Jun 17, 2011

മൂവി മാരത്തോണ്‍ ..!

ഒഴിവുകാലം പോലെ ആഘോഷിച്ച് തീര്‍ത്ത മൂന്ന്‍ വര്‍ഷത്തെ ഡിപ്ലോമാ കാലം കഴിഞ്ഞ് ജോലി വെല്ലോം നോക്കണോ, അതോ വീണ്ടും ഒരു ഒഴിവുകാലം കൂടിയായാലോ, ഹോളിവുഡിലേക്കോ ബോളിവുഡിലേക്കോ കള്ളവണ്ടി കയറിയാലോ, അതുമല്ലെങ്കില്‍ സ്പീല്‍ബെര്‍ഗ്, ജയിംസ് കാമറൂണ്‍ ചുരുങ്ങിയ പക്ഷം ഒരു മണിരത്നത്തിനെങ്കിലും തിരക്കഥയെഴുതിയാലോ എന്നിങ്ങനെ ഡൈലിമയുടെ മുകളില്‍ ഡൈലിമയായി ജീവിക്കുന്ന കാലത്താണ് ഒന്ന് വീതം നാല് നേരം എന്ന കണക്കില്‍ ഒരേഴെട്ട് മാസം സ്റ്റാര്‍ , എച്ച്.ബി.ഒ മുതലായ ബൂര്‍ഷകളുടേയും ഏഷ്യാനെറ്റ്, സൂര്യ മുതലായ പെറ്റി ബൂര്‍ഷകളുടേയും ഏറ്റവും നല്ല സേവകനായി ഞാന്‍ മാറിയത്‌.


'എന്നതാടാ ഉവ്വേ'യെന്നു ദിനകരന്‍ ചേട്ടന്‍ തലക്ക് മുകളില്‍ വന്നു ചോദിക്കും വരെയുള്ള ഉറക്കം കഴിഞ്ഞ്, പത്രമെടുത്ത് 'ടിവിയില്‍ ഇന്ന്' എന്ന അരപേജ് വിശകലനം ചെയ്ത് വിശദമായ ആസൂത്രണത്തിലൂടെ ഇന്നത്തെ ദിവസം എങ്ങനെ ആനന്ദകരമാക്കാം എന്നത് മാത്രമായിരുന്നു അക്കാലയളവില്‍ ദിനംപ്രതി ഞാന്‍ ചെയ്തുപോന്നിരുന്ന ഒരേയൊരു കാര്യം. ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഇടവേളയില്‍ , കണ്ണിനെ കാറ്റുകൊള്ളിക്കുമ്പോള്‍ വീട്ടുമുറ്റത്തെ ബസ്സ്‌ സ്റ്റോപ്പില്‍ നിറുത്തുന്ന ബസ്സിലെ പുരുഷാരത്തെ നോക്കി 'ഹേ! വിഡ്ഢിയായ മനുഷ്യാ, ഇത്രേം നല്ല സിനിമകള്‍ ഇങ്ങനെ ഓടുമ്പോള്‍ നിനക്കൊക്കെ എങ്ങിനെ ഈ ബസ്സില്‍ യാത്ര ചെയ്തു സമയം കളയുവാന്‍ കഴിയുന്നു'വെന്ന് എത്രവട്ടം മനസ്സില്‍ ചോദിച്ചിരിക്കുന്നു.

മകന്‍ ഈ പോക്ക്പോയാല്‍ സന്ധ്യക്ക്, അഷ്ടമിച്ചിറ ജംഗ്ഷനിലെ കവല നിരക്കത്തിലേക്ക്‌ ഒരു ഭാവി വാഗ്ദാനം തന്നെയെന്ന് ദീര്‍ഘദൃഷ്ടിയില്‍ തിരിച്ചറിഞ്ഞ അച്ഛന്‍ എന്റെ മുന്നില്‍ രണ്ട് ടിക്കറ്റ് വെച്ചു. ഒന്ന് ഏതെങ്കിലും ഒരു ഉട്ടോപ്യന്‍ കമ്പനിയില്‍ ജോലി തരപ്പെടുത്തുക (സഹജീവികളുടെ താല്‍പര്യങ്ങളില്‍ യാതൊരുവിധത്തിലുള്ള ശ്രദ്ധയോ സഹകരണമോ ഇല്ലാത്ത കശ്മലന്മാരില്‍ ചിലര്‍ ഇതിനോടകം പറക്കുകയോ ചുരുങ്ങിയ പക്ഷം മഹാനഗരങ്ങള്‍ എന്നവകാശപ്പെടുന്ന പൂനെ, മുംബൈ മുതലിടങ്ങളിലേക്ക് ജയന്തി ജനതയോടൊപ്പം പോകുകയോ ചെയ്തു), അല്ലെങ്കില്‍ ഇനീം വല്ലതും പഠിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പഠിക്കുക. വീണ്ടും മനസ്സില്‍ 'ഒഴിവുകാലം' എന്നൊരു ലഡ്ഡു പൊട്ടി! കള്ളവണ്ടി എന്ന പഴയ ആശയത്തിലേക്ക് 'എറണാകുളം വഴി', കടന്നു വരുന്നത് അങ്ങനെയാണ്.

മീഡിയ സ്റ്റഡീസ് പഠിപ്പിക്കുന്നുവെന്നു അവകാശപ്പെടുന്ന സ്ഥാപനങ്ങള്‍ നാട്ടില്‍ വളര്‍ച്ചാ നിരക്കില്‍ കൂണിനെപ്പോലും നാണം കെടുത്തിയ ആ കാലത്താണ് പത്മ ജംഗ്ഷനില്‍ ഞാന്‍ വണ്ടിയിറങ്ങുന്നത്. കട്ടക്ക് നില്‍ക്കാന്‍ ഹനീഫ്,‌ ധനീഷ് , ജിന്‍സ്‌ എന്നിങ്ങനെ ‌സഹപാഠികള്‍ കൂടിയായപ്പോള്‍ റഫറന്‍സ്‌ കോളം 'ടിവിയില്‍ ഇന്ന്' എന്നത് മാറി 'ഇന്നത്തെ സിനിമ'യായി. ശ്രീധറും സരിതയും കവിതയും പത്മയും തുടങ്ങി എല്ലാവരുമായും ഞങ്ങള്‍ക്ക്‌ 'എടാ പോടാ' ബന്ധമായി.

പക്ഷേ, ആ 'ഒഴിവുകാലം' തീരുന്നതിന് മുന്നേ ഭേദപ്പെട്ട സൊഫ്റ്റ്‌വെയര്‍ കയറ്റുമതി ചെയ്യുന്ന ഒരു പണിശ്ശാലയില്‍ എനിക്ക് ജോലിയായി. ഹനീഫിനെ മാമ ദുബായിലേക്ക്‌ കൊറിയര്‍ ചെയ്തു. ജിന്‍സ്‌ ഒരു ചാനലിലെ എഡിറ്ററായി. പഠനം മതിയാവാതിരുന്ന ധനീഷ്‌ ഇമ്മിണി ബലിയ പാഠങ്ങള്‍ പഠിക്കുവാന്‍ ബറോഡയിലേക്ക്‌ വണ്ടി കയറി. പിന്നീട് അഹമ്മദാബാദിലേക്കും.

ജോലി, ഏതു ജോലിയും ആര്‍ക്കും നല്‍കുന്ന പണ്ടാപ്പരപ്പും പരാധീനതകളും ഉണ്ടല്ലോ, അതിനിടയില്‍‌ എപ്പോഴോ എന്റെ വായനയിലേക്കുള്ള തിരിച്ച് പോക്ക്... അങ്ങനെ ചലച്ചിത്രങ്ങള്‍ ആഴ്ചയില്‍ ഒന്നോ, ചിലപ്പോള്‍ മാസത്തില്‍ ഒന്നോ മാത്രമായി. ചിലപ്പോള്‍ അതുപോലുമില്ലാതായി. ഒരു അവധിക്കാലത്ത്‌ വലിയ ബാഗ് നിറയെ സിനിമകളുമായി അഹമ്മദാബാദില്‍ നിന്നും ധനീഷ്‌ വന്നു. തലപെരുക്കുന്ന കാഴ്ചയുടെ അടുത്ത ഘട്ടം തുടങ്ങുന്നത് അവിടെയാണ്. എങ്കിലും തീറ്റക്കാര്യത്തില്‍ പഴയ റെക്കോഡുകള്‍ക്ക്‌ ഇളക്കമൊന്നും തട്ടിയില്ല.

കമ്പനിയില്‍ നിന്നും പിടിച്ച്പറി നടത്തി കിട്ടുന്ന അവധിയില്‍ ചലച്ചിത്രോത്സങ്ങളുടെ ലഹരി തലക്ക് പിടിപ്പിക്കുവാന്‍ തുടങ്ങുന്നതും ഏതാണ്ട് ഇതേ കാലത്താണ്. ഓളത്തില്‍ ഒഴുകി മൂന്നും നാലും ചിലപ്പോള്‍ അഞ്ചും ചിത്രങ്ങള്‍ കാണുന്ന ഉന്മാദ ദിനങ്ങള്‍ . ചലച്ചിത്രത്തിന്റെയും അതിന്റെ സഹയാത്രികരുടെയും വിശുദ്ധമായ മണ്ഡലകാലം!!

ജീവിതവും വേഷങ്ങളും പശ്ചാത്തല സംഗീതവും എത്രകണ്ട് മാറിയാലും മാറുവാനിടയില്ലാത്ത ചിലതെങ്കിലുമുണ്ടെന്ന് എനിക്ക് രണ്ടു ദിവസം മുന്‍പ് തികച്ചും ബോധ്യമായി.

വ്യക്തിപരമായ ഒരു ആവശ്യത്തിനായി രണ്ടു ദിവസം മുന്‍പ്‌ എനിക്ക് ഇടപ്പള്ളിയില്‍ പോകേണ്ടി വന്നു. അരമണിക്കൂറിന്റെ ഒരു കാപ്പികുടി. തികച്ചും അവിചാരിതമായി കിട്ടിയ ഒഴിവുള്ളൊരു സന്ധ്യ. എങ്കില്‍ പിന്നെ ഒബറോണ്‍ മാളിനെ കണ്ടില്ല എന്നൊരു പരാതി മാളിന് വേണ്ട എന്ന് മനസ്സിലാക്കി അവിടെയെത്തി. കുറുക്കന്റെ കണ്ണ് എപ്പോഴും ആരാന്റെ എവിടെയോ ആണെന്ന് പറഞ്ഞപ്പോലെ സ്വാഭാവികമായും ഞാന്‍ സിനിമാക്സിലെത്തി. കാണുവാനുറപ്പിച്ച ചില ചിത്രങ്ങള്‍ , അതിന് അവിചാരിതമായി ഒത്തുവന്ന ഒരു സമയ ക്രമവും! കുങ്-ഫു പാണ്ട രണ്ടാമന്‍ 6.30-ന്, സ്റ്റാന്‍ലിയുടെ ഡബ്ബ 8.15ന്, ഷെയ്ത്താന്‍ 10.45ന്. പഴയ മാരത്തോണ്‍ ഓട്ടക്കാരന്‍ , സുഹൃത്ത്‌ ശ്രീജിത്തിന് സന്ദേശമയച്ചു...

'Are you ready for a movie marathon @ Oberon now?'

കണ്ണിമ വെട്ടും മുന്‍പ്‌ മറുപടി കിട്ടി.

'Ready :) Are you there?'

തുടര്‍ന്നുള്ള ഡീലിന് മൊബൈല്‍ ഫോണിലെ ശബ്ദസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി...

സിനിമാക്സിലെ ചുവപ്പിലേക്ക് ചെറുജനം വന്നും പോയുമിരുന്നു. രാത്രി ഒരു മണി കഴിഞ്ഞു ഒബറോണിലെ വെളിച്ചം വയറിളകാത്ത ഇടനാഴിയിലൂടെ ഞാനും ശ്രീജിത്തും പുറത്തിറങ്ങി. നിരത്ത് മഴയില്‍ നനഞ്ഞുറങ്ങുന്നു. മഴ ചാറ്റല്‍ മാത്രമായപ്പോള്‍ ശ്രീജിത്തിന്റെ വണ്ടിക്ക് അമറേണ്ടി വന്നു. ഒരു ഓട്ടക്കാരനേയും പുറകിലിരുത്തി ആ ശകടം തുറന്നിരിക്കുവാന്‍ സാധ്യതയുള്ള ഒരു തട്ടുകടയും ലക്ഷ്യമാക്കി മൂളി...