Jun 17, 2011

മൂവി മാരത്തോണ്‍ ..!

ഒഴിവുകാലം പോലെ ആഘോഷിച്ച് തീര്‍ത്ത മൂന്ന്‍ വര്‍ഷത്തെ ഡിപ്ലോമാ കാലം കഴിഞ്ഞ് ജോലി വെല്ലോം നോക്കണോ, അതോ വീണ്ടും ഒരു ഒഴിവുകാലം കൂടിയായാലോ, ഹോളിവുഡിലേക്കോ ബോളിവുഡിലേക്കോ കള്ളവണ്ടി കയറിയാലോ, അതുമല്ലെങ്കില്‍ സ്പീല്‍ബെര്‍ഗ്, ജയിംസ് കാമറൂണ്‍ ചുരുങ്ങിയ പക്ഷം ഒരു മണിരത്നത്തിനെങ്കിലും തിരക്കഥയെഴുതിയാലോ എന്നിങ്ങനെ ഡൈലിമയുടെ മുകളില്‍ ഡൈലിമയായി ജീവിക്കുന്ന കാലത്താണ് ഒന്ന് വീതം നാല് നേരം എന്ന കണക്കില്‍ ഒരേഴെട്ട് മാസം സ്റ്റാര്‍ , എച്ച്.ബി.ഒ മുതലായ ബൂര്‍ഷകളുടേയും ഏഷ്യാനെറ്റ്, സൂര്യ മുതലായ പെറ്റി ബൂര്‍ഷകളുടേയും ഏറ്റവും നല്ല സേവകനായി ഞാന്‍ മാറിയത്‌.


'എന്നതാടാ ഉവ്വേ'യെന്നു ദിനകരന്‍ ചേട്ടന്‍ തലക്ക് മുകളില്‍ വന്നു ചോദിക്കും വരെയുള്ള ഉറക്കം കഴിഞ്ഞ്, പത്രമെടുത്ത് 'ടിവിയില്‍ ഇന്ന്' എന്ന അരപേജ് വിശകലനം ചെയ്ത് വിശദമായ ആസൂത്രണത്തിലൂടെ ഇന്നത്തെ ദിവസം എങ്ങനെ ആനന്ദകരമാക്കാം എന്നത് മാത്രമായിരുന്നു അക്കാലയളവില്‍ ദിനംപ്രതി ഞാന്‍ ചെയ്തുപോന്നിരുന്ന ഒരേയൊരു കാര്യം. ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കുള്ള ഇടവേളയില്‍ , കണ്ണിനെ കാറ്റുകൊള്ളിക്കുമ്പോള്‍ വീട്ടുമുറ്റത്തെ ബസ്സ്‌ സ്റ്റോപ്പില്‍ നിറുത്തുന്ന ബസ്സിലെ പുരുഷാരത്തെ നോക്കി 'ഹേ! വിഡ്ഢിയായ മനുഷ്യാ, ഇത്രേം നല്ല സിനിമകള്‍ ഇങ്ങനെ ഓടുമ്പോള്‍ നിനക്കൊക്കെ എങ്ങിനെ ഈ ബസ്സില്‍ യാത്ര ചെയ്തു സമയം കളയുവാന്‍ കഴിയുന്നു'വെന്ന് എത്രവട്ടം മനസ്സില്‍ ചോദിച്ചിരിക്കുന്നു.

മകന്‍ ഈ പോക്ക്പോയാല്‍ സന്ധ്യക്ക്, അഷ്ടമിച്ചിറ ജംഗ്ഷനിലെ കവല നിരക്കത്തിലേക്ക്‌ ഒരു ഭാവി വാഗ്ദാനം തന്നെയെന്ന് ദീര്‍ഘദൃഷ്ടിയില്‍ തിരിച്ചറിഞ്ഞ അച്ഛന്‍ എന്റെ മുന്നില്‍ രണ്ട് ടിക്കറ്റ് വെച്ചു. ഒന്ന് ഏതെങ്കിലും ഒരു ഉട്ടോപ്യന്‍ കമ്പനിയില്‍ ജോലി തരപ്പെടുത്തുക (സഹജീവികളുടെ താല്‍പര്യങ്ങളില്‍ യാതൊരുവിധത്തിലുള്ള ശ്രദ്ധയോ സഹകരണമോ ഇല്ലാത്ത കശ്മലന്മാരില്‍ ചിലര്‍ ഇതിനോടകം പറക്കുകയോ ചുരുങ്ങിയ പക്ഷം മഹാനഗരങ്ങള്‍ എന്നവകാശപ്പെടുന്ന പൂനെ, മുംബൈ മുതലിടങ്ങളിലേക്ക് ജയന്തി ജനതയോടൊപ്പം പോകുകയോ ചെയ്തു), അല്ലെങ്കില്‍ ഇനീം വല്ലതും പഠിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പഠിക്കുക. വീണ്ടും മനസ്സില്‍ 'ഒഴിവുകാലം' എന്നൊരു ലഡ്ഡു പൊട്ടി! കള്ളവണ്ടി എന്ന പഴയ ആശയത്തിലേക്ക് 'എറണാകുളം വഴി', കടന്നു വരുന്നത് അങ്ങനെയാണ്.

മീഡിയ സ്റ്റഡീസ് പഠിപ്പിക്കുന്നുവെന്നു അവകാശപ്പെടുന്ന സ്ഥാപനങ്ങള്‍ നാട്ടില്‍ വളര്‍ച്ചാ നിരക്കില്‍ കൂണിനെപ്പോലും നാണം കെടുത്തിയ ആ കാലത്താണ് പത്മ ജംഗ്ഷനില്‍ ഞാന്‍ വണ്ടിയിറങ്ങുന്നത്. കട്ടക്ക് നില്‍ക്കാന്‍ ഹനീഫ്,‌ ധനീഷ് , ജിന്‍സ്‌ എന്നിങ്ങനെ ‌സഹപാഠികള്‍ കൂടിയായപ്പോള്‍ റഫറന്‍സ്‌ കോളം 'ടിവിയില്‍ ഇന്ന്' എന്നത് മാറി 'ഇന്നത്തെ സിനിമ'യായി. ശ്രീധറും സരിതയും കവിതയും പത്മയും തുടങ്ങി എല്ലാവരുമായും ഞങ്ങള്‍ക്ക്‌ 'എടാ പോടാ' ബന്ധമായി.

പക്ഷേ, ആ 'ഒഴിവുകാലം' തീരുന്നതിന് മുന്നേ ഭേദപ്പെട്ട സൊഫ്റ്റ്‌വെയര്‍ കയറ്റുമതി ചെയ്യുന്ന ഒരു പണിശ്ശാലയില്‍ എനിക്ക് ജോലിയായി. ഹനീഫിനെ മാമ ദുബായിലേക്ക്‌ കൊറിയര്‍ ചെയ്തു. ജിന്‍സ്‌ ഒരു ചാനലിലെ എഡിറ്ററായി. പഠനം മതിയാവാതിരുന്ന ധനീഷ്‌ ഇമ്മിണി ബലിയ പാഠങ്ങള്‍ പഠിക്കുവാന്‍ ബറോഡയിലേക്ക്‌ വണ്ടി കയറി. പിന്നീട് അഹമ്മദാബാദിലേക്കും.

ജോലി, ഏതു ജോലിയും ആര്‍ക്കും നല്‍കുന്ന പണ്ടാപ്പരപ്പും പരാധീനതകളും ഉണ്ടല്ലോ, അതിനിടയില്‍‌ എപ്പോഴോ എന്റെ വായനയിലേക്കുള്ള തിരിച്ച് പോക്ക്... അങ്ങനെ ചലച്ചിത്രങ്ങള്‍ ആഴ്ചയില്‍ ഒന്നോ, ചിലപ്പോള്‍ മാസത്തില്‍ ഒന്നോ മാത്രമായി. ചിലപ്പോള്‍ അതുപോലുമില്ലാതായി. ഒരു അവധിക്കാലത്ത്‌ വലിയ ബാഗ് നിറയെ സിനിമകളുമായി അഹമ്മദാബാദില്‍ നിന്നും ധനീഷ്‌ വന്നു. തലപെരുക്കുന്ന കാഴ്ചയുടെ അടുത്ത ഘട്ടം തുടങ്ങുന്നത് അവിടെയാണ്. എങ്കിലും തീറ്റക്കാര്യത്തില്‍ പഴയ റെക്കോഡുകള്‍ക്ക്‌ ഇളക്കമൊന്നും തട്ടിയില്ല.

കമ്പനിയില്‍ നിന്നും പിടിച്ച്പറി നടത്തി കിട്ടുന്ന അവധിയില്‍ ചലച്ചിത്രോത്സങ്ങളുടെ ലഹരി തലക്ക് പിടിപ്പിക്കുവാന്‍ തുടങ്ങുന്നതും ഏതാണ്ട് ഇതേ കാലത്താണ്. ഓളത്തില്‍ ഒഴുകി മൂന്നും നാലും ചിലപ്പോള്‍ അഞ്ചും ചിത്രങ്ങള്‍ കാണുന്ന ഉന്മാദ ദിനങ്ങള്‍ . ചലച്ചിത്രത്തിന്റെയും അതിന്റെ സഹയാത്രികരുടെയും വിശുദ്ധമായ മണ്ഡലകാലം!!

ജീവിതവും വേഷങ്ങളും പശ്ചാത്തല സംഗീതവും എത്രകണ്ട് മാറിയാലും മാറുവാനിടയില്ലാത്ത ചിലതെങ്കിലുമുണ്ടെന്ന് എനിക്ക് രണ്ടു ദിവസം മുന്‍പ് തികച്ചും ബോധ്യമായി.

വ്യക്തിപരമായ ഒരു ആവശ്യത്തിനായി രണ്ടു ദിവസം മുന്‍പ്‌ എനിക്ക് ഇടപ്പള്ളിയില്‍ പോകേണ്ടി വന്നു. അരമണിക്കൂറിന്റെ ഒരു കാപ്പികുടി. തികച്ചും അവിചാരിതമായി കിട്ടിയ ഒഴിവുള്ളൊരു സന്ധ്യ. എങ്കില്‍ പിന്നെ ഒബറോണ്‍ മാളിനെ കണ്ടില്ല എന്നൊരു പരാതി മാളിന് വേണ്ട എന്ന് മനസ്സിലാക്കി അവിടെയെത്തി. കുറുക്കന്റെ കണ്ണ് എപ്പോഴും ആരാന്റെ എവിടെയോ ആണെന്ന് പറഞ്ഞപ്പോലെ സ്വാഭാവികമായും ഞാന്‍ സിനിമാക്സിലെത്തി. കാണുവാനുറപ്പിച്ച ചില ചിത്രങ്ങള്‍ , അതിന് അവിചാരിതമായി ഒത്തുവന്ന ഒരു സമയ ക്രമവും! കുങ്-ഫു പാണ്ട രണ്ടാമന്‍ 6.30-ന്, സ്റ്റാന്‍ലിയുടെ ഡബ്ബ 8.15ന്, ഷെയ്ത്താന്‍ 10.45ന്. പഴയ മാരത്തോണ്‍ ഓട്ടക്കാരന്‍ , സുഹൃത്ത്‌ ശ്രീജിത്തിന് സന്ദേശമയച്ചു...

'Are you ready for a movie marathon @ Oberon now?'

കണ്ണിമ വെട്ടും മുന്‍പ്‌ മറുപടി കിട്ടി.

'Ready :) Are you there?'

തുടര്‍ന്നുള്ള ഡീലിന് മൊബൈല്‍ ഫോണിലെ ശബ്ദസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി...

സിനിമാക്സിലെ ചുവപ്പിലേക്ക് ചെറുജനം വന്നും പോയുമിരുന്നു. രാത്രി ഒരു മണി കഴിഞ്ഞു ഒബറോണിലെ വെളിച്ചം വയറിളകാത്ത ഇടനാഴിയിലൂടെ ഞാനും ശ്രീജിത്തും പുറത്തിറങ്ങി. നിരത്ത് മഴയില്‍ നനഞ്ഞുറങ്ങുന്നു. മഴ ചാറ്റല്‍ മാത്രമായപ്പോള്‍ ശ്രീജിത്തിന്റെ വണ്ടിക്ക് അമറേണ്ടി വന്നു. ഒരു ഓട്ടക്കാരനേയും പുറകിലിരുത്തി ആ ശകടം തുറന്നിരിക്കുവാന്‍ സാധ്യതയുള്ള ഒരു തട്ടുകടയും ലക്ഷ്യമാക്കി മൂളി...

16 comments:

 1. കൊള്ളാം...നല്ല flow ഉണ്ട്...നല്ല നര്‍മ്മം...നിര്‍ത്തണ്ട...ഇതിങ്ങനെ തന്നെ തുടരൂ..

  ReplyDelete
 2. നിന്‍റെ ഈ സിനിമാപ്രണയം കാരണം നല്ല കുറെ സിനിമകള്‍ കാണുവാന്‍ എനിക്കും ചാന്‍സ് കിട്ടി. അതുകൊണ്ട് ഈ "ഓട്ടം" നിര്‍ത്തണ്ട ട്ടാ ഗഡീ ...
  - വെളിച്ചം വയറിളകാത്ത ഇടനാഴി - മുമ്പെവിടെയോ കേട്ടപോലെ.. :-)

  നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍..

  -- ദിബു.

  ReplyDelete
 3. nice writing ...but what about the review of kunfu panda 2, was expecting that one.

  ReplyDelete
 4. ശേ..പറ്റിച്ചല്ലോ...
  നല്ലൊരു റിവ്യൂ വായിക്കാം എന്ന് കരുതി വന്നപ്പോള്‍...
  ഒടുക്കം തട്ടുകട...
  അതോ തുടക്കമാണോ?

  ReplyDelete
 5. long day duty kazhinju vannittanu ethu vaayichathu....narmam aaswathichathintae naertha chiri mukhathu ninnu pokan thayyaravunnilla...kallukudikkunna jolikkarkku 30ml adichal kittunna santhosham polae vaayikkunnavarkku ethu 90ml adichathintae effect chaeyyum.....thank you and all the best.

  ReplyDelete
 6. ന്നിട്ട് കണ്ട പടമേതാ മാഷേ... അത് പറഞ്ഞില്ലല്ലോ? :)

  ReplyDelete
 7. nte ishtaa..oduvil cinema kandu kandu malayalathile "oru yuva tharathine" poley, kadha paryaaan varunnavarodu ithupoloru french padamundu..matte polish padathinte climax inganeyaa ennonnum paranjekkalle..pullaaru raappakal kashtappettu adichu maattunna kadhakal 'shoom' ennu paranju kaattoothi vittekkalley..aayiram slokangal padhichaal ara-kavi aavumathrey..oru muzhu film maker aavaan adhika dooram illa tto. you can handle plots..keep it up.

  ReplyDelete
 8. വിവേക്‌, തുടരും, തുടരണം :)

  ദിബു, -വെളിച്ചം വയറിളകാത്ത ഇടനാഴി- മുന്‍പ്‌ കേട്ടിരുന്നോ? വല്യ നിശ്ചയം പോരാ. ചിത്രങ്ങള്‍ പോലും കാണുവാതിരുന്ന പലരും കൂടെ നടന്ന് പേരെടുത്ത ഭ്രാന്തന്മാരായിരിക്കുന്നു. :)

  A.M, മൂവി മാരത്തോണിലെ മൂന്ന്‍ ചിത്രങ്ങളെ കുറിച്ചും ചെറിയ കുറിപ്പ്‌ താമസിയാതെ ചേര്‍ക്കാം.

  ഡോക്ടറെ, നിരീക്ഷണത്തില്‍ മുന്‍പും അനുഭവങ്ങള്‍ എഴുതിയിരുന്നു. ചിത്രങ്ങളെ കുറിച്ചുള്ള കുറിപ്പുകള്‍ക്ക് ഈയിടെയായി സമയം ലഭിച്ചിരുന്നില്ല. താമസിയാതെ തുടരന്‍ കുറിപ്പുകള്‍ നിരീക്ഷണത്തില്‍ വരും :)

  അനോണി, നന്ദി :)

  സുഭീഷ്, മാരത്തോണ്‍ ആയിരുന്നുവെന്ന് പറഞ്ഞില്ലേ... :)

  DreamyDoodle, കൂടുതലൊന്നും പറയുന്നില്ല നന്ദി :)

  ReplyDelete
 9. ഒന്ന് ലൈക്കിയിട്ട് മിണ്ടാതെ പോവാനുള്ള ഓപ്ഷന്‍ ഇല്ല അല്ലെ :(

  ReplyDelete
 10. ഷാജി..ഈ ബ്ലോഗ്‌ കണ്ടു പിടിക്കാൻ അൽപം വൈകിയോ എന്ന് സംശയിക്കുന്നു..

  ഒരു ഇംഗ്ഗീഷ്‌ സിനിമയുടെ റിവ്യൂ അന്വേഷിച്ചാണു ഇവിടെ എത്തിയത്‌...

  സിനിമയെ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ കണ്ടതിൽ വളരെ സന്തോഷം..

  ഇനിയുമെഴുതുക..

  ആശംസകളോടെ..
  രാകേഷ്‌

  ReplyDelete
 11. വളരെ സരസമായ ഭാഷയില്‍ ജീവിതത്തിന്റെ ഒരു അധ്യായം എഴുതിയത് വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക. എല്ലാ ഭാവുകങ്ങളും !!!

  ReplyDelete
 12. ഈ തിരുവന്തോരത്ത് മൾട്ടിപ്ലക്സ് ഒന്നുമില്ലാത്തോണ്ട് സ്റ്റാൻലിയുടെ ഡബ്ബയും ശൈത്താനും കാണണം ന്ന് കരുതീട്ട് കൂടി കാണാൻ കഴിഞ്ഞില്ല :-(

  ശൈത്താൻ ഉണ്ടായിരിന്നു..പക്ഷെ 3 പേരൊരുമിച്ച് വരുന്ന സീനിൽ രണ്ട്പേരേ മാത്രം കാണിക്കുന്ന തീയറ്ററിൽ ആയതുകൊണ്ട് പോയില്ല.

  ReplyDelete
 13. ഇത് വളരെ നന്നായിട്ടൂണ്ട്. സമാന അനുഭവങ്ങള്‍ എനിക്കുമുണ്ട്. :)


  (അതൊക്കെ പോട്ടേ, എവിടെ പുതിയ സിനിമകളുടെ റിവ്യൂകള്‍? താങ്കളെപ്പോലുള്ളവര്‍ റിവ്യു എഴുതാതിരിക്കുമ്പോഴാണ് ഇവിടെ പല അവന്മാര്‍ പെണ്‍ പേരുകള്‍ വെച്ച് ബ്ലോഗുകള്‍ തുടങ്ങി പൈങ്കിളി ഭാഷയില്‍ റിവ്യൂ എഴുതുന്നത്)

  ReplyDelete
 14. മനോഹരമായ സിനിമാക്കാഴ്ചയെഴുത്ത്.. :) മാരത്തോണ്‍ സിനിമയോട്ടം കുറച്ചു കൂട്ടം പെണ്‍കുട്ടികള്‍ക്കും അനുവദിക്കും മട്ടില്‍ ഈ നാട് ഒടനേ മാറണേ തന്പുരാനേ എന്ന്‍ പ്രാര്‍ത്ഥന.! ഒരു കാര്യം കൂടി. 'വിശാലമനസ്കനേട്ടന്‍റെ' എഴുത്തുമട്ട് നല്ലോണം കണ്ടൂ പോസ്റ്റില്‍ .. നന്ദി. :)

  ReplyDelete