Dec 7, 2007

ചലച്ചിത്രോത്സവത്തില്‍ നിന്നും ചലച്ചിത്രോത്സവത്തിലേക്കുള്ള ദൂരം

കണ്ടിരിക്കേണ്ട, കാണാന്‍ കൊള്ളാവുന്ന നല്ല ചിത്രങ്ങളെ കാണുവാന്‍ പ്രേരിപ്പിക്കുക എന്നതാകുന്നു 'ചിത്രനിരീക്ഷണ'ത്തിന്റെ ഉദ്ദേശ്യം. ചലച്ചിത്രങ്ങളും ചലച്ചിത്രോത്സവങ്ങളും ഇവയുമായി ബന്‌ധപ്പെട്ട ഓര്‍മ്മകളും ഇവിടെ പ്രതീക്ഷിക്കാം.

കഴിഞ്ഞ കുറേ ദിവസങ്ങളില്‍ നിരീക്ഷണ കൗതുകങ്ങള്‍ ചൂടോടെ വിളമ്പുവാനായി ഈയുള്ളവന്‍ 'ബ്ലാക്കി'ല്‍ ടിക്കറ്റ്‌ വില്‍ക്കുന്നവന്റെ പ്രിയപ്പെട്ടവനാകുകയും, നിഷ്‌ഠൂരമായ ചില വധശ്രമങ്ങള്‍ക്ക്‌ 'ഇരുന്നു'കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ജോലി, 'ഭാര'മായതിനാലും മടി പൊന്നുകൂടപിറപ്പായതിനാലും കാഴ്‌ചക്കപ്പുറം ഒന്നും സംഭവിച്ചില്ല.

'മൈറ്റി ഹാര്‍ട്ട്‌' എന്ന ഒരൊറ്റ ചിത്രമൊഴികെ മറ്റൊന്നും തന്നെ പരാമര്‍ശിക്കുന്ന ചലച്ചിത്രങ്ങളും (സാവരിയ, ഓം ശാന്തി ഓം, വേല്‍, ഒരേ കടല്‍) ആയിരുന്നില്ല. പത്രപ്രവര്‍ത്തകനായിരുന്ന ഡാനിയല്‍ പേളിന്റെ തിരോധാനവും അന്വേഷണങ്ങളും തുടര്‍ന്നുള്ള മരണവുമാണ്‌ ചിത്രത്തിന്റെ പ്രമേയം. 'ചിത്രനിരീക്ഷണ'ത്തിന്റെ തുടര്‍ന്നുള്ള post-ഇല്‍ ചിത്രത്തെകുറിച്ച്‌ വിശദമായി എഴുതാം.

തലസ്‌ഥാന നഗരിയിലേക്കുള്ള പാതിരാവണ്ടികളിലൊന്നില്‍ ഉറക്കം തൂങ്ങുന്ന മിഴികളുമായി ഇതാ വീണ്ടും ഒരു യാത്ര, കൃത്യം ഒരു വര്‍ഷത്തിനുശേഷം. നാളെയാണ്‌ (ഡിസം.7) കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മാമാങ്കം കൊടികയറുന്നത്‌.

കഴിഞ്ഞ വര്‍ഷം സുഹൃത്ത്‌ ജോസിനൊപ്പമായിരുന്നു ചലച്ചിത്രോത്സവത്തിലേക്കുള്ള യാത്ര. ഒരാഴ്‌ചയിലെ തിരുവനന്തപുരം വാസം, പ്രീ-ഡിഗ്രി ക്ലാസ്സിലെ സഹ-ബഞ്ചുകാരനും സഹ-നോട്ടക്കാരനും സര്‍വ്വോപരി സഹ-ചാട്ടക്കാരനുമായ, നെല്ലായിക്കാരന്‍ വിബിന്‍ ഏര്‍പ്പാട്‌ ചെയ്‌തിരുന്നു. തിരുവനന്തപുരത്തെ software company-കളിലൊന്നില്‍ table-നു മുകളില്‍ CSS വിരിക്കുന്ന പണിയാണ്‌ അവന്‌.

വിബിന്‍ പറഞ്ഞതനുസരിച്ച്‌ പുറപ്പെടും മുന്‍പ്‌ ലോഡ്ജിന്റെ മാനേജര്‍ (ടി കക്ഷിയുടെ പേര്‌ ഓര്‍മ്മയില്ല. തത്ക്കാലം ബാബു എന്ന് വിളിക്കാം.) ബാബുവിനെ വിളിച്ചിരുന്നു. തന്റെ കാര്യം ഞാന്‍ ഏറ്റെന്നും ധൈര്യമായി പോരെന്നും പറഞ്ഞപ്പോഴും ബാബുവിനെ നേരിട്ട്‌ അറിയില്യാട്ടാ എന്ന് വിബിന്‍ പറഞ്ഞപ്പോഴും അതില്‍ ഒരു ഏനക്കേട്‌ feel ചെയ്യാതിരുന്നത്‌ എന്റെ മനസ്സിന്റെ വിശുദ്‌ധികൊണ്ടോ, നൈര്‍മല്യം കൊണ്ടോ ആയിരുന്നില്ല, മറിച്ച്‌ പ്രായോഗിക ബുദ്‌ധിക്ക്‌ പലപ്പോഴും പാസ്സ്‌മാര്‍ക്ക്‌ പോലും കിട്ടാറില്ല എന്ന ഒറ്റ കാരണം കൊണ്ടായിരുന്നു.

വെളുപ്പിന്‌ നാലരയോടടുത്ത്‌ വണ്ടി തിരുവനന്തപുരം സ്‌റ്റേഷനിലെത്തി. 'താമസിക്കാനൊരു മുറി' കാത്തിരിക്കുന്നുണ്ട്‌ എന്ന ഒറ്റ അഹങ്കാരത്തിന്റെ പുറത്ത്‌, സ്ട്രീറ്റ്‌ ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തില്‍ ചലച്ചിത്രോത്സവത്തിന്റെ കമാനങ്ങളും പട്ടുകുടകളും വര്‍ണ്ണ പോസ്‌റ്ററുകളും നോക്കി, ഓടിച്ചിട്ടുള്ള ഉറക്കത്തിനായി, മാനേജര്‍ ബാബുവിന്റെ വാക്കുകളുടെ ഓരം പറ്റി ഞങ്ങള്‍ നടന്നു.

മെയിന്‍ റോഡില്‍ നിന്നും വലതുവശത്തേക്ക്‌ വെട്ടിതിരിയുന്ന കയറ്റം. റോഡിന്റെ വശങ്ങളില്‍ അടഞ്ഞു കിടക്കുന്ന പാളിവെച്ച ചെറിയ കടകള്‍. അവയ്‌ക്കൊന്നിനും കൃത്യമായ തുടക്കമോ ഒടുക്കമോ ഉള്ളതായി തോന്നിയില്ല. രണ്ടു ചുമരുകള്‍ക്കിടയിലെ ഇടുക്കിലൂടെ നൂണ്ട്‌ സിനിമാ തിയ്യേറ്ററിലെ ടിക്കറ്റ്‌ കൗണ്ടര്‍ ഇടനാഴിയിലേക്കെന്ന പോലെ ഞങ്ങള്‍ ഇറങ്ങി. പത്തടി അപ്പുറത്തെ അരമതിലും ചാരി ഒരാള്‍ ഞങ്ങളേയും കാത്തുനില്‍ക്കുന്നു. മാനേജര്‍ ബാബു സ്വയം പരിചയപ്പെടുത്തി റിസപ്‌ക്ഷനിലേക്ക്‌ കയറി.

റിസപ്‌ക്ഷനില്‍ ഒരു സീറോ വാട്ട്‌ ബള്‍ബ്‌ മാത്രം മിന്നുന്നു..! ചിന്തേരു കണ്ടിട്ടില്ലാത്ത മേശയില്‍ അടിച്ച്‌ ശബ്‌ദമുണ്ടാക്കി ബാബു ആരെയോ വിളിച്ചു. മേശയ്‌ക്ക്‌ അടിയില്‍ നിന്നും ഉടുമുണ്ട്‌ തപ്പിക്കൊണ്ട്‌ കറുത്ത്‌ ഒരു രൂപം പ്രത്യക്ഷമായി.

മേല്‍വിലാസം രാവിലെ കുറിച്ചു തന്നാല്‍ മതിയെന്നും ഇപ്പോള്‍ പോയി വിശ്രമിക്കെന്നും പറഞ്ഞ്‌ ബാബു റിസപ്‌ക്ഷനിസ്‌റ്റിന്‌ (?) എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

'ബ്ലാക്ക്‌ മോളി'ക്കാണോ നമ്മുടെ റിസപ്‌ക്ഷനിസ്‌റ്റിനാണോ നിറം എന്ന് ചോദിച്ചാല്‍, അതിന്‌ 'ബ്ലാക്ക്‌ മോളി' വെളുത്തതല്ലേ എന്ന് പറയേണ്ടിവരും.

'താമസിക്കാനുള്ള മുറി' തുറക്കപ്പെട്ടു. എന്റെ പഴയ തറവാട്ടിലെ toilet-നു പോലും അതിലും നല്ല വാതിലായിരുന്നു എന്നതാണ്‌ സത്യം. സ്‌കൂളിലെ ബഞ്ചിനേക്കാള്‍ ഒന്ന് രണ്ട്‌ ഇഞ്ച്‌ വീതികൂടുതലുള്ള രണ്ട്‌ കട്ടിലുകളായിരുന്നു അതിനകത്ത്‌ ആകെ ഉണ്ടായിരുന്നത്‌. മുറിയിലാകെ 40 വാട്ട്‌ ബള്‍ബിന്റെ പ്രകാശപ്രളയം. നുറുങ്ങിയ ടയിലുകള്‍ പുതിയ pattern-കള്‍ ഒരുക്കുന്ന നിലം. ക്ലോസ്സറ്റിനടുത്ത്‌ ബക്കറ്റ്‌ വച്ചാല്‍ നമുക്ക്‌ നില്‍ക്കാന്‍ കഷ്‌ടിച്ച്‌ മാത്രം നില്‍ക്കാന്‍ ഇടമുള്ള, ജനാലയുള്ള കുളിമുറി..! ഇവിടെയാണ്‌ അടുത്ത ഏഴ്‌ ദിനങ്ങള്‍ ഞങ്ങള്‍ താമസിക്കേണ്ടത്‌..! മുറി കാണിച്ചു തന്നിട്ട്‌ എങ്ങനെയുണ്ട്‌ ഞങ്ങടെ set up എന്ന് ചോദിച്ചില്ല റിസപ്‌ക്ഷനിസ്റ്റ്‌... ഭാഗ്യം.

പുതിയ താമസക്കാര്‍ സംതൃപ്തരായി എന്ന് ഉറപ്പുവരുത്തി, റിസപ്ക്ഷനിസ്റ്റ്‌ വാതില്‍ പതിയെ ചാരാന്‍ തുടങ്ങിയതും ഒരു നിലവിളിയോടെ ടിയാന്‍ രണ്ട്‌ കട്ടിലുകള്‍ക്കിടയിലേക്ക്‌ വീണ്‌ പിടയാന്‍ തുടങ്ങി. ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും മാനേജര്‍ ബാബുവിനെ വിളിക്കാനായി ഇറങ്ങി ഓടിയത്‌ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.

മാനേജര്‍ എവിടെയാണ്‌ ഒളിച്ച്‌ കിടന്ന് ഉറങ്ങുന്നതെന്ന് കണ്ടുപിടിക്കാന്‍ ബുദ്‌ധിമുട്ടിയില്ലെങ്കിലും വിളിച്ചുണര്‍ത്താന്‍ ബുദ്‌ധിമുട്ടായിരുന്നു. ബാബുവിനെ കാര്യങ്ങള്‍ ബോധിപ്പിച്ചുകൊണ്ടിരിക്കെ ആരോ പുറകില്‍ തട്ടി വിളിച്ചു.

"എന്താ പ്രശ്‌നം?"

തിരിഞ്ഞു നോക്കിയപ്പോള്‍ ബ്ലാക്ക്‌ മോളി..!

ഒന്നുമില്ല എന്ന് മാത്രം പറഞ്ഞ്‌ ഞങ്ങള്‍ മുറിയിലേക്കോടി.

കനത്ത നിശബ്‌ദത ആര്‍ക്കും ഒന്നും പറയാനില്ല, ഉറങ്ങാനും ഇല്ല. എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചേ പറ്റൂ, എന്നിട്ട്‌ വേണം ഈ ഹിച്ച്‌കോക്കിയന്‍ തിരനാടകത്തില്‍ നിന്നും പുറത്തുചാടാന്‍...

പ്രീ-ഡിഗ്രി കാലഘട്ടത്തിലെ ഓരോരോ ദിവസങ്ങളും ചികഞ്ഞ്‌ നോക്കി. വിബിന്‌ ഇങ്ങനെ ഒരു കുടുക്കിടാന്‍ മാത്രമുള്ള ഒന്നും എനിക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല... ദാ... ഇപ്പോള്‍ വരെ... :)

കാലത്തേ ഉറക്കച്ചടവോടെ എഴുന്നേറ്റ്‌ മറ്റൊരു മുറി കണ്ടുപിടിച്ച്‌ ഞങ്ങള്‍ അങ്ങോട്ട്‌ മാറി. എന്തു പറ്റി എന്ന് മാനേജര്‍ സാര്‍ ചോദിച്ചപ്പോള്‍ പാസ്സ്‌ ശരിയായില്ല അതുകൊണ്ട്‌ തിരികെ നാട്ടിലേക്ക്‌ പോവുകയാണെന്നൊരു കള്ളവും പറഞ്ഞു.

മൂന്ന് നാല്‌ ദിവസം കഴിഞ്ഞ്‌, രാവിലെ ഇഡ്ഡലിയോ അതോ വടയോ ആദ്യം കഴിക്കേണ്ടത്‌ എന്ന dilemma-യില്‍ നില്‍ക്കുമ്പോള്‍, ദാ എതിരെ വന്നിരിക്കുന്നു, ബ്ലാക്ക്‌ മോളി.. എവിടെയോ കണ്ടിട്ടുണ്ട്‌ എന്നല്ലാതെ ഞങ്ങളെ തിരിച്ചറിയാനായില്ല. മൂന്ന് നാലു ദിവസം മുന്‍പത്തെ രാത്രിയെ പറ്റി ചോദിച്ചപ്പോള്‍ എല്ലാം ഓര്‍മ്മവന്നു. തലേന്ന് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല എന്നും മരുന്ന് കഴിച്ചിരുന്നു അതാണ്‌ സംഭവിച്ചതെന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാം മനസ്സിലായപ്പോലെ തലയാട്ടി പുറത്തിറങ്ങി.

അങ്ങനെ സംഭവബഹുലമായൊരു തുടക്കമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ, എന്റെ ചലച്ചിത്രോത്സവത്തിന്റേത്‌.

കഴിഞ്ഞ യാത്രയുടെ ഒടുക്കത്തെ, ഈ യാത്രയുടെ തുടക്കത്തില്‍ ഓര്‍മ്മിച്ചു എന്നു മാത്രം.

ഞാന്‍ ചെറുതും വലുതുമായ ചലച്ചിത്രോത്സവങ്ങളുടെ ആദ്യാവസാനക്കാരനായി തുടങ്ങിയിട്ട്‌ ഏറെ നാളായില്ല. വിസ്മയങ്ങളായ ചലച്ചിത്രഭാഷകള്‍ക്ക്‌ അപ്പുറത്ത്‌ ചലച്ചിത്രോത്സവങ്ങളെ ഞാന്‍ നെഞ്ചോട്‌ ചേര്‍ക്കുന്നതിന്റെ ഒരു കാരണം അവിചാരിതമായി വീണുകിട്ടുന്ന ചില സൗഹൃദസദസ്സുകളാണ്‌. പുതുപുത്തന്‍ ആശയങ്ങളും ആശയസംഘട്ടനങ്ങളും സ്വപ്‌നങ്ങളും നിറയുന്ന സദസ്സുകള്‍. പല സുഹൃത്തുക്കളേയും പിന്നീട്‌ കാണുന്നത്‌ മറ്റേതെങ്കിലും ഉത്സവപറമ്പില്‍വെച്ചായിരിക്കും. അവരില്‍ ചിലര്‍ക്കെങ്കിലും വളരെ നല്ല ആശയങ്ങളുണ്ട്‌, അവയേക്കാള്‍ അധികം സ്വപ്‌നങ്ങളും.

തങ്ങളുടെ സ്വപ്‌നവഴിയില്‍ വിടര്‍ന്ന പൂവുകള്‍ കാണുവാന്‍ അവര്‍ ഡിസംബറിനായി കാത്തിരിക്കുന്നു. തീയ്യറ്ററില്‍ നിന്നും തീയ്യറ്ററിലേക്കോടുന്ന, വിവിധ നിറങ്ങളും ഭാഷകളും കൈകോര്‍ക്കുന്ന ആശയപ്പെരുമഴയുടെ ഡിസംബര്‍...

തീവണ്ടി എവിടെ എത്തി എന്ന് അറിയില്ല. ഇരുന്നും കിടന്നും ചെരിഞ്ഞും വളഞ്ഞും ഉറങ്ങുകയാണ്‌ ഭൂരിപക്ഷവും. എനിക്കും ഒന്നു കണ്ണടയ്‌ക്കണമെന്നുണ്ട്‌, കുറച്ചു നേരം.

ഉണരുമ്പോള്‍ ഉത്സവപറമ്പിലായിരിക്കും. താമസം ഇക്കുറിയും ഒരു പ്രശ്‌നമായേക്കാന്‍ സാദ്‌ധ്യതയുണ്ട്‌, ഞാന്‍ വിബിനെ ഇന്നും വിളിച്ചിരുന്നു.

ഓരോ അരമണിക്കൂറിലും, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ ഇടവിട്ട്‌ post-കള്‍ ഉണ്ടാകും എന്നൊന്നും പറയുന്നില്ല. എങ്കിലും സാധിച്ചാല്‍ ചിലത്‌ കുറിക്കണം എന്നുണ്ട്‌...

അപ്പോള്‍ Good Night.

7 comments:

 1. All the Best my Dear Friend..

  And expecting a lot from you..

  Note: S K Pottekaatt nu shesham aarum valiyathaayi kai vechittilla Sanchara Sahithyathil..

  Why don't you try for a Travel Blog??

  ReplyDelete
 2. വിപിന് നിെന്ന ഭയങ്കര ഇഷ്ടമാണ് എന്നൂ ഇടയ്ക്കൂ അവന്‍ പറയാരൂണ്ടൂ.. എന്നാലൂം അവന്‍ മൂറി ശരിയാക്കി തന്നിേല്ല....

  ReplyDelete
 3. ചലച്ചിത്രോത്സവക്കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നു...ഈ പോസ്റ്റ് നല്ലത്...

  ReplyDelete
 4. shaji sir,,,,

  thakarthu,thakarthu vaari......

  all d best.....ananthapuriyil anubhoothiyute aananda mazha peyyatte......nammute shaji annan athil araadatte....

  ReplyDelete
 5. Good post. Simple. From the point of view of common man. Keep it up.

  ReplyDelete
 6. Ithippo sarikkum nannayi pachakam ariyaavunna oralude kaipunyam ariyanund blogil udaneelam.
  Thankalude pareekshanangalil chilath phalikkunnundennu venam karuthan.
  Enne polulla mandanmarku chilappo mahathaya chinthakalekkal mahonnathangalaya neram pokkukalavum ruchikkuka. Enirunnalum thante blog oru sadya thanne. Vilambiyirikkunath nalla naadan vazhayilayil koodiyaakumbol swaadu koodum.

  All the best dear friend.

  ReplyDelete