Jan 15, 2011

ട്രാഫിക്ക്: രേഖീയമല്ലാത്ത ജീവിത രേഖകള്‍

പണ്ടേ വേവിച്ചുവെച്ച കറി പുതിയ പാത്രത്തിലിട്ട് ചൂടാക്കി എടുക്കുക എന്നതാണ് കഴിഞ്ഞ കുറേ കാലമായി മലയാള ചലച്ചിത്ര മേഖലയിലെ നടപ്പ്‌ രീതി. 'നടപ്പ്‌ രീതി'ക്ക് പിഴച്ച് പോകാനുള്ള 'എളുപ്പ രീതി'യെന്നോ പണിയെടുക്കുവാന്‍ ബുദ്ധിമുട്ടാണെന്ന 'അലസ രീതി'യെന്നോ വിവക്ഷയാകാം. എന്തായാലും സംവിധായക സമ്രാട്ടുകളുടേയും, എഴുതി തഴമ്പിച്ച തമ്പുരാക്കന്മാരുടേയും, താരരാജാക്കന്മാരുടേയും ഇപ്പോഴത്തെ 'രീതി', ഇടക്ക്‌ വഴിതെറ്റി വന്ന ഒരു 'പ്രാഞ്ചിയെയോ' മറ്റോ മാറ്റി നിര്‍ത്തിയാല്‍ , മുകളില്‍ സൂചിപ്പിച്ചത്‌ തന്നെയാണ്. പ്രേക്ഷകന് വേണ്ടി പേരിനുപോലും ഒന്നും കരുതിവെക്കാത്ത വെറും കെട്ടുകാഴ്ചകള്‍ ‍! പ്രതിഭയുള്ള എഴുത്തുകാരും തലയില്‍ വാസമുള്ള സംവിധായകരുമില്ലാത്തതല്ല മലയാള നാട്ടിലെ കെടുതിക്ക് കാരണം. സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും നെഞ്ചത്ത് താരവും അവരുടെ സില്‍ബന്ധികളും നടത്തുന്ന ഓട്ടന്‍തുള്ളലും വീര്‍ത്ത മടിശ്ശീലയല്ലാതെ മറ്റൊന്നുമില്ലാത്ത, ഒന്നും അറിയാതെ, ഇവിടെയെത്തുന്ന ഈയാംപാറ്റകളായ നിര്‍മ്മാതാക്കളുമാണ്. ചലച്ചിത്രമെന്നാല്‍ ഒരു പണ്ടാര 'ഫോര്‍മുല'യാണെന്നും ആ ഫോര്‍മുലയില്ലാതെ ഒരു ചുക്കും ഈ നാട്ടില്‍ നടക്കില്ലെന്ന് കരുതുന്ന മലയാള ചലച്ചിത്ര മേഖലയിലെ പൊതുസമൂഹത്തിന് കിട്ടിയ കനത്ത ആഘാതമാണ് ഇക്കഴിഞ്ഞ ദിവസം തീയ്യറ്ററിലെത്തിയ, രാജേഷ്‌ പിള്ളയുടെ 'ട്രാഫിക്ക്'.


കഥയുടെ/ആശയത്തിന്‍റെ തെരഞ്ഞെടുപ്പ് മുതല്‍ കഥാകഥനത്തിലും അവതരണത്തിലും തലമുറകള്‍ക്ക് പുറകിലാണ് നമ്മുടെ മുഖ്യധാരാ ചലച്ചിത്ര മേഖല. കഥാകഥനത്തില്‍ കാലാകാലങ്ങളായി ഇവിടെ പിന്തുടര്‍ന്നു പോരുന്ന രീതികളെ പാടെ നിരാകരിക്കുകയാണ് 'ട്രാഫിക്ക്'. അല്ലെങ്കില്‍ ചലച്ചിത്രലോകത്ത്‌ പല ചിത്രങ്ങളിലായി പലരും പരിചയപ്പെടുത്തിയ multi-narrative സങ്കേതത്തെ വിദഗ്ധമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു, തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും‍.

Synopsis:

തീര്‍ത്തും ചെറിയ സമയപരിധിയിലെ സംഭവങ്ങളും, അതിന്‍റെ പരിണാമങ്ങളുമാണ് 'ട്രാഫിക്ക്‌'. ഒഴുകി നീങ്ങുന്ന ഫുട്പാത്തിലോ, തിരക്കുപിടിച്ച ആശുപത്രിയിലെ ഒരിടനാഴിയിലോ, തെളിയുന്ന പച്ചവെളിച്ചത്തിനായി കാത്തുകെട്ടി നില്‍ക്കുന്ന സിഗ്നല്‍ വഴിയിലോ നമ്മള്‍ എത്രപേരെയാണ് കണ്ടുമുട്ടുന്നത്. അത്തരത്തില്‍ യാദൃശ്ചികമായി കണ്ടുമുട്ടുന്നവരാണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെല്ലാം.

സെപ്തംബറിലെ 16. പ്രമുഖ ചാനലില്‍ ജോലി ചെയ്തു തുടങ്ങുന്നതേയുള്ളൂ റെയ്ഹാന്‍ ‍. അന്നേ ദിവസം രാവിലെ താരമായ സിദ്ധാര്‍ഥ് ശങ്കറിനെ റെയ്ഹാന്‍ അഭിമുഖം ചെയ്യുന്നുണ്ട്. സിദ്ധാര്‍ഥ് ശങ്കറിന്‍റെ പുതിയ ചിത്രം പുറത്തിറങ്ങുന്നതും ഇതേ ദിവസം തന്നെ. സിദ്ധാര്‍ഥ് ശങ്കറിന്‍റെ മകള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. വിവാഹവാര്‍ഷികത്തിന് തന്‍റെ സഹയാത്രികക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റ്‌ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. ഏബല്‍ ‍. സസ്പെന്‍ഷന്‍ കഴിഞ്ഞു ജോലിയില്‍ തിരിച്ചെത്തിയ കോണ്‍സ്റ്റബിള്‍ സുദേവന്‍റെ ആദ്യ ദിവസവുമാണിത്. എല്ലാവര്‍ക്കും ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസം. ട്രാഫിക്‌ സിഗ്നലിലെ ഒരു അപകടത്തെ തുടര്‍ന്നു അവിചാരിതമായി, ഈ അപരിചിതരുടെ ജീവിതങ്ങള്‍ പ്രാകൃതമായി ഇണ ചേരുവാന്‍ തുടങ്ങുന്നു.

അവിചാരിതമായ ഒരാളുടെ അനുഭവമോ ഒരു സംഭവമോ, അപരിചിതരായ മനുഷ്യരേയും ഭൂപ്രദേശങ്ങളെയും കൂട്ടിയിണക്കുന്ന multi-narration വിദേശ ഭാഷാചിത്രങ്ങളുമായി പരിചയമുള്ള പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും പുതിയതായിരിക്കില്ല. ഏതെങ്കിലും അപകടത്തെ തുടര്‍ന്നാണ് ഭൂരിഭാഗം multi-narrative ചിത്രങ്ങളിലേയും കഥാപാത്ര ബന്ധങ്ങള്‍ കൂടി കലരുവാന്‍ തുടങ്ങുന്നത്. അമൊരെസ് പെരോസ്‌, 21 ഗ്രാംസ്, ബാബേല്‍ , ക്രാഷ് തുടങ്ങി ഈ ശ്രേണിയിലെ പ്രഖ്യാതങ്ങളായ ചിത്രങ്ങളെയെല്ലാം ഓര്‍ക്കാവുന്നതാണ്. 'ട്രാഫിക്കി‌'ന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. സമൂഹത്തിന്റെ പല തട്ടുകളിലുള്ളവരെ എളുപ്പത്തില്‍ ഒരു മാലയില്‍ കോര്‍ത്തെടുക്കുവാന്‍ കഴിയും എന്നതിനേക്കാള്‍ ദുരന്തഭൂമി നല്‍കുന്ന നാടകീയതയുടെ അനന്ത സാധ്യതകളായിരിക്കണം ഭൂരിപക്ഷം വരുന്ന തിരക്കഥാകൃത്തുക്കളെയും ഇത്തരം കഥാകഥനത്തില്‍ കഥാപാത്രങ്ങളെ കരുണയില്ലാതെ അപായപ്പെടുത്തുവാന്‍ പ്രേരിപ്പിക്കുന്നത്.

അടിതൊട്ട് മുടിയോളം പകര്‍ത്തിവെച്ച് 'എന്റെ പുള്ള തന്നെ'യെന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ച് പറയുന്ന നാട്ടില്‍ ബോബി-സഞ്ജയിന്‍റെ തിരക്കഥ multi-narrative എന്ന സങ്കേതത്തെ മാത്രമേ കടം കൊള്ളുന്നുള്ളൂ. കണ്ടുപരിചിതമായ ഏതെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ ഇതില്‍ ആവര്‍ത്തിക്കപ്പെടുന്നില്ല. ചിത്രത്തിന്റെ മുഖ്യ കഥാതന്തു ഒരു യഥാര്‍ത്ഥ സംഭവത്തെ അവലംബിച്ച് രൂപപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു.

സമീപകാല മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവും മികച്ച തിരക്കഥയാണ് 'ട്രാഫിക്ക്', ചെത്തി മിനുക്കി 'വൃത്തിയാക്കി', അടുക്കും ചിട്ടയുമില്ലാതെ നന്നായി നിരത്തിവെച്ചിരിക്കുന്നു. മെലോഡ്രാമയുടെ കുത്തിപൊങ്ങിയ ഗ്രാഫുകളും (എന്റെ വീട് അപ്പൂന്റേം) ഡോക്യുമെന്‍റെഷന്‍ സ്വഭാവവും (നോട്ട്ബുക്ക്‌) ഉണ്ടായിരുന്നുവെങ്കിലും വേറിട്ട പ്രെമേയങ്ങള്‍ അവതരിപ്പിക്കുവാനുള്ള വ്യഗ്രത ബോബി-സഞ്ജയ്‌ ദ്വന്ദത്തിന്റെ മുന്‍ ചിത്രങ്ങളില്‍ തന്നെ പ്രകടമാണ്. ഒട്ടുംതന്നെ ശ്രദ്ധിക്കപ്പെടാതെപ്പോയ ആദ്യ ചിത്രത്തില്‍നിന്നും തിരക്കഥയുടെ മികവില്‍ വര്‍ഷങ്ങളുടെ‌ ശേഷം രാജേഷ്‌ പിള്ളയിലെ സംവിധായകന്‍ എത്തിനില്‍ക്കുന്ന ഉയരം, വര്‍ഷത്തിലൊന്ന് എന്ന കണക്കില്‍ തലയില്‍ തൊപ്പിവെക്കുന്ന നാട്ടിലെ വെറ്ററന്മാര്‍ കണ്ടുപഠിക്കേണ്ടതാണ്.

ചിത്രത്തിനകത്തും പുറത്തും വൃത്തിയായി ജോലി ചെയ്തിട്ടുണ്ട് ഭൂരിഭാഗം അണിയറ പ്രവര്‍ത്തകരും. സമീപകാല സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട് ചിത്രത്തിന്റെ പ്രചാരണ വിഭാഗങ്ങളുടെ രീതികളില്‍ . ഡും.. ഡും.. പീ.. പീ.. അല്ലാതെ ചിത്രത്തിന്‍റെ സ്വഭാവത്തിനെ, ഒഴുക്കിനെ സാമാന്യം നല്ല രീതിയില്‍ സഹായിക്കുന്ന പശ്ചാത്തല ശബ്ദ-സംഗീത സംവിധാനം, വെട്ടൊന്ന്-മുറി പത്ത് സ്കീമില്‍ മുറിക്കുന്ന ഡോണ്‍ മാക്സിനെ പോലുള്ളവര്‍ കണ്ട് പഠിക്കേണ്ട ചിത്രസംയോജനം (മഹേഷ് നാരായണൻ),‌ അഭിനേതാക്കളെ താരങ്ങളല്ലാതെ, കഥാപാത്രങ്ങളാക്കുന്ന ചമയ-വേഷവിധാനങ്ങള്‍ മുതലായവ എടുത്ത് പറയാതെ വയ്യ. മികച്ച സന്ദര്‍ഭങ്ങള്‍ ഒരുക്കിയാല്‍ അഭിനയിക്കാമെന്ന് ചിത്രത്തിലെ എല്ലാവരും ഏറെക്കുറെ ശരി വെക്കുന്നുണ്ട്.

നാട്ടിലെ വയസ്സന്‍ പടയുടെ ഊര്‍ജ്ജമില്ലാത്ത രക്തപ്രവാഹം തട്ടിയും മുട്ടിയും ഒഴുകുകയോ ഒഴുകാതിരിക്കുകയോ ചെയ്യട്ടെ. ചലച്ചിത്ര മേഖലയുടെ പ്രത്യക്ഷ ലാഭങ്ങളല്ലാതെ ചലച്ചിത്രത്തോടുള്ള അഭിനിവേശം കൈമുതലായ ഒരു പുതിയ തലമുറ നാട്ടില്‍ നല്ല തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് 'ട്രാഫിക്ക്‌'. ചിത്രത്തിലെ ചെറിയ കുറവുകളും അതിന്‍റെ രാഷ്ട്രീയവും ചരിത്രവും ഭൂമിശാസ്ത്രവും തിരഞ്ഞു ഇകഴ്ത്തുവാന്‍ ശ്രമിക്കുന്ന നിരൂപക സിംഹങ്ങളുടെ ശര്‍ദ്ദില്‍ നമുക്ക്‌ കണ്ടില്ലെന്ന് നടിക്കാം. പ്രിയ സുഹൃത്തേ, ഈ ചിത്രം നിങ്ങള്‍ തീയറ്ററില്‍ തന്നെ കാണണം. വിജയിപ്പിക്കുകയും ചെയ്യണം. ഇത് പോലുള്ള വേറിട്ട ശ്രമങ്ങളെ മാനിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടിലെ ചലച്ചിത്രാപചയത്തെ കുറിച്ച് മുതല കണ്ണീരൊഴുക്കുവാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല എന്നറിയുക.

വാല്‍ക്കഷണം: ചിത്രത്തില്‍ റെയ്ഹാന്‍ ജോലിക്കുള്ള അഭിമുഖത്തിനിടയില്‍ തന്‍റെ പ്രിയ ചിത്രമായി പറയുന്നത്, 'ക്ലാസ്സ്മേറ്റ്സ്'. ചലച്ചിത്രങ്ങള്‍ക്ക് മുന്നില്‍ അടയിരിക്കാത്ത, ഉള്‍പുടങ്ങളില്‍ നിന്നും അന്തര്‍ഭവിക്കുന്ന ചലച്ചിത്രഭാഷകള്‍ മനസ്സിലാകാത്ത, ചലച്ചിത്രങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമോ, ദളിത്‌ പീഡനമോ അതല്ല, വര്‍ഗ്ഗീയമോയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാദാ മലയാളിക്ക് 'ക്ലാസ്സ്മേറ്റ്സ്' ഒരു സംഭവം തന്നെയായിരുന്നു. മലയാള ചലച്ചിത്രത്തിന്റെ അപചയ സമകാലികത്തില്‍ 'ട്രാഫിക്കും' സംഭവം തന്നെ. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു ആത്മാര്‍ഥമായി നിങ്ങള്‍ക്ക്‌ തീയ്യറ്ററില്‍ കയ്യടിക്കാവുന്ന അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്ന് !!