്റേതെങ്കിലും അക്രമത്തോടെയുള്ള കഥാപാത്രത്തിന്‍റെ അവതരണം എന്നിങ്ങനെ വില്ലനെ നിര്‍ണ്ണയിക്കുന്ന ചില അടിസ്ഥാന ചിഹ്നങ്ങളും രീതികളും പഴയ കാല ചിത്രങ്ങള്‍ വില്ലന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിരുന്നു.

കുടുംബ പശ്ചാത്തലത്തിലുള്ള കഥകളില്‍ വില്ലനെ കൂടുതലും പ്രതിനിധീകരിച്ചിരുന്നത് അമ്മാവനോ, വളര്‍ത്തച്ഛനോ, അളിയനോ, അടുത്ത പരിചയക്കാരനോ സ്ത്രീ കഥാപാത്രങ്ങളാണെങ്കില്‍ അമ്മായിയമ്മയോ, രണ്ടാനമ്മയോ ആയിരുന്നു. കുടുംബത്തിന്‍റെ പൂര്‍വ്വിക സ്വത്ത്‌, അതിന്‍റെ ഭാഗം ചെയ്യല്‍ , തറവാടിന്‍റെ അധികാരം, സ്ത്രീധനത്തിലെ കടം തുടങ്ങിയവ ആയിരുന്നു ഈ കഥാപാത്രങ്ങളുടെ കലഹ പരിസരങ്ങള്‍ . ഈ ഗണത്തില്‍പ്പെട്ട ചില ചിത്രങ്ങളില്‍ 'വില്ലത്തരം' ഉന്മൂലനം ചെയ്യപ്പെടുന്നത് മുഖ്യകഥാപാത്രങ്ങളിലൊന്നില്‍ നിന്നും വില്ലന്‍ കഥാപാത്രം എണ്ണം പറഞ്ഞൊരു കരണത്തടി ഏറ്റുവാങ്ങുന്നതിലൂടെയാകും. 'വാത്സല്യം', 'ആദ്യത്തെ കണ്‍മണി', 'ഈ പുഴയും കടന്ന്' എന്നിങ്ങനെ സൂപ്പര്‍ഹിറ്റായ എത്രയെത്ര കരണത്തടി ക്ലൈമാക്സുകള്‍ .

സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ അധികാരി വര്‍ഗ്ഗം സിനിമയിലെ വില്ലന്‍റെ മുഖമായി. എണ്‍പതുകളില്‍ ഐ.വി ശശിയും ടി ദാമോധരനും ഈ ശ്രേണിയില്‍ ചെയ്ത ചിത്രങ്ങളുടെ തുടര്‍ രൂപമായിരുന്നു തൊണ്ണൂറുകളില്‍ ഷാജി കൈലാസ്‌-രഞ്ജി പണിക്കര്‍ ദ്വയങ്ങളും ചെയ്തത്. ഇവരുടെ ചിത്രങ്ങളില്‍ പൊതുജനം അറിയുന്ന നേതാക്കളില്‍ പലരും, സാംസ്ക്കാരിക സദസ്സിലെ പ്രമുഖരില്‍ ചിലരും ഏറെക്കുറെ അതേ വേഷഭൂഷാദികളോടെ മുഖ്യ വില്ലനായോ വലിയ നഗരങ്ങളില്‍ വേരുകളുള്ള, വിളിക്കുവാന്‍ ബുദ്ധിമുട്ടുള്ളൊരു പേര് സ്വന്തമായുള്ള, മറ്റൊരു വില്ലന്‍റെ പ്രധാന സംഘാടകനായോ അണിചേര്‍ന്നു. ചാനലില്‍ ലൈവായും അല്ലാതെയും രാഷ്ട്രീയ പൊറാട്ട് നാടകങ്ങള്‍ കാണുവാന്‍ സാങ്കേതികവിദ്യ നമ്മളെ അനുഗ്രഹിക്കാതിരുന്ന ആ പഴയ കാലത്ത്‌ ജനപക്ഷത്ത്‌ നിന്നൊരു നായകന്‍ വില്ലനായ അധികാരിയെ പഴയതും പുതിയതുമായ തെറി വിളിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം പ്രമേയം. ഈ ചിത്രങ്ങളുടെ, വിശേഷാല്‍ ഷാജി കൈലാസ്‌-രഞ്ജി പണിക്കര്‍ ദ്വയത്തിന്‍റെ, ഏതാണ്ട് എല്ലാ ചിത്രങ്ങളും അവസാനിപ്പിക്കുന്ന രീതി ഏതാണ്ട് ഒന്നുതന്നെയാണ്. നായകന്‍റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ കഥാപാത്രം വില്ലന്‍റെയോ, അവരുടെ സംഘത്തിന്‍റെയോ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സകല 'നില'യും തെറ്റിയ നായകന്‍ വില്ലനെ (അതിപ്പോ എത്ര വല്യ പുള്ളിയായാലും) ഭീകരമായ ഒരാക്രമണത്തില്‍ ചുട്ടോ ബോംബുവെച്ചോ വെടിവെച്ചോ നശിപ്പിക്കുന്നു.

നായകനാല്‍ ദാരുണമായി കൊല്ലപ്പെടാതെ, നായകന്‍ തന്നെ ജീവിതമെന്ന ശിക്ഷയിലേക്ക്‌ വില്ലനെ തള്ളി വിടുന്ന ചില ചിത്രങ്ങളുണ്ട്. ടി.കെ രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത 'ചാണക്യന്‍', ദിനേശ് ബാബു സംവിധാനം ചെയ്ത 'മഴവില്ല്' എന്നിവ ഇത്തരത്തിലുള്ളവയാണ്.

മലയാളത്തിലെ കുറ്റാന്വേഷണ ചിത്രങ്ങളുടെ പൊതുവായ ഘടന പ്രേക്ഷകന്‍ കുറ്റവാളിയെന്ന് ഏറെക്കുറെ ഉറപ്പിക്കുന്ന ആരെയും കുറ്റവാളിയാക്കില്ല എന്നതാണ്. തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നപോലെ അവസാന നിമിഷം വരെ ആ ചുറ്റുവട്ടങ്ങളില്‍  മൂളിപ്പാട്ടും പാടി നടന്ന ആരെയെങ്കിലും കുറ്റം ചാര്‍ത്തി കൊടുക്കുകയെന്നതാണ് മിക്കവാറും ചിത്രങ്ങളും കാണിച്ച് തരുന്നത്. കുറ്റവാളിയെ ആരും തന്നെ ചിത്രത്തിന്‍റെ അവസാനം വരെ മനസ്സിലാക്കി കളയരുതെന്ന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ട് ഒന്നിലേറെ തവണ കുറ്റം അന്വേഷിച്ച പോലീസ്‌ ഓഫീസര്‍ തന്നെ കുറ്റവാളിയായി മാറിയിട്ടുണ്ട് (വിറ്റ്‌നസ്, രാക്കിളിപ്പാട്ട്). സാത്വികനായൊരു സ്വാമി സീരിയല്‍ കില്ലറായി മാറിയിട്ടുണ്ട് (ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌).

അമ്മായിയമ്മയോ, രണ്ടാനമ്മയോ അല്ലാതെ സ്ത്രീ കഥാപാത്രങ്ങള്‍ 'വില്ലന്‍' കഥാപാത്രങ്ങളാകുന്നത് മുഖ്യമായും യക്ഷികളായാണ്. 'ഭാര്‍ഗ്ഗവീനിലയ'ത്തിന്‍റെ കറുപ്പ്-വെളുപ്പ് കാലഘട്ടം മുതല്‍ ഇന്ന് വരെയും ഡ്രസ് കോഡില്‍ പോലും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത, സുന്ദരമായി പാടുവാന്‍ തീര്‍ച്ചയായും അറിയുന്ന യക്ഷി. 'മണിച്ചിത്രത്താഴി'ലെ ഗംഗ കേറി ആവേശിച്ച അനവധി 'ബാധ ഒഴിപ്പിക്കല്‍ നാടക'ങ്ങളും ഈ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.

ഒരു കഥാപാത്രമല്ലാതേയും വില്ലന്‍ ഒരു ചിത്രത്തില്‍ രംഗപ്രവേശം ചെയ്യാം. മുഖ്യ കഥാപാത്രത്തിനെ തന്നെ ബാധിക്കുന്ന, പതിനായിരത്തില്‍ ഒരുവനോ ലക്ഷത്തില്‍ ഒരുവനോ മാത്രം വരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ, രണ്ടാമതൊരിക്കല്‍ പേരു പറയുവാന്‍ പോലും കഴിയാത്ത രോഗമാണ് ചില മലയാള ചിത്രങ്ങളിലെ വില്ലന്‍.  ചിലപ്പോള്‍ മുഖ്യ കഥാപാത്രം വിധിക്ക്‌ കീഴടങ്ങുന്നു. മറ്റ് ചിലപ്പോള്‍ നേരിയ പ്രതീക്ഷ പ്രേക്ഷകന് ബാക്കിയാക്കി ഏതെങ്കിലും വലിയ നഗരത്തിലേക്കോ, വിദേശത്തേക്കോ ചികിത്സക്കായി കഥാപാത്രം യാത്രയാകുന്നു.

വലിയ നഗരങ്ങളില്‍ നിന്നോ, വിദേശത്ത്‌ നിന്നോ നാട്ടിലെത്തി 'നിധി'യോ, പഴയ പണത്തിന്‍റെ കണക്കോ തീര്‍ക്കുവാന്‍ വരുന്ന, ചില വില്ലന്മാരുമുണ്ട്. നാട് ചുറ്റി വന്ന് നമ്മുടെ നാട്ടില്‍ തന്നെ 'തീപ്പെടു'വാന്‍ ഭാഗ്യം ചെയ്തവര്‍ (ഇന്‍ ഹരിഹര്‍ നഗര്‍, ആര്യന്‍)‍.

രാം ഗോപാല്‍ വര്‍മ്മയുടെ 'സത്യ'യില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് നഗരത്തിന്റെ ഇരുണ്ട മുഖങ്ങളിലേക്ക് മലയാള സിനിമ കണ്ണുതുറക്കുന്നത്തിന്‍റെ തുടക്കം എ.കെ സാജന്‍ സംവിധാനം ചെയ്ത 'സ്റ്റോപ്പ്‌ വയലന്‍സ്‌' ആയിരുന്നു. ഹിന്ദി, തമിഴ്‌ എന്നിങ്ങനെ മറ്റ് ഭാഷകളിലെപ്പോലെ ചോരയൊഴുക്കിയില്ലെങ്കിലും മലയാളത്തിലും അക്രമം ചെയ്യാന്‍ മടിയില്ലാത്ത നായകനും ഗുണ്ടാ-കൊട്ടേഷന്‍ സംഘങ്ങളുമായി ധാരാളം കഥകള്‍ വന്നു. ഈ ശ്രേണിയിലെ മറ്റ് ഭാഷാ ചിത്രങ്ങളെ അനുകരിക്കുവാന്‍ ശ്രമിച്ചതോ അവതരണത്തിലെ ഏച്ചുകെട്ടലുകളോ തിരക്കഥകളിലെ പാളിച്ചയോ എന്തോ ചിത്രങ്ങള്‍ ഒന്നും തന്നെ വന്‍വിജയങ്ങളായില്ല. പക്ഷേ ആ ചിത്രങ്ങള്‍ക്ക് കൊച്ചിയേക്കാള്‍ മൊടയുള്ള മറ്റൊരിടവും കേരളത്തില്ലെന്ന്‍ പ്രേക്ഷകനെ തോന്നിപ്പിക്കുവാനായി. കൊട്ടേഷന്‍ സംഘങ്ങളുടേയും ഗുണ്ടാതലവന്മാരുടേയും ആസ്ഥാന കേന്ദ്രമായി ചിത്രീകരിക്കപ്പെടുന്ന കൊച്ചിയില്‍ ഈ ലേഖകന്‍ ഏതാണ്ട് അഞ്ച് വര്‍ഷത്തോളം ഉണ്ടുറങ്ങിയിരുന്നു. എത്രയോ പാതിരാത്രികളില്‍ ഒറ്റക്കും സുഹൃത്തുക്കളോടൊരുമിച്ചും ആ നഗരത്തിലും അവിടുത്തെ ഇടനാഴികളിലും പൂണ്ട് വിളയാടിയിരിക്കുന്നു. ചോര ചിന്താന്‍ വെമ്പുന്ന മൂര്‍ച്ചയുള്ളൊരു വാള്‍ തലപ്പിന്‍റെ, നേര്‍ത്തൊരു സ്വകാര്യം പോലും ഞങ്ങളില്‍ ആരും തന്നെ കേട്ടിട്ടില്ല. നിണമൊഴുകുന്ന നീര്‍ച്ചാലുകളൊന്നും ഞങ്ങളുടെ ശ്രദ്ധ തെറ്റിച്ചിട്ടുമില്ല. എങ്കിലും ഞാനെന്ന പ്രേക്ഷകന്‍ മനസ്സിലാക്കേണ്ടി വരുന്നു, കൊച്ചിയെന്നത് കടലിന്‍റെ പരിലാളനയുള്ള പഴയ റാണിമാത്രമല്ലെന്ന്‍!

മറ്റ് ഭാഷകളിലെ സിനിമകളില്‍ ഏറെ കൊണ്ടാടപ്പെടുകയും എന്നാല്‍ നമുക്ക്‌ ഉദാഹരണങ്ങള്‍ നിരത്തുവാന്‍ ഇല്ലാത്ത ഈ ജനുസ്സിലെ ചില കഥാപാത്രങ്ങലുണ്ട്. 'സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം' കൊണ്ട് അതിമാനുഷികമായ പ്രവൃത്തികള്‍ നമ്മുടെ ചില നായക കഥാപാത്രങ്ങള്‍ക്ക് ചെയ്യേണ്ടി വരാറുണ്ടെങ്കിലും എടുത്തു പറയാവുന്ന 'സൂപ്പര്‍ ഹ്യൂമന്‍' കഥാപാത്രം നമ്മുടെ സിനിമയില്‍ ഇനിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 'സൂപ്പര്‍ വില്ലന്‍' കഥാപാത്രങ്ങള്‍ നമുക്കിനിയുമില്ല.

ഈ വര്‍ഷമാദ്യം 'ട്രാഫികി'ല്‍ തുടങ്ങി ഇക്കഴിഞ്ഞ ഒക്ടോബറില്‍ 'ഇന്ത്യന്‍ റുപ്പി' വരെ ഭേദപ്പെട്ട ചില ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. അവയില്‍ പലതും മുഖ്യധാരാ സിനിമ പരിചയിച്ച വഴികളില്‍ നിന്നും കുതറി മാറി നടന്നവയായിരുന്നു. കഥാപാത്ര നിര്‍മ്മിതിയിലെ വാര്‍പ്പുമാതൃകകളെ ചില ചിത്രങ്ങളെങ്കിലും വ്യക്തമായി നിരാകരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട 'ആദാമിന്‍റെ മകന്‍ അബു'-വില്‍ കൊടിയ വില്ലത്തരം പോയിട്ട് കളങ്കമേയില്ലാത്ത ഒരു പറ്റം കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്‍. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പറി'-ല്‍ ചില്ലറ മൊട കാണിക്കുന്നവരുണ്ടെങ്കിലും വില്ലന്മാരില്ലെന്ന്‍ പറയേണ്ടി വരും, വില്ലത്തരങ്ങളുമില്ല. 'ചാപ്പാ കുരിശി'ല്‍ കഥാപാത്രങ്ങളെ പുതിയ കാല ജീവിതത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നു. നായക-വില്ലന്‍ അതിര്‍ത്തികള്‍ വരക്കാതെ നന്മ-തിന്മകളുടെ സമ്മിശ്രമായ കഥാപാത്രങ്ങള്‍. 'ചാപ്പാ കുരിശ്' പറയുന്നത്പോലെ 4G കാലത്തെ വില്ലന്മാര്‍ വേഷങ്ങള്‍കൊണ്ട് നമുക്ക്‌ തിരിച്ചറിയാന്‍ പറ്റുന്നവര്‍ ആകണമെന്നില്ല. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും.

പ്രശക്ത ചലച്ചിത്ര നിരൂപകനായ റോജര്‍ എബര്‍ട്ട് വില്ലന്മാരെ കുറിച്ച് ഇങ്ങനെ പറയുന്നു: "ഒരു സിനിമ ആ ചിത്രത്തിലെ വില്ലനോളം മാത്രമേ നന്നാകുന്നുള്ളൂ. നായകനും അയാളുടെ തന്ത്രങ്ങളും സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നിടത്തോളം ഒരു വൈഭവമുള്ള വില്ലനാണ് നല്ല ശ്രമത്തിനെ വിജയമാക്കുന്നത്."

നവം. 2011, മാധ്യമം ആഴ്ചപ്പതിപ്പ്‌

Mar 24, 2011

നിശ്ശബ്ദ സിനിമയിലെ ബസ്റ്റര്‍ കീറ്റണ്‍ ചിരി

ശബ്ദപഥവും ദൃശ്യവും പൊരുത്തക്കേടുകളില്ലാതെ പ്രദര്‍ശനങ്ങള്‍ക്ക് സജ്ജമായ 1920-കളുടെ അന്ത്യത്തിലാണ് ശബ്ദചിത്രങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. 1930-കള്‍ വരെയുള്ള നിശ്ശബ്ദ സിനിമയുടെ പ്രമുഖമായ കാലഘട്ടം ലോകത്തിന് സമ്മാനിച്ചത്‌ അതിവിശാലമായ ചിരിയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അവതരണത്തിലെ നൂതനമായ രീതികളും തുടര്‍കാലങ്ങളില്‍ സിനിമയെ പ്രകാശവര്‍ഷങ്ങള്‍ മുന്‍പിലേക്ക് നടത്തിയെങ്കിലും സിനിമയിലെ ചിരിയുടെ സുവര്‍ണ്ണകാലം ചാര്‍ളി ചാപ്ലിനും ബസ്റ്റര്‍ കീറ്റണും സ്റ്റാന്‍ ലോറലും ഒലിവര്‍ ഹാര്‍ഡിയും ചാര്‍ളി ചെയ്സും അമരക്കാരായിരുന്ന ആ പഴയ കാലം തന്നെയാണ്.


ചില പട്ടികകളില്‍നിന്നും ഏറ്റവും മികച്ച 'ഒന്നിനെ'മാത്രം തെരെഞ്ഞെടുക്കുക പലപ്പോഴും ദുഷ്കരമാണ്. പ്രശസ്ത ചലച്ചിത്ര നിരൂപകനായ റോജര്‍ എബെര്‍ട്ട് നിശ്ശബ്ദ സിനിമയിലെ ഏറ്റവും മികച്ച ജോക്കര്‍ ബസ്റ്റര്‍ കീറ്റനാണെന്ന് പറയുന്നു. അതിസാഹസികമായി അഭിനയിച്ച, ചിത്രീകരിച്ച രംഗങ്ങളാണ് പലപ്പോഴും ബസ്റ്റര്‍ കീറ്റണ്‍ ചിത്രങ്ങളില്‍ ചിരിയുണര്‍ത്തുന്നത്. ചിത്രത്തില്‍ എന്ത് പറഞ്ഞു എന്നതിനേക്കാള്‍ എങ്ങിനെ പറഞ്ഞുവെന്നത് കണക്കിലെടുത്താണ് റോജര്‍ എബെര്‍ട്ട് ചാപ്ലിനേക്കാള്‍ മികച്ച ജോക്കര്‍ ബസ്റ്റര്‍ കീറ്റനാണെന്ന്‍ പറയുന്നത്‍.

1899-ല്‍ കേവലം നാലാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം സ്റ്റേജില്‍ അഭിനയിച്ച് കൊണ്ടാണ് ബസ്റ്റര്‍ കീറ്റണിന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത്. ചലച്ചിത്രങ്ങളിലേക്ക് തിരിയുന്നത് 1920-കളുടെ തുടക്കത്തിലും. അക്കാലയളവില്‍ പുറത്തുവന്ന രണ്ടു റീല്‍ ചിത്രങ്ങള്‍ ശ്രദ്ധേയമായതിനെ തുടര്‍ന്നാണ് താരതമ്യേന വലിയ ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് ബസ്റ്റര്‍ കീറ്റണ്‍ തിരിയുന്നത്. 1921-ല്‍ 'ബസ്റ്റര്‍ കീറ്റണ്‍ പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി ബസ്റ്റര്‍ കീറ്റണ്‍ ആരംഭിച്ചു. സിനിമയുടെ ആദ്യകാലങ്ങളിലെ പല പ്രമുഖരേയുംപോലെ അഭിനയം, സംവിധാനം, എഴുത്ത്‌, നിര്‍മ്മാണം എന്നീ വിവിധ മേഖലകളില്‍ അദ്ദേഹം കര്‍മ്മനിരതനായി. തന്‍റെ ചെറിയ സംഘത്തെ ഉപയോഗിച്ചാണ് നിശ്ശബ്ദ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിഖ്യാതവും മനോഹരവുമായ പല ചിത്രങ്ങളും ബസ്റ്റര്‍ കീറ്റണ്‍ ഒരുക്കിയത്‌.

സാഹചര്യങ്ങള്‍ക്കനുസരിച്ച്, അസാധാരണമായി അല്ലെങ്കില്‍ അപകടകരമായി പ്രവര്‍ത്തിക്കുന്ന (അഭിനയിക്കുന്ന) ശരീരമാണ് ബസ്റ്റര്‍ കീറ്റണെ നിശ്ശബ്ദ കോമഡി ചിത്രങ്ങള്‍ക്കിടയില്‍ താരതമ്യങ്ങള്‍ക്കുപ്പോലും ഇടയില്ലാതെ വ്യത്യസ്തനാക്കുന്നത്. സ്റ്റണ്ട് ഡബിള്‍സിനെ ഉപയോഗിക്കാതെ, ബസ്റ്റര്‍ കീറ്റണ്‍ തന്നെയാണ് അത്യന്തം അപകടകരമായ പല ഭാഗങ്ങളും അഭിനയിച്ചത്. പലപ്പോഴും തന്‍റെ സഹപ്രവര്‍ത്തകരായ അഭിനേതാക്കള്‍ക്കുവേണ്ടി അപകടകരമായ സാഹചര്യങ്ങളില്‍ ഡബിള്‍ ആകുവാനും ബസ്റ്റര്‍ കീറ്റണ്‍ തയ്യാറായി. ശരീരത്തെ അപകടകരമായി ഉപയോഗിക്കുന്ന ബസ്റ്റര്‍ കീറ്റന്‍റെ 'ഫിസിക്കല്‍ കോമഡി' പിന്നീട് മുഖ്യധാര ചലച്ചിത്രങ്ങളില്‍ പലര്‍ക്കും ഏറെ പ്രചോദനമായിട്ടുണ്ട്. അതികായനെന്നും അതുല്യനെന്നും വിളിക്കുമ്പോഴും മാധ്യമങ്ങള്‍ കീറ്റണെ 'ദി ഗ്രേറ്റ് സ്റ്റോണ്‍ ഫെയ്സെന്നു' പരിഹാസ്യരൂപേണ വിളിച്ചു.



'സ്റ്റീം ബോട്ട് ബില്‍ ജൂനിയര്‍' എന്ന ചിത്രത്തിലെ ഒരു രംഗം സാഹസികമായ 'ഫിസിക്കല്‍ കോമഡി'യുടെ മകുടോദാഹരണമായി പരാമര്‍ശിക്കപ്പെടുന്ന ഒന്നാണ്. ഒരു സ്ഥലത്ത്‌ നില്‍ക്കുന്ന കീറ്റന്റെ ശരീരത്തിലേക്ക് ഉദ്ദേശം രണ്ടു ടണ്‍ ഭാരം വരുന്ന ഇരുനില കേട്ടിടം തകര്‍ന്നു വീഴുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനിടയില്‍ നിന്നും പരിക്കുകളൊന്നും ഏല്‍ക്കാതെ കീറ്റണ്‍ എണീറ്റു പോകുന്നു. തുറന്നുവെച്ച ജനാലയുടെ ഭാഗമാണ് കീറ്റന്റെ ശരീര ഭാഗത്തേക്ക്‌ വീഴുന്നതും കീറ്റണെ രക്ഷിക്കുന്നതും. കീറ്റണിന്റെ ശരീരവും ജനാലയും തമ്മിലുള്ള അകലം കേവലം ഇഞ്ചുകള്‍ മാത്രമാണെന്നിരിക്കെ അതിസൂക്ഷ്മമായ ഏകോപനം ഈ രംഗത്തിന്റെ ചിത്രീകരണം ആവശ്യപ്പെടുന്നുണ്ട്. സമാനമായ അവിശ്വസനീയമായ കാഴ്ചകള്‍ പൊതുവില്‍ എല്ലാ കീറ്റണ്‍ ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി കരുതിവെക്കുന്നുണ്ടെങ്കിലും ഏറെ പരാമര്‍ശിക്കപ്പെടുന്ന രംഗം മുകളില്‍ സൂചിപ്പിച്ച 'സ്റ്റീം ബോട്ട് ബില്‍ ജൂനിയര്‍' തന്നെ



അമേരിക്കന്‍ സിവില്‍ വാര്‍ പശ്ചാത്തലമാവുന്ന 'ദി ജനറലാ'ണ് ബസ്റ്റര്‍ കീറ്റന്‍റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നത്. 'സെവന്‍ ചാന്‍സസ്', 'ഷെര്‍ലക്ക്‌ ജൂനിയര്‍', 'ഔര്‍ ഹോസ്പിറ്റാലിറ്റി', ' ദ നാവിഗേറ്റര്‍ ', 'ദ ക്യാമറാമാന്‍', ' സ്റ്റീം ബോട്ട് ബില്‍ ജൂനിയര്‍ ' എന്നിവയാണ് ബസ്റ്റര്‍ കീറ്റന്‍റെ പ്രമുഖ ചിത്രങ്ങള്‍. 1920-29 കാലയളവിലാണ് ഈ ചിത്രങ്ങളെല്ലാം പുറത്തുവന്നത്.

1952-ല്‍ ചാര്‍ളി ചാപ്ലിനും ബസ്റ്റര്‍ കീറ്റണും 'ലൈം ലൈറ്റ്' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ വെള്ളിത്തിരയില്‍ അതൊരു അപൂര്‍വ്വതയായി. 1960-ല്‍ 'അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സസ്‌' കോമഡി ചിത്രങ്ങളുടെ വിഭാഗത്തിന് ബസ്റ്റര്‍ കീറ്റണ്‍ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് ഓസ്ക്കാര്‍ പുരസ്കാരം നല്‍കി ആദരിച്ചു, സമാന പുരസ്കാരം ചാര്‍ളി ചാപ്ലിന് ലഭിക്കുന്നതിനും ഒരു വ്യാഴവട്ടം മുന്‍പ്‌!

Oct 27, 2010

വഴിയറിയാത്ത പരസ്യക്കാര്‍


'ആസ്ട്രേലിയന്‍ കളിക്കാര്‍ തികഞ്ഞ പ്രൊഫഷണലുകളാണ്' എന്നത് ഒരു കാലത്തെ സ്ഥിരം പല്ലവിയായിരുന്നു. ഇക്കാലയളവില്‍ വേണ്ടത്ര 'പ്രൊഫഷണലിസ'മില്ലെന്നത് നമുക്കിടയില്‍ പലര്‍ക്കും ഒരു അലങ്കാരമായി തുടര്‍ന്നു കൊണ്ടേയിരുന്നു. പറഞ്ഞുവന്നത് ക്രിക്കറ്റിന്റെ കാര്യമല്ല 'പ്രാഞ്ചിയേട്ടന്‍', 'എല്‍സമ്മ' തുടങ്ങി ബോക്സ് ഓഫീസില്‍ സെഞ്ച്വറിയോ അര്‍ദ്ധസെഞ്ച്വറിയോ അടിക്കാന്‍ ഇറങ്ങി പുറപ്പെട്ട ചില പുത്തന്‍ കളിക്കാരെ കുറിച്ചായിരുന്നു.

ഭൂമുഖത്തെ ഏറ്റവും ചിലവേറിയതും ഏറ്റവും ജനപ്രിയവുമായ കലാരൂപമാണ്, വിവിധ കലകളുടെ മേളനമായ ചലച്ചിത്രം. ചെറുതും വലുതുമായ, വളരെ മികച്ചതും-ഗുണനിലവാരം തീരെ കുറഞ്ഞതുമായ ചിത്രങ്ങള്‍ ഏതാണ്ട് എല്ലാ രാജ്യത്തേയും ചലച്ചിത്ര വിപണിയില്‍ പ്രദര്‍ശനത്തിന്/വില്‍പ്പനക്ക് എത്തുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളും അതിന്റെ ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ നൂതനവും വ്യത്യസ്തവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്തവും വിപണനത്തിന് ഏതാണ്ട് ഒരേ രീതികളും കാലാകാലങ്ങളായി പിന്തുടരുന്ന ഒരിടമാണ് നമ്മുടെ ചലച്ചിത്ര മേഖല.

പുതിയ കാലത്തില്‍ , തീര്‍ത്തും വിശാലമായ ഒരു മേഖലയാണ് ചലച്ചിത്ര വിപണിയും വിപണിയിലെ തന്ത്രങ്ങളും. അന്നുംമിന്നും ചലച്ചിത്ര വിപണനത്തിലെ മുഖ്യ ഉപാധികളില്‍ ഒന്നായ 'പോസ്റ്റര്‍ ഡിസൈനിംഗ്' അഥവാ 'പരസ്യകല'യെ കുറിച്ചാണ് പ്രധാനമായും ഈ കുറിപ്പ്‌.

ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെയും, ആ അനുഭവത്തിനേയും, ചിത്രത്തിന്റെ ഉള്ളടക്കത്തിനേയും കുറിച്ച് ആദ്യമായി പ്രേക്ഷകനുമായി‌ സംവദിക്കുന്നത് ചിത്രത്തിന്റെ പോസ്റ്ററുകളാണ്.‌ ചിത്രത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനു മാത്രമേ അത് സാധ്യമാകൂ‌. പോസ്റ്റര്‍ ഡിസൈനിംഗിലെ അതുല്യ പ്രതിഭകളില്‍ ഒരാളാണ് ബില്‍ ഗോള്‍ഡ്‌. ഹിച്ച്കോക്കിനും, ഈസ്റ്റ്‌വുഡിനും, ക്രുബിക്കിനും അവരുടെ എക്കാലത്തേയും മികച്ച ചില ചിത്രങ്ങള്‍ക്ക് പരസ്യങ്ങള്‍ ഒരുക്കിയ ബില്‍ ഗോള്‍ഡ്‌, തന്റെ ഡിസൈനിംഗ് ജോലികള്‍ക്ക് മുന്‍പ്‌ ചിത്രം കാണുകയോ, അത് സാധ്യമല്ലെങ്കില്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ച് മനസ്സിലാക്കുകയോ ചെയ്യുമായിരുന്നു. കേവലം കുറേ തലകളും ഗീര്‍വാണങ്ങളും അല്ലാതെ (അതാണ്‌ നിരത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നത്) അതിനപ്പുറം ചിത്രങ്ങളോട് അടുത്ത്‌ നില്‍ക്കാന്‍ പൊതുവില്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ പരസ്യങ്ങള്‍ക്ക്‌ കഴിയുന്നത്, മുകളില്‍ സൂചിപ്പിച്ചതുപോലെ, ബില്‍ ഗോള്‍ഡിനെ പോലെയുള്ളവരുടെ ഹോം വര്‍ക്കുകളാണ്‌.



വിദേശ ഭാഷാചിത്രങ്ങളോട് 'മുട്ടാ'നാവില്ല എങ്കിലും നമുക്കും ഉണ്ടായിരുന്നു പണിയറിയാവുന്ന ചിലര്‍ പട നയിച്ച തെളിമയുള്ള ഭൂതകാലം. അടിസ്ഥാനപരമായി ഒരു കലാസംവിധായകനായ ഭരതനും ഗായത്രിയും (ഗായത്രി അശോകന്‍) കൊളോണിയയും (സാബു കൊളോണിയ) ബ്രഷും വിരലുകളും ആയുധമാക്കിയ കമ്പ്യൂട്ടറില്ലാക്കാലം. ചിത്രത്തിന്റെ ആത്മാവിനെ പത്രപരസ്യങ്ങളിലും പോസ്റ്ററുകളിലും കുടിയിരുത്തിയ ഒരു നല്ല കാലം. വര്‍ഷമേറെ കഴിഞ്ഞിട്ടും എത്ര ചിത്രങ്ങളുടെ എഴുത്തുകളാണ് നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വൈശാലി, ചിത്രം, അമരം, മണിച്ചിത്രത്താഴ് എത്രയെത്ര...


ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനിംഗില്‍ വല്ലാത്ത ഒരു ശ്രദ്ധയും പുതുമയും എന്നും കാത്തുസൂക്ഷിച്ചിരുന്നു, ഭരതന്‍. അവസാന കാല ഭരതന്‍ ചിത്രങ്ങള്‍ പലതും പേരുദോഷം കേള്‍പ്പിച്ചപ്പോഴും അവസാന ചിത്രമായ 'ചുര'ത്തിലെ പരസ്യങ്ങള്‍ പോലും ഭരതനിലെ കലാകാരന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ചൂരല്‍ വളച്ചുവെച്ച 'ചുര'ത്തിന്റെ ടൈറ്റില്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തെളിയുന്ന പ്രഭാതത്തില്‍ കടലിലേക്ക് വഞ്ചി തള്ളുന്ന അരയന്റെ അതിമനോഹരമായ പോസ്റ്റര്‍ 'അമര'ത്തിന് വേണ്ടി ഒരുക്കിയതും ഭരതന്‍ തന്നെയാണ്.

താരങ്ങള്‍ അന്നും നമുക്കുണ്ടായിരുന്നു, താരാരാധനയും. പക്ഷേ, താരസംഘടനകള്‍ ഇല്ലായിരുന്നു. ഒരു ചിത്രത്തിനു മുകളിലും, ചിത്രത്തിന്റെ പരസ്യങ്ങള്‍ക്ക്‌ മുകളിലും അന്ന് ഏതെങ്കിലും താരമോ സംവിധായകനോ ധാര്‍ഷ്ട്യത്തോടെ തൊപ്പിവെച്ചും കുളിഗ് ഗ്ലാസ്സുവെച്ചും തൂറി വൃത്തികേടാക്കിയില്ല. ചലച്ചിത്രത്തിനിണങ്ങിയ ടൈറ്റിലിനും അവശ്യം ചിത്രങ്ങള്‍ക്കുമൊപ്പം മികച്ച ചില തലവാചകങ്ങള്‍ ആ പരസ്യങ്ങള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ മാല ചാര്‍ത്തി. 'താഴ്‌വാര'ത്തിലെ 'അവനെന്നെ കൊല്ലാന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും', 'നവംബറിന്റെ നഷ്‌ട'ത്തിലെ 'നവംബറിന്‌ നഷ്‌ടപ്പെടാന്‍ എന്തുണ്ട്‌? ഡിസംബര്‍ ഒരേയൊരു ഡിസംബര്‍ ‍' എന്നീ വാചകങ്ങള്‍ 'ഹൊറര്‍ ഹിറ്റ്', 'സൂപ്പര്‍ രാജ', 'മാങ്ങാതൊലി' എന്നിങ്ങനെ വെണ്ടയ്ക്ക നിരത്തുന്ന ഈ കാലത്ത്‌ ഓര്‍ക്കുന്നത് തന്നെ പാപമായിരിക്കും.


പൊതുവില്‍ ഫോട്ടോഷോപ്പ് മുതലായ സൊഫ്റ്റ്‌വെയറുകളുടെ കടന്നുവരവ് ആഗോളതലത്തില്‍ , മാധ്യമരംഗത്ത്‌ രൂപ-ഭാവങ്ങളില്‍ വന്‍വിപ്ലവമാണ് നടത്തിയത്/നടത്തികൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ നീങ്ങിയത് ഏറെ പിറകിലേക്ക്‌ ആയിരുന്നു. നാലു പടം വെട്ടി, നിരത്തി വെയ്ക്കുവാന്‍ കഴിയുന്നവനും ഡിസൈനറായി. നട്ടെല്ലില്ലാത്ത നിര്‍മ്മാതാവും താരത്തിനും താരസംഘടനകള്‍ക്കും ഓശാന പാടേണ്ടി വരുന്ന സംവിധായകനും പണ്ടത്തെ ശര്‍ദ്ദിലുകള്‍ തന്നെ നക്കി തിന്നുവാന്‍ ഉളുപ്പില്ലാത്ത വിതരണക്കാരും പല നല്ല കലാകാരന്മാരേയും അതി ദയനീയ രീതിയില്‍ നിശ്ശബ്ദരാക്കി. കലികാലം എന്നല്ലാതെ എന്ത് പറയാന്‍...

മലയാള ചിത്രങ്ങളുടെ കാലാഹരണപ്പെട്ട പരസ്യചിത്ര രീതികള്‍ക്കിടയില്‍ , അതിന്റെ പ്രാധാന്യം ഒട്ടും തന്നെ തിരിച്ചറിയപ്പെടാതെ പോകുന്ന കലികാലത്തില്‍ കേവലം മുറിച്ചുവെച്ച കുറച്ച് ചിത്രങ്ങളല്ല പോസ്റ്റര്‍ ഡിസൈന്‍ എന്ന ഓര്‍മ്മപ്പെടുത്തുന്ന വേറിട്ട ചില പോസ്റ്ററുകള്‍ ഈയിടെ ശ്രദ്ധയില്‍പ്പെട്ടു‍. അമല്‍ നീരദിന്റെ 'അന്‍വര്‍ '. ചലച്ചിത്ര പരസ്യകലാരംഗത്ത്‌ ഒരു പുതിയ പേരാണ് 'ഓള്‍ഡ്‌ മൊന്‍ക്സ്'.

'അന്‍വറി'ലെ ചില പോസ്റ്ററുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഫ്രീസ് ചെയ്ത കൃത്യവും ശ്രമകരവുമായ 'ഡിജിറ്റല്‍ മാനിപുലേഷന്‍' നമ്മുടെ പരസ്യചിത്രങ്ങള്‍ക്ക് പരിചിതമായതേ അല്ല. അമല്‍ നീരദിന്റെ ചിത്രങ്ങളുടെ പൊതു സ്വഭാവം ആ പോസ്റ്ററുകളില്‍ തെളിയുന്നുണ്ട്. എങ്കിലും 'അന്‍വര്‍‍ ' എന്ന എഴുത്തോ, തലകള്‍ നിരത്തിയ ചില പോസ്റ്ററുകളോ കോംപ്രമൈസുകള്‍ ആയിരിക്കാം എങ്കിലും പൊതുവില്‍ പറയുന്ന നല്ല അഭിപ്രായത്തിനെ കാര്യമായി തന്നെ ഫില്‍ട്ടര്‍ ചെയ്യുന്നുണ്ട്.


ഇതിന് മുന്‍പും അമല്‍ നീരദിന്റെ ചിത്രങ്ങളുടെയെല്ലാം പരസ്യചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടി'ന്റെ തിരക്കൊപ്പം, ആ ചിത്രത്തിന്റെ പരസ്യചിത്രങ്ങളും 'സാഗര്‍ ഏലിയാസ്‌ ജാക്കി'യുടെ അതിഭീമമായ ഇനീഷ്യലിന് കാരണമായിരുന്നു. വ്യത്യസ്തവും കൃത്യവുമായ തന്ത്രങ്ങള്‍ക്ക് ശേഷവും ചിത്രം വിപണിയില്‍ പരാജയപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അത് ആ ചിത്രത്തിന്റെ നിലാവാരക്കുറവ് തന്നെയാണ്. അത് തന്നെയാണ് അന്ന് സംഭവിച്ചതും.


'പ്രാഞ്ചിയേട്ട‍'നിലേക്കും, 'എല്‍സമ്മ'യിലേക്കും തിരിച്ച് വരാം. ബസ്സിലും ബ്ലോഗിലും നിറഞ്ഞ ചര്‍ച്ചയായിരുന്നു പ്രാഞ്ചി. തിയറ്ററില്‍ സാമാന്യം നല്ല ചിരിയും. എന്നിട്ടും ചിത്രം വലിയ വിജയമായില്ല. ആ ചിത്രത്തെ തുണക്കാന്‍ ചുണ്ടില്‍ നിന്നും ചുണ്ടിലേക്ക് പകര്‍ന്ന നല്ല വര്‍ത്തമാനമല്ലാതെ 'പരസ്യ' സഹായങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചലച്ചിത്രമെന്നത് ഒരു കലാരൂപമാണെങ്കിലും, വിപണിയില്‍ അത് ഉല്‍പ്പന്നം തന്നെയാണ്. അതുകൊണ്ട് തന്നെ ചലച്ചിത്ര പരസ്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യമുണ്ട്. പണി അറിയുന്നവരും കലാഹൃദയമുള്ളവരും വരുന്ന പുലരികള്‍ ഉണ്ടാകട്ടെ! പരസ്യകലയില്‍ മാത്രമല്ല ചലച്ചിത്രത്തിന്റെ ബഹുമുഖങ്ങളിലും. വരട്ടെ, നല്ല ചിത്രങ്ങളും നിറയുന്ന പുതിയ കാലം!

Feb 18, 2008

ചിത്രങ്ങള്‍ നിറയും കാലം

(ViBGYOR അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവത്തിന്റെ Festival Book-ല്‍ Experimental/Micro ചലച്ചിത്ര വിഭാഗത്തിനെഴുതിയ ആമുഖ കുറിപ്പ്‌)
നാനോ സെക്കന്റ്‌ ഒരു അധിക സമയമാണ്‌, ശാസ്‌ത്രപുരോഗതിയെ നമ്മള്‍ അക്കമിട്ട്‌ നിരത്തുകയാണെങ്കില്‍. എല്ലാ മേഖലകളേയുംപോലെ കലയും ക്രമത്തില്‍ അതേറ്റുവാങ്ങി. കൂട്ടത്തില്‍ ഏറ്റവും പരിപോഷിപ്പിക്കപ്പെട്ടത്‌ ചലച്ചിത്രകലയാണ്‌. William Horner-ടെ Zoetrope മുതല്‍ Real D Cinema-യോളം എത്തിയിരിക്കുന്ന അമ്പരപ്പിക്കുന്ന വളര്‍ച്ച. പുതിയ കാലത്തിന്റെ ചലച്ചിത്ര സാദ്‌ധ്യതകളെ കുറിച്ചിടാന്‍ കേവലം രണ്ടോ മൂന്നോ പുറങ്ങള്‍ അപര്യാപ്‌തമാണ്‌. അതുകൊണ്ടുതന്നെ ഇത്‌ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ്‌.

പ്രമേയത്തിലോ പ്രമേയ പരിചരണത്തിലോ നിര്‍മ്മാണരീതികളിലോ മുഖ്യധാരാ (വാണിജ്യ) ചലച്ചിത്രമേഖലയെ വെല്ലുവിളിക്കുന്ന ശ്രമങ്ങള്‍ Experimental Cinema ഗണത്തില്‍പ്പെടുന്നു. (ഇപ്പോഴും ഇത്തരം ചലച്ചിത്രങ്ങളെ പരാമര്‍ശിക്കുമ്പോള്‍ Underground Cinema എന്നും രേഖപ്പെടുത്തി കാണാറുണ്ട്‌).

വേറിട്ട വഴികളിലൂടെ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്ന ചലച്ചിത്രവിദ്യാര്‍ത്‌ഥികളോ സംവിധായകരോ അത്തരം കൂട്ടായ്‌മകളോ ആണ്‌ എപ്പോഴും ഈ ശ്രമങ്ങള്‍ക്ക്‌ പിന്നില്‍. പക്ഷെ കാലക്രമത്തില്‍ സാമ്പത്തിക ബുദ്‌ധിമുട്ടുകളുടെ തീരാ കണക്കുകളിലും പ്രേക്ഷക ദാരിദ്രത്തിലും പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങളുടെ ദൗര്‍ലഭ്യതയിലും ഒടുങ്ങുകയാണ്‌ മിക്കവാറും എല്ലാ ശ്രമങ്ങളും തന്നെ. ഇന്റര്‍നെറ്റ്‌ തുറന്നിടുന്ന വിശാലമായ ചില വാതിലുകളുടെ പ്രധാന്യം ഇവിടെയാണ്‌.

എഴുത്തുകാരന്‍ തന്നെ പ്രസാധകനുമാവുന്ന ബ്ലോഗും 'ബൂലോഗ'വും ഇതിനോടകം തന്നെ ഏറെ ചര്‍ച്ചക്ക്‌ വിധേയമായി കഴിഞ്ഞു, നമ്മുടെ പത്രമാദ്‌ധ്യമങ്ങളില്‍. ചലച്ചിത്രകാരന്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന പ്രസിദ്‌ധമായ ഒരിടമുണ്ട്‌. ഇന്റര്‍നെറ്റ്‌ ജനതയോട്‌ 'Broadcast Yourself' എന്ന് ഉദ്‌ഘോഷിക്കുന്ന YouTube.

മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌, കൃത്യമായി പറഞ്ഞാല്‍ 2005 ഫെബ്രുവരിയിലാണ്‌ YouTube-ന്റെ തുടക്കം. 2006-ല്‍ ഇന്റര്‍നെറ്റ്‌ ഭീമന്‍ Google 1.65 ബില്ല്യണ്‍ ഡോളറിന്‌ YouTube സ്വന്തമാക്കുകയും ചെയ്തു. 2008 ഫെബ്രു.5 വരെ ഏകദേശം 7 കോടിയോളം വീഡിയോ ചിത്രങ്ങള്‍ YouTube-ല്‍ upload ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏകദേശ കണക്കുകള്‍ പ്രകാരം 50,000-ന്‌ മുകളില്‍ വീഡിയോ ചിത്രങ്ങള്‍ ഓരോ ദിവസവും പുതുതായി ചേര്‍ക്കപ്പെടുന്നു. ദൈനംദിനം 100 കോടിയിലേറെ കാഴ്‌ചകള്‍. 2008-ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിനും സംവാദങ്ങള്‍ക്കുപോലും ഇവിടം വേദിയാവുന്നു. YouTube-ന്റെ സ്വീകാര്യത ഇതില്‍ കൂടുതല്‍ വ്യക്‌തമാക്കേണ്ടതില്ലല്ലോ.

അമേരിക്കയിലെ പകര്‍പ്പാവകാശ നിയമം ലംഘിക്കാത്ത ഏതു ഗണത്തില്‍പ്പെട്ട ചിത്രങ്ങളും YouTube-ല്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്‌. നിയമത്തിന്റെ പരിധിയില്‍പ്പെടുന്നവ (പരസ്യചിത്രങ്ങള്‍, ടെലിവിഷന്‍ ചിത്രങ്ങള്‍, ചലച്ചിത്രരംഗങ്ങള്‍, മ്യൂസിക്ക്‌ വീഡിയോസ്‌) ശ്രദ്‌ധയില്‍പ്പെടുന്നപക്ഷം ഒഴിവാക്കപ്പെടുകയും ചെയ്യും. ചിത്രങ്ങളെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

YouTube-ല്‍ അംഗമാകുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും നമ്മള്‍ ചിലവഴിക്കേണ്ടത്‌ സമയം മാത്രമാകുന്നു. അംഗങ്ങള്‍ക്ക്‌ YouTuber (പ്രേക്ഷകന്‍), Director (പ്രേക്ഷകര്‍ക്ക്‌ ചിത്രങ്ങള്‍ ഒരുക്കുന്നവന്‍), Musician (സംഗീതഞ്ജനോ മേളക്കാരോ ഒരുക്കുന്ന '916 Hallmark' മുദ്ര നിര്‍ബന്‌ധമുള്ള പ്രകടനം അല്ലെങ്കില്‍ ശിക്ഷണം), Guru (പ്രഗത്‌ഭരുടെ അനുഭവം) എന്നിങ്ങനെ വിവിധ ചാനലുകളിലൂടെ കൃത്യമായ തെരെഞ്ഞടുപ്പിനും അവസരമുണ്ട്‌.

വീഡിയോ ചിത്ര ജാലികകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകുമ്പോഴും ഇറാന്‍പോലെ ചില രാജ്യങ്ങളെങ്കിലും YouTube-ന്‌ വിവിധങ്ങളായ കാരണങ്ങളാല്‍ ചുവപ്പ്‌ കാര്‍ഡ്‌ കാണിച്ചിട്ടുണ്ട്‌.

വീഡിയോ ചിത്രങ്ങളിലൂടെയുള്ള ബ്ലോഗിംഗ്‌ 'വ്ലോഗ്‌'(vlog) എന്നാണ്‌ അറിയപ്പെടുന്നത്‌. 2005-ല്‍ ആണ്‌ വ്ലോഗിംഗ്‌ കൂടുതല്‍ ജനപ്രിയമായി തുടങ്ങുന്നത്‌. ബ്ലോഗുകളില്‍ നിന്നും വ്യത്യസ്‌തമായി ഏറെക്കുറെ എല്ലാ 'വ്ലോഗു'കളുടെ പിന്നിലും ഒരു കൂട്ടായ്മ കാണുവാന്‍ കഴിയും.

അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കുകയും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ്‌ No Budget Film ഗണത്തില്‍ ഉള്‍പ്പെടുന്നത്‌. യുവസംവിധായകരുടേതായ ഈ ശ്രമങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കുകയും സംവിധായകന്‍ പലപ്പോഴും പ്രമുഖ മേഖലകളുടേയെല്ലാം കാര്യക്കാരനാവുകയും ചെയ്യും. സാധാരണയായി ഇത്തരം ചലച്ചിത്രങ്ങളില്‍ ചെലവഴിക്കേണ്ടിവരുന്ന തുക ഫിലിമിനും അതിന്റെ പ്രോസസ്സിംഗിനും മാത്രമാണ്‌. ഇത്തരം ചലച്ചിത്രങ്ങള്‍ക്ക്‌ മാത്രം വേദിയൊരുക്കുന്ന നിരവധി ചലച്ചിത്രോത്‌സവങ്ങളും ഉണ്ട്‌.

ഇന്റര്‍നെറ്റില്‍ സ്വന്തമായോ ഇത്തരം ചലച്ചിത്രങ്ങള്‍ക്ക്‌ മാത്രമായിട്ടുള്ള ഇടങ്ങളിലൂടെയോ ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംവിധായകരും ധാരാളമുണ്ട്‌. b-independent.com, explodingcinema.org തുടങ്ങിയ ജാലികകള്‍ ഉദാഹരണം. മുഖ്യധാര ചലച്ചിത്രങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന പ്രമേയങ്ങളിലൂടെ, ജനമുന്നേറ്റങ്ങളുടെ സാക്ഷിപത്രമാവുന്നതിലൂടെ No Budget Film തിരിച്ചറിയപ്പെടുന്നുണ്ട്‌, അത്ര വലിയ തോതില്‍ അല്ലെങ്കിലും...

Micro Cinema എന്ന ഗണത്തിനെ നമുക്ക്‌ രണ്ട്‌ രീതിയില്‍ വിവക്ഷിക്കാം. ഇന്ന് ലഭ്യമായ ഏതെങ്കിലും Digital മാധ്യമം ഉപയോഗിച്ച്‌ (Digital Camera, Mobile Phone തുടങ്ങിയവ) പകര്‍ത്തപ്പെടുകയും ലഭ്യമായ ചെറു ചിത്രസംയോജന മാര്‍ഗ്ഗങ്ങളിലൂടെ ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തിയാക്കപ്പെടുകയും DVD, ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്നവ. അല്ലെങ്കില്‍ Experimental, No Budget ചലച്ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കുന്ന ചെറിയ വേദികള്‍.

Micro Cinema എന്ന പ്രയോഗം സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ Total Mobile Home Micro Cinema 1991-ലാണ്‌ ആദ്യമായി അവതരിപ്പിക്കുന്നത്‌. ആനിമേഷന്‍ ചിത്രങ്ങള്‍ മുതല്‍ വളരെ ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കുന്ന മുഴുനീള ചലച്ചിത്രങ്ങള്‍വരെ ഉള്‍ക്കൊള്ളുന്ന വിശാലമായൊരു മേഖലയാണിത്‌. microcinema.com, microcinemascene.com തുടങ്ങിയ ജാലികകളില്‍ നിന്നും ഇത്തരം സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്‌.

പുതിയ ആകാശങ്ങള്‍ സ്വപ്‌നം കാണുന്നവരും പുതിയ വഴികള്‍ കണ്ടെത്തുവാന്‍ അക്ഷീണം ശ്രമിക്കുന്നവരുമാണ്‌ ഇതിന്‌ പിന്നില്‍ എന്നുള്ളതുകൊണ്ടുതന്നെ ചെലവ്‌ ചുരുങ്ങുന്നു എന്നുള്ളത്‌ ഒരിക്കലും നിലവാരം കുറയുന്നു എന്നതിന്‌ കാരണമാവുന്നതേയില്ല. ചിത്രങ്ങള്‍ നിറയുകയാണ്‌ നമുക്ക്‌ ചുറ്റിലും കണ്‍തുറന്നിരിക്കൂ ചെറിയ ക്യാന്‍വാസിലെ വലിയ വിസ്‌മയകാഴ്‌ചകള്‍ക്കായ്‌...