Sep 11, 2010

ദൈവവും പ്രാഞ്ചിയേട്ടനും പിന്നെ രഞ്ജിതും

തിരക്കഥാകൃത്തും സംവിധായകനും ചിലപ്പോള്‍ നടനുമായ രഞ്ജിത്തിനെ മലയാള ചലച്ചിത്രം എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? സരളവും സുന്ദരവുമായ ചില തിരക്കഥകളുടെ പേരിലോ (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ , പ്രാദേശിക വാര്‍ത്തകള്‍‍), അതോ ബ്രഹ്മാണ്ഡ വിജയങ്ങളായിരുന്ന ചില ചിത്രങ്ങളുടെ (ദേവാസുരം, ആറാം തമ്പുരാന്‍) രചയിതാവായോ, അതോ വലിയ ചലച്ചിത്രങ്ങളും (രാവണപ്രഭു) 'കൊച്ച്' വലിയ ചിത്രങ്ങളും ഒരുക്കുന്ന സംവിധായകനായോ (നന്ദനം, കയ്യൊപ്പ്‌, കേരള കഫേ), അതോ മലയാളത്തില്‍ വേറിട്ട വഴികള്‍ ഒരുക്കുന്ന 'കാപ്പിറ്റോള്‍' തിയ്യേറ്ററിന്റെ അമരക്കാരനായോ, എങ്ങിനെയാണ്? രഞ്ജിത് അമരക്കാരനായ 'കാപ്പിറ്റോള്‍' തിയ്യേറ്ററിന്റെ പുതിയ ചിത്രമാണ് 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്'. ചിത്രത്തിന്റെ രചനയും സംവിധാനവും രഞ്ജിത്തിന്റേത് തന്നെ.


ജൂണില്‍ കോഴിക്കോട് നടന്ന മാതൃഭൂമിയുടെ തിരക്കഥാ ക്യാമ്പില്‍വെച്ച്, രഞ്ജിത്തുതന്നെ പറഞ്ഞാണ് 'പ്രാഞ്ചിയേട്ടനെ' ഞാന്‍ പരിചയപ്പെടുന്നത്. മനോഹരമായ ചിത്രത്തിന്‍റെ പേര് ഏറെ ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പ്‌ വലിയ പരസ്യ ചിത്രങ്ങളില്‍ ആ പേര് അച്ചടിച്ച് കണ്ടപ്പോള്‍ വളരെയേറെ നിരാശ തോന്നി. ആ പേരിന്റെ കണ്ണേറ് കോലമായിരുന്നു ചിത്രത്തിന്റെ പരസ്യകല. ചലച്ചിത്രത്തിന്റെ പരസ്യകലയെ കുറിച്ച് മുന്‍പൊരിക്കല്‍ എഴുതിയത് ഒന്ന് പകര്‍ത്തി എഴുതട്ടെ:

"പഴയ കാല മലയാള ചിത്രങ്ങളില്‍ 'പരസ്യകല' എന്നായിരുന്നു എങ്കില്‍ ഇന്നത്‌ പോസ്‌റ്റര്‍ ഡിസൈന്‍ ആണ്‌. ശരിയാണ്‌, കല (മലയാള)ചലച്ചിത്ര പരസ്യങ്ങളില്‍ നിന്നും കുടിയൊഴിഞ്ഞിരിക്കുന്നു. ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെ, അനുഭവത്തിനെ, ഉള്ളടക്കത്തിനെ ആദ്യമായി പ്രേക്ഷകരിലേയ്‌ക്ക്‌ എത്തിക്കുന്നത്‌ ചിത്രത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനാണ്‌. വായിച്ച്‌ മനസ്സിലാക്കേണ്ട ഒരു മനസ്സ്‌ പല ചിത്രങ്ങള്‍ക്കും ഇല്ലാത്തത്‌ കൊണ്ടുതന്നെ പരസ്യചിത്രകാരന്‍ പലപ്പോഴും ഇന്ന് നിസ്സഹായനും ആണ്‌."

രണ്ട് വര്‍ഷം മുന്‍പ്‌ രജത്‌ കപൂര്‍ സംവിധാനം ചെയ്ത മികച്ച ഒരു ചിത്രമുണ്ട്, 'മിഥ്യ'. സങ്കീര്‍ണ്ണമായ ഒരു പ്രമേയം അവതരിപ്പിച്ച ആ ചിത്രം പക്ഷേ, പരസ്യചിത്ര ക(കൊ)ലാകാരന് ഒരു തമാശയായി തോന്നിയെന്നു വേണം കരുതാന്‍. ആ ചിത്രം പരസ്യങ്ങളില്‍ പരിപാലിക്കപ്പെട്ടത് അത്തരത്തിലായിരുന്നു. സമാനമാണ് 'പ്രാഞ്ചിയേട്ടന്‍റെ' കാര്യവും! തിരോന്തരം മലയാളവും കന്നഡ മലയാളവും 'ഭൂതത്തിന്റെ' കുട്ടി മലയാളവും കഴിഞ്ഞ് മമ്മുട്ടി, തൃശ്ശൂര്‍ മലയാളം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന മറ്റൊരു വഷളന്‍ സാധനം എന്നേ ആ പരസ്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക്‌ തോന്നുകയുള്ളൂ. പോരാത്തതിന് ചിത്രം ഇറങ്ങുന്നതിന് മുന്‍പേ പത്രപരസ്യങ്ങളില്‍ ഇതൊരു മഹാവിജയമാണെന്ന് പറയുന്നതും കേട്ടു. വിജയമോ, മഹാവിജയമോ എന്നത് നമുക്ക്‌ വഴിയേ അറിയാം. പക്ഷേ, നിങ്ങള്‍ തെറ്റിദ്ധരിച്ച പോലെ വഷളനല്ല, 'പ്രാഞ്ചിയേട്ടന്‍'.


Synopsis:

തൃശ്ശൂരാണ് പശ്ചാത്തലം. എന്നേയും മറ്റെല്ലാ തൃശ്ശൂര്‍ക്കാരേയും പോലെ, ചിറമേല്‍ ഈനാശു ഫ്രാന്‍സി‌സ് എന്ന തൃശ്ശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടനും സുന്ദരനായിരുന്നു, സുമുഖനായിരുന്നു, ദീന ദയാലുവായിരുന്നു.

തന്റെ ജീവിതത്തിലെ പ്രധാനമായൊരു തീരുമാനമെടുക്കും മുന്‍പ്‌, സാന്ധ്യ നേരത്ത്‌ പള്ളിയില്‍ പോയ പ്രാഞ്ചിയേട്ടന്‍ ഫ്രാന്‍സിസ് പുണ്യാളനുമായി സ്വപ്ന സമാനമായ ഒരു സംവാദം തുടങ്ങുന്നു. അങ്ങനെ ആ വേളയില്‍ മറ്റൊരു പണിയും ഇല്ലാതിരുന്ന പുണ്യാളന്‍, പ്രാഞ്ചിയേട്ടന്റെ കഥ കേള്‍ക്കുകയാണ്. സ്കൂള്‍ തലത്തിലേ ചാര്‍ത്തി കിട്ടിയ 'അരിപ്രാഞ്ചി' എന്ന ഇരട്ടപേര് സമൂഹത്തില്‍ സാമാന്യം വിലയുള്ള ഒരു ബിസിനസ്സുകാരനായിട്ടും ഗഡിയെ വിട്ടുപോയില്ല എന്നതാണ് അടിസ്ഥാന പ്രശ്നം.

കാലം മാറിയെന്നും ചൊള എറിഞ്ഞാല്‍ 'പത്മശ്രീ' വീടിന്റെ ഷോകേസില്‍ ഇരിക്കുമെന്നും വാസു മേനോന്‍ എന്ന മറ്റൊരു ഗഡിയില്‍ നിന്ന് ധരിച്ച് വശായ പ്രാഞ്ചിയേട്ടന്‍, 'അരിപ്രാഞ്ചി' എന്ന പേരിന് പകരം 'പത്മശ്രീ ഫ്രാന്‍സി‌സ്' എന്ന പുതിയ പേര് എന്ത് വില കൊടുത്തും വാങ്ങിക്കുവാന്‍ തന്നെ തീരുമാനിച്ചു.

'മമ്മുട്ടി ഫലിത'ങ്ങളോട് ഒരു അകലം പാലിക്കുകയാണ് പതിവ്. പക്ഷേ, 'പ്രാഞ്ചിയേട്ടന്‍' പൊതുവില്‍ കുറേ നാള്‍കൂടി നിലവാരമുള്ള ഒരു ചിരിയാണ് മലയാളത്തില്‍!

ഹാസ്യരസ പ്രധാനമായ രചനക്ക് രഞ്ജിത് തൂലിക ചലിപ്പിക്കുന്നത് ഏറെ നാളത്തെ ഇടവേളയിലാണ്. പുണ്യവാളന്‍ കഥകേട്ടിരിക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ പുതുമ. ചിത്രത്തിന്റെ എപ്പിസോഡിക്കല്‍ സ്വഭാവം (തെരഞ്ഞെടുപ്പ്‌-അവാര്‍ഡ്‌-പത്മശ്രീ-ട്യൂഷന്‍ ക്ലാസുകള്‍-പോളി) പോരായ്മയാണെങ്കിലും കഥ അവതരിപ്പിക്കുന്ന രീതിയിലെ പുതുമ ചിത്രത്തെ ഏറെ സഹായിക്കുന്നു. പതിവുപോലെ നിലവാരം പുലര്‍ത്തുന്ന വേണുവിന്റെ ഛായ.

മമ്മുട്ടിയുടെ 'പ്രാഞ്ചിയേട്ട‍'നെ കൂടാതെ ചെറുതും വലുതുമായ വേഷങ്ങളിലെത്തുന്ന ഇന്നസെന്റ്, ബിജു മേനോന്‍, ഇടവേള ബാബു, ടി.ജി രവി, മകന്‍ ശ്രീജിത്ത്‌ രവി, വി.കെ ശ്രീരാമന്‍ എന്നീ തൃശ്ശൂരുകാര്‍ക്കൊപ്പം ജെസ്സെ ഫോക്സ് അലന്‍ (ഫ്രാന്‍സിസ്‌ പുണ്യാളന്‍), മാസ്റ്റര്‍ ഗണപതി, ജഗതി ശ്രീകുമാര്‍, ശശി കലിംഗ, ടിനി ടോം, സിദ്ദിഖ്, ഖുശ്‌ബു, പിന്നെ വെറുതെ നായകനൊരു നായിക എന്ന ലൈനില്‍ പ്രിയാമണിയുമുണ്ട് ചിത്രത്തില്‍. പതിവ് പോലെ മമ്മുട്ടിക്ക് സുമുഖ-സുന്ദര രൂപം തന്നെ! ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളില്‍ മുഖ്യ കഥാപാത്രത്തിനുള്ള പോഴത്തം കഥാപാത്രത്തിന്റെ ചമയ-വേഷ രൂപകല്‍പ്പനകളില്‍ നഷ്ടപ്പെടുന്നതായി തോന്നി. ഇന്നസെന്റിന്റെ വാസുമേനോന്‍, പോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ഗണപതി, രൂപത്തിലെ വ്യത്യസ്തത വലിയൊരളവില്‍ അനുഗ്രഹമാകുന്ന ശശി കലിംഗ എന്നിവരാണ് പരാമര്‍ശിക്കപ്പെടേണ്ട ചിത്രത്തിലെ അഭിനേതാക്കള്‍.

കാറ് വരുന്നു, ഇറങ്ങുന്നു. അതും പോരാഞ്ഞ് 'അയാള്‍ (അവര്‍) വന്നു' എന്ന് സംഭാഷണം. കാറില്‍ കയറുന്നു, പോകുന്നു. ഒരു ബിസ്സിനസ്സുകാരന്റെ കഥ പറയുമ്പോള്‍ ഇങ്ങനെയെങ്കില്‍ ഒരു മന്ത്രിയുടെയോ എം.പിയുടെയോ കഥയാണെകില്‍ എന്തൂട്ടായിരിക്കും അവസ്ഥ? കാറിന്റെ വരവും പോക്കും എടുക്കാന്‍ മാത്രം എത്ര കാന്‍ വേണ്ടിവരും, എന്റെ ശിവനെ..!

മണിരത്നം 1995-ല്‍ കണ്ടുപിടിച്ച 'ശോന്ന' വര, ദാണ്ടെ, ചിത്രത്തിന്റെ തുടക്കത്തില്‍ ഇന്നും ഞാന്‍ കണ്ടു. വര തന്നെ വേണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇനിയെങ്കിലും‌ മഞ്ഞ, പച്ച, നീല എന്നീ മറ്റ് നിറങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്!

ഭംഗിയായി ഒരു ചിത്രം ഒരുക്കുന്നതുപോലെ തന്നെ പ്രധാനമാണ്, അത് ഭംഗിയായി വിപണനം ചെയ്യപ്പെടുന്നതും. നമ്മുടെ പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍പോലും വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വരുന്ന സാമ്പ്രദായിക രീതികള്‍ മാത്രമേ ഒരു ചിത്രം വിപണനം ചെയ്യാന്‍ സ്വീകരിക്കുന്നുള്ളൂ എന്നത് അത്യന്തം ഖേദകരമാണ്. ഗീര്‍വാണം എഴുതിയ പോസ്ററുകള്‍, തലകള്‍ നിരത്തിവെച്ച ഡിസൈനുകള്‍, ഒരു പഞ്ച്(?) ഡയലോഗ്-രണ്ട് കൂറ കോമഡി-നാല് വരി പാട്ട്-മൂന്ന് സ്റ്റെപ്പ് ഡാന്‍സ്‌ എന്നിവയിട്ട് വരട്ടിയെടുത്ത ട്രൈലെര്‍, ചാനലുകളിലെ അരമണിക്കൂര്‍ ഓശാന-വെഞ്ചിരിപ്പ് പരിപാടികള്‍‌, വെള്ളിയാഴ്ച മാത്രം വരുന്ന മൂലക്കുരു പത്രപരസ്യം, തീര്‍ന്നു. മൂന്ന്-നാല് കോടി രൂപ മുതല്‍ മുടക്കുള്ള ഒരു നിര്‍മ്മിതി വിപണനം ചെയ്യുന്ന രീതികളാണ് ഇതെന്നോര്‍ക്കണം! (പ്രാഞ്ചിയേട്ടന്റെ ട്രൈലെര്‍ ഭേദമായിരുന്നു എങ്കിലും, ബാക്കിയെല്ലാം തഥൈവ്വ!)

ചിത്രത്തിന്റെ പരസ്യവിഭാഗം കാണിച്ച അലംഭാവം സമീപകാലത്തെ താരതമ്യേന മികച്ച ഒരു ശ്രമത്തെ, എന്നെപ്പോലുള്ളവര്‍ക്ക് ആദ്യദിവസങ്ങളില്‍ ടിക്കറ്റ്‌ എടുക്കുവാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്നത് സങ്കടകരമാണ്. പ്രാഞ്ചിയേട്ടനും ദൈവവും ഒരു പാട് നാള്‍ തിയ്യേറ്ററില്‍ കഥ പറഞ്ഞിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ തൃശ്ശൂരിലെ അഷ്ടമിച്ചിറയില്‍ നിന്നും ഷാജി.. :)

ആകെത്തുക:
ടാ ഗഡി, വല്യ അലമ്പ് ഇല്യാട്ടാ... പ്രാഞ്ചി അലക്കനണ്!

ഓഫ് ടോപ്പിക്ക്: നമ്മുടെ മുന്‍നിര നടന്മാര്‍ പുര നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇനിയെങ്കിലും ഭാര്യയും പിള്ളേരും അവരുടെ മക്കളും ഒക്കെയായി ഒരു കുടുംബമാകാം. ഒരു കുടുംബമെന്നത് അവരുടേയും സ്വപ്നങ്ങളില്‍ ഉണ്ടാകില്ലേ? :)

Sep 10, 2010

ശിക്കാര്‍

"ഞാനൊരു technical director അല്ല. ഞാന്‍ കഥ പറയുന്നൊരു കഥപറച്ചിലുകാരനാ, പപ്പേട്ടന്‍ പറഞ്ഞപോലെ. നമ്മുടെ സ്ക്രീനിലൊരു കഥ പറയാനറിയാം. പക്ഷേ, technology-കൊണ്ട് എനിക്കതിനെ lift ചെയ്യാനൊന്നും പറ്റത്തില്ല." - വേണു നാഗവള്ളി

സംവിധായകനായി 'ലാല്‍സലാം', 'സര്‍വ്വകലാശാല', 'ഏയ്‌ ഓട്ടോ' തുടങ്ങിയ ചിത്രങ്ങളും, എഴുത്തുകാരനായി 'കിലുക്ക'വും 'അര്‍ത്ഥ'വും, നടനായി പ്രണയാലസ്യത്തിന്റെ ശരീരഭാഷയും മലയാളത്തിന് നല്‍കിയ വേണു നാഗവള്ളി ഇന്നലെ ഓര്‍മ്മയായി. ലാല്‍ എന്ന നടന്റെ ജനപ്രിയതയുടെ ഗ്രാഫില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണു നാഗവള്ളിയെന്ന ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്. അങ്ങ് തിരുവനന്തപുരത്ത്‌ ആ സൗമ്യമായ പുഞ്ചിരി യാത്രയാകുമ്പോള്‍ ലാലിന്റെ ആരാധകരുടെ പുതുതലമുറ കയ്യടിച്ചും നൃത്തം ചെയ്തും കൂക്കിവിളിച്ചും ആഘോഷിക്കുകയായിരുന്നു, ഒരു പുതിയ ചിത്രത്തിന്റെ തിയ്യേറ്റര്‍ യാത്ര. പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ക്ക്‌ ഒരു ദിവസം, ഒരേയൊരു ദിവസമെങ്കിലും ഒന്നടങ്ങി ഇരിക്കാമായിരുന്നില്ലേ, ആ പ്രിയ സഖാവിനെ ഓര്‍ത്തെങ്കിലും? ലാല്‍സലാം സഖാവേ, ലാല്‍സലാം!

ഒരു ചലച്ചിത്രത്തിന് ആദിമധ്യാന്തമുള്ള ഒരു കഥ നിര്‍ബന്ധമല്ല, മറിച്ച് ഒരു ആശയമായാലും മതിയെന്ന് ഉദ്ഘോഷിക്കുന്ന ഒരു ലേഖനം ഉദ്ദേശം രണ്ട് വര്‍ഷം മുന്‍പ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചതായി ഓര്‍ക്കുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് താല്‍പ്പര്യം തോന്നുകയും എന്നാല്‍ ഒരൊറ്റ ചിത്രത്തോടെ തന്നെ എന്റെ 'ഹിറ്റ്‌ ലിസ്റ്റി'ല്‍ ഇടം പിടിക്കുകയും ചെയ്ത ഒരു 'ഗഡി'യായിരുന്നു ലേഖകന്‍. ആശയമോ കഥയോ കവിതയോ മിനിക്കഥയോ ഉപന്യാസമോ നോവലോ എന്ത് പണ്ടാരം വേണമെങ്കിലും ചലച്ചിത്രമായി മാറ്റിയെടുത്ത്‌ കൊള്ളൂ. പക്ഷേ, ആ സാധനത്തിന് ചുരുങ്ങിയ പക്ഷം 'വാച്ചബിലിറ്റി'യെങ്കിലും വേണ്ടതല്ലേ. ആ 'ധത്' ആയിരുന്നു കുറേ നാളായി മലയാള നാട്ടില്‍ അന്യം നിന്ന് പോയത്‌. പഴയ മുന്തിരിച്ചാറിന്റെ ചവര്‍പ്പേറെയുണ്ടെങ്കിലും, അന്യം നിന്നുപോയ 'ധത്' തിരിച്ച് കിട്ടിയൊരു മൊതലിനെ ഇന്നലെ കാണുവാനിടയായി എം. പത്മകുമാറിന്റെ പുതിയ ചിത്രം 'ശിക്കാര്‍ '.


വിരലിലെണ്ണാവുന്ന ചിത്രങ്ങളേ പത്മന്‍ ഇതുവരെ എടുത്തിട്ടുള്ളൂ. അതില്‍ തന്നെ 'കിളിക്കൂടും', കൂട്ടിലെ 'പരുന്തു'മൊന്നും കണ്ടില്ല, അല്ലെങ്കില്‍ കാണാന്‍ തരപ്പെട്ടില്ല. പക്ഷേ, സംവിധായകന്റെ കയ്യൊപ്പുണ്ടായിരുന്ന ചിത്രങ്ങളായിരുന്നു, 'വര്‍ഗ്ഗ'വും 'വാസ്തവ'വും. പക്ഷേ, പ്രശംസക്കും താമ്രപത്രത്തിനുമപ്പുറം അവയൊന്നും തിയ്യേറ്റര്‍ ജനത്തിന് സ്വീകാര്യമായിരുന്നില്ല. 'ശിക്കാറി'ന്റെ തിരക്കഥാകൃത്ത് എസ്. സുരേഷ്‌ബാബുവിനെ തൊണ്ണൂറുകളുടെ അവസാനത്തില്‍ , അന്ന് മലയാളത്തില്‍ പ്രമുഖമായിരുന്നൊരു ചലച്ചിത്ര വാരികയിലെ കോളമിസ്റ്റായി ശ്രദ്ധിച്ചിരുന്നു. പക്ഷേ, ബാബുവിന്റെ ചലച്ചിത്ര എഴുത്തുകുത്തുകള്‍ പോലെ ശോഭനീയമായിരുന്നില്ല, തിരക്കഥാകൃത്തായുള്ള സ്ഥാനകയറ്റം. മലയാളി ഓര്‍ക്കാന്‍കൂടി ഇഷ്ടപ്പെടാത്ത ചില ചലച്ചിത്ര'താണ്ഡവ'ങ്ങള്‍ക്ക് പുറകില്‍ ഈ ദേഹമായിരുന്നു. കാര്യങ്ങള്‍ ഈവിധമെങ്കിലും, 'പാസ്റ്റ് ഈസ് പാസ്റ്റ്' എന്നാണല്ലോ?

Synopsis:

ചിറ്റാഴയിലെ ഈറ്റക്കാടുകളില്‍ പണിയെടുക്കുന്ന ലോറി ഡ്രൈവറായ ബലരാമനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ബലരാമന്റെ ലോറിയാണ് 'ശിക്കാര്‍ '. ബലരാമന് ഒരു വളര്‍ത്തുപുത്രിയുണ്ട് ഗംഗ. ബലരാമന്റെ കുഴപ്പം കൊണ്ടാണോ, ഭാര്യ കാവേരിയുടെ കുഴപ്പം കൊണ്ടാണോ ഒരു തങ്കകുടം ആ വീട്ടിലുണ്ടാവാതെ പോയത്‌, എന്നതിനുള്ള സൂചനകളൊന്നും ചിത്രത്തിലില്ല. പക്ഷേ, മറ്റ് ചില സൂചനകള്‍ ഇവിടെപ്പോയി നോക്കിയാല്‍ കാണാം.

കമിംഗ് ബാക്ക് ടു ശിക്കാര്‍ , ഈറ്റ മുറിയുന്ന കാലത്താണ് ചിറ്റാഴ ശരിക്കും ഉണരുന്നത്. ചിറ്റാഴയിലെത്തിയ കാലം മുതല്‍ അവിടുത്തെ കൂലിതര്‍ക്കങ്ങളിലും മറ്റും ഇടപെട്ടിരുന്നതുകൊണ്ട് ബലരാമന്‍ പൊതുവില്‍ ചിറ്റാഴക്കാര്‍ക്കിടയില്‍ പൊതുസമ്മതനായിരുന്നു. പക്ഷേ, താന്‍ ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലത്തിന്റെ കരിനിഴലുകള്‍ ഈറ്റകാടുകളില്‍ മര്‍മ്മരമുതിര്‍ക്കുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.

മുള്ളന്‍കൊല്ലിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് 'ശിക്കാറി'ലെ ചിറ്റാഴ. പഴയ കാല തമിഴ്‌ ചിത്രങ്ങളിലേത് പോലെ ജഗതി ശ്രീകുമാര്‍-സുരാജ് നയിക്കുന്ന, ചിത്രത്തിന് ആവശ്യമേ ഇല്ലാത്ത വളിപ്പുകളുടെ ഒരു വഴിയുമുണ്ട് ചിറ്റാഴയില്‍ . ചിത്രത്തിന്റെ തുടക്കത്തില്‍ നായക കഥാപാത്രത്തിന്റെ കായിക ബലം നാല് പേരെ അറിയിക്കുവാന്‍, തല്ലിന്‌ സര്‍വ്വ സമ്മതരായി, മസിലിന് വീര്‍മ്മതയുള്ള ആണ്‍പിള്ളേര്‍ കുറച്ച് പേര്‍ ചിറ്റാഴയില്‍ വന്നു പോകുന്നുണ്ട്. സംഘട്ടനം-ത്യാഗരാജന്‍ എന്ന് കേള്‍ക്കുമ്പോഴേ ഊഹിക്കാമല്ലോ സംഗതി ഡിഷും ഡിഷും തന്നെയെന്ന്. അടി, തട, ഇടി, ഇവയൊക്കെ പോലെ ജനപ്രിയ ചിത്രങ്ങളുടെ ചേരുവകളില്‍ ഒന്നാണ് ഗാനങ്ങളും നൃത്തനൃത്യങ്ങളുമെന്ന് കരുതി പുട്ടിന് പീരയിടുന്ന പരിപാടി ഇനിയെങ്കിലും നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.

നീണ്ടകാലം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവ പരിചയത്തിന്റെ പിന്‍ബലം തീര്‍ച്ചയായും പത്മകുമാറിന്റെ സംവിധാനത്തിനുണ്ട്. ആ പരിചയമാണ് മനോജ്‌ പിള്ളയുടെ ഛായാഗ്രാഹക മികവിനൊപ്പം 'ശിക്കാറി'നെ, മുകളില്‍ നിരത്തിയിട്ട ബലഹീനതകള്‍ ഏറെയുണ്ടായിട്ടും രക്ഷപ്പെടുത്തുന്നത്. അല്ലെങ്കില്‍ കണ്ണില്‍ കുത്തി നോവിക്കുന്ന സമകാലീന മലയാള ചിത്രങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാത്തത്. പ്രേക്ഷകന് ചിരപരിചിതമല്ലാത്ത ഒരു പശ്ചാത്തലമുണ്ടെങ്കിലും ചിത്രത്തിന്റെ കഥാകഥനം പ്രേക്ഷകനെ കസേരയില്‍ കെട്ടിയിടുവാന്‍ പോന്നതല്ല. പക്ഷേ, ഉണര്‍ന്ന് പണിയെടുത്തിട്ടുള്ള ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കഥപറച്ചിലുകാരന്റെ പോരായ്മകളെ മറികടക്കുന്നുണ്ട്.

നായക കഥാപാത്രത്തിന്റെ വിവരണത്തിലധിഷ്ഠിതമായി, മനോഹരമായി അവതരിപ്പിക്കപ്പെട്ട ഒരു ഫ്ലാഷ് ബാക്കാണ് ചിത്രത്തിന്റെ മൂല ജീവന്‍. പ്രസ്തുത ഭാഗങ്ങളില്‍ ആന്ധ്രയിലെ നക്സല്‍ നേതാവായി മലയാളത്തില്‍ ഇതാദ്യമായി രംഗപ്രവേശം ചെയ്ത തമിഴ്‌നാട്ടുക്കാരന്‍ സമുദ്രക്കനിയാണ് ('നാടോടികളു'ടെ സംവിധായകന്‍) കളിയിലെ 'മാന്‍ ഓഫ് ദി മാച്ച്'. 'ഭ്രമര'ത്തിന് ശേഷം മോഹന്‍ലാലിന് ചില്ലറ പണിയെടുക്കാന്‍ അവസരം കിട്ടുന്നത് ഇപ്പോഴാണ്. പണിയെടുത്തിട്ടുമുണ്ട്. ശരീരഭാഷയിലും രൂപഭാവങ്ങളിലും പുലര്‍ത്തുന്ന മികവ് കനിയുടെ കഥാപാത്രത്തിനെ മുന്തിയയിനം നക്സലാക്കുന്നു.

സമീപകാലത്ത്‌ മലയാള ചലച്ചിത്രത്തിനുണ്ടായ എണ്ണമറ്റ നഷ്ടങ്ങളില്‍ ഒന്നായിരുന്നു ജീവിതംവെച്ച് പോയ ശ്രീനാഥ്. ആ മരണത്തെ തുടര്‍ന്നാണ് 'ശിക്കാര്‍ ' എന്ന ചിത്രത്തെ സാമാന്യ ജനം ശ്രദ്ധിക്കുന്നത്. എല്ലാവരും എല്ലാം മറന്നിരിക്കുന്നു, ആ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍പ്പോലും. അന്ന് പറഞ്ഞുകേട്ട കഥകള്‍ എന്തുമാകട്ടെ, അവയെല്ലാം സത്യമോ അസത്യമോ ആകട്ടെ, ആ പേരിനെ ഒന്നോര്‍ക്കാമായിരുന്നു എവിടെയെങ്കിലും.

മലദൈവങ്ങള്‍ക്ക് പൂജ ചെയ്താണ് ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. പ്രേക്ഷകര്‍ ചിറ്റാഴയിലേക്ക്‌ പോകുന്നതിന് തലേന്നാള്‍ കദളിപ്പഴംകൊണ്ടും വെണ്ണകൊണ്ടും മോഹന്‍ലാല്‍ ഗുരുവായൂരില്‍ തുലാഭാരം നടത്തി. ഈ റമസാന്‍ കാലത്ത്‌, ചിത്രത്തിന് മലദൈവങ്ങള്‍ തുണ. ചിത്രത്തിന് ഗുരുവായൂരപ്പന്‍റെ കൃപ. ഇനി ബാക്കിയുള്ളത് പ്രേക്ഷകരുടെ ചിരിയാണ്. പത്മകുമാറും സംഘവും കൊടുംകാട്ടിലൊഴുക്കിയ വിയര്‍പ്പ് ആ ചിരി അര്‍ഹിക്കുന്നുണ്ട്.

ആകെത്തുക: പൊതുവില്‍ ചലച്ചിത്രങ്ങള്‍ മൂന്ന് തരമാണല്ലോ.. :) ഓണക്കാല കാഴ്ചകള്‍ പോലെ കണ്ണില്‍ കുത്തില്ല. കാണാന്‍ കൊള്ളാവുന്ന ചലച്ചിത്രം.