
മലയാളത്തിലെ പുതുതലമുറയില്‍ സാമാന്യം തന്റേടമുള്ള, സര്‍വ്വോപരി വിവരമുള്ള സംവിധായകനാണ് അമല്‍ നീരദ്. മികച്ചൊരു പ്രൊഫൈലും സ്വന്തമായുണ്ട്. കൊല്‍ക്കത്തയിലെ സത്യജിത് റായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലും ബെര്‍ലിനിലുമായി ഛായാഗ്രഹണത്തില്‍ ഔപചാരിക വിദ്യാഭ്യാസം, തുടര്‍ന്ന് ഛായാഗ്രാഹകനായി വര്‍ഷങ്ങളോളം ചലച്ചിത്ര തലസ്ഥാനമായ ബോളിവുഡില്‍ രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളോടൊപ്പം. മലയാളിക്ക് അന്നുവരെ പരിചിതമല്ലാത്ത സാങ്കേതിക നിലവാരത്തില്‍ 'ബിഗ് ബി'യിലൂടെ സംവിധായകനായി തുടക്കം. പക്ഷേ, സാങ്കേതികമായി ബഹുദൂരം മുന്‍പിലോടിയ 'സാഗര്‍ ഏലിയാസ് ജാക്കി', എന്ന രണ്ടാമത്തെ ചിത്രം ചോക്ലേറ്റ് പേപ്പറില്‍ പൊതിഞ്ഞ നനഞ്ഞ പടക്കമായിരുന്നു. അമല്‍ നീരദിന്റെ സ്ഥിരം ശൈലിയില്‍ തന്നെയാണ് പുതിയ ചിത്രം 'അന്‍വറും'.
'ഫോര്‍ ബ്രതേഴ്സി'ന്റെ ജാരസന്തതിയാണ് 'ബിഗ് ബി' എന്ന കടുത്ത ആരോപണങ്ങളോട് സംവിധായകന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചിത്രഭൂമിയിലുമായി ഭംഗിയായി പ്രതികരിക്കുകയും തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കഥയില്ലാ കാവ്യമായിരുന്ന 'സാഗര്‍ ഏലിയാസ് ജാക്കി'യില്‍ വിദേശഭാഷാ ചിത്രങ്ങളുടെ സ്വാധീനം ഏറെ പ്രകടവുമായിരുന്നു. പുതിയ ചിത്രം 'അന്‍വറിന്റെ' തന്തയും വിദേശിയാണ്, തറവാട്ടില്‍ പിറന്ന ഒരു അമേരിക്കക്കാരന്‍, ' ട്രൈട്ടര്‍ ' (Traitor).

"മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ, വല്ലവരും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യകുലത്തെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകും. ഒരാളുടെ ജീവന്‍ വല്ലവരും രക്ഷിച്ചാല്‍ അത് മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിന് തുല്യമാകും" എന്ന ഖുറാന്‍ വചനം ചിത്രത്തിന്റെ ആരംഭത്തില്‍ തെളിയുന്നുണ്ട്. കഥാപരിസരത്തെ പരിചയപ്പെടുത്തുന്നത് മമ്മുട്ടിയുടെ ശബ്ദമാണ്.
Synopsis:
കോയമ്പത്തൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ചുമതല സ്റ്റാലിന്‍ മണിമാരനാണ്. അന്വേഷണങ്ങളെ തുടര്‍ന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട നിരവധിപ്പേര്‍ ജയിലിലാവുന്നു. കൂട്ടത്തില്‍ സമുന്നതനായ നേതാവ് ബാബു സേട്ടുമുണ്ട്. ഗുരുവായൂരില്‍വെച്ച് കുഴല്‍പ്പണവുമായി അറസ്റ്റിലാവുന്ന അന്‍വര്‍ എത്തുന്നതും അതേ ജയിലിലാണ്.
കടുത്ത ഇസ്ലാം മത വിശ്വാസിയായ അന്‍വര്‍ , ബാബുസേട്ടിനേയും അനുയായികളെയും പരിചയപ്പെടുന്നു. അവരുമായുള്ള അടുപ്പം ജയിലില്‍ നിന്നിറങ്ങിയ അന്‍വറിനെ ബാബു സേട്ടിന്റെ നാടായ മട്ടാഞ്ചേരിയില്‍ എത്തിക്കുന്നു. തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണില്‍ അന്‍വര്‍ , ബാബു സേട്ടിന്റെ വിശ്വസ്തനായ സൂത്രധാരനാകുന്നു
കോയമ്പത്തൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ചുമതല സ്റ്റാലിന്‍ മണിമാരനാണ്. അന്വേഷണങ്ങളെ തുടര്‍ന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട നിരവധിപ്പേര്‍ ജയിലിലാവുന്നു. കൂട്ടത്തില്‍ സമുന്നതനായ നേതാവ് ബാബു സേട്ടുമുണ്ട്. ഗുരുവായൂരില്‍വെച്ച് കുഴല്‍പ്പണവുമായി അറസ്റ്റിലാവുന്ന അന്‍വര്‍ എത്തുന്നതും അതേ ജയിലിലാണ്.
കടുത്ത ഇസ്ലാം മത വിശ്വാസിയായ അന്‍വര്‍ , ബാബുസേട്ടിനേയും അനുയായികളെയും പരിചയപ്പെടുന്നു. അവരുമായുള്ള അടുപ്പം ജയിലില്‍ നിന്നിറങ്ങിയ അന്‍വറിനെ ബാബു സേട്ടിന്റെ നാടായ മട്ടാഞ്ചേരിയില്‍ എത്തിക്കുന്നു. തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണില്‍ അന്‍വര്‍ , ബാബു സേട്ടിന്റെ വിശ്വസ്തനായ സൂത്രധാരനാകുന്നു
തന്ത, ' ട്രൈട്ടര്‍ ' ആണെന്ന് പറഞ്ഞുവല്ലോ. കൈകാര്യം ചെയ്ത വിഷയത്തിലെ രാഷ്ട്രീയം കൊണ്ടും ഡോണ്‍ ഷീഡിലിന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്, ' ട്രൈട്ടര്‍ '. ഭംഗിയായി അടുക്കി വച്ച ഒരു തിരക്കഥയുടെ പിന്‍ബലം ആ ത്രില്ലറിനുണ്ടായിരുന്നു. 'ട്രൈട്ടറി'ലെ ചില മുഖ്യ കഥാപാത്രങ്ങളും ചില കഥാസന്ദര്‍ഭങ്ങളും കേരളീയ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയാണ് 'അന്‍വറി'ല്‍ . മെയില്‍ ഫോര്‍വേര്‍ഡില്‍ തമിഴ് ചിത്രങ്ങളുടെ ഫോര്‍മുല ഉണ്ടാക്കിയതുപോലെ അവശ്യം കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും, ഗാനങ്ങളുമായി കൂട്ടിച്ചേര്‍ക്കലുകള്‍ . ആ കൂട്ടിച്ചേര്‍ക്കലില്‍ പ്രമുഖം, മുഖ്യകഥാപാത്രത്തിന്റെ കഴിഞ്ഞ കാല ജീവിതം, കഥാപാത്രങ്ങളില്‍ ഒന്നിന് കേരളത്തിലെ അറിയപ്പെടുന്ന ഒരു നേതാവുമായി വേണമെങ്കില്‍ ആരോപിക്കാവുന്ന സാമ്യം, കഥാസന്ദര്‍ഭങ്ങള്‍ക്ക് കഴിഞ്ഞ ദശകത്തിലെ ഇരുള്‍ വീണ ചില ഏടുകളുമായുള്ള ബന്ധം എന്നിവയാണ്.
'ട്രൈട്ടറാ'യി ഈ ചിത്രത്തെ താരതമ്യം ചെയ്യുകയല്ല. ഭീമമായ മുതല്‍മുടക്കില്‍ , ലോകവിപണിതന്നെ ലക്ഷ്യമാക്കി, വിട്ടുവീഴ്ചകളില്ലാതെ ചെയ്ത ചിത്രത്തേയും, ചെറിയ മുതല്‍ മുടക്കില്‍ , കേരളമെന്ന 'ഠ' വട്ടത്തിലെ വിപണിയെ ലക്ഷ്യമാക്കി പുറത്ത് വന്ന ചിത്രത്തേയും താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. അമല്‍ നീരദ് തന്നെ പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ ഒരു സൃഷ്ടിക്ക് വിവിധ ഭാഷകളില്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, കഴിവും വിവരവും വിദ്യാഭ്യാസവും പരിചയവും കൈമുതലായ ഒരാള്‍ ഇത്തരം എളുപ്പവഴികള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
പണ്ടൊരിക്കല്‍ ത്രൂഫോയുമായുള്ള അതിദീര്‍ഘവും അതിപ്രശസ്തവുമായ അഭിമുഖത്തില്‍ സസ്പെന്‍സ് ചിത്രങ്ങളുടെ ആചാര്യന്‍ ഹിച്ച്കോക്ക്, എന്താണ് സസ്പെന്‍സെന്നും എന്താണ് സര്‍പ്രൈസെന്നും വിശദീകരിക്കുകയുണ്ടായി. അവര്‍ സംസാരിച്ചിരിക്കുന്ന മേശക്ക് താഴെ ഒരു ബോംബ് ഉണ്ടെന്ന് കരുതുക. പ്രത്യേകിച്ച് മുന്‍ സൂചനകളൊന്നും ഇല്ലാതെ ബോംബ് പൊട്ടിത്തെറിക്കുന്നു. കാണുന്ന ജനം സ്വാഭാവികമായും അത്ഭുതപ്പെടുന്നു. ഇതാണ് സര്‍പ്രൈസ്. ഇനി സസ്പെന്‍സെന്നാല്‍ മേശക്ക് താഴെയുള്ള ബോംബിനെ കുറിച്ച് ജനത്തിന് അറിയാം. ചുവരിലെ ക്ലോക്കില്‍ മണി ഒന്നാകുമ്പോഴാണ് ബോംബ് പൊട്ടിത്തെറിക്കുക. പതിനഞ്ച് മിനുറ്റ് കൂടിയുണ്ട് ഒരു മണിക്ക്. ഇത്തരം ഒരു സാഹചര്യത്തില്‍ അതേ മേശക്ക് ചുറ്റുമുള്ള സംഭാഷണത്തില്‍ ജനം അഥവാ പ്രേക്ഷകന്‍ കൂടി പങ്കാളിയാവുന്നു. പ്രേക്ഷകന്‍ ആ കഥാപാത്രങ്ങളെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. മേല്‍ സൂചിപ്പിച്ച ആദ്യ സംഭവത്തില്‍ സ്ഫോടന സമയത്ത് ഒരു പതിനഞ്ച് നിമിഷത്തെ അത്ഭുതം പ്രേക്ഷകന്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ രണ്ടാമത് പതിനഞ്ച് മിനുട്ടിന്റെ സസ്പെന്‍സാണ് അതേ പ്രേക്ഷകന്‍ അനുഭവിക്കുന്നത്. ചുരുക്കത്തില്‍ , അവിചാരിതമായ ട്വിസ്റ്റ് അല്ലെങ്കില്‍ , ചിത്രത്തിലെ സസ്പെന്‍സിന്, കാണുന്ന പ്രേക്ഷകന് ആവശ്യമായ വിവരങ്ങള്‍ കൃത്യമായി തന്നെ കിട്ടിയിരിക്കണം.
ഹിച്ച്കോക്കിന്റെ വിശദീകരണം ഒന്ന് ഉറപ്പിക്കുന്നുണ്ട്. സസ്പെന്‍സ് എന്ന പേരില്‍ നമ്മള്‍ പലപ്പോഴും കണ്ടതെല്ലാം ഞൊടിയിട നേരത്തെ സര്‍പ്രൈസ് ആയിരുന്നു. 'ട്രൈട്ടറും', 'അന്‍വറും' തമ്മില്‍ ആഖ്യാനത്തിലെ വ്യത്യാസവും അതിലുപരി പോരായ്മയും അത് തന്നെയാണ്.
മണിരത്നം കണ്ടുപിടിക്കുകയും മലയാളി സംവിധായകര്‍ ഹിറ്റാക്കുകയും ചെയ്ത, ചോന്ന വരയുടെ നേതൃത്വത്തില്‍ നടക്കുന്ന, ചലച്ചിത്ര പരിപാടിക്ക് മുന്‍പുള്ള പ്രാര്‍ത്ഥനാ ചടങ്ങ് മാത്രമാണ് നമുക്ക് ടൈറ്റിലിംഗ്. അതിനെ കുറിച്ചും വിവരമുള്ളവര്‍ പണ്ട് ചിലതൊക്കെ പറഞ്ഞു വെച്ചിട്ടുണ്ട്. 'ഗുഡ് ഫെല്ലാസ്', 'സൈക്കോ' മുതലായ ചിത്രങ്ങളുടെ ടൈറ്റില്‍സ് വിഭാവനം ചെയ്ത സോള്‍ ബാസ് പറയുന്നത്, ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിനും അതിന്റെ സ്വഭാവത്തിനും ഇണങ്ങുന്ന മാനസികാവസ്ഥയിലേക്ക് ടൈറ്റില്‍ സീക്വന്‍സിലൂടെ പ്രേക്ഷകനെ ഉയര്‍ത്തുവാന്‍ കഴിയുമെന്നാണ്. ടൈറ്റിലിന് ശേഷം ചിത്രം തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകന്‍ ചിത്രവുമായി ഇഴുകി ചേര്‍ന്നിരിക്കും. ചുവന്ന വരയില്ലാത്ത ഭേദപ്പെട്ട ഒരു തുടക്കം 'അന്‍വറി'നുണ്ട്.
ഇതിന് മുന്‍പും അമല്‍ നീരദിന്റെ ചിത്രങ്ങളുടെയെല്ലാം പരസ്യചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടി'ന്റെ തിരക്കൊപ്പം, 'സാഗര്‍ ഏലിയാസ് ജാക്കി'യുടെ പരസ്യചിത്രങ്ങളും ആ ചിത്രത്തിന്റെ അതിഭീമമായ ഇനീഷ്യലിന് കാരണമായിരുന്നു. ചലച്ചിത്ര പരസ്യകലാരംഗത്ത് ഒരു പുതിയ പേരായ 'ഓള്‍ഡ് മൊന്‍ക്സ്', കേവലം മുറിച്ചുവെച്ച കുറച്ച് ചിത്രങ്ങളല്ല പോസ്റ്റര്‍ ഡിസൈനെന്ന് 'അന്‍വറി'ലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചില പോസ്റ്ററുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഫ്രീസ് ചെയ്ത കൃത്യവും ശ്രമകരവുമായ 'ഡിജിറ്റല്‍ മാനിപുലേഷന്‍' നമ്മുടെ ചലച്ചിത്ര പരസ്യങ്ങള്‍ക്ക് പരിചിതമായതേ അല്ല. അമല്‍ നീരദ് ചിത്രങ്ങളുടെ പൊതു സ്വഭാവം ആ പോസ്റ്ററുകളില്‍ തെളിയുന്നുണ്ട്. എങ്കിലും 'അന്‍വര്‍ ' എന്ന എഴുത്ത്, പരസ്യങ്ങളെ കുറിച്ച് പൊതുവില്‍ പറയുന്ന നല്ല അഭിപ്രായത്തില്‍ കാര്യമായ കുറവ് വരുത്തുന്നുണ്ട്. 'Anwar'-ലെ 'N', മറ്റ് അക്ഷരങ്ങളെ വേര്‍തിരിക്കുമ്പോള്‍ 'A War' എന്നും വായിക്കാം എന്നതാവാം പരസ്യ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണക്കാക്കിയിട്ടുണ്ടാവുക.
സാങ്കേതിക വിഭാഗത്തിന്റെ വിയര്‍പ്പാണ് 'അന്‍വറി'ന്റെ Aപ്ലസ്. സതീഷ് കുറുപ്പിനേയും വിവേക് ഹര്‍ഷനേയും കൂടാതെ വല്ലപ്പോഴും അഭിനന്ദിക്കുവാന്‍ മാത്രം നമുക്ക് അവസരം തരുന്ന 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആക്ഷന്‍ & മാര്‍ഷ്യല്‍ ആര്‍ട്സും' അക്കൂട്ടത്തിലുണ്ട്.
ആക്ഷന്‍ ചിത്രത്തിന്റെ താളം കാത്തുസൂക്ഷിക്കുന്ന ' അന്‍വറില്‍ ', മുഖ്യ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക്, ചിത്രത്തിന്റെ താളം മന്ദഗതിയിലാക്കുന്നുണ്ട്. കൂനിന്മേല്‍ കുരു പോലെ പാട്ടും, ഒന്നല്ല, രണ്ടെണ്ണം. എന്തായാലും ആ പാട്ടുകള്‍ ബിരിയാണി സദ്യക്കിടക്ക് നല്ല പ്രഥമന്‍ വിളമ്പിയത് പോലെയായി! നായികയും രണ്ട് പാട്ടുമില്ലാതെ എന്ത് ചിത്രം അല്ലേ? ദോഷം പറയരുതല്ലോ, കുറേനാള്‍ കൂടി മലയാളി മൂളിയ ഗാനങ്ങള്‍ 'അന്‍വറി'ല്‍ ഒരുക്കിയത് ഗോപി സുന്ദറാണ്. പാട്ട് മൂളിയെങ്കിലും, 'കിഴക്ക് പൂക്കും' എന്ന ഗാനം ചിത്രീകരണത്തില്‍ 'ബോംബെ'യും ഈണത്തില്‍ 'ഫിസ'യിലെ 'പിയ ഹജി അലി'യേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
അങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്‍ ആണെങ്കിലും ഇങ്ങേതലക്കലുള്ള ഗോപാലകൃഷ്ണന്‍ ആണെങ്കിലും (കട: വിശാല്‍ജി) അവരവരുടേതായ ശൈലിയുണ്ടാകും. പൊതുവില്‍ പതിഞ്ഞ് സംസാരിക്കുന്ന കഥാപാത്രങ്ങളാണ് അമലിന്റെ ചിത്രങ്ങളിലെല്ലാം തന്നെ. സ്ലോമോഷന്‍, ആക്ഷന്‍, മഴ, കുട എന്നിവയേയും നീരദശൈലിയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി. ചെറിയ വേഷങ്ങളില്‍ എത്തുന്ന കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വമുണ്ടെന്നത് സംവിധായകന്റെ പ്രതിഭയെ വ്യക്തമാക്കുന്നുണ്ട്. കുറേനാളുകള്‍ക്ക് ശേഷമാണ് ഗീത, കുക്കു പരമേശ്വരന്‍ മുതലായ ചില മുഖങ്ങള്‍ വലിയ സ്ക്രീനില്‍ കാണുന്നത്. പൃഥ്വിരാജ്, ലാല്‍ , പ്രകാശ് രാജ് എന്നിവരില്‍ തുടങ്ങുന്ന അഭിനേതാക്കളുടെ നിര ഭേദപ്പെട്ട രീതിയില്‍ ചിത്രത്തെ സഹായിക്കുന്നുണ്ട്.
മുകളിലേക്ക് ഓടി പോകുന്ന എന്‍ഡ് ക്രെഡിറ്റ്‌സാണ് നമുക്ക് ചിര പരിചിതമായത്. കഴിഞ്ഞ കുറെ നാളുകളായി ടെലിവിഷന്‍ സ്ക്രീനില്‍ കണ്ടു പരിചയിച്ച വലത്ത് നിന്നും ഇടത്തോട്ടുള്ള ക്രെഡിറ്റ്‌സിന്റെ ഒഴുക്ക് ഇതാദ്യമായി ഒരു ചിത്രത്തിലും കണ്ടു. ചിത്രം കഴിഞ്ഞും വല്ല ആട്ടമോ പാട്ടോ അല്ലെങ്കില്‍ പറഞ്ഞുതീരാന്‍ ബാക്കിയുള്ള വല്ലതുതോ ഉണ്ടെങ്കില്‍ ക്രെഡിറ്റ്‌സ് ഈവിധമാകാം. വിഷ്വലിനെ ബാധിക്കുന്നില്ല. ക്രെഡിറ്റ്‌സ് വായിച്ചിരിക്കേണ്ടവര്‍ക്ക് അതാവുകയും ചെയ്യാം.
രാഷ്ട്രീയക്കാര്‍ ജാഥക്ക് ആളെ കൂട്ടാന്‍ കൂലിക്ക് എടുക്കുമെന്ന് കേട്ടിട്ടുണ്ട്. കൂലിക്കാരായ കൂവല്‍ തൊഴിലാളികളെ കുറിച്ചും പലരും പലയിടത്തും പറഞ്ഞിട്ടുണ്ട്. ആദ്യമായാണ്, ഒന്ന് നേരില്‍ കാണുന്നത്. ഞാന്‍ ' അന്‍വര്‍ ' കാണുന്നത് വെള്ളിയാഴ്ച രാത്രി ചാലക്കുടിയിലാണ്. ഫസ്റ്റ് ഷോ നടക്കുന്ന സമയത്തുതന്നെ ഞാന്‍ തീയറ്റര്‍ പരിസരത്തുണ്ട്. തീയറ്ററിനകത്ത്, എന്ത് നടക്കുന്നു എന്ന് നിശ്ചയമില്ലെങ്കിലും ചിത്രം തീര്‍ന്നപ്പോള്‍ തീയറ്റര്‍ പരിസരത്ത് എവിടെ നിന്നോ കുറെ കുറുക്കന്മാര്‍ ഓലിയിടാന്‍ തുടങ്ങി. സെക്കന്റ് ഷോ സമയത്ത് പ്രേക്ഷകര്‍ക്ക് കാര്യമായി ചൊറിച്ചില്‍ ഉണ്ടായതായി തോന്നിയില്ല. 'ക്ലാസ്സ്‌മേറ്റ്സ്'ലെ ലാബ് മുറിയിലെ കഥ പറച്ചില്‍ പ്രേക്ഷകര്‍ കൂവി തള്ളിയപോലെ, ചിത്രത്തിലൊരിടത്ത് 'അന്‍വറി'ന്റെ കരച്ചിലിനിടക്ക് പ്രേക്ഷകര്‍ തൊണ്ടകടി മാറ്റുന്നുണ്ട്. ചിത്രം തീരുമ്പോള്‍ ഒറ്റയും തെറ്റയുമായ കൂക്ക് വിളികളുണ്ട്. എന്നാല്‍ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാണുന്നത്, ബാല്‍ക്കണിക്ക് താഴെ പത്ത്-പതിനഞ്ച് ചെറുപ്പക്കാര്‍ കൂടിനിന്ന് ഇറങ്ങി വരുന്ന കാണികള്‍ക്ക് നേരെ കൂക്കി വിളിക്കുന്നതാണ്. ഒരു ചിത്രത്തിലെ അഭിനയത്തേയോ അതിലെ സന്ദര്‍ഭങ്ങളെയോ അല്ലെങ്കില്‍ ചിത്രത്തെ തന്നെയോ ആണ് കൂക്കി വിളിക്കുന്നതെങ്കില്‍ അത് തീയറ്ററിലാണ് കേള്‍ക്കേണ്ടത്. ഇറങ്ങി വരുന്ന പ്രേക്ഷകര്‍ക്ക് നേരെ കൂക്കുന്നവര്‍ ചെയ്യുന്നത് പ്രേക്ഷകരുടെ അഭിപ്രായങ്ങളെ വെല്ലുവിളിക്കുകയോ അപായപ്പെടുത്തുകയോ ആണ്. അവരുടെ ലക്ഷ്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും അവരുടെ ലാഭം എന്തുതന്നെ ആയിരുന്നാലും ആത്യന്തികമായി അവര്‍ അപായപ്പെടുത്തുന്നത് ചലച്ചിത്രത്തെ തന്നെയാണ്.
അപ്പോള്‍ ചിത്രത്തിനകത്ത് മാത്രമല്ല, തീയറ്ററിന് പുറത്തുപോലും 'അന്‍വറി'നെ അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ ഏറെയുണ്ട്‍. പക്ഷേ, സാങ്കേതിക തികവിന്റെ കരുത്തില്‍ ശത്രുവിനെ തോല്‍പ്പിക്കുവാന്‍ പോന്നവന്‍ തന്നെ ' അന്‍വര്‍ '.
ആകെത്തുക: സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ . സ്ലോ മോഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ നെഞ്ചെരിച്ചില്‍ , വയറുവേദന, ഹൃദയാഘാതം എന്നിവയുള്ളവര്‍ ഈ ചിത്രവും കാണാതിരിക്കുക തന്നെയാണ് നല്ലത്.
