Mar 26, 2010

In ഗോസ്റ്റ്‌ ഹൗസ്‌ Inn

തീയേറ്ററുകളില്‍ പോകുവാന്‍ കാര്യമായ സ്വാതന്ത്രമില്ലാതിരുന്ന എന്റെ സ്കൂള്‍ കാലഘട്ടത്തിലാണ്‌ 'ഇന്‍ ഹരിഹര്‍ നഗര്‍' പുറത്തിറങ്ങുന്നത്. ആ വലിയ ചിരി ഞാന്‍ കാണുന്നത് ഏറെന്നാള്‍ കഴിഞ്ഞും. പിന്നെ ഒറ്റയായും ഗഡുക്കളായും ആ ചിരി എത്രവട്ടം എന്നില്‍ ആവര്‍ത്തിക്കപ്പെട്ടുവെന്ന് എനിക്കൊട്ടും നിശ്ചയവുമില്ല. തീര്‍ച്ചയായും ഇത് എന്റെ മാത്രം അനുഭവമല്ല. ഹരിഹര്‍ നഗറിനോടും അവിടത്തെ നാല്‍വര്‍ സംഘത്തിനോടും മലയാളിക്കുള്ള ആ സ്നേഹമാണ്, കഴിഞ്ഞ വര്‍ഷം 'ടു ഹരിഹര്‍ നഗറി'നെ വാണിജ്യ വിജയമാക്കിയത്. പഴയ വിജയ ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ പൊതുവില്‍ വിപണിയില്‍ വിജയിക്കുവാനുള്ള എളുപ്പവഴികളാകുമ്പോള്‍ മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും തോമസ്സുകുട്ടിയും ലാല്‍ എഴുതി സംവിധാനം ചെയ്ത 'ഗോസ്റ്റ്‌ ഹൗസി'ലെത്തും...

Synopsis:

'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രം അവസാനിക്കുന്നത് ഓര്‍ക്കുന്നില്ലേ? മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും പണ്ട് അവര്‍ക്ക്‌ കിട്ടിയ വലിയ പണപ്പെട്ടി ജീവിതത്തില്‍ ഇനിയും രക്ഷപ്പെട്ടിട്ടില്ലാത്ത തോമസ്സുകുട്ടിക്ക് സമ്മാനമായി നല്‍കുന്നു.

തോമസ്സുകുട്ടി ആ പണം ഉപയോഗിച്ച് കോട്ടണ്‍ ഹില്ലില്‍ ഒരു വലിയ ബംഗ്ലാവ്‌ സ്വന്തമാക്കുകയാണ്, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു റിസോര്‍ട്ടാക്കി ബംഗ്ലാവിനെ മാറ്റുകയാണ് ലക്ഷ്യം. തെണ്ടിതിരിഞ്ഞു നടക്കുന്ന കുറേ പ്രേതങ്ങളുടെ ശല്യമുള്ളതുകൊണ്ട്‌ സ്ഥിരമായി ഒരു ഉടമസ്ഥന്‍ ഉണ്ടാകുവാനുള്ള ഭാഗ്യം ഈ ബംഗ്ലാവിനില്ല. ഇതാണ് ചിത്രത്തിന് ആദിമധ്യാന്തം പശ്ചാത്തലമാവുന്ന 'ഗോസ്റ്റ് ഹൗസ്‌'.

തോമസ്സുകുട്ടിയുടെ ക്ഷണമനുസരിച്ച്, ബംഗ്ലാവിന്‍റെ വശപ്പെശകിനെ കുറിച്ച് ഒരു നിശ്ചയവുമില്ലാതെ ഒരാഴ്ച താമസിക്കുവാനെത്തുകയാണ് മറ്റു മൂവരും.

മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും തോമസ്സുകുട്ടിയും ഉണ്ട് എന്നല്ലാതെ ഈ പുതിയ അധ്യായത്തിന് 'ഹരിഹര്‍ നഗറു'മായി ബന്ധമൊന്നുമില്ല. ഹരിഹര്‍നഗറില്‍ തല്ലുകൊള്ളുകയും രണ്ടാം ഭാഗത്തില്‍ പോലീസാവുകയും ചെയ്ത അപ്പാഹാജ ഇക്കുറി ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ആത്യന്തികമായി ഒരു അധോലക കഥയായിരുന്നു 'ഇന്‍ ഹരിഹര്‍ നഗര്‍'. പക്ഷേ, അത് പറഞ്ഞത്‌ നാല് ചെറുപ്പക്കാരിലൂടെയായിരുന്നു. അവരുടെ വിഡ്ഢിത്തരങ്ങളിലൂടെയായിരുന്നു. അവയെല്ലാം ഏച്ചുകെട്ടലുകളില്ലാതെ സത്യസന്ധമായിരുന്നു. മായമില്ലാത്ത ആ കഥാപാത്രങ്ങളായിരുന്നു ആ ചിത്രത്തിന്റെ ശക്തിയെങ്കില്‍ , തുടര്‍ ഭാഗങ്ങളില്‍ കഥാപാത്ര നിര്‍മ്മിതികളില്‍ കാര്യമായ പാളിച്ചയുണ്ടെന്ന്‍ പറയേണ്ടിവരും. അപ്പുക്കുട്ടന്‍ എന്ന ജഗദീഷ്‌ കഥാപാത്രത്തെ നോക്കുക. അപ്പുക്കുട്ടന്‍ പണ്ടും മണ്ടത്തരങ്ങള്‍ കാണിച്ചിരുന്നു. ഇന്ന്‍ അപ്പുക്കുട്ടന്‍ ഒരു ദന്തഡോക്ടറാണ്. പക്ഷേ, പുതിയ രണ്ടു ചിത്രങ്ങളിലും ഈ കഥാപാത്രത്തിന്‍റെ ചെയ്തികള്‍ കണ്ടാല്‍ യഥാര്‍ത്ഥ മണ്ടന്മാര്‍ പോലും മൂക്കത്ത്‌ വിരല്‍വെച്ച് പോകും. ഇത്രയും മണ്ടനായ ഒരാള്‍ ഡോക്ടറാവുക പോയിട്ട് പത്താം ക്ലാസ്സ് പരീക്ഷ ജയിക്കുക തന്നെ അസാധ്യം! വലിയ പരുക്കുകള്‍ ഇല്ലാത്ത നിര്‍മ്മിതി ഒരു പക്ഷേ ഗോവിന്ദന്‍കുട്ടിയെന്ന സിദ്ദിഖ്‌ കഥാപാത്രത്തിന്‍റെ മാത്രമാകും.

രൂപത്തിലും ഭാവത്തിലും നെടുമുടി വേണു ചിത്രത്തില്‍ നന്നായിട്ടുണ്ട്. ചില ചാനല്‍ പരിപാടികളിലെപ്പോലെ ജഗദീഷ്‌ ഈ ചിത്രത്തിലും 'ഓവറാ'കുന്നുണ്ട്. ചിത്രത്തിലെ അപ്രതീക്ഷിതമായ രൂപാന്തരവും, പ്രകടനവും രാധികയുടേതായിരിക്കും (ക്ലാസ്സ്‌മേറ്റ്സ്).

വഷളന്‍ തമാശകള്‍ പൊതുവില്‍ സിദ്ദിഖ്‌-ലാല്‍ ചിത്രങ്ങളില്‍ ഇല്ലായിരുന്നു. ഇക്കുറി ഈ ലാല്‍ ചിത്രത്തില്‍ ഇത്തരം തമാശകള്‍ക്ക്‌(??) മാത്രമായി ഹരിശ്രീ അശോകന്‍റെ ഒരു അനാവശ്യ ഡിപ്പാര്‍ട്ട്മെന്റ് തന്നെയുണ്ട്. 'വീക്ഷണ കോണകം' 'ആത്മ ഗതാഗതം' തുടങ്ങി നാറ്റമുള്ള ഇനങ്ങള്‍ വരെ പറയുകയും കാണിക്കുകയും ചെയ്യുന്ന ഒരു ഡിപ്പാര്‍ട്ട്മെന്റ്.

ലാലിലെ സംവിധായകന്‍ മിനുക്കിയെടുത്ത കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച മനോഹരമായ ആമുഖ ദൃശൃമുണ്ട്. സമാനമായ മികവ് ചിത്രത്തിലെ സ്വപ്നരംഗത്തിലുമുണ്ട്. ഛായാഗ്രാഹകനായ വേണുവിന്‍റെ മികവും ഈ ദൃശൃങ്ങളില്‍ പ്രകടമാണ്. എഴുത്തുകാരനായ ലാല്‍ , ചിത്രം ക്ലൈമാക്സിനു പാകമാകുമ്പോള്‍ 'ടു ഹരിഹര്‍ നഗറി'നെ വിജയിപ്പിച്ച അതേ ഫോര്‍മുല അവതരിപ്പിക്കുന്നുണ്ട്. ലോജിക്കുകള്‍ മാറ്റിനിര്‍ത്തി ചലച്ചിത്രത്തിന്റെ ഭൂരിപക്ഷ പ്രേക്ഷകന്‍ കയ്യടിക്കുന്ന ഫോര്‍മുല.

മലയാള ചലച്ചിത്രത്തിലെ ചിത്രസംയോജനം വ്യവസ്ഥാപിത രീതികളോട് കലഹിക്കുന്നത് ജയരാജിന്‍റെ 'ഫോര്‍ ദ പീപ്പിളി'ലാണ്. ആന്‍റണിയായിരുന്നു ചിത്രസംയോജകന്‍. 'മുല്ലവള്ളിയും തേന്മാവും' തുടങ്ങിയ ചിത്രങ്ങളിലെ ആന്‍റണിയുടെ ചിത്രസംയോജനം പരാമര്‍ശിക്കപ്പെടേണ്ടതുമാണ്. ആന്‍റണിയുടെ ചില രീതികള്‍ പിന്‍തുടര്‍ന്നാണ് 'ഡോണ്‍ മാക്സിയന്‍' യുഗം ആരംഭിക്കുന്നത്. എഡിറ്റിംഗ് സൊഫ്റ്റ്‌വെയറുകളില്‍ ഒരു പണിയുമില്ലാതെ കോട്ടുവാ ഇട്ടോണ്ടിരുന്ന ട്രാന്‍സിഷന്‍ FX തങ്ങളുടെ ജീവിത ലക്ഷ്യം തന്നെ തിരിച്ചറിഞ്ഞത് അതിന് ശേഷമാണ്. എന്തിന് പറയുന്നു, കണ്ണില്‍ പൊട്ടാറായി നില്‍ക്കുന്ന, ഞരമ്പ്‌ വല്ലതും ഉണ്ടേല്‍ പൊട്ടും, പണിയാകും എന്ന അവസ്ഥയിലാണ് ഓരോ ചിത്രവും നമ്മളിന്ന്‍ കണ്ടുതീര്‍ക്കുന്നത്. പറഞ്ഞു വന്നത് 'ഗോസ്റ്റ്‌ ഹൗസി'ലെ ചിത്രസംയോജനത്തെക്കുറിച്ചാണ്, പിന്നെ സാജനെയും കുറിച്ച്.

ചിത്രത്തിന്, ചിത്രത്തിലെ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമെങ്കില്‍ ഗാനരംഗങ്ങളാവാം. പക്ഷേ, ചാനലുകളിലെ ഹായ്‌-ഹൂയ്‌ പരിപാടികള്‍ക്ക്‌ വേണ്ടിമാത്രമായി ഉണ്ടാക്കുന്നതാണോ ഇവയൊക്കെ എന്ന് തോന്നും ഇപ്പോഴത്തെ ചില ഗാനരംഗങ്ങള്‍ കണ്ടാല്‍. 'ഗോസ്റ്റ്‌ ഹൗസി'ലെ സ്ഥിതിയും വ്യത്യസ്തമല്ല. ബിച്ചു തിരുമല-മുത്തു വിജയ്‌-അലക്സ്‌ പോള്‍ സംഘത്തിന്‍റെ ഗാനമേളക്ക് ആദ്യം നാല്‍വര്‍ , സംഘം ചേര്‍ന്ന്‍ 'സ്റ്റെപ്സ്' വെക്കുന്നുണ്ട്. പിന്നെ ലക്ഷ്മി റായ്‌ വന്ന്‍ സംഘംചേര്‍ന്ന്‌ 'സ്റ്റെപ്സ്' വെക്കുന്നുണ്ട്. അതിനുശേഷം നാല്‍വര്‍സംഘത്തിന്‍റെ ഭാര്യാസ്‌ വന്ന്‍ 'സ്റ്റെപ്സ്' വെക്കുന്നുണ്ട്. ഏതായാലും പഴയ പാട്ടെടുത്ത് ഇടിച്ചിടിച്ച് ഇഞ്ച പരുവമാക്കിയില്ല, ഭാഗ്യം.

ഈയിടെയായി ചോന്ന വരയില്ലാതെയും ടൈറ്റില്‍ കാണുവാന്‍ കഴിയുന്നുണ്ട്. ചിത്രത്തിലെ സുദീര്‍ഘമായ ടൈറ്റില്‍ ആനിമേഷന്‍ നന്നായി അനുഭവപ്പെട്ടു. എങ്കിലും ഇത്രയും സമയം വേണ്ടിയിരുന്നില്ല എന്ന്‍ തോന്നുന്നു.

തീയേറ്ററില്‍ അഴിഞ്ഞാടുക എന്നതാണ് കാഴ്ചയില്‍ പുതുതലമുറയുടെ സംസ്കാരം. നൃത്തം ചെയ്യും(?), ഫോണ്‍ വിളിക്കും, പുതിയ പുതിയ തമാശകള്‍ പറയും, തുപ്പി നിറക്കും ഇടക്ക്‌ ചിത്രവും കാണും. സ്കൂള്‍ തലം മുതലേ ചലച്ചിത്രം ഇപ്പോള്‍ ഒരു പഠനവിഷയമാണ് എന്നാണ് അറിയുന്നത്. എന്താണാവോ ഇവരെയൊക്കെ പഠിപ്പിക്കുന്നത്?

ടിക്കറ്റ്‌ എടുക്കുന്നതിന് SMS, Online തുടങ്ങി വിവിധങ്ങളായ സംവിധാനങ്ങളുണ്ടിന്ന്‍. ഇവിടെയും പത്രത്തിലും പിന്നെ തീയേറ്ററിന് മുന്‍പിലും പ്രദര്‍ശനസമയം രേഖപ്പെടുത്തിയാലും ആള്‍ക്കൂട്ടം കണ്ടാല്‍ 10-15 മിനിറ്റ് മുന്‍പേ പടം തുടങ്ങണം ഓപ്പറേറ്റര്‍ക്ക്. ഇതൊന്നും അറിയാതെ കൃത്യസമയത്ത്‌ തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകനോ അത്രയും നേരത്തെ ചിത്രം നഷ്ടം. ഇരുട്ടില്‍ തപ്പിതടഞ്ഞെത്തുന്ന പ്രേക്ഷകനോ മറ്റുള്ളവര്‍ക്ക് തലവേദനയും. എത്ര ശ്രമിച്ചാലും അഞ്ചില്‍ കൂടുതല്‍ വെടി പൊട്ടിക്കുവാന്‍ ബുദ്ധിമുട്ടാണ്, എന്നാ പിന്നെ സമയത്തിന്‌ പൊട്ടിച്ചാ പോരേ എന്‍റെ ഓപ്പറേറ്ററേ...

വാണിജ്യവിജയങ്ങള്‍ എളുപ്പത്തില്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന വഴിയാണ് പഴയ വിജയ ചിത്രങ്ങളുടെ തുടര്‍ച്ചകളെന്ന്‍ പണ്ടേ തെളിയിക്കപ്പെട്ടതാണെന്ന്‍ കരുതി ഇത് ഒരു ശീലമാക്കരുത്.... അണ്ണാ, ഒരു നാലാം ഭാഗം കൂടി ഉണ്ടാക്കി ഞങ്ങളെ വെറുപ്പിക്കരുത്.

ആകെത്തുക: കുറഞ്ഞപക്ഷം ഇതൊരു 'താന്തോന്നി'ത്തരമല്ല. നാല്‍വര്‍സംഘത്തോട് മലയാളിക്കുള്ള ഇഷ്ടം ഒരിക്കല്‍ക്കൂടി ഒരു വാണിജ്യവിജയമായേക്കും.

Mar 25, 2010

പാഞ്ച് (Paanch)

(ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ഒരു ചിത്രത്തെ പരിചയപ്പെടുത്തുകയാണ് ഇക്കുറി 'ചിത്രനിരീക്ഷണത്തില്‍ '. ഈ ചിത്രം പ്രായപൂർത്തിയായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.)

'പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുക'. ചലച്ചിത്രങ്ങള്‍ക്ക്, പ്രത്യേകിച്ചും കച്ചവട ലക്ഷ്യങ്ങള്‍ കൂടിയുള്ള ചലച്ചിത്രങ്ങള്‍ക്ക്, ഇന്ത്യയില്‍ ഒരുപക്ഷേ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. എഴുത്തുകാരനായും സംവിധായകനായും, നിരൂപക പ്രശംസയും സാമ്പത്തിക വിജയങ്ങളും, സമീപകാല ഹിന്ദി ചലച്ചിത്രവേദിയില്‍ ഒരുപോലെ കൈമുതലായ അനുരാഗ് കാശ്യപിന്‍റെ ആദ്യ സംവിധാന സംരംഭം, 2002-ല്‍ പൂര്‍ത്തിയാക്കിയ 'പാഞ്ച്', ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട അല്ലെങ്കില്‍ നിരോധിക്കപ്പെട്ട ചിത്രമാണ്.


രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ചിത്രത്തിനെ കുറിച്ച് ഞാന്‍ അറിയുന്നത്. സമകാലീന ഇന്ത്യന്‍ ചലച്ചിത്രത്തെ കുറിച്ചുള്ള ഒരു പ്രഭാഷണത്തില്‍ രഞ്ജിനി മജുംദാര്‍ , സത്യാ, കമ്പനി മുതലായ ചിത്രങ്ങള്‍ക്കൊപ്പം 'പാഞ്ച്' എന്നൊരു ചിത്രവും പരാമര്‍ശ്ശിക്കുകയുണ്ടായി. ചിത്രത്തിന്‍റെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മിസ്റ്ററി, ത്രില്ലര്‍ ഗണത്തിലുള്‍പ്പെടുന്ന ചിത്രങ്ങളോട് പൊതുവില്‍ ഒരു ആഭിമുഖ്യം ഉള്ളതുകൊണ്ട് ചിത്രത്തിനുവേണ്ടി അന്നു മുതലേ അന്വേഷണം തുടങ്ങുകയും ചെയ്തു. നിരോധിക്കപ്പെട്ട ഒരു ചിത്രം കണ്ടെത്താനുള്ള വഴികളൊന്നും മുന്നില്‍ തെളിഞ്ഞില്ല, ഇക്കഴിഞ്ഞ ഡിസംബര്‍ വരെ.

സംവിധായകന്‍ അനുരാഗ് കാശ്യപിന്‍റെ 'ദേവ് ഡി' ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ സമകാലീന ഇന്ത്യന്‍ ചലച്ചിത്ര വിഭാഗത്തിലുള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് കാശ്യപ് ചലച്ചിത്രോത്സവത്തില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു. ചലച്ചിത്ര അക്കാദമി ഒരുക്കിയ അനുരാഗ് കാശ്യപുമായുള്ള ഒരു മുഖാമുഖത്തിന് ശേഷം വീണുകിട്ടിയ ഒരു സന്ദര്‍ഭത്തിലാണ് 'പാഞ്ച്' ലഭിക്കുവാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നത്. 'PirateBay.com' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഉത്തരം. :)

പത്തോ പതിനഞ്ചോ ഫ്രെയിംസ് പെര്‍ സെക്കന്റിന്‍റെ ചടുലതയില്‍ ഇരുണ്ട, തിളച്ചു നില്‍ക്കുന്ന ഒരു നഗരവീഥിയില്‍ നിന്നാണ് ചിത്രമാരംഭിക്കുന്നത്. ഓടിയും ഞെട്ടി തിരിഞ്ഞും ഒളിച്ചും നോക്കുന്ന ക്യാമറാക്കണ്ണുകള്‍. കാണുവാനിരിക്കുന്ന ഇരുണ്ട ജീവിത മുഖങ്ങളുടെ, കാമനകളുടെ, അപ്രതീക്ഷിതമായ ജീവിത വ്യതിയാനങ്ങളുടെ പകര്‍പ്പുപോലെ...

Synopsis:

കഴിവും അനുഭവപരിചയവും ഉണ്ടായിട്ടും ശ്രദ്ധേയരാകാത്ത, സംഗീതത്തില്‍ ഒരു ഭാവി സ്വപ്നം കാണുന്ന, 'ഡ്രോപ്പ്-ഔട്ട്സ്‌' ലൂക്ക്, മുര്‍ഗി, ജോയ്‌, പോണ്ടി, ഷ്യൂളി എന്നീ അഞ്ച് പേരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രവചനാതീതമായി പ്രതികരിക്കുന്ന ലൂക്കിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും നിശാക്ലബ്ബുകളിലും തുച്ഛമായ തുകയ്ക്ക് ഈ സംഘം പാടുന്നു. ലഭിക്കുന്ന പണം ഭൂരിഭാഗവും ചിലവഴിക്കുന്നത് മദ്യത്തിനും ആത്മാവിനെ മയക്കുന്ന മരുന്നുകള്‍ക്കുമാണ്. ഈ 'പാഞ്ചിനും' അടുത്ത ബന്ധുക്കളോ പറയത്തക്ക സുഹൃത്തുക്കളോ ഇല്ല. നിഖില്‍ എന്ന ഒരേയൊരു സുഹൃത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു ഗാരേജില്‍ ഇവര്‍ ജീവിതവും പരിശീലനങ്ങളും തള്ളിനീക്കി.

പണം കണ്ടെത്തുവാനായി നിഖിലിന്റെ അനുമതിയോടെ, പണക്കാരനായ നിഖിലിന്റെ പിതാവിനെ, മകനെ തട്ടിക്കൊണ്ടുപോയി എന്ന്‍ ധരിപ്പിക്കുന്നു. മോചിപ്പിക്കുവാനായി ലഭിക്കുന്ന പണം, നിഖില്‍ അടക്കമുള്ളവര്‍ പങ്കുവെച്ചെടുക്കുന്നു എന്നാണ് ധാരണ.

അന്നേദിവസം രാത്രിയില്‍ ഒരു വഴക്കിനിടയില്‍ ലുക്ക്‌, നിഖിലിനെ സുഹൃത്തുക്കള്‍ മുന്നില്‍വെച്ച് ക്രൂരമായി കൊലപ്പെടുത്തുന്നു. പണത്തിനായുള്ള ആവശ്യവും സംഭവിച്ചുപോയ ഒരു കൊലപാതകം മൂടിവെയ്ക്കുവാനുള്ള വ്യഗ്രതയും ആ സുഹൃത്ത്‌ സംഘത്തിനെ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു...

അസാധാരണമായ ഒരു ആശയമൊന്നുമല്ല ചിത്രത്തിന്‍റെത്. ഭംഗിയായി എഴുതിയ ഒരു തിരക്കഥയില്‍ അഭിനേതാക്കളുടെ വളര്‍ച്ച. കഥയിലെ ചില അപ്രതീക്ഷിതമായ പരിണാമങ്ങള്‍. സന്ദര്‍ഭത്തിനനുസരിച്ച പശ്ചാത്തല സംഗീതത്തിന്‍റെ ഉപയോഗം. പ്രമേയത്തോടിണങ്ങുന്ന സംവിധാന മികവ്. ചുരുക്കത്തില്‍ പ്രേക്ഷകന്‍റെ ഹൃദയതാളം തെറ്റിക്കുന്ന ഒരു ചിത്രം.

1976-77 കാലഘട്ടത്തില്‍ കുപ്രസിദ്ധമായ ജോഷി-അഭയങ്കര്‍ കൊലപാതക പരമ്പരയാണ് ചിത്രത്തിന് ആധാരമായത്‌ എന്ന്‍ കരുതപ്പെടുന്നു. പൂനെയിലെ ഒരു കോളേജില്‍ ചിത്രകലാ വിദ്യാര്‍ത്ഥികളായിരുന്ന ഒരു സംഘം ഒന്‍പതോളം പേരെ കൊലപ്പെടുത്തിയതായിരുന്നു പ്രസ്തുത സംഭവം. സമൂഹത്തിലെ അനാരോഗ്യകരമായ ചില പ്രവണതകളെ വിനോദോപാധിയാക്കുന്നു എന്നതായിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.

കെ.കെ മേനോന്‍ ചിത്രത്തില്‍ അസാധാരണമായി ലുക്ക്‌ മോറിസണ്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആദിത്യ ശ്രീവാസ്തവ, തെജോസ്വിനി കോലാപുരി (പത്മിനി കോലാപുരിയുടെ സഹോദരി) ജോയ്‌ ഫെര്‍ണാണ്ടസ്, വിജയ്‌ മൌര്യ തുടങ്ങി എല്ലാവരും അഭിനയത്തികവ് പ്രകടിപ്പിക്കുന്ന ഈ ചിത്രം പുറത്തിറങ്ങിയിരുന്നു എങ്കില്‍ ഇവരുടെയെല്ലാം കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ മറ്റൊന്നാകുമായിരുന്നു.

അറിയപ്പെടുന്ന തിരക്കഥാകൃത്ത്‌ ആയിരുന്നെങ്കിലും സംവിധായകനായി അനുരാഗ് കാശ്യപ്, പരിണിത, ജബ് വീ മെറ്റ്, ലൌ ആജ് കല്‍ മുതലായ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത നടരാജ സുബ്രഹ്മണൃം, ജബ് വീ മെറ്റ്, ആമിര്‍, ദേവ് ഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ചിത്രസംയോജനം നിര്‍വ്വഹിച്ച ആരതി ബജാജ് തുടങ്ങി അണിയറയില്‍ ഒരു വലിയ നിരയുടെ ആദ്യ ചിത്രം കൂടിയായിരുന്നു, 'പാഞ്ച്'.

എഴുത്തുകാരനായ ( സത്യാ [സൗരഭ് ശുക്ലയുമായി ചേര്‍ന്ന്‍], ബ്ലാക്ക്‌ ഫ്രൈഡെ, കോന്‍, ദേവ് ഡി മുതലായ തിരക്കഥകള്‍ , യുവ, വാട്ടര്‍ മുതലായ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ ) അനുരാഗ് കാശ്യപിനെയായിരുന്നു മുന്‍പ്‌ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ സംവിധായകനായ അനുരാഗ് കാശ്യപിനെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുന്നത് 'പാഞ്ച്' എന്ന ഈ അനുഭവത്തോടെയാണ്.

വിശാല്‍ ഭരദ്വാജിന്റെതാണ് ചിത്രത്തിലെ സംഗീതം. സന്ദര്‍ഭത്തിനനുസരിച്ച് സംഗീതോപകരണങ്ങളുടെ സമര്‍ത്ഥമായ തെരെഞ്ഞെടുപ്പും ഉപയോഗവും മനോഹരമാക്കുന്ന പശ്ചാത്തല സംഗീതം സമീപ കാലത്തെ മികച്ച അനുഭവമാണ്.

പൊതുവില്‍ മികച്ച ഒരു അനുഭവമാണ് ചിത്രമെങ്കിലും, പ്രേക്ഷകന്‍ നെറ്റിചുളിക്കുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും ചിത്രത്തിലുണ്ട്. കവര്‍ച്ച ചെയ്യുവാന്‍ കയറിയ വീട്ടില്‍ ഭക്ഷണം കഴിച്ചും പാട്ടുകേട്ടും ഇരിക്കുന്ന 'പാഞ്ച്' അത്തരത്തില്‍ ഒന്നാണ്.

മുറിയിലെ ചുവന്ന ചുവരില്‍ വരച്ച ചെകുത്താന്റെ മുഖം തന്റെതാണ് എന്നായിരുന്നു ലുക്ക് പറഞ്ഞിരുന്നത്. പിന്നെ‌ ചുവരില്‍ കറുത്ത ചായത്തില്‍ എഴുതിവെച്ചു. "Vangogh, Michelangelo and Kafka were unrecognized geniuses in their lives, as I'm now. Recognize me..." വാക്കുകള്‍ അറം പറ്റുകയായിരിക്കണം. വ്യക്തിയുടെ കാര്യത്തിലല്ല ഒരു ചിത്രത്തിന്റെ കാര്യത്തില്‍. എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും സമരത്ഥമായി എഴുതപ്പെട്ട ഒരു തിരക്കഥയും വേറിട്ട വഴികള്‍ തിരയുന്ന ഒരു സംവിധായകന്റെ കന്നി സംരംഭവും തിരിച്ചറിയപ്പെടാതെ പോകുന്നു എങ്കില്‍ ഇത് മറ്റെന്താണ്?

അനുബന്ധം:
ഈ ചിത്രം മാന്യ വായനക്കാരന്‍ കാണാതെ ഈ പോസ്റ്റ്‌ പൂര്‍ണ്ണമാകുന്നില്ല. ചിത്രത്തിന്റെ ടോറന്‍റ് ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക്‌ ചെയ്യുക.