Jan 27, 2008

കൊല്‍ക്കട്ടാ ന്യൂസ്‌


'പ്രതിസന്‌ധി'യോളം മലയാള ചലച്ചിത്രരംഗത്ത്‌ ആഘോഷിക്കപ്പെടുന്ന മറ്റൊരു വാക്കില്ല. സൂപ്പര്‍ താരസിംഹാസനങ്ങളിലെ പേരുകള്‍പോലും പലപ്പോഴും അതിന്‌ താഴെയേ വരൂ. അങ്ങനെ പ്രതിസന്‌ധികളുടെ കടുംകുത്തിയൊഴുക്കില്‍, ചലച്ചിത്രരംഗത്തെ, 'അമ്മ'യും മക്കളും മരുമക്കളും 'അതിയാനെ' എങ്ങനെ രക്ഷിക്കും എന്ന് തലയും കുത്തിനിന്ന് ആലോചിക്കുമ്പോഴാണ്‌, തികച്ചും സൗമ്യമായ ഒരുത്തരം കിട്ടിയത്‌, 2004-ല്‍. സൗമ്യനായ ഒരു സംവിധായകന്റെ തികച്ചും സൗമ്യമായ 'കാഴ്‌ച'. ഇന്നലെ (ജനു.25) ബ്ലസ്സിയുടെ നാലാമത്തെ ചിത്രം പ്രദര്‍ശനത്തിനെത്തി, 'കൊല്‍ക്കട്ടാ ന്യൂസ്‌'. നാലാമത്തെ കുട്ടി വ്യത്യസ്‌തനും സുന്ദരനും സുമുഖനുമാണ്‌, പക്ഷേ...

സംഗീതത്തിനും ചലച്ചിത്രത്തിനും വാര്‍ത്തകള്‍ക്കും ഓഹരിക്കും എന്തിനേറെ, പ്രാര്‍ത്‌ഥിക്കാന്‍പോലും നമുക്കിന്ന് ചാനലുകളുണ്ട്‌. അത്തരത്തില്‍ ഒരു ബംഗാളി വാര്‍ത്താചാനലാണ്‌ 'കൊല്‍ക്കട്ടാ ന്യൂസ്‌'. ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന, നമുക്ക്‌ മുന്‍പരിചയമില്ലാത്ത ഒരേയൊരു ചാനലും അതുതന്നെ. മുഖ്യ കഥാപാത്രങ്ങള്‍ ബഹുഭൂരിപക്ഷവും മലയാളികള്‍ ആയതുകൊണ്ടാണോ എന്നറിയില്ല ചിത്രത്തില്‍ മിന്നിതെളിയുന്ന ചാനലുകളെല്ലാം സംസാരിക്കുന്നത്‌ മലയാളമാണ്‌.

'കൊല്‍ക്കട്ടാ ന്യൂസി'ലെ റിപ്പോര്‍ട്ടര്‍ അജിത്‌ തോമസ്‌ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ 'shadows of calcutta' എന്ന documentary ചിത്രത്തിന്റെ പ്രദര്‍ശനവേളയില്‍, താന്‍ കണ്ട, അനുഭവിച്ച ജീവിതം കണ്‍മുന്നില്‍ തെളിയുമ്പോള്‍, കൃഷ്‌ണപ്രിയ എന്ന മലയാളി കുട്ടിയെ കൊല്‍ക്കട്ടയില്‍ കണ്ടനാള്‍ മുതലുള്ള പഴയ ഓര്‍മ്മകള്‍ തികട്ടി വരുന്നു. മലയാളികള്‍ കാത്തിരുന്ന ചിത്രം എന്ന അവകാശവാദവുമായി പ്രദര്‍ശനത്തിനെത്തിയ 'കൊല്‍ക്കട്ടാ ന്യൂസി'ന്റെ കഥാപശ്‌ചാത്തലം ഇതാണ്‌. ഞാന്‍ കഥയുടെ വിശദാംശങ്ങള്‍ പരാമര്‍ശിക്കുന്നേയില്ല. കഥപറച്ചില്‍ ഒഴിവാക്കുന്നതാണ്‌ നല്ലതെന്നും തോന്നുന്നു.

ചലച്ചിത്രങ്ങളെക്കുറിച്ച്‌ എഴുതുമ്പോള്‍ പലരും ഭംഗിയുള്ള ഭാഷയില്‍ ചിത്രത്തിന്റെ കഥ, ഹോട്ടല്‍ പത്തന്‍സിലെ പേപ്പര്‍ റോസ്‌റ്റിനോളം പരത്തി എഴുതിയിരിക്കുന്നത്‌ ശ്രദ്‌ധയില്‍പ്പെടാറുണ്ട്‌. ലഭിക്കാന്‍ പലപ്പോഴും ഏറെ ബുദ്‌ധിമുട്ടുള്ള വിദേശ ഭാഷാചിത്രങ്ങളെ കുറിച്ച്‌ അത്തരത്തില്‍ എഴുതുന്നതില്‍ തെറ്റ്‌ ഉണ്ടെന്നും കരുതുന്നില്ല. പക്ഷേ, തൊട്ടടുത്ത തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ കാര്യത്തിലെങ്കിലും അത്‌ ഒഴിവാക്കേണ്ടതാകുന്നു. കഥയെല്ലാം വിശദമായി അറിഞ്ഞ്‌ ചിത്രം കാണാനിരിക്കുന്നത്‌ ഒരു മാതിരി ഫ്രൈഡ്‌ റൈസും ചില്ലി ചിക്കനും കഴിച്ചിട്ട്‌ സദ്യ ഉണ്ണാനിരിക്കും പോലാകും..!

റിയാലിറ്റി ഷോ-സീരിയല്‍-കോമഡി ഷോ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ പ്രേക്ഷകരെ എങ്ങനെ തിരിച്ച്‌ 'തറവാട്ടി'ലേയ്‌ക്കെത്തിക്കുമെന്ന് കാരണവന്മാരായ കാരണവന്മാരൊക്കെയും കോളങ്ങളിലും ചാനല്‍ വട്ടമേശ സമ്മേളനങ്ങളിലും എന്തിനോ വേണ്ടിയുള്ള പ്രസ്സ്‌ കോണ്‍ഫറന്‍സ്സുകളിലും ആവര്‍ത്തിച്ച്‌ പറഞ്ഞ്‌ കേള്‍ക്കാറുണ്ട്‌. സാമുവല്‍ ഗോള്‍ഡ്‌വിന്‍ സായ്പ്പ്‌ (Metro-Goldwyn-Mayer) പറഞ്ഞതോര്‍മ്മയില്ലേ - "എന്തിനാണ്‌ ജനം പുറത്തുപോയി പണം മുടക്കി മോശം ചലച്ചിത്രങ്ങള്‍ കാണുന്നത്‌, അവര്‍ക്ക്‌ വീട്ടിലിരുന്ന് മോശം പരിപാടികള്‍ പണം മുടക്കാതെ കാണാന്‍ കഴിയുമെങ്കില്‍?" അത്‌ തന്നെയാണ്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളി പ്രേക്ഷകനും ചെയ്തുകൊണ്ടിരിക്കുന്നത്‌. ചലച്ചിത്രവും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററും തീയേറ്ററിലെ സൗകര്യങ്ങളും ഒരുപോലെ മോശമാകുമ്പോഴാണ്‌ തീയേറ്റര്‍ ആമത്താഴിട്ട്‌ പൂട്ടേണ്ടിവരുന്നതും, അല്ലെങ്കില്‍ 'കല്യാണ മണ്ഡപ'മെന്നോ 'കമ്യൂണിറ്റി ഹാളെ'ന്നോ ഉള്ള ഫ്ലക്സ്‌ ബോര്‍ഡുകള്‍ ഓര്‍ഡര്‍ ചെയ്യേണ്ടിവരുന്നതും.

Satellite Projection പോലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക്‌ കാര്യമായ സ്വീകാര്യതയൊന്നും കൊച്ചിയിലെ തീയേറ്ററുകള്‍പ്പോലും പ്രകടിപ്പിക്കുന്നില്ല എന്നുള്ളത്‌ തീര്‍ത്തും ഖേദകരമായ കാര്യമാണ്‌. 'ദൃശ്യവിസ്‌മയം' എന്ന വാക്ക്‌ അര്‍ത്ഥവത്താകുന്നതും ഇത്തരം സാങ്കേതികവിദ്യയിലൂടെ ചലച്ചിത്രം ആസ്വദിക്കാന്‍ കഴിയുമ്പോഴാണ്‌. എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ തീയേറ്ററുകളില്‍ Satellite Projection വരികയാണെങ്കില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്‌ധനവ്‌ ഉണ്ടാകുകതന്നെചെയ്യും . കേവലം പത്തില്‍ താഴെ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ ഞാന്‍ അത്തരത്തില്‍ കണ്ടിട്ടുള്ളൂ എങ്കിലും ആ ഒരു മേന്മ കൊണ്ടുമാത്രം ചില ചിത്രങ്ങളെങ്കിലും എന്റെ മറവിയുടെ പുസ്‌തകത്തില്‍ ഇനിയും ഇടം നേടിയില്ല. 'കൊല്‍ക്കട്ടാ ന്യൂസ്‌' കണ്ടപ്പോള്‍ ഇക്കാര്യം സൂചിപ്പിക്കണമെന്ന് ഉറപ്പിച്ചിരുന്നു.

ഗുരുവിനോളം വരില്ലെങ്കിലും ബ്ലെസ്സി വ്യത്യസ്‌തനാണ്‌. ആദ്യ രണ്ട്‌ ചിത്രങ്ങളില്‍ നമ്മള്‍ അത്‌ അനുഭവിച്ചറിഞ്ഞതാണ്‌. മൂന്നാം അങ്കത്തില്‍ കാര്യമായ പരുക്കും ഏറ്റില്ല. തീര്‍ത്തും വ്യത്യസ്‌തമാണ്‌ പുതിയ മേച്ചില്‍പ്പുറവും. കൊല്‍ക്കൊട്ടാ നഗരത്തിന്റെ വശ്യമായ സാംസ്കാരികത്തനിമയും കൂട്ടിനുണ്ട്‌. പക്ഷേ സാങ്കേതികമായി ഉയരുമ്പോഴും 'കൊല്‍ക്കട്ടാ ന്യൂസ്‌', ഉന്നതനിലവാരമുള്ള ഒരു സൃഷ്‌ടിയാണ്‌ എന്ന് പറഞ്ഞുകൂടാ...

പ്രതിഭാധനനായ ഛായഗ്രാഹകന്‍ എസ്‌.കുമാര്‍ തുറന്നുവെച്ച ക്യാമറാകണ്ണിലൂടെ കാണിച്ചുതരുന്ന അതിമനോഹരവും വര്‍ണ്ണാഭവവും ഇരുണ്ടതും യഥാര്‍ത്‌ഥവുമായ കൊല്‍ക്കട്ടാ ദൃശ്യങ്ങളാണ്‌ ഈ ചിത്രത്തിനെ സമീപകാല ചിത്രങ്ങളില്‍നിന്നും വ്യത്യസ്‌തമാക്കുന്നതും ആകര്‍ഷകമാക്കുന്നതും. ഇതിന്‍ മുന്‍പ്‌ അത്ര സമൃദ്‌ധമായിട്ടല്ലെങ്കിലും 'കൊല്‍ക്കട്ടാ' ദൃശ്യങ്ങള്‍ ഒരു മലയാള ചിത്രത്തില്‍ കണ്ടത്‌ 'മഴയെത്തും മുന്‍പേ' (1995) യില്‍ ആണ്‌ എന്നാണ്‌ ഓര്‍മ്മ.

ഗ്രാഫിക്സിന്റെ സുന്ദരവും വിശാലവുമായ സാദ്‌ധ്യതകള്‍ നമ്മുടെ നാട്ടിലെ ചലച്ചിത്രങ്ങള്‍ക്കുമാത്രം വര്‍ജ്ജ്യമായതെന്തേ എന്ന് നിരീക്ഷണങ്ങളിലെ പഴയ പോസ്റ്റുകളിലൊന്നില്‍ ഈയുള്ളവന്‍ ചോദിച്ചിരുന്നു. 'സ്പൈഡര്‍ മാന്‍' പോലുള്ള പല ബ്രഹ്‌മാണ്‌ഡ ഹോളിവുഡ്‌ ചിത്രങ്ങളിലേയും ചില ദൃശ്യങ്ങള്‍ ഒരുക്കിയത്‌ ഇന്ത്യയിലാണ്‌ എന്നറിയുന്നത്‌ കുറച്ചുപ്പേര്‍ക്ക്‌ എങ്കിലും ഒരു കൗതുകമായിരിക്കും. ഒരു പരിധിവരെ 'കൊല്‍ക്കട്ടാ ന്യൂസ്‌' ഗ്രാഫിക്സ്‌ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ചിത്രത്തിലെ പാളിപ്പോയ ചില ശ്രമങ്ങളെ (Black Magic സീക്വന്‍സ്‌, വിവിധ ആക്ഷന്‍ രംഗങ്ങളില്‍) ഓര്‍ത്തുകൊണ്ട്‌ തന്നെയാണ്‌ ഇത്‌ പറയുന്നത്‌. കഥ ഭംഗിയായി പറയാനുള്ള അസംഖ്യം ഉപകരണങ്ങളില്‍ ഒന്ന് മാത്രമാണ്‌ ഗ്രാഫിക്സ്‌ എന്ന തിരിച്ചറിവ്‌ നമ്മുടെ എല്ലാ സംവിധായകര്‍ക്കും ഉള്ളതല്ലല്ലോ.

Ultra, Dolby, Surroud എന്നിങ്ങനെ കനമുള്ള പേരുകള്‍ നമ്മള്‍ കേള്‍ക്കുന്നത്‌ അവയെല്ലാം നമ്മുടെ തീയെറ്ററിലേക്ക്‌ ഘോഷയാത്രയായി എത്തിയ 8-10 വര്‍ഷം മുന്‍പാണ്‌. ടിക്കറ്റ്‌ ചാര്‍ജ്ജ്‌ കുത്തനെ കൂട്ടുകയും, നായകന്‍ മുണ്ട്‌ മടക്കികുത്തിയാല്‍പോലും വെടിചില്ല് ശബ്‌ദവിന്യാസങ്ങള്‍ തീയേറ്ററുകള്‍ നിറക്കുന്ന ആഭാസമായി ക്രമത്തില്‍ അവര്‍ 'വളരുകയും' ചെയ്തു. ശബ്‌ദപഥത്തിന്റെ അനന്ത സാദ്‌ധ്യതകള്‍ മലയാളി അറിഞ്ഞ്‌ തുടങ്ങുന്നത്‌ പ്രിയദര്‍ശന്റെ 'ഫോര്‍ ഫ്രയിംസി'ലൂടെയും 'ഫോര്‍ ഫ്രയിംസി'ലെ രാജകൃഷ്‌ണനിലൂടെയുമാണ്‌. 'കൊല്‍ക്കട്ടാ ന്യൂസി'ന്റെ ശബ്‌ദത്തിലെത്തുമ്പോള്‍ രാജകൃഷ്‌ണന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്നതാവുന്നു.

ചിത്രത്തിലെ ഒരു സ്വപ്‌നരംഗം പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്‌. ബ്ലെസ്സിക്കും എസ്‌.കുമാറിനും ഒരുപോലെ അര്‍ഹതപ്പെട്ട കൈയടി. (ഈ രംഗം പ്രേക്ഷകര്‍ക്ക്‌ (എനിക്കും) ഇഷ്ടപ്പെട്ടതിന്റെ ഒരു പ്രധാന കാരണം മേല്‍പറഞ്ഞ Projection Quality ആണ്‌. അതുകൊണ്ട്‌ അവനോടും പറയുന്നു, കൊടുകൈ. 'വിയറ്റ്‌നാം കോളനി'യിലെ ശങ്കരാടിചേട്ടന്‍ സ്റ്റെയിലില്‍...)

നായകവേഷം അണിയുന്ന ദിലീപിന്റെ വേഷപകര്‍ച്ച ഇതിനോടകം ശ്രദ്‌ധ നേടിയിരുന്നു. പക്ഷേ, വേഷത്തിനോളം വരില്ല, ആട്ടം. ചിത്രത്തിലെ മുഖ്യകഥാപാത്രമായ 'കൃഷ്‌ണപ്രിയ'യായി പകര്‍ന്നാടിയത്‌ ഇന്ന് മലയാളത്തില്‍ വിരുന്നുകാരിയായി മാത്രമെത്തുന്ന മീര ജാസ്‌മിനാണ്‌. മീര ജാസ്‌മിന്‍ മാത്രമല്ല ഇന്ദ്രജിത്ത്‌, ഇന്നസെന്റ്‌, ബിന്ദു പണിക്കര്‍ തുടങ്ങിയ താരനിരയുടെ പ്രകടനം മോശമൊന്നുമല്ലെങ്കിലും ഇടനെഞ്ചിലേക്ക്‌ ആരും ഇടിച്ച്‌ കയറിയില്ല.

ഏച്ചു കെട്ടിയാല്‍ മുഴച്ച്‌ നില്‍ക്കും എന്നല്ലേ? ചിത്രത്തിലെ ഗാനങ്ങള്‍ (സംഗീതം: ദേബ്‌ ജ്യോതിമിശ്ര) അങ്ങനെയാണ്‌. ഏറെക്കാലമായി ചലച്ചിത്രസംഗീതത്തില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്കോ വ്യത്യസ്‌തങ്ങളായ ശ്രമങ്ങള്‍ക്കോ നമ്മുടെ സംവിധായകരും സംഗീതസംവിധായകരും ശ്രമിക്കുന്നതേയില്ല. ഫലത്തില്‍ തുറന്നുവെച്ച സുന്ദരമായ ക്യാമറാകണ്ണുകള്‍ക്കൂടിയില്ലെങ്കില്‍ 'have a break' എന്ന് പ്രേക്ഷകന്‍ വിളിച്ച്‌ പറയുന്നു.

പശ്‌ചാത്തലം കൊല്‍ക്കട്ടാ ആയതുകൊണ്ടുതന്നെ ബംഗാളി, ഹിന്ദി തുടങ്ങിയ മറുഭാഷകള്‍ സ്വാഭാവികമായും ചിത്രത്തില്‍ സ്‌ഥാനം പിടിക്കുന്നുണ്ട്‌. മലയാളം subtitle കൊടുക്കുന്നതില്‍ കാണിച്ച പിശുക്കും പ്രയോഗിച്ച മലയാളത്തിലെ നിലവാര തകര്‍ച്ചയും പലപ്പോഴും കാഴ്‌ചയെ വികലമാക്കുന്നുണ്ട്‌. ഇവ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

ഏറെ നാളായി മലയാളി ചിരിക്കാന്‍ മാത്രമാണ്‌ തീയേറ്ററിലേക്ക്‌ ഇടിച്ച്‌ കയറുന്നത്‌. അര്‍ത്‌ഥമില്ലാത്ത ചിരികളില്‍ രമിക്കുന്നവന്‌ തീയേറ്ററിലെ ഇരുട്ടിനേക്കാള്‍ നല്ലത്‌ ചിരി ക്ലബുകളിലെ മാവിന്റെ തണലാണ്‌. നൂതനമോ വ്യത്യസ്‌തമോ ആയ പ്രമേയ പരിസരങ്ങള്‍ നമുക്ക്‌ മുന്നില്‍ തെളിയുന്നത്‌ നീലക്കുറിഞ്ഞികള്‍ പൂക്കും പോലെയാണ്‌. അതുകൊണ്ടുതന്നെ ബോക്സോഫീസ്‌ പരീക്ഷയില്‍ ഈ ചിത്രം ജയം അര്‍ഹിക്കുന്നുണ്ട്‌.

Author's Cut:
ഇത്‌ മൈക്രോ ചലച്ചിത്രങ്ങളുടേയും അത്തരം അസംഖ്യം ചലച്ചിത്രോത്‌സവങ്ങളുടേയും മത്‌സരങ്ങളുടേയും കാലമാണ്‌. പക്ഷെ അജിത്‌ തോമസ്‌ എടുത്തതുപോലുള്ള Telecasting Quality വേണ്ടത്രയുള്ള ചിത്രങ്ങള്‍ ഒരു മൊബൈല്‍ ക്യാമറക്കൊണ്ട്‌ എടുക്കാമോ? എന്ന ഒരു ചോദ്യമുണ്ട്‌, ചോദിക്കുന്നില്ല. പുരസ്‌ക്കാര വിതരണത്തിന്‌ തൊട്ടുമുന്‍പ്‌ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ആ ഇടം ഏത്‌ എന്നറിയാനും താല്‍പ്പര്യമുണ്ട്‌, ചോദിക്കുന്നില്ല. കാരണം ഒരിക്കലും കഥയില്‍ ഇത്‌ പോലുള്ള ചെറിയ ചോദ്യങ്ങള്‍ക്കൊന്നിനും പ്രസക്‌തി ഇല്ല തന്നെ.

15 comments:

 1. NOW this is a film review. Excellent writing. Excellent review.

  ഈ പടത്തിന്റെ ക്വാളിറ്റി കുറച്ച് സീന്‍സും ഡയലോഗും കേട്ടപ്പോളെ മനസ്സിലായി. എന്തെങ്കിലും നല്ലതുണ്ടെങ്കില്‍ അത് എസ് കുമാറിന്റെ കാമറ തന്നെ എന്നും തോന്നി. അതു പോലെ എന്റെ അഭിപ്രായത്തില്‍ ബ്ലെസി വെറും ഫ്ലൂക്ക് ആണു. എ വണ്‍ ടൈം വണ്ടര്‍.

  ReplyDelete
 2. വളരെ വിശദമായി സുന്ദരമായി വിമര്‍‌ശിച്ചിരിക്കുന്നു.. ആശംസകള്‍

  ReplyDelete
 3. ഇതാണ് ശരിക്കുമുള്ള ഫിലിം റിവ്യു. കൊടുകൈ.
  ഇതിനു മുന്‍പു ബ്ലോഗില്‍ ഉണ്ടായതൊക്കെ കഥപറഞ്ഞ മാര്‍ക്കിടല്‍ മാത്രമായിരുന്നു.
  ആ ചവറുകള്‍ വച്ചു നോക്കുമ്പോള്‍ ഇത് ശരിക്കും മുകളില്‍. തുടര്‍ന്നും പ്രതീക്ഷിക്കുന്നു

  ReplyDelete
 4. തികച്ചും ഒരു പ്രൊഫഷണല്‍ ആയ നിരൂപണം. കൊള്ളാം ഷാജീ...

  പിന്നെ ഞാന്‍ സിനിമ കാണാതെ, സിനിമയെ നിരൂപിച്ചെഴുതിയതിനെ എങ്ങനെയാണു കൂടുതല്‍ നിരൂപിക്കുക....

  പിന്നെ പുതിയ രൂപമാറ്റം നന്നായി...
  ആശംസകള്‍.
  ബ്ലെസ്സി ഒരു ഫ്ലൂക്ക് ആണെന്ന ഒരു അഭിപ്രായം കണ്ടതിനോടു യോജിക്കാനാവുന്നില്ല.

  ReplyDelete
 5. ഇത് വായിക്കുന്നില്ല. എനിക്ക് ആ സിനിമ കാണണം എന്നുണ്ട്. അതിനാല്‍.

  ReplyDelete
 6. വിന്‍സ്‌>> :) സന്തോഷം... പിന്നെ ബ്ലസ്സിയെപ്പറ്റി പറഞ്ഞതിനോട്‌ യോജിക്കാനാവില്ല. കാരണം മലയാള ചലച്ചിത്രരംഗത്ത്‌ നമുക്ക്‌ പ്രതീക്ഷകള്‍ ബാക്കി വച്ചിരിക്കുന്ന ചുരുക്കം ചില പേരുകളില്‍ ഒന്നാണ്‌ ബ്ലസ്സി.

  ഏറനാടന്‍>> :) പ്രോത്‌സാഹനത്തിന്‌ നന്ദി.

  art | monk >> :) നന്ദി മാഷേ, വായനക്കും അഭിപ്രായത്തിനും...

  രജീഷ്‌ >> :) ഇഷ്‌ടപ്പെട്ടു എന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം.

  ദിബു >> :) അല്ല, ഒരു change ആര്‍ക്കാണ്‌ ഇഷ്‌ടമല്ലാത്തത്‌... :)

  ശ്രീലാല്‍ >> :) തീരുമാനത്തില്‍ തെറ്റില്യ ട്ടാ...

  ReplyDelete
 7. Great review. Keep it up. You have some sparks of genius in reviewing a film... I think writing will be a better profession for you. Take it serious...

  ReplyDelete
 8. ഹലോ, ആദ്യമായിട്ടാ ഈ ബ്ലോഗില്‍,\
  ചിത്രനിരൂപണമ ഗംഭീരം.. നിരൂപണം ഇങ്ങനെയേ ആകാവൂ .

  ആശംസകള്‍

  ReplyDelete
 9. da gadi thakarthu ninte ezhuth.
  pinne camera top anennu paranjath redyata.athil assistant nammade gadyata''
  good observation about the film and the writing style is also very interesting
  ok da gadi
  prakash and anwerjaan

  ReplyDelete
 10. hackingtom >> :) സന്തോഷം മാഷേ... എന്നാലും അത്രക്ക്‌ അങ്ങട്ട്‌ വേണോ?

  ഇടിവാള്‍ >> :) നന്ദിയുണ്ട്‌, അഭിപ്രായത്തിന്‌...

  അന്‍വര്‍ >> :) സത്യത്തില്‌ ഈ കമന്റിന്റെ ഉറവിടം എന്നെ ഞെട്ടിച്ചു ട്ടാ, ശരിക്കും... പെരുത്ത്‌ നന്ദിയും ഉണ്ട്‌ അഭിപ്രായത്തിന്‌...

  ReplyDelete
 11. എന്നെ രമിപ്പിക്കുന്നത് താങ്കളുടെ ഭാഷയാണ് എന്തിനേക്കാളും....
  തുടരുക സ്നേഹിതാ.. ഈ സപര്യ...

  ReplyDelete
 12. nannayittund review mashe. as u said, "blessy is different". aa pratheeksha aaanu oro padam kananum prerippikkunnath. thanks for the well written review

  ReplyDelete
 13. At last i read it. And now, i am a fan of your blog. keep it up dear.

  zeromanoj at gmail dot com

  ReplyDelete
 14. Shaji, well done!

  Blessy is not a one time wonder as Wins (or Vince?) said. He's at least a three time wonder! Kolkatta News njan kandilla...

  Blessy may not be as good as his mentor. But in today's Malayalam, where talents like Kamal, Sathyan, Sibi, Lohi et al are like headless chicken, Blessy is doing great.

  I really wish he keeps his head!

  ReplyDelete