Oct 27, 2010
വഴിയറിയാത്ത പരസ്യക്കാര്‍
'ആസ്ട്രേലിയന്‍ കളിക്കാര്‍ തികഞ്ഞ പ്രൊഫഷണലുകളാണ്' എന്നത് ഒരു കാലത്തെ സ്ഥിരം പല്ലവിയായിരുന്നു. ഇക്കാലയളവില്‍ വേണ്ടത്ര 'പ്രൊഫഷണലിസ'മില്ലെന്നത് നമുക്കിടയില്‍ പലര്‍ക്കും ഒരു അലങ്കാരമായി തുടര്‍ന്നു കൊണ്ടേയിരുന്നു. പറഞ്ഞുവന്നത് ക്രിക്കറ്റിന്റെ കാര്യമല്ല 'പ്രാഞ്ചിയേട്ടന്‍', 'എല്‍സമ്മ' തുടങ്ങി ബോക്സ് ഓഫീസില്‍ സെഞ്ച്വറിയോ അര്‍ദ്ധസെഞ്ച്വറിയോ അടിക്കാന്‍ ഇറങ്ങി പുറപ്പെട്ട ചില പുത്തന്‍ കളിക്കാരെ കുറിച്ചായിരുന്നു.
ഭൂമുഖത്തെ ഏറ്റവും ചിലവേറിയതും ഏറ്റവും ജനപ്രിയവുമായ കലാരൂപമാണ്, വിവിധ കലകളുടെ മേളനമായ ചലച്ചിത്രം. ചെറുതും വലുതുമായ, വളരെ മികച്ചതും-ഗുണനിലവാരം തീരെ കുറഞ്ഞതുമായ ചിത്രങ്ങള്‍ ഏതാണ്ട് എല്ലാ രാജ്യത്തേയും ചലച്ചിത്ര വിപണിയില്‍ പ്രദര്‍ശനത്തിന്/വില്‍പ്പനക്ക് എത്തുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളും അതിന്റെ ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ നൂതനവും വ്യത്യസ്തവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ വ്യത്യസ്തവും വിപണനത്തിന് ഏതാണ്ട് ഒരേ രീതികളും കാലാകാലങ്ങളായി പിന്തുടരുന്ന ഒരിടമാണ് നമ്മുടെ ചലച്ചിത്ര മേഖല.
പുതിയ കാലത്തില്‍ , തീര്‍ത്തും വിശാലമായ ഒരു മേഖലയാണ് ചലച്ചിത്ര വിപണിയും വിപണിയിലെ തന്ത്രങ്ങളും. അന്നുംമിന്നും ചലച്ചിത്ര വിപണനത്തിലെ മുഖ്യ ഉപാധികളില്‍ ഒന്നായ 'പോസ്റ്റര്‍ ഡിസൈനിംഗ്' അഥവാ 'പരസ്യകല'യെ കുറിച്ചാണ് പ്രധാനമായും ഈ കുറിപ്പ്.
ചലച്ചിത്രത്തിന്റെ സ്വഭാവത്തിനെയും, ആ അനുഭവത്തിനേയും, ചിത്രത്തിന്റെ ഉള്ളടക്കത്തിനേയും കുറിച്ച് ആദ്യമായി പ്രേക്ഷകനുമായി സംവദിക്കുന്നത് ചിത്രത്തിന്റെ പോസ്റ്ററുകളാണ്. ചിത്രത്തിന്റെ മനസ്സ് വായിച്ചറിഞ്ഞ ഒരു പരസ്യചിത്രകാരനു മാത്രമേ അത് സാധ്യമാകൂ. പോസ്റ്റര്‍ ഡിസൈനിംഗിലെ അതുല്യ പ്രതിഭകളില്‍ ഒരാളാണ് ബില്‍ ഗോള്‍ഡ്. ഹിച്ച്കോക്കിനും, ഈസ്റ്റ്‌വുഡിനും, ക്രുബിക്കിനും അവരുടെ എക്കാലത്തേയും മികച്ച ചില ചിത്രങ്ങള്‍ക്ക് പരസ്യങ്ങള്‍ ഒരുക്കിയ ബില്‍ ഗോള്‍ഡ്, തന്റെ ഡിസൈനിംഗ് ജോലികള്‍ക്ക് മുന്‍പ് ചിത്രം കാണുകയോ, അത് സാധ്യമല്ലെങ്കില്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ച് മനസ്സിലാക്കുകയോ ചെയ്യുമായിരുന്നു. കേവലം കുറേ തലകളും ഗീര്‍വാണങ്ങളും അല്ലാതെ (അതാണ് നിരത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നത്) അതിനപ്പുറം ചിത്രങ്ങളോട് അടുത്ത് നില്‍ക്കാന്‍ പൊതുവില്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ പരസ്യങ്ങള്‍ക്ക് കഴിയുന്നത്, മുകളില്‍ സൂചിപ്പിച്ചതുപോലെ, ബില്‍ ഗോള്‍ഡിനെ പോലെയുള്ളവരുടെ ഹോം വര്‍ക്കുകളാണ്.
വിദേശ ഭാഷാചിത്രങ്ങളോട് 'മുട്ടാ'നാവില്ല എങ്കിലും നമുക്കും ഉണ്ടായിരുന്നു പണിയറിയാവുന്ന ചിലര്‍ പട നയിച്ച തെളിമയുള്ള ഭൂതകാലം. അടിസ്ഥാനപരമായി ഒരു കലാസംവിധായകനായ ഭരതനും ഗായത്രിയും (ഗായത്രി അശോകന്‍) കൊളോണിയയും (സാബു കൊളോണിയ) ബ്രഷും വിരലുകളും ആയുധമാക്കിയ കമ്പ്യൂട്ടറില്ലാക്കാലം. ചിത്രത്തിന്റെ ആത്മാവിനെ പത്രപരസ്യങ്ങളിലും പോസ്റ്ററുകളിലും കുടിയിരുത്തിയ ഒരു നല്ല കാലം. വര്‍ഷമേറെ കഴിഞ്ഞിട്ടും എത്ര ചിത്രങ്ങളുടെ എഴുത്തുകളാണ് നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വൈശാലി, ചിത്രം, അമരം, മണിച്ചിത്രത്താഴ് എത്രയെത്ര...
ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനിംഗില്‍ വല്ലാത്ത ഒരു ശ്രദ്ധയും പുതുമയും എന്നും കാത്തുസൂക്ഷിച്ചിരുന്നു, ഭരതന്‍. അവസാന കാല ഭരതന്‍ ചിത്രങ്ങള്‍ പലതും പേരുദോഷം കേള്‍പ്പിച്ചപ്പോഴും അവസാന ചിത്രമായ 'ചുര'ത്തിലെ പരസ്യങ്ങള്‍ പോലും ഭരതനിലെ കലാകാരന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ചൂരല്‍ വളച്ചുവെച്ച 'ചുര'ത്തിന്റെ ടൈറ്റില്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തെളിയുന്ന പ്രഭാതത്തില്‍ കടലിലേക്ക് വഞ്ചി തള്ളുന്ന അരയന്റെ അതിമനോഹരമായ പോസ്റ്റര്‍ 'അമര'ത്തിന് വേണ്ടി ഒരുക്കിയതും ഭരതന്‍ തന്നെയാണ്.
താരങ്ങള്‍ അന്നും നമുക്കുണ്ടായിരുന്നു, താരാരാധനയും. പക്ഷേ, താരസംഘടനകള്‍ ഇല്ലായിരുന്നു. ഒരു ചിത്രത്തിനു മുകളിലും, ചിത്രത്തിന്റെ പരസ്യങ്ങള്‍ക്ക് മുകളിലും അന്ന് ഏതെങ്കിലും താരമോ സംവിധായകനോ ധാര്‍ഷ്ട്യത്തോടെ തൊപ്പിവെച്ചും കുളിഗ് ഗ്ലാസ്സുവെച്ചും തൂറി വൃത്തികേടാക്കിയില്ല. ചലച്ചിത്രത്തിനിണങ്ങിയ ടൈറ്റിലിനും അവശ്യം ചിത്രങ്ങള്‍ക്കുമൊപ്പം മികച്ച ചില തലവാചകങ്ങള്‍ ആ പരസ്യങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ മാല ചാര്‍ത്തി. 'താഴ്‌വാര'ത്തിലെ 'അവനെന്നെ കൊല്ലാന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും', 'നവംബറിന്റെ നഷ്‌ട'ത്തിലെ 'നവംബറിന് നഷ്‌ടപ്പെടാന്‍ എന്തുണ്ട്? ഡിസംബര്‍ ഒരേയൊരു ഡിസംബര്‍ ' എന്നീ വാചകങ്ങള്‍ 'ഹൊറര്‍ ഹിറ്റ്', 'സൂപ്പര്‍ രാജ', 'മാങ്ങാതൊലി' എന്നിങ്ങനെ വെണ്ടയ്ക്ക നിരത്തുന്ന ഈ കാലത്ത് ഓര്‍ക്കുന്നത് തന്നെ പാപമായിരിക്കും.
പൊതുവില്‍ ഫോട്ടോഷോപ്പ് മുതലായ സൊഫ്റ്റ്‌വെയറുകളുടെ കടന്നുവരവ് ആഗോളതലത്തില്‍ , മാധ്യമരംഗത്ത് രൂപ-ഭാവങ്ങളില്‍ വന്‍വിപ്ലവമാണ് നടത്തിയത്/നടത്തികൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ നീങ്ങിയത് ഏറെ പിറകിലേക്ക് ആയിരുന്നു. നാലു പടം വെട്ടി, നിരത്തി വെയ്ക്കുവാന്‍ കഴിയുന്നവനും ഡിസൈനറായി. നട്ടെല്ലില്ലാത്ത നിര്‍മ്മാതാവും താരത്തിനും താരസംഘടനകള്‍ക്കും ഓശാന പാടേണ്ടി വരുന്ന സംവിധായകനും പണ്ടത്തെ ശര്‍ദ്ദിലുകള്‍ തന്നെ നക്കി തിന്നുവാന്‍ ഉളുപ്പില്ലാത്ത വിതരണക്കാരും പല നല്ല കലാകാരന്മാരേയും അതി ദയനീയ രീതിയില്‍ നിശ്ശബ്ദരാക്കി. കലികാലം എന്നല്ലാതെ എന്ത് പറയാന്‍...
മലയാള ചിത്രങ്ങളുടെ കാലാഹരണപ്പെട്ട പരസ്യചിത്ര രീതികള്‍ക്കിടയില്‍ , അതിന്റെ പ്രാധാന്യം ഒട്ടും തന്നെ തിരിച്ചറിയപ്പെടാതെ പോകുന്ന കലികാലത്തില്‍ കേവലം മുറിച്ചുവെച്ച കുറച്ച് ചിത്രങ്ങളല്ല പോസ്റ്റര്‍ ഡിസൈന്‍ എന്ന ഓര്‍മ്മപ്പെടുത്തുന്ന വേറിട്ട ചില പോസ്റ്ററുകള്‍ ഈയിടെ ശ്രദ്ധയില്‍പ്പെട്ടു. അമല്‍ നീരദിന്റെ 'അന്‍വര്‍ '. ചലച്ചിത്ര പരസ്യകലാരംഗത്ത് ഒരു പുതിയ പേരാണ് 'ഓള്‍ഡ് മൊന്‍ക്സ്'.
'അന്‍വറി'ലെ ചില പോസ്റ്ററുകളിലെ ആക്ഷന്‍ രംഗങ്ങള്‍ ഫ്രീസ് ചെയ്ത കൃത്യവും ശ്രമകരവുമായ 'ഡിജിറ്റല്‍ മാനിപുലേഷന്‍' നമ്മുടെ പരസ്യചിത്രങ്ങള്‍ക്ക് പരിചിതമായതേ അല്ല. അമല്‍ നീരദിന്റെ ചിത്രങ്ങളുടെ പൊതു സ്വഭാവം ആ പോസ്റ്ററുകളില്‍ തെളിയുന്നുണ്ട്. എങ്കിലും 'അന്‍വര്‍ ' എന്ന എഴുത്തോ, തലകള്‍ നിരത്തിയ ചില പോസ്റ്ററുകളോ കോംപ്രമൈസുകള്‍ ആയിരിക്കാം എങ്കിലും പൊതുവില്‍ പറയുന്ന നല്ല അഭിപ്രായത്തിനെ കാര്യമായി തന്നെ ഫില്‍ട്ടര്‍ ചെയ്യുന്നുണ്ട്.
ഇതിന് മുന്‍പും അമല്‍ നീരദിന്റെ ചിത്രങ്ങളുടെയെല്ലാം പരസ്യചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടി'ന്റെ തിരക്കൊപ്പം, ആ ചിത്രത്തിന്റെ പരസ്യചിത്രങ്ങളും 'സാഗര്‍ ഏലിയാസ് ജാക്കി'യുടെ അതിഭീമമായ ഇനീഷ്യലിന് കാരണമായിരുന്നു. വ്യത്യസ്തവും കൃത്യവുമായ തന്ത്രങ്ങള്‍ക്ക് ശേഷവും ചിത്രം വിപണിയില്‍ പരാജയപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അത് ആ ചിത്രത്തിന്റെ നിലാവാരക്കുറവ് തന്നെയാണ്. അത് തന്നെയാണ് അന്ന് സംഭവിച്ചതും.
'പ്രാഞ്ചിയേട്ട'നിലേക്കും, 'എല്‍സമ്മ'യിലേക്കും തിരിച്ച് വരാം. ബസ്സിലും ബ്ലോഗിലും നിറഞ്ഞ ചര്‍ച്ചയായിരുന്നു പ്രാഞ്ചി. തിയറ്ററില്‍ സാമാന്യം നല്ല ചിരിയും. എന്നിട്ടും ചിത്രം വലിയ വിജയമായില്ല. ആ ചിത്രത്തെ തുണക്കാന്‍ ചുണ്ടില്‍ നിന്നും ചുണ്ടിലേക്ക് പകര്‍ന്ന നല്ല വര്‍ത്തമാനമല്ലാതെ 'പരസ്യ' സഹായങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചലച്ചിത്രമെന്നത് ഒരു കലാരൂപമാണെങ്കിലും, വിപണിയില്‍ അത് ഉല്‍പ്പന്നം തന്നെയാണ്. അതുകൊണ്ട് തന്നെ ചലച്ചിത്ര പരസ്യങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യമുണ്ട്. പണി അറിയുന്നവരും കലാഹൃദയമുള്ളവരും വരുന്ന പുലരികള്‍ ഉണ്ടാകട്ടെ! പരസ്യകലയില്‍ മാത്രമല്ല ചലച്ചിത്രത്തിന്റെ ബഹുമുഖങ്ങളിലും. വരട്ടെ, നല്ല ചിത്രങ്ങളും നിറയുന്ന പുതിയ കാലം!
Labels:
ചലച്ചിത്രം,
ലേഖനങ്ങള്‍,
സിനിമ
Subscribe to:
Post Comments (Atom)
പരസ്യം ഒരു കല തന്നെയാണല്ലോ....
ReplyDeleteപണി അറിയുന്നവരും കലാഹൃദയമുള്ളവരും വരുന്ന പുലരികള്‍ ഉണ്ടാകട്ടെ!
പരസ്യകലയില്‍ മാത്രമല്ല ചലച്ചിത്രത്തിന്റെ ബഹുമുഖങ്ങളിലും. വരട്ടെ, നല്ല ചിത്രങ്ങളും നിറയുന്ന പുതിയ കാലം!
good one....:)
ReplyDeleteഇതൊരു നടക്ക് തീരുന്ന വിഷയമല്ല :)
ReplyDeleteഇതിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതുമായതുകൊണ്ട് ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. പലതും സിനിമയിലെ പലരേയും പേരെടുത്തുതന്നെ പറയേണ്ടി വരും. അതുകൊണ്ട് വിവരിക്കുന്നില്ല.
ഇപ്പോഴും പ്രൊമോഷന്‍ ഡിസൈന്‍ എന്നാല്‍ “നോട്ടീസ്” എന്നാണ് സിനിമാക്കാര്‍ക്കും പ്രേക്ഷകനും. ഇതിനെപറ്റി പലരോടും പറഞ്ഞാല്‍ (പ്രേക്ഷകനോടും സിനിമാക്കാരനോടും) ഓ!! ഇതിലെന്തൊന്ന്. ഇതിപ്പോ എങ്ങിനെയായാലെന്താ?! പടം നന്നാണെങ്കീ ഓടും!’ എന്നൊരു നിസംഗത കേള്‍ക്കാറൂണ്ട്. പ്രൊമോഷണല്‍ ഡിസൈന്‍, മാര്‍ക്കറ്റിങ്ങ് എന്ന വിഭാഗത്തെപ്പറ്റി മലയാളസിനിമക്കാര്‍ കേട്ടിട്ടില്ല എന്നു തോന്നുന്നു. വിദേശ ചിത്രങ്ങളിലേക്കൊന്നും പോകണ്ട, തൊട്ടടുത്ത തമിഴ് ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈനിലേക്കൊന്നു കണ്ണോടിച്ചാല്‍ മാത്രം മതി.
പിന്നെ, ഇവിടെ മലയാളത്തില്‍ പ്രൊമോഷന്‍ ഡിസൈന്‍ ചെയ്യുന്നതും അപ്രൂവ് ചെയ്യുന്നതുമൊക്കെ സംവിധായകനോ സിനിമയുടെ ക്രിയേറ്റീവ് ടീമോ ഒന്നുമല്ല. പലപ്പോഴും അത് പ്രൊഡ്.എക്സിക്യൂട്ടീവ് - മാനേജര്‍ വിഭാഗമായിരിക്കും.:) ഇതിലൊന്നും ഒരു സംവിധായകനും (ഈ പറയുന്ന രഞ്ജിത്തിനുപോലും - അനുഭവം ഗുരു) ഒരു ശ്രദ്ധയോ താല്‍പ്പര്യമോ ഇല്ല.
“കൃഷ്” എന്ന ഹിന്ദി സിനിമയുടെ പ്രൊമോഷണല്‍ ഡിസൈന്‍ & മാര്‍ക്കറ്റിങ്ങ്, ഡല്‍ഹിയിലെ (അതോ മുബൈ?) ഒരു എം ബി എ കോളേജില്‍ പഠനവിഷയമായിരുന്നു (റെഫറന്‍സ്??) എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. “കൃഷ്” എന്ന ചിത്രം മാര്‍ക്കറ്റ് ചെയ്തത് അന്ന് (ഇന്നും) വലിയൊരു ചര്‍ച്ചാ വിഷയം തന്നെയായിരുന്നു
(സമയം കിട്ടീയാല്‍ പിന്നെ കൂടൂതല്‍ പറയാം)
Lijo Jose Pellisery's Nayakan had some good posters and title design..
ReplyDeleteനല്ല ലേഖനം. മൂടുപടം നന്നായിട്ടുണ്ട്. ഭരതന്‍ ചിത്രങ്ങളുടെ പോസ്ററുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്, ഒരു ഭരതന്‍ സ്പര്‍ശം.
ReplyDeletegood.
ReplyDeleteagane oru kalam valare pettannu thanne verum ;)
ReplyDeleteബോളീവുഡിൽ ഈയിടെയായി വരുന്ന പോസ്റ്ററുകൾ വളരെ മികച്ച നിലവാരം പുലർത്തുന്നവയാണ്. അതെക്കുറിച്ച് കൂടെ പരാമർശിക്കാമായിരുന്നു.
ReplyDeleteഇതുകൂടെ നോക്കൂ.
Very relevant article.
ReplyDeletesome movie posters
അതെയതെ... മുരളി മാഷേ :)
ReplyDeleteരഞ്ജിത്ത്, :)
നന്ദന്‍, ഒരു നടക്ക് തീരില്ലാന്നു അറിയാം. ഒന്ന് തുടങ്ങി വെക്കാലോ :) പൊതുവില്‍ നിലവാരത്തിലെ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറില്ല എന്നതുകൊണ്ടാണ് പ്രധാനമായും വിദേശ ചിത്രങ്ങളെ കുറിച്ച് പരാമര്‍ശിച്ചത്. വായനക്കാര്‍ക്ക് റഫറന്‍സിന് നെറ്റ് ധാരാളവും. മികച്ചതെങ്കിലും ഇന്ത്യന്‍ ചിത്രങ്ങളുടെ പലതിന്റെയും ഡിസൈനുകള്‍ നെറ്റില്‍ ഉണ്ടോയെന്ന് പോലും സംശയമാണ്. സമീപകാലത്തെ പല ചിത്രങ്ങളുടെയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തില്‍ ആണെന്ന് തോന്നുന്നു, അമല്‍ നീരദ് നമ്മുടെ ചലച്ചിത്രത്തിലെ ഇപ്പോഴും കൊടികുത്തി വാഴുന്ന അന്ധവിശ്വാസത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. :)
ബാലു, കൃത്യമായി ഓര്‍ക്കുന്നില്ല. എങ്കിലും ആ ചിത്രത്തെ അത് സഹായിച്ചുവോ എന്നത് ചോദ്യം തന്നെ...
ഷാജി, ഭരതന്‍ ചെയ്ത വളരെ മികച്ച പോസ്റ്ററുകളുണ്ട്. പഴയ മലയാള ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കിട്ടുവാന്‍ ബുദ്ധിമുട്ടാണ്. നല്ല ചില പോസ്റ്ററുകള്‍ ഈ എഴുത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
ഹരി, വരുമെടോ... :)
un, (?).. നൂറ് ശതമാനം ശരിയാണ്. ലിങ്ക് മറ്റോ എടുത്തിടാന്‍ മറന്നുവോ?
MoM, :) എന്തോ പറഞ്ഞു തുടങ്ങിയിരുന്നല്ലോ...
പുതിയകാല ചലച്ചിത്രങ്ങൾ ഭ്രമരത്തിന്റെ പോസ്റ്ററും, തലവാചകവും കൊള്ളാമായിരുന്നു. മാഷ് തന്നെ അത് ഒരിക്കൽ പരാമർശിച്ചിട്ടുള്ളതാണ് എങ്കിലും! ഈ പോസ്റ്റിൽ അതിനെക്കുറിച്ച് ഒന്നും പറഞ്ഞ് കണ്ടില്ല.
ReplyDeleteun, MoM: Sorry, links were not visible in this area. I corrected that... That you very much for posting this :)
ReplyDeleteസുബീഷ്, അത് ഇപ്പോഴും ഞാന്‍ ശരി വെക്കുന്ന കാര്യമാണ്. ഈ കുറിപ്പ് എഴുതുവാന്‍ പ്രേരണ. 'പ്രാഞ്ചിയേട്ടന്‍' എന്ന ചിത്രത്തിന്റെ മോശം പോസ്റ്ററുകള്‍ ആ ചിത്രത്തിന്റെ അര്‍ഹിക്കുന്ന വിജയത്തെതന്നെ ബാധിച്ചുവോ എന്ന സംശയത്തില്‍ നിന്നാണ്. മാത്രമല്ല ഈ മേഖലയിലെ സമീപകാലത്തെ മികച്ച ഒരു ശ്രമം ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.
" നാലു പടം വെട്ടി, നിരത്തി വെയ്ക്കുവാന്‍ കഴിയുന്നവനും ഡിസൈനറായി " ഷാജി മലന്നു കിടന്നു തുപ്പരുത് ... ( ചുമ്മാ :) )
ReplyDeleteഇനി കാരിയത്തിലേക്ക് വരാം .... എവിടെ നന്ദേട്ടന്‍ പറഞ്ഞ കാരിയം വളരെ ശരിയാണ് ..
നമ്മുടെ നാട്ടില്‍ പണി അറിയാവുന്ന ഒരു പാട് പേര്‍ ഉണ്ട്.. പക്ഷെ അവരൊക്കെ ഇപ്പൊ മുംബൈ, ഡല്‍ഹി.. തുടങ്ങിയ സ്ഥലങ്ങളിലാണ് ....
കാരണം ഇവിടുത്തെ കുറെ ഉടായിപ്പ് producers & directors ആണ് .. കലാ ബോധം ഒരു പരിധിവരെ producers നും വേണം എന്ന നിലപടുകാരന്‍ ആണ് ഞാന്‍,,,
മലയാളത്തിലെ ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ... 2 സിനിമയുടെ പരസ്യകല ചെയ്ത ഒരു ഏജന്‍സിക്ക് 5 പൈസ കിട്ടിയില്ല എന്നാണ് കഥകള്‍.. ചെയ്ത പണി അന്ന് എല്ലാവരും പാടി പുകഴ്ത്തിയതാണ് ... അവര്‍ക്കും ജീവികണ്ടേ.. ?? എന്നിട് എന്തായി ,, അവര്‍ സിനിമ പരസ്യകല പരുപാടി തത്ക്കാലം പിടിക്കുനില്ല എന്നാണ് കേള്‍വി..
പിന്നെ അന്‍വര്‍ ചെയിത ഓള്‍ഡ് മോന്കിനും മൊത്തം പൈസ കിട്ടിയോ എന്ന് ആര്‍ക്കറിയാം ...??
This comment has been removed by the author.
ReplyDeleteമലയാള സിനിമാപോസ്റ്ററിലെ പ്രധാന പോരായ്മ ടൈപ്പ് ഫേസ്/ ഫോണ്ടിന്റെ ദാരിദ്ര്യമാണ്. എന്റെ അഭിപ്രായത്തില്‍ പോസ്റ്ററിലെ ഗ്രാഫിക്കിനോളം പ്രാധാന്യം ടൈപ്പ്ഫേസിനുമുണ്ട്. സിനിമയുടെയോ പോസ്റ്ററിന്റേയോ മൂഡുമായ് ഒരു ബന്ധവുമില്ലാത്ത തരത്തിലാണ് പലപ്പോഴും ടൈപ്പോഗ്രാഫി. ഡിജിറ്റലായി പോസ്റ്ററുകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഇതു കൂടുതല്‍ വഷളായി എന്നാണ് സമകാലിക പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത്.
ReplyDeleteനല്ല പോസ്ടറുകളും ട്രയ്ലറുകളും നമ്മെ ചിത്രത്തിലേക്ക് എപ്പോഴും ആകര്‍ഷിക്കാറുണ്ട്,പക്ഷെ അങ്ങനെയുള്ള പോസ്ടറുകളും ട്രയ്ലറുകളും തുലോം കുറവാണെന്ന് മാത്രം.ഇയിടെ അശോകേട്ടന്‍ ചെയ്ത പത്താം നിലയിലെ തീവണ്ടിയുടെ പോസ്ടറുകള്‍ ഇഷ്ടപെട്ടിരുന്നു,പക്ഷെ അങ്ങനുള്ളവ എത്രയെണ്ണം വരുന്നുണ്ട്?സംവിധായകരെയും നിര്‍മ്മാതാക്കളെയും മറ്റും സാറെയെന്നും വിളിച്ചു കൈകൂപ്പി നില്‍ക്കുന്നവര്‍ക്കാണല്ലോ നിലനില്‍പ്പ്,അഭിപ്രായം പറയുന്നവനെ ആര്‍ക്കു വേണം?
ReplyDeleteUN പറഞ്ഞതും ശരി തന്നെയാണ്. ചിത്രത്തിനു ചേരുന്നു (സബ്ജക്റ്റിനു ചേരുന്ന) ഒരു ടൈറ്റിലും കാണാന്‍ കഴിയില്ല. ചിത്രത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്ന ഒരു ഡിസൈന്‍ പോലും ഇല്ല. ഇത് പക്ഷെ സിനിമയിലെ ഡിസെനേഴ്സിന്റെ കുഴപ്പമല്ല (അറിഞ്ഞിടത്തോളം കഴിവുള്ളവരും കുറഞ്ഞവരും ഈ രംഗത്തുണ്ട്) സിനിമക്കാര്‍ ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നതാണ് സത്യം. കോണ്‍സപ്റ്റ്, സിനിമയുടെ തീം, മൂഡ് എന്നൊക്കെ ഡിസൈനര്‍ പറഞ്ഞാല്‍ ഒരു പരിഹാസചിരിയോടെ അവനെ നോക്കും. കൂടുതല്‍ വിശദീകരിച്ചാല്‍ “ഞങ്ങ പറയുന്നതുപോലെ ചെയ്താ മതീ” എന്നു പറയും. ഇവരെ എജുക്കേറ്റ് ചെയ്യുന്നതിനേക്കാളും നല്ലത് പറഞ്ഞതുപോലെ ചെയ്താല്‍ മതി എന്ന് സമാധാനിക്കുന്നവരാണ് ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ വേണ്ടി ചെയ്യുന്നത്. ഇത്തരം വിഡ്ഢിത്തങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് ‘ഗായത്രി‘ പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ ഈ രംഗം വിട്ടത്.
ReplyDelete(“ഡോണ്‍” “ഗജനി” എന്നീ സിനിമകളുടെ പ്രീ പ്രൊമോഷന്‍ ചൂണ്ടിക്കാട്ടി, അതില്‍ ഇരുണ്ട പശ്ചാത്തലത്തില്‍ പുറംതിരിഞ്ഞ്/മുഖം മറച്ച് നില്‍ക്കുന്ന നായകനെപ്പോലെ സൂപ്പര്‍സ്റ്റാറിന്റെ പടം വെച്ച് ചെയ്യാന്‍ ധൈര്യമുണ്ടോ എന്നു ഒരു പ്രൊഡ്യൂസറോട് ഞാന്‍ ചോദിച്ചപ്പോള്‍ വളിച്ച ഒരു ചിരിയായിരുന്നു മറുപടി, ‘സ്റ്റാര്‍സ്’ സമ്മതിക്കില്ല എന്നൊരു കൂട്ടിച്ചേര്‍ക്കലും) താരങ്ങള്‍ മുതല്‍ പ്രൊഡ്. എക്സി വരെ കയ്യിട്ടുവാരി അഭിപ്രായിക്കുന്നതാണ് മലയാള സിനിമയിലെ പ്രൊമോഷന്‍ ഡിസൈനിങ്ങ് :(
Dear your doing such a nice work.keep it up.All the best.We youth has to throw all the old bloody people in the cinema as well as in the politics.Now its "our" time KEEEPPPP Going
ReplyDeleteഹിന്ദിയില്‍ "ഫാഷന്‍" എന്നാ ചിത്ത്രത്തിന്റെ ഒരു പോസ്റ്റര്‍ കണ്ടത് ഓര്‍ക്കുന്നു...
ReplyDeleteറാമ്പില്‍ നില്‍ക്കുന്ന പ്രിയങ്ക ചോപ്ര...
കണ്ണില്‍ കറുത്ത കൂളിംഗ് ഗ്ലാസ്...
അതിന്റെ പിന്നില്‍ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണീര്‍...
അത് നമ്മള്‍ മലയാളികള്‍ക്ക് മിസ് ചെയ്ത ഒരു പോസ്റ്റര്‍ അല്ലെ??
സ്ഫടികത്തില്‍ ആട്തോമ്മയുടെ കൂളിംഗ് ഗ്ലാസ്സിന്റെ പിന്നില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍...സ്ക്രീനില്‍ അത് നമ്മെ വേദനിപ്പിച്ചു പക്ഷെ അത് പോസ്റ്ററില്‍ പകര്‍ത്താന്‍ മറന്നു..
ദാ ലിങ്ക്...
ReplyDeletehttp://www.thaindian.com/newsportal/entertainment/fashion-or-karzzzz-which-movie-will-do-better-at-the-box-office_100106483.html
മനു, :) കലയുള്ള നിര്‍മ്മാതാക്കള്‍ ആണെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകില്ലെന്ന് ഉറപ്പാണ്. സാമാന്യ ജനം ശ്രദ്ധിക്കുന്ന മേഖലയായത് കൊണ്ട് ഈ മേഖലയിലെ പല ഉഡായ്‌പ്പുകളും പുറത്ത് വരുന്നു, നമ്മളിങ്ങനെ പലപ്പോഴും ചര്‍ച്ച ചെയ്യുന്നുവെന്നേ ഉള്ളൂ. 'ഓള്‍ഡ് മോന്ക്സ്'-നെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ 'അന്‍വറി'ന്റെ അണിയറക്കാര്‍ പരിചരിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ReplyDeleteun, ശരിയാണ്. Typography എത്രത്തോളം നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നു എന്നതിന് സമീപകാലത്തെ ഏറ്റവും മികച്ച ഉദാഹരണം 'പ്രാഞ്ചി'യാണ്. എത്രത്തോളം സാധ്യതയുണ്ടായിരുന്നു ആ പേരിന്. പഴയ കാല എഴുത്തിനെപ്പറ്റി ഞാന്‍ പോസ്റ്റിലും സൂചിപ്പിച്ചിരുന്നു.
ജുനൈത്, പത്താം നിലയിലെ തീവണ്ടിയും അതിന്റെ ഡിസൈനും കണ്ടില്ലായിരുന്നു. ഇടക്കെങ്കിലും ഗായത്രി ഡിസൈന്‍ ചെയ്യുന്നു എന്നറിയുന്നതില്‍ സന്തോഷം.
നന്ദന്‍, ഒന്നും പറയാനില്ല :(
പ്രകൃതി, :)
ഷാരോണ്‍ , ഈ പോസ്റ്റര്‍ ഞാന്‍ ഇപ്പോഴാണ് കെട്ടോ ശ്രദ്ധിക്കുന്നത്. വളരെ നന്ദി...
നല്ല പോസ്റ്റ് ട്ടോ !!
ReplyDeleteഈ പോസ്റ്റ് ഒന്ന് കൂടി വിപുലമാക്കി എഴുതേണ്ടതുണ്ട്
ReplyDeleteമലയാള സിനിമയുടെ പോസ്റ്റര്‍ ഡിസൈന്‍ ചരിത്രത്തെ
ഒന്ന് കൂടി വിശദമാക്കി എഴുതണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു.
പിന്നെ രണ്ടംഭാവത്തിന്റെ കഥ കൂടി ചേര്‍ക്കാമായിരുന്നു
പോസ്റ്റര്‍ കണ്ട ഫാന്‍സ് ആക്ഷന്‍ പടം എന്ന് വിചാരിച്ചു നിരാശരവുകയും
കുടുംബ പ്രേക്ഷകര്‍ ആക്ഷന്‍ പടം എന്ന് വിചാരിച്ചു കയറാതിരിക്കുകയും
ചെയ്തതിലൂടെ ജനത്തിന് നഷ്ടപ്പെട്ട ഒരു നല്ല സിനിമ.
മൊത്തത്തില് പക്ഷെ സിനിമയുടെ മൂഡു ഉള്‍ക്കൊല്ലുന്നില്ലെങ്കിലും ഒരേ മൂഡലുള്ള എല്ലപടങ്ങള്‍ക്കും ഒരു രീതി
എന്നാ ഒരു പ്രശ്നവും ഇതിലുണ്ട്.
പ്രണയം = കളര്‍ഫുള്‍ ,തിളക്കമുള്ള
ആക്ഷന്‍ = ഇരുണ്ട
അങ്ങനെ ഒരു വ്യത്യസ്തത എന്ന് പറയുന്നത് ഇതില്‍
ഈ ടോണില്‍ വരുത്തുന്ന, പടം വെട്ടി ഒട്ടിക്കുന്ന രീതിയില്‍ മാത്രന്മാനുള്ളത്
വളരെ വസ്തുനിഷ്ടമായ നിരീക്ഷണം.ആരും കയറിചെല്ലാത്ത ഒരാർട്ടിക്കിൾ.സന്തോഷം തോന്നി സുഹൃത്തെ.പോസ്റ്ററുകളെ കുറിച്ച് പലപ്പോഴും ഞാനും ചിന്തിച്ചിരുന്നു.ചെമ്പരത്തി,മർമ്മരം എന്നീ ചിത്രങ്ങളിലെ പോസ്റ്ററുകൾ ഭരതേട്ടൻ ചെയ്തത് വളരെ കൌതുകത്തോടെ പല ആവർത്തി ആസ്വദിച്ചത് ഇന്നും ഓർത്തുപോകുന്നു.ഒരു കലാകാരന് അവന്റെ കഴിവുകൽ പ്രകടിപ്പിക്കാൻ കിട്ടിയ അവസരം വിനിയോകിക്കണം. അതിൻ` ബന്ധപ്പെട്ട ഫീൽഡിലുള്ളവർ അവസരം നൽകുകറ്റും വേണം.
ReplyDeleteനൽകുകയും വേണം എന്ന് വായിക്കണേ... ഇത്തരുണത്തിൽ പി എൻ മേനോനെ ഓർക്കേണ്ടതും അനിവാര്യമാണെന്ന് തോന്നുന്നു.
ReplyDeleteനല്ല ലേഖനം
ReplyDeleteകിടിലന്‍ ആംഗലേയ പോസ്റ്ററുകള്‍ കാണുവാന്‍ ഇവിടെ നോക്കുക
http://www.impawards.com/designers/crew_creative.html
This comment has been removed by the author.
ReplyDeleteKollam orupadu late ayi anu njan e blog vayikkunnea athum saltnpaper, pranayam ithinte okkea poster kandittu e blogilea ella letter's neyum respect kodutha oru media publicity ayirunnu mell paranja 2 film nte um poster. Thanks for papaya media and Old Monk Designs teams. Pinea Jayaraj Deshadanam vedu kalanjathu sheri ayilla oru super star polum illathea oru poster work cheytha sabu colonia hats off you. Pinea nammudea M. J. Radhakrishnan mashe nte frame result superb. Ennu orukkunu murukkan kadyudea side odicha Deshadanam ena film nte poster athu sabu colonia dea challenging work ayirunnu. THanks shaji bhai for this
ReplyDelete