Sep 10, 2010

ശിക്കാര്‍

"ഞാനൊരു technical director അല്ല. ഞാന്‍ കഥ പറയുന്നൊരു കഥപറച്ചിലുകാരനാ, പപ്പേട്ടന്‍ പറഞ്ഞപോലെ. നമ്മുടെ സ്ക്രീനിലൊരു കഥ പറയാനറിയാം. പക്ഷേ, technology-കൊണ്ട് എനിക്കതിനെ lift ചെയ്യാനൊന്നും പറ്റത്തില്ല." - വേണു നാഗവള്ളി

സംവിധായകനായി 'ലാല്‍സലാം', 'സര്‍വ്വകലാശാല', 'ഏയ്‌ ഓട്ടോ' തുടങ്ങിയ ചിത്രങ്ങളും, എഴുത്തുകാരനായി 'കിലുക്ക'വും 'അര്‍ത്ഥ'വും, നടനായി പ്രണയാലസ്യത്തിന്റെ ശരീരഭാഷയും മലയാളത്തിന് നല്‍കിയ വേണു നാഗവള്ളി ഇന്നലെ ഓര്‍മ്മയായി. ലാല്‍ എന്ന നടന്റെ ജനപ്രിയതയുടെ ഗ്രാഫില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണു നാഗവള്ളിയെന്ന ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്. അങ്ങ് തിരുവനന്തപുരത്ത്‌ ആ സൗമ്യമായ പുഞ്ചിരി യാത്രയാകുമ്പോള്‍ ലാലിന്റെ ആരാധകരുടെ പുതുതലമുറ കയ്യടിച്ചും നൃത്തം ചെയ്തും കൂക്കിവിളിച്ചും ആഘോഷിക്കുകയായിരുന്നു, ഒരു പുതിയ ചിത്രത്തിന്റെ തിയ്യേറ്റര്‍ യാത്ര. പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ക്ക്‌ ഒരു ദിവസം, ഒരേയൊരു ദിവസമെങ്കിലും ഒന്നടങ്ങി ഇരിക്കാമായിരുന്നില്ലേ, ആ പ്രിയ സഖാവിനെ ഓര്‍ത്തെങ്കിലും? ലാല്‍സലാം സഖാവേ, ലാല്‍സലാം!

ഒരു ചലച്ചിത്രത്തിന് ആദിമധ്യാന്തമുള്ള ഒരു കഥ നിര്‍ബന്ധമല്ല, മറിച്ച് ഒരു ആശയമായാലും മതിയെന്ന് ഉദ്ഘോഷിക്കുന്ന ഒരു ലേഖനം ഉദ്ദേശം രണ്ട് വര്‍ഷം മുന്‍പ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചതായി ഓര്‍ക്കുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് താല്‍പ്പര്യം തോന്നുകയും എന്നാല്‍ ഒരൊറ്റ ചിത്രത്തോടെ തന്നെ എന്റെ 'ഹിറ്റ്‌ ലിസ്റ്റി'ല്‍ ഇടം പിടിക്കുകയും ചെയ്ത ഒരു 'ഗഡി'യായിരുന്നു ലേഖകന്‍. ആശയമോ കഥയോ കവിതയോ മിനിക്കഥയോ ഉപന്യാസമോ നോവലോ എന്ത് പണ്ടാരം വേണമെങ്കിലും ചലച്ചിത്രമായി മാറ്റിയെടുത്ത്‌ കൊള്ളൂ. പക്ഷേ, ആ സാധനത്തിന് ചുരുങ്ങിയ പക്ഷം 'വാച്ചബിലിറ്റി'യെങ്കിലും വേണ്ടതല്ലേ. ആ 'ധത്' ആയിരുന്നു കുറേ നാളായി മലയാള നാട്ടില്‍ അന്യം നിന്ന് പോയത്‌. പഴയ മുന്തിരിച്ചാറിന്റെ ചവര്‍പ്പേറെയുണ്ടെങ്കിലും, അന്യം നിന്നുപോയ 'ധത്' തിരിച്ച് കിട്ടിയൊരു മൊതലിനെ ഇന്നലെ കാണുവാനിടയായി എം. പത്മകുമാറിന്റെ പുതിയ ചിത്രം 'ശിക്കാര്‍ '.


വിരലിലെണ്ണാവുന്ന ചിത്രങ്ങളേ പത്മന്‍ ഇതുവരെ എടുത്തിട്ടുള്ളൂ. അതില്‍ തന്നെ 'കിളിക്കൂടും', കൂട്ടിലെ 'പരുന്തു'മൊന്നും കണ്ടില്ല, അല്ലെങ്കില്‍ കാണാന്‍ തരപ്പെട്ടില്ല. പക്ഷേ, സംവിധായകന്റെ കയ്യൊപ്പുണ്ടായിരുന്ന ചിത്രങ്ങളായിരുന്നു, 'വര്‍ഗ്ഗ'വും 'വാസ്തവ'വും. പക്ഷേ, പ്രശംസക്കും താമ്രപത്രത്തിനുമപ്പുറം അവയൊന്നും തിയ്യേറ്റര്‍ ജനത്തിന് സ്വീകാര്യമായിരുന്നില്ല. 'ശിക്കാറി'ന്റെ തിരക്കഥാകൃത്ത് എസ്. സുരേഷ്‌ബാബുവിനെ തൊണ്ണൂറുകളുടെ അവസാനത്തില്‍ , അന്ന് മലയാളത്തില്‍ പ്രമുഖമായിരുന്നൊരു ചലച്ചിത്ര വാരികയിലെ കോളമിസ്റ്റായി ശ്രദ്ധിച്ചിരുന്നു. പക്ഷേ, ബാബുവിന്റെ ചലച്ചിത്ര എഴുത്തുകുത്തുകള്‍ പോലെ ശോഭനീയമായിരുന്നില്ല, തിരക്കഥാകൃത്തായുള്ള സ്ഥാനകയറ്റം. മലയാളി ഓര്‍ക്കാന്‍കൂടി ഇഷ്ടപ്പെടാത്ത ചില ചലച്ചിത്ര'താണ്ഡവ'ങ്ങള്‍ക്ക് പുറകില്‍ ഈ ദേഹമായിരുന്നു. കാര്യങ്ങള്‍ ഈവിധമെങ്കിലും, 'പാസ്റ്റ് ഈസ് പാസ്റ്റ്' എന്നാണല്ലോ?

Synopsis:

ചിറ്റാഴയിലെ ഈറ്റക്കാടുകളില്‍ പണിയെടുക്കുന്ന ലോറി ഡ്രൈവറായ ബലരാമനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ബലരാമന്റെ ലോറിയാണ് 'ശിക്കാര്‍ '. ബലരാമന് ഒരു വളര്‍ത്തുപുത്രിയുണ്ട് ഗംഗ. ബലരാമന്റെ കുഴപ്പം കൊണ്ടാണോ, ഭാര്യ കാവേരിയുടെ കുഴപ്പം കൊണ്ടാണോ ഒരു തങ്കകുടം ആ വീട്ടിലുണ്ടാവാതെ പോയത്‌, എന്നതിനുള്ള സൂചനകളൊന്നും ചിത്രത്തിലില്ല. പക്ഷേ, മറ്റ് ചില സൂചനകള്‍ ഇവിടെപ്പോയി നോക്കിയാല്‍ കാണാം.

കമിംഗ് ബാക്ക് ടു ശിക്കാര്‍ , ഈറ്റ മുറിയുന്ന കാലത്താണ് ചിറ്റാഴ ശരിക്കും ഉണരുന്നത്. ചിറ്റാഴയിലെത്തിയ കാലം മുതല്‍ അവിടുത്തെ കൂലിതര്‍ക്കങ്ങളിലും മറ്റും ഇടപെട്ടിരുന്നതുകൊണ്ട് ബലരാമന്‍ പൊതുവില്‍ ചിറ്റാഴക്കാര്‍ക്കിടയില്‍ പൊതുസമ്മതനായിരുന്നു. പക്ഷേ, താന്‍ ഓര്‍ക്കുവാന്‍ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലത്തിന്റെ കരിനിഴലുകള്‍ ഈറ്റകാടുകളില്‍ മര്‍മ്മരമുതിര്‍ക്കുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.

മുള്ളന്‍കൊല്ലിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് 'ശിക്കാറി'ലെ ചിറ്റാഴ. പഴയ കാല തമിഴ്‌ ചിത്രങ്ങളിലേത് പോലെ ജഗതി ശ്രീകുമാര്‍-സുരാജ് നയിക്കുന്ന, ചിത്രത്തിന് ആവശ്യമേ ഇല്ലാത്ത വളിപ്പുകളുടെ ഒരു വഴിയുമുണ്ട് ചിറ്റാഴയില്‍ . ചിത്രത്തിന്റെ തുടക്കത്തില്‍ നായക കഥാപാത്രത്തിന്റെ കായിക ബലം നാല് പേരെ അറിയിക്കുവാന്‍, തല്ലിന്‌ സര്‍വ്വ സമ്മതരായി, മസിലിന് വീര്‍മ്മതയുള്ള ആണ്‍പിള്ളേര്‍ കുറച്ച് പേര്‍ ചിറ്റാഴയില്‍ വന്നു പോകുന്നുണ്ട്. സംഘട്ടനം-ത്യാഗരാജന്‍ എന്ന് കേള്‍ക്കുമ്പോഴേ ഊഹിക്കാമല്ലോ സംഗതി ഡിഷും ഡിഷും തന്നെയെന്ന്. അടി, തട, ഇടി, ഇവയൊക്കെ പോലെ ജനപ്രിയ ചിത്രങ്ങളുടെ ചേരുവകളില്‍ ഒന്നാണ് ഗാനങ്ങളും നൃത്തനൃത്യങ്ങളുമെന്ന് കരുതി പുട്ടിന് പീരയിടുന്ന പരിപാടി ഇനിയെങ്കിലും നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.

നീണ്ടകാലം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവ പരിചയത്തിന്റെ പിന്‍ബലം തീര്‍ച്ചയായും പത്മകുമാറിന്റെ സംവിധാനത്തിനുണ്ട്. ആ പരിചയമാണ് മനോജ്‌ പിള്ളയുടെ ഛായാഗ്രാഹക മികവിനൊപ്പം 'ശിക്കാറി'നെ, മുകളില്‍ നിരത്തിയിട്ട ബലഹീനതകള്‍ ഏറെയുണ്ടായിട്ടും രക്ഷപ്പെടുത്തുന്നത്. അല്ലെങ്കില്‍ കണ്ണില്‍ കുത്തി നോവിക്കുന്ന സമകാലീന മലയാള ചിത്രങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാത്തത്. പ്രേക്ഷകന് ചിരപരിചിതമല്ലാത്ത ഒരു പശ്ചാത്തലമുണ്ടെങ്കിലും ചിത്രത്തിന്റെ കഥാകഥനം പ്രേക്ഷകനെ കസേരയില്‍ കെട്ടിയിടുവാന്‍ പോന്നതല്ല. പക്ഷേ, ഉണര്‍ന്ന് പണിയെടുത്തിട്ടുള്ള ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കഥപറച്ചിലുകാരന്റെ പോരായ്മകളെ മറികടക്കുന്നുണ്ട്.

നായക കഥാപാത്രത്തിന്റെ വിവരണത്തിലധിഷ്ഠിതമായി, മനോഹരമായി അവതരിപ്പിക്കപ്പെട്ട ഒരു ഫ്ലാഷ് ബാക്കാണ് ചിത്രത്തിന്റെ മൂല ജീവന്‍. പ്രസ്തുത ഭാഗങ്ങളില്‍ ആന്ധ്രയിലെ നക്സല്‍ നേതാവായി മലയാളത്തില്‍ ഇതാദ്യമായി രംഗപ്രവേശം ചെയ്ത തമിഴ്‌നാട്ടുക്കാരന്‍ സമുദ്രക്കനിയാണ് ('നാടോടികളു'ടെ സംവിധായകന്‍) കളിയിലെ 'മാന്‍ ഓഫ് ദി മാച്ച്'. 'ഭ്രമര'ത്തിന് ശേഷം മോഹന്‍ലാലിന് ചില്ലറ പണിയെടുക്കാന്‍ അവസരം കിട്ടുന്നത് ഇപ്പോഴാണ്. പണിയെടുത്തിട്ടുമുണ്ട്. ശരീരഭാഷയിലും രൂപഭാവങ്ങളിലും പുലര്‍ത്തുന്ന മികവ് കനിയുടെ കഥാപാത്രത്തിനെ മുന്തിയയിനം നക്സലാക്കുന്നു.

സമീപകാലത്ത്‌ മലയാള ചലച്ചിത്രത്തിനുണ്ടായ എണ്ണമറ്റ നഷ്ടങ്ങളില്‍ ഒന്നായിരുന്നു ജീവിതംവെച്ച് പോയ ശ്രീനാഥ്. ആ മരണത്തെ തുടര്‍ന്നാണ് 'ശിക്കാര്‍ ' എന്ന ചിത്രത്തെ സാമാന്യ ജനം ശ്രദ്ധിക്കുന്നത്. എല്ലാവരും എല്ലാം മറന്നിരിക്കുന്നു, ആ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍പ്പോലും. അന്ന് പറഞ്ഞുകേട്ട കഥകള്‍ എന്തുമാകട്ടെ, അവയെല്ലാം സത്യമോ അസത്യമോ ആകട്ടെ, ആ പേരിനെ ഒന്നോര്‍ക്കാമായിരുന്നു എവിടെയെങ്കിലും.

മലദൈവങ്ങള്‍ക്ക് പൂജ ചെയ്താണ് ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. പ്രേക്ഷകര്‍ ചിറ്റാഴയിലേക്ക്‌ പോകുന്നതിന് തലേന്നാള്‍ കദളിപ്പഴംകൊണ്ടും വെണ്ണകൊണ്ടും മോഹന്‍ലാല്‍ ഗുരുവായൂരില്‍ തുലാഭാരം നടത്തി. ഈ റമസാന്‍ കാലത്ത്‌, ചിത്രത്തിന് മലദൈവങ്ങള്‍ തുണ. ചിത്രത്തിന് ഗുരുവായൂരപ്പന്‍റെ കൃപ. ഇനി ബാക്കിയുള്ളത് പ്രേക്ഷകരുടെ ചിരിയാണ്. പത്മകുമാറും സംഘവും കൊടുംകാട്ടിലൊഴുക്കിയ വിയര്‍പ്പ് ആ ചിരി അര്‍ഹിക്കുന്നുണ്ട്.

ആകെത്തുക: പൊതുവില്‍ ചലച്ചിത്രങ്ങള്‍ മൂന്ന് തരമാണല്ലോ.. :) ഓണക്കാല കാഴ്ചകള്‍ പോലെ കണ്ണില്‍ കുത്തില്ല. കാണാന്‍ കൊള്ളാവുന്ന ചലച്ചിത്രം.

12 comments:

  1. കലക്കന്‍ പടം , സൂപ്പര്‍ ക്ലൈമാക്സ്‌ !
    പത്തു മംമ്മൂടി ചിത്രങ്ങള്‍ക്കും നൂറു പ്രിത്വിരാജ് ചിത്രങ്ങള്‍ക്കും തുല്യം ഇതിലെ ക്ലൈമാക്സ്‌ മാത്രം മതി !

    ReplyDelete
  2. അപ്പോള്‍ തുലാഭാരം ഏശിയല്ലേ :)- ഫാന്‍സ്കാര്‍ മാത്രം പോരാ എന്നര്‍ത്ഥം.

    ReplyDelete
  3. കണ്ടു, പക്ഷേ മൂവി രാഗ റിവ്യൂ വായിച്ചോണ്ട്, ആദ്യമേ എന്താകുമെന്നൊരു ഊഹം ഉണ്ടായിരുന്നു.അവരൊക്കെ ഇങ്ങനെ തുറന്നെഴുതരുത്

    ReplyDelete
  4. പ്രിയ സുഹൃത്തുക്കളെ നിങ്ങള്‍ക്ക്‌ ഒരു ദിവസം, ഒരേയൊരു ദിവസമെങ്കിലും ഒന്നടങ്ങി ഇരിക്കാമായിരുന്നില്ലേ, ആ പ്രിയ സഖാവിനെ ഓര്‍ത്തെങ്കിലും? ലാല്‍സലാം സഖാവേ, ലാല്‍സലാം!
    Shaji,Salute the way that you presented this..!!

    ReplyDelete
  5. MOM, ശ്രീ, ഷാ: :)

    Ranjith, എടോ, അത്രക്കങ്ങട്ട് വേണോ??

    Shaji Qatar, :)

    ചെ. പോ: നോം തുറന്നെഴുതുന്നില്ല എന്നൊരു പരാതിയും കേള്‍ക്കുന്നുണ്ട്.

    Kiranz, മാഷേ :)

    ReplyDelete
  6. Hi Shaji,

    Good review. Thanks some people remember Venu Nagavalli and Sreenath.

    I am sure the "film field" will not remember anybody. They are like that. Avar Orikallum Nannakilla. Athanu Cinema Lokam.

    ReplyDelete
  7. ശിക്കാര്‍ കഴിഞ്ഞ ദിവസം കണ്ടു. പോസ്റ്റില്‍ പറഞ്ഞത് പോലെ ട്രീറ്റ്മെന്റില്‍ നരനെ ഓര്‍മ്മിപ്പിക്കുന്നു എങ്കിലും, വ്യത്യാസം നരനെ പോലെ ശക്തമായ ഒരു കഥയോ പാത്ര രൂപീകരണമോ ശിക്കാരില്‍ ഇല്ല എന്നതാണ്.
    ചെറിയ ഒരു ത്രെഡ് തിരക്കഥയെഴുതി നശിപ്പിച്ചു. ലാല്‍ ഫാന്‍സിനെ ത്രുപ്തിപെടുത്താനായി ലാലിന്‍റെ പാത്രചിത്രീകരണത്തില്‍ ഹീറോയിസം നന്നായി ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടെ കഥയില്‍ യാതൊരു ആവിശ്യവുമില്ലാത്ത കുറെ സംഭവങ്ങളും കഥാ പാത്രങ്ങളും. പാടുകളുടെയും തുടക്കത്തിലെ സംഘട്ടനങ്ങള്‍ക്കും ചിത്രത്തില്‍ എന്ത് കാര്യം? കുറെയേറെ സീനുകളില്‍ തൂണുപോലെ നില്‍ക്കുന്ന മൈഥിലിയുടെയും ജഗതിയുടെയും ആവശ്യമെന്തായിരുന്നു?
    വാസ്തവം, വര്‍ഗം തുടങ്ങിയ നല്ല ചിത്രങ്ങളുടെ സംവിധായകനെന്ന നിലയ്ക്ക് പത്മകുമാറില്‍ കുറച്ചു പ്രതീക്ഷയുണ്ടായിരുന്നു. അത് മുഴുവന്‍ വെള്ളത്തിലായി.

    ReplyDelete
  8. ബോബിന്‍4:47 AM, September 14, 2010

    എന്റെ ഈശ്വരാ എന്തൊരു സിനിമ............
    ഞാന്‍ ഒരു പയഴ ലാലിന്‍റെ ഫാന്‍ ആണ്........
    ആര്‍ക്കേലും അദ്ദേഹത്തെ നേരിട്ട് അറിയാമെങ്കില്‍ ഒന്ന് പറഞ്ഞു കൊടുക്ക്‌ ...............

    "ഇനിയും വില കളയരുതെന്ന് ..................."

    ReplyDelete
  9. shaji bhai gud review.....njan film ith vare kanditt illa.......wat abt pranjiyettan and saint ?????

    ReplyDelete
  10. ശിക്കാര്‍ നല്ല ചിത്രമാണ് എന്ന അഭിപ്രായം കുട്ട്കാരില്‍ നിന്ന് കിട്ടിയത് കൊണ്ടാണ് റിലീസ് ചെയ്ത ആഴ്ചയില്‍ തന്നെ കാണാം പോകാം എന്ന് കരുതിയത്. മോഹന്‍ലാലിന്റെ ഈ കാറ്റഗറി ഫിലിംസ് കണ്ടിരിക്കാന്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് പക്ഷേ വളരെ നല്ലത് എന്ന അഭിപ്രായം കേട്ടപ്പോള്‍ ഏതായാലും സഹിക്കാന്‍ പറ്റുന്ന ഒന്നായിരിക്കും എന്ന് കരുതി പോകാന്‍ തീരുമാനിച്ചു...
    അഭിപ്രായം ഒറ്റ വാക്കില്‍ പറഞ്ഞാല്‍... വളിപ്പ്
    -----------------------------------------
    ജഗതിയുടേയും സുരാജിന്റേയും തമാശകള്‍ കേട്ട് തിയേറ്റര്‍ ആര്‍ത്തുവിളിച്ചു കരഘോഷം മുഴക്കി, മോഹന്‍ലാലിനെ കാണിക്കുന്ന നേരം പശ്ചാത്തല സംഗീതം പോലും കേള്‍ക്കുന്നില്ലായിരുന്നു. ഇങ്ങനത്തെ പ്രേക്ഷകര്‍ ഉള്ളപ്പോള്‍ എങ്ങിനെ മലയാള സിനിമ നന്നാകും. പോക്കിരി രാജയുടേയും ശിക്കാറിന്റേയുമൊക്കെ മുന്നില്‍ പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവുമൊക്കെ തലകുനിച്ച് നില്‍ക്കാനാണ് വിധി.
    -----------------------------------------------
    എനിക്ക് ശിക്കാറില്‍ ആകെ ഇഷ്ടപ്പെട്ടത് സമുദ്രക്കനിയുടെ റോളും ആ കാലഘട്ടത്തിന്റെ ചിത്രീകരണവും

    ReplyDelete