Apr 23, 2011

സിറ്റി ഓഫ് ഗോഡ്‌ : കെട്ടുപിണയുന്ന ദൈവത്തിന്റെ നഗരം

*Spoiler Alert - എന്ന് രേഖപ്പെടുത്തിയ ഖണ്ഡിക നിങ്ങളുടെ ചലച്ചിത്ര ആസ്വാദനത്തെ ബാധിച്ചേക്കാം. ചിത്രം കാണാത്തവര്‍ ആ ഖണ്ഡിക വിട്ടു കളയുവാന്‍ അപേക്ഷ.

കഴിവും സ്വാധീനവും ഏറെയുള്ള മലയാള ചലച്ചിത്രത്തിലെ മുഖ്യധാര, 'ഓ..! എന്നാത്തിനാ' എന്ന ഭാവത്തില്‍ ‍, പട്ടിയുടെ വാലുപോലെ നേരെയാവാന്‍ കൂട്ടാക്കാത്ത കഴിഞ്ഞ കുറെ കാലങ്ങളില്‍തന്നെ, മാറ്റത്തിന്റെ ചില ചെറിയ ചലനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അത്തരം ചലനങ്ങളിലെ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇക്കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ രാജേഷ്‌ പിള്ളയുടെ 'ട്രാഫിക്'. ട്രെന്‍ഡ്, ഫോര്‍മുല, താരം, ഭാഗ്യനക്ഷത്രം എന്നൊക്കെ വാശി പിടിക്കാന്‍ ഇഷ്ടപ്പെടുന്നവരെ ഒരു പടികൂടി പുറകിലേക്ക് തള്ളി താരങ്ങളുള്ള, എന്നാല്‍ മുകളില്‍ പറഞ്ഞ മറ്റൊന്നുമില്ലാത്ത ഒരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു, ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനം ചെയ്ത 'സിറ്റി ഓഫ് ഗോഡ്‌'.


രാം ഗോപാല്‍ വര്‍മ്മയും, വര്‍മ്മയുടെ 'സത്യ'യുമാവണം നഗരത്തിന്റെ മറുപുറങ്ങളിലേക്ക് ഇന്ത്യയിലെ സംവിധായകര്‍ ക്യാമറ തുറന്നുവെയ്ക്കുന്നതിന്റെ തുടക്കം. അതിന്റെ ഓളങ്ങള്‍ നമ്മുടെ നാട്ടിലും ധാരാളം വന്നടിഞ്ഞു. എ.കെ സാജന്‍ സംവിധാനം ചെയ്ത 'സ്റ്റോപ്പ്‌ വയലന്‍സ്‌' ആയിരുന്നു മലയാളത്തില്‍ ആ ശ്രേണിയുടെ തുടക്കമായത്. കൊച്ചിയങ്ങനെ ചലച്ചിത്രങ്ങളില്‍ 'ഛോട്ടാ മുബൈ'യായി. ' ഇവര്‍ ', 'ബ്ലാക്ക്'‌, 'ബിഗ്‌ ബി' എന്നിങ്ങനെ അസംഖ്യം ചിത്രങ്ങളില്‍ ചോരയുടെ നീര്‍ച്ചാലുകളൊഴുകി. ക്രമേണ മലയാള ചലച്ചിത്രങ്ങളിലെ ക്വൊട്ടേഷന്‍ പരിപാടികള്‍ , ക്വൊട്ടേഷന്‍ സംഘങ്ങളുടെ പത്തിലൊന്ന് ഗൃഹപാഠം പോലും ചെയ്യാതെ 'ജാക്കി'കളായി കോമരം കെട്ടി മടുപ്പിക്കുമ്പോഴാണ് മലയാളിക്ക് അത്ര പരിചിതമല്ലാത്ത ദൃശൃപരിചരണ രീതികളുമായി കഴിഞ്ഞ വര്‍ഷം 'നായകനെ'ത്തുന്നത്. ദൃശ്യങ്ങളില്‍ വ്യത്യസ്തതയും പരീക്ഷണം നടത്തുവാനുള്ള വെമ്പലും വിദേശ ഭാഷാ ചിത്രങ്ങളുടെ സ്വാധീനവും അതില്‍ ഏറെ പ്രകടമായിരുന്നു. ചലച്ചിത്രത്തെ സാകൂതം വീക്ഷിക്കുന്നവര്‍ക്കിടയില്‍ ആ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും പ്രമേയത്തിന്റെ ബലഹീനതകള്‍ ആ ചിത്രത്തെ സാമാന്യ ജനത്തില്‍ നിന്നും അകറ്റി. എങ്കിലും, ഏറെക്കാലമായി വരള്‍ച്ച നേരിടുന്ന സംവിധാന മേഖലയില്‍ ഒരു സംവിധായകന്റെ വരവ് തന്നെയായിരുന്നു ആ ചിത്രം. രണ്ടാം ചിത്രത്തില്‍ തന്നെ സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരി ബഹുദൂരം മുന്‍പോട്ട് പോയിരിക്കുന്നു. തഴമ്പുള്ളൊരു എഴുത്തുകാരനുമായുള്ള‌ കൂട്ടുകെട്ടിന്റെ സഹായം കുറച്ചൊന്നുമല്ല ഇക്കുറി സഹായിച്ചിരിക്കുന്നതും.

ഏറെ കാലങ്ങളായി നാട്ടിലെ സിനിമാക്കാര്‍ വരയ്ക്കുന്ന 'കൊച്ചി' തന്നെയാണ് ചിത്രത്തിലെ ദൈവത്തിന്റെ നഗരം. സോണിയെന്ന നഗരത്തിലെ യുവ വ്യവസായി. വിദ്യാസമ്പന്നനും സോണിയുടെ സുഹൃത്തും ഇപ്പോള്‍ സോണിയുടെ സഹായി അഥവാ ഗുണ്ടയുമായ ജ്യോതിലാല്‍ ‍, നഗരത്തിലേക്ക്‌ കൂലി തൊഴിലാളിയായി വന്ന തമിഴ് നാട്ടുകാരന്‍ സ്വര്‍ണ്ണവേല്‍ , ഭര്‍ത്താവില്‍ നിന്നും ഒളിച്ചോടി നഗരത്തിലെത്തിയ തമിഴ്‌നാട്ടുകാരി മരതകം, വിജി പുന്നൂസ് എന്ന പണക്കാരിയായ വിധവ (ഇവരുടെ ഭര്‍ത്താവ്‌ നഗരത്തില്‍വെച്ച് സമീപകാലത്ത്‌ ദാരുണമായി കൊല്ലപ്പെട്ടിരുന്നു), ചില ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വിജിയെ സമീപിക്കുന്ന ഷമീനെന്ന ഭൂമാഫിയ പ്രതിനിധി, കലുഷമായ വ്യക്തിജീവിതം നയിക്കുന്ന ചലച്ചിത്ര നടി സൂര്യപ്രഭ എന്നിങ്ങനെ നഗരത്തിലെ പല തട്ടുകളില്‍ ചിതറി കിടക്കുന്ന ജീവിതങ്ങള്‍ . ഈ ജീവിതങ്ങളെ ആകസ്മികമായി ബന്ധപ്പെടുത്തുന്നതാണ് 'സിറ്റി ഓഫ് ഗോഡ്‌'. ഒന്നില്‍ നിന്നും മറ്റൊരു കഥാ പശ്ചാത്തലത്തിലേക്ക്‌‌ ആഖ്യാനം മാറുന്നുവെങ്കിലും ഈ കഥകള്‍ കൂടികലരുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യത്യസ്ത കഥകളില്‍ സ്വര്‍ണ്ണവേലിന്റെയും മരതകത്തിന്റെയും കഥ പൂര്‍ണ്ണമായും സംസാരിക്കുന്നത് തമിഴിലാണ്.

'നായകന്‍' എന്ന ചിത്രം തുടങ്ങുന്നത് 'അമോരെസ്‌ പെരോസി'ലെ വിഖ്യാതമായ അപകടരംഗത്തെ ഓര്‍മ്മപ്പെടുത്തികൊണ്ടാണ്. 'സിറ്റി ഓഫ് ഗോഡി'ന്റെ തുടക്കവും വിവിധങ്ങളായ അപകടങ്ങള്‍ തന്നെ. വിവിധ അധ്യായങ്ങളായി അവതരിപ്പിക്കുകയായിരുന്നു 'നായകനെ'ങ്കില്‍ പല കഥകള്‍ കൂടികലര്‍ന്നും മുന്‍പോട്ടും പുറകോട്ടും സഞ്ചരിച്ചുമാണ് 'സിറ്റി ഓഫ് ഗോഡി'ന്റെ ആഖ്യാന രീതി. ' ബാബേല്‍ ', 'മാഗ്നോളിയ', 'ക്രാഷ്', 'സ്നാച്ച്' മുതലായ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക്‌ പരിചിതമായ ആഖ്യാന രീതി. രാജേഷ്‌ പിള്ളയുടെ 'ട്രാഫിക്കി'ലേത് പോലെ 'സിറ്റി ഓഫ് ഗോഡും' മള്‍ട്ടി നരേഷന്‍ എന്ന ആഖ്യാന രീതിയെ മാത്രമേ കടം കൊള്ളുന്നുള്ളൂ.

[Spoiler Alert]
നഗരത്തിലുണ്ടായ ഒരു ചെറിയ റോഡ്‌ അപകടത്തെ തുടര്‍ന്നുള്ള ചില സംഭവങ്ങള്‍ ഒരു യുവ വ്യവസായിയുടെ കൊലപാതകത്തിന് ഹേതുവാകുന്നു. മരണസമയത്ത്‌ ‌ഒരു ചലച്ചിത്ര നടിയും ആ യാത്രയില്‍ വ്യവസായിക്ക് ഒപ്പമുണ്ടായിരുന്നു. പത്രങ്ങളില്‍ നിറഞ്ഞു നിന്ന ഈ വാര്‍ത്താശകലങ്ങള്‍ ഒരുപക്ഷേ വരും നാളുകളില്‍ ഈ ചിത്രത്തെ അതില്‍ മാത്രമായി കുരുക്കിയേക്കാം. അതുപക്ഷേ, 'പിറവി'യെ രാജന്‍ കേസ്സുമായി ബന്ധപ്പെടുത്തി ഒതുക്കുന്നത് പോലയെ വരൂ.

'തലപ്പാവ്‌', 'വാസ്തവം' മുതലായ ചിത്രങ്ങളുണ്ടെങ്കിലും വലിയ വിജയ ചിത്രങ്ങള്‍ ഇപ്പോഴും അകന്നു നില്‍ക്കുന്ന തിരക്കഥാകൃത്താണ്, ബാബു ജനാര്‍ദ്ദനന്‍. സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം ഇദ്ദേഹത്തിന്റെ രചനയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച സൃഷ്ടിയാണ്. പല കഥാ പശ്ചാത്തലങ്ങളെ പല നിറഭേദങ്ങളിലാണ് സുജിത് വാസുദേവിന്റെ ക്യാമറ പകര്‍ത്തിയിരിക്കുന്നത്. ക്യാമറ സ്വാഭാവികമായി ചലിക്കുകയും ചെയ്യുന്നു.

വിവിധ ജീവിത നിലവാരങ്ങള്‍ ചിത്രത്തില്‍ പറയുമ്പോള്‍ സ്വാഭാവികമായും ചിത്രത്തിന് വിവിധ സംഗീത സമ്പ്രദായങ്ങളെ ഉപയോഗപ്പെടുത്തേണ്ടി വരും. ചിത്രത്തില്‍ സംഗീത സംവിധായകനായ പ്രശാന്ത് പിള്ള ഇക്കാര്യം ശ്രദ്ധിച്ചിട്ടുമുണ്ട്. എങ്കിലും ചിത്രത്തിന്റെ ശബ്ദപഥത്തില്‍ റീ-റെക്കോര്‍ഡിംഗില്‍ സംഭവിച്ച പാളിച്ചകളായിരിക്കണം, ചില സന്ദര്‍ഭങ്ങളിലെ സംഭാഷണങ്ങളുടെ അവ്യക്തതക്ക് കാരണമായതും കാഴ്ചക്ക് ഒരുവേള‌ അലോസരമായതും.

താരങ്ങളെ മറന്നുള്ള കഥാപാത്ര സൃഷ്ടിയായതുകൊണ്ട് തന്നെ തെമ്മാടികൂട്ടം പ്രതീക്ഷിക്കുന്ന പലതും ചിത്രത്തിലില്ല. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സ്റ്റെപ്പ്സ് തെറ്റാതെ നൃത്തനൃത്യങ്ങള്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. കൊട്ടാന്‍ മുട്ടി നില്‍ക്കുന്ന കൈകള്‍ക്കായി ഉദ്ദേശം രണ്ടര പേജു വരുന്ന നെടുങ്കന്‍ ഡയലോഗ്സ് വണ്‍ മിസ്റ്റര്‍ ബാബു ജനാര്‍ദ്ദനന്‍ എഴുതി വെച്ചിട്ടില്ല. സംഭാഷണം പൂര്‍ത്തിയാക്കി സ്റ്റൈലായി സ്ലോ മോഷനില്‍ തിരിഞ്ഞു നടക്കാന്‍ മേല്‍പറഞ്ഞ രണ്ടു പേര്‍ക്കും ഒരവസരം പോലുമില്ല. ചിത്രത്തിലെ അടി-ഇടി ഐറ്റംസ് പലപ്പോഴും സ്വാഭാവികമാകുന്നു. കയറില്‍ തൂങ്ങുന്ന ഇപ്പോഴത്തെ ട്രെന്‍ഡില്ല. ഒരു മൈല്‍ ദൂരത്തേക്ക് ഒരുത്തനും തെറിച്ച് വീഴുന്നില്ല.

അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജിനേക്കാള്‍ പ്രതിഭയുണ്ട് ഇന്ദ്രജിത്തിന്, ഈ ചിത്രവും അക്കാര്യം ശരി വെക്കുന്നു. ചലച്ചിത്ര നടി സൂര്യപ്രഭയെ റീമ കല്ലിങ്കല്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ ഏറ്റവും ശക്തമായ ചില സന്ദര്‍ഭങ്ങള്‍ ഈ നടിയുടെതാണ്. 'പൂ' എന്ന തമിഴ്‌ ചിത്രത്തിലൂടെ അംഗീകാരവും പ്രശംസയും ലഭിച്ച പാര്‍വതിയാണ് മരതകമാകുന്നത്. പക്ഷേ മലയാളികള്‍ പാര്‍വതിയെ ഓര്‍ക്കുക റോഷന്‍ ആന്‍ഡ്രൂസിന്റെ 'നോട്ട്ബുക്കി'ന്റെ പേരിലാകും. സോണിയെ അവതരിപ്പിച്ച രാജീവ്‌ പിള്ള മാത്രമാണ് അഭിനേതാക്കളില്‍ ഒരു മത്സരത്തിന് മുതിരുവാതിരുന്നത്. ചിത്രത്തിലെ മരതകത്തിനെ വേള്‍ക്കുവാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കരമന ജനാര്‍ദ്ദനന്‍ നായരുടെ മകന്‍ സുധീര്‍ കരമനയാണ്.

ഇത് കേവലം ഒരു ശ്രമമല്ല, ഒരു 'സിനിമ'യാണ്. താരവും ഫോര്‍മുലയുമല്ല മറിച്ച് നമ്മുടെ നാട്ടിലും പുതിയ വഴികളില്‍ വെട്ടുവാന്‍ കഴിയുമെന്ന് കാണിക്കുന്ന 'സിനിമ'. എങ്കിലും, 'ഞാന്‍ ഇങ്ങനെ ഇരുന്നോളാം, എല്ലാം എന്റെ വായില്‍ കുത്തിതിരുകി തന്നോളൂ' എന്ന നടപ്പുരീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകന് ഒരരുചി അനുഭവപ്പെട്ടേക്കാം. മൊബൈലില്‍ സംസാരിച്ച്, അതിന്റെ ഇടവേളകളില്‍ തുടര്‍ച്ച നഷ്ടപ്പെടാതെ കാണുവാന്‍ ശ്രമിക്കുന്നവനും ഈ ചിത്രം ബുദ്ധിമുട്ടായേക്കും. വര്‍ഷങ്ങളായി ശീലിച്ചുവെച്ചതു പലതും മാറ്റുവാന്‍ സമയമായീ എന്റെ പ്രെക്ഷകാ...

'ഹാംലെറ്റി'നെ അവലംബിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'കര്‍മ്മയോഗി', ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഇലക്ട്ര', ആര്‍ ഉണ്ണിയുടെ ചെറുകഥയെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലീല', ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന 'ചാപ്പാ കുരിശ്', ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന '1993 ബോംബെ മാര്‍ച്ച് 12', പുതുമുഖ സംവിധായകന്‍ സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു' എന്നിങ്ങനെ വ്യത്യസ്തങ്ങളായ, പ്രതീക്ഷ നല്‍കുന്ന പല ചിത്രങ്ങളുടെയും പ്രവര്‍ത്തങ്ങള്‍ തുടരുകയോ പൂര്‍ത്തിയാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പക്ഷേ, ഇവിടെ നല്ല ചിത്രങ്ങളെ കുറിച്ച് മൂളയുള്ള ചിലര്‍ സ്വപ്നമെങ്കിലും കാണണമെങ്കില്‍ പ്രേക്ഷകര്‍ക്കായി ഒന്നും കരുതിവെക്കാത്ത, പക്ഷേ വിജയങ്ങളാകുന്ന സാദാ ചിത്രങ്ങള്‍പോലെ ചിലതെങ്കിലും കരുതിവെക്കുന്ന ഈ ആത്മാര്‍ഥ ശ്രമങ്ങള്‍ വിജയിച്ചേ പറ്റൂ... ലിജോ, ഞങ്ങള്‍ നിന്നോട് കൂടെയുണ്ട്.‌

വാല്‍ക്കഷണം:
എന്റെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഫെര്‍നാന്റോ മെറിലസ്സ് സംവിധാനം ചെയ്ത 'സിറ്റി ഓഫ് ഗോഡ്'. മാസങ്ങള്‍ക്ക് മുന്‍പ് നല്ല പല വിദേശ ചിത്രങ്ങളുടേയും മലയാള പ്രേതങ്ങളെ കണ്ട് പേടിച്ചിരിക്കുമ്പോഴാണ് ഈ ചിത്രത്തെ കുറിച്ചറിയുന്നത് അന്ന്, 'ടാ, വൃത്തികെട്ടവനെ... ലിജോ' എന്ന് മനസ്സില്‍ പറയുകയും ചെയ്തു. പക്ഷേ, ചിത്രം കണ്ട് കഴിഞ്ഞപ്പോള്‍ അതേ പേരില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം ഇവിടെയുമുണ്ടായി. ചൂണ്ടിയത് പേര് മാത്രവും, ആരേയും നാണം കെടുത്തിയതുമില്ല... മ്മ്ടെ ' ഗോഡ്‌ഫാദര്‍ ‍' പോലെ :)

ആകെത്തുക:
താങ്കള്‍ 'ക്രിസ്റ്റി' മോഡല്‍ ചിത്രങ്ങളുടെ ആരാധകനാണോ എങ്കില്‍ ആ പരിസരത്തേക്ക് പോകണമെന്നില്ല. സാമാന്യ ബുദ്ധിയുള്ള ഒരു പ്രേക്ഷകനാണോ ധൈര്യമായി കാണാം. ഇനി, 'മലയാള സിനിമയെ കാത്ത്‌ കൊള്ളണേ കര്‍ത്താവേ... നല്ല ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുന്നില്ല' എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നവനാണോ എങ്കില്‍ നിങ്ങള്‍ ഇത് രണ്ട് വട്ടം കാണണം :)