Jan 28, 2010

ബോഡി ഗാര്‍ഡ്‌: തോമസ്സുകുട്ടീ വിട്ടോടാ...

'ചിത്രനിരീക്ഷണം' എന്ന പേരില്‍ ചിത്രങ്ങളെക്കുറിച്ച്‌ ബൂലോഗത്ത്‌ എഴുതാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടുമാത്രം ഈയുള്ളവന്‍ ഏതൊക്കെ പരീക്ഷണങ്ങളെയാണ്‌ നേരിടുന്നതെന്നും അതിജീവിക്കുന്നതെന്നും മാന്യ വായനക്കാര്‍ അറിയുന്നുണ്ടോ എന്തൊ. ദാണ്ടെ രണ്ടു ദിവസം മുന്‍പും എന്ത്‌ ചെല്ല പേരിട്ട്‌ വിളിക്കണം എന്നുപോലും അറിയാത്ത ഒരു 'സാധനം' കാണുവാന്‍ ഇടയായി, സിദ്ദിഖിന്റെ 'ബോഡി', തരിമ്പും 'ഗാര്‍ഡ്‌' ചെയ്യാന്‍ ഇടയില്ലാത്ത ഒരു 'ബോഡി ഗാര്‍ഡ്‌'.


ചലച്ചിത്രത്തില്‍ 'റിട്ടയര്‍മന്റ്‌' ഉണ്ടോ എന്നറിയില്ല. പ്രായവും പ്രതിഭയും തമ്മില്‍ ബന്ധമുണ്ടോ എന്നും അറിയില്ല. അതിലൊന്നും വല്യ കാര്യമില്ല എന്നു തോന്നുന്നു. കാരണം കിട്ടാക്കനിയായിരുന്ന ഓസ്കര്‍ സ്കോര്‍സെസെക്ക്‌ ലഭിക്കുന്നത്‌ അറുപത്തിനാലാം വയസ്സിലാണ്‌. ഈസ്റ്റ്‌വുഡ്‌ എന്ന മറ്റൊരു ദേഹം എണ്‍പതിനോടടുത്ത പ്രായത്തില്‍ ഒന്നും രണ്ടും ചിത്രങ്ങളാണ്‌ വര്‍ഷാവര്‍ഷം പടച്ച്‌ വിടുന്നത്‌, അതും ഊരുക്കൊട്ടും മുന്തിയ ഇനങ്ങള്‍. നമ്മുടെ നാടിനു മാത്രം ഈ ഗതിയെന്തേ എന്റെ ദൈവങ്ങളെ? അവാര്‍ഡിനുപോലും ഗോപാലകൃഷ്‌ണനെ വേണ്ട, ചുരുങ്ങിയത്‌ മൂന്നുനാല്‌ വട്ടമെങ്കിലും അല്ലലില്ലാതെ കാണാന്‍ പറ്റുന്ന ചിത്രങ്ങളൊരുക്കിയ സിദ്ദിഖ്‌-ലാലിലെ സിദ്ദിഖ്‌ ഒരുക്കിയ പുതിയ ചിത്രം ഒരു വട്ടം കാണാന്‍ തന്നെ പെടാപ്പാട്‌, തീയേറ്ററില്‍ കറന്റ്‌ പോയാല്‍ കൂക്കി കയറുന്ന പ്രേക്ഷകന്‍ ആശ്വാസത്തോടെ കയ്യടിക്കുന്ന വിചിത്രകാഴ്ച. കണ്ടില്ലേ കലികാലം!

ഈ കഥ കേട്ടിട്ടും പടം കാണുന്നവന്‍ കാണട്ടെ എന്നുള്ളതുകൊണ്ട്‌ ഈ കഥാസംഗ്രഹത്തിന്‌ ഇക്കുറി അതിര്‍ത്തികള്‍ വരക്കുന്നില്ല. ആര്‌ ആരോടോ, എവിടെയോ എങ്ങോട്ടോ തിരിഞ്ഞിരുന്ന്‌ പറയുകയോ എഴുതുകയോ വായിക്കുകയോ ചെയ്യുകയാണ്‌ എന്ന്‌ ഒരു നിശ്ചയവുമില്ലാതെ കഥ തുടങ്ങുകയാണ്‌. ഫ്ളാഷ്ബാക്ക്‌ എന്ന്‌ മാത്രം മനസ്സിലാവും.

ജയകൃഷ്ണന്‍ വ്യത്യസ്‌തനായിരുന്നു. എന്നു വച്ചാല്‍ പാമ്പ്‌ മുതലായ ക്ഷുദ്രജീവികളെയൊന്നും പേടിയില്ലാത്ത, ഗുണ്ട, റൌഡി, തെമ്മാടി തുടങ്ങിയ വേണ്ടാധീനങ്ങളെയെല്ലാം ആരാധിക്കുന്നത്രയും വ്യത്യസ്‌തത. വീട്ടുകാര്‍ തെറ്റിദ്‌ധരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. മരുന്നായി, മന്ത്രായി, ഒലക്കേടെ മൂടായി അങ്ങനെ ജയകൃഷ്ണന്‍ വളർന്നുവലുതായി നമ്മുടെ ദിലീപിന്റെ കോലത്തിലായപ്പോൾ നാട്ടില്‍ അടി, ഇടി, വെട്ട്‌, കുത്ത്‌ എന്നിവക്ക്‌ നില്‍ക്കുമെങ്കിലും ആളൊരു സര്‍വ്വ ഗുണ സമ്പന്നനായിരുന്നു, നമ്മുടെ വീരപ്പന്റെ കാര്യം പറഞ്ഞപ്പോലെ! വീരപ്പന്‍ എങ്ങനെയായിരുന്നു? കൂടെ നില്‍ക്കുന്നോര്‍ക്ക്‌ തേനല്ലെ, പാലല്ലെ, പഞ്ചാരയല്ലേ. മഹിളാമണികളെ വശപ്പെശകായി ഒരു നോട്ടം പോലും, നഹീ നഹീ... പക്ഷേ, ആനയെ കണ്ടാ അപ്പം വെടിവെക്കും. പോലീസിനെ കണ്ടാലും വെക്കും, വെടി. പിന്നെ കാട്ടിലല്ലേ ആശാനെ, ജീവിക്കാന്‍ മരം മുറിച്ച്‌ വില്‍ക്കും. ചുറ്റും വളര്‍ന്ന്‌ നിന്നത്‌ ചന്ദനമരമായത്‌ വീരപ്പന്റെ കുറ്റമാണോ?? അപ്പൊ നമ്മുടെ ജയകൃഷ്‌ണന്‍, സത്യത്തില്‍, ആളൊരു പാവമായിരുന്നു.

അങ്ങനെ നാട്ടില്‍ ചില്ലറ പരിപാടികളായി നടക്കുമ്പോഴാണ്‌ ജയകൃഷ്‌ണന്‍, അശോകന്‍ എന്നൊരു പുലിയെക്കുറിച്ച്‌ അറിയുന്നത്‌. അശോകന്‍ എന്നു വച്ചാ ആരാ..? എല്ലാരും അറിയുന്ന വല്യ ഒരാള്‌, ഇടക്ക്‌ മലേഷ്യയില്‍ ഒക്കെ പോകും, അത്ര തന്നെ. ജയകൃഷ്‌ണന്‍ അശോകന്റെ 'ബോഡി ഗാർഡാ'കുവാൻ തന്നെ തീരുമാനിച്ചു. പക്ഷേ, ജയകൃഷ്‌ണന്‍ നായകനല്ലേ, അശോകന്റെ 'ബോഡി ഗാര്‍ഡ്‌' ആയി എത്രനാള്‍ ജീവിച്ച്‌ പോകുവാന്‍ പറ്റും. അങ്ങനെ പലരുടേയും നിര്‍ബന്‌ധത്തിന്‌ വഴങ്ങി അമ്മുവിന്റെ 'ബോഡി ഗാര്‍ഡ്‌' ആവുകയാണ്‌. അശോകന്റെ മകളാണ്‌ കോളേജില്‍ പഠിക്കുന്ന അമ്മു. പണ്ട്‌ പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ ജയകൃഷ്ണന്‍ റാങ്കൊക്കെ 'ഈസി'യായി മേടിക്കാന്‍ കഴിവുള്ളോന്‍ ആയിരുന്നൂത്രേ. പക്ഷേ, പഠിക്കാന്‍, പഠിച്ച്‌ മുഴുമിപ്പിക്കാന്‍ കക്ഷിക്ക്‌ വല്യ താല്‍പ്പര്യം തോന്നിയില്ല. അല്ലെങ്കില്‍ തന്നെ ഈ റാങ്കിലൊക്കെ എന്തിരിക്കുന്നു. വ്യത്യസ്‌തയുടെ ഒരു അലംഗകുലോതുംഗനാണ്‌ ഈ ജയകൃഷ്‌ണനെന്ന് ഇപ്പം മനസ്സിലായില്ലേ. സ്റ്റില്‍, ജയകൃഷ്‌ണന്‍ ഭാവിയിലേക്ക്‌ ഒരു വാഗ്ദാനമാണ്‌ എന്ന ഒറ്റ സാദ്‌ധ്യതയുടെ പുറത്ത്‌ അമ്മുവിന്റെ കോളേജില്‍ തുടര്‍ന്ന്‌ പഠിക്കുവാന്‍ പ്രിന്‍സിപ്പാള്‍ അഡ്മിഷന്‍ കൊടുക്കുകയാണ്‌. അങ്ങനെ സ്റ്റുഡന്റ്‌ കം 'ബോഡി ഗാര്‍ഡാ'യി കോളേജിലെത്തുകയാണ്‌ ജയകൃഷ്‌ണന്‍. കാര്യം ഒരു കൊട്ട പ്ളസ്‌ ഒണ്ടേലും ആര്‍ക്കാണ്‌ മൈനസസ്‌ ഇല്ലാത്തത്‌, ജയകൃഷ്‌ണനും ഉണ്ടായി ഒരു മൈനസ്സ്‌. ജോലിയോടുള്ള ആത്മാര്‍ത്ഥത എന്ന പണ്ടാര മൈനസ്സ്‌.

'ബോഡി ഗാര്‍ഡി'നായി പ്രത്യേകം തുന്നി ഇസ്‌തിരിയിട്ട കുപ്പായമിട്ടേ ജയകൃഷ്‌ണന്‍ ക്യാപസിലെത്തൂ. സ്വാഭാവികമായും ജയകൃഷ്‌ണന്റെ കോലവും കോപ്രായങ്ങളും അമ്മുവിനും കൂട്ടുകാര്‍ക്കും തലവേദനയാകുന്നു, അല്ലെങ്കില്‍ ആയല്ലേ പറ്റൂ. അങ്ങനെ ജയകൃഷ്‌ണന്റെ കോലം മാറ്റുവാന്‍ മൊബൈലില്‍ 'അനോണി'യായി അമ്മു ജയകൃഷ്‌ണനെ വിളിക്കുവാന്‍ തുടങ്ങുകയാണ്‌. ഒരു 'ഭയങ്കര' പ്രണയകഥ ഇവിടെ തുടങ്ങുകയാണ്‌ കൂട്ടുകാരേ... ബാക്കി എല്ലാം കണ്ടുതന്നെ അറിയണം, ഹൂ...

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌, പ്രത്യേകിച്ചും തിരക്കഥാകൃത്തിനും സംവിധായകനും (ഇവിടെ രണ്ടും ഒരാളാണ്‌) സാമാന്യബോധമെങ്കിലും വേണ്ടതല്ലേ, കുറഞ്ഞപക്ഷം പണം മുടക്കുന്ന നിര്‍മ്മാതാവിനെങ്കിലും? പണം മുടക്കി തീയേറ്ററില്‍ എത്തുന്ന പ്രേക്ഷകന്‌ മേല്‍പറഞ്ഞ സാധനം ഉള്ളതുകൊണ്ട്‌ 'ബോഡി ഗാര്‍ഡി'ന്‌ അധികം ഓടി ബുദ്‌ധിമുട്ടേണ്ടി വരികയില്ല.

ഒരു ചിത്രം അത്‌ എത്ര തന്നെ മോശമായിരുന്നാലും നന്നായിരുന്നാലും അതിന്‌ പുറകിലുള്ള പ്രയത്‌നം, തയ്യാറെടുപ്പുകള്‍ വളരെ വലുതാണ്‌. ചിത്രം അര്‍ത്ഥമില്ലാത്ത കെട്ടുകാഴ്ചകള്‍ മാത്രമാകുമ്പോള്‍ നിര്‍മ്മാതാവിന്റെ കണ്ണില്‍ ഇരുട്ട്‌ പെട്ടെന്നുതന്നെ ഇടിച്ച്‌ കയറുകയും ഒരു വലിയ മനുഷ്യപ്രയത്‌നം കേവലം മൂന്നുനാല്‌ ദിവസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വിസ്‌മൃതിയിലാവുന്നു. മേലെ, താരവും സൂപ്പര്‍താരവും സംവിധായകനും മുതല്‍ താഴെ സെറ്റില്‍ ഭക്ഷണമൊരുക്കുന്ന കുശിനിക്കാരന്‍ വരെ കാക്കത്തൊള്ളായിരം സംഘടനകളില്‍ ഏതെങ്കിലും ഒന്നിന്റെ ഭാഗമാണ്‌. താരപരിഭവങ്ങള്‍ക്കും താഴേ തട്ടിലുള്ളവന്റെ പരാതികള്‍ക്കും അല്ലാതെ ഈ സംഘടനകള്‍ ചലച്ചിത്രങ്ങള്‍ക്കായി എത്രത്തോളം ക്രിയാത്മകമായി ഇടപെടുന്നുണ്ട്‌? പ്രതിഭാ ദാരിദ്രം, കുട്ടി ബഡ്ജറ്റ്‌ എന്നൊക്കെ പറഞ്ഞ്‌ കരയുന്നവരോട്‌ പറയുവാനുള്ളത്‌ അത്‌ കേരളമെന്ന കോണില്‍ മാത്രമായി സംഭവിച്ചുപോയ ജനിതക തകരാറോ പരശുരാമന്‌ മഴു നീട്ടി എറിയാന്‍ കഴിയാതെ പോയതുകൊണ്ടോ അല്ലെന്നാണ്‌. കണ്ണുതുറന്നു നോക്കൂ, കാഴ്ചകള്‍ ഈ ചുറ്റുവട്ടങ്ങളില്‍ തന്നെയുണ്ട്‌.

പ്രേക്ഷകന്റെ സാമാന്യബോധത്തിനെപോലും മാനിക്കാത്ത, മറയില്ലാതെ പഴയ ചില ഹിന്ദി ഹിറ്റ്‌ ചിത്രങ്ങളെ പകര്‍ത്തി ശര്‍ദ്ദിക്കുന്ന ഒരു ചിത്രത്തിനെ കുറിച്ച്‌ കൂടുതലൊന്നും പറയുവാന്‍ ഉദ്ദേശിക്കുന്നില്ല.

ആകെത്തുക: Avoid

29 comments:

 1. സിദ്ദിഖിനിതെന്ത്‌ സംഭവിച്ചു എന്ന്‌ ആലോചിച്ച്‌ ഒരെത്തും പിടിയും കിട്ടുന്നില്ല. പ്രേക്ഷകനെ ഇത്രയും വില കുറച്ചു കാണാന്‍ മാത്രം നമ്മള്‍ എന്തു തെറ്റാണ്‌ ചെയ്തത്‌? നല്ല പടങ്ങള്‍ എടുത്തപ്പോഴൊക്കെ ഏഴും എട്ടും പ്രാവശ്യം തിയറ്ററില്‍ തന്നെ കണ്ട്‌ ഹിറ്റാക്കിയവര്‍ നമ്മളൊക്കെ തന്നെയല്ലേ? ഇവിടെ കുഴപ്പം പ്രായത്തിണ്റ്റെയല്ല. സ്വയം നിര്‍മ്മിച്ച സാങ്കല്‍പിക ചില്ലു മേടകളില്‍ ഇരുന്നു കൊണ്ട്‌ താന്‍ തെളിക്കുന്ന വഴിയേ പ്രേക്ഷകന്‍ നടന്നു കൊള്ളുമെന്ന തെറ്റിദ്ധാരണയുടെ കുഴപ്പമായിരിക്കാനാണ്‌ സാധ്യത. നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ പൊതു ജനങ്ങളില്‍ നിന്നും വളരെ ദൂരെയാണ്‌. അതു തന്നെയായിരിക്കണം അവരുടെ പരാജയവും.

  മറ്റെല്ലാ നിരൂപണങ്ങളില്‍ നിന്നും വ്യതസ്തമായ ഒരു പോസ്റ്റ്‌. പടം കണ്ട്‌ കലി കയറിയതാണല്ലേ :)

  ReplyDelete
 2. കണ്‍‌ട്രോള്‍ വിടല്ലേ... :-)

  സിദ്ദിഖ് ഒറ്റയാനായേപ്പിന്നെ ഹിറ്റ്‌ലര്‍ മുതലിങ്ങോട്ട് ഗ്രാഫ് 90 ഡിഗ്രിയില്‍ താഴേക്കല്ലേ? നിര്‍മ്മാതാവ് ഹോം വര്‍ക്ക് ചെയ്തില്ലായിരിക്കും, അല്ലെങ്കില്‍ പിന്നെയും സിദ്ദിഖിനെ വിളിച്ച് പടം പിടിക്കുവോ! പിന്നെ, ഡാന്‍സൊരുക്കാന്‍ പ്രഭുദേവയെയൊക്കെ കൊണ്ടുവന്നിട്ട് ‘ഇത്രേയൊള്ളോ!’ എന്നു തോന്നിപ്പോയി, പാട്ടുസീനൊക്കെ കണ്ടപ്പോള്‍...
  --

  ReplyDelete
 3. പടം കണ്ടു...എന്ത് പറയാനാ?
  ഈ വിലയിരുത്തലിനു താഴെ ഒരു ഒപ്പ്.

  ReplyDelete
 4. ഷാജി എന്തിനാ മോനെ ഈതൊക്കെ കാണാന്‍ പോയത്.. നമ്മുടെ കയ്യില്‍ പഴയ dvd ഇല്ലേ ..??

  സംഭവം കൂതറ ,,,, പാവം s കുമാര്‍ ...!!

  @Haree പിന്നെ പ്രഭുദേവ വന്നത് വേറെ ചില പരിപടികല്കാരിക്കണം..
  കളിക്കുന്നത് നമ്മുടെ നയന്‍സ് & ദിലീപ് അല്ലെ.. അല്ലാതെ micheal jackson അല്ലല്ലോ

  ReplyDelete
 5. സിദ്ധിക്കിനെപ്പോലെ മികവുറ്റവര്‍ക്കുപറ്റുന്ന ഓരോ അമളി. എന്തായാലും ഇതൊരു പാഠമാവട്ടെ...
  ആശംസകള്‍ !!
  രാജ്

  ReplyDelete
 6. ഈ പടത്തിന്‌ അധികം ഓടി ബുദ്ധിമുട്ടേണ്ടി വരികയില്ലാ.... :)

  ReplyDelete
 7. ഓടിയാൾ ജനങ്ങളെ തല്ലണം

  ReplyDelete
 8. "പ്രതിഭാ ദാരിദ്രം, കുട്ടി ബഡ്ജറ്റ്‌ എന്നൊക്കെ പറഞ്ഞ്‌ കരയുന്നവരോട്‌ പറയുവാനുള്ളത്‌ അത്‌ കേരളമെന്ന കോണില്‍ മാത്രമായി സംഭവിച്ചുപോയ ജനിതക തകരാറോ പരശുരാമന്‌ മഴു നീട്ടി എറിയാന്‍ കഴിയാതെ പോയതുകൊണ്ടോ അല്ലെന്നാണ്‌. കണ്ണുതുറന്നു നോക്കൂ, കാഴ്ചകള്‍ ഈ ചുറ്റുവട്ടങ്ങളില്‍ തന്നെയുണ്ട്‌." ---എഗ്രീഡ്---

  സിദ്ധിക്കില്‍ നിന്നും എന്തെങ്കിലും കാര്യമായി ലഭിക്കും എന്ന് കരുതുന്നവരാണ് മണ്ടന്മാര്‍. റാംജിറാവ് സ്പീക്കിങ്ങ് എന്ന് ആദ്യ ചിത്രത്തൊടെ എല്ലാം സ്റ്റോക്കും തീര്‍ന്നവരാണവര്‍. ബാക്കിയെല്ലാം മിമിക്രിയുടെ ആവര്‍ത്തനങ്ങളാണ്. വ്യത്യസ്ഥ പരിസരങ്ങളുമായി കൂട്ടിയിണക്കി എന്നതാണ് വിയറ്റ്നാം കോളനി വരെയുള്ള ചിത്രങ്ങളുടെ പോസറ്റീവ്. പക്ഷെ ഹിറ്റ്ലര്‍ മുതല്‍ ഇങ്ങോട്ട് ക്ലീഷേയുടെ, മെലോഡ്രാമയുടെ തൃശൂര്‍ പൂരമാണ്. അസഹനീയം. (കുറേ തമിഴ്-ഹിന്ദി ഹിറ്റ് ചിത്രങ്ങളും, ബോബനും മോളിയും, ടോം & ജെറിയും ഇല്ലെങ്കില്‍ സിദ്ധിക്ക് സിനിമ വിട്ട് വേറെ എന്തെങ്കിലും ജോലിക്ക് പോയേനെ.

  ReplyDelete
 9. സിദ്ദിഖില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചു. നല്ല നിരീക്ഷണം.

  ReplyDelete
 10. എന്തായാലും ഇനി ഈ പാതകം കാണാന്‍ താല്പര്യമില്ല. ഒരാള്‍ പോലും നല്ലൊരു അഭിപ്രായം പറഞ്ഞ് കേട്ടില്ല.

  സിദ്ധിക്ക്-ലാല്‍ എന്ന്‍ വേര്‍പിരിഞ്ഞോ , അന്നുമുതല്‍ രണ്ടും കണക്കാണ്. സിദ്ധിക്ക് മാത്രമല്ല, ലാലും ഈയിടെ ഹരിഹര്‍ നഗര്‍-2 എടുത്ത് അത് തെളിയിച്ചതാണ്. ഇനി മൂന്നാംഭാഗം വരുന്നു- അതിന്റെ കാര്യം എന്താകുമോ എന്തോ?
  ഇവര്‍ രണ്ടുപേരും ഇനിയും ഒന്നിച്ച് ഒരു ചിത്രം ചെയ്യുകയാണെങ്കില്‍ അത് മലയാള സിനിമയുടെ തന്നെ ഒരു ഭാഗ്യമായിരിക്കും. അല്ലെങ്കില്‍ രണ്ടും ഇങ്ങനെ വഴിപിഴച്ച് പോവുകയേ ഉള്ളൂ.

  ReplyDelete
 11. കൂക്കിവിളിക്കുന്നവര്‍ക്കു പകരം കുടുംബപ്രേക്ഷകര്‍ തന്റെ പടം ഏറ്റെടുക്കുമെന്ന് ലാല്‍ പറയുന്നത് ഇന്നു ടിവിയില്‍ കേട്ടേയുള്ളു.ഓട്ടയായ പാന്റ്സ് കാണിക്കുന്നതു കാണുമ്പോള്‍ തന്നെ തമാശയുടെ നിലവാരം ഊഹിക്കാം.നന്നായിട്ടുണ്ട് എഴുത്ത്.അഭിനന്ദനങ്ങള്‍

  PS:-ഞാന്‍ ഇടയ്ക്കൊക്കെ ആലോചിക്കാറുണ്ട് നമ്മുടെ മീരാജാസ്മിനെപറ്റി. എവിടെപ്പോയോ ആവോ?

  ReplyDelete
 12. ഭാഗ്യം ! സി.ഡി വാങ്ങിക്കുന്ന കാശ് മുതലായി ,കേട്ടൊ...

  ReplyDelete
 13. മിമിക്രി വഴി കയറിവന്ന ചവറുകള്‍ എല്ലാം കൂടി നമ്മുടെ കോമഡിയുടെ നിലവാരം തന്നെ ഇല്ലാതെയാക്കി.ദിലീപ്‌,അയാളെ കണ്ടാല്‍ തന്നെ ഞാന്‍ ആ വഴിയ്ക്ക് പോവാറില്ല.എന്തൊരു ബോറന്‍!

  നന്ദി റിവ്യൂവിന്!

  ReplyDelete
 14. സിദ്ദിഖിന്റെ ഒക്കെ പടം കാണാന്‍ ഇപ്പോളും ആളുകള്‍ പോകുന്നുണ്ടല്ലോ...അല്‍ഭുതം തന്നേ! സിദ്ധിഖ് ‌+ ദിലീപ് = കൂതറ എന്നു മനസ്സിലാക്കാന്‍ എന്തേലും പ്രയാസം ഉണ്ടോ...ഇനി എന്തേലും ആവട്ടേ എന്നു വച്ചാല്‍ തന്നെ അരികില്‍ നീ എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന പാട്ടു സീന്‍ സിനിമയില്‍ കണ്ടവര്‍ ആരെങ്കിലും ഈ പടം കാണാന്‍ പോവുമോ???? ആ സീനില്‍ ദിലീപിന്റെ നിക്കര്‍ ഊരി പോവുന്നതും, പൂവു കൊടുക്കുമ്പോള്‍ മണത്തു നോക്കിയിട്ടു തുമ്മുന്നതും, കക്കൂസില്‍ പോവുമ്പോള്‍ വെള്ളം ഇല്ലാതെ വട്ടം തിരിയുകയും തുടങ്ങിയ സ്ഥിരം കൂതറ നമ്പേര്‍സ് മാത്രമേ ഇല്ലാതിരുന്നുള്ളു.

  ഓഫ്: താങ്കളുടെ റിവ്യൂസ് വളരെ നല്ല നിലവാരം പുലര്‍ത്തുന്നു. കീപ്പ് അപ്പ് ദ ഗുഡ് റൈറ്റിങ്ങ് :)

  ReplyDelete
 15. ചിത്രത്തിന്റെ പേരിൽ നിന്നു തന്നെ സംഭവം ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമെന്ന് ഊഹിച്ചിരുന്നു....

  ReplyDelete
 16. അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും നന്ദി...

  ജിജോ, സിദ്ദിഖിന്റെ അപചയം എത്രയോ മുൻപേ തുടങ്ങിയതാണ്‌ 'ഫ്രണ്ട്സ്‌' എന്ന ചിത്രം മുതൽ അത്‌ തെളിഞ്ഞുകത്തിതുടങ്ങിയതല്ലേ. ചലച്ചിത്ര മാധ്യമത്തോടുള്ള പ്രതിബദ്‌ധത നമ്മുടെ ചലച്ചിത്ര പ്രവർത്തകർക്ക്‌ പൊതുവിൽ കുറവാണ്‌ എന്ന് സമ്മതിക്കേണ്ടിവരും. അതുകൊണ്ടാണല്ലോ എത്ര തല്ലിപ്പൊളി ചിത്രമെടുത്തുകഴിഞ്ഞും ഇവർ ചാനലുകളിൽ ഗീർവാണം വിടുന്നത്‌. എഴുതുമ്പോൾ വല്ലാത്തൊരു അവസ്‌ഥയിൽ തന്നെയായിരുന്നു കുറച്ചാണോ ഞാൻ തീയേറ്ററിൽ ഇരുന്നത്‌ അനുഭവിച്ചത്‌! :)

  ഹരീ, :) നൃത്തത്തെകുറിച്ച്‌ ഞാൻ ഹരിയോട്‌ പറയണം എന്ന് ഉദ്ദേശിച്ചത്‌ മനു എഴുതിയിട്ടുണ്ട്‌. മൈക്കേൽ ജാക്സൺ എന്ന് ഞാൻ പറയുവാൻ സാദ്‌ധ്യത കുറവാണ്‌ എങ്കിലും ഒരുക്കിയത്‌ ആരാണെങ്കിലും ചുവട്‌ വെക്കുന്നത്‌ 'മീശ്‌ മാധവനി'ലേയും 'കല്യാണരാമനി'ലേയും സ്റ്റെപ്പ്സ്‌ ഇനിയും മറക്കാത്ത ദിലീപല്ലേ എന്ന് ഞാൻ ചോദിക്കുമായിരുന്നു.

  സാൽജോ, നന്ദി...

  ആദർശ്‌, പടം കഷ്‌ടകാലത്തിന്‌ കണ്ടുപോയവർ എല്ലാവരും പറയുന്നത്‌ അതുതന്നെ, ഇനിയിപ്പോ എന്നാ പറയാനാ :)

  മനൂ, സിദ്ദിഖിനേക്കാൻ ഞാൻ പോകുവാനുള്ള കാരണം എസ്‌.കുമാർ തന്നെ. സാധാരണ ഇത്തരം അനുഭവങ്ങളെ എഴുതുവാൻ ശ്രമിക്കാറേയില്ല. സുഹൃത്തുക്കൾ പലരും നിർബ്ബന്‌ധിച്ചപ്പോൾ എഴുതിയതാണ്‌. പലരേയും രക്ഷപ്പെടുത്തുവാൻ കഴിഞ്ഞല്ലോ, ആശ്വാസമായി. :) ഹരിയോടുള്ള മറുപടി ഇഷ്‌ടായിട്ടാ...

  രാജ്‌, പാഠമാകുവോ സാദ്‌ധ്യത കുറവാണ്‌. 'സാധു മിരണ്ടാൽ' എന്നൊരു പാഠം ഇതിനു മുൻപേ പഠിച്ചിട്ടും ഇങ്ങനെ സംഭവിച്ച സ്‌ഥിതിക്ക്‌ സാദ്‌ധ്യത കുറവ്‌ തന്നെയാണ്‌

  സന്തോഷ്‌ പല്ലശ്ശന, :) നന്ദി...

  നന്ദന, ഇത്‌ ഓടിക്കുവാൻ പോന്ന ക്ഷമ, സഹനശക്‌തി, താരാരാധന മലയാളിക്കുണ്ടോ സംശയമാണ്‌. സീരിയലിന്റെ ഉമ്മറത്ത്‌ നിന്നും വല്ല കൊച്ചമ്മമാരും വന്നാൽ ഒരു പക്ഷേ... എന്നാലും ഏയ്‌...

  നിഷേധി, പഴയ ആ ഹിറ്റ്‌ ജോഡിയിൽ ആര്‌ വലിയവൻ, ആര്‌ ചെറിയവൻ എന്ന് തർക്കിക്കുന്നതിൽ വലിയ കാര്യമില്ല. ഒരു ടീം ആയി ശ്രമിക്കുന്നതും ഒറ്റക്ക്‌ ശ്രമിക്കുന്നതും രണ്ട്‌ തന്നെയാണ്‌. കുറിക്കുമ്പോൾ വേറെ രണ്ടുപേർ മനസ്സിലേക്കുവന്നു, പയസ്സും ഭൂപതിയും...

  നാൻസ്‌, :) റാംജിറാവിനുശേഷവും പുതിയ കഥാരൂപങ്ങളിൽ സിദ്ദിഖ്‌-ലാലുമാർ നമ്മളെ രസിപ്പിച്ചിട്ടില്ലേ, ആ കൂട്ടുകെട്ടിന്റെ അവസാന സംവിധാനസംരംഭം 'കാബുളീവാല'യെപ്പറ്റി വലിയ അഭിപ്രായമൊന്നും ഇല്ലെങ്കിലും. എന്തായാലും മലയാളി കണ്ടു പൊതുവിൽ എല്ലാം വിജയങ്ങളായി എങ്കിലും ഇവരുടെ ഒറ്റക്കുള്ള സംവിധാനസംരംഭങ്ങളെപ്പറ്റി കൂടുതൽ ചർച്ച ചെയ്യുവാതിരിക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌.

  ReplyDelete
 17. വെമ്പള്ളി മാഷേ, നന്ദി...

  സതീഷ്‌ ഹരിപ്പാട്‌, രണ്ടു പേരും? വീണ്ടും? സാദ്‌ധ്യതയുണ്ടോ?

  ജിപ്സൻ ജേക്കബ്ബ്‌, ലാലേട്ടൻ 'യോദ്‌ധ'യിൽ പറയുന്നപോലെ 'തോൽക്കുന്നതിനു തൊട്ടുമുൻപുവരെ ആത്‌മവിശ്വാസം നല്ലതാണ്‌'. മീര ജാസ്‌മിൻ അല്ലേ, ജീവിച്ചിരിപ്പുണ്ടാവണം... :)

  ബിലാത്തിപട്ടണം, അപ്പോ മാഷേ, നല്ല പടങ്ങൾ CD/DVD മാറ്റി തീയേറ്ററിൽ തന്നെ കാണുന്നതല്ലേ നല്ലത്‌. ഓർക്കുക നല്ല പടങ്ങൾ മാത്രം... :)

  മേലേതിൽ മാഷേ, സത്യം! :)

  വിൻസ്‌, നന്ദി

  ബിന്ദു കെ.പി, ആ ഊഹിക്കുന്നതിനും വളരെ അപ്പുറത്താണ്‌ കാര്യങ്ങൾ, അതോണ്ടല്ലേ എനിക്കിങ്ങനെ പറ്റിയത്‌ :)

  ReplyDelete
 18. സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും നന്നായിരുന്നു. അവസാന ചിത്രമായ ' മാന്നാര്‍ മത്തായി' വരെ. ( ആ പടം സിദ്ധിക്ക് ലാല്‍ തന്നെയാണ് സംവിധാനം ചെയ്തത്, മാണി സി കാപ്പന്‍ ഏതാനും ചില സീനുകള്‍ മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളൂ.)
  കാബൂളിവാല അത്ര മോശം പടമൊന്നുമല്ലായിരുന്നു.100 ദിവസം ഓടിയ ഒരു വിജയ ചിത്രം തന്നെ ആയിരുന്നു അത്. കന്നാസും കടലാസും എന്ന രണ്ട് കഥാപാത്രങ്ങളും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത.

  ഈ പടങ്ങള്‍ എല്ലാം നമുക്ക് ഇന്നും എത്ര പ്രാവശ്യം വേണമെങ്കിലും കാണാം, ഇന്നും അവ കണ്ട് നമ്മള്‍ ചിരിച്ച് മണ്ണുകപ്പുന്നു. ഞങ്ങള്‍ പ്രവാസികള്‍ക്ക്, ജോലിയുടെ ടെന്‍ഷന്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഒരു സിദ്ദിക്ക്-ലാല്‍ പടം കാണുമ്പോള്‍ കിട്ടുന്ന ആ സുഖവും സന്തോഷവും ഒന്ന് വേറെ തന്നെയാണ്.

  സിദ്ധിക്ക് നല്ല ഒരു സംവിധായകന്‍ ആണ്, പക്ഷെ, അതിനെ പിന്തുണയ്ക്കാന്‍ ലാലിനെ പോലെയൊരാള്‍ കൂടി ഒപ്പം വേണം. തിരിച്ച് ലാലിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അത് പഴയ ഇന്‍ ഹരിഹര്‍ നഗറും പുതിയ ഹരിഹര്‍ നഗര്‍ 2 ഉം കണ്ടാല്‍ മനസ്സിലാകും.

  ReplyDelete
 19. പടം കണ്ടില്ല. റിവ്യൂവിന് നന്ദി.

  ഒരു കാര്യത്തിലേ അല്‍ഭുതമുള്ളൂ. അതായത്, ഇന്നലെയാണ് മനോരമയില്‍ ഒരു ന്യൂസ് വായിച്ചത്. ഈ ബോഡി ഗാഡിനെ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ പലരും ഓള്‍‌റഡി താല്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു എന്ന്. തമിഴില്‍ വിജയ് ആണത്രേ നായകന്‍. ഹിന്ദിയില്‍ ‘സല്‍മാന്‍ ബോഡീ ഖാന്‍‘ ആണ് ‘ബോഡീ ഗാഡിലെ’ നായകന്‍. സംവിധാനം പ്രഭുദേവയും, നിര്‍മ്മാണം ബോണി കപൂറും.

  തമിഴിലെ ‘പോക്കിരി’ ഹിന്ദിയില്‍ പ്രഭുദേവയും ബോണികപൂറും, സല്‍മാന്‍ ഖാനും കൂടി 'Wanted' ആക്കിയപ്പോള്‍ അത് വന്‍ വിജയമായിരുന്നു. അതിന്റെ ഹാങ്ങ് ഓവറില്‍ ആയിരിക്കും ഇവന്മാര്‍...!
  സമീപകാലത്ത് വിജയ് ചിത്രങ്ങള്‍ എല്ലാം ഒരേ പാറ്റേണില്‍ ഇറങ്ങിയതിനാല്‍ വന്‍ പരാജയമായിരുന്നു, അതില്‍ നിന്നൊരു മോചനം എന്ന നിലയിലാണത്രേ ഈ ചിത്രം റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത്. ആര്‍ക്കറിയാം എന്താകും എന്ന്. പിന്നെ, ‘ബോഡീഗാഡി’ ന് തെലുങ്കില്‍ നിന്നും കന്നടയില്‍ നിന്നും ആവശ്യക്കാര്‍ എത്തിയിട്ടുണ്ടത്രേ..!

  ഞാന്‍ പറഞ്ഞുവരുന്നത്, ഈ പോസ്റ്റിലെ റിവ്യൂയും ഈ വാര്‍ത്തകളും തീരെ മാച്ചാവുന്നില്ല... അതിനാല്‍ വണ്ടറടിച്ചോണ്ടാണ് ഈ കമന്റ് എഴുതുന്നത് :)

  ഓഫ്: പിന്നെ ഈ ബോഡീഗാഡ് പ്ലാന്‍ ചെയ്യാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷവും, ചിത്രീകരണം തുടങ്ങിയിട്ട് തന്നെ രണ്ടുവര്‍ഷവും ആയത്രേ. നയന്‍‌താരയുടെ ഡേറ്റ് ക്ലാഷാണ് ഇതിന് കാരണം എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ഒടുവില്‍ നയന്‍സ്ന്റെ ഡേറ്റൊക്കെ ഓകെ ആയി/ആക്കി. അതില്‍ ചിത്രത്തിന്റെ നൃത്തസംവിധായകന്റെ പങ്ക് എത്രയുണ്ടെന്ന് ആര്‍ക്കറിയാം. :) ഏതായാലും ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനില്‍ സംവിധായകന്‍ കൂടിയായ പ്രഭുദേവ നയന്‍സിനെത്തന്നെ നായികയാക്കുമോ എന്ന കാര്യവും കണ്ടറിയണം, ലെറ്റ്സ് വെയ്റ്റ് & സീ.... :)

  -അഭിലാഷങ്ങള്‍

  ReplyDelete
 20. സതീഷ്‌ ഹരിപ്പാട്‌, 'മാന്നാർമത്തായി'യുടെ പ്രോഡക്ഷനെക്കുറിച്ച്‌ കൂടുതൽ അറിവില്ലെങ്കിലും ആ ചിത്രത്തിൽ സംവിധാനത്തിന്‌ ക്രെഡിറ്റ്‌ മാണി.സി.കാപ്പനാണ്‌. 'കാബുളിവാല'യെക്കുറിച്ച്‌ എനിക്ക്‌ ഇപ്പോഴും ഒരു മതിപ്പും ഇല്ല. ഒരൊറ്റ വട്ടം മാത്രം കണ്ട ഒരേയൊരു സിദ്ദിഖ്‌-ലാൽ ചിത്രം അതാണ്‌. എന്തായാലും സിദ്ദിഖ്‌-ലാൽ എന്ന കൂട്ടുകെട്ടിന്നോളം വരുന്നില്ല ഒരിക്കലും സിദ്ദിഖും ലാലും ഒറ്റക്ക്‌ ഒരുക്കിയ സൃഷ്‌ടികൾ.

  അഭിലാഷങ്ങൾ, ചിത്രീകരണം കഴിഞ്ഞ്‌ ഒത്തിരി നാൾ പെട്ടിയിൽ വിശ്രമിച്ചാണ്‌ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്‌. ചിത്രത്തിനെക്കുറിച്ച്‌ പോസിറ്റീവ്‌ അഭിപ്രായങ്ങൾ കണ്ടവരാരും തന്നെ പറഞ്ഞതായി അറിവില്ല. എങ്കിൽപ്പിന്നെ ഈ ലേഖനത്തിനെ ഒരു പബ്ലിസിറ്റി സ്റ്റൻഡ്‌ മാത്രമായി കാണുന്നതല്ലേ നല്ലത്‌. കാത്തിരുന്നുകാണാം...

  ReplyDelete
 21. നല്ല റിവ്യൂ ഷാജി.

  പിന്നെ ബോഡിഗാഡിനെ പറ്റി മിനിയാന്ന് സിദ്ദിഖ് ടീ.വി.യിൽ പറഞ്ഞത് കേട്ട് രണ്ടുമൂന്ന് തവണ രോമാഞ്ചമുണ്ടായി. മനുഷ്യന്റെ കാര്യം ഇത്രയൊക്കെയേ ഉള്ളൂ!

  ReplyDelete
 22. കഷ്ടം. വളരെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഒരു സംവിധായകനായിരുന്നു സിദ്ധിക്‍.

  ReplyDelete
 23. not at all interested to say anything about the film.bcoz this is one of the greatest CHATHI that can be done to Malayalam film industry but your style of writing ,amazing man :-).reviewinnu totally JEEVANude i think ie the element which siddique forgot to add in his new film

  ReplyDelete
 24. വിശാല്‍ജി, സന്തോഷം ട്ടാ ഈ അഭിപ്രായത്തിന്...

  ശ്രീ, കഴിഞ്ഞ കുറച്ച് നാളുകളായി സിദ്ദിഖ് നിരാസപ്പെടുത്തുക തന്നെയായിരുന്നില്ലേ?

  പ്രീതി, നന്ദി.

  ReplyDelete
 25. agree with the comments on siddque and lal. vietnam colony was enough. pinne ee pani vendayirunnu. mannar mathai enikku thonnunnu avar thanee direct cheythirunnel nannakumayirunnu ennanu. pinne vanna hitler, kabooli, friends, chronic athode njan adhehathodu vida paranju. ithoru aahwanamyi kandu adhehathinte kanjnikudi muttikkaruthu ennu apeksha.

  ReplyDelete
 26. പ്രേക്ഷകനെ പരീക്ഷിക്കുന്ന ഈ ചിത്രം കണ്ടത് വളരെ ‘പീകര‘മായിപ്പോയി എന്ന് തോന്നി.
  എഴുത്ത് നന്നായി...ആശംസകള്‍..!!

  ReplyDelete
 27. ഒരു പുനര്‍വായന.
  ചിലപ്പോ ലോകം അങ്ങനെയാണ് ഷാജീ, കൂതറകള്‍ വിപണി കീഴടക്കും. (Read this along with Santhosh Pandit / Silsila guy etc) ബോഡി ഗാര്‍ഡ് ഹിന്ദിയില്‍ ഇറങ്ങി. തെലുങ്ക്‌, തമിഴ്, ബംഗാളി, കന്നഡ ഭാഷകളിലും ഇതിനകം റീമേക്ക് ചെയ്തു പുറത്തിറങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ എല്ലാ കണക്കുകളും നമുക്കറിയാം. ബോളിവുഡില്‍ 64 കോടി മുടക്കി എടുത്ത ചിത്രം ബോക്സ് ഓഫീസില്‍ 230 കോടി വാരി. തെലുങ്കില്‍ 35 കോടി മുടക്കി എടുത്ത ചിത്രം ബോക്സ് ഓഫീസില്‍ 55 കോടി നേടി. വിക്കിയുടെ പീടികയിലെ മേല്‍പ്പറഞ്ഞ കണക്കുകള്‍ പ്രകാരം പണം മുടക്കിയ ഒരു നിര്‍മാതാവും കുത്തുപാള എടുത്തില്ല. ഈ ക്രിയേറ്റിവിറ്റി എന്ന സാധനം ഉണ്ടല്ലോ, അത് സാധാരണ പ്രേക്ഷകന് ഇപ്പോഴും ആവശ്യമില്ല എന്ന് തോന്നുന്നു. നാം തെറി പറഞ്ഞതു അയാള്‍ കേട്ടിരുന്നു എങ്കില്‍ നിശ്ചയമായും അയാള്‍ ഊറി ചിരിക്കുക ആയിരുന്നിരിക്കണം. (ആര്? സംവിധായകന്‍. തിരക്കഥാകൃത്ത്‌. അല്ലെങ്കില്‍ നിര്‍മ്മാതാവ്.) ചിത്രത്തിന്റെ കലാമൂല്യം എന്തുമാകട്ടെ, വിപണി മൂല്യമാണ് പ്രധാനം എന്നതാണ് കമ്മേര്‍ഷ്യല്‍ സിനിമയുടെ അടിസ്ഥാനം. അത് അവര്‍ക്ക് അറിയാമായിരുന്നു.
  >>ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌,
  >>പ്രത്യേകിച്ചും തിരക്കഥാകൃത്തിനും സംവിധായകനും (ഇവിടെ രണ്ടും ഒരാളാണ്‌)
  >>സാമാന്യബോധമെങ്കിലും വേണ്ടതല്ലേ,
  >>കുറഞ്ഞപക്ഷം പണം മുടക്കുന്ന നിര്‍മ്മാതാവിനെങ്കിലും?"
  അവര്‍ക്ക് സാമാന്യത്തില്‍ കൂടുതല്‍ ബോധം ഉണ്ടായിരുന്നിരിക്കണം. ബോധമില്ലാതെ പോയത് നമ്മെ പോലുള്ള നിലവാരം കൂടിയ 'അ'സാധാരണ പ്രേക്ഷകര്‍ക്കും:D
  ആണോ?

  ReplyDelete