Feb 18, 2008

ചിത്രങ്ങള്‍ നിറയും കാലം

(ViBGYOR അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവത്തിന്റെ Festival Book-ല്‍ Experimental/Micro ചലച്ചിത്ര വിഭാഗത്തിനെഴുതിയ ആമുഖ കുറിപ്പ്‌)
നാനോ സെക്കന്റ്‌ ഒരു അധിക സമയമാണ്‌, ശാസ്‌ത്രപുരോഗതിയെ നമ്മള്‍ അക്കമിട്ട്‌ നിരത്തുകയാണെങ്കില്‍. എല്ലാ മേഖലകളേയുംപോലെ കലയും ക്രമത്തില്‍ അതേറ്റുവാങ്ങി. കൂട്ടത്തില്‍ ഏറ്റവും പരിപോഷിപ്പിക്കപ്പെട്ടത്‌ ചലച്ചിത്രകലയാണ്‌. William Horner-ടെ Zoetrope മുതല്‍ Real D Cinema-യോളം എത്തിയിരിക്കുന്ന അമ്പരപ്പിക്കുന്ന വളര്‍ച്ച. പുതിയ കാലത്തിന്റെ ചലച്ചിത്ര സാദ്‌ധ്യതകളെ കുറിച്ചിടാന്‍ കേവലം രണ്ടോ മൂന്നോ പുറങ്ങള്‍ അപര്യാപ്‌തമാണ്‌. അതുകൊണ്ടുതന്നെ ഇത്‌ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ്‌.

പ്രമേയത്തിലോ പ്രമേയ പരിചരണത്തിലോ നിര്‍മ്മാണരീതികളിലോ മുഖ്യധാരാ (വാണിജ്യ) ചലച്ചിത്രമേഖലയെ വെല്ലുവിളിക്കുന്ന ശ്രമങ്ങള്‍ Experimental Cinema ഗണത്തില്‍പ്പെടുന്നു. (ഇപ്പോഴും ഇത്തരം ചലച്ചിത്രങ്ങളെ പരാമര്‍ശിക്കുമ്പോള്‍ Underground Cinema എന്നും രേഖപ്പെടുത്തി കാണാറുണ്ട്‌).

വേറിട്ട വഴികളിലൂടെ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്ന ചലച്ചിത്രവിദ്യാര്‍ത്‌ഥികളോ സംവിധായകരോ അത്തരം കൂട്ടായ്‌മകളോ ആണ്‌ എപ്പോഴും ഈ ശ്രമങ്ങള്‍ക്ക്‌ പിന്നില്‍. പക്ഷെ കാലക്രമത്തില്‍ സാമ്പത്തിക ബുദ്‌ധിമുട്ടുകളുടെ തീരാ കണക്കുകളിലും പ്രേക്ഷക ദാരിദ്രത്തിലും പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങളുടെ ദൗര്‍ലഭ്യതയിലും ഒടുങ്ങുകയാണ്‌ മിക്കവാറും എല്ലാ ശ്രമങ്ങളും തന്നെ. ഇന്റര്‍നെറ്റ്‌ തുറന്നിടുന്ന വിശാലമായ ചില വാതിലുകളുടെ പ്രധാന്യം ഇവിടെയാണ്‌.

എഴുത്തുകാരന്‍ തന്നെ പ്രസാധകനുമാവുന്ന ബ്ലോഗും 'ബൂലോഗ'വും ഇതിനോടകം തന്നെ ഏറെ ചര്‍ച്ചക്ക്‌ വിധേയമായി കഴിഞ്ഞു, നമ്മുടെ പത്രമാദ്‌ധ്യമങ്ങളില്‍. ചലച്ചിത്രകാരന്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന പ്രസിദ്‌ധമായ ഒരിടമുണ്ട്‌. ഇന്റര്‍നെറ്റ്‌ ജനതയോട്‌ 'Broadcast Yourself' എന്ന് ഉദ്‌ഘോഷിക്കുന്ന YouTube.

മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌, കൃത്യമായി പറഞ്ഞാല്‍ 2005 ഫെബ്രുവരിയിലാണ്‌ YouTube-ന്റെ തുടക്കം. 2006-ല്‍ ഇന്റര്‍നെറ്റ്‌ ഭീമന്‍ Google 1.65 ബില്ല്യണ്‍ ഡോളറിന്‌ YouTube സ്വന്തമാക്കുകയും ചെയ്തു. 2008 ഫെബ്രു.5 വരെ ഏകദേശം 7 കോടിയോളം വീഡിയോ ചിത്രങ്ങള്‍ YouTube-ല്‍ upload ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏകദേശ കണക്കുകള്‍ പ്രകാരം 50,000-ന്‌ മുകളില്‍ വീഡിയോ ചിത്രങ്ങള്‍ ഓരോ ദിവസവും പുതുതായി ചേര്‍ക്കപ്പെടുന്നു. ദൈനംദിനം 100 കോടിയിലേറെ കാഴ്‌ചകള്‍. 2008-ല്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിനും സംവാദങ്ങള്‍ക്കുപോലും ഇവിടം വേദിയാവുന്നു. YouTube-ന്റെ സ്വീകാര്യത ഇതില്‍ കൂടുതല്‍ വ്യക്‌തമാക്കേണ്ടതില്ലല്ലോ.

അമേരിക്കയിലെ പകര്‍പ്പാവകാശ നിയമം ലംഘിക്കാത്ത ഏതു ഗണത്തില്‍പ്പെട്ട ചിത്രങ്ങളും YouTube-ല്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്‌. നിയമത്തിന്റെ പരിധിയില്‍പ്പെടുന്നവ (പരസ്യചിത്രങ്ങള്‍, ടെലിവിഷന്‍ ചിത്രങ്ങള്‍, ചലച്ചിത്രരംഗങ്ങള്‍, മ്യൂസിക്ക്‌ വീഡിയോസ്‌) ശ്രദ്‌ധയില്‍പ്പെടുന്നപക്ഷം ഒഴിവാക്കപ്പെടുകയും ചെയ്യും. ചിത്രങ്ങളെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

YouTube-ല്‍ അംഗമാകുന്നതിനും ചിത്രങ്ങള്‍ കാണുന്നതിനും നമ്മള്‍ ചിലവഴിക്കേണ്ടത്‌ സമയം മാത്രമാകുന്നു. അംഗങ്ങള്‍ക്ക്‌ YouTuber (പ്രേക്ഷകന്‍), Director (പ്രേക്ഷകര്‍ക്ക്‌ ചിത്രങ്ങള്‍ ഒരുക്കുന്നവന്‍), Musician (സംഗീതഞ്ജനോ മേളക്കാരോ ഒരുക്കുന്ന '916 Hallmark' മുദ്ര നിര്‍ബന്‌ധമുള്ള പ്രകടനം അല്ലെങ്കില്‍ ശിക്ഷണം), Guru (പ്രഗത്‌ഭരുടെ അനുഭവം) എന്നിങ്ങനെ വിവിധ ചാനലുകളിലൂടെ കൃത്യമായ തെരെഞ്ഞടുപ്പിനും അവസരമുണ്ട്‌.

വീഡിയോ ചിത്ര ജാലികകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകുമ്പോഴും ഇറാന്‍പോലെ ചില രാജ്യങ്ങളെങ്കിലും YouTube-ന്‌ വിവിധങ്ങളായ കാരണങ്ങളാല്‍ ചുവപ്പ്‌ കാര്‍ഡ്‌ കാണിച്ചിട്ടുണ്ട്‌.

വീഡിയോ ചിത്രങ്ങളിലൂടെയുള്ള ബ്ലോഗിംഗ്‌ 'വ്ലോഗ്‌'(vlog) എന്നാണ്‌ അറിയപ്പെടുന്നത്‌. 2005-ല്‍ ആണ്‌ വ്ലോഗിംഗ്‌ കൂടുതല്‍ ജനപ്രിയമായി തുടങ്ങുന്നത്‌. ബ്ലോഗുകളില്‍ നിന്നും വ്യത്യസ്‌തമായി ഏറെക്കുറെ എല്ലാ 'വ്ലോഗു'കളുടെ പിന്നിലും ഒരു കൂട്ടായ്മ കാണുവാന്‍ കഴിയും.

അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കുകയും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ്‌ No Budget Film ഗണത്തില്‍ ഉള്‍പ്പെടുന്നത്‌. യുവസംവിധായകരുടേതായ ഈ ശ്രമങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കുകയും സംവിധായകന്‍ പലപ്പോഴും പ്രമുഖ മേഖലകളുടേയെല്ലാം കാര്യക്കാരനാവുകയും ചെയ്യും. സാധാരണയായി ഇത്തരം ചലച്ചിത്രങ്ങളില്‍ ചെലവഴിക്കേണ്ടിവരുന്ന തുക ഫിലിമിനും അതിന്റെ പ്രോസസ്സിംഗിനും മാത്രമാണ്‌. ഇത്തരം ചലച്ചിത്രങ്ങള്‍ക്ക്‌ മാത്രം വേദിയൊരുക്കുന്ന നിരവധി ചലച്ചിത്രോത്‌സവങ്ങളും ഉണ്ട്‌.

ഇന്റര്‍നെറ്റില്‍ സ്വന്തമായോ ഇത്തരം ചലച്ചിത്രങ്ങള്‍ക്ക്‌ മാത്രമായിട്ടുള്ള ഇടങ്ങളിലൂടെയോ ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംവിധായകരും ധാരാളമുണ്ട്‌. b-independent.com, explodingcinema.org തുടങ്ങിയ ജാലികകള്‍ ഉദാഹരണം. മുഖ്യധാര ചലച്ചിത്രങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന പ്രമേയങ്ങളിലൂടെ, ജനമുന്നേറ്റങ്ങളുടെ സാക്ഷിപത്രമാവുന്നതിലൂടെ No Budget Film തിരിച്ചറിയപ്പെടുന്നുണ്ട്‌, അത്ര വലിയ തോതില്‍ അല്ലെങ്കിലും...

Micro Cinema എന്ന ഗണത്തിനെ നമുക്ക്‌ രണ്ട്‌ രീതിയില്‍ വിവക്ഷിക്കാം. ഇന്ന് ലഭ്യമായ ഏതെങ്കിലും Digital മാധ്യമം ഉപയോഗിച്ച്‌ (Digital Camera, Mobile Phone തുടങ്ങിയവ) പകര്‍ത്തപ്പെടുകയും ലഭ്യമായ ചെറു ചിത്രസംയോജന മാര്‍ഗ്ഗങ്ങളിലൂടെ ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തിയാക്കപ്പെടുകയും DVD, ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്നവ. അല്ലെങ്കില്‍ Experimental, No Budget ചലച്ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കുന്ന ചെറിയ വേദികള്‍.

Micro Cinema എന്ന പ്രയോഗം സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ Total Mobile Home Micro Cinema 1991-ലാണ്‌ ആദ്യമായി അവതരിപ്പിക്കുന്നത്‌. ആനിമേഷന്‍ ചിത്രങ്ങള്‍ മുതല്‍ വളരെ ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കുന്ന മുഴുനീള ചലച്ചിത്രങ്ങള്‍വരെ ഉള്‍ക്കൊള്ളുന്ന വിശാലമായൊരു മേഖലയാണിത്‌. microcinema.com, microcinemascene.com തുടങ്ങിയ ജാലികകളില്‍ നിന്നും ഇത്തരം സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്‌.

പുതിയ ആകാശങ്ങള്‍ സ്വപ്‌നം കാണുന്നവരും പുതിയ വഴികള്‍ കണ്ടെത്തുവാന്‍ അക്ഷീണം ശ്രമിക്കുന്നവരുമാണ്‌ ഇതിന്‌ പിന്നില്‍ എന്നുള്ളതുകൊണ്ടുതന്നെ ചെലവ്‌ ചുരുങ്ങുന്നു എന്നുള്ളത്‌ ഒരിക്കലും നിലവാരം കുറയുന്നു എന്നതിന്‌ കാരണമാവുന്നതേയില്ല. ചിത്രങ്ങള്‍ നിറയുകയാണ്‌ നമുക്ക്‌ ചുറ്റിലും കണ്‍തുറന്നിരിക്കൂ ചെറിയ ക്യാന്‍വാസിലെ വലിയ വിസ്‌മയകാഴ്‌ചകള്‍ക്കായ്‌...

2 comments:

 1. കൊള്ളാം. പ്രൗഢഗംഭീരമായ എഴുത്ത്. ശരിക്കും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങ്ള്‍

  ReplyDelete
 2. സത്യത്തില്‍ താങ്കളുടെ ബ്ലോഗിനു മറുപടി എഴുതുവാനല്ല ഞാന്‍ സിനിമ കണ്ടത് ..മലയാളത്തിന്റെ ആ വ്യത്യ്സതാം ബ്ലെസ്സിയെ സത്യത്തില്‍ ഞാനും തിരിച്ചറിഞ്ഞിട്ടുണ്ട് ...
  ..തന്കളും വളരെ വത്യ്സതമായി ഒരു നിരൂപണം ഭങ്ങിയായി അവതരിപിചിടുണ്ട്. ..
  ..സങ്ങേത്കമായി ചിത്രം എത്രത്തോളം വിജയിച്ചു എന്ന് പരയനരിയില്ലെങ്ങിലും ഒന്ന് പറയാം..
  ..കഥാകാരന്‍ സൃഷ്‌ടിച്ച മൂഡ് തിയെറെര്‍ വിട്ടാലും നില നില്കുന്നുണ്ട് ..
  ..പോളിഞ്ഞാലും ഇല്ലെങ്ങിലും ഇത്തരത്തിലുള്ള ബ്ലാക്ക് മാജിക് പരീക്ഷികുന്ന ഒരേ ഒരു ബ്ലെസി മാത്രമേ നമുക്ക് എന്നുല്ലു..
  ....മീര ജാസ്മിന്റെ കൃഷ്ണപ്രിയ ഷാജിയുടെ മനസിനെ തടിയില്ലെങ്ങിലും എന്നെ വല്ലാതെ തട്ടികളഞ്ഞു ...

  ReplyDelete