Sep 11, 2010

ദൈവവും പ്രാഞ്ചിയേട്ടനും പിന്നെ രഞ്ജിതും

തിരക്കഥാകൃത്തും സംവിധായകനും ചിലപ്പോള്‍ നടനുമായ രഞ്ജിത്തിനെ മലയാള ചലച്ചിത്രം എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? സരളവും സുന്ദരവുമായ ചില തിരക്കഥകളുടെ പേരിലോ (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ , പ്രാദേശിക വാര്‍ത്തകള്‍‍), അതോ ബ്രഹ്മാണ്ഡ വിജയങ്ങളായിരുന്ന ചില ചിത്രങ്ങളുടെ (ദേവാസുരം, ആറാം തമ്പുരാന്‍) രചയിതാവായോ, അതോ വലിയ ചലച്ചിത്രങ്ങളും (രാവണപ്രഭു) 'കൊച്ച്' വലിയ ചിത്രങ്ങളും ഒരുക്കുന്ന സംവിധായകനായോ (നന്ദനം, കയ്യൊപ്പ്‌, കേരള കഫേ), അതോ മലയാളത്തില്‍ വേറിട്ട വഴികള്‍ ഒരുക്കുന്ന 'കാപ്പിറ്റോള്‍' തിയ്യേറ്ററിന്റെ അമരക്കാരനായോ, എങ്ങിനെയാണ്? രഞ്ജിത് അമരക്കാരനായ 'കാപ്പിറ്റോള്‍' തിയ്യേറ്ററിന്റെ പുതിയ ചിത്രമാണ് 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്'. ചിത്രത്തിന്റെ രചനയും സംവിധാനവും രഞ്ജിത്തിന്റേത് തന്നെ.


ജൂണില്‍ കോഴിക്കോട് നടന്ന മാതൃഭൂമിയുടെ തിരക്കഥാ ക്യാമ്പില്‍വെച്ച്, രഞ്ജിത്തുതന്നെ പറഞ്ഞാണ് 'പ്രാഞ്ചിയേട്ടനെ' ഞാന്‍ പരിചയപ്പെടുന്നത്. മനോഹരമായ ചിത്രത്തിന്‍റെ പേര് ഏറെ ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പ്‌ വലിയ പരസ്യ ചിത്രങ്ങളില്‍ ആ പേര് അച്ചടിച്ച് കണ്ടപ്പോള്‍ വളരെയേറെ നിരാശ തോന്നി. ആ പേരിന്റെ കണ്ണേറ് കോലമായിരുന്നു ചിത്രത്തിന്റെ പരസ്യകല. ചലച്ചിത്രത്തിന്റെ പരസ്യകലയെ കുറിച്ച് മുന്‍പൊരിക്കല്‍ എഴുതിയത് ഒന്ന് പകര്‍ത്തി എഴുതട്ടെ:

"പഴയ കാല മലയാള ചിത്രങ്ങളില്‍ 'പരസ്യകല' എന്നായിരുന്നു എങ്കില്‍ ഇന്നത്‌ പോസ്‌റ്റര്‍ ഡിസൈന്‍ ആണ്‌. ശരിയാണ്‌, കല (മലയാള)ചലച്ചിത്ര പരസ്യങ്ങളില്‍ നിന്നും കുടിയൊഴിഞ്ഞിരിക്കുന്നു. ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെ, അനുഭവത്തിനെ, ഉള്ളടക്കത്തിനെ ആദ്യമായി പ്രേക്ഷകരിലേയ്‌ക്ക്‌ എത്തിക്കുന്നത്‌ ചിത്രത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനാണ്‌. വായിച്ച്‌ മനസ്സിലാക്കേണ്ട ഒരു മനസ്സ്‌ പല ചിത്രങ്ങള്‍ക്കും ഇല്ലാത്തത്‌ കൊണ്ടുതന്നെ പരസ്യചിത്രകാരന്‍ പലപ്പോഴും ഇന്ന് നിസ്സഹായനും ആണ്‌."

രണ്ട് വര്‍ഷം മുന്‍പ്‌ രജത്‌ കപൂര്‍ സംവിധാനം ചെയ്ത മികച്ച ഒരു ചിത്രമുണ്ട്, 'മിഥ്യ'. സങ്കീര്‍ണ്ണമായ ഒരു പ്രമേയം അവതരിപ്പിച്ച ആ ചിത്രം പക്ഷേ, പരസ്യചിത്ര ക(കൊ)ലാകാരന് ഒരു തമാശയായി തോന്നിയെന്നു വേണം കരുതാന്‍. ആ ചിത്രം പരസ്യങ്ങളില്‍ പരിപാലിക്കപ്പെട്ടത് അത്തരത്തിലായിരുന്നു. സമാനമാണ് 'പ്രാഞ്ചിയേട്ടന്‍റെ' കാര്യവും! തിരോന്തരം മലയാളവും കന്നഡ മലയാളവും 'ഭൂതത്തിന്റെ' കുട്ടി മലയാളവും കഴിഞ്ഞ് മമ്മുട്ടി, തൃശ്ശൂര്‍ മലയാളം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന മറ്റൊരു വഷളന്‍ സാധനം എന്നേ ആ പരസ്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക്‌ തോന്നുകയുള്ളൂ. പോരാത്തതിന് ചിത്രം ഇറങ്ങുന്നതിന് മുന്‍പേ പത്രപരസ്യങ്ങളില്‍ ഇതൊരു മഹാവിജയമാണെന്ന് പറയുന്നതും കേട്ടു. വിജയമോ, മഹാവിജയമോ എന്നത് നമുക്ക്‌ വഴിയേ അറിയാം. പക്ഷേ, നിങ്ങള്‍ തെറ്റിദ്ധരിച്ച പോലെ വഷളനല്ല, 'പ്രാഞ്ചിയേട്ടന്‍'.


Synopsis:

തൃശ്ശൂരാണ് പശ്ചാത്തലം. എന്നേയും മറ്റെല്ലാ തൃശ്ശൂര്‍ക്കാരേയും പോലെ, ചിറമേല്‍ ഈനാശു ഫ്രാന്‍സി‌സ് എന്ന തൃശ്ശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടനും സുന്ദരനായിരുന്നു, സുമുഖനായിരുന്നു, ദീന ദയാലുവായിരുന്നു.

തന്റെ ജീവിതത്തിലെ പ്രധാനമായൊരു തീരുമാനമെടുക്കും മുന്‍പ്‌, സാന്ധ്യ നേരത്ത്‌ പള്ളിയില്‍ പോയ പ്രാഞ്ചിയേട്ടന്‍ ഫ്രാന്‍സിസ് പുണ്യാളനുമായി സ്വപ്ന സമാനമായ ഒരു സംവാദം തുടങ്ങുന്നു. അങ്ങനെ ആ വേളയില്‍ മറ്റൊരു പണിയും ഇല്ലാതിരുന്ന പുണ്യാളന്‍, പ്രാഞ്ചിയേട്ടന്റെ കഥ കേള്‍ക്കുകയാണ്. സ്കൂള്‍ തലത്തിലേ ചാര്‍ത്തി കിട്ടിയ 'അരിപ്രാഞ്ചി' എന്ന ഇരട്ടപേര് സമൂഹത്തില്‍ സാമാന്യം വിലയുള്ള ഒരു ബിസിനസ്സുകാരനായിട്ടും ഗഡിയെ വിട്ടുപോയില്ല എന്നതാണ് അടിസ്ഥാന പ്രശ്നം.

കാലം മാറിയെന്നും ചൊള എറിഞ്ഞാല്‍ 'പത്മശ്രീ' വീടിന്റെ ഷോകേസില്‍ ഇരിക്കുമെന്നും വാസു മേനോന്‍ എന്ന മറ്റൊരു ഗഡിയില്‍ നിന്ന് ധരിച്ച് വശായ പ്രാഞ്ചിയേട്ടന്‍, 'അരിപ്രാഞ്ചി' എന്ന പേരിന് പകരം 'പത്മശ്രീ ഫ്രാന്‍സി‌സ്' എന്ന പുതിയ പേര് എന്ത് വില കൊടുത്തും വാങ്ങിക്കുവാന്‍ തന്നെ തീരുമാനിച്ചു.

'മമ്മുട്ടി ഫലിത'ങ്ങളോട് ഒരു അകലം പാലിക്കുകയാണ് പതിവ്. പക്ഷേ, 'പ്രാഞ്ചിയേട്ടന്‍' പൊതുവില്‍ കുറേ നാള്‍കൂടി നിലവാരമുള്ള ഒരു ചിരിയാണ് മലയാളത്തില്‍!

ഹാസ്യരസ പ്രധാനമായ രചനക്ക് രഞ്ജിത് തൂലിക ചലിപ്പിക്കുന്നത് ഏറെ നാളത്തെ ഇടവേളയിലാണ്. പുണ്യവാളന്‍ കഥകേട്ടിരിക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ പുതുമ. ചിത്രത്തിന്റെ എപ്പിസോഡിക്കല്‍ സ്വഭാവം (തെരഞ്ഞെടുപ്പ്‌-അവാര്‍ഡ്‌-പത്മശ്രീ-ട്യൂഷന്‍ ക്ലാസുകള്‍-പോളി) പോരായ്മയാണെങ്കിലും കഥ അവതരിപ്പിക്കുന്ന രീതിയിലെ പുതുമ ചിത്രത്തെ ഏറെ സഹായിക്കുന്നു. പതിവുപോലെ നിലവാരം പുലര്‍ത്തുന്ന വേണുവിന്റെ ഛായ.

മമ്മുട്ടിയുടെ 'പ്രാഞ്ചിയേട്ട‍'നെ കൂടാതെ ചെറുതും വലുതുമായ വേഷങ്ങളിലെത്തുന്ന ഇന്നസെന്റ്, ബിജു മേനോന്‍, ഇടവേള ബാബു, ടി.ജി രവി, മകന്‍ ശ്രീജിത്ത്‌ രവി, വി.കെ ശ്രീരാമന്‍ എന്നീ തൃശ്ശൂരുകാര്‍ക്കൊപ്പം ജെസ്സെ ഫോക്സ് അലന്‍ (ഫ്രാന്‍സിസ്‌ പുണ്യാളന്‍), മാസ്റ്റര്‍ ഗണപതി, ജഗതി ശ്രീകുമാര്‍, ശശി കലിംഗ, ടിനി ടോം, സിദ്ദിഖ്, ഖുശ്‌ബു, പിന്നെ വെറുതെ നായകനൊരു നായിക എന്ന ലൈനില്‍ പ്രിയാമണിയുമുണ്ട് ചിത്രത്തില്‍. പതിവ് പോലെ മമ്മുട്ടിക്ക് സുമുഖ-സുന്ദര രൂപം തന്നെ! ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളില്‍ മുഖ്യ കഥാപാത്രത്തിനുള്ള പോഴത്തം കഥാപാത്രത്തിന്റെ ചമയ-വേഷ രൂപകല്‍പ്പനകളില്‍ നഷ്ടപ്പെടുന്നതായി തോന്നി. ഇന്നസെന്റിന്റെ വാസുമേനോന്‍, പോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റര്‍ ഗണപതി, രൂപത്തിലെ വ്യത്യസ്തത വലിയൊരളവില്‍ അനുഗ്രഹമാകുന്ന ശശി കലിംഗ എന്നിവരാണ് പരാമര്‍ശിക്കപ്പെടേണ്ട ചിത്രത്തിലെ അഭിനേതാക്കള്‍.

കാറ് വരുന്നു, ഇറങ്ങുന്നു. അതും പോരാഞ്ഞ് 'അയാള്‍ (അവര്‍) വന്നു' എന്ന് സംഭാഷണം. കാറില്‍ കയറുന്നു, പോകുന്നു. ഒരു ബിസ്സിനസ്സുകാരന്റെ കഥ പറയുമ്പോള്‍ ഇങ്ങനെയെങ്കില്‍ ഒരു മന്ത്രിയുടെയോ എം.പിയുടെയോ കഥയാണെകില്‍ എന്തൂട്ടായിരിക്കും അവസ്ഥ? കാറിന്റെ വരവും പോക്കും എടുക്കാന്‍ മാത്രം എത്ര കാന്‍ വേണ്ടിവരും, എന്റെ ശിവനെ..!

മണിരത്നം 1995-ല്‍ കണ്ടുപിടിച്ച 'ശോന്ന' വര, ദാണ്ടെ, ചിത്രത്തിന്റെ തുടക്കത്തില്‍ ഇന്നും ഞാന്‍ കണ്ടു. വര തന്നെ വേണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇനിയെങ്കിലും‌ മഞ്ഞ, പച്ച, നീല എന്നീ മറ്റ് നിറങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്!

ഭംഗിയായി ഒരു ചിത്രം ഒരുക്കുന്നതുപോലെ തന്നെ പ്രധാനമാണ്, അത് ഭംഗിയായി വിപണനം ചെയ്യപ്പെടുന്നതും. നമ്മുടെ പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍പോലും വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വരുന്ന സാമ്പ്രദായിക രീതികള്‍ മാത്രമേ ഒരു ചിത്രം വിപണനം ചെയ്യാന്‍ സ്വീകരിക്കുന്നുള്ളൂ എന്നത് അത്യന്തം ഖേദകരമാണ്. ഗീര്‍വാണം എഴുതിയ പോസ്ററുകള്‍, തലകള്‍ നിരത്തിവെച്ച ഡിസൈനുകള്‍, ഒരു പഞ്ച്(?) ഡയലോഗ്-രണ്ട് കൂറ കോമഡി-നാല് വരി പാട്ട്-മൂന്ന് സ്റ്റെപ്പ് ഡാന്‍സ്‌ എന്നിവയിട്ട് വരട്ടിയെടുത്ത ട്രൈലെര്‍, ചാനലുകളിലെ അരമണിക്കൂര്‍ ഓശാന-വെഞ്ചിരിപ്പ് പരിപാടികള്‍‌, വെള്ളിയാഴ്ച മാത്രം വരുന്ന മൂലക്കുരു പത്രപരസ്യം, തീര്‍ന്നു. മൂന്ന്-നാല് കോടി രൂപ മുതല്‍ മുടക്കുള്ള ഒരു നിര്‍മ്മിതി വിപണനം ചെയ്യുന്ന രീതികളാണ് ഇതെന്നോര്‍ക്കണം! (പ്രാഞ്ചിയേട്ടന്റെ ട്രൈലെര്‍ ഭേദമായിരുന്നു എങ്കിലും, ബാക്കിയെല്ലാം തഥൈവ്വ!)

ചിത്രത്തിന്റെ പരസ്യവിഭാഗം കാണിച്ച അലംഭാവം സമീപകാലത്തെ താരതമ്യേന മികച്ച ഒരു ശ്രമത്തെ, എന്നെപ്പോലുള്ളവര്‍ക്ക് ആദ്യദിവസങ്ങളില്‍ ടിക്കറ്റ്‌ എടുക്കുവാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്നത് സങ്കടകരമാണ്. പ്രാഞ്ചിയേട്ടനും ദൈവവും ഒരു പാട് നാള്‍ തിയ്യേറ്ററില്‍ കഥ പറഞ്ഞിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ തൃശ്ശൂരിലെ അഷ്ടമിച്ചിറയില്‍ നിന്നും ഷാജി.. :)

ആകെത്തുക:
ടാ ഗഡി, വല്യ അലമ്പ് ഇല്യാട്ടാ... പ്രാഞ്ചി അലക്കനണ്!

ഓഫ് ടോപ്പിക്ക്: നമ്മുടെ മുന്‍നിര നടന്മാര്‍ പുര നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇനിയെങ്കിലും ഭാര്യയും പിള്ളേരും അവരുടെ മക്കളും ഒക്കെയായി ഒരു കുടുംബമാകാം. ഒരു കുടുംബമെന്നത് അവരുടേയും സ്വപ്നങ്ങളില്‍ ഉണ്ടാകില്ലേ? :)

22 comments:

 1. ഗഡി, അലക്കന്‍ റിവ്യൂ ട്ടാ :)

  ReplyDelete
 2. ഉഗ്രനായിട്ട്ണ്ട്..ട്ടാ
  ഈ കലക്കൻ അലക്ക്...!

  ReplyDelete
 3. നന്നായി,ഓഫ്‌ ടോപ്പിക്ക് ഇഷ്ടായി,അടിപൊളി.

  ReplyDelete
 4. എന്നേയും മറ്റെല്ലാ തൃശ്ശൂര്‍ക്കാരേയും പോലെ ........................ സുന്ദരനായിരുന്നു, സുമുഖനായിരുന്നു, ദീന ദയാലുവായിരുന്നു. :) :)

  ReplyDelete
 5. ഷാജി
  പറഞ്ഞതെല്ലാം കൃത്യം വ്യക്തം. പ്രാഞ്ചിയേട്ടനെക്കുറിച്ച് അറിയാന്‍ വരുന്നവര്‍ക്ക് ഈ റിവ്യൂവില്‍ കിട്ടുമോ എന്നൊരു സംശയമേയുള്ളൂ.അങ്ങിനെയുള്ളവര്‍ക്ക് കഥകേള്‍ക്കാന്‍ വേറ് സിനിമാ ബ്ലോഗുകളുണ്ടല്ലോ അത് നോക്കട്ടെ.

  സിനിമാ പരസ്യകല, ടൈറ്റിത്സ്, വിപണനം എന്നിവയക്കുറിച്ച് പറഞ്ഞവയോട് 100% യോജിപ്പ്. ആ വക കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കുന്ന എത്ര സംവിധായകര്‍ നമുക്കുണ്ട്??!! തന്റെ സിനിമയുടെ സിനിമാ പോസ്റ്റര്‍ ഡിസൈന്‍ പോലും കാണാത്ത (റിലീസ് ചെയ്തതിനു ശേഷം മാത്രം കാണുന്ന) സംവിധായകര്‍ ഉണ്ടെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടരുത്. സിനിമ നല്ലതെങ്കില്‍ (കൊമേഴ്സ്യല്‍ അല്ല, നിലവാരമുള്ളതാണ് എങ്കില്‍) പബ്ലിസിറ്റി കുറച്ചു മതി എന്ന് നിശ്ചയികുന്നവരാണ് മലയാള സിനിമയിലുള്ളവര്‍.(പരസ്യത്തിന്റെ കാശ് എങ്കിലും ലാഭിക്കാം എന്ന മുരട്ടു ന്യായം) സിനിമയുടെ വിപണനത്തിനും പ്രൊമോഷനും മറ്റു ഭാഷകളില്‍ എം ബി എ കാരേയും എക്സ്പെര്‍ട്ടൂകളേയും ഏര്‍പ്പെടുത്തുമ്പോള്‍ ഇവിടെ മലയാള സിനിമയില്‍ ഔപചാരിക വിദ്യഭ്യാസം പോലുമില്ലാത്ത കൂട്ടിക്കൊടുപ്പുകാരാണ് അത് ചെയ്യുന്നത്!!

  ReplyDelete
 6. കലക്കന്‍ റിവ്യൂ ...ശിക്കാറിന്റെ ടൈറ്റിലിലും ഉണ്ട് ഒരു ചുവന്ന കുറി :)... പ്രാഞ്ചിയുടെ ട്രെയിലര്‍ മോശമായാണ് തോന്നിയത്...ഒരു സാധാരണ വളിപ്പ് ചിത്രമെന്നെ കണ്ടിട്ട് തോന്നിയുള്ളൂ...ചില സിനിമകള്‍ക്ക് തിരിച്ചും സംഭവിച്ചിട്ടുണ്ട്. ട്രെയിലര്‍ നന്നാവും പക്ഷെ പടം തീരെ കൊള്ളില്ല.ഏതു കൊള്ളരുതാത്ത സിനിമക്കും ആളെ കയറ്റാന്‍ ഒരു പരിധി വരെ നല്ല ട്രെയിലറിനും പോസ്റ്റര്‍ ഡിസൈനിനും കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്... ചാനലുകളില്‍ അവതരിപ്പിക്കുന്ന ചര്‍ച്ചകള്‍ പഴയ പോലെ സിനിമ കാണാന്‍ ആളുകളെ കൊതിപ്പിക്കും എന്ന് കരുതാന്‍ വയ്യ.

  ReplyDelete
 7. റിവ്യൂ അസ്സലായിട്ടുണ്ട്.മൂന്നെണ്ണത്തില്‍ ഏതെങ്കിലുമൊന്നിനേ (ശിക്കാര്‍,എത്സമ്മ,പ്രാഞ്ചിയേട്ടന്‍)പോകാന്‍ പറ്റൂ എന്ന പ്രശ്നം കാരണം മൂന്നു പേരേം കുറിച്ചുള്ള അഭിപ്രായംസ് നോക്കി നറുക്കിടാനിരിക്കുകയാണു.:)

  പ്രാഞ്ചിയേട്ടന്റെ പരസ്യകലയ്ക്ക് പുതുമയില്ലെങ്കിലും എത്സമ്മ എന്ന ആണ്‍കുട്ടിയുടെ പോസ്റ്ററുകളും,ട്രെയിലറും ഒരു കൌതുകം തോന്നിപ്പിക്കുന്നില്ലേ..

  ReplyDelete
 8. ഇതില്‍ എവിടെ സിനിമാ നിരൂപണം....... മൈസൂര്‍പാക്കില്‍ എവിടെ മൈസൂര്‍ അല്ലേ

  ReplyDelete
 9. റംസാന്‍ ചിത്രങ്ങളൊന്നും അത്ര മോശമല്ല അല്ലേ?

  ReplyDelete
 10. Ziya, ഗഡി, ധാ കേട്ടത്‌ ഷ്ടായി ട്ടാ..!

  മുകുന്ദന്‍ മാഷേ, :) ബില്ലാത്തി പട്ടണത്തില് ന്തൂട്ടാ വിശേഷം! കേട്ടിട്ട് ഒരു ജാതി പട്ടണം തന്നെ ഇഷ്ടാ, ത്...

  Shaji Qatar, ന്തൂട്ടാ ത്... ഖത്തറ് മൊത്തായിട്ട് ഇടുത്തേല് ഒരു അലമ്പില്യെ ഗഡി...

  ഷാ, :)

  ReplyDelete
 11. Hi Shaji,

  Another good review. I wonder whether you are in the transformation of -

  "Shajiyettan & The Critic"

  :-)

  ReplyDelete
 12. നന്ദന്‍, നിരൂപണം എന്നതിനേക്കാൾ ഒരു ചിത്രത്തിനെ കുറിച്ചുള്ള എന്റെ അനുഭവങ്ങളാണ്‌ ഞാൻ ഇവിടെ പങ്കുവെയ്‌ക്കുന്നത്‌ എന്ന് തോന്നുന്നു. ചിത്രം കണ്ട ഒരാൾ എന്ന നിലയില്‍ ‌, ചിത്രം കണ്ടിരിക്കേണ്ടത്‌ ആണോ കാണരുതാത്തത്‌ ആണോ എന്ന് മറ്റുള്ളവരോട്‌ പറയാമല്ലോ... പിന്നെ ചിത്രം വിപണനം ചെയ്യുന്നതില്‍ 'പ്രൊഫഷണലിസം' കൂട്ടത്തില്‍ ഒട്ടുമില്ലാത്തത് നമ്മുടെ നാട്ടിലെ ചലച്ചിത്ര പ്രവര്‍ത്തകരാണെന്ന് തോന്നുന്നു.

  വിനയന്‍, ആ കേട്ടത്‌ ഷ്ടായി ട്ടാ..! നമ്മുടെ സ്ഥിരം Trailor-ല്‍ രീതിയില്‍ നിന്നുള്ള വ്യതിചലനം ഉള്ളത് പോലെ തോന്നി 'പ്രാഞ്ചി'ക്ക്. ചാനല്‍ ചര്‍ച്ചകളുടെ വില കളഞ്ഞത് നാട്ടിലെ ചില നാലാംകിട ചലച്ചിത്ര പ്രവര്‍ത്തകരാണ് ഫലത്തില്‍ നല്ല ചാനല്‍ ചര്‍ച്ചകളില്‍ നിന്നുപോലും നമ്മളിന്ന് ഓടി ഒളിക്കുന്നു.

  Rare Rose, ഒരെണ്ണമോ, എങ്കില്‍ ഞാന്‍ പറയുക 'പ്രാഞ്ചിയേട്ടന്റെ' തോളില്‍ കയ്യിട്ട് പോയ്‌ക്കോളൂ എന്നാണ്. 'എല്‍സമ്മ'യുടെ പോസ്റ്ററുകള്‍ ഏറെക്കുറെ എല്ലാം കണ്ടിരുന്നു. തലകളില്ലാതെ രണ്ട് വണ്ടികള്‍ മാത്രമിരിക്കുന്ന ഒന്നിന്റെ ആശയം അലക്കന്‍ തന്നെ. പക്ഷേ, ലാല്‍ജോസിന്റെ സ്ഥിരം ശൈലിയില്‍ തല(വര)യുള്ള എഴുത്തുമൊക്കെയുള്ള ആ 'ടോട്ടല്‍ ' എനിക്കത്ര സുഖിച്ചില്ല. Trailor-ന് ഒരു വ്യത്യാസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെ.

  മന്‍സൂര്‍ ‍, ന്തുട്ട്രാ ഗഡി. മൈസൂര്‍ പാക്കോ? ന്തൂട്ടാ ത്. ‌ഞങ്ങള് തൃശ്ശൂര്‍കാര്‍ക്ക്‌ ഇതാ ഒരു രീതി. അതോണ്ട് ന്താ വല്ല കലിപ്പും ണ്ടോ? ണ്ടോന്ന് :)

  ശ്രീ, താരതമ്യേന ഇമ്മിണി ബല്യ റമസാന്‍ തന്നെ :)

  ReplyDelete
 13. പ്രാഞ്ചിയേട്ടനെ പോയി ഒന്നു കണ്ടു.. നല്ല ചിത്രം.. മലയാള ചലച്ചിത്ര സംവിധായകര്‍ക്കിടയില്‍ രഞ്ജിത്ത് വ്യത്യസ്തനാകുന്നതെന്തുകൊണ്ടെന്നു മനസ്സിലാകുന്നത്, അദ്ദേഹം വ്യത്യസ്തമായ പ്രമേയങ്ങളെ വ്യത്യസ്തങ്ങളായ രീതിയില്‍ നമുക്കു മുന്നില്‍ എത്തിക്കുന്നതു കൊണ്ടാണ്.. ഈ റംസാനു വിളമ്പിയ നല്ലൊരു ബിരിയാണി തന്നെയാണ് പ്രാഞ്ചിയേട്ടന്‍...

  ReplyDelete
 14. ശിക്കാര്‍ എന്തായാലും കാണണം.ലാലേട്ടന് എന്തേലും രക്ഷയുണ്ടോ എന്നറിയണം.
  പ്രാന്ജിയേട്ടനും കാണണം. കുറെ കാലമായി രഞ്ജിത്ത് ചിത്രങ്ങള്‍ ഒരു ശീലമാണ്.
  ആരേലും ഉന്തിത്തള്ളി വിട്ടാല്‍ എല്സമ്മയും കാണും.

  കുറിപ് പതിവുപോലെ മികച്ചത് ഷാജി.

  ReplyDelete
 15. sanagthi kandu

  poster gadeede abhiprayam thanne

  pinne first and second half ingane namukku

  randu bhagangal nirbandhamanu.

  athine verum oru nayikayeyum punyalaneyum vechu

  mathram connect cheyyunnu.

  pinne gadi paranja lathille episodical

  athu karanam enthinayirunnu ithrem neenda first

  half ennu thonnum.

  pinne pradesika varthakal, peruvannapuram

  nagarangalil, orkkappurathu, nanmaniranjavan etc

  poleyulla padangal irangumbol ranjith parisil

  poyi guruvinte khabaril pachamannu

  variyittillaallo

  aa vyathyasam ithile comediyilumnundu.

  oru nirdosham allathathu pole.

  arop parnaju ghazal ishtapedatha,

  parisil poyittillatha,

  bhang upayogichittillatha

  mattoru ranjith hero ennu

  pinne moopparude thamburan hang over vittu

  marathathu kondanennu thonnunnu

  pena heroyude pinnale vidathe pokum.

  ReplyDelete
 16. മൂന്നു ചിത്രങ്ങളും കണ്ടു.ഷാജിയുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു. well done shaji..

  ReplyDelete
 17. ഡാ ഗഡ്യേ പ്രാഞ്ച്യേട്ടന്‍ കണ്ടൂട്ടാ.. ഒരു ജ്ജാതി പടംസ്റ്റോ!! രഞ്ജിത്ത് ചീങ്കണ്ണ്യാട്ടാ

  ReplyDelete
 18. മഹേഷ്‌, :)

  പിള്ളാച്ചോ, ബിരിയാണി സദ്യക്ക് ആളുകൂടി വരുന്നു എന്നാണറിഞ്ഞത്.

  മുരളിക, :) സൂചിപ്പിച്ചതുപോലെ ഉന്തി തള്ളിയാല്‍ മാത്രം മതി ട്ടോ 'എല്‍സമ്മകുട്ടി'. എനിക്ക് വലിയ അഭിപ്രായങ്ങള്‍ തോന്നാതിരുന്ന ചിത്രമായിരുന്നു അത്.

  ചെതല്‍ , ഒരു ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തിന് ഒരു നായിക ഉണ്ടായേ പറ്റൂ എന്ന രീതികളോട് എനിക്ക് കുറെ നാളായി യോജിക്കുവാന്‍ കഴിയുന്നില്ല. മുകളില്‍ സൂചിപ്പിച്ച ചിത്രങ്ങളോളം വരില്ലെങ്കിലും സമീപ കാലത്തെ സാമാന്യം ഭേദപ്പെട്ട ചിരിതന്നെ 'പ്രാഞ്ചിയേട്ടന്‍' എന്നതില്‍ തര്‍ക്കമില്ല.

  ശ്രീരാജ്‌ ചന്ദ്രന്‍, റിലയന്‍സ്‌ ബിഗ്‌ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് മൊത്തമായി 17 അവാര്‍ഡുകള്‍. എന്താപ്പാ, ത്. ഇത്രകണ്ട് ആദരിക്കപ്പേടേണ്ട വ്യക്തിയാണ് 'സ്രാങ്ക്'-ന്ന് ഏതായാലും, എനിക്ക് അഭിപ്രായമില്ല. കാലം തെറ്റി പുറത്ത് വന്ന മറ്റൊരു പിന്തിരിപ്പന്‍ ചിത്രമാണ് 'കുട്ടിസ്രാങ്ക്'. ഇമ്മാതിരി കോലങ്ങള്‍ ഇനിയും കൊണ്ടാടപ്പെടുന്നത് കഷ്ടം തന്നെ.

  നന്ദന്‍, 'പ്രാഞ്ച്യേട്ടന്റെ' അലക്ക്‌ ഒരു ജാതി അലക്കല്ലേ...

  ReplyDelete
 19. കലകീന്റുട്ടോസ്റ്റ !!!

  രാജ്

  ReplyDelete
 20. തുടക്കം മുതല്‍ ഒടുക്കം മുതല്‍ വളരെ സ്വാഭാവികവും നിഷ്കളങ്കവുമായ നര്‍മ്മം. 'Situational comedy' യ്ക്ക് ഏറ്റവും മനോഹരമായ ഒരു ഉദാഹരണമാവുകയാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്.
  മനസ്സ് നിറഞ്ഞ് ചിരിച്ച് നിറഞ്ഞ സദസ്സില്‍ കയ്യടിച്ച് കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു മലയാളം പടം കാണുന്നത്.

  രഞ്ജിത്ത് കലക്കീട്ടാ!

  ReplyDelete
 21. ഗഡി കലക്കീട്ടാ.... :)
  -------------------------------------------
  നമ്മുടെ മുന്‍നിര നടന്മാര്‍ പുര നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇനിയെങ്കിലും ഭാര്യയും പിള്ളേരും അവരുടെ മക്കളും ഒക്കെയായി ഒരു കുടുംബമാകാം. ഒരു കുടുംബമെന്നത് അവരുടേയും സ്വപ്നങ്ങളില്‍ ഉണ്ടാകില്ലേ? :) :)

  ReplyDelete