Oct 9, 2012

കൈരളി വിലാസം ലോഡ്ജില്‍ നിന്നും മലയാളം ട്രിവാന്‍ഡ്രം ലോഡ്ജിലെത്തുമ്പോള്‍ ...

കൂണുകള്‍ പൊട്ടിവിരിയുന്ന ലാഘവത്തില്‍ ചാനലുകളും ആ ചാനലുകളില്‍ കളിപ്പീര് പരമ്പരകളും ആ പരമ്പരകളുടെ കാക്കത്തൊള്ളായിരം എപ്പിസോഡുകളും ഉള്ള നാട്ടില്‍ ഇനിയും ഒരു 'മിഖായേലിന്റെ സന്തതികളും', 'ബാല്യകാലസ്മരണകളും', 'മരണം ദുര്‍ബല'വുമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. ആ പ്രീ-കേബിള്‍ കാലഘട്ടത്തില്‍ തന്നെയാണ് നെടുമുടി വേണു 'കൈരളി വിലാസം ലോഡ്ജും' അവിടത്തെ താമസക്കാരെയും അവതരിപ്പിച്ചത്. പഴയ കൈരളി വിലാസം ലോഡ്ജിനെ ഓര്‍മ്മിപ്പിച്ചത് അനൂപ്‌ മേനോനും, വി.കെ പ്രകാശുമാണ്. 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന പുതിയ ചിത്രത്തിലൂടെ.



കൊച്ചിയിലാണ് 'ട്രിവാന്‍ഡ്രം ലോഡ്ജ്'. അവിടത്തെ പ്രധാന താമസക്കാര്‍ സ്ഥിര ജോലിയൊന്നുമില്ലാത്ത അബ്ദു, ഒരു സിനിമാവാരികയുടെ ലേഖകനായ ഷിബു വെള്ളായണി, അഭിനയ മോഹമുള്ള സതീശന്‍ , സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച കോര, സംഗീത അധ്യാപകനായ ആര്‍തര്‍ റെല്‍ട്ടന്‍ , പാചകക്കാരിയായ ആയ പെഗ്ഗി എന്നിവരാണ്. ഇവരില്‍ ഭൂരിപക്ഷവും തീവ്രമായ ലൈംഗിക ചോദനയുമായി കഴിയുന്നവരാണ് . ഇവര്‍ക്കിടയിലേക്ക്‌, ലോഡ്ജിലെ പുതിയ താമസക്കാരിയായി വിവാഹമോചിതയും ചെറുപ്പക്കാരിയും ആയ ധ്വനി, തന്‍റെ നോവല്‍ എഴുതുവാനാനായി എത്തുന്നു.

മറ്റ് ബന്ധങ്ങളൊന്നും ഇല്ലാതെ ഒരു ലോഡ്ജില്‍ സ്ഥിര താമസക്കാരവരാണ് 'കൈരളീ വിലാസ'ത്തിലേയും 'ട്രിവാന്‍ഡ്രം ലോഡ്‌ജി'ലേയും കഥാപാത്രങ്ങള്‍ . സരസന്മാരും കലാകാരന്മാരുമായിരുന്നു കൈരളീ വിലാസക്കാര്‍ എങ്കില്‍ ട്രിവാന്‍ഡ്രംകാര്‍ ഭൂരിപക്ഷവും കാമ പരവശരായിരുന്നു. ലോഡ്ജ് കൈവിട്ട് പോകുന്ന അവസ്ഥ വരികയും അവിടത്തെ താമസക്കാര്‍ അങ്കലാപ്പില്‍ ആകുന്നതുമാണ് രണ്ടിലേയും കഥാപരിണാമം. ഒന്നില്‍ ഒരു ലോട്ടറി ടിക്കറ്റിന്‍റെ വലിയ സമ്മാനത്തിലൂടെ ലോഡ്ജ്, താമസക്കാര്‍ തന്നെ സ്വന്തമാക്കുമ്പോള്‍ മറ്റൊന്നില്‍ കളഞ്ഞു കിട്ടിയ ആധാരമാണ് താമസക്കാരെ സഹായിക്കുന്നത്.

നിഷ്കളങ്കരും സഹൃദയരുമായ ഒരു കൂട്ടത്തില്‍ നിന്നും, മലയാളിയുടെ മറ്റൊരിടത്തേക്കുള്ള ദൂരം 'ട്രിവാന്‍ഡ്രം ലോഡ്ജ്' പറഞ്ഞു വെക്കുന്നുണ്ട്. പ്രത്യേകിച്ചും, ഭൂരിപക്ഷവും നല്ലതെന്ന് പറഞ്ഞ് ഈ ചിത്രത്തിനെ ഒരു വിജയമാക്കുമ്പോള്‍ , ചിത്രത്തിലെ കാമം വിതറിയ കഥാസന്ദര്‍ഭങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍ , സോമരസം തൂവിയ സംഭാഷണങ്ങള്‍ പ്രേക്ഷകനെ മത്ത്‌ പിടിപ്പിക്കുമ്പോള്‍ .

ലൈഗിംകത പ്രമേയമായ ചിത്രങ്ങള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'തൂവാനത്തുമ്പികള്‍'. ആ ചിത്രം അനൂപ്‌ മേനോനെ ഒരു ബാധയായി കൂടിയിട്ടുണ്ടോയെന്ന് ' ബ്യൂട്ടിഫുള്‍ ' കണ്ടപ്പോള്‍ തോന്നിയ സംശയം ഈ ചിത്രം കണ്ടതീരുമ്പോള്‍ ആ ബാധ അത്ര നിസ്സാരക്കാരനൊന്നുമല്ലെന്ന് ഉറപ്പിക്കുന്നുണ്ട്. 'ബ്യൂട്ടിഫുളി'ല്‍ ചിത്രത്തിലെ നായികയെ 'തൂവാനത്തുമ്പികളി'ലെ ക്ലാരയോട് ചേര്‍ത്ത്‌ ചിത്രത്തില്‍ അവതരിപ്പിച്ചപ്പോള്‍ , 'ട്രിവാന്‍ഡ്രം ലോഡ്ജി'ല്‍ 'തൂവാനത്തുമ്പികളി'ലെ തങ്ങള്‍ കഥാപാത്രമായി തന്നെ അവതരിക്കുന്നുണ്ട്.

തീര്‍ത്തും ഉപരിപ്ലവമായതിനപ്പുറം പിന്നെന്താണ് ഈ ചിത്രം മുന്നോട്ട് വെക്കുന്നതെന്ന് ഈ ചിത്രം ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകനോട് ചോദിച്ചാല്‍ മിക്കവാറും ലഭിച്ചേക്കാവുന്ന ഉത്തരം ഇതിന്‍റെ സൃഷ്ടാക്കള്‍ കാണിക്കുന്ന ധീരത അഭിനന്ദിക്കപ്പെടേണ്ടതല്ലേ എന്നാവും. ഇതിലും ധീരന്മാരായ സഖാക്കള്‍ ദശകങ്ങള്‍ക്ക് മുന്‍പേ ഇവിടുണ്ടായിരുന്നു, സുഹൃത്തേ. പഴയ ചിത്രമായ 'മഴു'വിന്‍റെ കഥാസാരം നോക്കുക. പട്ടാളക്കാരനായ വളർത്തുമകൻ ദാസൻ കൊല്ലപ്പെട്ടു എന്നൊരു വാർത്ത വരുന്നു. മറ്റു ബന്ധുക്കളൊന്നും ഇല്ലാത്ത ആ വീട്ടിലെ മധ്യവയസ്കനും, വളർത്തുമകന്‍റെ വിധവയായ സീതയും തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു. പക്ഷേ ഒരു ദിവസം മരിച്ചുപോയെന്ന് കരുതിയ സീതയുടെ ഭര്‍ത്താവ്‌ തിരിച്ചെത്തുന്നു. തുടർന്ന് മകന്‍റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ 'മഴു'കൊണ്ട് പട്ടാളക്കാരൻ മകനെ കൊലപ്പെടുത്തുന്നു. പി.കെ കൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം കാണുവാന്‍ സാധിച്ചിട്ടില്ല. സുകുമാരനും ബാലന്‍ കെ നായരുമൊക്കെ അഭിനയിച്ച, എണ്‍പതുകളുടെ തുടക്കത്തില്‍ ഇറങ്ങിയ ഈ ചിത്രം കാണുവാനുള്ള അവസരങ്ങള്‍ക്കും സാധ്യത ചുരുക്കമാണ്.

ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെ കുറിച്ചോ, ദശാസന്ധികളെ കുറിച്ചോ ഒന്നും പറയാതെ കേവലം പൊറുത്ത് തുടങ്ങിയ മുറിവിന്‍റെ പൊറ്റയില്‍ നഖമിട്ട് ഉരക്കുന്ന സുഖമാണ് സിനിമ എന്ന പുതിയ കണ്ടുപിടിത്തത്തിന് ഏതായാലും വോട്ടില്ല.

7 comments:

  1. mazhu nettil kittum ... nalloru kambi padom adil kavinjonnum thonniyillaaa

    ReplyDelete
  2. ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെ കുറിച്ചോ, ദശാസന്ധികളെ കുറിച്ചോ ഒന്നും പറയാതെ കേവലം പൊറുത്ത് തുടങ്ങിയ മുറിവിന്‍റെ പൊറ്റയില്‍ നഖമിട്ട് ഉരക്കുന്ന സുഖമാണ് സിനിമ എന്ന പുതിയ കണ്ടുപിടിത്തത്തിന് ഏതായാലും വോട്ടില്ല.
    ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അതേപടി സിനിമയിലാക്കിയാല്‍ എങ്ങിനെയുണ്ടാവും? ന്യൂ ജനറേഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന "comming of age" എന്ന ശ്രേണിയില്‍ അര്‍ദ്ധ മനസ്സോടെ പെടുത്താവുന്ന സംഭവങ്ങള്‍ പോലും കാണുവാനുള്ള സഹിഷ്ണുത എന്തോ ദൈവം സഹായിച്ച് ഇത് വരെ എനിക്കുണ്ടായിട്ടില്ല..ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു... conventional filming-ന്റെ ചട്ടക്കൂടുകള്‍ തകര്‍ത്തെറിഞ്ഞു എന്നൊക്കെ പറയുന്ന ട്രാഫിക്കും ചാപ്പ കുരിശും ഈ അടുത്ത കാലത്തും (സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ മനപ്പൂര്‍വം വിട്ടതാണ്, അത് ന്യൂ ജെനറേഷന്‍ ആണെന്ന് പറഞ്ഞാല്‍ മേരിക്കുണ്ടൊരു കുഞ്ഞാടും ന്യൂ ആണ് )എങ്ങിനെയാണ് ഡിഫരന്റ്റ് ആകുന്നതു? കുറച്ച് കോമഡി, കുറച്ച് സെന്റി, ചെറിയ സംഘട്ടനം(!), രണ്ടു മൂന്നു പാട്ടുകള്‍ ഇതൊക്കെയുള്ള സാധാരണ ചിത്രങ്ങള്‍ തന്നെയല്ലേ അവയും?? ആസ്വാദകനില്‍ നിന്നും എന്തെങ്കിലും കൂടുതലായി ആവശ്യപ്പെടുന്നുണ്ടോ അവ?
    പിന്നെ അനൂപ്‌ മേനോന്‍ നമ്മുടെ സുരേഷ് കുമാറിന്റെ വേറെ ഒരു വകഭേദം ആണെന്നാണ്‌ തോന്നുന്നത്...സുരേഷ്ജി പഴയ ഇക്കിളി പടങ്ങള്‍ റീ മേക്ക് ചെയ്യുമ്പോള്‍ പഴയകാല സിനിമകള്‍ക്ക്‌ അവലംബമായ വിഷയങ്ങളുടെ അനുകരണമാണ് (doing a good work with that, i say) അനൂപിന്റെത്!! എന്റെ മാത്രം തോന്നലുകളാണ് എന്ന മുന്‍‌കൂര്‍ ജാമ്യം എടുത്തോട്ടെ...ആ തോന്നലുകളില്‍ ഒന്നുകൂടി സ്‌ട്രെസ് ചെയ്യുന്നു :)

    ReplyDelete
    Replies
    1. റിവ്യൂവില്‍ പറഞ്ഞിരിക്കുന്നതും മുകളില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായവും ഇഷ്ടപ്പെട്ടു. നമ്മുടെ സിനിമയില്‍ ന്യൂജെനെറേഷന്‍ എന്ന് പറഞ്ഞാല്‍ വായില്‍ തോന്നിയ തോന്യവാസം എന്തും വിളിച്ചു പറയാനുള്ള ഒരു കുറുക്കുവഴി ആണ് പലര്‍ക്കും. കിടക്കയില്‍ കാണിക്കുന്നത് പരസ്യമായി പറയുന്നതാണോ നമ്മള്‍ ബോള്‍ഡ് ആണെന്ന് കാണിക്കാനുള്ള വഴി ? ശരിക്ക് പറഞ്ഞാല്‍ അനൂപ്‌ മേനോന്‍ അല്ല ഇത് തുടങ്ങി വച്ചത്. രഞ്ജിത്ത് ആണ്. അങ്ങേരുടെ എന്ത് സിനിമ എടുത്തു നോക്കിയാലും കാണാം ഇത്തരം കപട നാടകങ്ങള്‍.. ..
      ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ല. നമ്മുടെ സമൂഹത്തില്‍ നടക്കാത്തതൊന്നുമല്ല ഇത്തരം കാര്യങ്ങള്‍. പക്ഷെ കാലത്തിനു മുന്നേ നടക്കുന്നവന്‍ എന്ന് കാണിക്കാന്‍ വേണ്ടി ഇത് മാത്രം എടുത്തു അലക്കുന്നതാണ് മനസ്സിലാവാത്തത്. രണ്ടു പെണ്‍കുട്ടികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, തൂവാനത്തുമ്പികള്‍, വൈശാലി , തകര , രതി നിര്‍വേദം മുതലായ ചിത്രങ്ങള്‍ ഉണ്ടായ മലയാളത്തില്‍ ഇതൊന്നും പുതുമയല്ല. ട്രാഫിക്‌ മാത്രമാണ് ആ തരത്തില്‍ വഴി മാറി സഞ്ചരിച്ചു എന്ന് തോന്നിയ ഒരു ചിത്രം.

      Delete
  3. കുഞ്ഞുന്നാളില്‍ കണ്ട കൈരളി വിലാസം ലോഡ്ജ് ഓര്‍മ്മിപ്പിച്ചു, ഈ കുറിപ്പ്. :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. മഴു എന്ന സിനിമ കുറച്ചു നാള്‍ മുമ്പ് ഏതോ ഒരു ചാനലില്‍ കണ്ടു. ഇതിന്റെ പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം ഈ ചിത്രം പിന്നീട് തമിഴിലേക്ക് ഡബ് ചെയ്തു മാമനാരില്‍ ഇന്ത വെറി എന്നോ മറ്റോ ഉള്ള പേരില്‍. ഒരു സെക്‌സ് ചിത്രം പോലെ അവതരിപ്പിക്കപ്പെട്ട ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബാലന്‍ കെ നായര്‍ അമ്പരന്ന കാര്യം എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ഈ പ്രമേയം അടുത്ത കാലത്തും തമിഴില്‍ അവതരിപ്പിക്കപ്പെട്ടു. സാമി എന്ന സംവിധായകന്റെ ഒരു ചിത്രത്തില്‍.. അമലാ പോള്‍ ആദ്യമായി നായികയായ ആ ചിത്രത്തിന്റെ പേര് ഓര്‍മ്മയില്‍ വരുന്നില്ല.. മഴുവിനെ പറ്റി പരാമര്‍ശിച്ചത് വായിച്ചപ്പോള്‍ ഇതെല്ലാം ഓര്‍ത്തുപോയി.

    ReplyDelete
  6. നന്നായി എഴുതി. ചിത്രത്തിന്റെ ധീരത പ്രകീർത്തിക്കപ്പെടേണ്ടതല്ലെങ്കിലും കാണാതെ പോകേണ്ടതല്ല. അതേക്കുറിച്ചു പറയുമ്പോൾ ഇതിലും ധീരന്മാർ നമുക്കുണ്ടായിരുന്നു അതുകൊണ്ട് ഇതില് കാര്യമില്ലാ എന്ന് പറയുന്നതിൽ അർത്ഥമില്ല. മണ്മറഞ്ഞ കാലത്തിനുമേൽ മലം കൊണ്ട് മൂടിപ്പോയി. ആ ദുർഗന്ധം ഒന്ന് മാറ്റണമെങ്കിൽ കുറച്ച് കുഞ്ഞിധീരന്മാർ വരണം. അവരുടെ വീമ്പിനു മുകളിൽ പോയകാലത്തെ ധീരന്മാർ കെട്ടിയ കോട്ടകളെ അതിശയിപ്പിക്കുന്ന പുതിയ കോട്ടകൾക്കുള്ള നിലമൊരുക്കൽ നടക്കണം.

    ReplyDelete