കഴിഞ്ഞ വർഷത്തെ വിളവെടുപ്പിന്റെ കണക്ക്, പത്രങ്ങളായ പത്രങ്ങളൊക്കേയും ചാനലായ ചാനലൊക്കേയും പരത്തി ശർദ്ദിക്കാൻ ഇനി അധികം ദിവസം ബാക്കിയില്ല. കഴിഞ്ഞ കുറേ നാളായി ചലച്ചിത്രം എന്നാൽ 'വെള്ളി കോമഡി'യോ 'വഷളൻ കോമഡി'യോ ആണ് മലയാളിക്ക്. കഥയിലോ, അവതരണത്തിലോ ഒരു മാറ്റത്തിന് താൽപ്പര്യമില്ല എന്നാണ്, അണിയറയിലും അരങ്ങിലും പ്രവർത്തിക്കുന്ന വയസ്സൻ പടയുടെ പൊതുനിലപാടും. ഭൂതവും, ഏയ്‌ഞ്ചലും നമ്മളെ നോക്കി കൊഞ്ഞനം കുത്തുമ്പോഴും 'ഒരു പെണ്ണും രണ്ടാണ്ണും', 'രാമാനം' മുതലായ 'എക്സ്പയറി ഡേയ്റ്റ്' കഴിഞ്ഞ ചരക്കുകൾ വിൽപ്പനക്ക് എത്തുമ്പോഴും അഭിനന്ദനീയമായ നല്ല ചില ചലച്ചിത്രശ്രമങ്ങൾ ഈ വർഷം ഉണ്ടായിരുന്നു എന്നത് കുറച്ചൊന്നുമല്ല ആശ്വാസമാകുന്നത്. അക്കൂട്ടത്തിൽ ഈ വർഷം ചേർക്കപ്പെടുന്ന അവസാന പേരുകളിലൊന്ന് നിസ്സംശയമായും ഈ 'സ്വർഗ്ഗ'മാകും.
Synopsis:
(വായനക്കാർ പലതരം ഉണ്ടല്ലോ. ചലച്ചിത്ര കുറിപ്പുകളിൽ കഥ ആഗ്രഹിക്കാത്തവരും, കഥാസാരം ആവുന്നതിൽ തെറ്റില്ല എന്ന് പറയുന്നവരും, ആദിമധ്യാന്തം കഥ വായിക്കാൻ ഇഷ്‌ടപ്പെടുന്നവരും. കുറിപ്പുകളിൽ കഥ കുത്തിതിരുകി കയറ്റുന്ന 'കോഴിക്കോടൻ' ശൈലിയോട് എനിക്ക് തികഞ്ഞ അവജ്ഞയുമുണ്ട്. ഏതായാലും നിങ്ങളുടെ കാഴ്‌ചയെ അലോസരപ്പെടുത്താത്ത ഒരു സംഗ്രഹം ആണ് ഇവിടെ. താൽപ്പര്യമില്ലെങ്കിൽ മാന്യ വായനക്കാരന് വട്ടം ചാടി കടന്ന് പോവുകയും ചെയ്യാമല്ലോ...)
ആധുനികതയുടെ അധിനിവേശമില്ലാത്ത ഒരു തനി നാടൻ ഗ്രാമമാണ് കോടനാട്. മണ്ണിനേയും മാടുകളേയും വല്ലാതെ സ്നേഹിക്കുന്ന സ്ഥലത്തെ ഒരു കർഷകനാണ് മാത്യൂസ്. ഗ്രാമത്തിൽ സ്വന്തമായി 4 ഏക്കറോളം വരുന്ന ഒരു കൃഷിയിടമുണ്ട് മാത്യൂസിന്. അപ്പൻ ജെർമിയാസും അമ്മച്ചി എൽസമ്മയും വെല്ലിമ്മച്ചി റാഹേലമ്മയും ഒക്കെയുള്ള വീടും, വീടിന് ചുറ്റും നിറയുന്ന മാട്-പ്രാവ്-താറാവുകളും, പിന്നെ അറ്റമില്ലാത്ത ഈ കൃഷിയിടവുമാണ് കഥയിലെ 'സ്വർഗ്ഗം'.
താലൂക്ക്-വില്ലേജ്-കലക്‌ടറേറ്റ് തുടങ്ങിയ ഭരണസിരാകേന്ദ്രങ്ങളിൽ സ്വാധീനമുള്ള ഒരു റിയൽ എസ്‌റ്റേറ്റ് ബിസിനസ്സുകാരനാണ് ആലുവാ ചാണ്ടി. മാത്യൂസിന്റെ 'സ്വർഗ്ഗ'ത്തിൽ ആകൃഷ്‌ടനാവുന്ന ചാണ്ടിയുടെ ഒരു ഇടപാടുകാരൻ, ചാണ്ടിയുടെ കൈവശമുള്ള സമീപ പ്രദേശങ്ങൾക്കൊപ്പം 'സ്വർഗ്ഗ'വും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. ഇടപാടുകാരനിൽ നിന്നും ഭീമമായ ഒരു മുൻകൂർ പണം കൈപറ്റുന്നതോടെ 'സ്വർഗ്ഗ'ത്തിൽ നിന്നും മാത്യൂസിനെ ഒഴിപ്പിക്കുവാൻ തന്റെ ഗുണ്ടാ-ഭരണസിരാകേന്ദ്ര ബന്‌ധങ്ങളെ ബുദ്‌ധിപരമായി ചാണ്ടി ഉപയോഗപ്പെടുത്തുന്നു. [പഴയ മഞ്ഞ-ചോപ്പ-വെള്ള സിനിമാ നോട്ടീസുകളുടെ ഒടുക്കം എഴുതുന്ന പോലെ, ശേഷം സ്‌ക്രീനിൽ... :) ]
(വായനക്കാർ പലതരം ഉണ്ടല്ലോ. ചലച്ചിത്ര കുറിപ്പുകളിൽ കഥ ആഗ്രഹിക്കാത്തവരും, കഥാസാരം ആവുന്നതിൽ തെറ്റില്ല എന്ന് പറയുന്നവരും, ആദിമധ്യാന്തം കഥ വായിക്കാൻ ഇഷ്‌ടപ്പെടുന്നവരും. കുറിപ്പുകളിൽ കഥ കുത്തിതിരുകി കയറ്റുന്ന 'കോഴിക്കോടൻ' ശൈലിയോട് എനിക്ക് തികഞ്ഞ അവജ്ഞയുമുണ്ട്. ഏതായാലും നിങ്ങളുടെ കാഴ്‌ചയെ അലോസരപ്പെടുത്താത്ത ഒരു സംഗ്രഹം ആണ് ഇവിടെ. താൽപ്പര്യമില്ലെങ്കിൽ മാന്യ വായനക്കാരന് വട്ടം ചാടി കടന്ന് പോവുകയും ചെയ്യാമല്ലോ...)
ആധുനികതയുടെ അധിനിവേശമില്ലാത്ത ഒരു തനി നാടൻ ഗ്രാമമാണ് കോടനാട്. മണ്ണിനേയും മാടുകളേയും വല്ലാതെ സ്നേഹിക്കുന്ന സ്ഥലത്തെ ഒരു കർഷകനാണ് മാത്യൂസ്. ഗ്രാമത്തിൽ സ്വന്തമായി 4 ഏക്കറോളം വരുന്ന ഒരു കൃഷിയിടമുണ്ട് മാത്യൂസിന്. അപ്പൻ ജെർമിയാസും അമ്മച്ചി എൽസമ്മയും വെല്ലിമ്മച്ചി റാഹേലമ്മയും ഒക്കെയുള്ള വീടും, വീടിന് ചുറ്റും നിറയുന്ന മാട്-പ്രാവ്-താറാവുകളും, പിന്നെ അറ്റമില്ലാത്ത ഈ കൃഷിയിടവുമാണ് കഥയിലെ 'സ്വർഗ്ഗം'.
താലൂക്ക്-വില്ലേജ്-കലക്‌ടറേറ്റ് തുടങ്ങിയ ഭരണസിരാകേന്ദ്രങ്ങളിൽ സ്വാധീനമുള്ള ഒരു റിയൽ എസ്‌റ്റേറ്റ് ബിസിനസ്സുകാരനാണ് ആലുവാ ചാണ്ടി. മാത്യൂസിന്റെ 'സ്വർഗ്ഗ'ത്തിൽ ആകൃഷ്‌ടനാവുന്ന ചാണ്ടിയുടെ ഒരു ഇടപാടുകാരൻ, ചാണ്ടിയുടെ കൈവശമുള്ള സമീപ പ്രദേശങ്ങൾക്കൊപ്പം 'സ്വർഗ്ഗ'വും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. ഇടപാടുകാരനിൽ നിന്നും ഭീമമായ ഒരു മുൻകൂർ പണം കൈപറ്റുന്നതോടെ 'സ്വർഗ്ഗ'ത്തിൽ നിന്നും മാത്യൂസിനെ ഒഴിപ്പിക്കുവാൻ തന്റെ ഗുണ്ടാ-ഭരണസിരാകേന്ദ്ര ബന്‌ധങ്ങളെ ബുദ്‌ധിപരമായി ചാണ്ടി ഉപയോഗപ്പെടുത്തുന്നു. [പഴയ മഞ്ഞ-ചോപ്പ-വെള്ള സിനിമാ നോട്ടീസുകളുടെ ഒടുക്കം എഴുതുന്ന പോലെ, ശേഷം സ്‌ക്രീനിൽ... :) ]
മണ്ണിൽ കാലുറപ്പിച്ച് നിൽക്കുന്ന മണ്ണിനെ സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു കഥാ നായകൻ, 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം', 'വെള്ളാനകളുടെ നാട്' എന്നീ ചിത്രങ്ങളുടെ ജനുസ്സിൽപ്പെടുത്താവുന്ന കാലിക പ്രസ്ക്തിയുള്ള ഒരു പ്രമേയം, പാട്ട്-'നൃത്തനൃത്യ'ങ്ങളുടെ ആശ്വാസമാകുന്ന അസാന്നിധ്യം, സമീപകാലത്തിറങ്ങിയ മറ്റേതൊരു ചലച്ചിത്രത്തിനേക്കാൾ മേൽപ്പറഞ്ഞ ഘടകങ്ങൾ 'സ്വർഗ്ഗ'ത്തിനെ അൽപ്പം വ്യത്യസ്തമാക്കുന്നുണ്ട്.
സാധാരണക്കാരനാണ് കഥാനായകൻ എന്ന് സൂചിപ്പിച്ചുവല്ലോ. ചിത്രത്തിന്റെ റിലീസിംഗ് സമയത്ത് തീയ്യേറ്റർ പൊതിയുന്ന ഈയാംപാറ്റകൂട്ടം പ്രതീക്ഷിക്കുന്ന ഹീറോയിസം കഥാനായകായ മാത്യൂസിനില്ല എന്ന് പറയേണ്ടിവരും. മീശ പിരിക്കുവാനോ, സ്ലോ മോഷനിൽ നടക്കുവാനോ, ശൃംഗരിക്കാനോ, മുട്ടിന് മുകളിൽ ഉടുമുണ്ട് വീശി ഉടുക്കുവാനോ അറിയാത്ത നായകൻ. ചിത്രത്തിന്റെ പോസ്റ്ററുകളിലൊന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നതുപോലെ, 'സന്മനസ്സുള്ളവർക്ക് സമാധാന'ത്തിലെ ഗോപാലകൃഷ്‌ണ പണിക്കരെപ്പോലെ ഒരു സാധാരണക്കാരൻ. ഫലത്തിൽ കഥ നായകനും തിരക്കഥ സൂപ്പർ താരവുമാകുമ്പോൾ കഷ്‌ടപ്പെട്ട് ഈയാംപാറ്റകൂട്ടം തീയ്യേറ്ററിൽ എത്തിച്ച തുണ്ടുകടലാസ് ഭൂരിപക്ഷവും വേയ്‌സ്റ്റ്.
ഏത് ഗണത്തിൽപ്പെട്ട ചിത്രങ്ങളാണെങ്കിലും ചില താരങ്ങൾക്ക് പരസ്‌പരമുള്ള 'കെമിസ്‌ട്രി' ചിത്രത്തിന്റെ ആകെത്തുകയിൽ കാര്യമായ സ്വാധീനം ചെലുത്താറുണ്ട്. മോഹൻലാൽ-ജഗതി (കിലുക്കം), മമ്മുട്ടി-മുരളി (അമരം), മുകേഷ്-ജഗദീഷ് (ഗോഡ്ഫാദർ) മുതലായ കൂട്ടുകെട്ടുകൾ ഇത്തരത്തിൽ പെട്ടെന്ന് മനസ്സിൽ തെളിഞ്ഞ് വരുന്നവയാണ്. കിരീടം-ചെങ്കോൽ തുടർച്ചകളെ തുടർന്ന് മലയാളിക്ക് ആഴത്തിൽ പതിഞ്ഞുപോയതാണ് മോഹൻലാൽ-തിലകൻ-കവിയൂർ പൊന്നമ്മ 'കെമിസ്ട്രി'. 'സ്വർഗ്ഗ'ത്തിൽ ആ പഴയ ഓർമ്മകളുടെ വിശ്വാസം ആയിരിക്കണം വർഷങ്ങൾക്ക് ശേഷം അത്തരത്തിൽ ഒരു 'കാസ്റ്റിംഗി'ന് അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്. കള്ളിമുണ്ടും വെളുത്ത മുറിക്കയ്യൻ ബനിയനും കൊന്തയും ചീകി വെക്കാത്ത തലമുടിയും തരുന്ന വേഷപ്പകർച്ചയിൽ തന്നെ തിലകൻ ജർമിയാസ് ആകുന്നുണ്ട്. നിയന്ത്രണമില്ലാത്ത നാവും തുടർ വിവാദങ്ങളും മുഖ്യധാരയിൽ നൽകിയ ഇടവേളക്ക് ശേഷം ഈ ജർമിയാസ് ഭേഷായി. പഴയ കാല 'ലാൽ മാനറിസംസ്' ഓർമ്മിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. അവയൊക്കെ വികൃതമായ ആവർത്തനങ്ങളല്ലാതെ ഭവിക്കുന്നുമുണ്ട്.
മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രം കൃഷിയെ സ്നേഹിച്ച് കല്യാണത്തെ കുറിച്ചുപോലും മറന്നുപോയ ഒരാളാണ്. കഥാപാത്രം ചിത്രത്തിൽ ശൃംഗരിക്കുകയോ പ്രേമിച്ച് നടക്കുകയോ ചെയ്യുന്നില്ലെങ്കിലും നമ്മുടെ മുതിർന്ന താരങ്ങൾ ചലച്ചിത്രത്തിൽ ഇനിയും ക്രോണിക് ബാച്ചിലറായി നടക്കണോ?
കായികമായ കരുത്തല്ല മറിച്ച് ഗൂഡതന്ത്രങ്ങളാണ് പ്രതിനായക കഥാപാത്രമായ ആലുവാ ചാണ്ടിക്ക്. ലാലു അലക്സ് അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ രൂപമാറ്റം പലപ്പോഴും കല്ലുകടിയായി അനുഭവപ്പെട്ടു. കുടിലബുദ്‌ധി പ്രകടിപ്പിക്കുന്ന കഥാപാത്രം ചിലപ്പോൾ ആ ബുദ്‌ധിക്ക് നിരക്കാത്ത അബദ്‌ധങ്ങൾ കാണിക്കുന്നുണ്ട്. കഥാപാത്രത്തിന് കാഴ്ചയിൽ ഉള്ള പോഴത്തം ഇടക്ക് സ്വഭാവത്തിലും സംഭവിച്ചുപോയി എന്നാശ്വസിക്കാം. ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രത്തിന് ഘടനയിൽ 'വെള്ളാനകളുടെ നാട്ടി'ലെ ശ്രീനിവാസന്റെ തന്നെ ശിവൻ എന്ന കഥാപാത്രവുമായി ഒരു സാമ്യം ആരോപിക്കുന്നതിൽ തെറ്റില്ല. ചെറുതെങ്കിലും തീർത്തും പ്രധാനമാണ് ഇരു കഥാപാത്രങ്ങളും. പ്രധാന കഥാപാത്രത്തിന്റെ ആപത് ഘട്ടത്തിൽ മൂർദ്‌ധന്യ ദശയിലാണ്, സെന്റർ സ്റ്റേജിൽ ഇരുകഥാപാത്രങ്ങളും പ്രതിഷ്‌ഠിക്കപ്പെടുന്നത്. ഇരുചിത്രങ്ങളിലും കഥാന്ത്യത്തിലേക്ക് പാലം പണിയുന്നതും ഈ കഥാപാത്രങ്ങൾ തന്നെയാണ്. പതിവുപോലെ ജഗതി ശ്രീകുമാർ കുറച്ച് കയ്യടികൾ പിടിച്ച് വാങ്ങുന്നുണ്ട്.
വിദ്യാഭ്യാസമുള്ളവരും ജോലിചെയ്യുന്നവരും വ്യക്‌തിത്വമുള്ളവരുമാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ മൂവരും (ലക്ഷ്മി റായ്, പ്രിയങ്ക, ലക്ഷ്മി ഗോപാലസ്വാമി). സംസ്ഥാന അവാർഡിന്റെ തിളക്കം കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രിയങ്കയുടെ ആദ്യ ചിത്രം ആണെന്നു തോന്നുന്നു, ഈ 'സ്വർഗ്ഗം'.
ഏതാണ്ട് ഒരേ കാലയളവിലാണ് ബ്ലെസ്സിയും റോഷൻ ആൻഡ്രൂസും മലയാള സിനിമക്ക് പരിചിതരാവുന്നത്. ആദ്യ ചിത്രം കൊണ്ടുതന്നെ ഇരുവരും ശ്രദ്‌ധേയരായെങ്കിലും കെ.ജി ജോർജ്ജിനെപ്പോലെ പല പ്രമുഖരും കൂടുതൽ വാചാലരായത്, റോഷൻ ആൻഡ്രൂസിനെ കുറിച്ചായിരുന്നു. പിന്നീട് 'നോട്ട്ബുക്ക്' എന്നൊരു ചിത്രം മാത്രമാണ് റോഷൻ ആൻഡ്രൂസിന്റേതായി പുറത്ത് വന്നത്. ഗൃഹലക്ഷ്മി പോലെ വലിയ ഒരു ബാനറിന്റെ പിന്തുണയുണ്ടായിട്ടും ചിത്രം കൈകാര്യം ചെയ്ത വിഷയവും, പ്രസ്‌തുത വിഷയവുമായി ചിത്രത്തിലെ തന്നെ ഡോക്യുമന്ററി സ്വഭാവമുള്ള ചർച്ചകളും, ചിത്രാന്ത്യത്തിൽ സംഭവിച്ച ക്ലീഷേ രൂപവും 'നോട്ട്ബുക്കി'നെ വലിയ വിജയമാക്കിയില്ല. 'കാസനോവ' എന്ന ബൃഹദ് ചിത്രത്തിന്റെ നിർമ്മാണത്തിൽ സംഭവിച്ച പ്രതിസന്‌ധികളെ തുടർന്നാണ് താരതമ്യേന ഒരു ചെറിയ ചിത്രത്തിനായി ജെയിംസ് ആൽബെർട്ടുമായി റോഷൻ ആൻഡ്രൂസ് ഒത്തുചേരുന്നത്.
ഏതായാലും സമീപകാലത്ത് ഏറെ ശ്രദ്‌ധേയനായ തിരക്കഥാകൃത്തിനോടൊപ്പമുള്ള കൂടിചേരൽ വെറുതെയായില്ല. ചില സന്ദർഭങ്ങളിൽ (പള്ളീലച്ചനും നാട്ടുകാരും ടൗൺഷിപ്പിനെപ്പറ്റി ചർച്ച ചെയ്തു നീങ്ങുന്ന ലോങ്ങ് ഷോട്ട്, 'ലാൽ മാനറിസംസി'ന് പ്രാധാന്യം കൊടുക്കുവാനെന്നപോലെ ഉപയോഗിച്ച കോസപ്പ്-മീഡിയം ഷോട്ടുകൾ, ചിത്രത്തിൽ ഏച്ചു കെട്ടിയത് പോലെയല്ലാതെ ഉപയോഗിച്ച ചില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ, ചിത്രത്തിലെ മഴകൾ) മിന്നലാട്ടങ്ങളും കണ്ടു. എങ്കിലും ടൈറ്റിൽ കാർഡിൽ തെളിഞ്ഞ അക്ഷരത്തെറ്റുകളും, മണി രത്നത്തിന്റെ 'ബോംബെ' മുതൽ നമ്മൾ കണ്ടു ക്ഷീണിച്ച ആ ചുവന്ന വരയും ഒഴിവാക്കാമായിരുന്നു.
ചില ചിത്രങ്ങളുടെ ടൈറ്റിൽ കാർഡ് ശ്രദ്‌ധിച്ച് വായിക്കുമ്പോഴാണ് പേരുകളിൽ ചില അക്ഷരങ്ങൾ ലോപിച്ചും ഇരട്ടിച്ചും കിടക്കുന്നത് കണ്ണിൽ തടയുന്നത്. റോഷൻ ആൻഡ്രൂസിന്റെ പേരിലും ചില മാറ്റങ്ങൾ (Rosshan Andrrews) കണ്ണിലുടക്കി. റോഷൻ ആൻഡ്രൂസിനെ മാത്രമായി ഞാൻ കുറ്റം പറയില്ല. സ്‌റ്റീവൻ സ്പീൽബെർഗും, ടാരന്റിനോയും, സ്‌കോർസെസെയുമൊക്കെ ചലച്ചിത്രത്തിന്റെ അപ്പോസ്തലന്മാരായത് ന്യൂമറോളജി നോക്കിയല്ലെന്ന് നമ്മുടെ നാട്ടിലെ പുതുതലമുറയെങ്കിലും മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു.
അത്യന്തികമായി സംവിധായകന്റെ കലയാണ് ചലച്ചിത്രം എന്ന് പറയാമെങ്കിലും, ഇരുട്ടിൽ മിന്നി നിറയുന്ന അഭിനേതാക്കളെയാണ് പൊതുവിൽ നമ്മുടെ ചലച്ചിത്ര മേഖലയുടെ മുൻപന്മാരായി സാമാന്യ ജനം കരുതുന്നത്. പണിയാൻ പോകുന്ന ചിത്രത്തിന്റെ, പ്ലാൻ വരക്കുന്ന തിരക്കഥാകൃത്തിനേയോ പണം മുടക്കുന്ന നിർമ്മാതാവിനേയോ, നിർമ്മാണ കമ്പനിയെയോ ആരും പലപ്പോഴും ശ്രദ്‌ധിക്കാൻ കൂടി മിനക്കെടാറില്ല. കഥാകൃത്തിന്റെ മനസ്സിൽ ഒരു കനൽ വീണിലെങ്കിൽ, അത് കെട്ടുപോകാതെ ഒരു തണൽ ആകുവാൻ ഒരു നിർമ്മാതാവ് ഉണ്ടായിരുന്നില്ല എങ്കിൽ നമ്മുടെയൊക്കെ മുന്നിൽ നിന്ന് പല താരങ്ങൾക്കും ധാർഷ്‌ട്യവുമായി പല്ലിളിച്ച് കാട്ടേണ്ടി വരില്ലായിരുന്നു. കഥയും കഥാപാത്രങ്ങളും സൃഷ്‌ടിക്കുന്ന കഥാകൃത്തിനും തിരക്കഥാരൂപം ഒരുക്കുന്ന എഴുത്തുകാരനും പലപ്പോഴും നമ്മുടെ ചലച്ചിത്രമേഖല വേണ്ടത്ര പരിഗണിക്കുന്നില്ല എന്നു തോന്നുന്നു. 'ഇവിടം സ്വർഗ്ഗമാണ്' എന്ന ചിത്രത്തിലെ യഥാർത്‌ഥ താരം തിരക്കഥാകൃത്തായ ജയിംസ് ആൽബെർട്ട് ആണ്. ചലച്ചിത്രം എന്ന മാധ്യമത്തിനെ മനസ്സിലാക്കുന്ന ഒരു എഴുത്തുകാരനാണ് ജയിംസ് ആൽബെർട്ട്. അതുകൊണ്ട് തന്നെയാണ് കഥയേക്കാൾ മികച്ച തിരക്കഥകൾ ഇദ്ദേഹം ഒരുക്കുന്നത് (ക്ലാസ്സ്മേറ്റ്സ്, സൈക്കിൾ).
'നോട്ട്ബുക്ക്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച 'ദിവാകർ' തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പക്ഷേ, പേരിൽ ചെറിയ മാറ്റമുണ്ട്, ആർ.ദിവാകരൻ. ക്യാമറ എടുത്ത് എറിയാനോ കറക്കി വിടാനോ ഉള്ള ശ്രമങ്ങളൊന്നും ഇല്ല. കഥയോട് യോജിച്ച് തന്നെ ക്യാമറയും പോകുന്നു. അതേ താളം കാക്കുന്ന ചിത്രസംയോജനം പക്ഷേ ചിത്രാന്ത്യത്തോടടുത്ത് ജംപ് കട്ടിന്റെ ഒരു ചെറുമഴ പെയ്യിക്കുന്നുണ്ട്. അവിടം താളം തെറ്റിയതു തന്നേയല്ലേ എന്നു സംശയിക്കുന്നു.
മോഹൻ സിതാര ചിത്രത്തിനുവേണ്ടി ഗാനങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും ചിത്രത്തിൽ അത് ഉപയോഗിക്കുകയുണ്ടായില്ല. ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം ഒരുക്കിയത് ഗോപിസുന്ദറാണ്. ശ്രദ്‌ധേയമല്ലെങ്കിലും ചില വേളകളിൽ (ആദ്യ ലാൽ-ജഗതി സീക്വൻസ്) അത് നല്ല നിലവാരം പുലർത്തുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർത്തന്നെ പണിതുണ്ടാക്കിയതാണ് ചിത്രത്തിൽ നമ്മൾ കാണുന്ന മാത്യൂസിന്റെ കൃഷിയിടം, സ്വർഗ്ഗം. കലാസംവിധായകൻ ജോലി നന്നായി ചെയ്തിരിക്കുന്നു.
ചിത്രാന്ത്യ ക്രെഡിറ്റ്സിന് സാധാരണ, പ്രേക്ഷകർ കാത്തുനിൽക്കാറില്ല. നോക്കിനിൽക്കുന്ന എന്നെപ്പോലെ ചിലരെ നിരാശപ്പെടുത്തി ഓപ്പറേറ്റർ അതു കാണിക്കാറുമില്ല. ഈ ചിത്രത്തിന്റെ കഥാപരിണാമങ്ങൾ നിറയുന്നത് ചിത്രാന്ത്യത്തിലെ ക്രെഡിറ്റ്സിനൊപ്പമാണ്. കാണാതിരിക്കാൻ പ്രേക്ഷകനും ചിത്രം നിറുത്തുവാൻ ഓപ്പറേറ്റർക്കും കഴിയില്ല. :)
ചില നല്ല കാര്യങ്ങൾ സംഭവിച്ച് പോകുന്നതാണ്, ഈ ചിത്രവും അങ്ങനെതന്നെ. മാത്യൂസിന്റെ സ്വർഗ്ഗഭൂമിയിൽ നിറഞ്ഞ് വിളഞ്ഞ് നിൽക്കുന്ന കനികൾ പോലെ തീയ്യേറ്ററുകളും നിറയട്ടെ. സുമനസ്സുള്ളവർക്ക് ഭൂമി സ്വർഗ്ഗമായിരിക്കട്ടെ.
ആകെത്തുക: കാമ്പുള്ള കഥയും കഥാപാത്രങ്ങളും രസാവഹമായ കഥപറച്ചിലും... Recommended...