Oct 31, 2009

കേരള കഫേ: ഒന്നെടുത്താല്‍ പത്ത്‌!!

മലയാള ചലച്ചിത്ര മേഖലയുടെ കണ്ടകശ്ശനി മാറിതുടങ്ങിയോ എന്ന് ഞാനിപ്പോള്‍ ന്യായമായും സംശയിക്കുന്നു. ഇടക്കെങ്കിലും നമുക്കിപ്പോള്‍ നല്ലത്‌ പറയുവാന്‍ ആകുന്നുണ്ട്‌. ഇക്കുറി നല്ലത്‌ പറയിപ്പിക്കുന്നത്‌ മലയാളിക്ക്‌ അത്ര പരിചിതമല്ലാത്ത ഒരു ചിത്രക്കൂട്ടിലൂടെ രഞ്ജിത്തും കൂട്ടുകാരുമാണ്‌, ചിത്രം ഇന്നലെ തീയ്യേറ്ററുകളില്‍ എത്തിയ 'കേരള കഫേ'.


'കേരള കഫേ' ഒരു ചിത്ര സമാഹാരമാണ്‌ (Anthology). കഴിഞ്ഞ ഒരു ചെറിയ കാലയളവില്‍ തന്നെ ഇത്തരം ചെറുചിത്രങ്ങളുടെ സമാഹാരങ്ങള്‍ ഒരുപാട്‌ പുറത്തിറങ്ങിയിരുന്നു. 2007-ലെ തിരുവനന്തപുരത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവത്തില്‍ ഇത്തരം ചിത്രങ്ങള്‍ക്ക്‌ മാത്രമായി ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നു. "Anthology ചിത്രങ്ങളുടെ ഘടന ലളിതമാണ്‌. ഒരു ചിത്രത്തില്‍ തന്നെ വിവിധ ഭാഗങ്ങള്‍ ഉണ്ടാകും. വ്യത്യസ്‌ത ഭാഗങ്ങള്‍ സംവിധാനം ചെയ്തത്‌ വ്യത്യസ്‌ത സംവിധായകരാവും. ശൈലിയും വ്യത്യസ്‌തമായിരിക്കും. എന്നാല്‍ ഇവയെ ചേര്‍ത്ത്‌ നിര്‍ത്തുവാന്‍ പാകത്തില്‍ സമാനമായ ഒരു വിഷയമായിരിക്കും ഓരോ ഭാഗവും കൈകാര്യം ചെയ്യുക." (2007-ലെ ഫെസ്‌റ്റിവല്‍ ബുക്കില്‍ ഈ വിഭാഗത്തിന്‌ ഒയിന്‍ട്രില ഹസ്ര പ്രതാപനും ബീനാ പോള്‍ വേണുഗോപാലും എഴുതിയ അവതാരികയില്‍ നിന്നും പകര്‍ത്തി എഴുതിയത്‌.) വ്യത്യസ്‌തമായ ശൈലികളുടെ, ആശയങ്ങളുടെ വലിയ ഒരു സംഗമമാണ്‌ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എന്നുള്ളത്‌ കൊണ്ടുതന്നെ വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ ഇവക്ക്‌ കഴിയുന്നുണ്ട്‌.

ചെറുചിത്രങ്ങളുടെ ദൈര്‍ഘ്യമനുസരിച്ച്‌ ചിത്രങ്ങളുടെ എണ്ണത്തിലും കാര്യമായ വ്യതിയാനം ഉണ്ടാകാറുണ്ട്‌. 3 മിനുട്ട്‌ ദൈര്‍ഘ്യമുള്ള 33 ചിത്രങ്ങളാണ്‌ 2007-ല്‍ പുറത്തിറങ്ങിയ 'To Each His Own Cinema'-യില്‍ അടങ്ങിയിരിക്കുന്നത്‌. വിദേശ ചിത്രങ്ങളായ 'Paris, I Love You' (2006), 'Tickets' (2005), 11'09''01 - September 11 (2002), ഇന്ത്യന്‍ ചിത്രമായ AIDS Jaago (2007) എന്നിവ സമീപ കാലയളവില്‍ പുറത്തുവന്ന ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന ശ്രദ്‌ധേയമായ ചിത്രങ്ങളാണ്‌.

സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്‌ 'കേരള കഫേ' അവതരിപ്പിക്കുന്നത്‌. പതിവായി, നിങ്ങള്‍ പ്രേക്ഷകര്‍ കാണുന്ന ഒരു രീതിയല്ല ഈ ചിത്രത്തിന്റേത്‌ എന്നാണ്‌ പ്രധാനമായും ഇവിടെ പറഞ്ഞുവെക്കുന്നത്‌. രഞ്ജിത്തും കൂട്ടുകാരും ഒരുക്കിയ 'കേരള കഫേ' എന്നത്‌ 10 ചെറുചിത്രങ്ങളുടെ സമാഹാരമാണ്‌. ഈ ചെറുചിത്രങ്ങളെയെല്ലാം കൂട്ടിയിണക്കുന്ന കണ്ണിയാണ്‌ 'കേരള കഫേ' എന്ന ഭോജനശാല. 'ഭോജനശാല' എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലായി കാണുമല്ലോ, അത്‌ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ ആണെന്ന്... :) വ്യത്യസ്‌തമായ കഥകളിലൂടെ കടന്നുവന്ന കഥാപാത്രങ്ങള്‍ ഈ 'കേരള കഫേ'-യുമായോ അതിന്റെ ചുറ്റുപാടുകളുമായോ ബന്‌ധപ്പെട്ടിരിക്കുന്നു. ഏത്‌ റെയില്‍വേ സ്‌റ്റേഷന്‍ എന്ന വ്യക്‍തമായ സൂചന ഇല്ല എങ്കിലും ചിത്രത്തിന്റെ പശ്‌ചാത്തല ശബ്ദം പറയുന്നത്‌ ഇത്‌ എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍ എന്നാണ്‌. കോഴിക്കോട്ടേക്കുള്ള ബസ്സില്‍ കയറിവന്ന ജഗതിയും അതിരപ്പിള്ളി-വാഴച്ചാല്‍ ചുറ്റിവന്ന ശ്രീനിവാസനും കോവളത്ത്‌ പട്ടിണി കിടന്ന മാന്ദ്യകാലത്തെ സായിപ്പും എങ്ങനെയൊക്കേയോ ഇവിടെ എത്തിപ്പെടുന്നുണ്ട്‌!!

വിപണിയുടെ നിര്‍ബന്‌ധത്തില്‍ നിന്നും, ശീലങ്ങളില്‍ നിന്നും, സ്വന്തം പ്രതിഛായയില്‍ നിന്നും കുതറിമാറി വ്യത്യസ്‌തമായ ചലച്ചിത്രങ്ങള്‍ ഒരുക്കുവാന്‍ വലിയ അവസരം ഇത്തരം ചിത്രങ്ങള്‍ സംവിധായകര്‍ക്ക്‌ ഒരുക്കുന്നുണ്ട്‌. ചിലര്‍ വളരെ വലിയ ജയങ്ങള്‍ നേടുന്നു. ചിലര്‍ അമ്പേ പരാജയപ്പെടുന്നു. ഒരു പക്ഷേ 'കേരള കഫേ'യുടെ കണ്ടെത്തല്‍ അന്‍വര്‍ റഷീദ്‌ എന്ന സംവിധായകനെയാണ്‌. 'രാജമാണിക്യം', 'ഛോട്ടാമുബൈ' മുതലായ ചിത്രമൊരുക്കിയ ഒരു സംവിധായകനില്‍ നിന്നും നമുക്ക്‌ പ്രതീക്ഷിക്കുവാന്‍ കഴിയാത്ത ഒന്നാണ്‌ 'ബ്രിഡ്‌ജ്‌'. കൈ തഴക്കം വന്ന ഒരു സംവിധായകന്റെ, സുന്ദരമായ, സാങ്കേതിക തികവൊത്ത ഒരു ചിത്രം. സുരേഷ്‌ രാജന്റെ ഛായാഗ്രഹണവും ദില്‍ജിത്തിന്റെ കലാസംവിധാനവും വിവേക്‌ ഹര്‍ഷന്റെ എഡിറ്റിംഗും തികവുറ്റതാക്കിയ ഉണ്ണിയുടെ തിരക്കഥ. നിശ്ശബ്‌ദമായി (മൊബൈല്‍ യുഗത്തില്‍ അത്‌ വലിയ സംഭവം തന്നെ അല്ലേ എന്റിഷ്‌ടാ...) ആസ്വദിക്കുകയും ചിത്രാന്ത്യത്തില്‍ ഹര്‍ഷാരവങ്ങളോടെ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്‌ത ചിത്രം.

ലാല്‍ ജോസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'പുറംകാഴ്‌ചകളാ'-ണ്‌ മറ്റൊരു മികച്ച ചിത്രം. സി.വി ശ്രീരാമന്റെ ഇതേ പേരിലുള്ള കഥയാണ്‌ ചിത്രത്തിന്‌ ആധാരം. ലളിതവും രസകരവുമായ ഒരു ദൃശ്യഭാഷ്യമാണ്‌ അഞ്ജലി മേനോന്റെ 'ഹാപ്പി ജേര്‍ണി'. ക്ലീഷേ ആവുന്ന ദൃശ്യ ഖണ്‌ഡങ്ങള്‍, സാങ്കേതികമായി പരിമിതം എന്നെല്ലാം ആരോപിക്കാം എങ്കിലും (ഛായാഗ്രഹണം മധു അമ്പാട്ട്‌ ആയിരുന്നു എന്നത്‌ മറന്നിട്ടല്ല പറയുന്നത്‌) ശക്‍തമായ ഒരു പ്രമേയമായിരുന്നു രേവതി, 'മകള്‍' എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്‌. ബി ഉണ്ണികൃഷ്‌ണന്റെ 'അവിരാമവും', ശങ്കര്‍ രാമകൃഷ്‌ണന്റെ 'ഐലന്റ്‌ എക്സ്പ്രസ്സും' നിരാശ്ശപ്പെടുത്തില്ല. ഉദയ്‌ അനന്തന്‍ സംവിധാനം ചെയ്ത 'മൃത്യഞ്ജയവും' പത്‌മകുമാറിന്റെ 'നൊസ്‌റ്റാള്‍ജിയയും' 'കേരള കഫേ'യുടെ ദൈര്‍ഘ്യം വര്‍ദ്‌ധിപ്പിക്കുകയും ചെറുചിത്രങ്ങളുടെ എണ്ണം കൂട്ടുകയും മാത്രമേ ചെയ്യുന്നുള്ളൂ.

അമ്പേ പരാജയപ്പെടുന്നവരുടെ കൂട്ടത്തിലാണ്‌ മലയാള ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന രണ്ടുപേര്‍, ഷാജി കൈലാസും ശ്യാമപ്രസാദും. പണ്ട്‌ 'ഡോക്‍ടര്‍ പശുപതി'പോലുള്ള കോമഡി ജനുസ്സില്‍പ്പെട്ട ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌ എങ്കിലും 'ലളിതം ഹിരണ്‍മയം' എന്ന 'ഫാമിലി ഡ്രാമ' വല്ലാത്ത ഒരു 'ഡ്രാമ' തന്നെയായി. കണ്‌ഠശുദ്‌ധി വരുത്താന്‍ കിട്ടിയ അവസരം പ്രേക്ഷകര്‍ പാഴാക്കിയതുമില്ല. വെഞ്ഞാറമൂട്ടുകാരന്‍ സുരാജാണ്‌ ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ കേന്ദ്രന്‍ എന്നറിഞ്ഞപ്പോഴേ, ബാബു നമ്പൂതിരിയുടേത്‌ പോലെ നെഞ്ചൊന്ന് 'കാളി'യിരുന്നു. ശര്‍ക്കരയിട്ട്‌ വറ്റിച്ച 'കോഴിക്കറി' പോലെയുണ്ട്‌ ശ്യാമപ്രസാദ്‌-ജോഷ്വാ കൂട്ടുകെട്ടിന്റെ 'ഓഫ്‌ സീസണ്‍'.

ചിത്രത്തിന്റെ പരസ്യചിത്രങ്ങളില്‍ കാണുന്നതുപോലെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്‌. അവയില്‍ ചിലര്‍ (ശാന്താദേവി, സലിം കുമാര്‍ (ബ്രിഡ്‌ജ്‌), മമ്മുട്ടി (പുറംകാഴ്‌ചകള്‍), നിത്യ മേനോന്‍, ജഗതി ശ്രീകുമാര്‍ (ഹാപ്പി ജേര്‍ണി)) മികച്ച അനുഭവമായി മാറുന്നുണ്ട്‌. അഭിനയിക്കുവാന്‍ പെടാപ്പാടുപെടുന്ന ദിലീപും മിമിക്രിയായാലും ചലച്ചിത്രമായാലും പരസ്യചിത്രമായാലും 'തെരോന്തരം' ഭാഷ മാത്രം പറയുന്ന സുരാജും ഭര്‍ത്താവും കാമുകനുമായി വലയുന്ന സുരേഷ്‌ ഗോപിയും കിട്ടിയ ചെറുസമയത്തില്‍ ബോറടിപ്പിച്ച്‌ പ്രേക്ഷകരെ ഒരു വഴിക്ക്‌ ആക്കാന്‍ ശ്രമിക്കുന്നുണ്ട്‌. സ്‌ഥിരം അഭിനേതാക്കള്‍ അല്ലാതെ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബി (ഐലന്റ്‌ എക്സ്പ്രസ്സ്‌), നിര്‍മാതാവായ വിന്‌ധ്യന്‍ (ഓഫ്‌ സീസണ്‍) എന്നിവരും ചിത്രത്തില്‍ നടിച്ചവരില്‍ ഉള്‍പ്പെടുന്നു.

പത്ത്‌ ചിത്രങ്ങള്‍, പത്ത്‌ സംവിധായകര്‍. ചിത്രസമാഹാരങ്ങള്‍ നമുക്ക്‌ പരിചിതമല്ല. അതുകൊണ്ട്‌ തന്നെ ഇത്‌ മലയാളിക്ക്‌ പുതിയതാണ്‌. രഞ്ജിത്തിന്റേയും കൂട്ടുകാരുടേയും ശ്രമം തീര്‍ത്തും അഭിനന്ദനീയവുമാണ്‌. ചിത്രാന്ത്യത്തില്‍ നിറയുന്ന കയ്യടികള്‍ക്ക്‌ ചിത്രത്തെ വിജയിപ്പിക്കുവാന്‍ കഴിയും എന്ന് പ്രത്യാശിക്കാം.

എന്റെ ഇഷ്‌ടങ്ങളില്‍ ഈ പത്ത്‌ ചിത്രങ്ങളെ ഞാന്‍ ഒന്ന് അടുക്കിവെക്കുന്നു...

ബ്രിഡ്‌ജ്‌ - അന്‍വര്‍ റഷീദ്‌
പുറം കാഴ്‌ചകള്‍ - ലാല്‍ ജോസ്‌
ഹാപ്പി ജേണി - അഞ്ജലി മേനോന്‍
മകള്‍ - രേവതി
അവിരാമം - ബി ഉണ്ണികൃഷ്‌ണന്‍
ഐലന്റ്‌ എക്സ്പ്രസ്സ്‌ - ശങ്കര്‍ രാമകൃഷ്‌ണന്‍
മൃത്യുഞ്ജയം - ഉദയ്‌ അനന്തന്‍
നൊസ്‌റ്റാള്‍ജിയ - എം പത്‌മകുമാര്‍
ലളിതം ഹിരണ്‍മയം - ഷാജി കൈലാസ്‌
ഓഫ്‌ സീസണ്‍ - ശ്യാമപ്രസാദ്‌

ആകെത്തുക: ഒന്നെടുത്താല്‍ പത്ത്‌. മടിച്ച്‌ നില്‍ക്കേണ്ട, ഒന്നെടുത്തോളൂ..

Oct 20, 2009

കേരളവര്‍മ്മ പഴശ്ശിരാജ

അങ്കപുറപ്പാട്‌ തുടങ്ങിയിട്ട്‌ ഏറെ നാളായി. ചാനലായ ചാനലൊക്കെയും പത്രമായ പത്രമൊക്കെയും നിറഞ്ഞ്‌, ഫാന്‍സിന്റെ ആചാര വെടികളും പാലഭിഷേകവുമായി രാജാവായ 'പഴശ്ശി' എത്തി. അണിയറ പ്രവര്‍ത്തകര്‍, 'ബ്രേവ്‌ ഹാര്‍ട്ട്‌', 'ഗ്ലാഡിയേറ്റര്‍' മുതലായ വിശ്രുത ചലച്ചിത്രങ്ങളേക്കാള്‍ നന്നായി പോയോ എന്നുപോലും സംശയിച്ച 'പഴശ്ശിരാജ'.


പഴയ ഒരു ഓര്‍മ്മയില്‍ നിന്ന് തുടങ്ങാം. എം.ടി-യെഴുതുന്ന പുതിയ തിരക്കഥയെക്കുറിച്ച്‌ ഒരു മുഖ്യധാര പത്രത്തില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു വാര്‍ത്ത വന്നിരുന്നു. ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ പോരാടിയ തലയ്‌ക്കല്‍ ചന്തുവിന്റെ കഥ ചലച്ചിത്രമാവുന്നു എന്നതായിരുന്നു വാര്‍ത്തയുടെ സാരാംശം. കാലം ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിരിക്കണം. കാരണം ചിത്രത്തിന്റെ പേര്‌ 'പഴശ്ശിരാജ' എന്നായി. പിന്നെ 'പഴശ്ശി' എന്ന് ചുരുങ്ങി. ഒടുവില്‍ 'കേരളവര്‍മ്മ പഴശ്ശിരാജ' എന്ന പേരില്‍ മലയാളത്തിലെ ബ്രഹ്‌മാണ്‌ഡ ചിത്രങ്ങളുടെ തലതൊട്ടപ്പനായി.

മൂന്നര-നാല്‌ കോടി രൂപ ശരാശരി ചിലവ്‌ വരുന്ന ഒരു മലയാള ചിത്രം പോലും 'കര്‍ത്താവേ കാത്തോളണേ' എന്ന് മുട്ടിപ്പായി പ്രാര്‍ത്‌ഥിക്കുന്ന കാലത്താണ്‌ ഗോകുലം ഗോപാലന്‍ എന്ന കേരളത്തിലെ അറിയപ്പെടുന്ന ഒരാള്‍ 27 കോടിയെന്ന കൂട്ടിനോക്കിയിട്ടും ഗുണിച്ച്‌ നോക്കിയിട്ടും മനസ്സിലാവാത്ത കണക്കുമായി ഒരു ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. തമ്പി ആന്റണി എന്ന മറ്റൊരു നിര്‍മ്മാതാവ്‌ 'കല്‍ക്കട്ട എന്ന കനല്‍ക്കട്ട' എന്ന പേരില്‍ ഒരു ലേഖനം ചിത്രഭൂമി വാരികയില്‍ എഴുതിയിട്ട്‌ അധികനാളായതുമില്ല. പക്ഷേ, ഇത്‌ എഴുതുന്ന വേളയില്‍ ഗോപാലേട്ടനെ എനിക്ക്‌ അവിശ്വസിക്കാനും കഴിയുന്നില്ല. സൂര്യ ടിവി ഇക്കഴിഞ്ഞ ശനിയാഴ്ച [ഒക്ടോ. 17] ഗോകുലം ഗോപാലനുമായുള്ള 'വര്‍ത്തമാനം' സംപ്രേഷണം ചെയ്തിരുന്നു. ശ്രീനാരായണീയരുടെ ലക്ഷങ്ങളും കോടികളുമായി സാക്ഷാല്‍ 'നടേശ' വികൃതികള്‍ എണ്ണിയെണ്ണി പറഞ്ഞ ഒരാളെ നമുക്ക്‌ വിശ്വസിച്ചല്ലേ പറ്റൂ!

മോഹന്‍ലാലിന്റെ പശ്‌ചാത്തല അവതരണത്തോടെയാണ്‌ ചിത്രം തുടങ്ങുന്നത്‌. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരെ, സ്വന്തം പടത്തലവനായ എടച്ചേന കുങ്കന്‍, കുറിച്ചിയരുടെ നേതാവായ തലയ്‌ക്കല്‍ ചന്തു എന്നിവരുടെ സഹായത്തോടെ നാട്ടുരാജാവായ പഴശ്ശി നയിക്കുന്ന ഒളിപ്പോര്‍ യുദ്‌ധങ്ങളും അതിന്റെ അന്ത്യവുമാണ്‌ ചിത്രത്തിന്റെ പ്രമേയ പരിസരം. പഴശ്ശിരാജയുടെ ബാല്യ-കൗമാര കാലങ്ങളെ കുറിച്ച്‌ ചിത്രത്തില്‍ ഒരിടത്തും സൂചനകളില്ല. അന്നത്തെ സാമൂഹിക-രാഷ്‌ട്രീയ പശ്‌ചാത്തലങ്ങളും ചിത്രം ഏറെയൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ഒരു പക്ഷേ, ചരിത്രത്തില്‍ അര്‍ഹമായ പ്രാതിനിദ്‌ധ്യം കിട്ടാതെ പോയ പോരാട്ടങ്ങളെ കുറിച്ച്‌ മാത്രമുള്ള ഒരു ചലച്ചിത്രം ആയിരിക്കുമോ ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ മനസ്സില്‍ ഉണ്ടായിരുന്നത്‌?

'മഠത്തില്‍ തെക്കേപ്പാട്ട്‌' എന്നതിന്റെ ചുരുക്കെഴുത്താണ്‌ എം.ടി, സമാനതകളില്ലാത്ത രണ്ടക്ഷരം. നീണ്ട എട്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ എം.ടിയുടെ തൂലികയില്‍ നിന്നും രൂപം കൊണ്ട ഒരു തിരക്കഥ ചലച്ചിത്രമായി പുറത്തിറങ്ങിയിരിക്കുന്നത്‌. ചന്തുവിനേയും തച്ചനേയും വെള്ളിത്തിരയിലും ഭീമനെ അക്ഷരങ്ങളിലും മാറിനോക്കിയ എം.ടിയുടെ ഇന്ദ്രജാലം 'പഴശ്ശി'യില്‍ ഇല്ല. വളരെ നേരത്തെ തന്നെ അത്തരത്തിലുള്ള സൂചനകളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും പുറത്ത്‌ വരികയും ചെയ്‌തിരുന്നു. പക്ഷേ, 'പഴശ്ശി' ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന പഴയ സാമൂഹിക പാഠം ക്ലാസ്സിന്റെ ഓര്‍മ്മയെ എം.ടി വെല്ലുവിളിക്കുന്നുണ്ട്‌ (ഓര്‍മ്മ ശരിയല്ല എങ്കില്‍ തിരുത്തുമല്ലോ...). കഥ പറച്ചില്‍ പണ്ടേ എനിക്ക്‌ നിഷിദ്‌ധമായതുകൊണ്ട്‌ കൂടുതലൊന്നും പറയുന്നില്ല.

എം.ടി-യെ കൂടാതെ ഹരിഹരന്‍, മമ്മുട്ടി, മോഹന്‍ലാല്‍, റസൂല്‍ പൂക്കുറ്റി, ശ്രീകര്‍ പ്രസാദ്‌, ഇളയരാജ, ഒ.എന്‍.വി കുറുപ്പ്‌, തിലകന്‍, നെടുമുടി വേണു, ശരത്‌ കുമാര്‍ എന്നിങ്ങനെ ചെറുതും വലുതുമായ സംഭാവനകളുമായി പ്രതിഭാധനരുടെ ഒരു നീണ്ടനിര തന്നെയുണ്ട്‌ ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലുമായി.

ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, വളര്‍ത്ത്‌ മൃഗങ്ങള്‍, അമൃതം ഗമയ, പരിണയം തുടങ്ങിയ നല്ല ചിത്രങ്ങള്‍ എം.ടി-യോടൊപ്പം സഹകരിച്ച്‌ ഹരിഹരന്‍ മലയാളത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്‌. ഭരതന്‍-പത്‌മരാജന്‍ പോലെ സിബി മലയില്‍-ലോഹിതദാസ്‌ പോലെ, സത്യന്‍ അന്തിക്കാട്‌-ശ്രീനിവാസന്‍ പോലെ മലയാളി എന്നും ഓര്‍ക്കുന്ന ഒരു കൂട്ടുകെട്ട്‌. പ്രേം പൂജാരി, മയൂഖം എന്നീ വലിയ പരാജയങ്ങള്‍ക്ക്‌ ശേഷമാണെങ്കിലും ഹരിഹരന്റെ എം.ടിയുമായുള്ള കെമിസ്‌ട്രി ഇവിടെയും വിജയം കാണുന്നുണ്ട്‌.

സമീപകാലത്തായി മമ്മുട്ടിയെ ആവേശിച്ച ദുര്‍ഭൂതങ്ങള്‍ 'പഴശ്ശി'യായി നടിക്കുമ്പോഴും വിട്ടുപോവുന്നില്ല. ഫലത്തില്‍ ചില അവസാന ഭാഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 'പഴശ്ശി', മമ്മുട്ടിയായി നടക്കുന്നു, ഇരിക്കുന്നു, ചിരിക്കുന്നു, ചിലക്കുന്നു. എടച്ചേന കുങ്കനാവുന്ന ശരത്‌ കുമാറിന്റേയും, തലയ്‌ക്കല്‍ ചന്തുവാകുന്ന മനോജ്‌ കെ ജയന്റേയും പ്രകടനങ്ങള്‍ ഒരു പക്ഷേ ഇവരുടെ സമീപ കാലത്തെ ഏറ്റവും മികച്ചതാണ്‌. തിലകനും നെടുമുടി വേണുവിനും നാമമാത്രമായ പ്രാധാന്യമേ ചിത്രത്തിലുള്ളൂ. പത്‌മപ്രിയ, സുരേഷ്‌ കൃഷ്‌ണ, കനിക, സുമന്‍, ലിന്‍ഡ ആര്‍സീനിയ, ജഗതി ശ്രീകുമാര്‍, ക്യാപ്‌ടന്‍ രാജു, ജഗദീഷ്‌ എന്നിവരാണ്‌ ചിത്രത്തിലെ ഇതര അഭിനേതാക്കള്‍.

വേണു തുടങ്ങിവെച്ച 'പഴശ്ശി'യുടെ ഛായാഗ്രഹണം പൂര്‍ത്തിയാക്കിയത്‌ രാംനാഥ്‌ ഷെട്ടിയാണ്‌. വേണുവിന്റെ പേര്‌ ചിത്രത്തിന്റെ പ്രധാന ടൈറ്റില്‍ കാര്‍ഡുകളില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ചില വേളകളില്‍ ഏറെ മികവ്‌ പുലര്‍ത്തുന്ന ഛായാഗ്രഹണത്തെ D.I (Digital Intermediate) ഒരുപാട്‌ തവണ വര്‍ണ്ണം പൂശി നശിപ്പിച്ചിട്ടുണ്ട്‌ (മഞ്ഞ കലര്‍ന്നും നീലിച്ചും കാണുന്ന പച്ചപ്പുകള്‍, പലപ്പോഴും ക്ലോസപ്പ്‌-മീഡിയം ഷോട്ടുകളില്‍ അഭിനേതാക്കളുടെ തലക്ക്‌ ചുറ്റിലും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണുന്ന വെളുത്ത ഓറ). മുത്തുരാജിന്റെ കലാസംവിധാനവും നടരാജന്റെ വസ്‌ത്രങ്ങളും ചിത്രത്തിലെ ഏറ്റവും കനപ്പെട്ട സംഭാവനകളാണ്‌. ഒരു പക്ഷേ, 'കാലാപാനി'ക്കുശേഷം മലയാളിക്ക്‌ കാണുവാന്‍ ഭാഗ്യമാകുന്ന ഒരു ചരിത്ര പുനര്‍നിര്‍മ്മിതി.

തീയ്യേറ്ററുകളിലെ ശബ്‌ദസംവിധാനങ്ങളുടെ മാറ്ററിയിക്കാന്‍ ഒരു റസൂലോ, രാജകൃഷ്‌ണനോ വേണം എന്നായിരിക്കുന്നു. രാജകൃഷ്‌ണനെ മുന്‍പേ മലയാളികള്‍ക്ക്‌ അറിയാം. പക്ഷേ, 'ബ്ലാക്കും', 'ഗാന്‌ധി മൈ ഫാദറും', 'മുസാഫിറും' ഉണ്ടായിട്ടും റസൂലിനെ ഇന്നാട്ടുകാര്‍ അറിയാന്‍ ഓസ്‌കര്‍ കടല്‍ കടന്ന് എത്തേണ്ടി വന്നു. തികവുറ്റ ഒരു തീയ്യേറ്ററില്‍ റസൂല്‍ പൂക്കുറ്റിയുടെ ശബ്‌ദ സംവിധാനം (Sound Design) ചെവികള്‍ക്ക്‌ വല്ലാത്തൊരു വിരുന്ന് ആകുന്നുണ്ട്‌. ശ്രീകര്‍ പ്രസാദ്‌ പതിവ്‌ തെറ്റിച്ചില്ല. കൂട്ടിചേര്‍ത്തതെല്ലാം കൊള്ളാം.

യുദ്‌ധം മുഖ്യപ്രമേയമാകുന്ന ഒരു ചിത്രത്തില്‍ സ്വാഭാവികമായും സംഘട്ടന രംഗങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. പക്ഷേ, രവി ദിവാന്‍ തികഞ്ഞൊരു പരാജയമായിരുന്നു. ഒരു ഡിഷും ഡിഷും കൊറിയോഗ്രാഫറേക്കാള്‍ ചിത്രത്തിന്‌ ഇണങ്ങുമായിരുന്നത്‌ സാഹചര്യത്തിനനുസരിച്ച്‌ പണി മാറ്റിപണിയുവാന്‍ അറിയുന്ന ഒരു കലാകാരനെ ആയിരുന്നു. രവി ദിവാന്‍ തന്നെയാണ്‌ 'ജോധാ അക്ബറി'-ലെ സമാന മേഖല കൈകാര്യം ചെയ്‌തത്‌ എന്ന കാര്യം ഓര്‍ത്തുപോയത്‌ യാദൃശ്‌ചികമല്ല.

എന്തിനായിരുന്നു ആ മൂന്ന് പാട്ടുകള്‍? നിലവാരം കുറഞ്ഞ, ചിത്രത്തെ ഇഴയാന്‍ മാത്രം സഹായിക്കുന്ന ആ പാട്ടുകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. മൂന്ന് മണിക്കൂര്‍ പതിഞ്ച്‌ മിനുട്ട്‌ എന്ന വലിയ സമയത്തെ കുറയ്ക്കാനെങ്കിലും അത്‌ സഹായിക്കുമായിരുന്നില്ലേ?

ചിത്രാന്ത്യത്തില്‍ പത്മപ്രിയയുടെ നീലിക്ക്‌ എന്തു സംഭവിച്ചു എന്ന് പറയുന്നില്ല. ക്യാപ്‌ടന്‍ രാജുവിന്റെ മുസല്യാരും എവിടെ പോയോ ആവോ? നിലവാരം കുറഞ്ഞ സംഘട്ടനങ്ങളും ഏച്ച്‌ കൂട്ടിയ പാട്ടുകളും പ്രാകൃതമായ ചായം പൂശലും പിന്നെ കഥയിലെ ചെറിയ അപൂര്‍ണ്ണതയും പുറകോട്ട്‌ അടിക്കുമ്പോഴും 'കേരളവര്‍മ്മ പഴശ്ശിരാജ' സമീപ കാലത്തെ സംഭവം തന്നെയാണ്‌ എന്ന് സമ്മതിക്കേണ്ടി വരും. കുറഞ്ഞ പക്ഷം ദൃശ്യങ്ങളിലെ ചരിത്ര പുനര്‍നിര്‍മ്മിതിയുടെ ആര്‍ഭാടങ്ങളുടെ പേരില്‍ എങ്കിലും...

ആകെത്തുക: നിങ്ങള്‍ ഈ ചിത്രം കാണണം. 'ബ്രേവ്‌ ഹാര്‍ട്ടും', 'ഗ്ലാഡിയേറ്ററും' ഒന്നുമല്ല എങ്കിലും ഇതൊരു ശ്രമമാണ്‌. മലയാളിക്കും ഇമ്മിണി ബല്യ പടം ബരക്കാന്‍ പറ്റുമോ എന്ന ശ്രമം. അതിന്‌ മുന്‍പ്‌ ഫാന്‍സ്‌ എന്ന ക്ഷുദ്രജീവികള്‍ ഇല്ല എന്ന് ഉറപ്പ്‌ വരുത്തുവാന്‍ കഴിഞ്ഞാല്‍ നന്ന്.