Apr 17, 2012

22 ഫീമെയില്‍ കോട്ടയം

ഒറ്റയും തെറ്റയുമായി കഴിഞ്ഞ വര്‍ഷം വന്ന ചില ചിത്രങ്ങള്‍ മലയാള സിനിമയില്‍ നല്ലതെന്തോക്കെയോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലുളവാക്കിയിരുന്നു. ആ കൂട്ടത്തിലെ ഭൂരിപക്ഷം ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും വിജയങ്ങളായി മാറുകയും ചെയ്തു. നായക കേന്ദ്രീകൃതമായ കഥകള്‍ക്ക് പുറം തിരിഞ്ഞുനിന്ന, തലമുറകള്‍ പഴക്കമുള്ള 'ഫോര്‍മുല'കളെ നിരാകരിച്ച ചിത്രങ്ങളായിരുന്നു അവയെല്ലാം. അങ്ങനെ സിനിമയുടെ പതിവ്‌ രീതികളെ തിരസ്കരിക്കുവാനുള്ള ആര്‍ജ്ജവം കാണിച്ചവരില്‍ ഒരാളായ ആഷിക് അബു ഒരു സംവിധായകനെന്ന നിലയില്‍ ഒരു പടി കൂടി മുകളിലേക്ക് കയറുകയാണ് തന്‍റെ പുതിയ ചിത്രമായ '22 ഫീമെയില്‍ കോട്ടയ'ത്തിലൂടെ...


Synopsis:
ബാംഗ്ലൂരില്‍ നഴ്സായി ജോലി ചെയ്യുകയാണ് കോട്ടയംകാരിയായ ടെസ്സ എബ്രഹാം.  വിദേശത്ത്‌ ജോലിതേടി പോകുന്നതുമായി ബന്ധപ്പെട്ട് ടെസ്സ, മലയാളിയായ സിറിലിനെ പരിചയപ്പെടുന്നു. ബാംഗ്ലൂരില്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സി നടത്തുകയാണ് സിറില്‍ . അധികം താമസിയാതെ ടെസ്സയും സിറിലും നല്ല സൌഹൃദത്തിലാകുന്നു.

ഒരു ദിവസം രാത്രിയില്‍ സിറില്‍ പബ്ബില്‍വെച്ച് ഒരപരിചിതനുമായി ഇടയുന്നു. രാവിലെ സിറിലിനെ മൊബൈല്‍ ഫോണില്‍ ലഭിക്കാതെ വിഷമിച്ച ടെസ്സയെ തേടി, മുറിയിലേക്ക് സിറിലിനെ സുരക്ഷിതമായി ഒരിടത്ത്‌ ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരവുമായി മുന്‍പൊരിക്കല്‍ സിറില്‍ പരിചയപ്പെടുത്തിയ ഒരു മധ്യവയസ്കനെത്തുന്നു...

ഏക്‌ ഹസീനാ ഥീ, ദ ഗേള്‍ വിത്ത്‌ എ ഡ്രാഗണ്‍ ടാറ്റൂ, കില്‍ ബില്‍ മുതലായ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രമെന്ന് ചിത്രാന്ത്യത്തില്‍ സൂചനകളുണ്ട്. എങ്കിലും ചിത്രം കൂടുതല്‍ ഓര്‍മ്മപ്പെടുത്തുന്നത് 2004-ല്‍ പുറത്ത്‌ വന്ന ശ്രീറാം രാഘവന്‍റെ 'ഏക്‌ ഹസീനാ ഥീ'യെ ആണ് (ശ്രീറാം രാഘവന്‍റെ ' ജോണി ഗദ്ദാര്‍ ' ആയിരുന്നു സിബി മലയിലിന്റെ 'ഉന്ന'ത്തിന് ആധാരം).

നല്ലവരില്‍ നല്ലവരായ മുഖ്യ കഥാപാത്രങ്ങളും ദുഷ്ടരില്‍ ദുഷ്ടന്മാരായ വില്ലന്മാരുമെന്ന രീതി വിട്ട് നന്മ-തിന്മകളുടെ സമിശ്രമായ മനുഷ്യരെയാണ് മലയാളത്തിലെ ദിശാവ്യതിയാനത്തിന്‍റെ ഭാഗമായ പുതിയ സിനിമകള്‍ പൊതുവെ ആവിഷ്കരിക്കുന്നത്. പഴയൊരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ (' അദ്ധ്യായം ഒന്ന് മുതല്‍ ') ഒന്നോ രണ്ടോ വട്ടം വിവാഹിതയായിട്ടും നായികയെ നായകനുവേണ്ടി കന്യകയായി തന്നെ കരുതി വെക്കുന്നുണ്ട് ചിത്രത്തിന്‍റെ അണിയറക്കാര്‍ . മലയാളത്തിലെ താരങ്ങള്‍ അഭിനയിക്കുന്ന ഭൂരിഭാഗം നായക കഥാപാത്രങ്ങളും ഇപ്പോഴും ക്രോണിക് ബാച്ചിലേഴ്സായി തുടരുന്നവരാണ്. ഡെറ്റോളിട്ട് വൃത്തിയാക്കിയാല്‍ തീരാവുന്നതേയുള്ളൂവെന്ന് മലയാളത്തിലെ പ്രമുഖ സാഹിത്യകാരി പറഞ്ഞു കഴിഞ്ഞ് ഒരു ദശാബ്ദത്തിലേറെ കഴിഞ്ഞിട്ടും അച്ഛന്‍ മകളെ കീഴ്പ്പെടുത്തുന്ന കഥ പത്രത്തില്‍ പതിവ്‌ വെണ്ടയ്ക്കയായിട്ടും അത്തരം കഥാപാത്രസൃഷ്ടികള്‍ക്കോ കഥാപരിസരങ്ങള്‍ക്കോ വേണ്ടി ആരും മുണ്ടുമുറുക്കി ഉടുത്ത് ഇറങ്ങിയില്ല.

അങ്ങനെ അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെക്കൊന്നും നൂണ്ടു കയറാന്‍ ശ്രമിക്കാതെയും പാതിരാ നേരത്ത് വാതിലില്‍ മുട്ടി 'സരളേ'യെന്ന് വിളിക്കാതെയും നാട്ടില്‍ ഉത്സവം നടത്തിയും വീട്ടുകാര്‍ തമ്മിലുള്ള കുടിപ്പക തീര്‍ത്തും ചളി തമാശകളില്‍ ചവിട്ടി നടന്നും നമ്മുടെ കഥാപാത്രങ്ങള്‍ സ്ഥിരം ചുറ്റുപാടുകളില്‍ ചുറ്റിത്തിരിയുന്ന കാലത്താണ് 'ടെസ്സ എബ്രഹാം' താനൊരു കന്യകയൊന്നുമല്ലെന്നു കാമുകനോട് ചോദിക്കാതെ തന്നെ പറയുന്നത്. സമ്പന്നനും വിവാഹിതനുമായ ഒരു മധ്യവയസ്കനൊപ്പം ബന്ധം തുടരുന്ന ടെസ്സയുടെ  ഒരു സഹമുറിക്കാരിയുമുണ്ട് ചിത്രത്തില്‍ .  പരിഷ്കൃതരെന്നു സാമാന്യം ജനം വിളിക്കുന്ന ജീവിതങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൊണ്ടുവരാന്‍ വേണ്ടിയാകണം ചിത്രത്തിന്റെ പശ്ചാത്തലം ബംഗളൂരു നഗരമായത്.

ആണ്‍നോട്ടങ്ങളും അനുബന്ധ അശ്ലീലങ്ങളും നമ്മുടെ ചിത്രങ്ങളില്‍ ഈയിടെയായി പതിവ് കാഴ്ചയാണല്ലോ. തമാശയാണെന്ന് പറയപ്പെടുന്ന അത്തരം ദൃശ്യങ്ങള്‍ കണ്ട് മലയാളി കുടുംബങ്ങള്‍ കുംഭ കുലുക്കി ചിരിക്കുന്നതും പതിവ്‌ കാഴ്ച തന്നെ. പെണ്‍നോട്ടങ്ങള്‍ അതിപ്പോള്‍ ഏത് സൂര്യപുത്രിയാണെങ്കിലും നമ്മുടെ ചിത്രങ്ങളില്‍ അത്ര സാധാരണമല്ല. അതുകൊണ്ട് തന്നെ 22FK-യിലെ 'എന്നാ, കുണ്ട്യാ.. ടീ..!' എന്നൊരറ്റ സംഭാഷണ ശകലം അങ്ങനെതന്നെയാണല്ലോ... ലേ പറഞ്ഞത്‌ എന്ന് ഒരു നിമിഷം പ്രേക്ഷകനെ ചിന്തിപ്പിക്കുന്നുണ്ട്. ഏത് സദാചാരക്കാര്‍ ഇതിനെതിരെ കൊടിയുയര്‍ത്തിയാലും മാന്യ മര്യാദക്ക് നാട്ടില്‍ കഴിഞ്ഞുവന്ന ചില പദങ്ങളെ വഷളന്‍മാരാക്കി ചിത്രങ്ങളില്‍ അവതരിപ്പിച്ച ചില തിരക്കഥാകൃത്തുക്കളുടെ നെറികെട്ട പരിപാടിയേക്കാളും എത്രയോ ഭേദമാണ് കാര്യം നേരെ പറയുന്ന  ഈ  പരിപാടി.

[SPOILER ALERT:
സമീപകാലത്ത്‌ ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് സുജോയ്‌ ഘോഷ് സംവിധാനം ചെയ്ത 'കഹാനി'. സ്ത്രീ കഥാപാത്രം പ്രധാനമാകുന്ന ചിത്രം. അസാധാരണമായ കാസ്റ്റിംഗും മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും കൊല്‍ക്കത്തയെന്ന നഗരത്തിന്‍റെ സിരാരൂപങ്ങളും നിറങ്ങളും പകര്‍ത്തിയ ചടുലമായ ത്രില്ലര്‍ . '22FK' സ്ത്രീ കേന്ദ്രീകൃതമാണ്. മികച്ച കാസ്റ്റിംഗും അഭിനയ മുഹൂര്‍ത്തങ്ങളുമുണ്ട്. ഒരു നഗരത്തിനെ അടയാളപ്പെടുത്തുന്നുണ്ട്. ചെത്തിമിനുക്കി മിനുക്കിയെടുത്തൊരു തിരക്കഥാരൂപം നമുക്ക്‌ 'കഹാനി'യില്‍ തിരിച്ചറിയാനാകും. തിരക്കഥയുടെ രൂപത്തെ മനസ്സിലാക്കുന്നവരാണ്  '22FK'-യുടെ എഴുത്തുകാരായ അഭിലാഷ്‌ കുമാറും ശ്യാം പുഷ്കരനും. ചിത്രത്തിന്‍റെ മൂലഭാഗമായ ടെസ്സയുടെ പ്രതികാരം നിസ്സന്ദേഹമായ  രീതിയില്‍ ചിത്രത്തില്‍ ആവിഷകരിക്കപ്പെട്ടിട്ടില്ല. അതുതന്നെയാണ് പൂര്‍ണ്ണകായ രൂപത്തില്‍ ചിത്രത്തിന്‍റെ വലിയ പോരായ്മയും.] 

സമീപകാല മലയാള സിനിമയിലെ മികച്ച 'കാസ്റ്റിംഗ്' ആണ് ചിത്രത്തിലേത്. കഥാപാത്രങ്ങളോട് ഇണങ്ങുന്ന അഭിനേതാക്കള്‍ . തെരെഞ്ഞെടുപ്പിലെ ആ മികവ് തന്നെയാണ് പല കഥാപാത്രങ്ങളുടെയും മികവിന്‍റെ ആധാരശില. ഫഹദ്‌ ഫാസില്‍ എന്ന അഭിനേതാവിന്‍റെ വളര്‍ച്ച ' ചാപ്പാ കുരിശില്‍ ' തന്നെ വ്യക്തമായതാണ്. ഈ ചിത്രത്തില്‍ ഹാസ്യം വളരെ തന്മയത്വമായി അവതരിപ്പിക്കുന്നുണ്ട്, ഫഹദ്‌. റീമ കല്ലിങ്കലിന്‍റെ ഏറ്റവും മികച്ച അഭിനയമായി 'ടെസ്സ' ഓണ്‍ലൈന്‍ സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് 'സിറ്റി ഓഫ് ഗോഡി'ലും 'നിദ്ര'യിലും റീമ അവതരിപ്പിച്ച കഥാപാത്ര രൂപങ്ങളെ വ്യക്തമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ റീമയിലെ അഭിനേത്രിയില്‍ കഥാപാത്രങ്ങളിലേക്ക് ഇറങ്ങുന്ന പ്രതിഭയില്ലെന്ന്  സംശയിക്കുവാന്‍ ഇട വരുന്നു. മനസ്സ്‌ തൊടുന്ന ചില മുഹൂര്‍ത്തങ്ങള്‍ ടി.ജി രവി ചിത്രത്തിലൊരുക്കുന്നുണ്ട്. ആരോ ഫേയ്സ്ബുക്കില്‍ തമാശയായി എഴുതിയിട്ടതുപോലെ ടി.ജി രവിയുടെ 'പ്രകടന'ത്തിന്  സ്ത്രീപക്ഷം കയ്യടിക്കുന്നത് ഇതാദ്യമായിട്ടാകണം. 'ഉറുമി', 'ചാപ്പാ കുരിശ്' മുതലായ ചിത്രങ്ങളിലൂടെ ഗായികയായി ശ്രദ്ധേയയായ രശ്മി സതീഷാണ് ജയിലിലെ റൌഡിയായ തടവ് പുള്ളിയാകുന്നത്.

രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആഷിക് അബുവിന്‍റെ കഴിഞ്ഞ ചിത്രമായ ' സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ' അവസാനിക്കുന്നത് 'അവിയലി'ന്റെ ഒരു ഗാനത്തോടെയാണ് എങ്കില്‍ , '22FK' തുടങ്ങുന്നത് മറ്റൊരു ' അവിയല്‍ ' ഗാനത്തോടെയാണ്. മലയാളികള്‍ക്കിടയില്‍ ഒട്ടും തന്നെ ജനകീയമാകാതെ പോയതാണ്  ' അവിയല്‍ ' എന്ന റോക്ക് ബാന്‍ഡിന്‍റെ പ്രതാപകാലം. അന്ന് ആനന്ദ്‌ രാജ് എന്നൊരു പുലിയായിരുന്നു 'അവിയലി'ന്‍റെ ശബ്ദം. ബഹുജനം 'അവിയലി'നെ അറിയുന്നത്  'സാള്‍ട്ട് ആന്‍ഡ്‌ പെപ്പറി'ലെ ' ആനക്കള്ളന്‍ ' മുതലായിരുന്നു. അതിനും എത്രയോ മുന്‍പേ ആനന്ദ്‌ രാജ് ' അവിയലി 'ന്‍റെ ഭാഗമല്ലാതായി കഴിഞ്ഞിരുന്നു.  കഴിഞ്ഞ കുറേ നാളുകളായി 'അവിയലി'ന്‍റെ രുചിയെ ഇല്ലാതാക്കുന്നത് അനുഗ്രഹീതനായ ഒരു ഗായകന്‍റെ അഭാവമാണെന്ന് കടുത്ത ' അവിയല്‍ ' ആരാധകര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒന്നുറപ്പാണ്, മികച്ചൊരു ഗായകന്‍റെ പിന്തുണ കൂടിയുണ്ടെങ്കില്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയരാനുള്ള വകയൊക്കെ ' അവിയലി 'നുണ്ട്.

സമീപകാലത്തെ ഏറ്റവും മികച്ച ടൈറ്റില്‍ ഡിസൈനാണ് ചിത്രത്തിന്‍റെത്. ചിത്രത്തിലെ ടൈറ്റില്‍ സ്വീക്വന്‍സും മികച്ചതാണ്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പ്രമോഷന് വേണ്ടിയൊരുക്കിയ വീഡിയോകളും ശ്രദ്ധേയങ്ങളായിരുന്നു. ഇന്ന് മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നവരില്‍ സോഷ്യല്‍ മീഡിയയെ കൃത്യവും വ്യക്തവുമായി ഉപയോഗപ്പെടുത്തുന്നവരില്‍ ടോപ്പ്‌ സീഡ്‌ തന്നെയാണ് ആഷിക് അബു. പപ്പായയുമായി ചേര്‍ന്നുള്ള ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഫേസ്‌ബുക്ക്‌ രാജ്യത്ത്‌ കാണാനിനി ആരുമില്ല എന്ന തോന്നല്‍ ഉളവാക്കിയിരുന്നു. ഇത്രയും വലിയ ഓണലൈന്‍ പൂരങ്ങള്‍ ഉണ്ടായിട്ടും എറണാകുളം പോലുള്ള നഗരങ്ങളിലല്ലാതെ ചിത്രത്തിന് ആദ്യ രണ്ട് ദിനങ്ങളില്‍ കാര്യമായ ജനമുണ്ടായില്ല എങ്കില്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് എന്നത് ഇപ്പോഴും ബഹുജനത്തിന് അത്ര വലിയ പിടിയൊന്നുമില്ലാത്ത ഒരു തുരുത്താണ് എന്ന് തന്നെയാണ്.

'22FK' മലയാള മുഖ്യധാരാ ചലച്ചിത്രങ്ങളുടെ പതിവ്‌ കഥാപരിസരങ്ങളെ ഓര്‍മ്മപ്പെടുത്തുകയോ, കഥാപാത്രങ്ങളെ അവതരിപ്പിക്കുകയോ ചെയ്യുന്നില്ല. 15-16 വര്‍ഷം മുന്‍പത്തെ ഷിറ്റും ബുള്‍ഷിറ്റും ഒരു ഉളുപ്പുമില്ലാതെ വീണ്ടും ശര്‍ദ്ദിക്കാന്‍ മടിയേതുമില്ലാത്ത താരങ്ങള്‍ വാഴുന്ന നാട്ടില്‍ ഇതില്‍ കൂടുതല്‍ നിങ്ങള്‍ക്ക്‌ എന്താണ് വേണ്ടത്‌?

ആകെത്തുക:
ആഖ്യാനത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും അഭിനന്ദിക്കേണ്ട ചിത്രം. സംവിധായകനുള്ള  ഒരു സിനിമ. പക്ഷേ,  ഈ ചിത്രത്തിന്‍റെ മൂലകഥ, കഥാസന്ദര്‍ഭങ്ങള്‍ എന്നിവ പ്രായപൂർത്തിയായവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.  Not a family popcorn movie!!