
'ആസ്ട്രേലിയന്‍ കളിക്കാര്‍ തികഞ്ഞ പ്രൊഫഷണലുകളാണ്' എന്നത് ഒരു കാലത്തെ സ്ഥിരം പല്ലവിയായിരുന്നു. ഇക്കാലയളവില്‍ വേണ്ടത്ര 'പ്രൊഫഷണലിസ'മില്ലെന്നത് നമുക്കിടയില്‍ പലര്‍ക്കും ഒരു അലങ്കാരമായി തുടര്‍ന്നു കൊണ്ടേയിരുന്നു. പറഞ്ഞുവന്നത് ക്രിക്കറ്റിന്റെ കാര്യമല്ല 'പ്രാഞ്ചിയേട്ടന്‍', 'എല്‍സമ്മ' തുടങ്ങി ബോക്സ് ഓഫീസില്‍ സെഞ്ച്വറിയോ അര്‍ദ്ധസെഞ്ച്വറിയോ അടിക്കാന്‍ ഇറങ്ങി പുറപ്പെട്ട ചില പുത്തന്‍ കളിക്കാരെ കുറിച്ചായിരുന്നു.
ഭൂമുഖത്തെ ഏറ്റവും ചിലവേറിയതും ഏറ്റവും ജനപ്രിയവുമായ കലാരൂപമാണ്, വിവിധ കലകളുടെ മേളനമായ ചലച്ചിത്രം. ചെറുതും വലുതുമായ, വളരെ മികച്ചതും-ഗുണനിലവാരം തീരെ കുറഞ്ഞതുമായ ചിത്രങ്ങള്‍ ഏതാണ്ട് എല്ലാ രാജ്യത്തേയും ചലച്ചിത്ര വിപണിയില്‍ പ്രദര്‍ശനത്തിന്/വില്‍പ്പനക്ക് എത്തുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളും അതിന്റെ ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ നൂതനവും വ്യത്യസ്തവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്തവും വിപണനത്തിന് ഏതാണ്ട് ഒരേ രീതികളും കാലാകാലങ്ങളായി പിന്തുടരുന്ന ഒരിടമാണ് നമ്മുടെ ചലച്ചിത്ര മേഖല.
പുതിയ കാലത്തില്‍ , തീര്‍ത്തും വിശാലമായ ഒരു മേഖലയാണ് ചലച്ചിത്ര വിപണിയും വിപണിയിലെ തന്ത്രങ്ങളും. അന്നുംമിന്നും ചലച്ചിത്ര വിപണനത്തിലെ മുഖ്യ ഉപാധികളില്‍ ഒന്നായ 'പോസ്റ്റര്‍ ഡിസൈനിംഗ്' അഥവാ 'പരസ്യകല'യെ കുറിച്ചാണ് പ്രധാനമായും ഈ കുറിപ്പ്.
ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെയും, ആ അനുഭവത്തിനേയും, ചിത്രത്തിന്റെ ഉള്ളടക്കത്തിനേയും കുറിച്ച് ആദ്യമായി പ്രേക്ഷകനുമായി സംവദിക്കുന്നത് ചിത്രത്തിന്റെ പോസ്റ്ററുകളാണ്. ചിത്രത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനു മാത്രമേ അത് സാധ്യമാകൂ. പോസ്റ്റര്‍ ഡിസൈനിംഗിലെ അതുല്യ പ്രതിഭകളില്‍ ഒരാളാണ് ബില്‍ ഗോള്‍ഡ്. ഹിച്ച്കോക്കിനും, ഈസ്റ്റ്‌വുഡിനും, ക്രുബിക്കിനും അവരുടെ എക്കാലത്തേയും മികച്ച ചില ചിത്രങ്ങള്‍ക്ക് പരസ്യങ്ങള്‍ ഒരുക്കിയ ബില്‍ ഗോള്‍ഡ്, തന്റെ ഡിസൈനിംഗ് ജോലികള്‍ക്ക് മുന്‍പ് ചിത്രം കാണുകയോ, അത് സാധ്യമല്ലെങ്കില്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ച് മനസ്സിലാക്കുകയോ ചെയ്യുമായിരുന്നു. കേവലം കുറേ തലകളും ഗീര്‍വാണങ്ങളും അല്ലാതെ (അതാണ് നിരത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നത്) അതിനപ്പുറം ചിത്രങ്ങളോട് അടുത്ത് നില്‍ക്കാന്‍ പൊതുവില്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ പരസ്യങ്ങള്‍ക്ക് കഴിയുന്നത്, മുകളില്‍ സൂചിപ്പിച്ചതുപോലെ, ബില്‍ ഗോള്‍ഡിനെ പോലെയുള്ളവരുടെ ഹോം വര്‍ക്കുകളാണ്.


വിദേശ ഭാഷാചിത്രങ്ങളോട് 'മുട്ടാ'നാവില്ല എങ്കിലും നമുക്കും ഉണ്ടായിരുന്നു പണിയറിയാവുന്ന ചിലര്‍ പട നയിച്ച തെളിമയുള്ള ഭൂതകാലം. അടിസ്ഥാനപരമായി ഒരു കലാസംവിധായകനായ ഭരതനും ഗായത്രിയും (ഗായത്രി അശോകന്‍) കൊളോണിയയും (സാബു കൊളോണിയ) ബ്രഷും വിരലുകളും ആയുധമാക്കിയ കമ്പ്യൂട്ടറില്ലാക്കാലം. ചിത്രത്തിന്റെ ആത്മാവിനെ പത്രപരസ്യങ്ങളിലും പോസ്റ്ററുകളിലും കുടിയിരുത്തിയ ഒരു നല്ല കാലം. വര്‍ഷമേറെ കഴിഞ്ഞിട്ടും എത്ര ചിത്രങ്ങളുടെ എഴുത്തുകളാണ് നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വൈശാലി, ചിത്രം, അമരം, മണിച്ചിത്രത്താഴ് എത്രയെത്ര...

ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനിംഗില്‍ വല്ലാത്ത ഒരു ശ്രദ്ധയും പുതുമയും എന്നും കാത്തുസൂക്ഷിച്ചിരുന്നു, ഭരതന്‍. അവസാന കാല ഭരതന്‍ ചിത്രങ്ങള്‍ പലതും പേരുദോഷം കേള്‍പ്പിച്ചപ്പോഴും അവസാന ചിത്രമായ 'ചുര'ത്തിലെ പരസ്യങ്ങള്‍ പോലും ഭരതനിലെ കലാകാരന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ചൂരല്‍ വളച്ചുവെച്ച 'ചുര'ത്തിന്റെ ടൈറ്റില്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തെളിയുന്ന പ്രഭാതത്തില്‍ കടലിലേക്ക് വഞ്ചി തള്ളുന്ന അരയന്റെ അതിമനോഹരമായ പോസ്റ്റര്‍ 'അമര'ത്തിന് വേണ്ടി ഒരുക്കിയതും ഭരതന്‍ തന്നെയാണ്.
താരങ്ങള്‍ അന്നും നമുക്കുണ്ടായിരുന്നു, താരാരാധനയും. പക്ഷേ, താരസംഘടനകള്‍ ഇല്ലായിരുന്നു. ഒരു ചിത്രത്തിനു മുകളിലും, ചിത്രത്തിന്റെ പരസ്യങ്ങള്‍ക്ക് മുകളിലും അന്ന് ഏതെങ്കിലും താരമോ സംവിധായകനോ ധാര്‍ഷ്ട്യത്തോടെ തൊപ്പിവെച്ചും കുളിഗ് ഗ്ലാസ്സുവെച്ചും തൂറി വൃത്തികേടാക്കിയില്ല. ചലച്ചിത്രത്തിനിണങ്ങിയ ടൈറ്റിലിനും അവശ്യം ചിത്രങ്ങള്‍ക്കുമൊപ്പം മികച്ച ചില തലവാചകങ്ങള്‍ ആ പരസ്യങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ മാല ചാര്‍ത്തി. 'താഴ്‌വാര'ത്തിലെ 'അവനെന്നെ കൊല്ലാന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും', 'നവംബറിന്റെ നഷ്‌ട'ത്തിലെ 'നവംബറിന് നഷ്‌ടപ്പെടാന്‍ എന്തുണ്ട്? ഡിസംബര്‍ ഒരേയൊരു ഡിസംബര്‍ ' എന്നീ വാചകങ്ങള്‍ 'ഹൊറര്‍ ഹിറ്റ്', 'സൂപ്പര്‍ രാജ', 'മാങ്ങാതൊലി' എന്നിങ്ങനെ വെണ്ടയ്ക്ക നിരത്തുന്ന ഈ കാലത്ത് ഓര്‍ക്കുന്നത് തന്നെ പാപമായിരിക്കും.

പൊതുവില്‍ ഫോട്ടോഷോപ്പ് മുതലായ സൊഫ്റ്റ്‌വെയറുകളുടെ കടന്നുവരവ് ആഗോളതലത്തില്‍ , മാധ്യമരംഗത്ത് രൂപ-ഭാവങ്ങളില്‍ വന്‍വിപ്ലവമാണ് നടത്തിയത്/നടത്തികൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ നീങ്ങിയത് ഏറെ പിറകിലേക്ക് ആയിരുന്നു. നാലു പടം വെട്ടി, നിരത്തി വെയ്ക്കുവാന്‍ കഴിയുന്നവനും ഡിസൈനറായി. നട്ടെല്ലില്ലാത്ത നിര്‍മ്മാതാവും താരത്തിനും താരസംഘടനകള്‍ക്കും ഓശാന പാടേണ്ടി വരുന്ന സംവിധായകനും പണ്ടത്തെ ശര്‍ദ്ദിലുകള്‍ തന്നെ നക്കി തിന്നുവാന്‍ ഉളുപ്പില്ലാത്ത വിതരണക്കാരും പല നല്ല കലാകാരന്മാരേയും അതി ദയനീയ രീതിയില്‍ നിശ്ശബ്ദരാക്കി. കലികാലം എന്നല്ലാതെ എന്ത് പറയാന്‍...
മലയാള ചിത്രങ്ങളുടെ കാലാഹരണപ്പെട്ട പരസ്യചിത്ര രീതികള്‍ക്കിടയില്‍ , അതിന്റെ പ്രാധാന്യം ഒട്ടും തന്നെ തിരിച്ചറിയപ്പെടാതെ പോകുന്ന കലികാലത്തില്‍ കേവലം മുറിച്ചുവെച്ച കുറച്ച് ചിത്രങ്ങളല്ല പോസ്റ്റര്‍ ഡിസൈന്‍ എന്ന ഓര്‍മ്മപ്പെടുത്തുന്ന വേറിട്ട ചില പോസ്റ്ററുകള്‍ ഈയിടെ ശ്രദ്ധയില്‍പ്പെട്ടു. അമല്‍ നീരദിന്റെ 'അന്‍വര്‍ '. ചലച്ചിത്ര പരസ്യകലാരംഗത്ത് ഒരു പുതിയ പേരാണ് 'ഓള്‍ഡ് മൊന്‍ക്സ്'.
'അന്‍വറി'ലെ ചില പോസ്റ്ററുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഫ്രീസ് ചെയ്ത കൃത്യവും ശ്രമകരവുമായ 'ഡിജിറ്റല്‍ മാനിപുലേഷന്‍' നമ്മുടെ പരസ്യചിത്രങ്ങള്‍ക്ക് പരിചിതമായതേ അല്ല. അമല്‍ നീരദിന്റെ ചിത്രങ്ങളുടെ പൊതു സ്വഭാവം ആ പോസ്റ്ററുകളില്‍ തെളിയുന്നുണ്ട്. എങ്കിലും 'അന്‍വര്‍ ' എന്ന എഴുത്തോ, തലകള്‍ നിരത്തിയ ചില പോസ്റ്ററുകളോ കോംപ്രമൈസുകള്‍ ആയിരിക്കാം എങ്കിലും പൊതുവില്‍ പറയുന്ന നല്ല അഭിപ്രായത്തിനെ കാര്യമായി തന്നെ ഫില്‍ട്ടര്‍ ചെയ്യുന്നുണ്ട്.

ഇതിന് മുന്‍പും അമല്‍ നീരദിന്റെ ചിത്രങ്ങളുടെയെല്ലാം പരസ്യചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടി'ന്റെ തിരക്കൊപ്പം, ആ ചിത്രത്തിന്റെ പരസ്യചിത്രങ്ങളും 'സാഗര്‍ ഏലിയാസ് ജാക്കി'യുടെ അതിഭീമമായ ഇനീഷ്യലിന് കാരണമായിരുന്നു. വ്യത്യസ്തവും കൃത്യവുമായ തന്ത്രങ്ങള്‍ക്ക് ശേഷവും ചിത്രം വിപണിയില്‍ പരാജയപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അത് ആ ചിത്രത്തിന്റെ നിലാവാരക്കുറവ് തന്നെയാണ്. അത് തന്നെയാണ് അന്ന് സംഭവിച്ചതും.

'പ്രാഞ്ചിയേട്ട'നിലേക്കും, 'എല്‍സമ്മ'യിലേക്കും തിരിച്ച് വരാം. ബസ്സിലും ബ്ലോഗിലും നിറഞ്ഞ ചര്‍ച്ചയായിരുന്നു പ്രാഞ്ചി. തിയറ്ററില്‍ സാമാന്യം നല്ല ചിരിയും. എന്നിട്ടും ചിത്രം വലിയ വിജയമായില്ല. ആ ചിത്രത്തെ തുണക്കാന്‍ ചുണ്ടില്‍ നിന്നും ചുണ്ടിലേക്ക് പകര്‍ന്ന നല്ല വര്‍ത്തമാനമല്ലാതെ 'പരസ്യ' സഹായങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചലച്ചിത്രമെന്നത് ഒരു കലാരൂപമാണെങ്കിലും, വിപണിയില്‍ അത് ഉല്‍പ്പന്നം തന്നെയാണ്. അതുകൊണ്ട് തന്നെ ചലച്ചിത്ര പരസ്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യമുണ്ട്. പണി അറിയുന്നവരും കലാഹൃദയമുള്ളവരും വരുന്ന പുലരികള്‍ ഉണ്ടാകട്ടെ! പരസ്യകലയില്‍ മാത്രമല്ല ചലച്ചിത്രത്തിന്റെ ബഹുമുഖങ്ങളിലും. വരട്ടെ, നല്ല ചിത്രങ്ങളും നിറയുന്ന പുതിയ കാലം!