Nov 29, 2009

വീണ്ടും വിടർന്ന നീലത്താമര

സാമ്പത്തികമായി വൻവിജയങ്ങളായി ചരിത്രത്തിൽ ഇടം നേടിയ പഴയ ചിത്രങ്ങൾക്ക്‌ പുതിയ ഭാഷ്യങ്ങളും തുടർച്ചകളും ഭാഷാഭേദമന്യേ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്‌. കഥയുടെ കൃത്യമായ തുടർച്ചകളും (കിരീടം-ചെങ്കോൽ) കഥാപാത്രങ്ങളുടെ തുടർച്ചകളും (ദാസൻ-വിജയൻ trilogy :), സേതുരാമയ്യർ ചിത്രങ്ങൾ, ഇൻ-2 ഹരിഹർ നഗറുകൾ) നമുക്ക്‌ പരിചിതവുമാണ്‌. പക്ഷേ, വർഷങ്ങൾക്ക്‌ മുൻപ്‌ പുറത്തിറങ്ങിയ ഒരു ചിത്രത്തിന്റെ തിരക്കഥയെ ഉപജീവിച്ച്‌ പുതിയ ചിത്രം ഒരുക്കുന്നത്‌ മലയാളത്തിൽ ഇതാദ്യമായാണ്‌. 'മലയാള ചലച്ചിത്രത്തിന്റെ ആചാര്യൻ, എം.ടി, യുവതലമുറയുമായി കൈകോർത്ത്‌', 'നീലത്താമര' ഇന്നലെ വീണ്ടും വിരിഞ്ഞു, നീണ്ട മുപ്പത്‌ വർഷങ്ങൾക്ക്‌ ശേഷം...


1979-ലാണ്‌ യൂസഫലി കേച്ചേരിയുടെ സംവിധാനത്തിൽ 'നീലത്താമര' പുറത്തിറങ്ങുന്നത്‌. 'നീലത്താമര'യുടെ പഴയ തിരക്കഥ 'എന്റെ പ്രിയപ്പെട്ട തിരക്കഥ'കൾ എന്ന എം.ടിയുടെ തിരക്കഥാ സമാഹാരത്തിൽ ലഭ്യമാണ്‌. രണ്ടോ മൂന്നോ മാസങ്ങൾക്ക്‌ മുൻപ്‌ സൂര്യ ടിവി ആ പഴയ ചിത്രം സംപ്രേക്ഷണം ചെയ്തിരുന്നു. ചിത്രം പൂർണ്ണമായി കാണുവാനിടയായില്ല എങ്കിലും പൊടിതട്ടിയെടുക്കാൻ മാത്രമുള്ള തിളക്കം ഈ താമരയ്ക്കുണ്ടോ എന്നൊരു സന്ദേഹം മനസ്സിൽ ബാക്കി നിന്നിരുന്നു. 1979 തന്നെയാണ്‌ ഫ്ലാഷ്‌ ബാക്കിലൂടെ പറയുന്ന കഥയുടെ കാലം. കിഴക്കുംമ്പാട്ടെ മാളുക്കുട്ടിയമ്മയുടെ തറവാടിനടുത്ത്‌ ഒരു ക്ഷേത്രമുണ്ട്‌. നടയിൽ ദക്ഷിണവെച്ച്‌ ഉള്ളുരുകി പ്രാര്‍ത്‌ഥിച്ചാല്‍ അനുഗ്രഹമായി 'നീലത്താമര' വിരിയും എന്നാണ്‌ ആ നാട്ടുകാരുടെ വിശ്വാസം. തറവാട്ടിലെ പുതിയ വേലക്കാരിയാണ്‌ കുഞ്ഞിമാളു. നഗരത്തിൽ ഉയർന്ന വിദ്യാഭ്യാസവും കഴിഞ്ഞ്‌ വീട്ടിൽ തിരിച്ചെത്തുന്ന മാളുക്കുട്ടിയമ്മയുടെ ഏക മകൻ ഹരിദാസ്‌, വേലക്കാരത്തി കുഞ്ഞിമാളുവുമായി പ്രണയത്തിലാവുന്നു. ചിത്രത്തിന്റെ അതിലളിതമായ കഥാപരിസരം ഇതാണ്‌.

എം.ടിയുടെ കൈയക്ഷരങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ചിത്രത്തിൽ ടൈറ്റിലുകൾ ദൃശ്യമാവുന്നത്‌. എം.ടി തിരക്കഥകളിൽ പ്രമുഖമായ ഒന്നായി 'നീലത്താമര' ഇതുവരേയും എവിടേയും പരാമർശിച്ച്‌ കണ്ടിട്ടില്ല. എം.ടിയുടെ പഴയകാല തിരക്കഥകളിൽ ഏറ്റവും ലളിതമായ കഥാഖ്യാനവും ഈ ചിത്രത്തിന്റേതായിരിക്കണം. മലയാളത്തിലെ പുതു തലമുറ സംവിധായകരിൽ മറ്റാർക്കും തന്നെ ലഭിക്കാതിരുന്ന ഭാഗ്യമാണ്‌ 'നീലത്താമര'യിലൂടെ ലാൽജോസിന്‌ ലഭിച്ചത്‌. എം.ടിയുടെ തിരക്കഥയിൽ ലാൽജോസിന്റെ നോട്ടം ഹൃദ്യവുമായി.

നടി അംബികയുടെ ആദ്യചിത്രമായിരുന്നു, 'നീലത്താമര'. രവികുമാർ, സത്താർ എന്നിവരായിരുന്നു മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അന്ന് അവതരിപ്പിച്ചത്‌‌. പുതിയ 'നീലത്താമര'യിൽ പരിചിത മുഖങ്ങൾ തീർത്തും വിരളമാണ്‌. റീമ, സംവൃത സുനിൽ, കവി മുല്ലനേഴി, നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി തുടങ്ങിയവരെ ഒഴിച്ച്‌ നിർത്തിയാൽ മറ്റെല്ലാവരും പുതിയവര്‍ തന്നെ. മലയാള ചലച്ചിത്ര മേഖലയുടെ താരദാരിദ്രം ഇതോടെ തീരുന്നു എന്നായിരുന്നു അണിയറ പ്രവർത്തകരുടെ അവകാശവാദം. അർച്ചന, കൈലാസ്‌, സുരേഷ്‌ എന്നിവരാണ്‌ മുഖ്യ കഥാപാത്രങ്ങളാകുന്ന പുതുമുഖങ്ങൾ. അഭിനേതാക്കളെല്ലാം പൊതുവെ ഒരു നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്‌. കൂട്ടത്തിൽ അർച്ചനയും സംവൃത സുനിലും ഏറെ ഭംഗിയായിട്ടുണ്ട്‌ ചിത്രത്തിൽ.

കഥാപശ്ചാത്തലമാവുന്ന ഗ്രാമം യഥാതഥമായി തന്നെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌ (ഛായാഗ്രഹണം: വിജയ്‌ ഉലകനാഥ്‌, ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, കലാസംവിധാനം: ഗോകുൽ ദാസ്‌). പഴയ കാലഘട്ടങ്ങൾ ചലച്ചിത്രങ്ങളിൽ ചിത്രീകരിക്കപ്പെടുന്നതിൽ നിന്നും വ്യത്യസ്‌തമായി പൊതുവേ ഒരു മിതത്വം പാലിക്കുന്നുണ്ട്‌ ചിത്രത്തിലെ കലാവിഭാഗം. ചിത്രത്തിന്റെ ശബ്ദപഥം നിലവാരം പുലർത്തുന്നുണ്ട്‌. ചിത്രത്തിലൊരിടത്ത്‌ പശ്ചാത്തലമാവുന്ന കൊട്ടുപഠനത്തിന്റെ താളവും ശബ്‌ദമിശ്രണവും, ശബ്‌ദമായി മാത്രം ചിത്രത്തിൽ വരുന്ന ഭാഗവതരുടെ ആലാപനം, ഹരിദാസും കുഞ്ഞിമാളുമായുള്ള സംയോഗവേളയിൽ ടേപ്പ്‌ റിക്കോർഡറിൽ നിന്നും ഒഴുകുന്ന യേശുദാസിന്റെ 'സിദ്‌ നാ കരോ' എന്ന് തുടങ്ങുന്ന പഴയ ഹിന്ദി ഗാനം, നിശ്ശബ്‌ദമായ ഇടവേളകൾ എന്നിവ എടുത്ത്‌ പറയേണ്ടവയാണ്‌.

ചിത്രത്തിലെ ശബ്ദപഥം നല്ല നിലവാരം പുലർത്തുമ്പോഴും സമ്പുഷ്ടമായ പശ്ചാത്തല സംഗീതം പലപ്പോഴും ചിത്രത്തിന്‌ യോജിക്കുന്നില്ല. ചിത്രത്തിലെ കാലം പഴയതാണ്‌ എങ്കിൽ ഘോഷമായ 'synthesizer' സംഗീതത്തിനേക്കാൾ കൂടുതൽ ഇണങ്ങുക ആ കാലഘട്ടത്തിനനുസരിച്ച സംഗീതരീതികൾ ആയിരിക്കില്ലേ. 'സുബ്രഹ്മണ്യപുര'ത്തിലും ഇത്തരം ഒരു കല്ലുകടി അനുഭവപ്പെട്ടിരുന്നു. സിബി മലയിലിന്റെ 'ഇഷ്ടം' എന്ന ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തിന്റെ പഴയ കാല അനുരാഗത്തിലെ ഗാനത്തിൽ ഉപയോഗിച്ച orchestration എത്ര അനുയോജ്യവും ഹൃദ്യവുമായിരുന്നു എന്ന് ഈ അവസരത്തിൽ ഓർത്ത്‌ പോകുന്നു.

വയലാർ ശരത്ചന്ദ്രവർമ്മ (ശരത്‌ വയലാർ, കൊച്ച്‌ വയലാർ എന്നീ പരീക്ഷണ പേരുകൾ ഉപേക്ഷിച്ചുവോ കവി?) എഴുതി വിദ്യാസാഗർ ഈണം പകർന്ന ഗാനം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി കഴിഞ്ഞു. ചാനലുകൾ ഒരുപാട്‌ പാടിപ്പാടി മടുപ്പിച്ച്‌ തുടങ്ങിയെങ്കിലും ചിത്രത്തിന്റെ ആദ്യ നാളുകളിലെ സാമ്പത്തിക സ്‌ഥിതിയെ അത്‌ കാര്യമായി സഹായിക്കുന്നുണ്ട്‌. മലയാളം dictionary നോക്കി പാട്ടെഴുതുന്നതിനേക്കാൾ നല്ലത്‌ വരികൾ ലളിതമാക്കുക എന്ന തത്വം വീണ്ടും വിജയം കാണുന്നതിൽ സന്തോഷം.

ബഹുഭൂരിപക്ഷം വരുന്ന ലാൽ ജോസ്‌ ചിത്രങ്ങളുടെ എഴുത്തിലും ഒരു ചിത്രമുണ്ടാകും ('മീശ മാധവൻ' എന്ന എഴുത്തിലെ മീശയും, 'രസികനി'ലെ വിരലുകളും, 'അച്ഛനുറങ്ങാത്ത വീട്ടി'ലെ വീടും, 'അറബിക്കഥ'യിലെ അറബിയേയും ഓർക്കുമല്ലോ). മുൻപ്‌ അത്‌ നല്ലതെന്നോ ചീത്തയെന്നോ വിലയിരുത്തിയാലും ഇല്ലെങ്കിലും 'നീലത്താമര' എന്ന എഴുത്തും, എഴുത്തിലെ കോങ്കണ്ണും കോടിയ മുഖവും വളരെ മോശം എന്നതിന്‌ എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല. ചെറുതല്ലാത്ത ഇത്തരം മേഖലകളിൽ ലാൽജോസിനെപ്പോലെ ഒരു സംവിധായകന്റെ ശ്രദ്‌ധ വേണ്ടത്ര പതിയുന്നില്ല എന്നുള്ളത്‌ അത്യന്തം ഖേദകരമായ വസ്‌തുതയാണ്‌.

പ്രസിദ്‌ധനായ പരസ്യ ചിത്രസംവിധായകൻ പ്രകാശ്‌ വർമ്മ 'നീലത്താമര'യുടെ promo song സംവിധാനം ചെയ്യുന്നു എന്ന വലിയ വാർത്ത പത്രമാധ്യമങ്ങൾ ഉത്സവമാക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ്‌ youtube-ൽ promo കണ്ടത്‌. ആദ്യ കാഴ്ചയിൽ തന്നെ 'വർമ്മ ടച്ചൊ'ന്നും അതിനില്ല എന്ന് മനസ്സിലായി. ഹരി നായരാണ്‌ ചിത്രത്തിന്റെ പുറത്ത്‌ വന്നിരിക്കുന്ന promo ഒരുക്കിയത്‌. ഇനിയും പ്രോഫഷണൽ ആകാത്ത നമ്മുടെ യൂണിയൻ ചലച്ചിത്രരംഗമാണോ വർമ്മയെ ഓടിച്ച്‌ വിട്ടത്‌. ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ ഒരു പൊതുതാൽപ്പര്യഹർജി സമർപ്പിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. :)

സ്വയം വലിയ ശരികളും തമാശക്കാരുമായി അഭിരമിക്കുന്ന, അവതരിക്കുന്ന പുതിയ മലയാളിയുടെ ഒപ്പമിരുന്ന് റിലീസിന്‌ ചിത്രം കാണുവാൻ ഇറങ്ങിപ്പുറപ്പെടുന്നത്‌ വലിയ ഒരു സാഹസം തന്നെയായി തുടരുകയാണ്‌. തീയ്യേറ്ററിൽ ഫോണീലൂടെ ബിസ്സിനസ്സ്‌ ഡീൽ ഒരുക്കുന്നവർ, വാക്കുകളിലും വാചകങ്ങളിലും അശ്ലീലത്തിന്റെ ദ്വയാര്‍ത്‌ഥ സാദ്‌ധ്യതകൾ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നവർ, സംവിധായകൻ അര്‍ത്‌ഥവത്തായി ഒരുക്കുന്ന ചെറിയ മൗനവും ആസനത്തിൽ മൂലക്കുരുവിനേക്കാൾ വലിയ വേദനയായി അനുഭവിക്കുന്നവർ. താൻ ആഗ്രഹിച്ച വഴിയേ അല്ലാതെ കഥ എങ്ങാനും നടന്ന് പോയാൽ തൊണ്ടയുടെ ചൊറിച്ചിൽ മാറ്റാൻ വെമ്പൽ കൊള്ളുന്ന പ്രേക്ഷകാ, കാഴ്‌ചക്കും ഒരു സംസ്‌ക്കാരമുണ്ട്‌ എന്ന് വല്ലപ്പോഴും ഓർക്കുന്നത്‌ നല്ലതാണ്‌.

ചിത്രത്തിന്റെ പരസ്യ വാചകങ്ങളിലൊന്ന് ഇതാണ്‌. '30 വർഷങ്ങൾക്കപ്പുറം അവർ കണ്ടുമുട്ടി... ചാരം മൂടികിടന്ന ഓർമ്മകളുടെ കനലുകളെ ഇളംകാറ്റ്‌ ഊതി ഉണർത്തി'. ലളിതമായ, വെട്ടിതിരിയലുകളും ബഹളങ്ങളും അട്ടഹാസങ്ങളും ഇല്ലാത്ത ഒരു കഥയ്ക്ക്‌, ഇളംകാറ്റ്‌ പോലെ ഒരു ആഖ്യാനം. പക്ഷേ, junk food-ന്റെ കാലത്തിൽ ഈ organic recipe ആസ്വദിക്കുവാൻ പ്രേക്ഷകൻ എത്രത്തോളം ശ്രമിക്കും എന്നത്‌, നമ്മൾ കാത്തിരുന്നു കാണുക തന്നെ വേണം.

അനുബന്ധം: വർഷങ്ങൾക്ക്‌ മുൻപ്‌ സന്തോഷ്‌ ശിവൻ, വിൻസന്റ്‌ മാസ്‌റ്ററുടെ 'ഭാർഗ്ഗവീനിലയ'ത്തിനെ പുനസൃഷ്‌ടിക്കുന്നു എന്ന വാർത്ത പുറത്ത്‌ വന്നിരുന്നു. എന്തുകൊണ്ടോ, ആ ശ്രമം അധികം മുൻപോട്ട്‌ പേയില്ല. 'നീലത്താമര' ഒരു വിജയം ആവുകയാണെങ്കിൽ മലയാളത്തിൽ പഴയ കഥകൾക്ക്‌ പുതിയ രൂപങ്ങൾ ഇനിയും സംഭവിച്ചെന്നിരിക്കും...

Nov 14, 2009

ചലച്ചിത്രോത്സവ വിളംബരം

വീണ്ടും ഒരു ഡിസംബര്‍ വരികയാണ്‌. ചിത്രമരങ്ങള്‍ പൂത്തുലയുന്ന ഡിസംബര്‍. പതിനാലാമത്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‌ ഡിസംബറിലെ പതിനൊന്നാം പകലില്‍ തിരുവനന്തപുരത്ത്‌ തുടക്കമാവും.


പതിനാലാം ചലച്ചിത്രോത്സവത്തേയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളേയും കുറിച്ച്‌ അറിയുന്നതിനും, പ്രതിനിധികളായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സന്ദര്‍ശിക്കുക.
http://iffk.in
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി: നവം. 30

ഉത്സവ പാച്ചില്‍ തുടങ്ങുവാനിരിക്കേ ചിത്രനിരീക്ഷണത്തില്‍ ഞാന്‍ പങ്കുവെച്ച പഴയ ഒരു ഓര്‍മ്മ ഒരിക്കല്‍കൂടി പ്രസിദ്‌ധീകരിക്കുന്നു.

ചലച്ചിത്രോത്സവത്തില്‍ നിന്നും ചലച്ചിത്രോത്സവത്തിലേക്കുള്ള ദൂരം
Posted on 07 December, 2007

കണ്ടിരിക്കേണ്ട, കാണാന്‍ കൊള്ളാവുന്ന നല്ല ചിത്രങ്ങളെ കാണുവാന്‍ പ്രേരിപ്പിക്കുക എന്നതാകുന്നു 'ചിത്രനിരീക്ഷണ'ത്തിന്റെ ഉദ്ദേശ്യം. ചലച്ചിത്രങ്ങളും ചലച്ചിത്രോത്സവങ്ങളും ഇവയുമായി ബന്‌ധപ്പെട്ട ഓര്‍മ്മകളും ഇവിടെ പ്രതീക്ഷിക്കാം.

കഴിഞ്ഞ കുറേ ദിവസങ്ങളില്‍ നിരീക്ഷണ കൗതുകങ്ങള്‍ ചൂടോടെ വിളമ്പുവാനായി ഈയുള്ളവന്‍ 'ബ്ലാക്കി'ല്‍ ടിക്കറ്റ്‌ വില്‍ക്കുന്നവന്റെ പ്രിയപ്പെട്ടവനാകുകയും, നിഷ്‌ഠൂരമായ ചില വധശ്രമങ്ങള്‍ക്ക്‌ 'ഇരുന്നു'കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ജോലി, 'ഭാര'മായതിനാലും മടി പൊന്നുകൂടപിറപ്പായതിനാലും കാഴ്‌ചക്കപ്പുറം ഒന്നും സംഭവിച്ചില്ല.

'മൈറ്റി ഹാര്‍ട്ട്‌' എന്ന ഒരൊറ്റ ചിത്രമൊഴികെ മറ്റൊന്നും തന്നെ പരാമര്‍ശം അര്‍ഹിക്കുന്ന ചലച്ചിത്രങ്ങളും (സാവരിയ, ഓം ശാന്തി ഓം, വേല്‍, ഒരേ കടല്‍) ആയിരുന്നില്ല. പത്രപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിന്റെ തിരോധാനവും അന്വേഷണങ്ങളും തുടര്‍ന്നുള്ള മരണവുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

തലസ്‌ഥാന നഗരിയിലേക്കുള്ള പാതിരാവണ്ടികളിലൊന്നില്‍ ഉറക്കം തൂങ്ങുന്ന മിഴികളുമായി ഇതാ വീണ്ടും ഒരു യാത്ര, കൃത്യം ഒരു വര്‍ഷത്തിനുശേഷം. നാളെയാണ്‌ (ഡിസം.7) കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മാമാങ്കം കൊടികയറുന്നത്‌.

കഴിഞ്ഞ വര്‍ഷം സുഹൃത്ത്‌ ജോസിനൊപ്പമായിരുന്നു ചലച്ചിത്രോത്സവത്തിലേക്കുള്ള യാത്ര. ഒരാഴ്‌ചയിലെ തിരുവനന്തപുരം വാസം, പ്രീ-ഡിഗ്രി ക്ലാസ്സിലെ സഹ-ബഞ്ചുകാരനും സഹ-നോട്ടക്കാരനും സര്‍വ്വോപരി സഹ-ചാട്ടക്കാരനുമായ, നെല്ലായിക്കാരന്‍ വിബിന്‍ ഏര്‍പ്പാട്‌ ചെയ്‌തിരുന്നു. തിരുവനന്തപുരത്തെ software company-കളിലൊന്നില്‍ table-നു മുകളില്‍ CSS വിരിക്കുന്ന പണിയാണ്‌ അവന്‌.

വിബിന്‍ പറഞ്ഞതനുസരിച്ച്‌ പുറപ്പെടും മുന്‍പ്‌ ലോഡ്ജിന്റെ മാനേജര്‍ (ടി കക്ഷിയുടെ പേര്‌ ഓര്‍മ്മയില്ല. തത്ക്കാലം ബാബു എന്ന് വിളിക്കാം.) ബാബുവിനെ വിളിച്ചിരുന്നു. തന്റെ കാര്യം ഞാന്‍ ഏറ്റെന്നും ധൈര്യമായി പോരെന്നും പറഞ്ഞപ്പോഴും ബാബുവിനെ നേരിട്ട്‌ അറിയില്യാട്ടാ എന്ന് വിബിന്‍ പറഞ്ഞപ്പോഴും അതില്‍ ഒരു ഏനക്കേട്‌ feel ചെയ്യാതിരുന്നത്‌ എന്റെ മനസ്സിന്റെ വിശുദ്‌ധികൊണ്ടോ, നൈര്‍മല്യം കൊണ്ടോ ആയിരുന്നില്ല, മറിച്ച്‌ പ്രായോഗിക ബുദ്‌ധിക്ക്‌ പലപ്പോഴും പാസ്സ്‌മാര്‍ക്ക്‌ പോലും കിട്ടാറില്ല എന്ന ഒറ്റ കാരണം കൊണ്ടായിരുന്നു.

വെളുപ്പിന്‌ നാലരയോടടുത്ത്‌ വണ്ടി തിരുവനന്തപുരം സ്‌റ്റേഷനിലെത്തി. 'താമസിക്കാനൊരു മുറി' കാത്തിരിക്കുന്നുണ്ട്‌ എന്ന ഒറ്റ അഹങ്കാരത്തിന്റെ പുറത്ത്‌, സ്ട്രീറ്റ്‌ ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തില്‍ ചലച്ചിത്രോത്സവത്തിന്റെ കമാനങ്ങളും പട്ടുകുടകളും വര്‍ണ്ണ പോസ്‌റ്ററുകളും നോക്കി, ഓടിച്ചിട്ടുള്ള ഉറക്കത്തിനായി, മാനേജര്‍ ബാബുവിന്റെ വാക്കുകളുടെ ഓരം പറ്റി ഞങ്ങള്‍ നടന്നു.

മെയിന്‍ റോഡില്‍ നിന്നും വലതുവശത്തേക്ക്‌ വെട്ടിതിരിയുന്ന കയറ്റം. റോഡിന്റെ വശങ്ങളില്‍ അടഞ്ഞു കിടക്കുന്ന പാളിവെച്ച ചെറിയ കടകള്‍. അവയ്‌ക്കൊന്നിനും കൃത്യമായ തുടക്കമോ ഒടുക്കമോ ഉള്ളതായി തോന്നിയില്ല. രണ്ടു ചുമരുകള്‍ക്കിടയിലെ ഇടുക്കിലൂടെ നൂണ്ട്‌ സിനിമാ തിയ്യേറ്ററിലെ ടിക്കറ്റ്‌ കൗണ്ടര്‍ ഇടനാഴിയിലേക്കെന്ന പോലെ ഞങ്ങള്‍ ഇറങ്ങി. പത്തടി അപ്പുറത്തെ അരമതിലും ചാരി ഒരാള്‍ ഞങ്ങളേയും കാത്തുനില്‍ക്കുന്നു. മാനേജര്‍ ബാബു സ്വയം പരിചയപ്പെടുത്തി റിസപ്‌ക്ഷനിലേക്ക്‌ കയറി.

റിസപ്‌ക്ഷനില്‍ ഒരു സീറോ വാട്ട്‌ ബള്‍ബ്‌ മാത്രം മിന്നുന്നു..! ചിന്തേരു കണ്ടിട്ടില്ലാത്ത മേശയില്‍ അടിച്ച്‌ ശബ്‌ദമുണ്ടാക്കി ബാബു ആരെയോ വിളിച്ചു. മേശയ്‌ക്ക്‌ അടിയില്‍ നിന്നും ഉടുമുണ്ട്‌ തപ്പിക്കൊണ്ട്‌ കറുത്ത്‌ ഒരു രൂപം പ്രത്യക്ഷമായി.

മേല്‍വിലാസം രാവിലെ കുറിച്ചു തന്നാല്‍ മതിയെന്നും ഇപ്പോള്‍ പോയി വിശ്രമിക്കെന്നും പറഞ്ഞ്‌ ബാബു റിസപ്‌ക്ഷനിസ്‌റ്റിന്‌ (?) എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

'ബ്ലാക്ക്‌ മോളി'ക്കാണോ നമ്മുടെ റിസപ്‌ക്ഷനിസ്‌റ്റിനാണോ നിറം എന്ന് ചോദിച്ചാല്‍, അതിന്‌ 'ബ്ലാക്ക്‌ മോളി' വെളുത്തതല്ലേ എന്ന് പറയേണ്ടിവരും.

'താമസിക്കാനുള്ള മുറി' തുറക്കപ്പെട്ടു. എന്റെ പഴയ തറവാട്ടിലെ toilet-നു പോലും അതിലും നല്ല വാതിലായിരുന്നു എന്നതാണ്‌ സത്യം. സ്‌കൂളിലെ ബഞ്ചിനേക്കാള്‍ ഒന്ന് രണ്ട്‌ ഇഞ്ച്‌ വീതികൂടുതലുള്ള രണ്ട്‌ കട്ടിലുകളായിരുന്നു അതിനകത്ത്‌ ആകെ ഉണ്ടായിരുന്നത്‌. മുറിയിലാകെ 40 വാട്ട്‌ ബള്‍ബിന്റെ പ്രകാശപ്രളയം. നുറുങ്ങിയ ടയിലുകള്‍ പുതിയ pattern-കള്‍ ഒരുക്കുന്ന നിലം. ക്ലോസ്സറ്റിനടുത്ത്‌ ബക്കറ്റ്‌ വച്ചാല്‍ നമുക്ക്‌ കഷ്‌ടിച്ച്‌ മാത്രം നില്‍ക്കാന്‍ ഇടമുള്ള, ജനാലയുള്ള കുളിമുറി..! ഇവിടെയാണ്‌ അടുത്ത ഏഴ്‌ ദിനങ്ങള്‍ ഞങ്ങള്‍ താമസിക്കേണ്ടത്‌..! മുറി കാണിച്ചു തന്നിട്ട്‌ എങ്ങനെയുണ്ട്‌ ഞങ്ങടെ set up എന്ന് ചോദിച്ചില്ല റിസപ്‌ക്ഷനിസ്റ്റ്‌... ഭാഗ്യം.

പുതിയ താമസക്കാര്‍ സംതൃപ്തരായി എന്ന് ഉറപ്പുവരുത്തി, റിസപ്ക്ഷനിസ്റ്റ്‌ വാതില്‍ പതിയെ ചാരാന്‍ തുടങ്ങിയതും ഒരു നിലവിളിയോടെ ടിയാന്‍ രണ്ട്‌ കട്ടിലുകള്‍ക്കിടയിലേക്ക്‌ വീണ്‌ പിടയാന്‍ തുടങ്ങി. ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും മാനേജര്‍ ബാബുവിനെ വിളിക്കാനായി ഇറങ്ങി ഓടിയത്‌ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.

മാനേജര്‍ എവിടെയാണ്‌ ഒളിച്ച്‌ കിടന്ന് ഉറങ്ങുന്നതെന്ന് കണ്ടുപിടിക്കാന്‍ ബുദ്‌ധിമുട്ടിയില്ലെങ്കിലും വിളിച്ചുണര്‍ത്താന്‍ ബുദ്‌ധിമുട്ടായിരുന്നു. ബാബുവിനെ കാര്യങ്ങള്‍ ബോധിപ്പിച്ചുകൊണ്ടിരിക്കെ ആരോ പുറകില്‍ തട്ടി വിളിച്ചു.

"എന്താ പ്രശ്‌നം?"

തിരിഞ്ഞു നോക്കിയപ്പോള്‍ ബ്ലാക്ക്‌ മോളി..!

ഒന്നുമില്ല എന്ന് മാത്രം പറഞ്ഞ്‌ ഞങ്ങള്‍ മുറിയിലേക്കോടി.

കനത്ത നിശബ്‌ദത ആര്‍ക്കും ഒന്നും പറയാനില്ല, ഉറങ്ങാനും ഇല്ല. എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചേ പറ്റൂ, എന്നിട്ട്‌ വേണം ഈ ഹിച്ച്‌കോക്കിയന്‍ തിരനാടകത്തില്‍ നിന്നും പുറത്തുചാടാന്‍...

പ്രീ-ഡിഗ്രി കാലഘട്ടത്തിലെ ഓരോരോ ദിവസങ്ങളും ചികഞ്ഞ്‌ നോക്കി. വിബിന്‌ ഇങ്ങനെ ഒരു കുടുക്കിടാന്‍ മാത്രമുള്ള ഒന്നും എനിക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല... ദാ... ഇപ്പോള്‍ വരെ... :)

കാലത്തേ ഉറക്കച്ചടവോടെ എഴുന്നേറ്റ്‌ മറ്റൊരു മുറി കണ്ടുപിടിച്ച്‌ ഞങ്ങള്‍ അങ്ങോട്ട്‌ മാറി. എന്തു പറ്റി എന്ന് മാനേജര്‍ സാര്‍ ചോദിച്ചപ്പോള്‍ പാസ്സ്‌ ശരിയായില്ല അതുകൊണ്ട്‌ തിരികെ നാട്ടിലേക്ക്‌ പോവുകയാണെന്നൊരു കള്ളവും പറഞ്ഞു.

മൂന്ന് നാല്‌ ദിവസം കഴിഞ്ഞ്‌, രാവിലെ ഇഡ്ഡലിയോ അതോ വടയോ ആദ്യം കഴിക്കേണ്ടത്‌ എന്ന dilemma-യില്‍ നില്‍ക്കുമ്പോള്‍, ദാ എതിരെ വന്നിരിക്കുന്നു, ബ്ലാക്ക്‌ മോളി.. എവിടെയോ കണ്ടിട്ടുണ്ട്‌ എന്നല്ലാതെ ഞങ്ങളെ തിരിച്ചറിയാനായില്ല. മൂന്ന് നാലു ദിവസം മുന്‍പത്തെ രാത്രിയെ പറ്റി ചോദിച്ചപ്പോള്‍ എല്ലാം ഓര്‍മ്മവന്നു. തലേന്ന് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല എന്നും മരുന്ന് കഴിച്ചിരുന്നു അതാണ്‌ സംഭവിച്ചതെന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാം മനസ്സിലായപ്പോലെ തലയാട്ടി പുറത്തിറങ്ങി.

അങ്ങനെ സംഭവബഹുലമായൊരു തുടക്കമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ, എന്റെ ചലച്ചിത്രോത്സവത്തിന്റേത്‌.

കഴിഞ്ഞ യാത്രയുടെ ഒടുക്കത്തെ, ഈ യാത്രയുടെ തുടക്കത്തില്‍ ഓര്‍മ്മിച്ചു എന്നു മാത്രം.

ഞാന്‍ ചെറുതും വലുതുമായ ചലച്ചിത്രോത്സവങ്ങളുടെ ആദ്യാവസാനക്കാരനായി തുടങ്ങിയിട്ട്‌ ഏറെ നാളായില്ല. വിസ്മയങ്ങളായ ചലച്ചിത്രഭാഷകള്‍ക്ക്‌ അപ്പുറത്ത്‌ ചലച്ചിത്രോത്സവങ്ങളെ ഞാന്‍ നെഞ്ചോട്‌ ചേര്‍ക്കുന്നതിന്റെ ഒരു കാരണം അവിചാരിതമായി വീണുകിട്ടുന്ന ചില സൗഹൃദസദസ്സുകളാണ്‌. പുതുപുത്തന്‍ ആശയങ്ങളും ആശയസംഘട്ടനങ്ങളും സ്വപ്‌നങ്ങളും നിറയുന്ന സദസ്സുകള്‍. പല സുഹൃത്തുക്കളേയും പിന്നീട്‌ കാണുന്നത്‌ മറ്റേതെങ്കിലും ഉത്സവപറമ്പില്‍വെച്ചായിരിക്കും. അവരില്‍ ചിലര്‍ക്കെങ്കിലും വളരെ നല്ല ആശയങ്ങളുണ്ട്‌, അവയേക്കാള്‍ അധികം സ്വപ്‌നങ്ങളും.

തങ്ങളുടെ സ്വപ്‌നവഴിയില്‍ വിടര്‍ന്ന പൂവുകള്‍ കാണുവാന്‍ അവര്‍ ഡിസംബറിനായി കാത്തിരിക്കുന്നു. തീയ്യറ്ററില്‍ നിന്നും തീയ്യറ്ററിലേക്കോടുന്ന, വിവിധ നിറങ്ങളും ഭാഷകളും കൈകോര്‍ക്കുന്ന ആശയപ്പെരുമഴയുടെ ഡിസംബര്‍...

തീവണ്ടി എവിടെ എത്തി എന്ന് അറിയില്ല. ഇരുന്നും കിടന്നും ചെരിഞ്ഞും വളഞ്ഞും ഉറങ്ങുകയാണ്‌ ഭൂരിപക്ഷവും. എനിക്കും ഒന്നു കണ്ണടയ്‌ക്കണമെന്നുണ്ട്‌, കുറച്ചു നേരം.

ഉണരുമ്പോള്‍ ഉത്സവപറമ്പിലായിരിക്കും. താമസം ഇക്കുറിയും ഒരു പ്രശ്‌നമായേക്കാന്‍ സാദ്‌ധ്യതയുണ്ട്‌, ഞാന്‍ വിബിനെ ഇന്നും വിളിച്ചിരുന്നു.

ഓരോ അരമണിക്കൂറിലും, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ ഇടവിട്ട്‌ post-കള്‍ ഉണ്ടാകും എന്നൊന്നും പറയുന്നില്ല. എങ്കിലും സാധിച്ചാല്‍ ചിലത്‌ കുറിക്കണം എന്നുണ്ട്‌...

അപ്പോള്‍ Good Night.