Jul 16, 2011

ചാപ്പാ കുരിശ്

ചലച്ചിത്രത്തിന്റെ മുഖ്യധാര നടക്കുവാനിഷ്ടപ്പെടുന്ന സ്ഥിരം വഴികളില്‍ നിന്നും ചുവടുമാറി ചിത്രങ്ങളൊരുക്കുന്നവരോട്, ചിത്രങ്ങളൊരുക്കുവാന്‍ ശ്രമിക്കുന്നവരോട് എന്നുമൊരു ആഭിമുഖ്യം ചലച്ചിത്രത്തെ താല്‍പ്പര്യപൂര്‍വ്വം പിന്തുടരുന്ന സദസ്സുകളില്‍ നിന്നും ഉണ്ടാകാറുണ്ട്. ഈ വര്‍ഷം ഈയൊരു ശ്രേണിയില്‍ എടുത്തുപറയാവുന്ന ചില ശ്രമങ്ങളെങ്കിലും ഉണ്ടായത് തീര്‍ത്തും ആശാവഹമായ കാര്യവുമാണ്. കാഴ്ചകളും കഥകളും കഥാപാത്രങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ രക്ഷകനെത്തേടി വൃഥാ അലയുകയും മറുവശത്ത് ചലച്ചിത്രങ്ങള്‍ ഒരുക്കുവാന്‍ കച്ച മുറുക്കിയവര്‍ കേള്‍വിക്കേട്ടതോ കണ്ടുപരിചയിച്ചതോ അതുമല്ലെങ്കില്‍ ബഹുജനം കാണാനിട വരാത്തതോ ആയ വിദേശ ഭാഷാചിത്രങ്ങളെ ഒരു ഉളുപ്പുമില്ലാതെ ഭാഷാന്തരം നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടിനോട് എന്തുകൊണ്ടോ യോജിക്കുവാന്‍ കഴിയുന്നില്ല, പ്രത്യേകിച്ചും അവലംബമായ സൃഷ്ടിയെക്കുറിച്ച് 'ക.മാ'യെന്നു പോലും ഉരിയാടാതിരിക്കുമ്പോള്‍ . ഈ നാണം കെട്ട നിരയിലെ ഏറ്റവും പുതിയ പ്രതിനിധിയാണ്, ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത 'ചാപ്പാ കുരിശ്'.


പുസ്തകത്തില്‍ നിന്നോ നാടകത്തില്‍ നിന്നോ ഇനി മറുഭാഷകളിലെ ചലച്ചിത്രത്തില്‍ നിന്നുതന്നെയോ ഒരു ആശയം കടം കൊള്ളുകയെന്നത് തരംതാണ പരിപാടിയാണെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. സ്വീകര്‍ത്താവിന് മൂലരൂപത്തിന്റെ കാലദേശങ്ങള്‍ മാറ്റുകയോ പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുകയോ ആകാം. കാലാകാലങ്ങളായി മിക്കവാറും എല്ലാ കലാരൂപങ്ങളും ഈ കടംകൊള്ളല്‍ തുടര്‍ന്നു പോരുന്നു. ചലച്ചിത്രങ്ങളില്‍ , സ്വീകരിക്കപ്പെടുന്ന ആശയത്തിന് പ്രസക്തിയോ പ്രാധാന്യമോ എന്നതിനേക്കാള്‍ അതിന്റെ സ്വീകാര്യതയുടെ സാധ്യതകളോ കഥാരൂപത്തിന്റെ വ്യത്യസ്തതയോ ആയിരിക്കും മിക്കവാറും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. കടംകൊണ്ട ശേഷം നാട്ടില്‍ പൊതുവില്‍ കണ്ടുവരുന്ന രീതി മൂലരൂപത്തെ കുറിച്ച് മിണ്ടാതിരിക്കുകയും ആ ഖ്യാതി കൂടി ചുളുവില്‍ സ്വന്തമാക്കുകയുമാണ്. വിവരവും സാങ്കേതികജ്ഞാനവും ഉള്ളവര്‍പ്പോലും ചലച്ചിത്ര നിര്‍മ്മാണത്തിന് പകര്‍ത്തെഴുത്തിന്റെ ഈ എളുപ്പ രീതികളും ഒടുക്കം ഒരു പരാമര്‍ശം പോലുമില്ലാതെ 'താങ്ക് യു, ടാ മച്ചൂ'-ന്നും മൊഴിഞ്ഞ് മിസ്റ്റര്‍ ഒറിജിനലിനോട് പുറം തിരിഞ്ഞു നില്‍ക്കുന്നത്‌ ഏതായാലും നല്ല കീഴ്വഴക്കമല്ല.

സമീപ കാലയളവില്‍ ശ്രദ്ധയില്‍പ്പെട്ട മാന്യരും മര്യാദക്കാരുമായ രണ്ട് ചിത്രങ്ങളെക്കൂടി പരാമര്‍ശിക്കാം. ' സര്‍ക്കാര്‍ ' എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ രാം ഗോപാല്‍ വര്‍മ്മ ഇങ്ങനെ എഴുതുന്നു, "ലോകത്തിലെ എണ്ണമറ്റ സംവിധായകരെപ്പോലെ ' ദി ഗോഡ്‌ഫാദര്‍ ' എന്നെയും ഏറെ സ്വാധീനിച്ചിരിക്കുന്നു. ' സര്‍ക്കാര്‍ ' ആ ചിത്രത്തിനുള്ള എന്റെ സമര്‍പ്പണമാണ്". സംവിധായകനായ വെട്രി മാരന്‍ 'ആടുകളം' എന്ന ചിത്രത്തിന്റെ ഒടുവില്‍ ആ ചിത്രത്തെ സ്വാധീനിച്ച, ആ ചിത്രത്തിന് അവലംബമായ ചലച്ചിത്രങ്ങളേയും പുസ്തകങ്ങളേയും കൃത്യമായി നിരത്തുന്നുണ്ട്. [കഷേ‌, അമോരെസ്‌ പെരോസ്‌, ബാബേല്‍ ‍, പൌഡര്‍ കെഗ്, തേവര്‍ മകന്‍ ‍, വീരുമാണ്ടി, പരുത്തി വീരന്‍ എന്നീ ചിത്രങ്ങളും റൂട്ട്സ്‌ (അലക്സ്‌ ഹാലി), ശാന്താറാം (ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്സ്)എന്നീ പുസ്തകങ്ങളും].

'കഥ', സംവിധായകനായ സമീര്‍ താഹിറും തിരക്കഥ-സംഭാഷണം, ആര്‍ ഉണ്ണിയും സമീര്‍ താഹിറും ഒരുക്കിയ 'ചാപ്പാ കുരിശ്' എന്ന ചിത്രത്തിന്റെ പ്രമേയം ഹാന്‍ മിന്‍ കിം സംവിധാനം ചെയ്ത ' ഹാന്‍ഡ്‌ ഫോണ്‍ ' എന്ന കൊറിയന്‍ ചിത്രവുമായി, പ്രമേയത്തില്‍ , കഥാപാത്രങ്ങളില്‍ , മുഖ്യകഥാസന്ദര്‍ഭങ്ങളില്‍ കടുകുമണിയുടെ അകലമേ പാലിക്കുന്നുള്ളൂ.

Synopsis:

ഹെഡ് ഓർ ടെയിൽ എന്നതിന്റെ നാടന്‍ രൂപമാണ് 'ചാപ്പാ കുരിശ്'. നാണയത്തിന്റെ പുറങ്ങള്‍പോലെ, വ്യത്യസ്തരായ രണ്ടു വ്യക്തികളുടെ ചുറ്റിലുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തില്‍ മൊബൈല്‍ ഫോണ്‍ ഒരു കഥാപാത്രം ആവുന്നതുകൊണ്ട് മൊബൈല്‍ ഫോണിനെ ബന്ധപ്പെടുത്തിയാണ് മുഖ്യ രണ്ട് കഥാപാത്രങ്ങളേയും ചിത്രത്തില്‍ പരിചയപ്പെടുത്തുന്നത്. കൊച്ചി നഗരത്തില്‍ , മേല്‍ത്തരം ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന അര്‍ജുന്‍, ചേരിയില്‍ ജീവിക്കുന്ന, സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അന്‍സാരി എന്നിവരാണ് ഈ രണ്ട് വ്യക്തികള്‍ . ഒരു ദിവസം സോണിയ എന്ന സഹപ്രവര്‍ത്തകയുമായി തന്റെ ഫ്ലാറ്റില്‍ ചിലവഴിക്കുന്ന അര്‍ജ്ജുന്‍, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നു. ഈ മൊബൈല്‍ ഫോണ്‍ യാദൃശ്ചികമായി കളഞ്ഞു പോകുന്നു. കോഫി ഷോപ്പില്‍ യാദൃശ്ചികമായി എത്തിയ അന്‍സാരിക്കാണ് മൊബൈല്‍ ഫോണ്‍ ലഭിക്കുന്നത്.

മേല്‍ത്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലാത്ത അന്‍സാരി അത് കയ്യില്‍ തന്നെ കരുതുന്നു. ' സ്വകാര്യതകള്‍ ' മൊബൈല്‍ ഫോണില്‍ ഭദ്രമായി തന്നെ ഉള്ളതുകൊണ്ട് 'സ്വകാര്യത' ഭാവിയില്‍ നഷ്ടപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ അര്‍ജ്ജുന്‍ നിയമത്തിന്റെ വഴികള്‍ തിരഞ്ഞെടുക്കാതെ മൊബൈല്‍ ഫോണ്‍ സ്വയം വീണ്ടെടുക്കുവാന്‍ തന്നെ തീരുമാനിക്കുന്നു.


'ചാപ്പാ കുരിശി'ന്റെ ട്രൈയിലറില്‍ '21 ഗ്രാംസ്' എന്ന വിദേശ ചിത്രത്തിന്‍റെ ട്രൈയിലറിലെ വരികള്‍ പകര്‍ത്തിയെഴുതിയത് ബൂലോഗത്ത് ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തലവാചകവും അക്ഷരത്തെറ്റിലാതെ പകര്‍ത്തിയെഴുതിയതാണ്, 'മരിയ ഫുള്‍ ഓഫ് ഗ്രേയ്സ്' എന്ന ചിത്രത്തില്‍ നിന്നും. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ്‌ തന്‍റെ ബ്ലോഗില്‍ ഇങ്ങനെ എഴുതി. 'മലയാള ചലച്ചിത്ര മേഖല മാറ്റത്തിന്റെ പാതയിലാണ്. മലയാളത്തിന് നല്ല സംഭാവനകള്‍ നല്‍കാന്‍ ഈ ചിത്രത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'. മലയാള ചലച്ചിത്ര മേഖല മാറ്റത്തിന്റെ പാതയില്‍ തന്നെയെന്ന് ഏറെക്കുറെ എല്ലാവരും ശരിവെക്കുന്ന കാര്യമാണ്. വിനീതിനെ എനിക്ക് ബഹുമാനവുമാണ്. പക്ഷേ, കലര്‍പ്പില്ലാത്ത സംഭാവനകളല്ലേ മലയാള പ്രേക്ഷകനും മലയാള ചലച്ചിത്രത്തിനും കൂടുതല്‍ നന്നായിരിക്കുക.

'എഴുത്ത്‌ മൂത്ത് സംവിധാനം' എന്നത് മാറിയിരിക്കുന്നു മലയാളത്തില്‍ . സന്തോഷ്‌ ശിവനും വിപിന്‍ മോഹനും അമല്‍ നീരദിനും പി സുകുമാറിനും ശേഷം, സമീര്‍ താഹിര്‍ . എഴുത്തുകാരന്‍ മാത്രമായി തുടര്‍ന്നിരുന്നുവെങ്കില്‍ ലോഹിതദാസിന്റെ അവസാന ദശകം കുറേക്കൂടി മികവുറ്റതാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കളം മാറ്റി കളിക്കുന്ന ഒട്ടുമിക്ക പ്രതിഭകളെ കുറിച്ചും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ്. 'ചാപ്പാ കുരിശും' അഭിപ്രായം മാറ്റിയെഴുതുവാന്‍ പ്രേരണയാകുന്നില്ല. പ്രത്യേകിച്ചും, വിയര്‍പ്പ് ഒരു മറുഭാഷാ ചിത്രത്തിനെ മലയാളം പഠിപ്പിക്കുവാന്‍ മാത്രമാകുമ്പോള്‍ .

തിരോന്തരം മലയാളം, മ്മ്ടെ തൃശ്ശൂരെ മലയാളം എന്നിങ്ങനെ പല മലയാളമുണ്ടല്ലോ. രഞ്ജിനി ഹരിദാസ്‌ മുതല്‍ പേര്‍ അപ്പോസ്തലരായ 'രഞ്ജിനി' മലയാളവുമുണ്ട്, ഈ ശ്രേണിയില്‍ . ‌'രഞ്ജിനി' മലയാളമടക്കം മലയാള വാചിക ഭാഷയുടെ വിവിധ രൂപങ്ങള്‍ , വിവിധ ദേശക്കാരും, വിവിധ മതക്കാരും, സമൂഹത്തിന്റെ വിവിധ തട്ടിലുമുള്ളവരുമായ കഥാപാത്രങ്ങള്‍ സ്വാഭാവികമായി പറയുവാന്‍ ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തില്‍ .

ചാപ്പാ കുരിശ്
( ഹാന്‍ഡ്‌ ഫോണ്‍ ), കോക്ക്ടെയില്‍ ( ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ )‍, അന്‍വര്‍ ‍( ട്രൈറ്റര്‍ ), ഗുലുമാല്‍ ( 9 ക്വീന്‍സ് ) എന്നിങ്ങനെ സമീപകാലത്ത്‌ പുറത്തിറങ്ങിയ പകര്‍ത്തെഴുത്ത്‌ ചിത്രങ്ങളുടെയെല്ലാം ഒരു പൊതുസ്വഭാവം ഇവയെല്ലാം ത്രില്ലറാണ്. ഇവയെല്ലാം മിസ്റ്റര്‍ ഒറിജിനലിന്റെ ഏതാണ്ട് അതേ ശില്‍പ്പ ഘടന ആവര്‍ത്തിക്കുവാന്‍ ശ്രമിച്ചിട്ടും ഈ ചിത്രങ്ങള്‍ കണ്ട പ്രേക്ഷകര്‍ക്ക് വേണ്ടുവോളം‌ ത്രില്ലടിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മലയാള ഭാഷയുടെ പ്രശ്നമോ, നമ്മുടെ സംസ്കാരത്തിന്‍റെയോ, പേനയുടെയോ എഴുത്ത് പുസ്തകത്തിന്റെയോ പ്രശ്നമോ? എഴുപതുകളിലേയും എണ്‍പതുകളിലേയും മലയാള ചിത്രങ്ങളിലും അന്നത്തെ സംവിധായകരിലും മാത്രം ഇപ്പോഴും കുരുങ്ങികിടക്കുന്ന ചലച്ചിത്ര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യത്യസ്തമായ ഒരു വിഷയമാണ്, താല്‍പ്പര്യമുണ്ടെങ്കില്‍ :)

എന്തൊക്കെ തെറ്റുകുറ്റങ്ങള്‍ നിരത്തിയാലും അരങ്ങിലും അണിയറയിലുമായി മലയാള ചലച്ചിത്ര മേഖലയിലേക്ക് ഒരു പിടി യുവാക്കളുടെ കടന്നുവരവാണ് 'ചാപ്പാ കുരിശ്'. ഈ ചിത്രത്തോടെ ഫഹദ്, പുതുതലമുറയിലെ സാമാന്യം ഭേദപ്പെട്ട അഭിനേതാക്കളില്‍ ഇടം പിടിക്കുന്നു. പരസ്യചിത്രങ്ങളിലും മ്യൂസിക്‌ വീഡിയോകളിലും ഛായാഗ്രാഹകനായിരുന്ന, ചില ചലച്ചിത്രങ്ങളില്‍ ഛായാഗ്രഹണ സഹായിയായിരുന്ന ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം (യൂട്യൂബ് പ്രേക്ഷകര്‍ക്ക്‌ ജോമോന്‍ ടി ജോണിനെ പരിചയമുണ്ടാകും, ഹരി എം മോഹനന്റെ എലോണ്‍ എന്ന മ്യൂസിക്‌ വീഡിയോയിലൂടെ). 'അവിയലി'ലെ റെക്സ്‌ വിജയനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് വലിയ മതിപ്പില്ലെങ്കിലും ചിത്രത്തിലെ പശ്ചാത്തല സംഗീതം മികവ് പുലര്‍ത്തിയിട്ടുണ്ട്, ആ മികവ് ചിത്രത്തിലുടനീളം തുടരുവാനായില്ല എന്നതാണ് പോരായ്മ ('കേരള കഫേ'യിലെ ബ്രിഡ്ജിന്റെ സംഗീതസംവിധായകനും റെക്സ്‌ വിജയനായിരുന്നു).

ചലച്ചിത്രത്തെ താല്‍പ്പര്യപൂര്‍വ്വം പിന്തുടരുന്നവര്‍ക്ക്‌ 'ചാപ്പാ കുരിശ്' ഭേദപ്പെട്ട ഒരു ചിത്രമായേക്കാം. പ്രമേയത്തില്‍ ആവര്‍ത്തനങ്ങളില്ല, വ്യത്യസ്തമായ, അതേ സമയം പുതിയ കാലത്തിന്റെ കാഴ്ചകളും അനുഭവങ്ങളും പങ്കുവെക്കുന്ന പ്രമേയം എന്നിവ അതിന് കാരണവുമായേക്കാം. കേട്ടുകേള്‍വികള്‍ ശരിയാണെങ്കില്‍ കണക്കിന്റെ കളിയില്‍ 'ചാപ്പാ കുരിശി'ന് വിജയമാകുവാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടതില്ല. പക്ഷേ, ഒരു ചിത്രത്തിന്റെ വിജയമെന്നത് കേവലം കണക്കിന്റെ കളി മാത്രമല്ലല്ലോ. നേരത്തെ സൂചിപ്പിച്ചതുപോലെ ശില്‍പ്പരൂപത്തില്‍ ചലച്ചിത്രത്തിന് എവിടെയോ കൈമോശം വന്ന അനുഭവമാകുന്ന കാഴ്ച അര്‍ജ്ജുനേയും അന്‍സാരിയേയും വെള്ളിത്തിരയിലെ ആട്ടക്കാര്‍ മാത്രമാക്കുന്നു. അനുഭവിപ്പിക്കാതെ ആടുന്നവരെ തേടി ആരും ഒരുപാട് നാള്‍ ഇരുട്ടിലേക്ക്‌ കയറി വരാറില്ല.

ആകെത്തുക:
കൈവിട്ട് പോയ ' ഹാന്‍ഡ് ഫോണ്‍ '