Jul 16, 2011

ചാപ്പാ കുരിശ്

ചലച്ചിത്രത്തിന്റെ മുഖ്യധാര നടക്കുവാനിഷ്ടപ്പെടുന്ന സ്ഥിരം വഴികളില്‍ നിന്നും ചുവടുമാറി ചിത്രങ്ങളൊരുക്കുന്നവരോട്, ചിത്രങ്ങളൊരുക്കുവാന്‍ ശ്രമിക്കുന്നവരോട് എന്നുമൊരു ആഭിമുഖ്യം ചലച്ചിത്രത്തെ താല്‍പ്പര്യപൂര്‍വ്വം പിന്തുടരുന്ന സദസ്സുകളില്‍ നിന്നും ഉണ്ടാകാറുണ്ട്. ഈ വര്‍ഷം ഈയൊരു ശ്രേണിയില്‍ എടുത്തുപറയാവുന്ന ചില ശ്രമങ്ങളെങ്കിലും ഉണ്ടായത് തീര്‍ത്തും ആശാവഹമായ കാര്യവുമാണ്. കാഴ്ചകളും കഥകളും കഥാപാത്രങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ രക്ഷകനെത്തേടി വൃഥാ അലയുകയും മറുവശത്ത് ചലച്ചിത്രങ്ങള്‍ ഒരുക്കുവാന്‍ കച്ച മുറുക്കിയവര്‍ കേള്‍വിക്കേട്ടതോ കണ്ടുപരിചയിച്ചതോ അതുമല്ലെങ്കില്‍ ബഹുജനം കാണാനിട വരാത്തതോ ആയ വിദേശ ഭാഷാചിത്രങ്ങളെ ഒരു ഉളുപ്പുമില്ലാതെ ഭാഷാന്തരം നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടിനോട് എന്തുകൊണ്ടോ യോജിക്കുവാന്‍ കഴിയുന്നില്ല, പ്രത്യേകിച്ചും അവലംബമായ സൃഷ്ടിയെക്കുറിച്ച് 'ക.മാ'യെന്നു പോലും ഉരിയാടാതിരിക്കുമ്പോള്‍ . ഈ നാണം കെട്ട നിരയിലെ ഏറ്റവും പുതിയ പ്രതിനിധിയാണ്, ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത 'ചാപ്പാ കുരിശ്'.


പുസ്തകത്തില്‍ നിന്നോ നാടകത്തില്‍ നിന്നോ ഇനി മറുഭാഷകളിലെ ചലച്ചിത്രത്തില്‍ നിന്നുതന്നെയോ ഒരു ആശയം കടം കൊള്ളുകയെന്നത് തരംതാണ പരിപാടിയാണെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. സ്വീകര്‍ത്താവിന് മൂലരൂപത്തിന്റെ കാലദേശങ്ങള്‍ മാറ്റുകയോ പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുകയോ ആകാം. കാലാകാലങ്ങളായി മിക്കവാറും എല്ലാ കലാരൂപങ്ങളും ഈ കടംകൊള്ളല്‍ തുടര്‍ന്നു പോരുന്നു. ചലച്ചിത്രങ്ങളില്‍ , സ്വീകരിക്കപ്പെടുന്ന ആശയത്തിന് പ്രസക്തിയോ പ്രാധാന്യമോ എന്നതിനേക്കാള്‍ അതിന്റെ സ്വീകാര്യതയുടെ സാധ്യതകളോ കഥാരൂപത്തിന്റെ വ്യത്യസ്തതയോ ആയിരിക്കും മിക്കവാറും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. കടംകൊണ്ട ശേഷം നാട്ടില്‍ പൊതുവില്‍ കണ്ടുവരുന്ന രീതി മൂലരൂപത്തെ കുറിച്ച് മിണ്ടാതിരിക്കുകയും ആ ഖ്യാതി കൂടി ചുളുവില്‍ സ്വന്തമാക്കുകയുമാണ്. വിവരവും സാങ്കേതികജ്ഞാനവും ഉള്ളവര്‍പ്പോലും ചലച്ചിത്ര നിര്‍മ്മാണത്തിന് പകര്‍ത്തെഴുത്തിന്റെ ഈ എളുപ്പ രീതികളും ഒടുക്കം ഒരു പരാമര്‍ശം പോലുമില്ലാതെ 'താങ്ക് യു, ടാ മച്ചൂ'-ന്നും മൊഴിഞ്ഞ് മിസ്റ്റര്‍ ഒറിജിനലിനോട് പുറം തിരിഞ്ഞു നില്‍ക്കുന്നത്‌ ഏതായാലും നല്ല കീഴ്വഴക്കമല്ല.

സമീപ കാലയളവില്‍ ശ്രദ്ധയില്‍പ്പെട്ട മാന്യരും മര്യാദക്കാരുമായ രണ്ട് ചിത്രങ്ങളെക്കൂടി പരാമര്‍ശിക്കാം. ' സര്‍ക്കാര്‍ ' എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ രാം ഗോപാല്‍ വര്‍മ്മ ഇങ്ങനെ എഴുതുന്നു, "ലോകത്തിലെ എണ്ണമറ്റ സംവിധായകരെപ്പോലെ ' ദി ഗോഡ്‌ഫാദര്‍ ' എന്നെയും ഏറെ സ്വാധീനിച്ചിരിക്കുന്നു. ' സര്‍ക്കാര്‍ ' ആ ചിത്രത്തിനുള്ള എന്റെ സമര്‍പ്പണമാണ്". സംവിധായകനായ വെട്രി മാരന്‍ 'ആടുകളം' എന്ന ചിത്രത്തിന്റെ ഒടുവില്‍ ആ ചിത്രത്തെ സ്വാധീനിച്ച, ആ ചിത്രത്തിന് അവലംബമായ ചലച്ചിത്രങ്ങളേയും പുസ്തകങ്ങളേയും കൃത്യമായി നിരത്തുന്നുണ്ട്. [കഷേ‌, അമോരെസ്‌ പെരോസ്‌, ബാബേല്‍ ‍, പൌഡര്‍ കെഗ്, തേവര്‍ മകന്‍ ‍, വീരുമാണ്ടി, പരുത്തി വീരന്‍ എന്നീ ചിത്രങ്ങളും റൂട്ട്സ്‌ (അലക്സ്‌ ഹാലി), ശാന്താറാം (ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്സ്)എന്നീ പുസ്തകങ്ങളും].

'കഥ', സംവിധായകനായ സമീര്‍ താഹിറും തിരക്കഥ-സംഭാഷണം, ആര്‍ ഉണ്ണിയും സമീര്‍ താഹിറും ഒരുക്കിയ 'ചാപ്പാ കുരിശ്' എന്ന ചിത്രത്തിന്റെ പ്രമേയം ഹാന്‍ മിന്‍ കിം സംവിധാനം ചെയ്ത ' ഹാന്‍ഡ്‌ ഫോണ്‍ ' എന്ന കൊറിയന്‍ ചിത്രവുമായി, പ്രമേയത്തില്‍ , കഥാപാത്രങ്ങളില്‍ , മുഖ്യകഥാസന്ദര്‍ഭങ്ങളില്‍ കടുകുമണിയുടെ അകലമേ പാലിക്കുന്നുള്ളൂ.

Synopsis:

ഹെഡ് ഓർ ടെയിൽ എന്നതിന്റെ നാടന്‍ രൂപമാണ് 'ചാപ്പാ കുരിശ്'. നാണയത്തിന്റെ പുറങ്ങള്‍പോലെ, വ്യത്യസ്തരായ രണ്ടു വ്യക്തികളുടെ ചുറ്റിലുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ മൊബൈല്‍ ഫോണ്‍ ഒരു കഥാപാത്രം ആവുന്നതുകൊണ്ട് മൊബൈല്‍ ഫോണിനെ ബന്ധപ്പെടുത്തിയാണ് മുഖ്യ രണ്ട് കഥാപാത്രങ്ങളേയും ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത്. കൊച്ചി നഗരത്തില്‍ , മേല്‍ത്തരം ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന അര്‍ജുന്‍, ചേരിയില്‍ ജീവിക്കുന്ന, സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അന്‍സാരി എന്നിവരാണ് ഈ രണ്ട് വ്യക്തികള്‍ . ഒരു ദിവസം സോണിയ എന്ന സഹപ്രവര്‍ത്തകയുമായി തന്റെ ഫ്ലാറ്റില്‍ ചിലവഴിക്കുന്ന അര്‍ജ്ജുന്‍, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നു. ഈ മൊബൈല്‍ ഫോണ്‍ യാദൃശ്ചികമായി കളഞ്ഞു പോകുന്നു. കോഫി ഷോപ്പില്‍ യാദൃശ്ചികമായി എത്തിയ അന്‍സാരിക്കാണ് മൊബൈല്‍ ഫോണ്‍ ലഭിക്കുന്നത്.

മേല്‍ത്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലാത്ത അന്‍സാരി അത് കയ്യില്‍ തന്നെ കരുതുന്നു. ' സ്വകാര്യതകള്‍ ' മൊബൈല്‍ ഫോണില്‍ ഭദ്രമായി തന്നെ ഉള്ളതുകൊണ്ട് 'സ്വകാര്യത' ഭാവിയില്‍ നഷ്ടപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ അര്‍ജ്ജുന്‍ നിയമത്തിന്റെ വഴികള്‍ തിരഞ്ഞെടുക്കാതെ മൊബൈല്‍ ഫോണ്‍ സ്വയം വീണ്ടെടുക്കുവാന്‍ തന്നെ തീരുമാനിക്കുന്നു.


'ചാപ്പാ കുരിശി'ന്റെ ട്രൈയിലറില്‍ '21 ഗ്രാംസ്' എന്ന വിദേശ ചിത്രത്തിന്‍റെ ട്രൈയിലറിലെ വരികള്‍ പകര്‍ത്തിയെഴുതിയത് ബൂലോഗത്ത് ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തലവാചകവും അക്ഷരത്തെറ്റിലാതെ പകര്‍ത്തിയെഴുതിയതാണ്, 'മരിയ ഫുള്‍ ഓഫ് ഗ്രേയ്സ്' എന്ന ചിത്രത്തില്‍ നിന്നും. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ്‌ തന്‍റെ ബ്ലോഗില്‍ ഇങ്ങനെ എഴുതി. 'മലയാള ചലച്ചിത്ര മേഖല മാറ്റത്തിന്റെ പാതയിലാണ്. മലയാളത്തിന് നല്ല സംഭാവനകള്‍ നല്‍കാന്‍ ഈ ചിത്രത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'. മലയാള ചലച്ചിത്ര മേഖല മാറ്റത്തിന്റെ പാതയില്‍ തന്നെയെന്ന് ഏറെക്കുറെ എല്ലാവരും ശരിവെക്കുന്ന കാര്യമാണ്. വിനീതിനെ എനിക്ക് ബഹുമാനവുമാണ്. പക്ഷേ, കലര്‍പ്പില്ലാത്ത സംഭാവനകളല്ലേ മലയാള പ്രേക്ഷകനും മലയാള ചലച്ചിത്രത്തിനും കൂടുതല്‍ നന്നായിരിക്കുക.

'എഴുത്ത്‌ മൂത്ത് സംവിധാനം' എന്നത് മാറിയിരിക്കുന്നു മലയാളത്തില്‍ . സന്തോഷ്‌ ശിവനും വിപിന്‍ മോഹനും അമല്‍ നീരദിനും പി സുകുമാറിനും ശേഷം, സമീര്‍ താഹിര്‍ . എഴുത്തുകാരന്‍ മാത്രമായി തുടര്‍ന്നിരുന്നുവെങ്കില്‍ ലോഹിതദാസിന്റെ അവസാന ദശകം കുറേക്കൂടി മികവുറ്റതാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കളം മാറ്റി കളിക്കുന്ന ഒട്ടുമിക്ക പ്രതിഭകളെ കുറിച്ചും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ്. 'ചാപ്പാ കുരിശും' അഭിപ്രായം മാറ്റിയെഴുതുവാന്‍ പ്രേരണയാകുന്നില്ല. പ്രത്യേകിച്ചും, വിയര്‍പ്പ് ഒരു മറുഭാഷാ ചിത്രത്തിനെ മലയാളം പഠിപ്പിക്കുവാന്‍ മാത്രമാകുമ്പോള്‍ .

തിരോന്തരം മലയാളം, മ്മ്ടെ തൃശ്ശൂരെ മലയാളം എന്നിങ്ങനെ പല മലയാളമുണ്ടല്ലോ. രഞ്ജിനി ഹരിദാസ്‌ മുതല്‍ പേര്‍ അപ്പോസ്തലരായ 'രഞ്ജിനി' മലയാളവുമുണ്ട്, ഈ ശ്രേണിയില്‍ . ‌'രഞ്ജിനി' മലയാളമടക്കം മലയാള വാചിക ഭാഷയുടെ വിവിധ രൂപങ്ങള്‍ , വിവിധ ദേശക്കാരും, വിവിധ മതക്കാരും, സമൂഹത്തിന്റെ വിവിധ തട്ടിലുമുള്ളവരുമായ കഥാപാത്രങ്ങള്‍ സ്വാഭാവികമായി പറയുവാന്‍ ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തില്‍ .

ചാപ്പാ കുരിശ്
( ഹാന്‍ഡ്‌ ഫോണ്‍ ), കോക്ക്ടെയില്‍ ( ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ )‍, അന്‍വര്‍ ‍( ട്രൈറ്റര്‍ ), ഗുലുമാല്‍ ( 9 ക്വീന്‍സ് ) എന്നിങ്ങനെ സമീപകാലത്ത്‌ പുറത്തിറങ്ങിയ പകര്‍ത്തെഴുത്ത്‌ ചിത്രങ്ങളുടെയെല്ലാം ഒരു പൊതുസ്വഭാവം ഇവയെല്ലാം ത്രില്ലറാണ്. ഇവയെല്ലാം മിസ്റ്റര്‍ ഒറിജിനലിന്റെ ഏതാണ്ട് അതേ ശില്‍പ്പ ഘടന ആവര്‍ത്തിക്കുവാന്‍ ശ്രമിച്ചിട്ടും ഈ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകര്‍ക്ക് വേണ്ടുവോളം‌ ത്രില്ലടിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മലയാള ഭാഷയുടെ പ്രശ്നമോ, നമ്മുടെ സംസ്കാരത്തിന്‍റെയോ, പേനയുടെയോ എഴുത്ത് പുസ്തകത്തിന്റെയോ പ്രശ്നമോ? എഴുപതുകളിലേയും എണ്‍പതുകളിലേയും മലയാള ചിത്രങ്ങളിലും അന്നത്തെ സംവിധായകരിലും മാത്രം ഇപ്പോഴും കുരുങ്ങികിടക്കുന്ന ചലച്ചിത്ര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യത്യസ്തമായ ഒരു വിഷയമാണ്, താല്‍പ്പര്യമുണ്ടെങ്കില്‍ :)

എന്തൊക്കെ തെറ്റുകുറ്റങ്ങള്‍ നിരത്തിയാലും അരങ്ങിലും അണിയറയിലുമായി മലയാള ചലച്ചിത്ര മേഖലയിലേക്ക് ഒരു പിടി യുവാക്കളുടെ കടന്നുവരവാണ് 'ചാപ്പാ കുരിശ്'. ഈ ചിത്രത്തോടെ ഫഹദ്, പുതുതലമുറയിലെ സാമാന്യം ഭേദപ്പെട്ട അഭിനേതാക്കളില്‍ ഇടം പിടിക്കുന്നു. പരസ്യചിത്രങ്ങളിലും മ്യൂസിക്‌ വീഡിയോകളിലും ഛായാഗ്രാഹകനായിരുന്ന, ചില ചലച്ചിത്രങ്ങളില്‍ ഛായാഗ്രഹണ സഹായിയായിരുന്ന ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം (യൂട്യൂബ് പ്രേക്ഷകര്‍ക്ക്‌ ജോമോന്‍ ടി ജോണിനെ പരിചയമുണ്ടാകും, ഹരി എം മോഹനന്റെ എലോണ്‍ എന്ന മ്യൂസിക്‌ വീഡിയോയിലൂടെ). 'അവിയലി'ലെ റെക്സ്‌ വിജയനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് വലിയ മതിപ്പില്ലെങ്കിലും ചിത്രത്തിലെ പശ്ചാത്തല സംഗീതം മികവ് പുലര്‍ത്തിയിട്ടുണ്ട്, ആ മികവ് ചിത്രത്തിലുടനീളം തുടരുവാനായില്ല എന്നതാണ് പോരായ്മ ('കേരള കഫേ'യിലെ ബ്രിഡ്ജിന്റെ സംഗീതസംവിധായകനും റെക്സ്‌ വിജയനായിരുന്നു).

ചലച്ചിത്രത്തെ താല്‍പ്പര്യപൂര്‍വ്വം പിന്തുടരുന്നവര്‍ക്ക്‌ 'ചാപ്പാ കുരിശ്' ഭേദപ്പെട്ട ഒരു ചിത്രമായേക്കാം. പ്രമേയത്തില്‍ ആവര്‍ത്തനങ്ങളില്ല, വ്യത്യസ്തമായ, അതേ സമയം പുതിയ കാലത്തിന്റെ കാഴ്ചകളും അനുഭവങ്ങളും പങ്കുവെക്കുന്ന പ്രമേയം എന്നിവ അതിന് കാരണവുമായേക്കാം. കേട്ടുകേള്‍വികള്‍ ശരിയാണെങ്കില്‍ കണക്കിന്റെ കളിയില്‍ 'ചാപ്പാ കുരിശി'ന് വിജയമാകുവാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടതില്ല. പക്ഷേ, ഒരു ചിത്രത്തിന്റെ വിജയമെന്നത് കേവലം കണക്കിന്റെ കളി മാത്രമല്ലല്ലോ. നേരത്തെ സൂചിപ്പിച്ചതുപോലെ ശില്‍പ്പരൂപത്തില്‍ ചലച്ചിത്രത്തിന് എവിടെയോ കൈമോശം വന്ന അനുഭവമാകുന്ന കാഴ്ച അര്‍ജ്ജുനേയും അന്‍സാരിയേയും വെള്ളിത്തിരയിലെ ആട്ടക്കാര്‍ മാത്രമാക്കുന്നു. അനുഭവിപ്പിക്കാതെ ആടുന്നവരെ തേടി ആരും ഒരുപാട് നാള്‍ ഇരുട്ടിലേക്ക്‌ കയറി വരാറില്ല.

ആകെത്തുക:
കൈവിട്ട് പോയ ' ഹാന്‍ഡ് ഫോണ്‍ '

20 comments:

  1. ആശയങ്ങൾക്ക് വേണ്ടി മിക്കവരും ചുളുവിൽ മറ്റു ഭാഷകളിൽ നിന്ന് കോപ്പി ചെയ്യും. പിന്നെ അത് പ്രേക്ഷകമനസ്സിൽ എന്ത് രൂപം പ്രാപിക്കുന്നു എന്നത് വിഷയമല്ലാതായിരിക്കുന്നുവോ..?
    മലയാളമനസ്സ് എന്നും നല്ലതിലേക്കാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

    ReplyDelete
  2. ഒരു മലയാള സിനിമ കണ്ടിട്ട് ആദ്യമായി എനിക്ക് അതിന്റെ സംവിധായകനെ വിളിച്ച് അഭിനന്ദിക്കണമെന്ന് തോന്നി.

    ഈ സിനിമയെക്കുറിച്ച് കേൾക്കാനിടയുള്ള ഏറ്റവും വലിയ ആക്ഷേപം, ഒരു കൊറിയൻ സിനിമയുടെ മോഷണം ആണെന്നുള്ളതാണ്. എന്നാൽ മൂലകഥയുമായി സാമ്യമുണ്ടെന്നുള്ളതല്ലാതെ, ചാപ്പാക്കുരിശിലെ കഥാപത്രങ്ങളെല്ലാം തന്നെ നമ്മളിവിടെ നാട്ടിൽ കാണുന്നവർ തന്നെയണ്. വേറൊരു പ്രധാന പരാതി കേൾക്കാനിടയുള്ളത്, സിനിമയുടെ തുടക്കത്തിലെയുള്ള ഇഴച്ചിലിനെപ്പറ്റിയായിരിക്കും. സംഗതി ശരിയാണ്. കെട്ടിയിട്ടിരിക്കുന്ന കുറ്റിക്ക് ചുറ്റും കറങ്ങുന്ന പശുവിനെപ്പോലെ സിനിമ വളരെ നേരം നിൽക്കും. ഈ പടത്തിൽ ഇടവേള ഇല്ലേ എന്ന് സംശയിക്കുമാറ് നിങ്ങൾ മുഷിഞ്ഞ് പോയേക്കാം. And that is because, though it employs some clever techniques, writing is generally poor. പക്ഷെ ഈ മുരുക്കിൻ തടിയിൽ നിന്ന് കരിവീട്ടിയോളം ബലമുള്ള ഒരു ശില്പമാണ് സമീർ താഹിർ എന്ന സംവിധായകൻ കൊത്തിയെടുത്തിരിക്കുന്നത്. (ഇരുപത് മിനിട്ടോളം മുറിച്ച് നീക്കി പുതിയ ഒരു cut ഉണ്ടാക്കിയിരുന്നെങ്കിൽ വളരെ നന്ന്.)

    Malayalam cinema has come of age, when you were expecting the least. സാധാരണ ഇന്ത്യൻ ‘new age’ സിനിമയിലെ കഥാപാത്രങ്ങൾ, സായിപ്പിനെ അനുകരിച്ച് ഇംഗ്ലീഷ് പറയുന്ന, sexually free ആയ (അല്ലെങ്കിൽ അങ്ങിനെ നമ്മെ തോന്നിപ്പിക്കാൻ പാട് പെടുന്ന), ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന, മന്ദബുദ്ധികളെ ഓർമ്മിപ്പിക്കുന്ന, പരിഹാസ്യരാണ്. ചാപ്പാക്കുരിശിലെ ആളുകൾ ഇംഗ്ലീഷ് പറയുമ്പോൾ നമ്മുടെ തൊലി ഉരിയില്ല. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ, ആദ്യം പതറുന്നുവെങ്കിലും പ്രശംസയർഹിക്കും വിധം തന്റെ ഭാഗം ഭംഗിയാക്കിയിട്ടുമുണ്ട്.

    I can’t remember the last time I got so excited in a cinema. They could have gone a bit austere with the music, but is still good. Action? Thrilling. Cinematography? Top notch. Art direction? World class. Movie? Despite its flaws, BRILLIANT!

    ReplyDelete
  3. നന്നായിട്ടുണ്ട് നിരീക്ഷണം ...സിനിമ കാണുന്നെങ്കില്‍ വീണ്ടും ഈ വഴി വരാം

    ReplyDelete
  4. ഒരു തിരുത്ത്:
    കാഴ്ചകളും കഥകളും കഥാപാത്രങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ രക്ഷകനെത്തേടി വൃഥാ അലയുകയും ചലച്ചിത്രങ്ങള്‍ ഒരുക്കുവാന്‍ കച്ച മുറുക്കിയവര്‍ കേള്‍വിക്കേട്ടതോ കണ്ടുപരിചയിച്ചതോ അതുമല്ലെങ്കില്‍ ബഹുജനം കാണാനിട വരാത്തതോ ആയ വിദേശ ഭാഷാചിത്രങ്ങളെ ഒരു ഉളുപ്പുമില്ലാതെ ഭാഷാന്തരം നടത്തുന്ന ഏര്‍പ്പാടിനോട്

    കാഴ്ചകളും കഥകളും കഥാപാത്രങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ രക്ഷകനെത്തേടി വൃഥാ അലയുകയും (മറുവശത്ത്)ചലച്ചിത്രങ്ങള്‍ ഒരുക്കുവാന്‍ കച്ച മുറുക്കിയവര്‍ കേള്‍വിക്കേട്ടതോ കണ്ടുപരിചയിച്ചതോ അതുമല്ലെങ്കില്‍ ബഹുജനം കാണാനിട വരാത്തതോ ആയ വിദേശ ഭാഷാചിത്രങ്ങളെ ഒരു ഉളുപ്പുമില്ലാതെ ഭാഷാന്തരം നടത്തു‘കയും ചെയ്യു‘ന്ന ഏര്‍പ്പാടിനോട്

    ReplyDelete
  5. 'ഹാന്‍ഡ്ഫോണ്‍' ഞാന്‍ കണ്ടൊരു ചിത്രമല്ല. എങ്കിലും പ്ല്ലോട്ട് വായിച്ചിട്ട്, അതിലുമൊരു വീഡിയോ അടങ്ങിയ മൊബൈല്‍ മറ്റൊരാളുടെ പക്കലെത്തുന്നു എന്നതു മാത്രമേ സാമ്യമായി തോന്നിയുള്ളൂ. നടനായി അറിയപ്പെടുവാന്‍ പോവുന്നയാള്‍, അയാളെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന വില്ലന്‍ - ഇങ്ങിനെയൊന്നും ഇതില്‍ വരുന്നില്ലല്ലോ! അതിനാല്‍ 'കോക്ക്‍ടെയ്‍ല്‍' അല്ലെങ്കില്‍ 'അന്‍വര്‍' പോലെയൊരു കോപ്പിയടി ചിത്രമായി ഇതിനെ കൂട്ടുവാന്‍ കഴിയുമോ എന്നു സംശയമുണ്ട്.

    ReplyDelete
  6. ഇന്നു കണ്ടു . അത്രയ്ക്കു വലിയ കുരിശായൊന്നും തോന്നിയില്ല . കൂവാനും കയ്യടിക്കാനുമെല്ലാം അവസരമുള്ള ഒന്നായിട്ടേ തോന്നിയുള്ളൂ . ഒരു ലോജിക്കുമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന എത്രയോ ചിത്രങ്ങൾ കാണുന്നു . പിന്നെ രണ്ടു മണിക്കൂർ നിറച്ചാലേ ഒരു വാണിജ്യ സിനിമയാകൂ എന്ന കാഴ്ചപ്പാട് മാറ്റി ഒരുക്കിയിരുന്നെങ്കിൽ ഇടക്കുണ്ടായ മടുപ്പിക്കൽ ഒഴിവാക്കാമായിരുന്നു .

    ഞാൻ കൊറിയൻ ചിത്രം കണ്ടിട്ടില്ല .ഇതൊരു റീമേക് ആയിരുന്നെങ്കിൽ ഒരു നന്ദി വെക്കാമായിരുന്നു . കൊറിയൻ ചിത്രങ്ങൾ കണ്ടിട്ടില്ല്ലാത്ത എന്നെ പോലുള്ളവർക്ക് ഒരു നല്ല അനുഭവം ആയിട്ടാണ് തോന്നിയത് . മറിച്ച് തോന്നുന്നവരുമുണ്ടാകുമല്ലോ !

    ReplyDelete
  7. യൂസഫ് പാ, ഈ ലേഖനത്തില്‍ തന്നെ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു. 'പുസ്തകത്തില്‍ നിന്നോ നാടകത്തില്‍ നിന്നോ ഇനി മറുഭാഷകളിലെ ചലച്ചിത്രത്തില്‍ നിന്നുതന്നെയോ ഒരു ആശയം കടം കൊള്ളുകയെന്നത് തരംതാണ പരിപാടിയാണെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. സ്വീകര്‍ത്താവിന് മൂലരൂപത്തിന്റെ കാലദേശങ്ങള്‍ മാറ്റുകയോ പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുകയോ ആകാം'. പകര്‍ത്തിയെഴുതുകയും പിന്നെ മിണ്ടാതിരിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് ഞാന്‍ പ്രധാനമായും സൂചിപ്പിച്ചത്. മൂലരൂപത്തിനേക്കാള്‍ മോശമാണ് പകര്‍ത്തെഴുത്തെങ്കില്‍ ആ വിയര്‍പ്പിന് വിലയുണ്ടോ അത് ആവശ്യമുണ്ടോ തുടങ്ങിയവയാണ് മറ്റ് ചോദ്യങ്ങള്‍.

    ജയന്‍ രാജന്‍, മലയാള ചലച്ചിത്രം കണ്ടിട്ട് ഇതാദ്യമായാണ് സംവിധായകനെ വിളിക്കണമെന്ന് തോന്നിയതെന്ന് പറഞ്ഞുവല്ലോ. മുന്‍പ്‌ ഏതൊക്കെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്ന്‍ വെറുതെ പോലും ചോദിക്കുന്നില്ല. 'ഹാന്‍ഡ്‌ ഫോണ്‍' എന്ന ചിത്രം താങ്കള്‍ കണ്ടിട്ടുണ്ടോ എന്നും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ സംശയം പ്രകടിപ്പിക്കുമായിരുന്നില്ല. ഒരു ആശയത്തെ ദേശങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ സ്വാഭാവികമായും കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ അവശ്യം വരുത്തേണ്ട മാറ്റങ്ങള്‍ മാത്രമല്ലേ ഇവയെല്ലാം. ചിത്രത്തിലെ ഭാഷയേയും ഫഹദിനേയും കുറിച്ച് സൂചിപ്പിച്ചതിനോട് പരിപൂര്‍ണ്ണമായും യോജിക്കുന്നു.

    വിനയാ, നന്ദി. എങ്കില്‍ വരേണ്ടി വരും അല്ലേ? :)

    മധുസൂദനന്‍ മാഷേ, തിരുത്തിന് നന്ദി. എല്ലാ പോസ്റ്റിലും വരൂ. ചിലപ്പോള്‍ പോസ്റ്റിയതിനു ശേഷം ഇമ്മിണി പണി ഉണ്ടാകാറുണ്ട്... :)

    ഹരീ, പ്ലോട്ട് വായിച്ചിട്ട് ഒരു ചിത്രത്തെ നോക്കി കാണുന്നതും ചിത്രം കണ്ട ഒരാള്‍ അതിനെ കുറിച്ച് പറയുന്നതും ഒരേ രീതിയില്‍ വായിക്കാമോ. ചിത്രം സാധിച്ചാല്‍ കാണുവാന്‍ ശ്രമിക്കൂ.

    ജീവി, അഭിപ്രായത്തിന് നന്ദി.

    ReplyDelete
  8. KMDb-യില്‍ കാണുന്നതിങ്ങിനെ: Handphone: Talent manager Seung-min sees YOON Jin-ah, a rising actress, as his one last hope to turn his life around. Just as Jin-ah is on the path to stardom, he receives a threat from her former lover and gets her sex clip on his phone. Seung-min tracks down the culprit and retrieves the tape but ends up losing his phone. He realizes there is one last evidence of the sex tape on his phone and anxiously looks for it. Lee-gyu, who found Seung-min's phone, calls Seung-min's wife and asks her to come pick it up. On the night the phone was suppose to be returned, Lee-gyu doesn't show up. Now Lee-gyu is the one holding the leverage. Seung-min tries to do everything possible to get back his phone but Lee-gyu's demands are escalating to the point of no return. ഇതിലെവിടെയാണ്‌ 'ചാപ്പാ കുരിശ്'?

    ഇനി ഈ പ്ലോട്ടില്‍ പറയുന്നതല്ലേ ശരിക്കും ആ സിനിമ? 'കോക്ക്‍ടെയ്‍ല്‍' പോലെ അതേപടി എടുത്തുവെച്ചിരിക്കുകയല്ല എന്നാണ്‌ തോന്നിയത്. ഷാജി ഉദ്ദേശിച്ചത് ആ രീതിയില്‍ ഒരു മാറ്റവുമില്ലാത്ത ഒരു കോപ്പിയാണെന്നാണ്‌ വായനയില്‍ മനസിലായത്. ഇനി എങ്ങിനെയാണെങ്കിലും, ഏതെങ്കിലും സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് മാന്യമായി പറയുക തന്നെയാണ്‌ വേണ്ടത്. ആ അഭിപ്രായത്തോട് യോജിപ്പ് മാത്രമേയുള്ളൂ. :)

    ReplyDelete
  9. ഷാജി.. താങ്കളെപ്പോലെ എല്ലാവര്ക്കും ഹാന്‍ഡ്‌ഫോണ്‍ എന്ന സിനിമയെക്കുറിച്ച് ചാപ്പാ കുരിശ് വരുന്നതിന് മുന്‍പ്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഒരു മറുഭാഷാ സിനിമയുടെ കഥയില്‍ നിന്നും ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ട് ഇങ്ങനെ ഒരു സിനിമ ഒരുക്കിയത്ത് ഒരു മോശം കാര്യമായി എനിക്ക് തോന്നുന്നില്ല. പിന്നെ സിനിമയില്‍ കാണുന്ന കഥാപത്രങ്ങളൊക്കെയും നമ്മുടെ ചുറ്റുവട്ടത്ത് കണ്ട് പരിചയമുള്ളവ തന്നെയാണ്... ഈ സിനിമയിലൂടെ നല്ലൊരു മെസ്സേജും യുവതലമുറക്കായി നല്കാന്‍ കഴിയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
    ഈ സിനിമയെ എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാക്കാന്‍ അനാവശ്യ കഥാപാത്രങ്ങളെയോ അനാവശ്യ തമാശാ സീനുകളോ ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടുമില്ല

    പിന്നെ ഇതേരീതിയില്‍ ഇംഗ്ലീഷ് പോലുള്ള മറുഭാഷാ ചലച്ചിത്രങ്ങള്‍ പലവട്ടം കണ്ടും (പല ചിത്രങ്ങളും ആദ്യ കാഴ്ച്ചയില്‍ ഒരു സാധാരണ മലയാളിക്ക്‌ മനസ്സിലാവണമെന്നില്ല) അതിലെ നല്ല ആശയങ്ങള്‍ക്ക് ജയ്‌ വിളിക്കുന്നവര്‍ എന്തുകൊണ്ട് മലയാളത്തില്‍ ഇങ്ങനെ ഒരു പ്രയത്നത്തിനെ കണ്ടില്ല എന്ന് നടിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
    ---------------------------------------
    മലയാളിക്ക്‌ എന്നും ഇഷ്ടപ്പെടുന്നത് പോക്കിരിരാജ, ശിക്കാര്‍, സീനിയെര്സ്, ചൈനടൌണ്‍ പോലുള്ള ചിത്രങ്ങളാണ്‌... ഇത്രയും ചിത്രങ്ങള്‍ ഭൂരിപക്ഷമായ മലയാളികള്‍ക്ക് വേണ്ടി ഒരുക്കുമ്പോള്‍ ന്യൂനപക്ഷമായ എന്നെ പോലുള്ളവര്‍ക്ക് വല്ലപ്പോഴും കിട്ടുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇത് :)

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Shaji, ഒരു സൃഷ്ടി original ആയിരിക്കണമെന്നുള്ളതിനോട് നൂറ് ശതമാനം യോജിക്കുന്നു. മറ്റ് ചിത്രങ്ങളിൽ നിന്ന് കടമെടുക്കുമ്പൊൾ കുറഞ്ഞപക്ഷം അത് acknowledge ചെയ്യുകയെങ്കിലും വേണം എന്നതിലും തർക്കമില്ല. ഇതൊന്നും ചെയ്യുന്നില്ല എന്നുള്ളതുകൊണ്ടുണ്ടായ (genuine) കോപം കൊണ്ടാണെന്ന് തോന്നുന്നു, താങ്കൾ ചാപ്പാ കുരിശിന്റെ മേന്മകൾ ഒന്നും തന്നെ കാണാതെ പോയത്.

    ആടുകളത്തിനൊടുവിൽ എഴുതിക്കാണിക്കുന്നത് കാഷ് എന്നല്ല, കഷേ എന്നാണ്. നമ്മുടെ സിനിമാക്കാർക്ക് സാധാരണ സംഭവിക്കാറുള്ളത് ഇതാണ്. സ്ക്രീനിൽ കാണുന്നത് ഏന്താണ് എന്തിനാണ് എന്നറിയാതെയും അന്വേഷിക്കാതെയും പകർത്തിവെക്കും. Hand Phone എന്ന നല്ലതല്ലാത്ത കൊറിയൻ ചിത്രം ഞാൻ കണ്ടതാണ്. അതിൽ നിന്ന് plot elements എടുത്തിട്ടുണ്ടെന്നുള്ളത് ശരിയാണ്. പക്ഷെ രണ്ട് സിനിമകളിലുമുള്ള പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവിശേഷങ്ങൾ തന്നെ വേറെയാണെന്നിരിക്കെ, ഇവ തമ്മിൽ 'കടുകുമണിയുടെ അകലം' മാത്രമേ ഉള്ളൂ എന്ന് താങ്കൾ പറഞ്ഞതെങ്ങിനെയെന്ന് മനസ്സിലാകുന്നില്ല.

    ഒരു വിദേശ സിനിമയുടെ പേര് പോലും നേരേ ചൊവ്വേ മനസ്സിലാക്കാൻ സാധിക്കാത്ത 'നിരൂപകർ' ഉള്ള നമ്മുടെ നാട്ടിൽ, എല്ലാ പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ട് ഇത്തരമൊരു ചിത്രമൊരുക്കിയ സമീർ താഹിർ അഭിനന്ദനമർഹിക്കുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

    ReplyDelete
  12. ഹരീ, മുന്‍പ്‌ സൂചിപ്പിച്ചത് പോലെ ആ ചിത്രം കാണൂ. കൃത്യമായ നിഗമനത്തില്‍ ഹരിക്ക് എത്താവുന്നതല്ലേ ഉള്ളൂ.

    പാക്കരാ, 'ചാപ്പാ കുരിശി'ലെ മിക്കവാറും എല്ലാ മുഖ്യ കഥാപാത്രങ്ങളേയും സ്വാഭാവികമായി സൃഷ്ടിക്കുവാന്‍ ശ്രമിച്ചതില്‍ ഈ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട് എന്ന കാര്യം നിഷേധിക്കുന്നില്ല. പുതുതലമുറക്ക് ഒരു വീണ്ടുവിചാരത്തിന് ഇടവരുത്തിയേക്കും എന്നതും ശരി തന്നെ. ഒന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതും പകര്‍ത്തെഴുത്തും രണ്ടും രണ്ടല്ലേ. ദേശവും മുഖ്യ കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലെ ചില വ്യത്യാസങ്ങളും പാത്രസൃഷ്ടിയില്‍ അന്‍സാരിയുടെ പാവത്താന്‍ പരിവേഷവും മാറ്റമാണ്, ചിത്രത്തിന്റെ അവസാന ഭാഗത്തിനും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിനെ കേവലം പ്രചോദനം എന്ന വാക്കില്‍ ഒതുക്കുക ബുദ്ധിമുട്ടാണ്. വിവരവും സാങ്കേതികജ്ഞാനവും ഉള്ളവര്‍ , മലയാളത്തിന് നല്ല സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കുന്നവര്‍ , നമുക്ക്‌ പ്രതീക്ഷയുള്ളവര്‍ ചിത്രനിര്‍മ്മാണത്തിന് എളുപ്പ വഴികള്‍ സ്വീകരിക്കുന്നതും, ഇവര്‍ പിന്തുടരുന്ന ചില രീതികളെ ധാര്‍മ്മികമായി പിന്തുണക്കുവാന്‍ കഴിയുന്നുമില്ല എന്നതാണ് പ്രശ്നം.

    ജയന്‍ രാജന്‍ , താങ്കളുടെ ചോദ്യത്തിന് മുകളില്‍ പറഞ്ഞ മറുപടി പര്യാപ്തമായിരിക്കുമെന്നു കരുതുന്നു. 'കാഷ്‌' എന്നു വരുത്തിയ തെറ്റ് സംഭവിക്കുവാന്‍ പാടില്ലാത്തതായിരുന്നു. തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി. ചലച്ചിത്ര നിരൂപണമെന്ന്, എഴുതുന്ന കുറിപ്പുകളെ ലേബല്‍ ചെയ്യാറുണ്ടെങ്കിലും നല്ല നിരൂപണത്തിന്റെ രൂപവും‌ ആഴവും പരപ്പും ഉള്ളവയാണ് നിരീക്ഷണത്തിലെ കുറിപ്പുകളെന്ന്‍ അറിയാതെ പോലും ഒരിക്കലും കരുതിയിട്ടില്ല. ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ പലപ്പോഴും ആ രീതിയില്‍ പരാമര്‍ശിക്കുന്നതില്‍ വ്യക്തിപരമായി യാതൊരു താല്‍പര്യവുമില്ല. വഴിവിട്ട ചലച്ചിത്ര എഴുത്തുകള്‍ പലതും വായിക്കേണ്ടി വന്നതിന്റെ പരിണിത ഫലമായിരുന്നു ഈ സാഹസം തന്നെ‌. :)

    ReplyDelete
  13. Shaji, ഞാനൊരു തമാശ പറഞ്ഞതാണ് :-)

    ReplyDelete
  14. ഓഫ്‌ : ഒരു മൂവി റിവ്യൂ സൈറ്റ് തുടങ്ങിക്കൂടെ ജയന്‍ രാജാ?

    ReplyDelete
  15. അനുഭവിപ്പിക്കാതെ ആടുന്നവരെ തേടി ആരും ഒരുപാട് നാള്‍ ഇരുട്ടിലേക്ക്‌ കയറി വരാറില്ല. +1 :)

    ReplyDelete
  16. "ശില്‍പ്പരൂപത്തില്‍ ചലച്ചിത്രത്തിന് എവിടെയോ കൈമോശം വന്ന അനുഭവമാകുന്ന കാഴ്ച അര്‍ജ്ജുനേയും അന്‍സാരിയേയും വെള്ളിത്തിരയിലെ ആട്ടക്കാര്‍ മാത്രമാക്കുന്നു. അനുഭവിപ്പിക്കാതെ ആടുന്നവരെ തേടി ആരും ഒരുപാട് നാള്‍ ഇരുട്ടിലേക്ക്‌ കയറി വരാറില്ല"

    100% യോജിക്കുന്നു. എന്തൊക്കെയോ ഉണ്ടെന്ന് തോന്നുമ്പോഴും അവസാനം മനസിൽ ഒന്നും തങ്ങി നിൽക്കുന്നില്ല. അതുകൊണ്ട് തന്നെ ശരാശരിക്കപ്പുറം എന്ന് പറയാൻ കഴിയുന്നില്ല.

    ReplyDelete
  17. ഷാജിയെട്ടാ, എനിക്കിഷ്ട്ടപ്പെട്ടു. വളരെ അധികം ഇഷ്ട്ടപ്പെട്ടു എന്ന് പറയാം. ഹാന്‍ഡ്‌ ഫോണ്‍ കണ്ടിട്ടില്ല. അതോണ്ട് ആ ഒരു കാര്യം മാറ്റി വെച്ച് പറഞ്ഞാല്‍ മലയാളിയുടെ കാഴ്ചശീലങ്ങള്‍ക്ക് എതിരെ നില്‍ക്കുന്നു എന്നൊരു ഗുരുതരമായ തെറ്റ് സിനിമ ചെയ്തിട്ടുണ്ട് . സിനിമ ഒരു സീന്‍ ഡെവലപ്മെന്റിനു അത്യാവശ്യം സ്പേസ് എടുത്തു തുടങ്ങിയാല്‍ ഉടനെ വര്‍ത്തമാനം പറയാനും സിനിമയെ തെറി പറയാനും മാത്രമാണ് എല്ലാവരും ശ്രമിക്കുന്നത് .
    ഇന്നലെ 'Zindagi Na Milegi Dubara' കണ്ടു .ഭൂരിപക്ഷം ഹിന്ദി ഓഡിയന്‍സ് ആയത്കൊണ്ടാണോ എന്നറിയില്ല ഇടക്കൊക്കെ മൂന്നു മിനിറ്റെങ്കിലും വരുന്ന ദൈര്‍ഘ്യമേറിയ കാര്യമായി ഒന്നും സംഭവിക്കാത്ത(subtle ആയി ചിലതുണ്ട് എങ്കിലും) സീനുകളില്‍ ആരും മുഷിഞ്ഞു കമന്റ് അടിക്കുന്നത് കേട്ടില്ല.

    ReplyDelete
  18. വിനയാ, മലയാളിയുടെ പതിവ് ശീലങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നുണ്ട് ഈ ചിത്രം. പക്ഷേ, മലയാളി തീയ്യറ്ററില്‍ അസ്വസ്ഥരാകുന്നതിന്റെ കാരണം അതും ഒരു ശീലമായി തുടങ്ങിയത്‌ കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. ചുമ്മാ ഇരിക്കുകയല്ലാതെ കാഴ്ചയും ഒരു സംസ്കാരമാണ് എന്ന തിരിച്ചറിവ്‌ തീരെ ഇല്ലാതാവാന്‍ തുടങ്ങിയിരിക്കുന്നു...

    ReplyDelete
  19. ഒരു മസാല പടം കാണുമ്പോഴോ അല്ലെങ്കില്‍ വളിപ്പ് തമാശകളും ഐറ്റം ഡാന്‍സും രജനീകാന്ത്‌ വരെ നാണിച്ച് പോകും വിധത്തില്‍ ചെയ്ത സംഘട്ടനരംഗമുള്ള താരചിത്രങ്ങള്‍ ഒരിക്കലും ഭൂരിപക്ഷം മലയാളികളെ അസ്വസ്ഥരാക്കാറില്ല,ഇത് ഒരു ശീലമായിട്ട് എത്രയോ വര്‍ഷങ്ങള്‍ ആയിരിക്കുന്നു.
    ഈ സിനിമയുടെ ക്ലൈമാക്സ് പറയുന്നത് രണ്ട് കഥാപാത്രങ്ങളുടെ മാനസികമായി സംഭവിച്ച മാറ്റത്തെ കുറിച്ചാണ്... അത് പലര്‍ക്കും ചിന്തിച്ച് എടുക്കാന്‍ കൂടി സാധിക്കുന്നില്ല എന്നതാണ് കഷ്ടം. പല ചിത്രങ്ങളിലും ഇങ്ങനത്തെ ഒരു അവസ്ഥയെ പറഞ്ഞ് വിശദീകരിക്കുന്നതും കണ്ടിട്ടുണ്ട്.
    The Shawshank Redemption നല്ലൊരു സിനിമയാണ് കണ്ട്നോക്ക് എന്നും പറഞ്ഞ് ഒരു കൂട്ടുകാരന് കൊടുത്തതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല അതുകൊണ്ട് ചാപ്പാ കുരിശിന്‍റെ അഭിപ്രായം ചോദിക്കുന്നവരോട് ഞാന്‍ പറയാറ് എല്ലാവര്ക്കും ദഹിക്കുന്ന ഒന്നല്ല ഇത് എന്നാണ്... അവസാനം ഇത് എനിക്കൊരു കുരിശ് ആകരുതല്ലോ :)

    ReplyDelete
  20. edo enikku cinema nannayittu ishtapettu . hand phone enna cinemaku oru courtesy koduthal theeravunna preshnameyullu ennanu ente abhiprayam.Pani ariyavunnavananenkil oru 7D mathi padamedukkan ennu pilleru theliyichu. Jomonum sameerum unni r um ellam koodi chernapol sambhavam usharayitundu ennanu ente abhiprayam. paschathala sangeetham chila sthalangalil palunnundenkilum pothuve mikavutathayirunnu paattum thetilla. pinne thaan ithra goragoram ithine akramikendiyirunilla ennopru abiprayavum undu.

    ReplyDelete