പ്രതിഭാധനനായ ഒരാള്‍കൂടി നടന്ന് മറഞ്ഞ ഒരു രാവിലാണ് ഞാന്‍ ഇത് എഴുതി തുടങ്ങുന്നത്. നടന് മുരളി ഓര്‍മ്മയായ രാവ്. വല്ലാത്തൊരു മഴക്കാലം തന്നെയിത്. മരണങ്ങള് മുറിപ്പെടുത്തിയ വല്ലാത്തൊരു കാലം. ഈ നശിച്ച മഴ ഇനിയെങ്കിലും ഒന്ന് തീര്‍ന്ന് കിട്ടിയെങ്കില്‍ മതിയായിരുന്നു...
തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സുഹൃദ് ബന്ധങ്ങള്‍ പ്രമേയമാകുന്ന രണ്ട് ചിത്രങ്ങള്‍ കാണുവാനിടയായി. ഒന്ന് തമിഴില്‍, മറ്റൊന്ന് മലയാളത്തില്‍. സമുദ്രക്കനിയുടെ 'നാടോടികളും' ശ്യാമപ്രസാദിന്റെ 'ഋതു'വും. 'ഋതുക്കള്‍ മാറി, നമ്മള് മാറിയോ?' എന്നാണ് ഈ ചിത്രത്തിന്റെ ഭംഗിയുള്ള പരസ്യചിത്രങ്ങള്‍ ചോദിക്കുന്നത്. കഥാപരിസരങ്ങളിലെ പുതുമയും മാറിയ കഥപറച്ചിലുകളും പാണ്ടി നാട്ടില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ പ്രഖ്യാതരായ ചലച്ചിത്രകാരന്മാര് പോലും പഴയ കുട്ടി നിക്കറിട്ട പോലിസിനേയും സാധിച്ചാല്‍ അതിനും നാലോ അഞ്ചോ തലമുറക്കും മുന്‍പുള്ള സാമൂഹിക കാലാവസ്ഥയേയും കുറിച്ചോര്‍ത്ത് വിഷമിക്കുകയാണ്. ഇതെല്ലാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുവാനും വിഷമമാണ്. പക്ഷേ, പ്രതീക്ഷയ്ക്ക് വകയുണ്ട്, കാരണം ഋതുക്കള്‍ മാറി, പിന്നെ നമ്മളില്‍ ചിലരൊക്കേയും മാറി...
ആദ്യമേ പറയാം, നമുക്ക് പരിചിതനായ ശ്യാമപ്രസാദ് എന്ന സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുവാന്‍ ഇടയില്ലാത്ത ഒന്നാണ് 'ഋതു'. പേരിന് പോലും ഒരു താരം ഇല്ലാത്ത ചിത്രം. കുറച്ചിടയെങ്കിലും ഇന്നിന്റെ യുവത്വത്തിന്റെ ആഘോഷങ്ങളും നിറങ്ങളും നിറയുന്ന ചിത്രം.
മലയാള സിനിമ കഴിഞ്ഞ കുറേ നാളുകളായി കിടന്ന് വട്ടം ചുറ്റുന്ന കഥാപശ്ചാത്തലമേ അല്ല 'ഋതു'വിന്റേത്. ശരാശരി മലയാളിക്ക് അന്യമായ corporate ജീവിതമാണ് ചിത്രത്തിന്റെ ഭൂമിക. 'Love Kills', എന്ന് ഒരു ഗാനത്തിലൂടെ പ്രസ്താവിച്ച് കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. 'Techno City' എന്ന I.T ക്യാപസിലെ ഒരു multi national company-ല്‍ software engineer-മാരായ മൂന്ന് സുഹൃത്തുക്കളെ ചുറ്റിയാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്. വളരെ ചെറുപ്പത്തിലെ കൂട്ടുകാരായ ഒരു ശരത് വര്‍മ്മയും ഒരു സണ്ണിയും ഒരു വര്‍ഷയും.
അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയാണ് സാഹിത്യ തല്‍പ്പരനായ ശരത് പുതിയ company-ല്‍ team leader ആയി ജോലിയില്‍ പ്രവേശിക്കുന്നത്. അത്ര വലുത് അല്ലാത്ത ഒരു company. കാലം സൗഹൃദങ്ങളിലും ബന്ധങ്ങളിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചാണ് ചിത്രം തുടര്‍ന്ന് പറയുന്നത്.
മലയാളിക്ക് ആരാണ് ശ്യാമപ്രസാദ്? ചാനല്‍ സദ്യകളൊക്കെ തീര്‍ത്തും ശുഷ്ക്കമായ ഒരു കാലത്ത് ടെലിവിഷന്‍ മാധ്യമത്തിന്റെ സാദ്ധ്യതകളെ വ്യക്തമായി മനസ്സിലാക്കി, ഇന്നും മലയാളി ഓര്‍മ്മിക്കുവാന്‍ ഇടയുള്ള പരമ്പരകളും ടെലിചിത്രങ്ങളും തീര്‍ത്ത, സമാനതകള്‍ ഇല്ലാത്ത ഒരാള്‍. ഉയിര്‍ത്തെഴുന്നേല്‍പ്പ്, ബലികാക്കകള്‍, വിശ്വവിഖ്യാതമായ മൂക്ക്, നരേന്ദ്ര പ്രസാദിനെ നാടക കളരിക്ക് പുറത്തേക്ക് കൈപിടിച്ച് കൊണ്ടുവന്ന 'പെരുവഴിയിലെ കരിയിലകള്‍' തുടങ്ങിയ ടെലിചിത്രങ്ങളും കെ. സുരേന്ദ്രന്റെ നോവലിനെ ആസ്പദമാക്കിയ 'മരണം ദുര്‍ബലം', ശമനതാളം തുടങ്ങിയ പരമ്പരകളും മാത്രം മതി ശ്യാമപ്രസാദിനെ മലയാളി എന്നും ബഹുമാനിക്കുവാന്‍...
ടെലിവിഷന്റെ ചെറിയ സ്ക്രീനില്‍ നിന്നും ശ്യാമപ്രസാദ് വലിയ സ്ക്രീനിലേക്ക് വളരുന്നത് എസ്.എല്‍.പുരത്തിന്റെ നാടകത്തിനെ ആസ്പദമാക്കിയ 'കല്ല് കൊണ്ടൊരു പെണ്ണി'ലാണ്. ഒത്തിരി നാള് പെട്ടിയില്‍ വിശ്രമിച്ച്, എപ്പോഴോ ഇറങ്ങി, ആരും ശ്രദ്ധിക്കാതെ പോയ ഒരു ചിത്രം. ശ്യാമപ്രസാദും അതിനെ കുറിച്ച് മറന്ന് പോയെന്ന് തോന്നുന്നു. എവിടേയും ആ ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ച് കണ്ടില്ല ഇതുവരെ. തുടര്‍ന്നായിരുന്നു ഒരു പക്ഷേ ശ്യാമപ്രസാദ് എന്ന ചലച്ചിത്ര സംവിധായകന്റെ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന ചിത്രം പുറത്ത് വരുന്നത്, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പ്രഖ്യാത നോവലിനെ ഉപജീവിച്ച 'അഗ്നിസാക്ഷി'. തുടര്‍ന്നെത്തിയ 'അകലെ', വിവാദങ്ങളും അവാര്‍ഡുകളുടെ തിരുമുറ്റങ്ങളും ശീലമാക്കിയ 'ഒരേ കടല്‍' ഇവ രണ്ടും നാടകീയതയുടെ (theatrical) അതി പ്രസരം കൊണ്ട് എനിക്ക് കാര്യമായി ഒരു അഭിപ്രായവും ഇല്ലാതിരുന്ന ചിത്രങ്ങളായിരുന്നു. എന്തായാലും ചെറിയ സ്ക്രീനിലെ സംവിധായകനോളം വരുന്നില്ല വലിയ സ്ക്രീനില്‍ ശ്യാമപ്രസാദ്.
ഇത് ആദ്യമായിട്ടായിരിക്കണം മുന്‍പ് പുറത്തുവന്ന ഒരു സാഹിത്യരൂപത്തെ ഉപജീവിക്കാതെ ശ്യാമപ്രസാദ് ഒരു ചിത്രം ഒരുക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ജോഷ്വാ ന്യൂട്ടന്റെ തിരക്കഥയാണ് 'ഋതു'വിന് ആധാരം. corporate ജീവിതങ്ങളിലേക്ക് സത്യസന്ധമായി ഇറങ്ങി ചെല്ലാന്‍ ജോഷ്വാക്ക് ഇടക്കെങ്കിലും കഴിയുന്നുണ്ട് എന്നതാണ് സത്യവും. സമകാലീന മലയാള ചലച്ചിത്രങ്ങളെ കുറിച്ച്, പൊതുവില്‍ 'ഋതു'വിനെ കുറിച്ചും ശ്യാമപ്രസാദും ജോഷ്വായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (87:22). കേരളത്തിലെ upper class പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ഈ സംഭാഷണം എന്ന് വ്യക്തം.
കഥാപശ്ചാത്തലം, കഥാപാത്രങ്ങള്‍, അവരുടെ വളര്‍ച്ചകളും താഴ്ചകളും കഥാഗതിയില്‍ വരുത്തുന്ന വിവിധങ്ങളായ മാറ്റങ്ങള്‍. ഇവയാണ് ഒരു ചിത്രത്തിനെ ആസ്വദിക്കുവാന്‍ (അനുഭവിക്കുവാന്‍) പ്രേക്ഷകരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നത്. 'ഋതു'വില്‍ ചിത്രത്തിന്റെ പ്രസരിപ്പ് ഒരു വേള കുറഞ്ഞുപോകുന്നുണ്ട്, അത് കല്ലുകടി ആവുന്നില്ലെങ്കിലും.
ചിത്രത്തിലെ അഭിനേതാക്കളില്‍ നമുക്ക് കണ്ടുപരിചയം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള ഒരേ ഒരു മുഖം സംവിധായകനും നടനുമായ എം.ജി ശശിയുടേതാണ്. നിഷാന്‍, റീമ, ആസിഫ്, വിനയ്, ഗോവിന്ദന്‍കുട്ടി, മനു ജോസ് തുടങ്ങി മറ്റെല്ലാവരും പുതുമുഖങ്ങള്‍. ഇവരില്‍ മുഖ്യ കഥാപാത്രമായ ശരതിന്റെ അച്ഛനാകുന്ന, പത്രപ്രവര്‍ത്തകനായ ഗോവിന്ദന്‍കുട്ടിയും സഹോദരനാകുന്ന എം.ജി ശശിയും ശ്രദ്ധേയരാകുന്നു.
ഈ ചിത്രത്തിന്റെ അഭിനേതാക്കളില്‍ എടുത്ത് പറയേണ്ട ഒരു സവിശേഷത അഭിനയം പഠിച്ചിറങ്ങിയവരുടെ സാന്നിദ്ധ്യമാണ്. നായകനായ നിഷാന്‍, കഥാഗതിയില്‍ മാറ്റം വരുത്തുന്ന ജമാലിനെ അവതരിപ്പിക്കുന്ന വിനയ് എന്നിവര്‍ പ്രഖ്യാതമായ പൂനെയിലെ film institute-ല്‍ നിന്നും അഭിനയം പൂര്‍ത്തിയാക്കിയവരാണ്. മനു ജോസ്, പഠിച്ചിറങ്ങുന്നത് school of drama-ല്‍ നിന്നാണ്. ക്യാമറക്ക് പുറകില്‍ മാത്രമല്ല ക്യാമറക്ക് മുന്‍പിലും professionalism വരുവാന്‍ അഭിനയ കളരികളില്‍ നിന്നും വന്ന ഇക്കൂട്ടരുടെ സാന്നിദ്ധ്യം സഹായിച്ചേക്കും. കുത്തഴിഞ്ഞ് കിടക്കുന്ന നമ്മുടെ വ്യവസ്ഥിതിയില്‍ പ്രത്യേകിച്ചും.
പൊതുവില്‍ തിളച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ രാജിന്റെ സംഗീതം 'ഋതു'വിനെ സഹായിച്ചിട്ടുണ്ട്, അത് ആവശ്യപ്പെടുന്ന രീതിയില്‍. ഷംദത്തിന്റെ ക്യാമറാകണ്ണുകള്ക്കും അഴകുണ്ട്.
ഒന്ന് വ്യക്തമാണ്, കാലം മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. വളിച്ച വിഷയങ്ങളും താരഗോഷ്ഠികളും നിറഞ്ഞ നമ്മുടെ സമകാലീന ചലച്ചിത്രങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടല്‍ നമ്മള് എന്നേ ആഗ്രഹിച്ചതാണ്. വലിയ വിപ്ലവങ്ങള്‍ തുടങ്ങുന്നത് ചെറിയ സമരങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ ഒരു പുതിയ തലമുറയെകൊണ്ടുള്ള ശ്യാമപ്രസാദിന്റെ സമരം ജയിക്കും എന്ന് പ്രത്യാശിക്കാം...
ആകെത്തുക: പ്രോത്സാഹിപ്പിക്കേണ്ട ഒരു ചലച്ചിത്രോദ്യമം.