May 21, 2012

സര്‍വ്വസുഗന്ധിയായ മഞ്ചാടി കാറ്റ്‌

ആദ്യമേ പറയട്ടെ, ഇതൊരു ചലച്ചിത്രാസ്വാദനമോ ചിത്രത്തെക്കുറിച്ചുള്ള കുറിപ്പോ അല്ല... ഏറെ നാള്‍ കൂടി ഒരു ചിത്രത്തിനോട് വ്യക്തിപരമായി വലിയൊരു ഇഷ്ടം തോന്നുന്നു, ശരിക്കും 'വല്ലാത്തൊരിഷ്ടം'!!! :)

ഒമ്പതാംതരം വാര്‍ഷിക പരീക്ഷയിലെ അവസാന പരീക്ഷ, 'രണ്ടാംതരം' കണക്ക്‌ പരീക്ഷയുടെ തലേന്ന് സന്ധ്യക്കാണ്, അച്ചിച്ഛന്‍ മരണപ്പെടുന്നത്. തീര്‍ത്തും ആകസ്മികമൊന്നുമായിരുന്നില്ല അച്ചിച്ഛന്‍റെ മരണം. അതിന് മുന്‍പ്‌ പലപ്പോഴും കൃത്യമായ ഇടവേളകളില്‍ , ഒരു വേര്‍പാടിന്‍റെ സാധ്യതകള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുടെ വിവിധ രൂപങ്ങളില്‍ അമ്മയുടെ തറവാട്ടിലെ തളത്തില്‍ ചുവരുംചാരി നിന്നിരുന്നു. ഒമ്പതാംതരത്തില്‍ പഠിച്ചുകൊണ്ടിരുന്ന എന്നെ അച്ചിച്ഛന്‍റെ വേര്‍പാട് കാര്യമായി അലോസരപ്പെടുത്തിയിരുന്നില്ല.

അച്ഛന്‍റെ ചെറുപ്പത്തിലേ, അച്ഛമ്മ പോയിരുന്നു. അച്ഛന് കൂട്ടായി അമ്മയെത്തി അധിക നാളാകും മുന്‍പേ അച്ചാച്ഛനും മരണപ്പെട്ടു. അങ്ങനെയുള്ള എനിക്ക് അച്ചിച്ഛനോട് വല്ലാത്തൊരു ഇഷ്ടമുണ്ടാകേണ്ടതാണ്, മുഖമടച്ചിരുന്ന് കരയേണ്ടതാണ്... പക്ഷേ, കുടുംബത്തിനെ ചൂഴ്ന്നുനിന്ന കടുത്ത ദാരിദ്രത്തിന്‍റെ കരിമ്പടം നീക്കുന്ന അധ്വാനശീലങ്ങളില്‍ ചിരിയും വാല്‍സല്യവും സ്നേഹവും എപ്പോഴോ ആ പാവം മറന്നുപോയിരിക്കണം. അമ്മയുടെ തറവാട്ടിലെ തെക്കേ പറമ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ, പടിഞ്ഞാറ്റ് വാതിലിന്‍റെ ഓടാമ്പല്‍ നീക്കി, തല പുറത്തേക്കിട്ട്, ദേഷ്യത്തോടെ 'കളിനിര്‍ത്തി വീട്ടിപോയിനെടാ... എല്ലാം' എന്ന് വിളിച്ച് പറയുന്ന അച്ചിച്ഛനാണ് എന്‍റെ എന്നത്തേയും ഓര്‍മ്മ. എങ്കിലും എന്‍റെ മുന്‍ തലമുറയില്‍ നിന്നും കിട്ടാതെപ്പോയ എല്ലാം സ്നേഹവും വാല്‍സല്യവും സ്വരുകൂട്ടി സ്വരുകൂട്ടിവെച്ച് ഒരാള്‍ അതാവോളം എന്നും തന്നിരുന്നു, അമ്മിണി അമ്മൂമ്മ... അന്ന് സന്ധ്യക്ക് അച്ചിച്ഛനെ മടിയില്‍ കിടത്തി വായില്‍ വെള്ളം പകര്‍ന്നു നല്‍കിയ, മുറിയുടെ മൂലയില്‍ അന്ന് രാത്രി മുഴുവന്‍ കരഞ്ഞു തളര്‍ന്നെപ്പോഴോ തല ചാച്ചുറങ്ങിയ അമ്മിണി അമ്മൂമ്മ!

അമ്മയും ചേച്ചിയും വീടിന്‍റെ തളത്തിലുണ്ട്. മാമന്മാര്‍ പലരും സ്ഥലത്തില്ല. അച്ഛന്‍ പിറ്റേദിവസത്തെ ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നു. ആളും ബഹളവും കണ്ടുവിരണ്ട് അകറി കരഞ്ഞ ചെറേമ്മയുടെ മകന്‍ , ഉണ്ണിക്കുട്ടന്‍ എന്‍റെ തോളില്‍ തളര്‍ന്നുറങ്ങി. വന്നുപോയികൊണ്ടിരുന്ന നാട്ടുകാരുടേയും ബന്ധുക്കളുടേയും സൗകര്യാര്‍ത്ഥം മുറ്റത്തേക്കിട്ട സോഫയില്‍ അന്ന് രാത്രി ഉണ്ണിക്കുട്ടനേയും കെട്ടിപ്പിടിച്ചുകിടന്ന് ഞാനുറങ്ങി.

പിറ്റേന്ന് അതിരാവിലെ തന്നെ ആരൊക്കെയോ ചേര്‍ന്ന്‍ എന്നെ വിളിച്ചുണര്‍ത്തി, പരീക്ഷയുടെ കാര്യം ഓര്‍മ്മപ്പെടുത്തുകയും പരീക്ഷ എഴുതാതിരിക്കരുതെന്ന് പറയുകയും ചെയ്തു. പിന്നീട് ജീവിതത്തിന്‍റെ കണക്കില്‍ ഒരുപാട് മൊട്ടകളിട്ടിട്ടുണ്ടെങ്കിലും കടലാസ്സിലെ കണക്ക്‌ പരീക്ഷകളില്‍ ഞാനെന്നും നല്ല വിജയങ്ങള്‍ തന്നെ നേടിയിരുന്നു. എത്ര പിശുക്കിയായ ടീച്ചര്‍ക്കും കൂടിപ്പോയാല്‍ രണ്ടോ മൂന്നോ മാര്‍ക്ക് മാത്രം ഇസ്കാന്‍ കഴിയുന്ന വിധത്തില്‍ സൈനും കോസും ടാനുമൊക്കെയായി കട്ടക്ക് കമ്പനിയായിരുന്ന കാലം. അതുകൊണ്ട് തന്നെ ഒരു പേജ് പോലും മറിച്ച് നോക്കാതെ, ഒന്നും ഓര്‍ത്തെടുക്കാന്‍ കൂടി നില്‍ക്കാതെ കേമമായി തന്നെ അന്നും കണക്ക് പരീക്ഷ എഴുതി.

മരണവിവരം സ്കൂളില്‍ അറിയിച്ചിരുന്നതുകൊണ്ട് നിര്‍ബന്ധിത സമയമില്ലാതെ, എഴുതി തീര്‍ന്നാല്‍ വീട്ടില്‍ പോയ്‌ക്കൊള്ളാന്‍ ടീച്ചര്‍ അനുവാദവും തന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ച് തറവാട്ട് വീട്ടിലെത്തിയപ്പോള്‍ അവിടെ ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ , മുറ്റം നിറയെ നാട്ടുകാരും ബന്ധുക്കളും, അച്ചിച്ഛന്‍റെ മക്കളുടെയും മരുമക്കളുടെയും സഹപ്രവര്‍ത്തകരും... ചടങ്ങുകള്‍ തീര്‍ന്നു. വന്നവരില്‍ ഭൂരിഭാഗവും തിരികെപ്പോയി. തറവാട്ട് വീട് അച്ചിച്ഛനില്ലാത്ത, നാമജപങ്ങളില്ലാത്ത സന്ധ്യയില്‍ , വളരെ നേരത്തെ ഉറങ്ങുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അടുത്ത ബന്ധുക്കള്‍ മിക്കവാറും എല്ലാവരുമുണ്ട്. അങ്ങനെ കാര്യമായ സങ്കടമൊന്നുമില്ലെങ്കിലും ഒട്ടും സന്തോഷമില്ലാതെ എന്‍റെ ഒരു വേനലവധിക്കാലം തുടങ്ങുന്നു...

ഉറങ്ങി തുടങ്ങിയ തറവാട്ട് വീടിനെ ഉണര്‍ത്തികൊണ്ട് തൊട്ടയല്‍പക്കത്ത്‌ നിന്നും വലിയ കരച്ചിലുകളും പിന്നാലെയൊരു വര്‍ത്തമാനവുമെത്തി. കുമാരന്‍ വൈദ്യര്‍ മരിച്ചു! അച്ചിച്ഛന്‍റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു, കുമാരന്‍ വൈദ്യര്‍ ... പെട്ടെന്ന്‍ തന്നെ വീണ്ടുമൊരു മരണവാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ നാട്ടുകാര്‍ക്ക് കുറച്ച് സമയമേടുക്കേണ്ടി വന്നു. ടോര്‍ച്ചെടുത്ത് അച്ഛന്‍ കുമാരന്‍ വൈദ്യരുടെ വീട്ടിലേക്കിറങ്ങിയപ്പോള്‍ ഞാനും കൂടെപ്പോയി. നെഞ്ച് പിടയുന്നതിന്‍റെ, കരച്ചിലിന്‍റെ, അടക്കം പറച്ചിലിന്‍റെ തനിയാവര്‍ത്തനങ്ങള്‍ ...

കുമാരന്‍ വൈദ്യരുടെ പേരകുട്ടി മനു എന്‍റെ കൂട്ടുകാരനാണ്. വൈദ്യരുടെ മറ്റൊരു പേരകുട്ടി മണിയുമതേ... അവരാരേയും അവിടെ കണ്ടില്ല. കണ്ണില്‍ ഉരുണ്ട് കളിക്കുന്ന ഉറക്കം അച്ഛന് അധികം താമസിയാതെ വീട്ടിലേക്ക്‌ പോകുവാന്‍ പ്രേരണയായി, എനിക്കും.

തറവാട്ട് വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ പോയവര്‍ പിന്നത്തെ ദിവസങ്ങളില്‍ വീട്ടില്‍ വന്നുംപോയുമിരുന്നു. കുമാരന്‍ വൈദ്യരുടെ വീട്ടില്‍ വന്നുപോയ ചിലര്‍ ഇങ്ങോട്ടുമെത്തി. ഇവിടെ വന്ന ചുരുക്കം ചിലര്‍ അങ്ങോട്ട്‌ പോയി. ഇങ്ങനെ വന്നുപോയവര്‍ക്ക്‌ പലപ്പോഴും ഞാന്‍ അകമ്പടിയായി. മനുവിനെ കണ്ടു, മണിയെ കണ്ടു, അരീക്കക്ക് അപ്പുറത്തുള്ള ലോഹി ചേട്ടന്‍റെ മകന്‍ ലോതിഷിനെ കണ്ടു. പണ്ടേ ഇവരെയെല്ലാം അറിയാം ഒരുമിച്ച് കളിക്കുകയും കസര്‍ത്തുകള്‍ കാണിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കുന്നത് കുമാരന്‍ വൈദ്യരുടെ വിശാലമായ പറമ്പിലാണെങ്കില്‍ , ഒളിച്ചും പാത്തും പതുങ്ങിയും എനിക്ക് വീട്ടില്‍ നിന്ന് രക്ഷപ്പെടണമായിരുന്നു. കളിക്കുന്നത് തറവാട്ടെ തെക്കേപ്പറമ്പില്‍ ആണെങ്കില്‍ പടിഞ്ഞാറ്റ് വാതിലില്‍ ഓടാമ്പല്‍ ഇഴുകി വീഴുന്നത് കാതോര്‍ത്ത് നില്‍ക്കണം. തേങ്ങലുള്ള വീടുകളിലെ മുറ്റങ്ങളുടെ അസ്വാരസ്യങ്ങളില്‍ നിന്നും പുതിയൊരു കളിസ്ഥലം കണ്ടെത്തണം. അന്നാളുകളില്‍ എപ്പോഴോ ആയിരുന്നു പുതിയ വെളിമ്പറമ്പുകളിലേക്ക് ആദ്യമായി ഞങ്ങളുടെ ശകടങ്ങള്‍ ചവിട്ടി കയറിയത്.

അച്ചിച്ഛന്‍റെ ശകാരങ്ങളില്ലാത്ത, അമ്മയുടെ സമയ നിഷ്കര്‍ഷകളില്ലാത്ത, ഒറ്റുകാരില്ലാത്ത, പൂമ്പാറ്റയും ബാലരമയും മറ്റൊരു പുസ്തകവുമില്ലാത്ത, പ്രത്യേകിച്ചൊരു സമയനിഷ്ഠയുമില്ലാത്ത കാലം... ടോംസോയര്‍ സാഹസങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അന്ന്‍ എപ്പോഴോ ആയിരുന്നു ഞാനൊറ്റക്ക് ഏറ്റവും അകലേക്ക്‌ സൈക്കിള്‍ ഓട്ടിച്ച് പോയത്‌, അന്ന് എപ്പോഴോ ആയിരുന്നു ഒളിപ്പിച്ച് കടത്തിയ തോര്‍ത്ത് മുണ്ടുമായി തൈക്കൂട്ടം കടവില്‍ പോയി കൂട്ടുകാരോടൊപ്പം രണ്ട് കുപ്പി നിറയെ പൊടിമീനുകളെ പിടിച്ചത്‌.. അന്ന് എപ്പോഴോ ആയിരുന്നു നിഷിദ്ധമായ ശീട്ട്കളി വശമാക്കിയത്... മറന്നുപോയ ഇതെല്ലാം ഞാനോര്‍ത്തത് ഒരു ചിത്രത്തിനകത്തിരുന്നായിരുന്നു, അഞ്ജലി മേനോന്‍റെ ആദ്യ ചിത്രം 'മഞ്ചാടിക്കുരു'. ഒരിക്കല്‍ വീണുകിട്ടിയൊരു കാലം സമാനമായ രീതിയില്‍ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ചുപോയി...


ബാല്യകാല കുസൃതികള്‍ ഇത്ര സുന്ദരമായി ആവിഷ്കരിച്ച ഒരു ചിത്രം സമീപകാലത്ത്‌ മലയാളത്തിലിറങ്ങിയിട്ടില്ല. നല്ല ചിത്രങ്ങളായിട്ടും അകാലത്തില്‍ തീയ്യറ്ററില്‍ മൃതിയടയേണ്ടി വരുന്ന ചിത്രങ്ങള്‍ക്ക്, ഡിവിഡികള്‍ ഇറങ്ങി കഴിയുമ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കണ്ണീര്‍ പൊഴിച്ചും വാഴ്ത്തുപ്പാട്ടുകള്‍ ഒരുപാട് കാണാറുണ്ട്‌. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ആരും ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ അത്തരം പോസ്റ്റുകള്‍ എഴുതുവാനായി കാത്തിരിക്കരുതെന്ന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഇത്തരം മൊഞ്ചുള്ള ചിത്രങ്ങള്‍ ഇനിയും വരാന്‍ ഇത്തരം കുഞ്ഞു'മഞ്ചാടി'കളെ നമ്മള്‍ വാരിയെടുക്കണം...