
1979-ലാണ് യൂസഫലി കേച്ചേരിയുടെ സംവിധാനത്തിൽ 'നീലത്താമര' പുറത്തിറങ്ങുന്നത്. 'നീലത്താമര'യുടെ പഴയ തിരക്കഥ 'എന്റെ പ്രിയപ്പെട്ട തിരക്കഥ'കൾ എന്ന എം.ടിയുടെ തിരക്കഥാ സമാഹാരത്തിൽ ലഭ്യമാണ്. രണ്ടോ മൂന്നോ മാസങ്ങൾക്ക് മുൻപ് സൂര്യ ടിവി ആ പഴയ ചിത്രം സംപ്രേക്ഷണം ചെയ്തിരുന്നു. ചിത്രം പൂർണ്ണമായി കാണുവാനിടയായില്ല എങ്കിലും പൊടിതട്ടിയെടുക്കാൻ മാത്രമുള്ള തിളക്കം ഈ താമരയ്ക്കുണ്ടോ എന്നൊരു സന്ദേഹം മനസ്സിൽ ബാക്കി നിന്നിരുന്നു. 1979 തന്നെയാണ് ഫ്ലാഷ് ബാക്കിലൂടെ പറയുന്ന കഥയുടെ കാലം. കിഴക്കുംമ്പാട്ടെ മാളുക്കുട്ടിയമ്മയുടെ തറവാടിനടുത്ത് ഒരു ക്ഷേത്രമുണ്ട്. നടയിൽ ദക്ഷിണവെച്ച് ഉള്ളുരുകി പ്രാര്ത്ഥിച്ചാല് അനുഗ്രഹമായി 'നീലത്താമര' വിരിയും എന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. തറവാട്ടിലെ പുതിയ വേലക്കാരിയാണ് കുഞ്ഞിമാളു. നഗരത്തിൽ ഉയർന്ന വിദ്യാഭ്യാസവും കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്ന മാളുക്കുട്ടിയമ്മയുടെ ഏക മകൻ ഹരിദാസ്, വേലക്കാരത്തി കുഞ്ഞിമാളുവുമായി പ്രണയത്തിലാവുന്നു. ചിത്രത്തിന്റെ അതിലളിതമായ കഥാപരിസരം ഇതാണ്.
എം.ടിയുടെ കൈയക്ഷരങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൽ ടൈറ്റിലുകൾ ദൃശ്യമാവുന്നത്. എം.ടി തിരക്കഥകളിൽ പ്രമുഖമായ ഒന്നായി 'നീലത്താമര' ഇതുവരേയും എവിടേയും പരാമർശിച്ച് കണ്ടിട്ടില്ല. എം.ടിയുടെ പഴയകാല തിരക്കഥകളിൽ ഏറ്റവും ലളിതമായ കഥാഖ്യാനവും ഈ ചിത്രത്തിന്റേതായിരിക്കണം. മലയാളത്തിലെ പുതു തലമുറ സംവിധായകരിൽ മറ്റാർക്കും തന്നെ ലഭിക്കാതിരുന്ന ഭാഗ്യമാണ് 'നീലത്താമര'യിലൂടെ ലാൽജോസിന് ലഭിച്ചത്. എം.ടിയുടെ തിരക്കഥയിൽ ലാൽജോസിന്റെ നോട്ടം ഹൃദ്യവുമായി.
നടി അംബികയുടെ ആദ്യചിത്രമായിരുന്നു, 'നീലത്താമര'. രവികുമാർ, സത്താർ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അന്ന് അവതരിപ്പിച്ചത്. പുതിയ 'നീലത്താമര'യിൽ പരിചിത മുഖങ്ങൾ തീർത്തും വിരളമാണ്. റീമ, സംവൃത സുനിൽ, കവി മുല്ലനേഴി, നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി തുടങ്ങിയവരെ ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാവരും പുതിയവര് തന്നെ. മലയാള ചലച്ചിത്ര മേഖലയുടെ താരദാരിദ്രം ഇതോടെ തീരുന്നു എന്നായിരുന്നു അണിയറ പ്രവർത്തകരുടെ അവകാശവാദം. അർച്ചന, കൈലാസ്, സുരേഷ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളാകുന്ന പുതുമുഖങ്ങൾ. അഭിനേതാക്കളെല്ലാം പൊതുവെ ഒരു നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്. കൂട്ടത്തിൽ അർച്ചനയും സംവൃത സുനിലും ഏറെ ഭംഗിയായിട്ടുണ്ട് ചിത്രത്തിൽ.
കഥാപശ്ചാത്തലമാവുന്ന ഗ്രാമം യഥാതഥമായി തന്നെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് (ഛായാഗ്രഹണം: വിജയ് ഉലകനാഥ്, ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, കലാസംവിധാനം: ഗോകുൽ ദാസ്). പഴയ കാലഘട്ടങ്ങൾ ചലച്ചിത്രങ്ങളിൽ ചിത്രീകരിക്കപ്പെടുന്നതിൽ നിന്നും വ്യത്യസ്തമായി പൊതുവേ ഒരു മിതത്വം പാലിക്കുന്നുണ്ട് ചിത്രത്തിലെ കലാവിഭാഗം. ചിത്രത്തിന്റെ ശബ്ദപഥം നിലവാരം പുലർത്തുന്നുണ്ട്. ചിത്രത്തിലൊരിടത്ത് പശ്ചാത്തലമാവുന്ന കൊട്ടുപഠനത്തിന്റെ താളവും ശബ്ദമിശ്രണവും, ശബ്ദമായി മാത്രം ചിത്രത്തിൽ വരുന്ന ഭാഗവതരുടെ ആലാപനം, ഹരിദാസും കുഞ്ഞിമാളുമായുള്ള സംയോഗവേളയിൽ ടേപ്പ് റിക്കോർഡറിൽ നിന്നും ഒഴുകുന്ന യേശുദാസിന്റെ 'സിദ് നാ കരോ' എന്ന് തുടങ്ങുന്ന പഴയ ഹിന്ദി ഗാനം, നിശ്ശബ്ദമായ ഇടവേളകൾ എന്നിവ എടുത്ത് പറയേണ്ടവയാണ്.
ചിത്രത്തിലെ ശബ്ദപഥം നല്ല നിലവാരം പുലർത്തുമ്പോഴും സമ്പുഷ്ടമായ പശ്ചാത്തല സംഗീതം പലപ്പോഴും ചിത്രത്തിന് യോജിക്കുന്നില്ല. ചിത്രത്തിലെ കാലം പഴയതാണ് എങ്കിൽ ഘോഷമായ 'synthesizer' സംഗീതത്തിനേക്കാൾ കൂടുതൽ ഇണങ്ങുക ആ കാലഘട്ടത്തിനനുസരിച്ച സംഗീതരീതികൾ ആയിരിക്കില്ലേ. 'സുബ്രഹ്മണ്യപുര'ത്തിലും ഇത്തരം ഒരു കല്ലുകടി അനുഭവപ്പെട്ടിരുന്നു. സിബി മലയിലിന്റെ 'ഇഷ്ടം' എന്ന ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തിന്റെ പഴയ കാല അനുരാഗത്തിലെ ഗാനത്തിൽ ഉപയോഗിച്ച orchestration എത്ര അനുയോജ്യവും ഹൃദ്യവുമായിരുന്നു എന്ന് ഈ അവസരത്തിൽ ഓർത്ത് പോകുന്നു.
വയലാർ ശരത്ചന്ദ്രവർമ്മ (ശരത് വയലാർ, കൊച്ച് വയലാർ എന്നീ പരീക്ഷണ പേരുകൾ ഉപേക്ഷിച്ചുവോ കവി?) എഴുതി വിദ്യാസാഗർ ഈണം പകർന്ന ഗാനം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി കഴിഞ്ഞു. ചാനലുകൾ ഒരുപാട് പാടിപ്പാടി മടുപ്പിച്ച് തുടങ്ങിയെങ്കിലും ചിത്രത്തിന്റെ ആദ്യ നാളുകളിലെ സാമ്പത്തിക സ്ഥിതിയെ അത് കാര്യമായി സഹായിക്കുന്നുണ്ട്. മലയാളം dictionary നോക്കി പാട്ടെഴുതുന്നതിനേക്കാൾ നല്ലത് വരികൾ ലളിതമാക്കുക എന്ന തത്വം വീണ്ടും വിജയം കാണുന്നതിൽ സന്തോഷം.
ബഹുഭൂരിപക്ഷം വരുന്ന ലാൽ ജോസ് ചിത്രങ്ങളുടെ എഴുത്തിലും ഒരു ചിത്രമുണ്ടാകും ('മീശ മാധവൻ' എന്ന എഴുത്തിലെ മീശയും, 'രസികനി'ലെ വിരലുകളും, 'അച്ഛനുറങ്ങാത്ത വീട്ടി'ലെ വീടും, 'അറബിക്കഥ'യിലെ അറബിയേയും ഓർക്കുമല്ലോ). മുൻപ് അത് നല്ലതെന്നോ ചീത്തയെന്നോ വിലയിരുത്തിയാലും ഇല്ലെങ്കിലും 'നീലത്താമര' എന്ന എഴുത്തും, എഴുത്തിലെ കോങ്കണ്ണും കോടിയ മുഖവും വളരെ മോശം എന്നതിന് എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല. ചെറുതല്ലാത്ത ഇത്തരം മേഖലകളിൽ ലാൽജോസിനെപ്പോലെ ഒരു സംവിധായകന്റെ ശ്രദ്ധ വേണ്ടത്ര പതിയുന്നില്ല എന്നുള്ളത് അത്യന്തം ഖേദകരമായ വസ്തുതയാണ്.
പ്രസിദ്ധനായ പരസ്യ ചിത്രസംവിധായകൻ പ്രകാശ് വർമ്മ 'നീലത്താമര'യുടെ promo song സംവിധാനം ചെയ്യുന്നു എന്ന വലിയ വാർത്ത പത്രമാധ്യമങ്ങൾ ഉത്സവമാക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് youtube-ൽ promo കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ 'വർമ്മ ടച്ചൊ'ന്നും അതിനില്ല എന്ന് മനസ്സിലായി. ഹരി നായരാണ് ചിത്രത്തിന്റെ പുറത്ത് വന്നിരിക്കുന്ന promo ഒരുക്കിയത്. ഇനിയും പ്രോഫഷണൽ ആകാത്ത നമ്മുടെ യൂണിയൻ ചലച്ചിത്രരംഗമാണോ വർമ്മയെ ഓടിച്ച് വിട്ടത്. ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. :)
സ്വയം വലിയ ശരികളും തമാശക്കാരുമായി അഭിരമിക്കുന്ന, അവതരിക്കുന്ന പുതിയ മലയാളിയുടെ ഒപ്പമിരുന്ന് റിലീസിന് ചിത്രം കാണുവാൻ ഇറങ്ങിപ്പുറപ്പെടുന്നത് വലിയ ഒരു സാഹസം തന്നെയായി തുടരുകയാണ്. തീയ്യേറ്ററിൽ ഫോണീലൂടെ ബിസ്സിനസ്സ് ഡീൽ ഒരുക്കുന്നവർ, വാക്കുകളിലും വാചകങ്ങളിലും അശ്ലീലത്തിന്റെ ദ്വയാര്ത്ഥ സാദ്ധ്യതകൾ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നവർ, സംവിധായകൻ അര്ത്ഥവത്തായി ഒരുക്കുന്ന ചെറിയ മൗനവും ആസനത്തിൽ മൂലക്കുരുവിനേക്കാൾ വലിയ വേദനയായി അനുഭവിക്കുന്നവർ. താൻ ആഗ്രഹിച്ച വഴിയേ അല്ലാതെ കഥ എങ്ങാനും നടന്ന് പോയാൽ തൊണ്ടയുടെ ചൊറിച്ചിൽ മാറ്റാൻ വെമ്പൽ കൊള്ളുന്ന പ്രേക്ഷകാ, കാഴ്ചക്കും ഒരു സംസ്ക്കാരമുണ്ട് എന്ന് വല്ലപ്പോഴും ഓർക്കുന്നത് നല്ലതാണ്.
ചിത്രത്തിന്റെ പരസ്യ വാചകങ്ങളിലൊന്ന് ഇതാണ്. '30 വർഷങ്ങൾക്കപ്പുറം അവർ കണ്ടുമുട്ടി... ചാരം മൂടികിടന്ന ഓർമ്മകളുടെ കനലുകളെ ഇളംകാറ്റ് ഊതി ഉണർത്തി'. ലളിതമായ, വെട്ടിതിരിയലുകളും ബഹളങ്ങളും അട്ടഹാസങ്ങളും ഇല്ലാത്ത ഒരു കഥയ്ക്ക്, ഇളംകാറ്റ് പോലെ ഒരു ആഖ്യാനം. പക്ഷേ, junk food-ന്റെ കാലത്തിൽ ഈ organic recipe ആസ്വദിക്കുവാൻ പ്രേക്ഷകൻ എത്രത്തോളം ശ്രമിക്കും എന്നത്, നമ്മൾ കാത്തിരുന്നു കാണുക തന്നെ വേണം.
അനുബന്ധം: വർഷങ്ങൾക്ക് മുൻപ് സന്തോഷ് ശിവൻ, വിൻസന്റ് മാസ്റ്ററുടെ 'ഭാർഗ്ഗവീനിലയ'ത്തിനെ പുനസൃഷ്ടിക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്തുകൊണ്ടോ, ആ ശ്രമം അധികം മുൻപോട്ട് പേയില്ല. 'നീലത്താമര' ഒരു വിജയം ആവുകയാണെങ്കിൽ മലയാളത്തിൽ പഴയ കഥകൾക്ക് പുതിയ രൂപങ്ങൾ ഇനിയും സംഭവിച്ചെന്നിരിക്കും...