Oct 2, 2010

യന്തിനും, യന്തിരന്‍!

'യന്തിരനെ' കുറിച്ച് ഗള്‍ഫ് മലയാളി.com-ല്‍ എഴുതിയ കുറിപ്പ്. മാന്യ വായനക്കാര്‍ക്ക്‌ ഈ കുറിപ്പ്‌ ഇവിടെയും വായിക്കാവുന്നതാണ്.


ചലച്ചിത്രങ്ങളെ തരംതിരിക്കുന്നതിന് നാട്ടില്‍ നടപ്പുള്ള പല സമ്പ്രദായങ്ങളുമുണ്ട്. കൂട്ടത്തില്‍ വെറും മൂന്നുതരം ചലച്ചിത്രങ്ങളെയുള്ളൂ എന്ന് വാദിക്കുന്നവരുമുണ്ട്! നാട്ടുനടപ്പ്‌ എന്തുമാകട്ടെ, കാലത്തിനനുസരിച്ച് മാറാവുന്ന അന്നനടയേ ഏതു നാടും എന്നും നടക്കാറുള്ളൂ. അങ്ങനെയെങ്കില്‍ ചിത്രങ്ങളെ മറ്റൊരു രീതിയിലും നമുക്ക് ഇനിമുതല്‍ തരം തിരിക്കാം. ചിത്രത്തിന്റെ പണിപ്പുര കാലഘട്ടത്തില്‍ എപ്പോഴെങ്കിലും സാമ്പത്തിക ചുഴലിയോ തര്‍ക്കങ്ങളോ ആഞ്ഞടിക്കുകയും പാതിവഴിയിലോ പലപ്പോഴും പെട്ടിയില്‍ തന്നെയോ ഒടുങ്ങുകയും ചെയ്യുന്ന ചാവുപിള്ളമാര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചില വീടുകളില്‍ നിന്നും പുറത്തിറങ്ങുന്ന, നോക്കിലും നടപ്പിലും ദാരിദ്രത്തിന്റെ കരിനിഴലുകളുള്ള ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത പഞ്ചപാവങ്ങള്‍. ഇടത്തരം കുടുംബത്തില്‍ നിന്നും വരുന്ന സാമ്പത്തികമായും ശാരീരകമായും സാമാന്യം തെറ്റില്ലാത്ത, ചിലപ്പോള്‍ ലക്ഷണമൊത്തതും, ശാലീന സുന്ദരികളുമായ ഇടത്തരക്കാര്‍. പിന്നെ നോക്കിലും നടപ്പിലും സര്‍വ്വോപരി കയ്യിലിരിപ്പിലും പളപളപ്പുള്ള, സാമ്പത്തികമായി ബഹുദൂരം മുന്നോക്കംനില്‍ക്കുന്ന, തെറിച്ച ന്യൂനപക്ഷത്തിന്റെ സന്തതികള്‍.

സമൂഹത്തിന്റെ പ്രതിഫലനം പോലെ നമ്മള്‍ കാണുന്ന ബഹുഭൂരിപക്ഷവും ഇടത്തരക്കാരാണ്. തെറിച്ച ന്യൂനപക്ഷത്തിന് എന്ത് തോന്നാസ്യവും കാണിക്കാം. പച്ച ലിപ്സ്റ്റിക്കിടാം, ചോന്ന മുടിയാക്കാം, മഞ്ഞ പൌഡറിടാം. ഇവര്‍ ചെയ്യുന്നതെല്ലാം മാധ്യമങ്ങളില്‍ വെണ്ടയ്ക്കയായിരിക്കും. അങ്ങനെ മാധ്യമങ്ങളില്‍ വെണ്ടയ്ക്ക നിരത്തി നിരത്തി ക്ഷീണിച്ച, ശങ്കര്‍ പറഞ്ഞയച്ച ഒരു ന്യൂനപക്ഷ പ്രതിനിധിയെ ഇന്നലെ കണ്ടു, 'യന്തിരന്‍'

കേള്‍വികേട്ട 'ഭരതന്‍ ടച്ച് ' പോലെ, ചെറുതും വലുതുമായ 'ടച്ച് ' ഏതു സംവിധായകര്‍ക്കും അവരുടെ ചിത്രങ്ങള്‍ക്കുമുണ്ട്. ആ ടച്ച് അഥവാ മുഖമുദ്ര സാമാന്യം വിലകൂടിയ ഒന്നാണ് ശങ്കര്‍ ചിത്രങ്ങള്‍ക്ക്. 1993-ല്‍ പുറത്തിറങ്ങിയ 'ജന്റില്‍മാന്‍' മുതലിങ്ങോട്ട് ആ ചരിത്രം ഒരിക്കല്‍ പോലും മാറ്റി പണിയുവാന്‍ ശങ്കര്‍ ശ്രമിച്ചിട്ടില്ല. ഇന്നുവരെ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് 'യന്തിരന്‍'. മാധ്യമങ്ങളില്‍ വെണ്ടയ്ക്കയും പടവലങ്ങയും നിരത്തിയത്‌ 'യന്തിരനി'ലെ കണക്കിന്റെ കളിതന്നെയായിരുന്നു. ചിത്രത്തിന്റെ 'ഫൈനല്‍ ബില്‍ ' 150 കോടി എന്നാണ് കേട്ടത്‌! പക്ഷേ, പത്രപരസ്യത്തില്‍ വിതരണക്കാര്‍ വെറും 50 കോടിയുടെ 'ഹൈക്ക്' കൊടുത്തിട്ടുണ്ട്, അപ്പോള്‍ 200 കോടി! ചിലവായ കോടികളില്‍ 40 ശതമാനവും ഗ്രാഫിക്സിനും അനുബന്ധ (അസംബന്ധ) ജോലികള്‍മാണ്. എ.ആര്‍ റഹ്മാന് 10 കോടി! ആ 10 കോടിയുടെ സംഗീതത്തിന്റെ തമിഴ് വിതരണാവകാശം മാത്രം വിറ്റുപോയത്‌ 7 കോടി രൂപക്ക്‌! ചമയ-കലാ വിഭാഗങ്ങള്‍ക്കുമുണ്ട് കണക്കിന്റെ അതിശയിപ്പിക്കുന്ന കളി!

ചലച്ചിത്രം ഒരു വ്യവസായമാണ് എങ്കില്‍, അവിടെ വില്‍പ്പനക്ക്‌ എത്തുന്ന ചരക്ക്‌ തന്നെയാണ് ഏതു ഗോപാലകൃഷ്ണന്‍ എടുക്കുന്ന ചിത്രവും. ശങ്കറിന്റെയാണോ, ചിത്രം നിര്‍മ്മിച്ച കലാനിധി മാരന്റെ സണ്‍ പിക്ചേഴ്സിനാണോ, ചിത്രം വില്‍ക്കുന്നതിന്റെ സിദ്ധി എന്നറിയില്ല. ചിത്രം റിലീസ്‌ ചെയ്യപ്പെട്ടത്‌ ലോകമാകമാനം 2000-ത്തോളം കേന്ദ്രങ്ങളിലാണ്. കേരളത്തില്‍ മാത്രം 14 ജില്ലകളിലായി 128 കേന്ദ്രങ്ങളില്‍! തിരുവനന്തപുരത്ത്‌ 5, ഏറണാകുളത്ത്‌ 4, തൃശ്ശൂരില്‍ 4, മറ്റ് 'പലതിനും' കാതങ്ങള്‍ മുന്‍പിലായ ചാലക്കുടിയില്‍ പോലും 3 കേന്ദ്രങ്ങള്‍! എന്ത് കൂടോത്രമായാലും ഈ 3 കേന്ദ്രങ്ങളും നിറഞ്ഞു തന്നെയിരിക്കുന്നു! നുമ്മടെ തൃശ്ശൂര്‍ക്കാരന്‍ പ്രാഞ്ചിയേയും പാവം പുണ്യാളനേയും ഒരു ദയാദാക്ഷിണ്യവുമില്ലാതെ വശത്തൊതുക്കിയാണ് ഈ പ്രകടനം എന്നോര്‍ക്കണം. അല്ല, പ്രാഞ്ചിയും എല്‍സമ്മകുട്ടിയും വിരുന്നു വന്നപ്പോള്‍ ഈ പരശ്ശതം എവിടെയായിരുന്നു? സ്റ്റൈല്‍ മന്നരില്‍ മന്നന്‍ രജനികാന്തും, എ.ആര്‍ റഹ്മാനും, ശങ്കറും, പിന്നെ സണ്‍ പിക്ചേഴ്സിലെ 'ബിസിനസ്സ് മാനേജ്മെന്റ്' വിഭാഗവും എന്നാണ് എളുപ്പത്തില്‍ പറയാവുന്ന ഉത്തരം.

സൈ-ഫൈ (Sci-Fi) വിഭാഗത്തില്‍ നമുക്ക്‌ കാര്യമായ നിരയൊന്നും എതായാലും ഇതുവരെയില്ല. 'യന്തിരനെ' അതില്‍ ഉള്‍പ്പെടത്തുന്നതില്‍ തെറ്റുമില്ല. പക്ഷേ, ചിത്രത്തിന്റെ കഥാപരിസരം പണ്ട് വായിച്ച് തള്ളിയ കോമിക് പുസ്തകങ്ങളിലും കുട്ടി പുസ്തകങ്ങളിലും (ഏയ്‌, അതല്ല ഉദ്ദേശിച്ചത്) കണ്ടതിനപ്പുറമൊന്നും വരില്ല. ശാസ്ത്രഞ്ജനായ വശിഗരന്‍ എന്തും ചെയ്യാന്‍ പോന്ന ഒരു യന്തിരനെ (Robot) വര്‍ഷങ്ങളുടെ പ്രയത്നത്തെ തുടര്‍ന്ന് ഉണ്ടാക്കിയെടുക്കുന്നു. ചിട്ടി എന്ന ഈ യന്തിരന്റെ ബാഹ്യരൂപവും വശിയുടെത്‌ പോലെ തന്നെ. ഡോക്ടറാകാന്‍ പഠിക്കുന്ന സന, വശിയുടെ സുഹൃത്തും കാമുകിയുമാണ്. യന്തിരന് എന്തും ചെയ്യുവാന്‍ കഴിയുമെങ്കില്‍, വശിയുടെ കഴിവില്‍, വളര്‍ച്ചയില്‍, അസൂയാലുക്കളായ ശത്രുക്കള്‍ ഉണ്ടെങ്കില്‍ കഥക്ക്, കഥാസന്ദര്‍ഭങ്ങള്‍ക്ക് 'യന്തും' സംഭവിക്കാം...

യുക്തിഭംഗമില്ലാത്ത ഒരു ചിത്രം പോലും ശങ്കര്‍ ഇന്നുവരെ ചെയ്തിട്ടില്ല, ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകന് കല്ലുകടിയാവാതെ അത്തരം പൊരുത്തക്കേടുകള്‍ പറഞ്ഞുപോയാല്‍ അത് തിരക്കഥാകൃത്തിന്റെയോ മുഖ്യമായും സംവിധായകന്റെയോ കഴിവ് തന്നെ എന്ന് സമ്മതിക്കേണ്ടി വരും. ('തേന്മാവിന്‍ കൊമ്പത്തി'ന്റെ ശരീരം ഒരു നാടോടിക്കഥപോലെയായതും, 'കിലുക്ക'ത്തിന് ഊട്ടിയുടെ സൌന്ദര്യം വന്നതും, 'ചിത്ര'ത്തില്‍ എവിടെയോ ഉള്ള തമ്പ്രാനും തമ്പ്രാന്റെ അടിയാക്കളും അവരുടെ ആചാരങ്ങളും കോര്‍ത്തിണക്കിയതും ഇത്തരത്തില്‍ ഓര്‍ക്കാവുന്നതാണ്. കടപ്പാട്: നന്ദപര്‍വ്വം നന്ദന്‍).

യുക്തിബോധത്തെ പൂട്ടി സീല്‍ ചെയ്താണ് ഓരോ രജനി ചിത്രവും നമ്മള്‍ കാണേണ്ടത്. 'യന്തിരന്‍' എന്ന ചിത്രത്തിലും അത്തരം ഒരു നീക്കം നടത്തിയതിന് ശേഷമേ നമ്മള്‍ പ്രേക്ഷകര്‍, തീയറ്ററില്‍ പ്രവേശിക്കാവൂ. രജനി എന്ന താരത്തിന്റെ, ഒട്ടുമിക്ക ചിത്രങ്ങളിലെയും കഥാപാത്രത്തെ കുറിച്ചും കഥാപാത്രത്തിന്റെ ചെയ്തികളെ കുറിച്ചും വിശകലനം ചെയ്തു സമയം മിനക്കെടുത്താന്‍ ഏതായാലും ഞാനില്ല. ഇനി സമയം മിനക്കെടുത്തിയാല്‍ തന്നെ അതൊരു നെടുങ്കന്‍ എഴുത്തും ആയേക്കും. എന്തും ചെയ്യുന്നവനാണ് 'യന്തിരന്‍' എന്നത് ഓര്‍ത്തുകൊണ്ട് തന്നെ ഒരു സാമ്പിള്‍ കുറിക്കട്ടെ. കൊതുകിനോട് സംസാരിക്കുന്ന (അതെ തെറ്റിയിട്ടില്ല, കൊതുകുതന്നെ, കൊ-തു-ക്‌), കൊതുകിനെകൊണ്ട് പ്രേയസിയുടെ മുന്‍പില്‍ മാപ്പ് പറയിക്കുന്ന ആ ഒരു രംഗമുണ്ടല്ലോ അത് കണ്ടിട്ട് കൂവാന്‍ നിന്ന ബഹുജനത്തിന്റെ തൊണ്ട പോലും നാണിച്ചുപോയി.

മുകളില്‍ സൂചിപ്പിച്ച ശങ്കര്‍ ടച്ചിന്റെ ഭാഗമാണ് വിദേശ രാജ്യങ്ങളിലോ, കൂറ്റന്‍ സെറ്റുകളിലോ ഒരുക്കുന്ന ഗാനചിത്രീകരണ രംഗങ്ങള്‍. 'യന്തിരനും' വ്യത്യസ്തമല്ല. 'ഇന്ത്യനി'ലും 'അന്യനി'ലും കണ്ണ് തള്ളി തെറിച്ച പോലെയൊന്നുമില്ല എങ്കിലും, ഇക്കുറി വിയന്നയും, പെറുവിലെ മച്ചുപിച്ചുവും, റിയോ ഡി ജനീറോയുമൊക്കെ വശിക്കും സനക്കും നൃത്തം ചെയ്യാന്‍ വേദിയൊരുക്കുന്നു. ജൂലൈയില്‍ കൊലാലംപൂരില്‍ അത്യന്തം ആര്‍ഭാടമായി നടന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ പ്രകാശനം നടന്നിരുന്നു. ഗാനങ്ങള്‍ പുറത്തിറങ്ങിയ അതേ ആഴ്ചയില്‍ iTunes-ലെ വേള്‍ഡ്‌ ആല്‍ബംസ് എന്ന വിഭാഗത്തില്‍ ഒന്നാമത് എത്തിയിരുന്നു.‌ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സംഗീത ആല്‍ബം ഇവിടെ ടോപ്പ്‌ സീഡ്‌ ചെയ്യപ്പെടുന്നത്.

വിദേശ ഇടപെടലുകള്‍ ധാരാളം ഉണ്ടായിട്ടുണ്ട് ചിത്രത്തിന്റെ ആക്ഷന്‍-അനിമേഷന്‍ രംഗങ്ങളില്‍. സൂപ്പര്‍ ഹീറോ സെറ്റപ്പ് ആയതുകൊണ്ട് അതിന്റെ വലിയ ഗുണം കാണാനുമുണ്ട്. പൊതുവില്‍ നമ്മുടെ ചിത്രങ്ങളിലെ ഗ്രാഫിക്സ്‌ ദൃശ്യങ്ങള്‍ അപൂര്‍ണ്ണവും അരോചകവുമാണ്. പരിപൂര്‍ണ്ണതയുടെ പുത്തന്‍ ഭിത്തികള്‍ വരയ്ക്കുവാന്‍, ഭാവനയില്‍ കണ്ട ഏതു കഥാപാത്ര രൂപവും ഒരുക്കുവാന്‍ വിദേശ ചിത്രങ്ങള്‍ ഗ്രാഫിക്സ്‌ പ്രയോജനപ്പെടുത്തുമ്പോള്‍ നമ്മുടെ ചിത്രങ്ങളില്‍ വെട്ടിത്തിളങ്ങുന്ന ടൈറ്റില്‍ ആയും കഥയ്ക്കോ കഥാപാത്രത്തിനോ ആവശ്യമില്ലാത്ത കോമാളിത്തരങ്ങളായും ഗ്രാഫിക്സ്‌ പ്രേക്ഷകന് നേരെ മുണ്ട് പൊക്കി കാണിക്കുകയാണ് പതിവ്‌. ശങ്കര്‍ തന്നെ 'മുതല്‍വനി'ല്‍ സങ്കരയിനം പാമ്പിനേയും 'ബോയ്സി'ല്‍ കൊക്കകോള മനുഷ്യരേയും, കാട്ടിവെറുപ്പിച്ചിട്ടുണ്ട്. അത്യാവശ്യം ചൊള വാരിയെറിഞ്ഞ ഇക്കുറി പ്രേക്ഷകന്‍ കയ്യടിക്കുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിക്കുവാന്‍ ശങ്കറിന് സാധിച്ചിട്ടുണ്ട്. പ്രതിഫല കാര്യത്തിലേത് പോലെ ചിത്രത്തിലെ നായകനും ടി കക്ഷി തന്നെ.

പ്രമുഖ കലാസംവിധായകനായ സാബു സിറില്‍ ക്യാമറക്ക്‌ മുന്നില്‍ തലയിടുന്നുണ്ട്, റോബോട്ടുകളെ വാങ്ങിക്കുവാന്‍ വന്ന വിദേശിയുടെ ഭാഷാസഹായിയായി. തമിഴ്‌നാട്ടിലെ പ്രമുഖ സാഹിത്യകാരനും, മണിരത്നം, ശങ്കര്‍ മുതലായവരുടെ ചിത്രങ്ങളിലെ എഴുത്തുജോലികളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന എസ്. രംഗരാജന്‍ എന്ന സുജാതയുടെ അവസാന ചിത്രമാണ്, 'യന്തിരന്‍'. ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത ഭൂരിപക്ഷവും അതാത് മേഖലകളിലെ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ സാമാന്യ പ്രേക്ഷകന് 'യന്തിരന്‍' നല്‍കിയിരുന്ന പ്രതീക്ഷകള്‍ ചെറുതായിരുന്നില്ല. വിദേശ ഭാഷചിത്രങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ആ ബഹുജനത്തിന് 'യന്തിരനെ' ഇഷ്ടമായി എന്ന് തന്നെയാണ് തീയറ്ററിലെ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

ഒരു വേള പീഡനമായിരുന്നെങ്കിലും യുക്തിയെ പൂട്ടിയിട്ട, ഈയുള്ളവനേയും ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലെ കെട്ടുകാഴ്ചകള്‍ ശ്ശി രസിപ്പിച്ചു. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ആകെത്തുക, വലിയ കണക്കുകളല്ല, മറിച്ച് പ്രേക്ഷകന്റെ രുചികളെ, കൊടുത്ത പ്രതീക്ഷകളെ ചിത്രം ഏതളവില്‍ തൃപ്തിപ്പെടുത്തും എന്നതിനെ ആശ്രയിച്ചിരിക്കും ചിത്രത്തിന്റെ ബോക്സ് ഓഫീസ്‌ പരീക്ഷയിലെ ജയം. 160 കോടിയുടെ മൂല്യമുണ്ടെന്നു അവകാശപ്പെടുന്ന ഈ കൊടും സ്പൈസി ഡിഷ്‌ നിങ്ങള്‍ക്ക്‌ ഒരുപക്ഷേ രുചിച്ചുവെന്ന് വരാം, ഞാന്‍ ഒട്ടും നിര്‍ബന്ധം പിടിക്കില്ലെങ്കിലും. കേരളത്തില്‍ മാവേലി വരുന്നത് പോലെയാണല്ലോ, എന്നും, ഏറെ വിലയേറിയ ചരക്കുകള്‍ നാട്ടിലെ ചലച്ചിത്ര വിപണിയില്‍ എത്തുന്നത്!

18 comments:

  1. ഹ ഹ ഇതൊക്കെയാണ് രജനി പടങ്ങള്‍,ഇത് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും. പിന്നെ യുക്തി!!? നോക്കിയാല്‍ ഇവിടെ ഒന്നും വിശ്വസിക്കാന്‍ പറ്റില്ല :)))

    ReplyDelete
  2. ശരിയാണ്. രജനി ചിത്രങ്ങള്‍ കാണാനൊരുങ്ങുമ്പോള്‍ ആരും അതിലെ യുക്തി കണക്കിലെടുക്കാറില്ല (ഞാനും) :)

    ReplyDelete
  3. ഓരോ ചലച്ചിത്രകാരനും അവന്റെ സൃഷ്ടി കാണാന്‍ പോവുന്നവന്റെ ഒരു സാമാന്യ താല്പര്യം പഠിച്ചു വെച്ചിട്ടുണ്ടാവും. എന്തിരന്റെ സ്രഷ്ടാക്കളും അത്തരം ഒരു സാധ്യത കണ്ടുകൊണ്ടു ഉന്നതരായ 'താരങ്ങളെ' ആദ്യന്തം ഉപയോഗിച്ചിരിക്കുന്നു, പരസ്യപ്പെടുത്തുന്നു; ഈ പ്രചാരണത്തിന്റെ ഉത്തേജനം ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ ആളുകള്‍ പ്രതീക്ഷയോടെ പോയി സിനിമ കാണുന്നു. പ്രാഞ്ചിയെട്ടനോ എല്സമ്മയോ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ലായിരിക്കാം.. അതുകൊണ്ട് ജനങ്ങളെ ഉത്തേജിപ്പിചിട്ടില്ലായിരിക്കാം. രഞ്ജിത്തും ലാലും അവരാല്‍ കഴിയും വിധം മിനി സ്ക്രീനില്‍ 'മാര്‍ക്കറ്റ്‌' ചെയ്യുന്നുണ്ടല്ലോ.

    കഴുത്തറപ്പന്‍ ആണെന്ന് അറിഞ്ഞു കൊണ്ട് ചിലപ്പോഴൊക്കെ നമ്മള്‍ മിന്നുന്ന restaurant കളില്‍ പോവുന്നു. ചുരുങ്ങിയ പക്ഷം നമ്മുടെ അടുക്കളയില്‍ ഒരു പരീക്ഷണം നടത്താനോ, അതിലേറെ നടത്താതിരിക്കാണോ അത് ഉപകരിക്കും.

    ReplyDelete
  4. Aare venelum paranjo...Mohanlal, Mammotty etc.. ini venl Big B ye tanne nirkshichoo... Pakshengilu.. Rajani Annane nireekshikkan vanna ninte blog hack cheyyum ketto...

    ReplyDelete
  5. ShajiQatar, രജനിയുടെ ആരാധകരെ നിരാകരിക്കണം എന്ന് പറയുന്നില്ല. പക്ഷേ, രജനിയുടെ ആരാധകര്‍ക്ക്‌ വേണ്ടി മാത്രമാണോ രജനി ചിത്രങ്ങള്‍ ? 'ദളപതി'യും ഒരു രജനീകാന്ത്‌ ചിത്രം ആയിരുന്നില്ലേ?

    ശ്രീ, കടുത്ത രജനി ആരാധകരായ മലയാളി സുഹൃത്തുക്കള്‍ ഉണ്ടായിട്ടും രജനി ചിത്രങ്ങള്‍ കാര്യമായൊന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കാണുവാന്‍ ശ്രമിച്ചിട്ടില്ല. ശങ്കര്‍ - മണിരത്നം ചിത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു 'പതിനാറ് വയതിനിലേ'-യോ, 'കുചേല'നോ മാത്രമാകും ഞാനിതുവരെ കണ്ടിട്ടുണ്ടാവുക. എന്തോ എനിക്ക് ഇനിയും ദഹിക്കാത്ത ചെരുവയാണിതെല്ലാം...

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം, മാഷേ... ശരിക്കും പറഞ്ഞത് തന്നെയാണല്ലോ, ല്ലേ?

    DreamyDoodle, //രഞ്ജിത്തും ലാലും അവരാല്‍ കഴിയും വിധം മിനി സ്ക്രീനില്‍ 'മാര്‍ക്കറ്റ്‌' ചെയ്യുന്നുണ്ടല്ലോ.// യോജിക്കുവാനാകുന്നില്ല. ഇക്കാര്യം വിശദമായി തന്നെ അധികം താമസിയാതെ നമുക്ക്‌ ചര്‍ച്ച ചെയ്യാം...

    NH007, അങ്ങനെ അണ്ണനു വേണ്ടി സാക്ഷാല്‍ ബോണ്ട്‌ തന്നെ രംഗത്ത്‌!! :)

    ReplyDelete
  6. ആറുമുതല്‍ അറുപത്‌ വരെ, തപ്പു താളങ്ങള്‍, നല്ലവനുക്ക്‌ നല്ലവന്‍ ഇതൊക്കെയാണു രജനിയുടെ അഭിനയം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ചിത്രങ്ങള്‍ അതൊക്കെ കഴിഞ്ഞു രജനി സൂപ്പര്‍സ്റ്റാറായി സ്വാഭാവിംകമായും ഇമേജിണ്റ്റെ തടവറയിലുമായി, അന്നൊന്നും കോമഡി അവതരിപ്പിക്കുമായിരുന്നില്ല മുത്തു ആണൂ കോമഡി കാട്ടിയ പടം ഇതു ജപ്പാനില്‍ വലിയ ഹിറ്റായി അതോടെ ഫ്ളോപ്പായിക്കൊണ്ടിരുന്ന രജനിക്കു ഒരു പുതു ജീവന്‍ ലഭിച്ചു, കഷണ്ടി കയറി ചുണ്ടില്‍ പതകരി പിടിച്ചു റിട്ടയര്‍ ആയി ഇരുന്നപ്പോഴാണു ശിവാജി ദി ബോസ്സിലൂടെ രജനിയെ ശങ്കര്‍ വീണ്ടൂം പുതുക്കി ഇറക്കിയത്‌ ഈ പടത്തോടെയാണു സന്യാസത്തിനു പോക്കാന്‍ ഇരുന്ന രജനി തനിക്കു ഇത്ര നാളും സമ്പാദിച്ചതിനെക്കാള്‍ വലിയ ഒരു താരമൂല്യം ഇനിയും കാത്തു കിടക്കുന്നു എന്നു മനസ്സിലാക്കിയത്‌ പെണ്‍ മക്കള്‍ തുടങ്ങിയ വ്യവസായ സംരംഭങ്ങള്‍ക്കും പണം വേണം അങ്ങിനെ രജനി എന്തിരനു സമ്മതം മൂളി, നമ്മള്‍ മലയാളികല്‍ മനസ്സിലാക്കേണ്ടത്‌, സിനിമാ സാങ്കേതികതയില്‍ തമിഴന്‍ എത്ര മുന്നോട്ട്‌ പോയി, ജീവിത ഗന്ധിയായ പടങ്ങളും അവിടെ ധാരാളം ഉദാഹരണം അങ്ങാടി തെരുവ്‌, പശങ്കള്‍ ധാരാളം ഉണ്ടാകുന്നു, നമ്മള്‍ വിമര്‍ശിക്കുന്നു പക്ഷെ ഇവിടെ എന്താണൂ നടക്കുന്നത്‌ പുതു മുഖങ്ങള്‍ക്കോ മുതു മുഖങ്ങള്‍ക്കോ ഷക്കീല നിലവാരമുള്ള ഒരു പടം പോലും ഇപ്പോള്‍ ഇറക്കാന്‍ കഴിയുന്നില്ല അതേ സമയം ശങ്കര്‍ സ്പീല്‍ ബര്‍ഗു നിലവാരമുള്ള ഒരു പടം ദാ ഇറക്കിയിരിക്കുന്നു,

    ReplyDelete
  7. Its a good film in techno/logical terms..Why under estimate Indians,,,,If it is an English film..all of us will run behind...!!!!

    This is capable of competing with Bollywood...

    there is no overheat...like other Rajni films..

    ReplyDelete
  8. വാർത്തകൾ കേട്ട്, കേട്ട് കാണണം എന്നു തന്നെ കരുതി ഇരിക്കുകയാണു ഞാനും!

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. edo dushtan ari pranchi aa site ivide ban aaando

    ingananel njan thettum ketto

    ReplyDelete
  12. You have not mentioned anything about ‘Bicentennial Man’. Endhiran must have been inspired a lot by the Issac Asimov’s robot story ‘Bicentennial Man’ published in 1975. Also Sounding eerily like the 1999 Hollywood film Bicentennial Man.

    ReplyDelete
  13. സാജന്‍, ചുമ്മാ വിദേശ ചിത്രങ്ങളെ നോക്കി ആരെങ്കിലും ആര്‍പ്പ് വിളിക്കുന്നുവെന്നു ഞാന്‍ കരുതുന്നില്ല. ഒന്നുകില്‍ അവര്‍ ഒരുക്കുന്ന ദൃശ്യങ്ങളില്‍ പഴുതുകള്‍ ഉണ്ടാകില്ല. അല്ലെങ്കില്‍ ആ പഴുതുകളെ ഓര്‍ക്കുവാന്‍ നമ്മെ അവര്‍ അനുവദിക്കില്ല. ഇന്ത്യന്‍ ചിത്രങ്ങളിലെ ഗ്രാഫിക്സ്/അനിമേഷന്‍ രംഗങ്ങള്‍ ഒരു പടികൂടി ചവിട്ടുന്നു ഈ ചിത്രത്തില്‍ എന്ന കാര്യത്തില്‍ മറുപക്ഷം ഉണ്ടാകാന്‍ വഴിയില്ല.

    മുകിലേ , കണ്ടുകഴിഞ്ഞിട്ട് വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ഓരോരോ 'പുകിലേ' എന്ന് മാത്രം പറഞ്ഞേക്കരുത്... :)

    ചെതല്, മാഷ്‌ കിട്ടണില്ല എന്ന് പറഞ്ഞ ആ നിമിഷം നുമ്മ കൊണ്ടിട്ടു. വായീര് വായീര്...

    അനോണി, ചിത്രം ഇറങ്ങുന്നതിന് മുന്‍പും ശേഷവും പല ചിത്രങ്ങളും 'യന്തിരന്' മുന്‍പില്‍ വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങളൊന്നും കണ്ടില്ലാത്ത ഞാന്‍ എങ്ങനെയാണ് ആരോപിക്കുന്നത്? ഈ ചിത്രങ്ങള്‍ ഞാന്‍ കാണുവാനും സാദ്ധ്യത കുറവാണ്.

    ReplyDelete
  14. ഷാജി, ഞാന്‍ ഒരു രജനി ആരാധകനാണ്,എന്ന് വെച്ച് കത്തി സ്ക്രീനിലേക്ക് എറിഞ്ഞു കൊടുക്കുന്ന തരത്തിലുള്ള ആരാധകന്‍ അല്ല.ഇഷ്ടമാണ് രജനി പടങ്ങള്‍ .സത്യം പറഞ്ഞാല്‍ ആരാധകര്‍ക്ക് വേണ്ടി തന്നെയാണ് രജനി പടങ്ങള്‍ ഉണ്ടാകുന്നത്.ആരാധകര്‍ അല്ലാത്തവര്‍ക്ക് അത് കണ്ടിരിക്കാന്‍ കുറച്ചു പ്രയാസമായിരിക്കും എന്നുള്ളതാണ് സത്യം.തമിള്‍ നാട്ടില്‍ രജനിയുടെ ആരാധകര്‍ അല്ലാത്തവര്‍ വളരെ കുറവായിരിക്കും,അതെ പോലെ കേരളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സിന്റെ അത്രക്കും അതിന്റെ മേലെയും ആരാധകര്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഈ പടത്തില്‍ രജനിയുടെ സ്റ്റൈല്‍ ഒന്നും ഇല്ല എന്നാണു കേള്‍ക്കുന്നത്,അത് കൊണ്ട് നമുക്ക് നോക്കാം തുടക്കത്തിലെ ഇടി കഴിഞ്ഞാല്‍ എന്താവും എന്ന്. ഈ ആരാധകര്‍ വരെ തള്ളി കളഞ്ഞ രജനി പടങ്ങളും ഉണ്ട് കേട്ടോ:))

    ReplyDelete
  15. thank you

    nalla ezhuthu

    appo risk edukkenda pathukke mathi ennu

    theerumanichu

    ReplyDelete
  16. ഈ റിവ്യൂ വായിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. പടം നിങ്ങള്ക്ക് രസിച്ചു. നിങ്ങളിലെ ബുദ്ധി ജീവിക്ക് അത് അംഗീകരിക്കാന്‍ ഒരു മടി

    ReplyDelete
  17. ShajiQatar, ആരാധകര്‍ക്ക് വേണ്ടി തന്നെയാണ് രജനി പടങ്ങള്‍ ഉണ്ടാകുന്നത് എന്നതിനോട് യോജിക്കുന്നു. ആരാധകര്‍ അല്ലാത്തവര്‍ക്ക് അത് കണ്ടിരിക്കാന്‍ കുറച്ചു പ്രയാസമായിരിക്കും എന്നതും സത്യം. അതാണ്‌ ഒരു പരിധിവരെ ഇവിടെ സംഭവിച്ച് കാണുക. :)

    ചെതല്, പറഞ്ഞപോലെ റിസ്ക്‌ സാവധാനം എടുക്കുന്നത് തന്നെ നന്ന് കെട്ടോ...

    ഷാജു, ഒരു കാര്യം മനസ്സിലായി ഷാജു പടം കണ്ടിട്ടില്ലെന്ന്. ആരാണ് ബുദ്ധിജീവി, ഞാനോ? :) എന്നെ, ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന, വല്ലപ്പോഴും ഒന്ന് കുത്തികുറിക്കുന്ന ഒരാളായി മാത്രം കണ്ടാല്‍ മതി. അതാണ്‌ സത്യവും. പിന്നെ ചിത്രങ്ങളെ അത് അര്‍ഹിക്കുന്ന രീതിയില്‍ നോക്കുന്നുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. ശങ്കറിന്റെയോ പ്രിയദര്‍ശന്റെയോ ചിത്രങ്ങള്‍ ആണെങ്കില്‍ അങ്ങനെ ഇനി അതല്ല, അടൂരോ, കാസറവള്ളിയോ ആണെങ്കില്‍ ഇങ്ങനെ എന്നില്ല. 'കുലം ഏതായാലും പടം നന്നായാല്‍ മതി' എന്നു കേട്ടിട്ടില്ലേ... ഈ വഴി വന്നതല്ലേ ഇതും ഒന്ന് വായിക്കുന്നത് നന്നായിരിക്കും. http://chitranireekshanam.blogspot.com/2007/11/blog-post.html

    ReplyDelete