Jan 28, 2010

ബോഡി ഗാര്‍ഡ്‌: തോമസ്സുകുട്ടീ വിട്ടോടാ...

'ചിത്രനിരീക്ഷണം' എന്ന പേരില്‍ ചിത്രങ്ങളെക്കുറിച്ച്‌ ബൂലോഗത്ത്‌ എഴുതാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടുമാത്രം ഈയുള്ളവന്‍ ഏതൊക്കെ പരീക്ഷണങ്ങളെയാണ്‌ നേരിടുന്നതെന്നും അതിജീവിക്കുന്നതെന്നും മാന്യ വായനക്കാര്‍ അറിയുന്നുണ്ടോ എന്തൊ. ദാണ്ടെ രണ്ടു ദിവസം മുന്‍പും എന്ത്‌ ചെല്ല പേരിട്ട്‌ വിളിക്കണം എന്നുപോലും അറിയാത്ത ഒരു 'സാധനം' കാണുവാന്‍ ഇടയായി, സിദ്ദിഖിന്റെ 'ബോഡി', തരിമ്പും 'ഗാര്‍ഡ്‌' ചെയ്യാന്‍ ഇടയില്ലാത്ത ഒരു 'ബോഡി ഗാര്‍ഡ്‌'.


ചലച്ചിത്രത്തില്‍ 'റിട്ടയര്‍മന്റ്‌' ഉണ്ടോ എന്നറിയില്ല. പ്രായവും പ്രതിഭയും തമ്മില്‍ ബന്ധമുണ്ടോ എന്നും അറിയില്ല. അതിലൊന്നും വല്യ കാര്യമില്ല എന്നു തോന്നുന്നു. കാരണം കിട്ടാക്കനിയായിരുന്ന ഓസ്കര്‍ സ്കോര്‍സെസെക്ക്‌ ലഭിക്കുന്നത്‌ അറുപത്തിനാലാം വയസ്സിലാണ്‌. ഈസ്റ്റ്‌വുഡ്‌ എന്ന മറ്റൊരു ദേഹം എണ്‍പതിനോടടുത്ത പ്രായത്തില്‍ ഒന്നും രണ്ടും ചിത്രങ്ങളാണ്‌ വര്‍ഷാവര്‍ഷം പടച്ച്‌ വിടുന്നത്‌, അതും ഊരുക്കൊട്ടും മുന്തിയ ഇനങ്ങള്‍. നമ്മുടെ നാടിനു മാത്രം ഈ ഗതിയെന്തേ എന്റെ ദൈവങ്ങളെ? അവാര്‍ഡിനുപോലും ഗോപാലകൃഷ്‌ണനെ വേണ്ട, ചുരുങ്ങിയത്‌ മൂന്നുനാല്‌ വട്ടമെങ്കിലും അല്ലലില്ലാതെ കാണാന്‍ പറ്റുന്ന ചിത്രങ്ങളൊരുക്കിയ സിദ്ദിഖ്‌-ലാലിലെ സിദ്ദിഖ്‌ ഒരുക്കിയ പുതിയ ചിത്രം ഒരു വട്ടം കാണാന്‍ തന്നെ പെടാപ്പാട്‌, തീയേറ്ററില്‍ കറന്റ്‌ പോയാല്‍ കൂക്കി കയറുന്ന പ്രേക്ഷകന്‍ ആശ്വാസത്തോടെ കയ്യടിക്കുന്ന വിചിത്രകാഴ്ച. കണ്ടില്ലേ കലികാലം!

ഈ കഥ കേട്ടിട്ടും പടം കാണുന്നവന്‍ കാണട്ടെ എന്നുള്ളതുകൊണ്ട്‌ ഈ കഥാസംഗ്രഹത്തിന്‌ ഇക്കുറി അതിര്‍ത്തികള്‍ വരക്കുന്നില്ല. ആര്‌ ആരോടോ, എവിടെയോ എങ്ങോട്ടോ തിരിഞ്ഞിരുന്ന്‌ പറയുകയോ എഴുതുകയോ വായിക്കുകയോ ചെയ്യുകയാണ്‌ എന്ന്‌ ഒരു നിശ്ചയവുമില്ലാതെ കഥ തുടങ്ങുകയാണ്‌. ഫ്ളാഷ്ബാക്ക്‌ എന്ന്‌ മാത്രം മനസ്സിലാവും.

ജയകൃഷ്ണന്‍ വ്യത്യസ്‌തനായിരുന്നു. എന്നു വച്ചാല്‍ പാമ്പ്‌ മുതലായ ക്ഷുദ്രജീവികളെയൊന്നും പേടിയില്ലാത്ത, ഗുണ്ട, റൌഡി, തെമ്മാടി തുടങ്ങിയ വേണ്ടാധീനങ്ങളെയെല്ലാം ആരാധിക്കുന്നത്രയും വ്യത്യസ്‌തത. വീട്ടുകാര്‍ തെറ്റിദ്‌ധരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. മരുന്നായി, മന്ത്രായി, ഒലക്കേടെ മൂടായി അങ്ങനെ ജയകൃഷ്ണന്‍ വളർന്നുവലുതായി നമ്മുടെ ദിലീപിന്റെ കോലത്തിലായപ്പോൾ നാട്ടില്‍ അടി, ഇടി, വെട്ട്‌, കുത്ത്‌ എന്നിവക്ക്‌ നില്‍ക്കുമെങ്കിലും ആളൊരു സര്‍വ്വ ഗുണ സമ്പന്നനായിരുന്നു, നമ്മുടെ വീരപ്പന്റെ കാര്യം പറഞ്ഞപ്പോലെ! വീരപ്പന്‍ എങ്ങനെയായിരുന്നു? കൂടെ നില്‍ക്കുന്നോര്‍ക്ക്‌ തേനല്ലെ, പാലല്ലെ, പഞ്ചാരയല്ലേ. മഹിളാമണികളെ വശപ്പെശകായി ഒരു നോട്ടം പോലും, നഹീ നഹീ... പക്ഷേ, ആനയെ കണ്ടാ അപ്പം വെടിവെക്കും. പോലീസിനെ കണ്ടാലും വെക്കും, വെടി. പിന്നെ കാട്ടിലല്ലേ ആശാനെ, ജീവിക്കാന്‍ മരം മുറിച്ച്‌ വില്‍ക്കും. ചുറ്റും വളര്‍ന്ന്‌ നിന്നത്‌ ചന്ദനമരമായത്‌ വീരപ്പന്റെ കുറ്റമാണോ?? അപ്പൊ നമ്മുടെ ജയകൃഷ്‌ണന്‍, സത്യത്തില്‍, ആളൊരു പാവമായിരുന്നു.

അങ്ങനെ നാട്ടില്‍ ചില്ലറ പരിപാടികളായി നടക്കുമ്പോഴാണ്‌ ജയകൃഷ്‌ണന്‍, അശോകന്‍ എന്നൊരു പുലിയെക്കുറിച്ച്‌ അറിയുന്നത്‌. അശോകന്‍ എന്നു വച്ചാ ആരാ..? എല്ലാരും അറിയുന്ന വല്യ ഒരാള്‌, ഇടക്ക്‌ മലേഷ്യയില്‍ ഒക്കെ പോകും, അത്ര തന്നെ. ജയകൃഷ്‌ണന്‍ അശോകന്റെ 'ബോഡി ഗാർഡാ'കുവാൻ തന്നെ തീരുമാനിച്ചു. പക്ഷേ, ജയകൃഷ്‌ണന്‍ നായകനല്ലേ, അശോകന്റെ 'ബോഡി ഗാര്‍ഡ്‌' ആയി എത്രനാള്‍ ജീവിച്ച്‌ പോകുവാന്‍ പറ്റും. അങ്ങനെ പലരുടേയും നിര്‍ബന്‌ധത്തിന്‌ വഴങ്ങി അമ്മുവിന്റെ 'ബോഡി ഗാര്‍ഡ്‌' ആവുകയാണ്‌. അശോകന്റെ മകളാണ്‌ കോളേജില്‍ പഠിക്കുന്ന അമ്മു. പണ്ട്‌ പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ ജയകൃഷ്ണന്‍ റാങ്കൊക്കെ 'ഈസി'യായി മേടിക്കാന്‍ കഴിവുള്ളോന്‍ ആയിരുന്നൂത്രേ. പക്ഷേ, പഠിക്കാന്‍, പഠിച്ച്‌ മുഴുമിപ്പിക്കാന്‍ കക്ഷിക്ക്‌ വല്യ താല്‍പ്പര്യം തോന്നിയില്ല. അല്ലെങ്കില്‍ തന്നെ ഈ റാങ്കിലൊക്കെ എന്തിരിക്കുന്നു. വ്യത്യസ്‌തയുടെ ഒരു അലംഗകുലോതുംഗനാണ്‌ ഈ ജയകൃഷ്‌ണനെന്ന് ഇപ്പം മനസ്സിലായില്ലേ. സ്റ്റില്‍, ജയകൃഷ്‌ണന്‍ ഭാവിയിലേക്ക്‌ ഒരു വാഗ്ദാനമാണ്‌ എന്ന ഒറ്റ സാദ്‌ധ്യതയുടെ പുറത്ത്‌ അമ്മുവിന്റെ കോളേജില്‍ തുടര്‍ന്ന്‌ പഠിക്കുവാന്‍ പ്രിന്‍സിപ്പാള്‍ അഡ്മിഷന്‍ കൊടുക്കുകയാണ്‌. അങ്ങനെ സ്റ്റുഡന്റ്‌ കം 'ബോഡി ഗാര്‍ഡാ'യി കോളേജിലെത്തുകയാണ്‌ ജയകൃഷ്‌ണന്‍. കാര്യം ഒരു കൊട്ട പ്ളസ്‌ ഒണ്ടേലും ആര്‍ക്കാണ്‌ മൈനസസ്‌ ഇല്ലാത്തത്‌, ജയകൃഷ്‌ണനും ഉണ്ടായി ഒരു മൈനസ്സ്‌. ജോലിയോടുള്ള ആത്മാര്‍ത്ഥത എന്ന പണ്ടാര മൈനസ്സ്‌.

'ബോഡി ഗാര്‍ഡി'നായി പ്രത്യേകം തുന്നി ഇസ്‌തിരിയിട്ട കുപ്പായമിട്ടേ ജയകൃഷ്‌ണന്‍ ക്യാപസിലെത്തൂ. സ്വാഭാവികമായും ജയകൃഷ്‌ണന്റെ കോലവും കോപ്രായങ്ങളും അമ്മുവിനും കൂട്ടുകാര്‍ക്കും തലവേദനയാകുന്നു, അല്ലെങ്കില്‍ ആയല്ലേ പറ്റൂ. അങ്ങനെ ജയകൃഷ്‌ണന്റെ കോലം മാറ്റുവാന്‍ മൊബൈലില്‍ 'അനോണി'യായി അമ്മു ജയകൃഷ്‌ണനെ വിളിക്കുവാന്‍ തുടങ്ങുകയാണ്‌. ഒരു 'ഭയങ്കര' പ്രണയകഥ ഇവിടെ തുടങ്ങുകയാണ്‌ കൂട്ടുകാരേ... ബാക്കി എല്ലാം കണ്ടുതന്നെ അറിയണം, ഹൂ...

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌, പ്രത്യേകിച്ചും തിരക്കഥാകൃത്തിനും സംവിധായകനും (ഇവിടെ രണ്ടും ഒരാളാണ്‌) സാമാന്യബോധമെങ്കിലും വേണ്ടതല്ലേ, കുറഞ്ഞപക്ഷം പണം മുടക്കുന്ന നിര്‍മ്മാതാവിനെങ്കിലും? പണം മുടക്കി തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകന്‌ മേല്‍പറഞ്ഞ സാധനം ഉള്ളതുകൊണ്ട്‌ 'ബോഡി ഗാര്‍ഡി'ന്‌ അധികം ഓടി ബുദ്‌ധിമുട്ടേണ്ടി വരികയില്ല.

ഒരു ചിത്രം അത്‌ എത്ര തന്നെ മോശമായിരുന്നാലും നന്നായിരുന്നാലും അതിന്‌ പുറകിലുള്ള പ്രയത്‌നം, തയ്യാറെടുപ്പുകള്‍ വളരെ വലുതാണ്‌. ചിത്രം അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ മാത്രമാകുമ്പോള്‍ നിര്‍മ്മാതാവിന്റെ കണ്ണില്‍ ഇരുട്ട്‌ പെട്ടെന്നുതന്നെ ഇടിച്ച്‌ കയറുകയും ഒരു വലിയ മനുഷ്യപ്രയത്‌നം കേവലം മൂന്നുനാല്‌ ദിവസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വിസ്‌മൃതിയിലാവുന്നു. മേലെ, താരവും സൂപ്പര്‍താരവും സംവിധായകനും മുതല്‍ താഴെ സെറ്റില്‍ ഭക്ഷണമൊരുക്കുന്ന കുശിനിക്കാരന്‍ വരെ കാക്കത്തൊള്ളായിരം സംഘടനകളില്‍ ഏതെങ്കിലും ഒന്നിന്റെ ഭാഗമാണ്‌. താരപരിഭവങ്ങള്‍ക്കും താഴേ തട്ടിലുള്ളവന്റെ പരാതികള്‍ക്കും അല്ലാതെ ഈ സംഘടനകള്‍ ചലച്ചിത്രങ്ങള്‍ക്കായി എത്രത്തോളം ക്രിയാത്മകമായി ഇടപെടുന്നുണ്ട്‌? പ്രതിഭാ ദാരിദ്രം, കുട്ടി ബഡ്ജറ്റ്‌ എന്നൊക്കെ പറഞ്ഞ്‌ കരയുന്നവരോട്‌ പറയുവാനുള്ളത്‌ അത്‌ കേരളമെന്ന കോണില്‍ മാത്രമായി സംഭവിച്ചുപോയ ജനിതക തകരാറോ പരശുരാമന്‌ മഴു നീട്ടി എറിയാന്‍ കഴിയാതെ പോയതുകൊണ്ടോ അല്ലെന്നാണ്‌. കണ്ണുതുറന്നു നോക്കൂ, കാഴ്ചകള്‍ ഈ ചുറ്റുവട്ടങ്ങളില്‍ തന്നെയുണ്ട്‌.

പ്രേക്ഷകന്റെ സാമാന്യബോധത്തിനെപോലും മാനിക്കാത്ത, മറയില്ലാതെ പഴയ ചില ഹിന്ദി ഹിറ്റ്‌ ചിത്രങ്ങളെ പകര്‍ത്തി ശര്‍ദ്ദിക്കുന്ന ഒരു ചിത്രത്തിനെ കുറിച്ച്‌ കൂടുതലൊന്നും പറയുവാന്‍ ഉദ്ദേശിക്കുന്നില്ല.

ആകെത്തുക: Avoid