Jun 1, 2008

യാത്ര തുടങ്ങുകയാണ്‌...

ഈ തലക്കെട്ട്‌ മൂന്ന് ദിവസം മുന്‍പ്‌ മനസ്സില്‍ എഴുതിയതാണ്‌. എഴുതുവാനുള്ള എന്തൊക്കെയോ മറന്നുപോയെന്ന് തോന്നുന്നു ഇപ്പോള്‍.

ആരോ ജാലകചില്ലില്‍ പതിപ്പിച്ചുവച്ച ബോബ്‌ മാര്‍ലി ചിത്രം എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. എനിക്കെതിരെയുള്ള ചുവരില്‍ അത്ര പരിചിതമല്ലാത്ത ഒരു പിക്കാസോ പെയിന്റിംഗ്‌. കറുത്ത ചായത്തില്‍ ചുവരില്‍ കോറിയിട്ട, ഇത്തിരി വെട്ടത്തില്‍ വാതിലും ചാരി നില്‍ക്കുന്ന ഒരു നഗ്നയാം സുന്ദരി... അല്ല, സുന്ദരി ആണോ എന്ന് വ്യക്തമല്ല. വരച്ച്‌ മുഴുമിക്കാന്‍ മറന്നുപോയ വേറേയും രേഖാചിത്രങ്ങള്‍. 'ഹാനിബോളി'നൊപ്പം ചുമരില്‍ പതിച്ചിരിക്കുന്ന ചില ഹൃസ്വചിത്ര പോസ്‌റ്ററുകള്‍. ഇത്‌ പൂനേയിലെ FTII ബോയ്സ്‌ ഹോസ്റ്റലിന്റെ D-Block -ല്‍ പതിനേഴാം നമ്പര്‍ മുറി. ഇപ്പോള്‍ ഞാന്‍ തനിച്ച്‌. പുതിയ കൂട്ടുകാരന്‍ 'അപൂര്‍വ്വ' ക്യാമറയും തൂക്കി രണ്ട്‌ മണിക്കൂര്‍ മുന്‍പേ പോയതാണ്‌.


ഇനി മേയ്‌ 25-ല്‍ നിന്ന് 22-ലേക്ക്‌ ഒരു jump cut.

ഒരിക്കലും റെയില്‍വേ സ്റ്റേഷനില്‍ നമുക്ക്‌ തനിച്ചാവുക സാദ്ധ്യമല്ലല്ലോ, യാത്രകളും അങ്ങനെ തന്നെ. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത, നോട്ടം കൈമാറിയിട്ടില്ലാത്ത, തോന്ന്യാസം പങ്കുവച്ചിട്ടില്ലാത്തവര്‍ ഇല്ലാതെ ഇത്ര ദൂരം ഒരു യാത്ര ജീവിതത്തില്‍ ഇതാദ്യമാണ്‌. ഒരു നടനേയല്ല ഞാന്‍ എങ്കിലും ഇരിപ്പില്‍ നടപ്പില്‍ നില്‍പ്പില്‍ കിടപ്പില്‍ എന്തായിരുന്നു എന്റെ പെര്‍ഫോമന്‍സ്‌ ചുരുങ്ങിയത്‌ ഒരു പത്തുവട്ടം ഇന്ത്യയൊട്ടുക്കും സഞ്ചരിച്ചവനെപ്പോലെ.

സ്‌കൂള്‍ ജീവിതത്തില്‍ നാല്‌ മാര്‍ക്കിനായി ഭൂപടം ഒന്ന് ഓടിച്ച്‌ നോക്കിയിട്ടുണ്ട്‌ എന്നല്ലാതെ ഇന്ത്യയുടെ structure എനിക്ക്‌ ഏറെക്കുറെ അജ്ഞാതമാണ്‌. അതുകൊണ്ട്‌ തന്നെ ട്രെയിനില്‍ കയറിയതും ആദ്യ ടെന്‍ഷന്‍, എവിടെയാണ്‌ പന്‍വേല്‍?

പക്‌ഷേ, വണ്ടി തൃശ്ശൂര്‍ വിട്ടതും നമ്പര്‍ 24 ആരേയോ വിളിച്ച്‌ പന്‍വേലില്‍ എത്തിയതിനുശേഷം വഴി എങ്ങനെയെന്ന് അന്വേഷിക്കുന്നു. So the 'Tension Panvel' is moving to Recycle Bin.

ജനാലയ്‌ക്കപ്പുറം പുറകിലോട്ട്‌ പാഞ്ഞുപോകുന്ന ദൃശ്യങ്ങളേയും നിഴലുകളേയുമൊന്നും സാധാരണ ശ്രദ്‌ധിക്കാറില്ല. ഏതെങ്കിലും പുസ്‌തകത്തില്‍ മുഖം പൂഴ്‌ത്തിയാവും ഏറെക്കുറെ എല്ലാ യാത്രകളും. ഇക്കുറിയും നിറയെ പുസ്‌തകങ്ങള്‍ കരുതിയിട്ടുണ്ട്‌. എന്നെ ഒരിക്കല്‍കൂടി വിസ്‌മയിപ്പിച്ച്‌ കോഴിക്കോടിനപ്പുറം 'രണ്ടാമൂഴ'ത്തിന്റെ മുന്നൂറാം പുറവും മറിഞ്ഞു.

പുസ്‌തകകൂട്ടത്തില്‍ നിന്നും '5.someone' മറിഞ്ഞ്‌ തുടങ്ങുന്നതിന്റെ ഇടവേളയില്‍ ചില്ലറ കുശലപ്രശ്‌നങ്ങള്‍. പക്‌ഷേ തര്‍ക്കശാസ്‌ത്രത്തില്‍ ഈയുള്ളവന്‌ ബൗണ്ടറി കടത്താന്‍ പറ്റിയവയൊന്നും ഒരുത്തനും എറിഞ്ഞില്ല.

അപ്രതീക്ഷിതമായി ഇരുട്ടിലേക്ക്‌ എടുത്തെറിയുന്ന നെടുങ്കന്‍ തുരങ്കങ്ങള്‍, പച്ച വിരിച്ച ജലാശയങ്ങളും പച്ചയും ചുവപ്പും എടുത്തണിഞ്ഞ മലനിരകളും ഇരുണ്ട പച്ചപ്പിന്റെ കൊച്ചു തുരുത്തുകളായ കുറ്റിക്കാടുകളും നിറഞ്ഞ രത്‌നഗിരി, വരണ്ടുണങ്ങിയ മണ്ണ്‍ പറത്തുന്ന അറ്റമില്ലാത്ത ഭൂമിയുടെ നെടുങ്കന്‍ സ്‌നാപ്സ്‌. അറിയാതെ 'Story of India' ഓര്‍ത്തുപോയി. കഴിഞ്ഞ ഏപ്രില്‍ പകുതി മുതല്‍ 'ഡിസ്‌കവറി ചാനല്‍' സംപ്രേഷണം ചെയ്‌ത ആറ്‌ ഭാഗങ്ങളുള്ള ഒരു യാത്രയാണ്‌ പ്രസ്‌തുത ചിത്രം. ഒരിക്കല്‍ മാത്രമാണ്‌ പൂര്‍ണ്ണമായി കാണുവാനൊത്തത്‌. ഇതിലും ഭംഗിയായി ഇന്ത്യയെ കാണുവാനാകില്ല എന്ന് തോന്നുകയും ചെയ്തു, അന്ന്. ആറ്റികുറുക്കിയ നാലഞ്ചുവരികളില്‍, ചിത്രത്തില്‍ സഹകരിച്ച സുഹൃത്തിന്‌, അഭിനന്ദനം അറിയിച്ചിരുന്നു. ഒറ്റ വാക്കില്‍ മറുപടിയും വന്നു, Thanks!! ഈ വരണ്ട ഭൂമിക ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു, ഇനിയും എത്രയോ കാണുവാനുണ്ടെന്ന്, പറയുവാനും...

സുഹൃത്തും പഴയ സഹപാഠിയും കഴിഞ്ഞ 6-7 വര്‍ഷമായി പൂനെ വാസിയും ആയ ജോജോവിന്റെ, സഹോദരന്‍ ബിജു സ്‌റ്റേഷനില്‍ വന്നിരുന്നു. അക്ഷരമാല എഴുതാന്‍ അറിഞ്ഞേക്കും എന്നല്ലാതെ, ബോളിവുഡ്‌ ചിത്രങ്ങള്‍ കാണാറുണ്ട്‌ എന്നല്ലാതെ കഴിഞ്ഞ 10-12 വര്‍ഷമായി യാതൊരു വേഴ്‌ചയും എനിക്ക്‌ ഹിന്ദിയുമായിട്ടില്ല. ചുറ്റുമുള്ളവര്‍ പറയുന്നത്‌ ഒരു തരിമ്പും മനസ്സിലാവാതെ വന്നപ്പോഴാണ്‌ ബിജുവിനോട്‌ സ്വകാരിക്കുന്നത്‌. അത്‌ 'മറാത്തി' എന്നൊരു ഭാഷയാണത്രേ! ഭാഷ കുറച്ച്‌ അറിയും എന്നുള്ള ടെന്‍ഷന്‍ ഇനി ഏതായാലും ഇല്ല.

പൂനെ നഗരത്തില്‍ നിന്നും ഏതാണ്ട്‌ 30 കിലോമീറ്ററോളം മാറിയാണ്‌ തലേഗാവ്‌ (Talegaon), ജോജോ താമസിക്കും ഇടം. പക്ഷേ, പേരില്‍ മാത്രമാണ്‌ ഗ്രാമം. തലേഗാവിലെ ചന്തയ്ക്ക്‌ മാത്രമുണ്ട്‌ ഒരു ഗ്രാമഛായ. സന്ധ്യാനേരത്തെ ഒരു ഓട്ടപ്രദക്ഷിണത്തില്‍ നിറഞ്ഞുനിന്നത്‌ കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍ പൂനെയുടെ തളര്‍ച്ചകളില്ലാത്ത വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആയിരുന്നു. ബന്ദ്‌ കേട്ടുകേള്‍വിപോലുമില്ലാത്ത, ഹര്‍ത്താലാഘോഷ പരിപാടികള്‍ ഇല്ലാത്ത നാട്‌. വരണ്ടുണങ്ങിയ മണ്ണിന്‌ മുകളില്‍ വലിഞ്ഞ്‌ വിടര്‍ന്ന് വടവൃക്ഷങ്ങളാകുന്ന വ്യവസായ ശൃംഖലകള്‍, ഒപ്പം കുതിച്ച്‌ ഉയരുന്ന തൊഴില്‍ സാദ്‌ധ്യതകള്‍. ഗതാഗതകുരുക്കില്‍, പാര്‍ട്ടിപടലപിണക്കങ്ങളില്‍, ഹര്‍ത്താലോളപ്പ്പാച്ചിലില്‍, പത്രത്തില്‍ നിറയുന്ന വിലയില്ലാ വെണ്ടക്കകളില്‍ നട്ടം തിരിയുന്ന കേരളത്തിലെ ഒരു പ്രതിനിധി ഇതാ ഇവിടെ പൂനെയില്‍ ലജ്‌ജിച്ച്‌ തലതാഴ്തി നഗ്നനായി നില്‍ക്കുന്നു.

തലേഗാവ്‌-ശിവാജി നഗര്‍-ഫിലിം ഇന്‍സ്‌റ്റിട്യൂട്ട്‌ യാത്രയില്‍ ബിജു എനിക്ക്‌ വീണ്ടും 'കൂട്ടായി' (ഹിന്ദി+മറാത്തി). ദേഹം പൊള്ളിപോകുമെന്ന് തോന്നുമെങ്കിലും കൊച്ചിയെപ്പോലെ നമ്മെ വിയര്‍ത്ത്‌ കുളിപ്പിച്ച്‌ അവശനാക്കുന്നില്ല, പൂനെ.

സൗഹൃദവലയത്തില്‍ എപ്പോഴൊക്കെയോ നഷ്ടപ്പെട്ടുപോയ ചില കണ്ണികളെ വീണ്ടെടുക്കുവാനും പുതിയ സുഹൃത്തുക്കളെ ലഭിക്കുവാനും orkut-നോളം വരില്ല, ഒന്നും. കുറച്ച്‌ കാലം മുന്‍പ്‌ orkut-ന്‍ മുറ്റത്താണ്‌ ഞാന്‍ ജോണിനേയും പരിചയപ്പെട്ടത്‌. ബന്‌ധപ്പെടുത്തുന്ന കണ്ണി പതിവുപോലെ ചലച്ചിത്രകലയോടുള്ള ഭ്രാന്തമായ ആരാധനയും. ഫിലിം ഇന്‍സ്‌റ്റിട്യൂട്‌ മേല്‍വിലാസത്തിന്‌ മുകളില്‍ ജേണിന്റെ പേര്‌ ചേര്‍ത്താല്‍ അത്‌ ജോണിന്റെ വിലാസമായി. ഇന്‍സ്‌റ്റിട്യൂട്ടില്‍ എത്തിയപ്പോള്‍ ആദ്യം കണ്ടുമുട്ടിയതും ജോണിനെയായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി പൂനെയില്‍ ഉദിക്കുന്ന സൂര്യനെയാണ്‌ ജോണ്‍ കാണുന്നത്‌. ഇവിടത്തെ ചിത്രചിന്തകളാണ്‌ ശ്വസിക്കുന്നത്‌.

കാന്റീനില്‍ ഞങ്ങള്‍ക്ക്‌ ചുറ്റും ഇന്ത്യന്‍ സിനിമയുടെ ഭാവി തലമുറ ചായ കുടിച്ചും പുക ആഞ്ഞുവലിച്ച്‌ പറത്തിയും കസേരകള്‍ നിറയ്‌ക്കുന്നു. ഇന്‍സ്‌റ്റിട്യൂട്ടിന്റെ നല്ല ഒരു ഓര്‍മ്മപുസ്‌തകം ജോണിന്റെ കയ്യിലുണ്ട്‌ എന്നുള്ളതുകൊണ്ടുതന്നെ തിരിച്ച്‌ പോകേണ്ട ഏഴുമണിയുടെ പാസഞ്ചര്‍ വണ്ടിയില്‍ കയറുവാനൊത്തില്ല.

ഞായറാഴ്‌ചയാണ്‌ FTII-യിലെ ഹോസ്‌റ്റല്‍ മുറിയില്‍ തലനിറയെ ചിത്രങ്ങളും ചിന്തകളുമായി എത്തുന്നത്‌. ഇനിയുള്ള നാലാഴ്ചകള്‍ ഇവിടെ.. യാത്രയുടെ ക്ഷീണത്തില്‍ തലചായ്‌ക്കുകയായിരുന്നു റൂം മേറ്റ്‌, അപു എന്ന അപൂര്‍വ്വ ഗൗരവ്‌. സ്വന്തം നാട്‌ ഉത്തര്‍പ്രദേശില്‍. കാണ്‍പൂര്‍ IIT-യില്‍ നിന്നും ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ്‌ കഴിഞ്ഞ്‌ ഇപ്പോള്‍ ബാംഗ്‌ളൂരില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍.

ഹോസ്‌റ്റലിന്റെ ചുവരില്‍ നിറയെ ചിത്രങ്ങളാണ്‌, കടും വര്‍ണ്ണങ്ങളില്‍, കറുപ്പില്‍. ഒപ്പം കറുത്ത ചായത്തില്‍ കോറിയിട്ട ഓര്‍മ്മപ്പെടുത്തലുകളും. You can plan your work, not life. Be always ready to face unplanned events...

ഇതാ എനിക്ക്‌ മുന്നില്‍ പുതിയ നിറങ്ങളണിഞ്ഞ്‌ കാലം കാത്തിരിക്കുന്നു, യാത്ര തുടങ്ങുകയാണ്‌...