കേള്‍വികേട്ട തച്ചന്മാര് ഇന്നാട്ടില് ഏറെ ഉണ്ടായിരുന്നു. അക്ഷരങ്ങള്‍കൊണ്ട് ലക്ഷണമൊത്ത ശില്പ്പങ്ങള് പണിതീര്‍ക്കുന്നവര്‍. എം.ടി എന്നൊരു തച്ചന്, ജോര്‍ജ്ജ് എന്നും ഗോപാലകൃഷ്ണനെന്നും പത്മരാജനെന്നും ഭരതനെന്നും ലോഹിതദാസെന്നും ശ്രീനിവാസനെന്നും സത്യനെന്നും പേരായ വേറെയും തച്ചന്മാര്. പണി അറിയാവുന്നവര്‍ കാലക്രമത്തില്‍ കളംവിട്ട് പോവുകയോ ഓര്‍മ്മയാവുകയോ പേനയില്‍ കടുത്ത വര്‍ള്‍ച്ച ബാധിച്ച് നീണ്ട ഇടവേളകളിലേയ്ക്ക് വീണുപോവുകയോ ചെയ്തപ്പോള്‍ വേറെ ചിലര്‍ ചില്ലറ 'വേല'കളുമായി രംഗത്ത് വന്നു. അങ്ങനെയാണ് പുകള്‍പെറ്റ ഒരു തറവാട് എണ്ണം പറഞ്ഞ ഒരു കുപ്പതൊട്ടിയായത്. അങ്ങനെയിരിക്കെ ആ കുപ്പതൊട്ടിയില്‍ ഒരു മാണിക്യം ഇന്നലെ വന്നു വീണു, 'ഭ്രമരം'.
മധ്യവയസ്ക്കനായ ഒരു ജീപ്പ് ഡ്രൈവര്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രവചനാതീതമായി പ്രതികരിക്കുന്നയാള്‍. തന്റെ ബാല്യകാല സുഹൃത്തിനെ കാണാന്‍ അയാള്‍ കോയമ്പത്തൂരില്‍ എത്തുന്നു. സുഹൃത്തിനേയും കൂട്ടി തന്റെ മലയോര ഗ്രാമത്തിലേയ്ക്ക് അയാള്‍ യാത്ര പോകുന്നു. ആ ദീര്‍ഘ യാത്രയ്ക്ക് മുന്‍പും യാത്രയിലും അടുക്കിവെച്ച ഇഴയടുപ്പങ്ങളുടേയും അകല്‍ച്ചയുടേയും ആകെത്തുകയാണ് 'ഭ്രമരം'.
വണ്ട്, ഒരിടത്തും സ്ഥിരമായി നില്ക്കാത്തവന്, തലതിരിച്ചില്‍, അരക്ക് എന്നൊക്കെയാണ് 'ഭ്രമരം' എന്ന വാക്കിന് ശബ്ദതാരാവലി പറഞ്ഞ് തരുന്ന അര്‍ത്ഥങ്ങള്‍. 'കന്മദം' പോലെ, 'പാഥേയം' പോലെ, 'വൈശാലി' പോലെ 'മണിചിത്രത്താഴു'പോലെ അതിമനോഹരമായ ഒരു പേര്. ചിത്രത്തിന് കേവലം ഒരു പേര് മാത്രമാകാതെ, ഭാരം ആകാതെ, പേര് അലങ്കാരം ആകുന്നത് ഇന്ന് ഒരു അപൂര്‍വ്വതയാണ്. ഈ അടുത്ത് പുറത്ത് വന്ന ചില ചിത്രങ്ങളുടെ പേര് നോക്കുക. 'ഹെയ്ലസാ', 'മോസ് & ക്യാറ്റ്', 'ബുള്ളറ്റ്', എന്നുവേണ്ട 'സൗണ്ട് ഓഫ് ബൂട്ട്' എന്നുവരെ. പേര് മാത്രം നന്നായതുകൊണ്ട് ഒരിക്കലും ചിത്രം വിജയിക്കില്ല എങ്കിലും പേരിടല്‍ ഒരു വെറും ചടങ്ങ് മാത്രം ആവാതിരിക്കുന്നതാണ് നല്ലത്.
പേരിനോളം തന്നെ പ്രാധാന്യം ഉണ്ട്, ചിത്രത്തിന്റെ തല വാചകത്തിനും. ഇന്ന് ഒട്ടും തന്നെ പ്രാധാന്യം കല്‍പ്പിക്കപ്പെടാത്ത ഒരു മേഖല കൂടിയാണിത്. ചിത്രത്തിനോളം തന്നെ ആഴത്തില്‍ നമ്മളിലേയ്ക്ക് വീണുപോയ പഴയ ചില തലവാചകങ്ങള്‍ നോക്കുക. അവനെന്നെ കൊല്ലാന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും (താഴ്വാരം), നവംബറിന് നഷ്ടപ്പെടാന്‍ എന്തുണ്ട്? ഡിസംബര്‍ ഒരേയൊരു ഡിസംബര്‍ (നവംബറിന്റെ നഷ്ടം). പലരും തിരക്കില്‍(?) മറന്നുപോയ ആ ഒന്ന് 'ഭ്രമര'ത്തിന്റെ പരസ്യചിത്രങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കും. 'ഉള്ളില്‍ ഉറഞ്ഞ കനലുമായ് നായകനും പ്രതിനായകനും ഒരാളാകുമ്പോള്‍'...
പഴയ കാല മലയാള ചിത്രങ്ങളില്‍ 'പരസ്യകല' എന്നായിരുന്നു എങ്കില്‍ ഇന്നത് പോസ്റ്റര്‍ ഡിസൈന്‍ ആണ്. ശരിയാണ്, കല (മലയാള)ചലച്ചിത്ര പരസ്യങ്ങളില്‍ നിന്നും കുടിയൊഴിഞ്ഞിരിക്കുന്നു. ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെ, അനുഭവത്തിനെ, ഉള്ളടക്കത്തിനെ ആദ്യമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത് ചിത്രത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനാണ്. വായിച്ച് മനസ്സിലാക്കേണ്ട ഒരു മനസ്സ് പല ചിത്രങ്ങള്‍ക്കും ഇല്ലാത്തത് കൊണ്ടുതന്നെ പരസ്യചിത്രകാരന്‍ പലപ്പോഴും ഇന്ന് നിസ്സഹായനും ആണ്. സ്ഥിരം ചേരുവകള്‍ ഇടയ്ക്ക് നിരത്തുമ്പോഴും സമീപകാലത്തെ, ചിത്രത്തെ അറിഞ്ഞ ചില പരസ്യങ്ങള്‍ കോളിന്‍സ് 'ഭ്രമര'ത്തിനുവേണ്ടി ഒരുക്കിയിട്ടുണ്ട്.
സംവിധായകനായ ബ്ലെസ്സിയെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതേ എനിക്കും അറിയൂ. ഇടയ്ക്കൊന്ന് താഴേക്ക് വളഞ്ഞ് തുടങ്ങിയ ഗ്രാഫിനെ മുകളിലേയ്ക്ക് അതിശക്തിയോടെ തള്ളിവിടുന്നുണ്ട്, 'ഭ്രമര'ത്തിലൂടെ ഇദ്ദേഹം. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി. ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രേക്ഷകനെ വലിച്ച് അടുപ്പിക്കുന്ന കഥാകഥനം. മലയാളി പ്രേക്ഷകന് അത്ര പരിചയമില്ലാത്ത ദേശകാഴ്ചകള്. കഥയുടെ അപ്രതീക്ഷിത തിരിവുകള്‍. മലയാളത്തിലെ പുതു തലമുറ സംവിധായകര്‍ സ്ഥാനത്തും അസ്ഥാനത്തും ക്യാമറ വട്ടം കറക്കുമ്പോള്‍, രാം ഗോപാല്‍ വര്‍മ്മ 'ടച്ചി'ലുള്ള ഒളിഞ്ഞ് നോട്ടം നടത്തുമ്പോള്‍ അത് എന്തിനായിരുന്നു എന്ന് അവര്‍ക്ക് പോലും നിശ്ചയം ഇല്ലായിരുന്നു. അവിടെയാണ് ബ്ലെസ്സിയുടെ ബൂട്ടുകള്‍ ചേലൊത്ത ബ്രസീലിയന്‍ പാസ്സുകള്‍ ഒരുക്കുന്നത്, അജയന് വിന്‍സന്റിനൊപ്പം. ക്യാമറ നോക്കുവാന്‍ കഴിയുന്ന രീതിയിലെല്ലാം നോക്കുന്നുണ്ട്. ഭംഗിയായി, കൃത്യമായി, പലപ്പോഴും അതിസാഹസികമായി. വിജയ് ശങ്കര്‍ നുറുക്കിയിട്ടതും റൊമ്പ പ്രമാദമായിരിക്ക്... :)
എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യപകുതിയിലും പലരും പണിതീര്‍ത്ത ലക്ഷണമൊത്ത മൂശയില്‍ വാര്ത്തെടുക്കപ്പെട്ടത് കൊണ്ടാണ് മോഹന്‍ലാലിന്റെ പ്രതിഭയുടെ മാറ്റ് കൂടിയത് എന്ന് ഈ അടുത്ത കാലത്ത് പ്രിയദര്ശന് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. പക്ഷേ, ഇനം സിംഹം ആയിരുന്നാലും പട്ടിണി, പട്ടിണി തന്നെ ആണല്ലോ? വിശന്ന് വലഞ്ഞൊരു സിംഹം ഇരയെ കീഴ്പ്പെടുത്തുന്ന ആവേശമുണ്ട്, ലാലിന്റെ അഭിനയത്തിന്. രണ്ടാം സ്ഥാനത്ത് എത്തുന്നത് അത് ഇപ്പോള്‍ ആരായാലും കുറഞ്ഞ പക്ഷം മൂന്നോ നാലോ ലാപ്പ് തന്നെ പിറകില്‍ ആകുവാന്‍ സാധ്യത കാണുന്നു. സുരേഷ് മേനോന്, വി.ജി മുരളികൃഷ്ണന്, കെ.പി.എ.സി ലളിത, ഭൂമിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
ചിത്രത്തിലെ ചെറിയ കുറവുകളെ നിസ്സാരമാക്കുന്ന വലിയ ശരിയാണ്, 'ഭ്രമരം'. ലക്ഷണമൊത്ത ഒരു കാഴ്ചക്ക് ഇനി എത്ര നാള് കാത്തിരിക്കേണ്ടിവരും എന്നത് കവടി നിരത്തി നോക്കേണ്ടി വരും എന്നുള്ളതുകൊണ്ട് 'ഭ്രമരം' കഴിയുമെങ്കില്‍ നഷ്ടപ്പെടുത്താതിരിക്കുക.
വാല്‍ക്കഷണം:
എറണാകുളം 'കവിത'യിലായിരുന്നു ഞാന്‍ ചിത്രം കണ്ടത്. ചിത്രത്തിന് മുക്കാല്‍ മണിക്കൂര്‍ പ്രായം ആയിട്ടും പുതിയ പ്രേക്ഷകര്‍ തിയ്യേറ്ററിലേയ്ക്ക് വന്നുകൊണ്ടിരുന്നു. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന് പറയുംപോലെയാണ് ഇവിടെയുള്ള തിയ്യേറ്ററുകളുടെ പ്രവര്‍ത്തനം. പ്രേക്ഷകര്‍ കുറവ് ആണെങ്കില്‍ ഒരു 10-15 മിനുറ്റ് മുന്‍പ് ചിത്രം തുടങ്ങും എന്ന് ഉറപ്പിക്കാം. ഇനി ആണ്ടില്‍ ഒരിക്കല്‍ തീയ്യേറ്റര്‍ എങ്ങാനും നിറഞ്ഞ് പോയാല്‍ അവര്‍ നമ്മളെ ഈ അണ്ഡകടാഹത്തിലൊക്കെയുള്ള പെറ്റ തള്ളപോലും സഹിക്കാത്ത പരസ്യങ്ങള്‍, ഒരു അര മണിക്കൂര്‍ മുന്‍പേ കാണിച്ച് ബോറടിപ്പിക്കും.