Jun 26, 2009

ഭ്രമരം: കുപ്പതൊട്ടിയിലെ മാണിക്യം

കേള്‍വികേട്ട തച്ചന്‍മാര്‍ ഇന്നാട്ടില്‍ ഏറെ ഉണ്ടായിരുന്നു. അക്ഷരങ്ങള്‍കൊണ്ട്‌ ലക്ഷണമൊത്ത ശില്‍പ്പങ്ങള്‍ പണിതീര്‍ക്കുന്നവര്‍. എം.ടി എന്നൊരു തച്ചന്‍, ജോര്‍ജ്ജ്‌ എന്നും ഗോപാലകൃഷ്‌ണനെന്നും പത്‌മരാജനെന്നും ഭരതനെന്നും ലോഹിതദാസെന്നും ശ്രീനിവാസനെന്നും സത്യനെന്നും പേരായ വേറെയും തച്ചന്‍മാര്‍. പണി അറിയാവുന്നവര്‍ കാലക്രമത്തില്‍ കളംവിട്ട്‌ പോവുകയോ ഓര്‍മ്മയാവുകയോ പേനയില്‍ കടുത്ത വര്‍ള്‍ച്ച ബാധിച്ച്‌ നീണ്ട ഇടവേളകളിലേയ്‌ക്ക്‌ വീണുപോവുകയോ ചെയ്‌തപ്പോള്‍ വേറെ ചിലര്‍ ചില്ലറ 'വേല'കളുമായി രംഗത്ത്‌ വന്നു. അങ്ങനെയാണ്‌ പുകള്‍പെറ്റ ഒരു തറവാട്‌ എണ്ണം പറഞ്ഞ ഒരു കുപ്പതൊട്ടിയായത്‌. അങ്ങനെയിരിക്കെ ആ കുപ്പതൊട്ടിയില്‍ ഒരു മാണിക്യം ഇന്നലെ വന്നു വീണു, 'ഭ്രമരം'.മധ്യവയസ്‌ക്കനായ ഒരു ജീപ്പ്‌ ഡ്രൈവര്‍ ആണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രവചനാതീതമായി പ്രതികരിക്കുന്നയാള്‍. തന്റെ ബാല്യകാല സുഹൃത്തിനെ കാണാന്‍ അയാള്‍ കോയമ്പത്തൂരില്‍ എത്തുന്നു. സുഹൃത്തിനേയും കൂട്ടി തന്റെ മലയോര ഗ്രാമത്തിലേയ്‌ക്ക്‌ അയാള്‍ യാത്ര പോകുന്നു. ആ ദീര്‍ഘ യാത്രയ്‌ക്ക്‌ മുന്‍പും യാത്രയിലും അടുക്കിവെച്ച ഇഴയടുപ്പങ്ങളുടേയും അകല്‍ച്ചയുടേയും ആകെത്തുകയാണ്‌ 'ഭ്രമരം'.

വണ്ട്‌, ഒരിടത്തും സ്‌ഥിരമായി നില്‍ക്കാത്തവന്‍, തലതിരിച്ചില്‍, അരക്ക്‌ എന്നൊക്കെയാണ്‌ 'ഭ്രമരം' എന്ന വാക്കിന്‌ ശബ്‌ദതാരാവലി പറഞ്ഞ്‌ തരുന്ന അര്‍ത്‌ഥങ്ങള്‍. 'കന്മദം' പോലെ, 'പാഥേയം' പോലെ, 'വൈശാലി' പോലെ 'മണിചിത്രത്താഴു'പോലെ അതിമനോഹരമായ ഒരു പേര്‌. ചിത്രത്തിന്‌ കേവലം ഒരു പേര്‌ മാത്രമാകാതെ, ഭാരം ആകാതെ, പേര്‌ അലങ്കാരം ആകുന്നത്‌ ഇന്ന് ഒരു അപൂര്‍വ്വതയാണ്‌. ഈ അടുത്ത്‌ പുറത്ത്‌ വന്ന ചില ചിത്രങ്ങളുടെ പേര്‌ നോക്കുക. 'ഹെയ്‌ലസാ', 'മോസ്‌ & ക്യാറ്റ്‌', 'ബുള്ളറ്റ്‌', എന്നുവേണ്ട 'സൗണ്ട്‌ ഓഫ്‌ ബൂട്ട്‌' എന്നുവരെ. പേര്‌ മാത്രം നന്നായതുകൊണ്ട്‌ ഒരിക്കലും ചിത്രം വിജയിക്കില്ല എങ്കിലും പേരിടല്‍ ഒരു വെറും ചടങ്ങ്‌ മാത്രം ആവാതിരിക്കുന്നതാണ്‌ നല്ലത്‌.

പേരിനോളം തന്നെ പ്രാധാന്യം ഉണ്ട്‌, ചിത്രത്തിന്റെ തല വാചകത്തിനും. ഇന്ന് ഒട്ടും തന്നെ പ്രാധാന്യം കല്‍പ്പിക്കപ്പെടാത്ത ഒരു മേഖല കൂടിയാണിത്‌. ചിത്രത്തിനോളം തന്നെ ആഴത്തില്‍ നമ്മളിലേയ്‌ക്ക്‌ വീണുപോയ പഴയ ചില തലവാചകങ്ങള്‍ നോക്കുക. അവനെന്നെ കൊല്ലാന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും (താഴ്‌വാരം), നവംബറിന്‌ നഷ്‌ടപ്പെടാന്‍ എന്തുണ്ട്‌? ഡിസംബര്‍ ഒരേയൊരു ഡിസംബര്‍ (നവംബറിന്റെ നഷ്‌ടം). പലരും തിരക്കില്‍(?) മറന്നുപോയ ആ ഒന്ന് 'ഭ്രമര'ത്തിന്റെ പരസ്യചിത്രങ്ങളില്‍ നമുക്ക്‌ കാണുവാന്‍ സാധിക്കും. 'ഉള്ളില്‍ ഉറഞ്ഞ കനലുമായ്‌ നായകനും പ്രതിനായകനും ഒരാളാകുമ്പോള്‍'...

പഴയ കാല മലയാള ചിത്രങ്ങളില്‍ 'പരസ്യകല' എന്നായിരുന്നു എങ്കില്‍ ഇന്നത്‌ പോസ്‌റ്റര്‍ ഡിസൈന്‍ ആണ്‌. ശരിയാണ്‌, കല (മലയാള)ചലച്ചിത്ര പരസ്യങ്ങളില്‍ നിന്നും കുടിയൊഴിഞ്ഞിരിക്കുന്നു. ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെ, അനുഭവത്തിനെ, ഉള്ളടക്കത്തിനെ ആദ്യമായി പ്രേക്ഷകരിലേയ്‌ക്ക്‌ എത്തിക്കുന്നത്‌ ചിത്രത്തിന്റെ മനസ്സ്‌ വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനാണ്‌. വായിച്ച്‌ മനസ്സിലാക്കേണ്ട ഒരു മനസ്സ്‌ പല ചിത്രങ്ങള്‍ക്കും ഇല്ലാത്തത്‌ കൊണ്ടുതന്നെ പരസ്യചിത്രകാരന്‍ പലപ്പോഴും ഇന്ന് നിസ്സഹായനും ആണ്‌. സ്‌ഥിരം ചേരുവകള്‍ ഇടയ്‌ക്ക്‌ നിരത്തുമ്പോഴും സമീപകാലത്തെ, ചിത്രത്തെ അറിഞ്ഞ ചില പരസ്യങ്ങള്‍ കോളിന്‍സ്‌ 'ഭ്രമര'ത്തിനുവേണ്ടി ഒരുക്കിയിട്ടുണ്ട്‌.

സംവിധായകനായ ബ്ലെസ്സിയെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാവുന്നതേ എനിക്കും അറിയൂ. ഇടയ്‌ക്കൊന്ന് താഴേക്ക്‌ വളഞ്ഞ്‌ തുടങ്ങിയ ഗ്രാഫിനെ മുകളിലേയ്‌ക്ക്‌ അതിശക്‌തിയോടെ തള്ളിവിടുന്നുണ്ട്‌, 'ഭ്രമര'ത്തിലൂടെ ഇദ്ദേഹം. മലയാളത്തിലെ ആദ്യത്തെ റോഡ്‌ മൂവി. ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം പ്രേക്ഷകനെ വലിച്ച്‌ അടുപ്പിക്കുന്ന കഥാകഥനം. മലയാളി പ്രേക്ഷകന്‌ അത്ര പരിചയമില്ലാത്ത ദേശകാഴ്‌ചകള്‍. കഥയുടെ അപ്രതീക്ഷിത തിരിവുകള്‍. മലയാളത്തിലെ പുതു തലമുറ സംവിധായകര്‍ സ്‌ഥാനത്തും അസ്‌ഥാനത്തും ക്യാമറ വട്ടം കറക്കുമ്പോള്‍, രാം ഗോപാല്‍ വര്‍മ്മ 'ടച്ചി'ലുള്ള ഒളിഞ്ഞ്‌ നോട്ടം നടത്തുമ്പോള്‍ അത്‌ എന്തിനായിരുന്നു എന്ന് അവര്‍ക്ക്‌ പോലും നിശ്‌ചയം ഇല്ലായിരുന്നു. അവിടെയാണ്‌ ബ്ലെസ്സിയുടെ ബൂട്ടുകള്‍ ചേലൊത്ത ബ്രസീലിയന്‍ പാസ്സുകള്‍ ഒരുക്കുന്നത്‌, അജയന്‍ വിന്‍സന്റിനൊപ്പം. ക്യാമറ നോക്കുവാന്‍ കഴിയുന്ന രീതിയിലെല്ലാം നോക്കുന്നുണ്ട്‌. ഭംഗിയായി, കൃത്യമായി, പലപ്പോഴും അതിസാഹസികമായി. വിജയ്‌ ശങ്കര്‍ നുറുക്കിയിട്ടതും റൊമ്പ പ്രമാദമായിരിക്ക്‌... :)

എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യപകുതിയിലും പലരും പണിതീര്‍ത്ത ലക്ഷണമൊത്ത മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടത്‌ കൊണ്ടാണ്‌ മോഹന്‍ലാലിന്റെ പ്രതിഭയുടെ മാറ്റ്‌ കൂടിയത്‌ എന്ന് ഈ അടുത്ത കാലത്ത്‌ പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. പക്ഷേ, ഇനം സിംഹം ആയിരുന്നാലും പട്ടിണി, പട്ടിണി തന്നെ ആണല്ലോ? വിശന്ന് വലഞ്ഞൊരു സിംഹം ഇരയെ കീഴ്‌പ്പെടുത്തുന്ന ആവേശമുണ്ട്‌, ലാലിന്റെ അഭിനയത്തിന്‌. രണ്ടാം സ്‌ഥാനത്ത്‌ എത്തുന്നത്‌ അത്‌ ഇപ്പോള്‍ ആരായാലും കുറഞ്ഞ പക്ഷം മൂന്നോ നാലോ ലാപ്പ്‌ തന്നെ പിറകില്‍ ആകുവാന്‍ സാധ്യത കാണുന്നു. സുരേഷ്‌ മേനോന്‍, വി.ജി മുരളികൃഷ്‌ണന്‍, കെ.പി.എ.സി ലളിത, ഭൂമിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ്‌ മറ്റ്‌ പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിലെ ചെറിയ കുറവുകളെ നിസ്സാരമാക്കുന്ന വലിയ ശരിയാണ്‌, 'ഭ്രമരം'. ലക്ഷണമൊത്ത ഒരു കാഴ്‌ചക്ക്‌ ഇനി എത്ര നാള്‍ കാത്തിരിക്കേണ്ടിവരും എന്നത്‌ കവടി നിരത്തി നോക്കേണ്ടി വരും എന്നുള്ളതുകൊണ്ട്‌ 'ഭ്രമരം' കഴിയുമെങ്കില്‍ നഷ്‌ടപ്പെടുത്താതിരിക്കുക.

വാല്‍ക്കഷണം:
എറണാകുളം 'കവിത'യിലായിരുന്നു ഞാന്‍ ചിത്രം കണ്ടത്‌. ചിത്രത്തിന്‌ മുക്കാല്‍ മണിക്കൂര്‍ പ്രായം ആയിട്ടും പുതിയ പ്രേക്ഷകര്‍ തിയ്യേറ്ററിലേയ്‌ക്ക്‌ വന്നുകൊണ്ടിരുന്നു. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ കളരിക്ക്‌ പുറത്ത്‌ എന്ന് പറയുംപോലെയാണ്‌ ഇവിടെയുള്ള തിയ്യേറ്ററുകളുടെ പ്രവര്‍ത്തനം. പ്രേക്ഷകര്‍ കുറവ്‌ ആണെങ്കില്‍ ഒരു 10-15 മിനുറ്റ്‌ മുന്‍പ്‌ ചിത്രം തുടങ്ങും എന്ന് ഉറപ്പിക്കാം. ഇനി ആണ്ടില്‍ ഒരിക്കല്‍ തീയ്യേറ്റര്‍ എങ്ങാനും നിറഞ്ഞ്‌ പോയാല്‍ അവര്‍ നമ്മളെ ഈ അണ്‌ഡകടാഹത്തിലൊക്കെയുള്ള പെറ്റ തള്ളപോലും സഹിക്കാത്ത പരസ്യങ്ങള്‍, ഒരു അര മണിക്കൂര്‍ മുന്‍പേ കാണിച്ച്‌ ബോറടിപ്പിക്കും.

19 comments:

 1. മോനെ...കൊള്ളാം..... തീറു റിവ്യൂ ആണു. പെര്‍ഫെക്ഷന്‍ ഇന്‍ മൂവി റിവ്യൂ എന്നു വേണേല്‍ പറയാം. കാരണം ബ്ലോഗില്‍ റിവ്യൂ എഴുതുന്ന തെണ്ടികള്‍ കഥ മൊത്തം പറഞ്ഞാണു എഴുതുക. ഇതു നന്നായിട്ടുണ്ട്. പിന്നെ ഇതു ബ്ലോഗ് ലിസ്റ്റുകളില്‍ വരുന്നില്ല എന്നു തോന്നുന്നു. ഒന്നു ചെക്ക് ചെയ്യുമല്ലോ അല്ലേ?

  ഭ്രമരം കാണാന്‍ ഞാന്‍ നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുമോ. ഐ ആം വെരി എക്സൈറ്റട് ടു സീ ദിസ് ഫിലിം.

  ReplyDelete
 2. ചിത്രം ഇറങ്ങിയ അന്നു തന്നെ ഉറക്കമിളച്ചിരുന്നെഴുതിയ ഈ നിരൂപണത്തിനു നന്ദി. ഇനിയും എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ എഴുതി ചേർക്കാൻ മറക്കരുതേ.

  ബ്ലെസ്സിയിൽ നിന്നും ഇനിയും നല്ലതു വരാനുണ്ടെന്ന്‌ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ലാലേട്ടനിൽ നിന്നും പ്രത്യേകിച്ച്‌ ഒന്നും നിരീച്ചില്ല. നല്ല കാലം വരുമ്പോൾ കൂട്ടത്തോടെ എന്നു പറഞ്ഞ പോലെയായല്ലോ! എന്തായാലും വിൻസ്‌ പറഞ്ഞപോലെ ഈ സിനിമ കാണണം എന്ന്‌ അതിയായ മോഹം.

  ന്യൂയോർക്ക്‌ മാവേലിയിൽ അടുത്തു തന്നെ വരുമെന്ന്‌ പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. Kollam Mashe.......
  Striking words :)

  ReplyDelete
 4. Helpful it is... and in time too... Thanks.

  ReplyDelete
 5. നന്നായിരിക്കുന്നു ഷാജീ...
  തീര്‍ച്ചയായും ചിത്രം കാണുവാനുള്ള ഒരു തോന്നലുണ്ടാക്കുന്ന നിരീക്ഷണം.. അഭിനന്ദനങ്ങള്‍...

  പിന്നെ ഒരു ചെറിയ വിയോജനക്കുറിപ്പ്.. (തികച്ചും വ്യക്ടിപരം) ബ്രസീലിയന്‍ എന്നതിനു പകരം ലാറ്റിന്‍ അമേരിക്കന്‍ എന്നാവാമായിരുന്നു...

  ReplyDelete
 6. അതിമനോഹരമായി തന്നെ എഴുതിയിട്ടുണ്ട്. സിനിമ വീണ്ടും കാണുവാനുള്ള ഒരു തോന്നല്‍ ഉണ്ടാക്കുന്നു. ഇനിയും എഴുതുക. പുതിയ സിനിമ കാണുവാന്‍ വേണ്ടി വിശ്വസിച്ചു നോക്കാന്‍ ഒരു റിവ്യൂ സൈറ്റ് ആയി.
  www.njaanappu.tk

  ReplyDelete
 7. shaji,
  _________________________________

  Comment,cinima kandadinu shesham (njan)parayunadalle shari appo,kandittu parayaam.

  Waiting 4 mor reviews.....

  ReplyDelete
 8. Great review. But I will apreciate this only after seing the movie. You give me a temptation to watch the movie. But fraknly, Shaji, most of the common people (I repeat common people) commented that it is not a great movie. Lets ignore their comments.

  ReplyDelete
 9. വളരെ നന്നായി എഴുതിയിരിക്കുന്നു. :-)
  “വിശന്ന് വലഞ്ഞൊരു സിംഹം ഇരയെ കീഴ്‌പ്പെടുത്തുന്ന ആവേശമുണ്ട്‌, ലാലിന്റെ അഭിനയത്തിന്‌.” - ഈയുപമയും വളരെ ഇഷ്ടമായി.
  --

  ReplyDelete
 10. എല്ലാ നല്ല വര്‍ത്തമാനത്തിനും പെരുത്ത്‌ നന്ദി ട്ടാ...

  വിന്‍സ്‌ >> കഴിഞ്ഞ കുറച്ച്‌ നാളുകളായി നോം മിണ്ടാതിരിപ്പ്‌ ആയതോണ്ട്‌ ലിസ്റ്റുകള്‍ മറന്ന് പോയതായിരിക്കും... :) ശരിയാക്കാം...

  ജിജോ >> നമുക്ക്‌ ഇനിയും പ്രതീക്ഷകള്‍ ബാക്കി വെയ്‌ക്കുന്ന സംവിധായകരില്‍ മുന്‍പന്‍ ആണ്‌ ബ്ലെസ്സി എന്ന് നിസ്സംശയം പറയാം. നിറഞ്ഞ്‌ നിന്ന് ആടുവാന്‍ അവസരം കിട്ടുമ്പോഴാണ്‌ നമ്മള്‍ ഒരു നടനെ അറിയുന്നത്‌. അവസരം ലഭിക്കാത്തതിന്‌ നമ്മള്‍ എന്തിനാണ്‌ ഒരു നടനെ പഴിക്കുന്നത്‌.

  ദിബു >> ബ്രസീലിയന്‍ താളം ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സംസ്‌ക്കാരത്തിന്‌ മൊത്തതില്‍ ഉണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. :)

  സിദ്‌ധാര്‍ത്ഥ്‌ >> ചില ചിത്രങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത ഒരു പ്രേരണ ഉണ്ടാകാറുണ്ട്‌, എഴുതുവാന്‍. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ കുറേ പേരെയെങ്കിലും 'ഇരുട്ടടി'യില്‍ നിന്നും രക്ഷിക്കണമെന്നും തോന്നാറുണ്ട്‌. എന്തായാലും തുടര്‍ന്നും എഴുതുന്നുണ്ട്‌...

  ഹാക്കിംഗ്‌ ടോം >> നല്ലതിനെ നല്ലതെന്ന് പറയാന്‍ മലയാളിയുടെ മടി തുടരുന്നു. ചിലതിനെ അംഗീകരിക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കുന്നത്‌ എന്തിനാണ്‌?

  സജു, സുധീപ്‌ സുകുമാരന്‍, ഹരി >> അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

  ReplyDelete
 11. good... really excited to see this movie... thanks to shaji...

  ReplyDelete
 12. ഭ്രമരം
  എന്ന ചിത്രം ഇന്നലെ ഉച്ചക്കു ശേഷം ഒരു നഷ്ടബോധവും (ലോഹിതദാസ്‍) ആയാണു കണ്ടത്.
  ബ്ലെസ്സിയുടെ ഇതിനുമുന്‍പത്തെ ചിത്രം കണ്ടപ്പോള്‍
  ഈ ചലച്ചിത്രകാരന്റെ കഴിവുകളേക്കുറിച്ച് ഒട്ടൊരു അവമതിപ്പു തന്നെ തോന്നി.
  അതോ, കമേര്‍സ്യല്‍ വിജയത്തിനു വേണ്ടി നടത്തിയ ചില വിട്ടുവീഴ്ചയായിരുന്നുവോ അത്?
  എന്തായാലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ തോന്നിയത്
  ലോഹിതദാസിന്റെയും ഭരതന്റെയും പത്മരാജന്റെയും ഗണത്തിലേക്ക് ഒരാള്‍ കൂടി
  മലയാള സിനിമയ്ക്ക് ലഭ്യമായി എന്നാണ്.

  ReplyDelete
 13. ഇത് വരെ വായിച്ച റിവ്യൂകളില് ഏറ്റവും ശ്രേഷ്ടം.
  നല്ല ഒഴുക്കുള്ള അവതരണ രീതി.

  ഇത് വരെ കാണുവാന് കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടമുണ്ട്....

  ReplyDelete
 14. വളരെ നല്ല, വായനക്കാര്‍ക്ക് സന്തോഷം തരുന്ന റിവ്യൂ.

  ReplyDelete
 15. ജൂലിയ >> കമേഴ്‌സ്യല്‍ വിട്ടുവീഴ്‌ചകള്‍ ആയിരുന്നില്ല 'പളുങ്കി'ന്റേയും 'കല്‍ക്കട്ട ന്യൂസി'ന്റേയും പാളിച്ച. മറ്റു ചിത്രങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന ഇഴയടുപ്പം അവയ്‌ക്കുണ്ടായിരുന്നില്ല. എങ്കിലും സാങ്കേതികമായി ഒരു മികച്ച ശ്രമം തന്നെ ആയിരുന്നു 'കല്‍ക്കട്ട ന്യൂസ്‌'...

  മുരളി, ശ്രീ, വല്ലാത്തൊരു പേരുള്ള ആ സുഹൃത്തിനും അഭിപ്രായങ്ങള്‍ക്ക്‌ നന്ദി... :)

  ReplyDelete
 16. തീർച്ചയായും നല്ല എഴുത്തുകാർക്കും സംവിധായകർക്കും മലയാളത്തിൽ ക്ഷാമം തന്നെ. സൂപ്പർ താരങ്ങൾ ഫാൻസുകാരെന്ന ഭ്രാന്തൻ കൂട്ടത്തെ സന്തോഷിപ്പിക്കുവാൻ കാണിക്കുന്ന കോപ്പ്രായങ്ങൾ കണ്ടിരിക്കുന്ന സാധാരണ പ്രേക്ഷകനെയും സമ്മതിക്കണം.


  എന്തായാലും താങ്കൾ പറഞ്ഞ്പോലെ അൽപം ഒന്ന് താഴ്‌ന്ന ഗ്രാഫ്‌ തള്ളിവിടുവാൻ ബ്ലസ്സിക്ക്‌ കഴിഞ്ഞതിൽ സന്തോഷം. നല്ല ലേഖനം..

  ReplyDelete
 17. '' entha parayuka.....parayan vakkukal.....mr .blessy well, thankalkku pradhibadhadha koodivarukaya ..coz yr mal cinemeda peruthachanilekka...verycareful

  ReplyDelete
 18. റിവ്യൂ കൊള്ളാം എന്ന് പറയണമെങ്കിൽ പടം കാണണം. ടൈട്ടിൽ കണ്ടപ്പോൾ തന്നെ കാണാൻ ഭയങ്കര മോഹം തോന്നിയിരുന്നു.താങ്കളുടെ എഴുത്ത് വായിച്ചിട്ടിപ്പോ തന്നെ കണ്ടേ അടങ്ങൂ എന്നായിരിക്കുന്നു. നന്ദി.

  ReplyDelete
 19. ഭ്രമരം കണ്ടു. ബ്ലെസ്സിയുടെ ഇതുവരെയുള്ള പടങ്ങളിൽ ബെസ്റ്റ്. സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രവും. ലാൽ കുറെനാളു കൂടി ഒന്ന് അഭിനയിച്ചിരിക്കുന്നു. അതും പടം മൊത്തം ഒറ്റയ്ക്ക് കൊണ്ടുപോകുന്നു.

  പലരും പറഞ്ഞതു പോലെ Butterfly on a wheel-എന്ന പടവുമായി അത്ര സാമ്യമൊന്നുമില്ല. ഫ്ലാഷ്ബാക്ക് ‘ഓൾഡ് ബോയ്’ തന്നെ. ഇതിനു കൂടുതൽ സാമ്യം ത്രീ ബറിയൽ‌സ് ഓഫ് മെൽക്വിയാദെസ് എസ്ട്രാഡയുമായിട്ടാണ്. രണ്ടിലും പശ്ചാത്താപമാണ് വിഷയം. യാത്രയുടെ സീക്വൻസുകൾ രണ്ടിലും ഒരു പോലെ. ചിലയിടങ്ങളിൽ അസൽ ‘വെസ്റ്റേൺ’ ഇമേജറി വരുന്നുണ്ട്. അവിടെയാണ് ആളുകൾക്ക് താഴ്വാരവുമായി സാമ്യം തോന്നിയത്. മലയാളത്തിലെ വെസ്റ്റേൺ ആയിരുന്നല്ലോ താഴ്വാരം.

  ReplyDelete