Aug 30, 2011

ബ്ലസിയുടെ 'പ്രണയം'


ആശയത്തിന്റെ ബീജാവാപം മുതല്‍ ഇരുട്ടില്‍ പ്രകാശമായി വീഴുന്നത്‌ വരേയും ഒരു ചലച്ചിത്രത്തിന്റെ ദൃശ്യങ്ങളിലും അതിന് പുറകിലുമായി വീഴുന്ന വിയര്‍പ്പ് നൂറ് കണക്കിന് വരുന്ന മനുഷ്യരുടെ, പ്രയത്നത്തിന്റേതാണ്. അതിന് ഏറെ മികച്ച ചിത്രമെന്നോ 'കുഴപ്പമില്ലാത്ത' ചിത്രമെന്നോ, 'അയ്യേ മോശം' ചിത്രമെന്നോ വ്യത്യാസമില്ല. ജനപ്രീതിയിലോ പുരസ്കാരങ്ങളുടെ പട്ടികയിലോ കയറിപ്പറ്റുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മാസങ്ങളുടെ വിയര്‍പ്പിന് 'അണ-പൈ' പോലും വിലയില്ലാതെയാകുവാന്‍ ദിവസങ്ങളോ അല്ലെങ്കില്‍ , വിവിധ മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും വല വിരിച്ചിരിക്കുന്ന നടപ്പ്‌ കാലത്ത്‌ കേവലം മണിക്കൂറുകളോ മാത്രം മതി. മുഖ്യധാരയില്‍ വിജയിക്കുന്ന താരങ്ങളെ കിട്ടിയ വിലക്ക് പറഞ്ഞുറപ്പിക്കുന്നതും 'ബോക്സ് ഓഫീസ്‌ പരീക്ഷ' വിജയിക്കുന്ന ചിത്രങ്ങളിലെ 'ട്രെന്‍ഡ്‌' കടം കൊള്ളുന്നതും വിയര്‍പ്പിന് ഒരു മിനിമം വില ഉറപ്പ്‌ വരുത്തുന്നതിന്റെ ഭാഗമാണ്.

ഇതിവൃത്തത്തിന്റെ സ്വീകരണത്തിലും കഥാപാത്ര സൃഷ്ടിയിലും വീട്ടുവീഴ്ചകള്‍ ഏറെയില്ലാത്ത, തുടര്‍ച്ചയായി ചിത്രങ്ങളൊരുക്കുന്ന, മലയാള ചലച്ചിത്ര വര്‍ത്തമാനകാലത്തിലെ പ്രമുഖ സംവിധായകന്‍ ബ്ലസിയായിരിക്കണം. ചലച്ചിത്രങ്ങളെ വിജയിപ്പിക്കുന്നതും തീയ്യറ്ററില്‍ നിലനിറുത്തുന്നതും 'ഈ ഞങ്ങളാ'ണെന്ന് തെമ്മാടിക്കൂട്ടം വീമ്പിളക്കുകയും, തങ്ങളുടെ പ്രിയതാരം തീയിലൂടെ അള്‍ട്രാ സ്ലോമോഷനില്‍ പറന്ന്‍ വരണം, വില്ലന്റെ വായിലേക്ക് തുപ്പലിനൊപ്പം സംഭാഷണവും തുപ്പണം, സര്‍വ്വോപരി പത്ത്‌ ഫ്രയിമില്‍ ഒന്‍പതിലും നിറഞ്ഞ് നില്‍ക്കണമെന്നൊക്കെ ആഗ്രഹിക്കുന്ന അതേ കാലത്താണ്, ബ്ലസി മോഹന്‍ലാലിനെ സംസാരിക്കുവാന്‍ പോലും ബുദ്ധിമുട്ടുന്ന, ശരീരം തളര്‍ന്ന മാത്യൂസാക്കി വീല്‍ ചെയറില്‍ തള്ളികൊണ്ട് വരുന്നത്.

പേരക്കുട്ടിയോടൊപ്പം താമസിക്കുവാനെത്തിയ അച്യുതമേനോന്‍ യാദൃശ്ചികമായി ലിഫ്റ്റില്‍ വെച്ച് ഗ്രേസിനെ കാണുന്നു, വര്‍ഷങ്ങള്‍ക്ക്‌ ശേഷം... ഗ്രേസും അച്യുതമേനോനും ഒരിക്കല്‍ പ്രണയത്തിലായിരുന്നു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മാത്യൂസാണ് ഗ്രേസിന്റെ ഭര്‍ത്താവ്‌. കുടുംബം, കുടുംബ ബന്ധങ്ങള്‍ , ബന്ധങ്ങളുടെ മൂല്യം, അവയിലെ ഇഴയടുപ്പവും അകല്‍ച്ചയും എന്നിങ്ങനെ മുന്‍പും പലപ്പോഴായി ബ്ലെസ്സിയുടെ ചിത്രങ്ങളിലെ പ്രമേയ പരിസരങ്ങള്‍ തന്നെയാണ് ഈ 'പ്രണയ'വും പങ്കുവെക്കുന്നത്.

ഇത്ര മിഴിവുള്ള മുഖ്യ സ്ത്രീ കഥാപാത്രവും ആ കഥാപാത്രത്തിന്റെ മികച്ച അവതരണവും കുറേനാള്‍ കൂടിയാണ് ഒരു മലയാള ചിത്രത്തില്‍ കാണുവാന്‍ അവസരമുണ്ടാകുന്നത്. ഇന്ത്യയിലെ ഏറ്റവും അഴകുള്ള അഭിനേത്രിയെന്നു സത്യജിത്‌ റായ്‌ ഒരിക്കല്‍ വിശേഷിപ്പിച്ച ജയപ്രദയാണ് ഗ്രേസിനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിലേറെ മുന്‍പ്‌ പുറത്തുവന്ന ബ്ലസിയുടെ തന്നെ 'ഭ്രമര'മാണ് മോഹന്‍ലാല്‍ എന്ന നടനെ ഓര്‍ക്കാവുന്ന സമീപകാലത്തെ ഒരു ചിത്രം. വലത് വശം തളര്‍ന്ന മാത്യൂസിനെ നിയന്ത്രിതമായ ചലനങ്ങളോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്യൂസിനെ മെത്തേഡ്‌ ആക്ടിംഗിന്റെ അപ്പോസ്തലന്മാരായ നടന്മാര്‍ കാഴ്ചവെച്ച ചില പൂര്‍വ്വ മാതൃകകളുമായി ആരെങ്കിലും താരതമ്യത്തിന് ശ്രമിക്കുമോ എന്നറിയില്ല. മാസങ്ങളുടെയോ വര്‍ഷങ്ങളുടേയോ വിശദമായ തയ്യാറെടുപ്പുകളോടെ രൂപം പ്രാപിക്കുന്ന ആ കഥാപാത്രങ്ങളും മാത്യൂസും കളിക്കുവാനിറങ്ങുന്ന ഇടങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗും ഐ-ലീഗും തമ്മിലുള്ള വ്യത്യാസമുണ്ട്.

കഥാപാത്രം ഊമയാണെങ്കില്‍ മാത്രം ഇനി മലയാളത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് ഓംപുരി പറഞ്ഞിട്ട് ഏറെ നാളാകുന്നതിന് മുന്‍പ് തന്നെ അതേ ലീഗില്‍ നിന്നും ഒരാള്‍ , അനുപം ഖേര്‍ കടം കൊണ്ട റിസബാവയുടെ ശബ്ദവുമായി 'പ്രണയ'ത്തില്‍ അച്യുതമേനോനാകുന്നു. മലയാളം വഴങ്ങുന്നില്ല എന്നത് അനുപം ഖേറിന്റെ അച്യുതമേനോനെ ബാധിച്ചിട്ടുമുണ്ട്. എങ്കിലും മലയാളത്തിലെ തന്റെ അനുഭവത്തെ കുറിച്ചും ബ്ലസിയെന്ന സംവിധായകനെ കുറിച്ചും അദ്ദേഹം വാചാലനായതും, ബോളിവുഡില്‍ താന്‍ മലയാള സിനിമയുടെ അംബാസിഡര്‍ ആയിരിക്കുമെന്ന് പറഞ്ഞതും ഏതൊരു മലയാള ചലച്ചിത്ര പ്രേമിക്കും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

ഗുരു കാരണവന്മാര്‍ക്കുള്ള കൃപ പലപ്പോഴും പിള്ളേര്‍ക്ക് ഉണ്ടാകണമെന്നില്ലെന്ന് പറയുന്നതുപോലെയാണ് ചിത്രത്തിലെ അഭിനേതാക്കളായ ഇളംതലമുറയുടെ കാര്യം, എല്ലാവരേയും ഉദ്ദേശിച്ചില്ല കെട്ടോ. തന്റെ സ്ഥായീഭാവമല്ലാതെ മറ്റേതെങ്കിലും ഒരു ഭാവം മുഖത്ത്‌ വിരിയിക്കുന്നതില്‍ ഈ ചിത്രത്തിലും അനൂപ്‌ മേനോന്‍ പരാജയപ്പെട്ടുവെന്ന് ഖേദപൂര്‍വ്വം പറയട്ടെ. സംഭാഷണം തെറ്റാതെ പറയുന്നതാണ് അഭിനയമെന്ന് ധരിച്ച് വശായ വേറെയും ചിലരുണ്ട് ചിത്രത്തില്‍ . വൃത്തിയായി ജോലി ചെയ്ത മൂന്ന്‍ പേരുടെ ചുറ്റിലുമായി കഥ വളരുന്നത് കൊണ്ട് വലിയ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല എന്നതാണ് ആശ്വാസം.

ക്യാമറകൊണ്ട് എങ്ങനെയെങ്കിലും എന്തെങ്കിലുമൊക്കെ പകര്‍ത്തിയാല്‍ അത് സിനിമയായെന്ന് ധരിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഏറെയുണ്ടെന്ന് പറഞ്ഞു യുട്യൂബിന് തന്നെ മടുത്തിരിക്കുന്നു. ഈ ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരുടെ മികച്ച ശ്രമം സാധാരണ ചലച്ചിത്ര പ്രേക്ഷകന് പോലും വ്യക്തമാകുന്നതാണ്. സ്വതന്ത്ര ഛായാഗ്രാഹകനായി കേവലം രണ്ടാമത്തെ ചിത്രം മാത്രമാണ് സതീഷ്‌ കുറുപ്പിന്റെത്. ക്യാമറകൊണ്ടുള്ള വര തനിക്ക്‌ അറിയാമെന്ന് 'അന്‍വറി'ല്‍ തന്നെ കുറുപ്പ് തെളിയിച്ചതുമാണ്. 'ഭ്രമര'ത്തില്‍ ഒറിജിനലിനെ വെല്ലുന്ന ലോറിക്കാരുടെ മറുനാടന്‍ കുളിപ്പുരകള്‍ ഒരുക്കിയ കലാസംവിധായകനായ പ്രശാന്ത്‌ മാധവ് തന്നെയാണ് ഈ ചിത്രത്തിലും കലാസംവിധായകനായി പ്രവര്‍ത്തിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ സുന്ദരമായ 'കടാപ്പുറവും' സെമിത്തേരിയും 'ഒള്ളത് തന്നെ'യെന്ന് ചോദിച്ച് പോകും.

മുഖ്യധാരാ ചിത്രങ്ങളിലെ സംഭാഷണങ്ങളിലൂന്നിയ പതിവ് അവതരണ രീതി പിന്തുടരുന്ന ചിത്രമാണ് 'പ്രണയ'വും. ദൃശ്യങ്ങളെ വിഴുങ്ങുന്ന സംഭാഷണങ്ങള്‍ . സ്വാഭാവികമായും ചിത്രത്തിന്റെ ദൈര്‍ഘ്യം താരതമ്യേന കൂടുതലാണ്. പലപ്പോഴും ചിത്രത്തിലെ ഇതിവൃത്തത്തിന്റെ ഒഴുക്ക് പ്രവചനീയമാണ്. ഇതായിരിക്കണം കഥാപാത്രങ്ങളുടെ മുറിവ് പലപ്പോഴും കഥാപാത്രങ്ങളുടേത് മാത്രമായി ഒതുങ്ങി പോകുന്നതിന് കാരണം.

ഏതാണ്ട് എല്ലാ സംവിധായകര്‍ക്കും അവരവരുടേതായ ശൈലിയും ഇഷ്ടങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും അവ തെളിഞ്ഞു നില്‍ക്കുകയും ചെയ്യും, കുപ്രസിദ്ധമായ 'നീരദിയന്‍ സ്ലോ മോഷന്‍' പോലെ. ഊഷ്മളവും സൌഹാര്‍ദ്ദപരവുമായ പിതൃ-പുത്ര ബന്ധം ബ്ലസി ചിത്രങ്ങളിലുണ്ട്. സ്വന്തം മകനല്ല എങ്കിലും 'കാഴ്ച'യില്‍ മാധവനും കൊച്ചണ്ടാപ്രിയും, 'തന്മാത്ര'യില്‍ രമേശന്‍ നായരും രമേശന്‍ നായരുടെ അച്ഛനും. 'തന്മാത്ര'യിലെ പിതാവിനേയും പുത്രനേയും ഓര്‍മ്മിപ്പിക്കുന്നുണ്ട്, 'പ്രണയ'ത്തിലെ അച്യുതന്‍ നായരും മകനും. പാളിപ്പോയ 'കല്‍ക്കത്ത ന്യൂസ്' ഒഴികെ ബ്ലസിയുടെ എല്ലാ ചിത്രങ്ങളും വികസിക്കുന്നത് ഒരു കുടുംബത്തിന്റെ അകത്തളത്തിലാണ്. അച്ഛനും അമ്മയും മകളുമുള്ള കൊച്ചു കുടുംബങ്ങള്‍ ('തന്മാത്ര'യിലെ രമേശന്‍ നായര്‍ക്ക്‌ ഒരു മകനും കൂടിയുണ്ട്). തീര്‍ത്തും വ്യത്യസ്തമായ ഗണത്തില്‍പ്പെട്ട ചിത്രമായ 'ഭ്രമര'ത്തില്‍ പോലും മുഖ്യ കഥാപാത്രങ്ങള്‍ രണ്ടു പേരുടേയും കുടുംബങ്ങളുടെ വാര്‍പ്പ്‌ മാതൃക മേല്‍ സൂചിപ്പിച്ചത് തന്നെ. ഏതു ചിത്രത്തെ കുറിച്ചും ആത്യന്തികമായി ചിത്രം മികച്ചതാണോ അല്ലയോ എന്നതാണ് വിലയിരുത്തേണ്ടത് എന്നറിയാം. എങ്കിലും 'പ്രണയ'ത്തിലെ ഒരു ചിത്രം താഴെ കൊടുക്കുന്നു...


ബ്ലെസിയുടെ തന്നെ കൊച്ചു ചിന്താവിഷയങ്ങളും ജീവിത ദര്‍ശനങ്ങളുമായിരിക്കണം പലപ്പോഴും ബ്ലെസിയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകരോടായി പങ്കുവെക്കാറുള്ളത്. എങ്കിലും 'തന്മാത്ര'യിലെ രമേശന്‍ നായരെപ്പോലെ പ്രഗത്ഭരായ ചിലര്‍ ഇടക്ക്‌ കയറി പ്രസംഗിച്ച് മുഷിപ്പിക്കാറുണ്ട്. പ്രണയത്തെ കുറിച്ചുള്ള ചില ഉദ്ധരിണികള്‍ നിറയുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍. സംഭാഷണങ്ങളില്‍ 'സന്തോഷങ്ങളുടെ തുടര്‍ച്ചയാകണം ജീവിതം' എന്നിങ്ങനെ സുഖമുള്ള ചില മുകുളങ്ങളുമുണ്ട്.

കണ്ടു പരിചയിച്ച വാര്‍പ്പ്‌ മാതൃകയില്‍ അല്ലാതെ കഥാപാത്രങ്ങള്‍ , ഇതിവൃത്തം എന്നതാണ് 'പ്രണയ'ത്തിന്റെ സുഖം. അതിന് പിന്‍ബലമായി മികച്ച അഭിനേതാക്കള്‍ കൂടിയാകുമ്പോള്‍ കേവലം 'ധനനഷ്ടം-ദ്രവ്യനഷ്ടം-സമയനഷ്ടം-മാനഹാനി' ചിത്രങ്ങള്‍ കാണേണ്ടി വരുന്നതിനേക്കാള്‍ ഇത് എത്രയോ ഭേദപ്പെട്ടത്, മികച്ചത്. എങ്കിലും 'കാഴ്ച'യും 'തന്മാത്ര'യും പോലെ ഒരു നോവോ, അനുഭവവോ 'ഭ്രമരം'പോലെ കടുത്ത 'ഇമേജറി'യോ 'പ്രണയം' ബാക്കിവെക്കുന്നില്ല. 'പ്രണയ'ത്തിന് 'പ്രണയ'മാകാനല്ലേ കഴിയൂ :)

ആകെത്തുക:
മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള, വാര്‍പ്പ്‌ മാതൃകയില്‍ അല്ലാതെ ഒരു ചിത്രം. Recommended...