Jan 6, 2013

അന്നയുടേയും റസൂലിന്‍റെയും പ്രണയകാലത്തില്‍

മികച്ചതായിരിക്കുമെന്ന പ്രതീക്ഷയുള്ള പുസ്തകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പ്‌ വല്ലാത്തതാണ്. പക്ഷേ, നമ്മളെ അങ്ങനെ വിഷമിപ്പിക്കാന്‍ ഇപ്പോള്‍ നമുക്കിടയില്‍ ഒരുപാട് എഴുത്തുകാരും ചലച്ചിത്രകാരന്മാരുമില്ല. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് 2013 കുറച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. രാജീവ്‌ രവിയുടെ 'അന്നയും റസൂലും', എം.ടിയുടെ രചനയില്‍ 'ഏഴാമത്തെ വരവ്', ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ' ആമേന്‍ ', അമല്‍ നീരദ്‌ നിര്‍മ്മാണ കമ്പനിയുടെ Anthology ചിത്രം 'അഞ്ച് സുന്ദരികള്‍'. ഈ നിര ഇനിയും നീട്ടേണ്ടി വരും. ഈ കുറിപ്പ്‌ 'അന്നയേയും റസൂലിനേയും' കുറിച്ചാണ്..


പ്രണയകഥകള്‍ക്ക് എന്നും മാതൃകാരൂപമായ, വിഖ്യാതര്‍ 'റോമിയോ-ജൂലിയറ്റാ'ണ് അന്ന-റസൂല്‍ പ്രണയത്തിന്‍റെ ആധാരശില. പുതിയ കാലത്തില്‍ , വിശാല കൊച്ചിയില്‍ ,  രാജീവ്‌ രവി - ജി സേതുനാഥ് (സേതുനാഥ് FTII, പൂനെയില്‍ നിന്നും ചിത്രസംയോജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്) - സന്തോഷ് എച്ചിക്കാനം എന്നിവര്‍ ചേര്‍ന്ന്‍ രൂപം നല്‍കിയ കഥക്ക് തിരക്കഥാരൂപം ഒരുക്കിയത്‌ ചെറുകഥാകൃത്ത് കൂടിയായ സന്തോഷ് എച്ചിക്കാനമാണ്. ഏറെ കാലങ്ങളായി നാട്ടിലെ സിനിമാക്കാര്‍ വരയ്ക്കുന്ന വെറുമൊരു 'കൊച്ചി'യല്ല, 'ഛോട്ടാ മുബൈ'യുമല്ല, രാജീവ്‌ രവിയുടെ കൊച്ചി. ഇതില്‍ ഫോര്‍ട്ട്കൊച്ചിയും മട്ടാഞ്ചേരിയും വൈപ്പിനും ജെട്ടിയും എറണാകുളം നഗരവും, ആ നാടും നാട്ടുകാരും ഭാഷയും സംസ്കാരവും 'വിശാലമായി' അടയാളപ്പെടുത്തുന്നുണ്ട്. ഒരു ഉദാഹരണത്തിന് ചിത്രാരംഭത്തിലെ പള്ളിപ്പെരുന്നാള്‍. ഇത്രയും യഥാതഥമായി ആവിഷ്ക്കരിക്കപ്പെട്ട പള്ളിപ്പെരുന്നാള്‍ മുന്‍പ് ഒരു മലയാള ചിത്രത്തിലും കണ്ടതായി ഓര്‍ക്കുന്നില്ല. അങ്ങിനെയങ്ങിനെ കേവലമൊരു നാട്ടില്‍ സംഭവിക്കാവുന്ന കഥയേക്കാള്‍ ആ നാടിന്‍റെ സ്വഭാവ-സംസ്കാര സവിശേഷതകള്‍ കൂടി ഇതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം നില്‍ക്കുകയും, പെരുമാറുകയും, പോരടിക്കുകയും ചെയ്യുന്നുണ്ട്.

Synopsis:

കപ്പലില്‍ പണിയെടുക്കുന്ന ആഷ്ലിയുടെ ഓര്‍മ്മയിലൂടെയാണ് 'അന്നയും റസൂലും' അവതരിപ്പിക്കപ്പെടുന്നത്. മട്ടാഞ്ചേരിയില്‍ താമസക്കാരായ പൊന്നാനിക്കാരാണ് ഹൈദറും ഇളയ സഹോദരന്‍ റസൂലും. ജങ്കാറില്‍ പണിയെടുക്കുന്ന ഹൈദര്‍ , കഴിഞ്ഞ കുറേ നാളുകളായി ഗള്‍ഫില്‍ പോകുവാന്‍ പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നു. റസൂല്‍, ഫോര്‍ട്ട് കൊച്ചിയില്‍ ടൂറിസ്റ്റ് ടാക്സി ഓടിക്കുന്നു. റസൂലിന്‍റെ സുഹൃത്തുക്കളാണ് അബുവും കോളിനും.

നിശ്ചയമില്ലാത്ത അബുവിന്‍റെ ആവശ്യങ്ങളോടൊപ്പം യാത്ര ചെയ്യവേ റസൂല്‍ , യാദൃശ്ചികമായി അന്നയെ കണ്ടുമുട്ടുന്നു. കൊച്ചി നഗരത്തിലെ ഒരു മുന്‍നിര വസ്ത്രവ്യാപാര കേന്ദ്രത്തില്‍ സെയില്‍സ്‌ ഗേളായിരുന്നു വൈപ്പിന്‍കാരിയായ അന്ന. എന്നാല്‍ അന്നയുടെയും റസൂലിന്‍റെയും മാത്രം കഥയല്ല ഈ ചിത്രം. ഇതില്‍ കൊച്ചിയിലെ ജീവിതമുണ്ട്, അവിടത്തെ ഇഷ്ടങ്ങളും നേരമ്പോക്കുകളും, സ്നേഹവും പരിഭവങ്ങളും, സൗഹൃദങ്ങളും വിരോധവും, പകയും പ്രതികാരവുമുണ്ട്.

കഥാപാത്രങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യരെന്ന് തോന്നിപ്പിക്കുന്നതാണ് ചിത്രത്തിലെ മിക്കവാറും എല്ലാ അഭിനേതാക്കളുടേയും തെരഞ്ഞെടുപ്പ്. അതില്‍ താരങ്ങള്‍ മുതല്‍ ഫോര്‍ട്ട്കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും നാട്ടുകാരും, മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരുമുണ്ട്. രഞ്ജിത്, പി ബാലചന്ദ്രന്‍, ആഷിക്ക് അബു, ജോയ്‌ മാത്യു (ഷട്ടര്‍), എം.ജി ശശി എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ കാണുവാന്‍ സാധ്യതയുള്ള മുഖങ്ങളാണ്
ഷൈന്‍ ടോം ചാക്കോ (അബു), സൗബിന്‍ ഷാഹിര്‍ (കോളിന്‍) എന്നിവരുടേത്‌. നിശബ്ദയായി പ്രണയം ഏറ്റുവാങ്ങുന്ന അന്നയും (ആന്‍ഡ്രിയ), അതിനേക്കാള്‍ , പ്രണയ പരവശനാകുന്ന റസൂലും (ഫഹദ്‌ ഫാസില്‍) മികച്ച നിമിഷങ്ങള്‍ ചിത്രത്തില്‍ കരുതിവെക്കുന്നുണ്ട്. പ്രതിഭയും ഇണങ്ങുന്ന കഥാപാത്രങ്ങളും ഫഹദിന് മലയാളത്തിലെ മുന്‍നിര നടന്മാര്‍ക്കിടയില്‍ ഇടം നല്‍കുന്നുണ്ട്. രണ്ട് ചിത്രങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍ മസില്‍ വീര്‍പ്പിക്കാനും കുളിംഗ് ഗ്ലാസ്‌ വെയ്ക്കുവാനും ഡോണാകുവാനും വെമ്പുന്നവര്‍ക്കിടയില്‍ ഫഹദ്‌ അഭിനന്ദനമര്‍ഹിക്കുന്നത്, 'ആമേന്‍', 'ഒളിപ്പോര്' മുതലായ ചിത്രങ്ങളിലെ വ്യത്യസ്തമായ പാത്രസൃഷ്ടികള്‍ക്ക് ശ്രമിക്കുന്നത് കൊണ്ടാണ്.

എല്ലാ പ്രേമകഥകളും‍, പൈങ്കിളികള്‍ ആകണമെന്നില്ല. പക്ഷേ, തീയ്യറ്ററില്‍ ഇരച്ചെത്തുന്ന ബഹുജനം ഒരു പ്രണയകഥയില്‍ പ്രതീക്ഷിക്കുന്നത് കാല്‍പ്പനികതയോ, അവര്‍ കണ്ടുപരിചയിച്ച ദൃശ്യഭംഗികളോ ആണ്. പ്രണയം പൂവിട്ടാലുടന്‍ അരക്കെട്ടിളകി നായിക തോഴിമാരോടൊത്ത് ആടണം, നായകന്‍ പാടണം, കാറ്റടിക്കണം, കാണാന്‍ പറ്റാതാവണം, അതുകണ്ട് കയ്യടിക്കണം. നിര്‍ഭാഗ്യവശാല്‍ റസൂലിന്‍റെയും അന്നയുടേയും പ്രണയം ചെറിയ ചെറിയ സംഭവങ്ങളിലൂടെ ഉണരുന്ന, പലപ്പോഴും നിശബ്ദമായി വാചാലമാവുന്ന ഒന്നാണ്. ആര്‍ത്ത് വിളിച്ചും നൃത്തം ചെയ്തും പിന്നെ തോന്നിയതൊക്കെ കാട്ടികൂട്ടിയും, വെപ്രാളപ്പെട്ട് സിനിമ കാണുന്ന മൂലക്കുരുവിന്‍റെ അസ്കിതയുള്ള പുതിയ കാലത്തിന് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യബോധമുള്ള ആഖ്യാനരീതി പരിചിതമായിരിക്കണമെന്നില്ല, പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞെന്ന് വരികയുമില്ല. ഒരു സംവിധായകന്‍റെ ദൃശ്യാവിഷ്കാരം പ്രേക്ഷകന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി വളയണമെന്ന് ശഠിക്കുന്ന പോലെ തോന്നും പ്രേക്ഷകരില്‍ ചിലരുടെ പ്രതികരണങ്ങള്‍ കേട്ടാല്‍ . എന്നാല്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളുമില്ല, അഭിപ്രായ പ്രകടനങ്ങളുമില്ല. സംവിധായകന്‍റെ ബുദ്ധികൂര്‍മ്മതയേയും, ധീരതയേയും അഭിനന്ദിക്കുകയും ചെയ്യും.

പ്രണയകഥകളുടെ പൊതുവേയുള്ള തെളിമയും വര്‍ണ്ണാഭവുമായ ദൃശ്യപരിചരണരീതിയല്ല, 'അന്നയും റസൂലിന്‍റെ'ത്. രാജീവ്‌ രവി ഛായാഗ്രാഹകനായിരുന്ന 'ഗാംഗ്സ് ഓഫ് വാസയ്പൂറി'ന്‍റെയോ അദ്ദേഹത്തിന്‍റെ ആദ്യകാല ചിത്രങ്ങളിലൊന്നായ 'ബൈ പാസ്സി'ന്‍റെയോ പരുക്കനും ഇരുണ്ടതുമായ ദൃശ്യാഖ്യാനമാണ് ഈ ചിത്രത്തിന്‍റെത്. സ്വാഭാവികവും യഥാര്‍ത്ഥമായ ദൃശ്യങ്ങള്‍ക്കായി ഛായാഗ്രാഹകനായ മധു നീലകണ്ഠന്‍ സ്വാഭാവികമായ പ്രകാശത്തിലാണ് ഈ ചിത്രം ഏതാണ്ട്‌ പൂര്‍ണ്ണമായും ചിത്രീകരിച്ചത്. പ്രഭാതമായാലും സന്ധ്യയായാലും രാത്രിയായാലും എല്ലാം അങ്ങനെതന്നെ. കൊച്ചിയിലെ വിവിധഭാഗങ്ങളില്‍ യഥാര്‍ത്ഥ ജനക്കൂട്ടങ്ങളെ തന്നെ പകര്‍ത്തുവാന്‍ ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ ഉപയോഗിക്കുകയും ചെയ്തു ('സെക്കന്‍റ് ഷോ'യുടെ ഛായാഗ്രാഹകനായിരുന്ന പപ്പുവും ജയേഷ് നായരുമായിരുന്നു സെക്കന്‍റ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തത്‌).

മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ സംഭാഷണങ്ങളേക്കാള്‍  അഭിനേതാക്കള്‍ തല്‍ക്ഷണം സ്വാഭാവികമായി പറയുന്ന, ആവിഷ്ക്കരിക്കുന്ന സംഭാഷണങ്ങളില്‍ മുഴുപ്പുള്ള തെറികളും, ഭാഷയില്‍ , കൊച്ചിയുടെ തനത് രൂപവും ശൈലിയും, അതിന് വല്ലാത്തൊരു സുഖവുമുണ്ട്. എസ് രാധാകൃഷ്ണന്‍ ചെയ്ത തത്സമയ ശബ്ദലേഖനം, ചിത്രാരംഭത്തില്‍ ചില വേളകളില്‍ വ്യക്തമാകാതെ അനുഭവപ്പെട്ടുവെങ്കിലും, ചിത്രത്തിന്‍റെ സമഗ്രതയില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട് (ശബ്ദമിശ്രണം: തപസ്‌ നായിക്‌).

സ്വാഭാവികമായ ദൃശ്യങ്ങളുടെയും അവ പകര്‍ത്താനെടുത്ത ഗോറില്ലാ ഫിലിംമേകിംഗ് രീതികളുടേയും പേരിലാകും മലയാള സിനിമയില്‍ 'അന്നയും റസൂലും' സ്വന്തമായ ഒരിടം കണ്ടെത്തുന്നത്. ചിത്രീകരണത്തില്‍ വേറിട്ട വഴി സ്വീകരിക്കുകയും, അതില്‍ മുഖ്യധാരയിലെ അഭിനേതാക്കള്‍ ഭാഗമാകുകയും, ചിത്രം കേരളത്തിലെ ഒരുപിടി തീയ്യറ്ററുകളില്‍ എത്തുകയും, അത് കാണുവാന്‍ ജനം തയ്യാറാവുകയും ചെയ്യുമ്പോള്‍ ഈ പ്രണയചിത്രത്തിനെ മലയാളത്തിലെ ഒരു ലാന്‍ഡ്മാര്‍ക്ക്‌ ചിത്രമെന്നോ മലയാളത്തിന്‍റെ 'സുബ്രഹ്മണ്യപുര'മെന്നോ വിളിക്കേണ്ടി വരും


മലയാളിയും, ഇന്ന്‍ ഇന്ത്യയിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളും, നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്‍റെ ഭര്‍ത്താവുമാണ്, ആദ്യമായി ചിത്രം സംവിധാനം ചെയ്യുന്ന രാജീവ്‌ രവി. 'ചാന്ദ്നി ബാര്‍' മുതല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രം 'ഗാംഗ്സ് ഓഫ് വാസയ്പൂര്‍' വരെ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സുപരിചിതമായ 'ക്ലാസ്മേറ്റ്സി'നും ഇദ്ദേഹത്തിന്‍റെത് തന്നെയായിരുന്നു ഛായാഗ്രഹണം.

ചിത്രത്തിന്‍റെ ദൈര്‍ഘ്യത്തിനെ കുറിച്ച്, അവസാന ഭാഗങ്ങള്‍ക്ക് മുന്‍പായുള്ള ഇഴച്ചിലിനെ കുറിച്ച് ഒരുപാട്പേര്‍ പരാതി പറയുന്നത് കണ്ടു. രണ്ട് മുതല്‍ രണ്ടേകാല്‍ മണിക്കൂര്‍ വരെയാണ് ഇപ്പോള്‍ ഒരു മലയാള ചിത്രത്തിന്‍റെ ശരാശരി ദൈര്‍ഘ്യം. ശീലിച്ച് പോയവര്‍ക്ക്‌ 2 മണിക്കൂര്‍ 45 മിനിറ്റ്‌ കൂടുതലാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ എഴുതിയ മൂലരൂപത്തിനെ കുറിച്ച് രാജീവ്‌ രവി 'ദി ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്രകാലം കൊണ്ട് മനസ്സിലും പേപ്പറിലും പിന്നീട് ക്യാമറയിലുമായി ആവിഷ്ക്കരിച്ച ഒരു ചിത്രത്തെ മൂന്ന്‍ മണിക്കൂറില്‍ താഴെ മാത്രം തീയ്യറ്ററില്‍ ഇരുന്ന് ആസ്വദിക്കുകയോ, അനുഭവിക്കുകയോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയില്‍ കാണുകയും ചെയ്തിട്ട് ആ ഭാഗം ശരിയല്ല, ഇവിടം മുതല്‍ അവിടം വരെ മുറിച്ച് കളയണമായിരുന്നു, രണ്ടേകാല്‍ മണിക്കൂറേ പാടുള്ളൂ എന്നെല്ലാം പറയുന്നത് അവിവേകമാണെന്നേ ഞാന്‍ പറയൂ. നിങ്ങള്‍ കണ്ടതാണ് ചിത്രം. രാജീവ്‌ രവിക്ക്‌ അന്നയേയും റസൂലിനേയും കുറിച്ച് ഇത്രയും പറയാന്‍ ഉണ്ടായിരിക്കണം. അതിന് ഇത്രയും സമയവും വേണ്ടിയിരുന്നിരിക്കണം. വെറുതെ മുറിച്ച് മാറ്റിയാല്‍ അത് ചിത്രത്തിന്‍റെ സമഗ്രതയെ എങ്ങനെയാണ് ബാധിക്കുമെന്ന് മനസ്സിലാക്കി തന്നെയാണോ നിങ്ങള്‍ ഇങ്ങനെ പറയുന്നത്..?

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയാല്‍ ആസ്വാദനം  നന്നാകുമെന്ന് തോന്നിയതുകൊണ്ടാണ് പ്രധാനമായും അറിയാവുന്ന വിവരങ്ങള്‍ ഈ കുറിപ്പില്‍ പങ്കുവെച്ചത്.

ആകെത്തുക: സിനിമയെന്നാല്‍ വിനോദം മാത്രമല്ല, ഇത് സാധാരണ കണ്ടു പരിചയിച്ച ആസ്വാദന വ്യാകരണവുമല്ല. പ്രേക്ഷകനെ കരയിക്കുവാനുള്ള നമ്പറുകളോ, ചിരിപ്പിക്കുവാനുള്ള കുതന്ത്രങ്ങളോ, ഒന്നുമില്ല ഈ ചിത്രത്തില്‍. പക്ഷേ, ഈ സിനിമ നിങ്ങളെ ചിരിപ്പിച്ചുവെന്ന് വരും, മനസ്സിനെ, എപ്പോഴോ, ഒന്ന് തൊട്ടെന്ന് വരും. ഒഴുക്കില്‍ നിന്ന് മാറി നില്‍ക്കുന്ന സൃഷ്ടികള്‍ എല്ലാകാലത്തും വൈകിയാണ് തിരിച്ചറിയപ്പെടുക, അംഗീകരിക്കപ്പെടുക. അന്നയുടേയും റസൂലിന്‍റെയും കാര്യത്തില്‍ കാലമൊന്ന് മാറി ചിന്തിക്കട്ടെ എന്നാഗ്രഹിക്കുന്നു..

പറയാതിരിക്കാന്‍ വയ്യാത്ത ചിലത്:
~ ചിത്രം റിലീസ്‌ ചെയ്ത് രണ്ടാം ദിവസമായ ഇന്നലെ മുതല്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ മുറിച്ച് നീക്കിയിട്ടുണ്ട്. അത് ചിത്രത്തിന്‍റെ സംവിധായകന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് എന്നറിയുന്നു. :((  - [Updated 1.30 PM, Jan. 6, 2012]

~ അടിവയറ്റില്‍ ഇതിന് മാത്രം കഴപ്പുണ്ടോ മലയാളിക്കെന്ന് സംശയിച്ച് പോകും തീയ്യറ്ററിലെ ഇരുട്ടില്‍ ശരാശരി മലയാളിയുടെ ആഭാസപൂര്‍വ്വമുള്ള പ്രതികരണങ്ങള്‍ കേട്ടാല്‍ . ഇതാദ്യ അനുഭവമൊന്നും അല്ലെങ്കിലും, മുന്‍പ്‌ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും റെനീഷ് ഫേസ്‌ബുക്കില്‍ എഴുതിയത് പങ്കുവെയ്ക്കുന്നു.

~ തലശ്ശേരിയിലെ 'ലിറ്റില്‍ ലിബര്‍ട്ടി' തീയ്യറ്ററില്‍ കുടുംബത്തോടൊപ്പം ചിത്രം കാണാന്‍ ചെന്ന സുഹൃത്തിനെ തീയ്യറ്റര്‍ ജീവനക്കാര്‍ നിരുത്സാഹപ്പെടുത്തി. 'അന്നയും റസൂലും' അവാര്‍ഡ്‌ ചിത്രമാണത്രേ, നല്ല ചിത്രം 'മൈ ബോസ്' അപ്പുറത്ത്‌ കളിക്കുന്നുണ്ട് പോലും. അവരോടൊക്കെ എന്ത് പറയാന്‍ , 'കര്‍ത്താവ്‌ കാത്തുകൊള്ളട്ടെ'യെന്നും, 'മുടക്കം വരുത്താതെ കുമ്പസാരിക്കാന്‍ കഴിയട്ടെ'യെന്നും പ്രാര്‍ഥിക്കുന്നു.

അനുബന്ധം:
~ സംവിധായകന്‍ രാജീവ്‌ രവിയുമായി, സരസ്വതി നാഗരാജന്‍ നടത്തിയ അഭിമുഖം

20 comments:

  1. ഗോറില്ലാ ഫിലിംമേകിംഗ്..?

    റിയലി?

    ReplyDelete
    Replies
    1. He must have surely meant Guerrilla Film making, Roby. Must be the autocorrect that must've played truant. Thanks.

      @ Shaji. Always a pleasure reading your Notes:)

      Delete
  2. എഴുത്തു നന്നായി എന്ന പതിവുമൊഴിയിൽ കാര്യമില്ലെന്നറിയാം. ഇനിയും നിങ്ങളെക്കൊണ്ടിങ്ങനെ എഴുതിക്കാൻ പറ്റിയ സിനിമകളുണ്ടാവട്ടെ എന്ന് ആശിക്കുന്നു. വേറൊന്നിനുമല്ല എനിക്കും കാണാല്ലോ :)

    അന്നയുടെ കണ്ണുകൾ ഇപ്പോഴും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു :(

    ReplyDelete
  3. നല്ല എഴുത്ത്

    ഒരു കവിതപോലെ മനോഹരം നിശബ്ദതയ്ക്ക് ഇത്ര ശക്തി ഉണ്ടെന്നു ഈ സിനിമ കണ്ടപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്‌. ഫഹദിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല

    ReplyDelete
  4. edo shaji. Ithu polichu :) Njan 3rd time kaanan naale ponenu :)

    Janmadinashamsakalum

    ReplyDelete
  5. അന്നയേയും റസൂലിനേയും അവരുടെ പശ്ചാത്തലത്തേയും നന്നായി നിരീക്ഷിച്ചിരിക്കുന്നു. ഇത്രയും യാഥാർത്ഥ്യ ബോധത്തോടെ ഈ അടുത്ത കാലത്തൊന്നും ഒരു പ്രണയ ചിത്രം മലയാളത്തിലിറങ്ങിയിട്ടില്ല. എനിക്ക് ഒരുപാടിഷ്ടായി ഈ സിനിമ

    ReplyDelete
  6. "ഒരു സംവിധായകന്‍റെ ദൃശ്യാവിഷ്കാരം പ്രേക്ഷകന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി വളയണമെന്ന് ശഠിക്കുന്ന പോലെ തോന്നും പ്രേക്ഷകരില്‍ ചിലരുടെ പ്രതികരണങ്ങള്‍ കേട്ടാല്‍ . എന്നാല്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളുമില്ല, അഭിപ്രായ പ്രകടനങ്ങളുമില്ല. സംവിധായകന്‍റെ ബുദ്ധികൂര്‍മ്മതയേയും, ധീരതയേയും അഭിനന്ദിക്കുകയും ചെയ്യും."
    കൊട് കൈ... You said it!

    മനോഹരമായ ഒരു ചിത്രത്തിന് മനോഹരമായ ഒരു റിവ്യൂ

    ReplyDelete
  7. ഒരു കൊച്ചീക്കാരന്റെ മനസ്സുണ്ട് ഈ ചിത്രത്തിൽ എന്ന് ഷാജി പറഞ്ഞതനുസരിച്ച് തന്നെയാണ് സിനിമ കാണാൻ പോയത്. ഒന്നല്ല, ഒന്നര കൊച്ചീക്കാരന്റെ മനസ്സുണ്ടിതിൽ. ഇത്ര സ്വാഭാവികമായ കഥാപാത്രങ്ങളും ചിത്രീകരണവും മുൻപെങ്ങും ഒരു മലയാളസിനിമയിൽ ഞാൻ കണ്ടിട്ടില്ല. സിനിമയെന്നാൽ നിലവിലുള്ള ചില സങ്കൽ‌പ്പങ്ങളുണ്ട്, പ്രത്യേകിച്ചും വിഷയം പ്രണയം ആകുമ്പോൾ. അതൊന്നും ഇതിൽ കാണാനാകില്ല എന്നത് നല്ലൊരു കൂട്ടം പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്നിരിക്കും. പക്ഷെ അവർ ഒന്ന് മാറിച്ചിന്തിച്ച് നോക്കിയാൽ പ്രശ്നം തീരും. നിങ്ങൾക്കൊരു പ്രണയം ഉണ്ടാകുമ്പോൾ അതിന് പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ സ്വാഭാവികമായ നീക്കങ്ങളും പ്രതികരണങ്ങളും ഒക്കെയല്ലേ ഇതിലും കാണുന്നത്. സിനിമയിലെ വർണ്ണപ്പകിട്ടുകൾ ഒക്കെയും മാറ്റി നിർത്തി നോക്കൂ. സ്വാഭാവികമായ പ്രകാശത്തിൽ, ശബ്ദത്തിൽ, പെരുമാറ്റത്തിൽ, സംസാരത്തിൽ ഇതിന് മുൻപ് ഒരു മലയാളം സിനിമ നിങ്ങൾ എപ്പോളാണ് കണ്ടത് ? മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. താരങ്ങൾ ഇല്ലാത്ത സിനിമകൾ വെച്ച് പുത്തൻ സങ്കേതങ്ങൾ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവിടെ. ഒന്നുകിൽ അതിനൊപ്പം നിൽക്കാം, അതിനെ പ്രോത്സാഹിപ്പിക്കാം. അല്ലെങ്കിൽ അതിഭാവുകത്വം നിറഞ്ഞ പീച്ചേ വാലാ ചാലീസ് നൃത്തരംഗങ്ങളോടു കൂടിയ തട്ടുതകർപ്പൻ സിനിമകൾക്കൊപ്പം ഉറഞ്ഞ് തുള്ളാം.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  8. A very good review.

    ReplyDelete
  9. nice review thanks

    ReplyDelete
  10. 'ഏഴാമത്തെ വരവ്' ലിസ്റ്റില്‍ മാറ്റുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ഒരെണ്ണം ഇവിടെയും കിടപ്പുണ്ട്. അഗ്രിഗേറ്ററുകളിലൊന്നും വന്നിട്ടില്ല, അതുകൊണ്ട് ഇവിടെ ഒട്ടിക്കുന്നു. ക്ഷമിക്കുക. http://doctorsmediavision.com/article_detail.php?FID=17

    ReplyDelete
  13. Monee Shaji Kallakki....

    I like Anna Rasool.
    Because I like Silence.
    And Reality...

    ReplyDelete
  14. Hello boss,

    Sorry to write in English.

    There are two important aspects, which I felt.

    1. In Mainstream Malayalam cinema, there is very little cinema. Even if we take a still picture of the scene and play the dialogues behind, our cinema will be complete. Our dialogues are too much over played and always accompanied by overacting. Even if an average Malayaalee prides that we are better actors than rest of India, we too over act almost always. Even Mammootty and Mohanlal have only very few films in which they didnt over act at all. In this Theatrised cinema world of Malayalam (just that there are different camera angles), Annayum Rasoolum is definitely a different movie. There is cinema all over in this one. The beauty of dialogues and silence is so evident all over and what a cinematic experience it has been. Definitely a game changing movie for Malayalam.

    2. Culture - Ever since Paruthiveeran and Subramaniyapuram were out lot of Malayaalees have been comparing our movies to the new parallel movies of Tamil. Unfortunately they missed the point that in all the recent Malayalam movies, there is a real lack of nativity. I mean in all these Tamil movies, the above ones or Azhagar saamiyin Kuthirai/Vaagai Sooda Vaa / Thenmerkku Paruva katru / Vazhakku 18/19 / Raattinam and many others - the heart of the movie was Tamil and it represented Tamil culture. Even Anurag Kashyap mentioned about the inspiration he received from this new bred Tamil directors who worked around their routes. All these recent Malayalam movies, of which most Malayaalees are proud, there were hardly real Malayalam or Kerala. They were all by characters who were thriving to behave like West. Well, thats not the case with Annayum Rasoolum. This movie has Kochi in its heart to the fullest. Here is one movie that we can show to any international audience and they would smell the culture out.

    For one time, I would say, we have got a Malayalam movie that can compete with the quality of the new Parallel Tamil movies.

    Good review boss.

    ReplyDelete
  15. നായകന്റെ തുടർച്ചയായുള്ള കുളി ബോറടിപ്പിച്ചു. കഥാഖ്യാനത്തിന്റെ ഉപസംഹാരത്തിനു സഹായകമായത് പൊന്നാനിയിലെ കുളിസീൻ മാത്രം. പിന്നെ ഹൈറേഞ്ചിലെ പുഴയിലെ കുളിയും നല്ലതു തന്നെ. നായകന്റെ കുളിസീനിനാൽ സമ്പുഷ്ടം! :)

    ReplyDelete
  16. അന്നയും റസൂലും കണ്ടു. സിനിമയുടെ പ്രമേയം പഴഞ്ചന്‍. ന്യൂജനറേഷന്‍ ഉല്‍പ്പന്നത്തിന്റെ എല്ലാവിധ കൊട്ടിഘോഷങ്ങളും. എന്നാല്‍ സംഗീതം മികച്ചുനില്‍ക്കുന്നു. ആഖ്വാനത്തിലും വേഗത. എഡിറ്റിംഗ്‌ പരാജയം. അഭിനയം ഫഹദ്‌ ഫാസില്‍ ഔന്നത്യത്തില്‍. ഗാനങ്ങള്‍ മെച്ചം. പക്ഷേ ഇനി ഇതിപോലൊരു പാകമാവാത്ത അഥവാ അറുപതുകാലത്തിന്റെ തിരിച്ചൊഴുക്കിന്‌ സാധ്യത കുറവ്‌. അങ്ങനെ വന്നാല്‍ ദിലീപിന്റെ മിമിക്രി-മായാമോഹിനി പോലെയാകും

    ReplyDelete
  17. കൊള്ളാം മാഷെ. ഇനിയും നല്ല സിനിമകള്‍ ഉണ്ടാവും എന്ന് കരുതാം.

    ReplyDelete