Aug 29, 2010

ഞാന്‍ മഹാന്‍ അല്ല!!

1400-ന് മുകളില്‍ തീയേറ്ററുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന്‍ കേവലം 700-ല്‍ താഴെ തീയേറ്ററുകള്‍ മാത്രമാണുള്ളത്‌. അതില്‍ തന്നെ നല്ല ലാഭത്തില്‍ പ്രവര്‍ത്തിച്ചു പോകുന്നവ എത്രയെന്ന് വേലയേക്കാള്‍ പൊറാട്ട് നാടകപരിപാടികള്‍ക്ക് താല്‍പ്പര്യക്കാരായ സംഘടനക്കാര്‍ ഒന്ന്‍ അറിഞ്ഞുവെക്കുന്നത് നന്നായിരിക്കും. നാടകം കഴിഞ്ഞ് വേല ചെയ്യാന്‍ നേരത്ത്‌ തീയേറ്ററുകളും വേണ്ടിവരുമല്ലോ. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഓണാവധിക്കാലത്ത് തീയേറ്ററുകള്‍ ഉത്സവപറമ്പാക്കി മാറ്റുവാന്‍ ശേഷിയുള്ള മലയാള ചിത്രങ്ങള്‍ ഒന്നും തന്നെ പുറത്തിറങ്ങിയില്ല. എന്നാല്‍ മികച്ച ഒരു തമിഴ്‌ പേശും പടം ഓണക്കാലത്ത്‌ തീയേറ്ററുകളില്‍ എത്തിയിട്ടുമുണ്ട്. സുശീന്ദ്രന്‍ സംവിധാനം ചെയ്ത 'നാന്‍ (ഞാന്‍) മഹാന്‍ അല്ല'.


2009-ലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്ന 'വെണ്ണിലാ കബഡി കുഴു(കൂട്ടം)'-വിന്റെ സംവിധായകനാണ് സുശീന്ദ്രന്‍. മുഖ്യ വേഷങ്ങളെല്ലാം തന്നെ പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രമായിരുന്നു 'വെണ്ണിലാ കബഡി കുഴു'. 'താരങ്ങളില്ലാത്ത' ചിത്രങ്ങള്‍ പാണ്ടിനാട്ടില്‍ ഇന്ന് ഒരു സംഭവമേ അല്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്ന വസന്ത ബാലന്റെ 'അങ്ങാടി തെരു'വില്‍, ചെറിയൊരു വേഷത്തിലെത്തുന്ന സ്നേഹ മാത്രമാണ് ഒരേയൊരു താരം. പക്ഷേ, കബഡിക്കളി കഴിഞ്ഞ് പുതിയ 'സുശീന്ദ്രചിത്ര'ത്തില്‍ എത്തുമ്പോള്‍ താരങ്ങളുണ്ട്. കാര്‍ത്തിയും കാജള്‍ അഗര്‍വാളുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളാകുന്നത്.

1984-ല്‍ ഇതേ പേരില്‍ എസ്.പി മുത്തുരാമന്‍ സംവിധാനം ചെയ്ത ഒരു രജനികാന്ത് ചിത്രം പുറത്തിറങ്ങിയിരുന്നു. പേരിലെ സാമ്യമല്ലാതെ ഈ മഹാന് പഴയ മഹാനുമായി ബന്ധമൊന്നുമില്ല. ആദ്യ ചിത്രമായ 'വെണ്ണിലാ കബഡി കുഴു' ഗ്രാമീണ പശ്ചാത്തലത്തില്‍ ആയിരുന്നെങ്കില്‍ 'നാന്‍ മഹാന്‍ അല്ല' പൂര്‍ണ്ണമായും നഗരത്തിലാണ്.

Synopsis:

എല്ലാ നഗരത്തിനുമുണ്ട് തിളക്കമുള്ള കെട്ടിട്ടങ്ങളും, തിരക്കുകളും, ഒഴുകിക്കൊണ്ടിരിക്കുന്ന വഴികളും. എല്ലാ നഗരത്തിനുമുണ്ട് ഇരുണ്ട ഇടനാഴികളും, അഴുക്ക് ചാലുകളും. അത്തരം ഒരു നഗരത്തിലാണ് ജീവ, അച്ഛനമ്മമാര്‍ക്കും സഹോദരിക്കുമൊപ്പം ജീവിക്കുന്നത്. ടാക്സി ഡ്രൈവറാണ് ജീവയുടെ അച്ഛന്‍.

പക്ഷേ, ജീവയില്‍ നിന്നല്ല, മറിച്ച് നഗരപ്രാന്തത്തിലെ ചില ഇരുണ്ട ജീവിതങ്ങളില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. വിജനമായ ഒരു കടല്‍തീരത്ത്‌ ആത്മാവിനെ മയക്കി കിടത്തിയ കുറച്ച് യുവാക്കള്‍ അതിക്രൂരമായി ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നു. അപ്പോള്‍ നഗരത്തില്‍, പുതുവര്‍ഷം വര്‍ണ്ണങ്ങള്‍ വാരി വിതറുകയായിരുന്നു.

ഒരു വിവാഹാഘോഷ തിരക്കിനിടയിലാണ് ജീവ പ്രിയയെ പരിചയപ്പെടുന്നത്. ജീവയുടെ ദിവസങ്ങളില്‍ കൂട്ടുകാരുമായുള്ള കവല നിരക്കങ്ങള്‍ക്കൊപ്പം പ്രിയയോടൊത്തുള്ള ഇഷ്ടം കൂടലും പതിവാകുന്നു.

ദിവസങ്ങള്‍ കഴിഞ്ഞ് നഗരത്തിലെ ചവറുകള്‍ക്കിടയില്‍ നിന്നും ലഭിച്ച ശരീരഭാഗങ്ങളെക്കുറിച്ച് പോലീസ്‌ അന്വേഷണം ആരംഭിക്കുന്നു. കുറ്റം തെളിയിക്കപ്പെടാതിരിക്കുവാനുള്ള വ്യഗ്രതയില്‍ കുറ്റവാളികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നു.


ജനകീയമായ ചലച്ചിത്ര ശീലങ്ങളെ, രീതികളെ മുറുകെ പിടിച്ചുക്കൊണ്ടുതന്നെ തിരക്കഥയിലും സംവിധാനത്തിലും വല്ലാത്തൊരു മിഴിവ് ഈ ചിത്രത്തില്‍ സുശീന്ദ്രന്‍ പ്രകടമാക്കുന്നുണ്ട്. 'വെയില്‍' പോലെ മികച്ച ഒരു ചിത്രത്തിനും സമീപകാലത്ത്‌ 'പയ്യ'ക്കുമൊക്കെ ഛായാഗ്രാഹണം നിര്‍വഹിച്ച ആര്‍. മധിയാണ് 'നാന്‍ മഹാന്‍ അല്ല'-യില്‍ നഗര ജീവിതത്തിന്റെ ഇരുളും പ്രകാശവും തികവുറ്റതാക്കിയത്‌. രാജീവന്റെതാണ് കയ്യടിച്ച് പോകുന്ന കലാസംവിധാനം. കണ്ണില്‍ കുത്തിക്കയറാതെയും ചിത്രസംയോജനം സാധിക്കുമെന്ന് കാശി വിശ്വനാഥന്‍ കാണിച്ച് തരുന്നുണ്ട്.

കാര്‍ത്തിയുടെ, വില്ലന്‍ വേഷങ്ങളിലെത്തുന്ന ഒരു പിടി പുതുമുഖങ്ങളുടെ, അച്ഛനായി അഭിനയിക്കുന്ന ജയപ്രകാശിന്റെ തുടങ്ങി ചിത്രത്തിലെ നടികര്‍ സംഘം പൊതുവില്‍ വിളങ്ങി.

കഥയില്‍, കഥാപാത്ര നിര്‍മ്മിതിയില്‍ (താരനിര്‍ണ്ണയം, വസ്ത്രാലങ്കാരം, ചമയം), അവതരണത്തില്‍ യഥാതഥമായ ഒരു ആവിഷ്ക്കാരമായിരുന്നു 'വെണ്ണിലാ കബഡി കുഴു'. 'നാന്‍ മഹാന്‍ അല്ല' എന്ന ചിത്രവും ഏറെക്കുറെ അങ്ങനെത്തന്നെ. പക്ഷേ, തീയേറ്ററിലെ ബഹുജനം ആര്‍ത്തുവിളിക്കുമെങ്കിലും 'നാന്‍ മഹാന്‍ അല്ല'-യില്‍ ചിത്രാന്ത്യത്തിലെ നീണ്ട, അമാനുഷികമെന്ന് പറയാവുന്ന സംഘട്ടനരംഗം, ചിത്രം അതുവരെ പിന്തുടര്‍ന്ന വഴിയില്‍ നിന്നുള്ള വ്യതിചലനമായിരുന്നു. ചിത്രത്തില്‍ ഉടന്നീളമുള്ള അക്രമ ദൃശ്യങ്ങളുടെ ആഘോഷമാണ് ചിത്രത്തിന്റെ മറ്റൊരു ബലഹീനത. പ്രേക്ഷകന് ചില ചെറിയ നിരാശകള്‍ ബാക്കിവെക്കുന്നുവെങ്കിലും മികവുറ്റ ഒരു ചിത്രമാണ്, 'നാന്‍ മഹാന്‍ അല്ല' എന്നതിന് തര്‍ക്കമില്ല.

ആകെത്തുക: സമീപകാലത്തെ മികച്ച ചിത്രങ്ങളിലൊന്ന്. Recommended. ചിത്രത്തില്‍ അക്രമദൃശ്യങ്ങളുടെ ആഘോഷങ്ങളുണ്ട്. എല്ലാ പ്രേക്ഷകര്‍ക്കും അനുയോജ്യമാകണമെന്നില്ല

6 comments:

  1. Ithu oru mikacha chithramo?Better than horrible thillalankadi ,but definitely much worser than Vennila kabadi koottam.

    ReplyDelete
  2. എന്തൊക്കെ ആയാലും climax വയലന്‍സ് അല്പം കടുപ്പ മായി പ്പോയി എന്ന് തന്നെ ആണ്‍ എന്റെ അഭിപ്രായം

    ReplyDelete
  3. നല്ല റിവ്യൂ..ചിത്രം കണ്ടിട്ട് അഭിപ്രായം പറയാം :-)

    ReplyDelete
  4. പതിവു പോലെ നായികയുടെ പിറകെ നടക്കുന്ന നായകൻ. ഉടൻ തന്നെ പാട്ട് തുടങ്ങുകയായി.

    എണ്ണമയമുള്ള മുഖവും, കുനിഞ്ഞുള്ള നോട്ടവും, അടക്കമില്ലാത്ത മുടിയുമായി (സ്ഥിരം) കുറച്ച് ക്രൂരന്മാർ. (സുബ്രമണ്യപുരത്തിനു ശേഷമാണിങ്ങനെ)

    വില്ലന്മാരെ തേടി പിടിച്ച് അമാനുഷികമായ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുന്ന നായകൻ.

    ഒന്നുമില്ലാത്ത ഒരു ചിത്രം..
    ചിത്ര നിരീക്ഷണം നന്നായില്ല എന്നാണെന്റെ അഭിപ്രായം.

    കൂടുതൽ ചിത്രങ്ങൾ കാണൂ..

    ReplyDelete
  5. അനോണി, താരതമ്യം ചെയ്തുമാത്രമേ ഒരു ചിത്രത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുവാന്‍ കഴിയൂ എന്നുണ്ടോ?

    African Mallu, ഞാനും ശരിവെക്കുന്നു :)

    രാകേഷ്‌, മറക്കില്ലല്ലോ അല്ലേ? :)

    സാബു, താങ്കള്‍ക്ക് സ്ഥിരം ചേരുവകള്‍ മാത്രമുള്ള ഒരു ചിത്രം മാത്രമായി ഈ ചലച്ചിത്രം അനുഭവപ്പെട്ടുവോ? ആദ്യമായാണ്‌ ഇത്രയും മോശം അഭിപ്രായം ഈ ചിത്രത്തെക്കുറിച്ച് കേള്‍ക്കുന്നത്. :)

    ReplyDelete