Nov 22, 2011

വില്ലന്മാര്‍ സംസാരിക്കുമ്പോള്‍

മുഖ്യധാരാ സിനിമയുടെ പ്രാഥമിക ലക്‌ഷ്യം ആദിമധ്യാന്തമുള്ള ഒരു കഥയെ പ്രേക്ഷകന് രസിക്കുന്ന വിധത്തില്‍ പറയുകയെന്നതാണ്‌. ചിത്രത്തിന്‍റെ ആഖ്യാന രീതികളില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്കോ, വ്യതിചലനങ്ങള്‍ക്കോ പോലും പൊതുവേ ആരും ശ്രമിക്കുവാന്‍ തന്നെ മിനക്കെടാറില്ല. ഒറ്റയും തെറ്റയുമായെത്തുന്ന ചില വേറിട്ട കാഴ്ചകള്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ പാടി പുകഴ്ത്തിയെന്നോ (ക്ലാസ്സ്‌മേറ്റ്സ്) അല്ലെങ്കില്‍ നിഷ്കരുണം തട്ടികളഞ്ഞുവെന്നോ വരാം (സിറ്റി ഓഫ് ഗോഡ്‌). നമ്മുടെ സിനിമകളില്‍ ഭൂരിപക്ഷവും നായകന്‍റെ വീരഗാഥയോ, വിജയമോ, പ്രേമ സാഫല്യമോ, ദുരന്തമോ ആണ്. മേല്‍പ്പറഞ്ഞ അതേ രീതിയില്‍ നായികയുടെ കഥകളും ദുര്‍ലഭമായി കാണാറുണ്ട്. കഥ നായകന്‍റെയോ നായികയുടെയോ അവര്‍ രണ്ടു പേരുടെയോ ആകട്ടെ പ്രതിബന്ധമായി മിക്കവാറും വില്ലനോ, വില്ലന്മാരോ, അവരുടെ സംഘപരിവാരങ്ങളോ കാണും. ഈയൊരു ഘടന തീര്‍ത്തും ഒരു സാമാന്യവല്‍ക്കരണമാണെന്ന് കരുതുക വയ്യ. കഥയിലെ നായകന് അല്ലെങ്കില്‍ നായികക്ക് ജയിക്കുവാനോ‍, പോരാടുവാനോ‍, വീരനാകുവാനോ വേണ്ട സംഘര്‍ഷാവസ്ഥയും മത്സരവും ഒരുക്കുന്നത് വില്ലന്‍റെ മേല്‍നോട്ടത്തിലാണ്. ഇത്തരം കഥകളുടെ അടിസ്ഥാന ശിലാരൂപങ്ങളെന്നത് ഇനി പറയുന്നവയാണ്. മുഖ്യകഥാപാത്രത്തിനെയോ, കഥാപാത്രത്തിന്‍റെ കുടുംബത്തിനെയോ, അല്ലെങ്കില്‍ അടുത്ത സുഹൃത്തിനെയോ വില്ലന്‍ ഉപദ്രവിക്കുകയോ, അപായപ്പെടുത്തുകയോ ചെയ്യുന്നു. മുഖ്യകഥാപാത്രത്തിനും വില്ലനും പരസ്പരം മത്സരിക്കേണ്ടി വരുന്നു. മുഖ്യകഥാപാത്രം വില്ലനേയോ, വില്ലന്‍ മുഖ്യ കഥാപാത്രത്തെയോ പിന്തുടരുന്നു. സ്വാഭാവികമായും കഥകളുടെ പശ്ചാത്തലമനുസരിച്ച് കഥാപാത്രങ്ങളുടെ രൂപങ്ങളില്‍ , സ്വഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുന്നു.


കഥാപരിസരങ്ങളിലെ മാറ്റം കഥാപാത്രങ്ങളുടെ രൂപ-ഭാവങ്ങളില്‍ വ്യതിയാനം വരുത്തുമെങ്കിലും ഓരോ കഥാപാത്രവും ഏത് ഗണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ആ കഥാപാത്രത്തിന്‍റെ ആമുഖാവതരണത്തിലൂടെയും, ചേഷ്ടകളിലൂടെയും, പ്രവൃത്തികളിലൂടെയും, മറ്റ് കഥാപാത്രങ്ങളോടുള്ള സമീപനത്തിലൂടെയും രൂപം പ്രാപിക്കുന്നുണ്ട്. നമ്മുടെ പ്രേക്ഷകര്‍ എന്നും അഭിനേതാക്കളെ സ്വീകരിച്ചിരുന്നത്, അവര്‍ നായകരോ, വില്ലന്മാരോ, ഹാസ്യ താരങ്ങളോ, അച്ഛന്‍-അമ്മ വേഷക്കാരോ, മറ്റേതെങ്കിലും വേഷക്കാരോ മാത്രമായിട്ടായിരുന്നു. അല്ലെങ്കില്‍ ചലച്ചിത്ര മേഖല പ്രേക്ഷകനെ പരുവപ്പെടുത്തിയെടുത്തത് അത്തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഒരു മുഖ്യധാരാ ചിത്രത്തില്‍ കഥാപാത്രത്തിന് കൃത്യവും വിശദവുമായ ആമുഖങ്ങള്‍ ഇല്ലെങ്കിലും പരിചയമുള്ള അഭിനേതാവ്‌ ദൃശ്യത്തിലേക്ക്‌ കടന്നുവരുമ്പോള്‍ ഇനം നോക്കി വേര്‍ത്തിരിക്കുവാന്‍ പ്രേക്ഷകന് സാധിക്കുന്നു, അത് ചലച്ചിത്രമെന്ന മാധ്യമത്തിന്‍റെ സൌന്ദര്യത്തോട് ചേരുന്നില്ലെങ്കിലും.

ഒറ്റക്കണ്ണ്‍, മുഖത്തെ അരിമ്പാറ, കപ്പടാ മീശ, ഐറ്റം ഡാന്‍സ്, ലഹളയോ, കലാപമോ അല്ലെങ്കില്‍ മറ്റേതെങ്കിലും അക്രമത്തോടെയുള്ള കഥാപാത്രത്തിന്‍റെ അവതരണം എന്നിങ്ങനെ വില്ലനെ നിര്‍ണ്ണയിക്കുന്ന ചില അടിസ്ഥാന ചിഹ്നങ്ങളും രീതികളും പഴയ കാല ചിത്രങ്ങള്‍ വില്ലന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിരുന്നു.

കുടുംബ പശ്ചാത്തലത്തിലുള്ള കഥകളില്‍ വില്ലനെ കൂടുതലും പ്രതിനിധീകരിച്ചിരുന്നത് അമ്മാവനോ, വളര്‍ത്തച്ഛനോ, അളിയനോ, അടുത്ത പരിചയക്കാരനോ സ്ത്രീ കഥാപാത്രങ്ങളാണെങ്കില്‍ അമ്മായിയമ്മയോ, രണ്ടാനമ്മയോ ആയിരുന്നു. കുടുംബത്തിന്‍റെ പൂര്‍വ്വിക സ്വത്ത്‌, അതിന്‍റെ ഭാഗം ചെയ്യല്‍ , തറവാടിന്‍റെ അധികാരം, സ്ത്രീധനത്തിലെ കടം തുടങ്ങിയവ ആയിരുന്നു ഈ കഥാപാത്രങ്ങളുടെ കലഹ പരിസരങ്ങള്‍ . ഈ ഗണത്തില്‍പ്പെട്ട ചില ചിത്രങ്ങളില്‍ 'വില്ലത്തരം' ഉന്മൂലനം ചെയ്യപ്പെടുന്നത് മുഖ്യകഥാപാത്രങ്ങളിലൊന്നില്‍ നിന്നും വില്ലന്‍ കഥാപാത്രം എണ്ണം പറഞ്ഞൊരു കരണത്തടി ഏറ്റുവാങ്ങുന്നതിലൂടെയാകും. 'വാത്സല്യം', 'ആദ്യത്തെ കണ്‍മണി', 'ഈ പുഴയും കടന്ന്' എന്നിങ്ങനെ സൂപ്പര്‍ഹിറ്റായ എത്രയെത്ര കരണത്തടി ക്ലൈമാക്സുകള്‍ .

സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ അധികാരി വര്‍ഗ്ഗം സിനിമയിലെ വില്ലന്‍റെ മുഖമായി. എണ്‍പതുകളില്‍ ഐ.വി ശശിയും ടി ദാമോധരനും ഈ ശ്രേണിയില്‍ ചെയ്ത ചിത്രങ്ങളുടെ തുടര്‍ രൂപമായിരുന്നു തൊണ്ണൂറുകളില്‍ ഷാജി കൈലാസ്‌-രഞ്ജി പണിക്കര്‍ ദ്വയങ്ങളും ചെയ്തത്. ഇവരുടെ ചിത്രങ്ങളില്‍ പൊതുജനം അറിയുന്ന നേതാക്കളില്‍ പലരും, സാംസ്ക്കാരിക സദസ്സിലെ പ്രമുഖരില്‍ ചിലരും ഏറെക്കുറെ അതേ വേഷഭൂഷാദികളോടെ മുഖ്യ വില്ലനായോ വലിയ നഗരങ്ങളില്‍ വേരുകളുള്ള, വിളിക്കുവാന്‍ ബുദ്ധിമുട്ടുള്ളൊരു പേര് സ്വന്തമായുള്ള, മറ്റൊരു വില്ലന്‍റെ പ്രധാന സംഘാടകനായോ അണിചേര്‍ന്നു. ചാനലില്‍ ലൈവായും അല്ലാതെയും രാഷ്ട്രീയ പൊറാട്ട് നാടകങ്ങള്‍ കാണുവാന്‍ സാങ്കേതികവിദ്യ നമ്മളെ അനുഗ്രഹിക്കാതിരുന്ന ആ പഴയ കാലത്ത്‌ ജനപക്ഷത്ത്‌ നിന്നൊരു നായകന്‍ വില്ലനായ അധികാരിയെ പഴയതും പുതിയതുമായ തെറി വിളിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഈ ചിത്രങ്ങളുടെയെല്ലാം പ്രമേയം. ഈ ചിത്രങ്ങളുടെ, വിശേഷാല്‍ ഷാജി കൈലാസ്‌-രഞ്ജി പണിക്കര്‍ ദ്വയത്തിന്‍റെ, ഏതാണ്ട് എല്ലാ ചിത്രങ്ങളും അവസാനിപ്പിക്കുന്ന രീതി ഏതാണ്ട് ഒന്നുതന്നെയാണ്. നായകന്‍റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ കഥാപാത്രം വില്ലന്‍റെയോ, അവരുടെ സംഘത്തിന്‍റെയോ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സകല 'നില'യും തെറ്റിയ നായകന്‍ വില്ലനെ (അതിപ്പോ എത്ര വല്യ പുള്ളിയായാലും) ഭീകരമായ ഒരാക്രമണത്തില്‍ ചുട്ടോ ബോംബുവെച്ചോ വെടിവെച്ചോ നശിപ്പിക്കുന്നു.

നായകനാല്‍ ദാരുണമായി കൊല്ലപ്പെടാതെ, നായകന്‍ തന്നെ ജീവിതമെന്ന ശിക്ഷയിലേക്ക്‌ വില്ലനെ തള്ളി വിടുന്ന ചില ചിത്രങ്ങളുണ്ട്. ടി.കെ രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത 'ചാണക്യന്‍', ദിനേശ് ബാബു സംവിധാനം ചെയ്ത 'മഴവില്ല്' എന്നിവ ഇത്തരത്തിലുള്ളവയാണ്.

മലയാളത്തിലെ കുറ്റാന്വേഷണ ചിത്രങ്ങളുടെ പൊതുവായ ഘടന പ്രേക്ഷകന്‍ കുറ്റവാളിയെന്ന് ഏറെക്കുറെ ഉറപ്പിക്കുന്ന ആരെയും കുറ്റവാളിയാക്കില്ല എന്നതാണ്. തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്നപോലെ അവസാന നിമിഷം വരെ ആ ചുറ്റുവട്ടങ്ങളില്‍  മൂളിപ്പാട്ടും പാടി നടന്ന ആരെയെങ്കിലും കുറ്റം ചാര്‍ത്തി കൊടുക്കുകയെന്നതാണ് മിക്കവാറും ചിത്രങ്ങളും കാണിച്ച് തരുന്നത്. കുറ്റവാളിയെ ആരും തന്നെ ചിത്രത്തിന്‍റെ അവസാനം വരെ മനസ്സിലാക്കി കളയരുതെന്ന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുള്ളത് കൊണ്ട് ഒന്നിലേറെ തവണ കുറ്റം അന്വേഷിച്ച പോലീസ്‌ ഓഫീസര്‍ തന്നെ കുറ്റവാളിയായി മാറിയിട്ടുണ്ട് (വിറ്റ്‌നസ്, രാക്കിളിപ്പാട്ട്). സാത്വികനായൊരു സ്വാമി സീരിയല്‍ കില്ലറായി മാറിയിട്ടുണ്ട് (ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌).

അമ്മായിയമ്മയോ, രണ്ടാനമ്മയോ അല്ലാതെ സ്ത്രീ കഥാപാത്രങ്ങള്‍ 'വില്ലന്‍' കഥാപാത്രങ്ങളാകുന്നത് മുഖ്യമായും യക്ഷികളായാണ്. 'ഭാര്‍ഗ്ഗവീനിലയ'ത്തിന്‍റെ കറുപ്പ്-വെളുപ്പ് കാലഘട്ടം മുതല്‍ ഇന്ന് വരെയും ഡ്രസ് കോഡില്‍ പോലും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത, സുന്ദരമായി പാടുവാന്‍ തീര്‍ച്ചയായും അറിയുന്ന യക്ഷി. 'മണിച്ചിത്രത്താഴി'ലെ ഗംഗ കേറി ആവേശിച്ച അനവധി 'ബാധ ഒഴിപ്പിക്കല്‍ നാടക'ങ്ങളും ഈ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.

ഒരു കഥാപാത്രമല്ലാതേയും വില്ലന്‍ ഒരു ചിത്രത്തില്‍ രംഗപ്രവേശം ചെയ്യാം. മുഖ്യ കഥാപാത്രത്തിനെ തന്നെ ബാധിക്കുന്ന, പതിനായിരത്തില്‍ ഒരുവനോ ലക്ഷത്തില്‍ ഒരുവനോ മാത്രം വരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ, രണ്ടാമതൊരിക്കല്‍ പേരു പറയുവാന്‍ പോലും കഴിയാത്ത രോഗമാണ് ചില മലയാള ചിത്രങ്ങളിലെ വില്ലന്‍.  ചിലപ്പോള്‍ മുഖ്യ കഥാപാത്രം വിധിക്ക്‌ കീഴടങ്ങുന്നു. മറ്റ് ചിലപ്പോള്‍ നേരിയ പ്രതീക്ഷ പ്രേക്ഷകന് ബാക്കിയാക്കി ഏതെങ്കിലും വലിയ നഗരത്തിലേക്കോ, വിദേശത്തേക്കോ ചികിത്സക്കായി കഥാപാത്രം യാത്രയാകുന്നു.

വലിയ നഗരങ്ങളില്‍ നിന്നോ, വിദേശത്ത്‌ നിന്നോ നാട്ടിലെത്തി 'നിധി'യോ, പഴയ പണത്തിന്‍റെ കണക്കോ തീര്‍ക്കുവാന്‍ വരുന്ന, ചില വില്ലന്മാരുമുണ്ട്. നാട് ചുറ്റി വന്ന് നമ്മുടെ നാട്ടില്‍ തന്നെ 'തീപ്പെടു'വാന്‍ ഭാഗ്യം ചെയ്തവര്‍ (ഇന്‍ ഹരിഹര്‍ നഗര്‍, ആര്യന്‍)‍.

രാം ഗോപാല്‍ വര്‍മ്മയുടെ 'സത്യ'യില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് നഗരത്തിന്റെ ഇരുണ്ട മുഖങ്ങളിലേക്ക് മലയാള സിനിമ കണ്ണുതുറക്കുന്നത്തിന്‍റെ തുടക്കം എ.കെ സാജന്‍ സംവിധാനം ചെയ്ത 'സ്റ്റോപ്പ്‌ വയലന്‍സ്‌' ആയിരുന്നു. ഹിന്ദി, തമിഴ്‌ എന്നിങ്ങനെ മറ്റ് ഭാഷകളിലെപ്പോലെ ചോരയൊഴുക്കിയില്ലെങ്കിലും മലയാളത്തിലും അക്രമം ചെയ്യാന്‍ മടിയില്ലാത്ത നായകനും ഗുണ്ടാ-കൊട്ടേഷന്‍ സംഘങ്ങളുമായി ധാരാളം കഥകള്‍ വന്നു. ഈ ശ്രേണിയിലെ മറ്റ് ഭാഷാ ചിത്രങ്ങളെ അനുകരിക്കുവാന്‍ ശ്രമിച്ചതോ അവതരണത്തിലെ ഏച്ചുകെട്ടലുകളോ തിരക്കഥകളിലെ പാളിച്ചയോ എന്തോ ചിത്രങ്ങള്‍ ഒന്നും തന്നെ വന്‍വിജയങ്ങളായില്ല. പക്ഷേ ആ ചിത്രങ്ങള്‍ക്ക് കൊച്ചിയേക്കാള്‍ മൊടയുള്ള മറ്റൊരിടവും കേരളത്തില്ലെന്ന്‍ പ്രേക്ഷകനെ തോന്നിപ്പിക്കുവാനായി. കൊട്ടേഷന്‍ സംഘങ്ങളുടേയും ഗുണ്ടാതലവന്മാരുടേയും ആസ്ഥാന കേന്ദ്രമായി ചിത്രീകരിക്കപ്പെടുന്ന കൊച്ചിയില്‍ ഈ ലേഖകന്‍ ഏതാണ്ട് അഞ്ച് വര്‍ഷത്തോളം ഉണ്ടുറങ്ങിയിരുന്നു. എത്രയോ പാതിരാത്രികളില്‍ ഒറ്റക്കും സുഹൃത്തുക്കളോടൊരുമിച്ചും ആ നഗരത്തിലും അവിടുത്തെ ഇടനാഴികളിലും പൂണ്ട് വിളയാടിയിരിക്കുന്നു. ചോര ചിന്താന്‍ വെമ്പുന്ന മൂര്‍ച്ചയുള്ളൊരു വാള്‍ തലപ്പിന്‍റെ, നേര്‍ത്തൊരു സ്വകാര്യം പോലും ഞങ്ങളില്‍ ആരും തന്നെ കേട്ടിട്ടില്ല. നിണമൊഴുകുന്ന നീര്‍ച്ചാലുകളൊന്നും ഞങ്ങളുടെ ശ്രദ്ധ തെറ്റിച്ചിട്ടുമില്ല. എങ്കിലും ഞാനെന്ന പ്രേക്ഷകന്‍ മനസ്സിലാക്കേണ്ടി വരുന്നു, കൊച്ചിയെന്നത് കടലിന്‍റെ പരിലാളനയുള്ള പഴയ റാണിമാത്രമല്ലെന്ന്‍!

മറ്റ് ഭാഷകളിലെ സിനിമകളില്‍ ഏറെ കൊണ്ടാടപ്പെടുകയും എന്നാല്‍ നമുക്ക്‌ ഉദാഹരണങ്ങള്‍ നിരത്തുവാന്‍ ഇല്ലാത്ത ഈ ജനുസ്സിലെ ചില കഥാപാത്രങ്ങലുണ്ട്. 'സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം' കൊണ്ട് അതിമാനുഷികമായ പ്രവൃത്തികള്‍ നമ്മുടെ ചില നായക കഥാപാത്രങ്ങള്‍ക്ക് ചെയ്യേണ്ടി വരാറുണ്ടെങ്കിലും എടുത്തു പറയാവുന്ന 'സൂപ്പര്‍ ഹ്യൂമന്‍' കഥാപാത്രം നമ്മുടെ സിനിമയില്‍ ഇനിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ 'സൂപ്പര്‍ വില്ലന്‍' കഥാപാത്രങ്ങള്‍ നമുക്കിനിയുമില്ല.

ഈ വര്‍ഷമാദ്യം 'ട്രാഫികി'ല്‍ തുടങ്ങി ഇക്കഴിഞ്ഞ ഒക്ടോബറില്‍ 'ഇന്ത്യന്‍ റുപ്പി' വരെ ഭേദപ്പെട്ട ചില ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. അവയില്‍ പലതും മുഖ്യധാരാ സിനിമ പരിചയിച്ച വഴികളില്‍ നിന്നും കുതറി മാറി നടന്നവയായിരുന്നു. കഥാപാത്ര നിര്‍മ്മിതിയിലെ വാര്‍പ്പുമാതൃകകളെ ചില ചിത്രങ്ങളെങ്കിലും വ്യക്തമായി നിരാകരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട 'ആദാമിന്‍റെ മകന്‍ അബു'-വില്‍ കൊടിയ വില്ലത്തരം പോയിട്ട് കളങ്കമേയില്ലാത്ത ഒരു പറ്റം കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്‍. 'സാള്‍ട്ട് ആന്‍ഡ്‌ പെപ്പറി'-ല്‍ ചില്ലറ മൊട കാണിക്കുന്നവരുണ്ടെങ്കിലും വില്ലന്മാരില്ലെന്ന്‍ പറയേണ്ടി വരും, വില്ലത്തരങ്ങളുമില്ല. 'ചാപ്പാ കുരിശി'ല്‍ കഥാപാത്രങ്ങളെ പുതിയ കാല ജീവിതത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നു. നായക-വില്ലന്‍ അതിര്‍ത്തികള്‍ വരക്കാതെ നന്മ-തിന്മകളുടെ സമ്മിശ്രമായ കഥാപാത്രങ്ങള്‍. 'ചാപ്പാ കുരിശ്' പറയുന്നത്പോലെ 4G കാലത്തെ വില്ലന്മാര്‍ വേഷങ്ങള്‍കൊണ്ട് നമുക്ക്‌ തിരിച്ചറിയാന്‍ പറ്റുന്നവര്‍ ആകണമെന്നില്ല. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും.

പ്രശക്ത ചലച്ചിത്ര നിരൂപകനായ റോജര്‍ എബര്‍ട്ട് വില്ലന്മാരെ കുറിച്ച് ഇങ്ങനെ പറയുന്നു: "ഒരു സിനിമ ആ ചിത്രത്തിലെ വില്ലനോളം മാത്രമേ നന്നാകുന്നുള്ളൂ. നായകനും അയാളുടെ തന്ത്രങ്ങളും സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നിടത്തോളം ഒരു വൈഭവമുള്ള വില്ലനാണ് നല്ല ശ്രമത്തിനെ വിജയമാക്കുന്നത്."

നവം. 2011, മാധ്യമം ആഴ്ചപ്പതിപ്പ്‌